(പഴയ) 500 രൂപയും 1,000 രൂപയുടെ കറൻസി നോട്ടുകളും നിരോധിച്ചതിനെത്തുടർന്ന് ഉണ്ടായ പണക്ഷാമം ലഘൂകരിക്കുന്നതിനായി തുടക്കത്തിൽ 2,000 രൂപ നോട്ട് വലിയ അളവിൽ പ്രചരിപ്പിച്ചിരുന്നു.
ഇന്ത്യയില് 2019 മുതൽ പുതിയ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ലോക്സഭയിൽ വ്യക്തമാക്കി. 2016- ൽ കേന്ദ്രം നടപ്പാക്കിയ നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച പുതിയ കറൻസി നോട്ടുകൾ ഇപ്പോൾ വലിയ രീതിയിൽ വിപണിയില്‍ പ്രചാരത്തിൽ ഇല്ലാത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ആണ് ലോക്‌സഭയിൽ ഈ വിവരം വ്യക്തമാക്കിയത്.
നോട്ട് നിരോധനത്തിന് ശേഷമാണ് രാജ്യത്ത് 2,000 രൂപ മൂല്യമുളള കറൻസി നോട്ടുകൾ പ്രചാരത്തിൽ എത്തിയത്. രണ്ടായിരത്തിന്റെ കറൻസി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കാൻ നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്ന് റിസർവ് ബാങ്ക് പറയുന്നുണ്ടെങ്കിലും ലോക്സഭയിൽ രേഖാമൂലമുള്ള മറുപടി കാണിക്കുന്നത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ സർക്കാരും റിസർവ് ബാങ്കും ഈ നോട്ടുകൾ അച്ചടിക്കാൻ ഒരു ഉത്തരവും നൽകിയിട്ടില്ലാ എന്നാണ്.
undefined
ഫലത്തിൽ 2,000 രൂപ നോട്ടുകൾ കൂടുതൽ കൂടുതൽ അദൃശ്യമായി തുടരുന്നു. ആദ്യം, അത് ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകളിൽ നിന്നും (എടിഎം) അപ്രത്യക്ഷമാകാൻ തുടങ്ങി, തുടർന്ന് ബാങ്ക് ബ്രാഞ്ചുകളിലെ ക്യാഷ് കൗണ്ടറുകളിൽ നിന്നും. ഇത് 2,000 രൂപ നോട്ടിന്റെ അപ്രഖ്യാപിത പിൻവലിക്കലിന്റെ സൂചനയാണെന്നാണ് സാമ്പത്തിക വിദഗ്ധർ സൂചിപ്പിക്കുന്നത്. എടിഎമ്മുകളിൽ നിന്ന് 2,000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി വിവിധ ബാങ്കുകളും വ്യക്തമാക്കിയിരുന്നു. പ്രമുഖ മാധ്യമ സ്ഥാപനമായ മണി ലൈഫിന് വേണ്ടി എഴുതിയ ലേഖനത്തിൽ യോഗേഷ് സപ്കലെ അഭിപ്രായപ്പെടുന്നു.
പാർലമെന്റ് അംഗത്തിന്റെ ചോദ്യം
2018 മാർച്ച് 30 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയിൽ 3362 ദശലക്ഷം 2000 രൂപ നോട്ടുകളാണ് വിതരണത്തിലുള്ളത്. എണ്ണത്തിന്റെ കണക്കിൽ 3.27 ശതമാനവും വിതരണത്തിലുള്ള കറൻസികളുടെ ആകെ മൂല്യത്തിന് 37.26 ശതമാനവും വരുമിത്. 2021 ഫെബ്രുവരി 26 ലെ കണക്ക് പ്രകാരം 2499 ദശലക്ഷം 2000 രൂപ നോട്ടുകൾ വിപണിയിലുണ്ട്.
കറൻസി അച്ചടിക്കുന്ന കാര്യം കേന്ദ്രസർക്കാരാണ് റിസർവ് ബാങ്കുമായി ആലോചിച്ച് നടപ്പിലാക്കുന്നത്. രാജ്യത്തെ വിപണിയിൽ കറൻസികളുടെ ബാലൻസ് തെറ്റാതെ നോക്കുക പ്രധാനമാണെന്ന് കേന്ദ്രമന്ത്രി പറയുന്നു. 3542.991 ദശലക്ഷം 2000 നോട്ട് വിപണിയിലുണ്ടെന്നായിരുന്നു റിസർവ് ബാങ്ക് മുൻപ് പറഞ്ഞത്.
2019 ഏപ്രിൽ മാസത്തിന് ശേഷം പുതിയ രണ്ടായിരം രൂപ നോട്ട് അച്ചടിച്ചിട്ടില്ല. കള്ളപ്പണം തടയുക, വിപണിയിലെ കറൻസി ബാലൻസിങ് നിലനിർത്തുക എന്നീ ലക്ഷ്യങ്ങളാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തിന് കാരണമെന്നാണ് കരുതുന്നത്.
