ഈ കഥയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരേ സമയം നമ്മള്‍ നദിക്കരയിലെ കാഴ്ചക്കാരാവുകയും തിരകളില്‍ ഉയര്‍ന്നും താഴ്ന്നും നീങ്ങുന്ന ജലജീവികളാവുകയും ചെയ്യുന്നു.
പുസ്തകപ്പുഴയില്‍ ഇന്ന് ആഷ് അഷിത എഴുതിയ 'മുങ്ങാങ്കുഴി' എന്ന കഥാസമാഹാരത്തിന്റെ വായന. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തെക്കുറിച്ച് പി സുധാകരന്‍ എഴുതുന്നു
undefined
ഭാഷ ഒരേ സമയം ആയുധവും അനുഭവവുമാണ്, ഗദ്യത്തിലായാലും പദ്യത്തിലായാലും. ഭാഷയിലും ആഖ്യാനത്തിലുമുള്ള പുതുമയാണ് ഒരു സാഹിത്യസൃഷ്ടിയെ വ്യത്യസ്തമാക്കുന്നത്. ഒരു ചിത്രകമ്പളത്തിന്റെ രണ്ടുപുറങ്ങള്‍ പോലെ രണ്ട് അനുഭവതലങ്ങളില്‍ നിന്നുകൊണ്ടാണ് ആഷ് അഷിതയുടെ പുതിയ കഥാസമാഹാരം 'മുങ്ങാങ്കുഴി' നമ്മളുമായി സംവദിയ്ക്കുന്നത്. അകക്കാഴ്ചയും ദൂരക്കാഴ്ചയും ആവുന്നവയാണ് ഇതിലെ കഥകള്‍. ഉടലടയാളങ്ങളും അതിനപ്പുറമുള്ള മറ്റൊരു ലോകവും ഇവിടെ ഇഴചേരുന്നതിനാല്‍ പരമ്പരാഗതമായ വായനാനുഭവങ്ങളെയെല്ലാം ഈ കഥകള്‍ തകര്‍ത്തെറിയുന്നുണ്ട്, സദാചാര കല്പനകളെയും.
കഥയുടെ ആശയതലം എന്തുതന്നെയായാലും നഗരമാണ് നേരിട്ടും അല്ലാതെയും ഈ കഥകളില്‍ നിറയുന്നത്, ഒപ്പം അതിവൈകാരികതയിലേക്ക് കടക്കാത്തതും എന്നാല്‍ വായനക്കാരുടെ ഉള്ളില്‍ തറയ്ക്കുന്നതുമായ മനുഷ്യബന്ധങ്ങളുടെ ചിത്രീകരണവും. ഗൃഹാതുരതയ്ക്ക് പോലുമുണ്ട് ഒരു നഗരഗന്ധം. ആമുഖത്തില്‍ പറഞ്ഞതുപോലെ ജീവിതത്തെ നേരിടാനുള്ള ഒരു മാര്‍ഗ്ഗമാണ് ആഷ് അഷിതയ്ക്ക് കഥയെഴുത്ത്. ഈ കഥകളിലേയ്ക്ക് നിങ്ങള്‍ക്ക് ഒളിഞ്ഞുനോക്കാനാവില്ല, ആഴ്ന്നിറങ്ങുക തന്നെ വേണം. അക്ഷരാര്‍ത്ഥത്തില്‍ ഒരു മുങ്ങാങ്കുഴി.
ഒരു വായനക്കാരന്‍ എന്ന നിലയ്ക്ക് 'മുങ്ങാങ്കുഴി' എന്നെ അത്ഭുതപ്പെടുത്തിയത് രണ്ടുകാര്യങ്ങള്‍ കൊണ്ടാണ് - ഒന്ന് പ്രമേയ വൈവിധ്യം, മറ്റൊന്ന് ഭാഷയും പ്രയോഗങ്ങളും. അതോടൊപ്പം തന്നെ അടുത്ത കാലത്തിറങ്ങിയ ഏറ്റവും മനോഹരമായ കവര്‍ രൂപകല്‍പ്പനയാണ് ഈ കഥാസമാഹാരത്തിന്റേത് എന്നുകൂടി പറയാതെ വയ്യ.
Also Read: നാട്ടിലെ സോഫി മറുനാട്ടിലെ സോഫിയെ വിളിക്കുമ്പോൾ...