ജനങ്ങൾക്കിടയിൽ രണ്ടായിരം രൂപയുടെ കറൻസി നോട്ടുകൾ വിതരണം ചെയ്യുന്നതിനെക്കുറിച്ചും ബാങ്കുകളിലും എടിഎമ്മുകളിലും നോട്ടുകൾ ലഭ്യമല്ലാത്തതിനെക്കുറിച്ചും പാർലമെന്റ് അംഗം (എം പി) എ ഗണേശമൂർത്തി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. രണ്ടായിരത്തിന്റെ കറൻസി നോട്ടുകൾ അച്ചടിക്കുന്നത് സർക്കാർ നിർത്തിയോ എന്നും അദ്ദേഹം ചോദിച്ചു.
സാവധാനം പിൻവലിക്കുക !
2016 നവംബറിൽ മോദി സർക്കാർ പഴയ 500 രൂപയും 1,000 രൂപ നോട്ടുകളും പിൻവലിച്ച ശേഷമാണ് 2,000 രൂപയുടെ കറൻസി നോട്ട് അവതരിപ്പിച്ചത്. (പഴയ) 500 രൂപയും 1,000 രൂപയുടെ കറൻസി നോട്ടുകളും നിരോധിച്ചതിനെത്തുടർന്ന് ഉണ്ടായ പണക്ഷാമം ലഘൂകരിക്കുന്നതിനായി തുടക്കത്തിൽ 2,000 രൂപ നോട്ട് വലിയ അളവിൽ പ്രചരിപ്പിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ, സർക്കാർ 863 ദശലക്ഷം 2,000 രൂപ മൂല്യമുളള കറൻസി നോട്ടുകളുടെ വിപണിയിൽ നിന്ന് നീക്കം ചെയ്തതായി കേന്ദ്രമന്ത്രി സഭയ്ക്ക് മുന്നിൽ വച്ച കണക്കുകളിൽ നിന്ന് വ്യക്തമാണ്. കൂടാതെ, 2,000 രൂപയുടെ കറൻസി അച്ചടിക്കുന്നതിന് പുതിയ ഒരു ഓർഡറും നൽകിയിട്ടും ഇല്ല.
2019 ജനുവരിയിൽ ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദ പ്രിന്റ് പ്രസദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ, വിപണിയിലെ 2,000 രൂപ നോട്ടിന്റെ സാന്നിധ്യം സാവധാനം കുറയ്ക്കുന്നതിനായി രാജ്യം പുതിയ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിയതായി പരാമർശിച്ചിരുന്നു. "പ്രചാരത്തിൽ നിന്ന് വെട്ടിക്കുറയ്ക്കുന്നതിന് 2,000 രൂപ നോട്ടുകൾ അസാധുവായിത്തീരുമെന്ന് അർത്ഥമാക്കുന്നില്ല. എന്നാൽ, ക്രമേണ ഘട്ടം ഘട്ടമായി ഇവയുടെ വിഹിതം ഗണ്യമായി കുറയ്ക്കാനാകും."
കേന്ദ്ര സർക്കാരിന്റെ സംശയം
കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്, ഹോർഡിംഗ് എന്നിവയ്ക്കായി ഉയർന്ന മൂല്യമുള്ള കറൻസി നോട്ട് ഉപയോഗിക്കുന്നുണ്ടെന്ന കേന്ദ്ര സർക്കാരിന്റെ സംശയിച്ചതിനെത്തുടർന്ന് രണ്ടായിരത്തിന്റെ നോട്ടുകൾ അച്ചടിക്കുന്നത് നിർത്താനുള്ള തീരുമാനം എടുത്തിട്ടുണ്ടെന്നും മാധ്യമ സ്ഥാപനമായ ദ പ്രിന്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
ലോക്സഭയിലെ മന്ത്രിയുടെ മറുപടിയിൽ 2000 രൂപ കറൻസി നോട്ടുകളുടെ എണ്ണം വിപണിയിൽ നിന്ന് കുറയ്ക്കുന്നതിനോ അച്ചടിക്കാൻ ഒരു ഉത്തരവും നൽകാത്തതിനോ കാരണങ്ങളൊന്നും വ്യക്തമാക്കുന്നില്ലെന്ന് മണി ലൈഫിലെ ലേഖനത്തിൽ യോഗേഷ് സപ്കലെ പറയുന്നു. ഇത് സംബന്ധിച്ച് റിസർവ് ബാങ്കിന് നൽകിയ വിവരാവകാശ നിയമപ്രകാരമുളള അപേക്ഷയ്ക്ക് വ്യക്തമായ മറുപടി നൽകാർ ആർബിഐ തയ്യാറായില്ലെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.