സ്ത്രീയാണ് കഥയെ നയിക്കുന്നത്, പുരുഷന്‍ എവിടെയൊക്കെയോ പരാജിതനായി അലയുന്നത് ഇവിടെ കാണുന്നു. 'മുങ്ങാങ്കുഴി' എന്ന കഥ തന്നെ നോക്കുക. ഒരിക്കലും മോചനമില്ലാത്ത ഉടലിന്റെ ചുഴിയിലേക്കാണ് ഈ കഥ നമ്മളെ വലിച്ചിടുന്നത്. എല്ലാ അര്‍ഥത്തിലുമുള്ള ഒരു നീര്‍ച്ചുഴി. ലഹരി, ഹിംസ, രതി....ഇതെല്ലാം ചേര്‍ന്ന് ഒരു തമോഗഹ്വരം രൂപപ്പെടുകയാണിവിടെ. ഉടലിനെ വലിച്ചുതാഴ്ത്തുന്ന തമോഗഹ്വരം. ആ കാന്തിക പ്രവാഹത്തില്‍ പുരുഷന്‍ ഇല്ലാതാവുന്നു. ഉടലില്‍ അവന്‍ പരാജിതനാവുന്നു. അതേസമയം, നമ്മള്‍ വായിച്ചുശീലിച്ച കാല്പനികതയെ പൂര്‍ണ്ണമായും നിഷേധിക്കുന്ന എഴുത്തുകാരി മറ്റൊരു കാല്പനികത കൊണ്ട് വായനക്കാരനെ അത്ഭുതപ്പെടുത്തുന്നുണ്ട് ഈ കഥയില്‍.
'കാറ്റിന് കീഴ്‌പ്പെട്ട പൂമരംപോലവള്‍ ചിരിച്ചുലഞ്ഞു' എന്ന് പറഞ്ഞ ഉടനെ തന്നെയാണ് 'സ്‌നേഹം പോലൊരു ഇറച്ചിക്കഷ്ണം വേറെയുണ്ടോ' എന്ന ചോദ്യം. അതിലൊരു നര്‍മ്മമുണ്ട്. ഒരേസമയം രണ്ട് ലോകങ്ങള്‍ ഇവിടെ ചുരുള്‍നിവരുകയാണ്.
'റിമ്പോച്ചെ'യിലാകട്ടെ ബന്ധങ്ങള്‍, അവയുടെ ശൈഥില്യം, മരണം എല്ലാം ഒരുതരം സര്‍റിയല്‍ താളം കൈവരിക്കുന്നത് കാണാം. ഒരു സ്ത്രീയുടെ പ്രസവാനന്തരവിഷാദം ആ വീട്ടിലേക്ക് തന്നെ ഒഴുകിപ്പരക്കുന്നത് കാണുമ്പോള്‍ അത് നമ്മളെ വല്ലാതെ അസ്വസ്ഥമാക്കും. ഒരു കൊള്ളിയാന്റെ മിന്നലാട്ടം പോലെ അത് ഉള്ളുപൊള്ളിക്കും. 'ഒരു സ്പര്‍ശനത്തിനോ ചുംബനത്തിനോ വേണ്ടി കെഞ്ചിനിന്ന് ശരീരം നാണംകെടുമ്പോള്‍ അയാള്‍ കുളിമുറിയില്‍ ഒളിച്ചുപോയി നനയുമായിരുന്നു' എന്നാണ് ഈ കഥയില്‍ ഒരിടത്ത് കഥാകൃത്ത് പറയുന്നത്. ജീവിതമെന്നപോലെ മരണത്തിന്റെയും ഈ കഥ ശരിക്കും നമ്മളെ പലതരത്തില്‍ ഉലയ്ക്കും.
ഏകാന്തമായ തുരുത്തുകളാണ് ഇതിലെ കഥാപാത്രങ്ങള്‍, നഗരപ്രവാഹത്തിലെ ഏകാകികള്‍. അവരുടെ ജീവിതത്തിന് പ്രവചനാതീതമായ ഒരു താളമുണ്ട്. ഒരു കഥയിലും തന്നെ തന്റെ കഥയുടെ റിമോട്ട് കണ്‍ട്രോള്‍ കഥാകാരി വായനക്കാരുടെ കയ്യില്‍ തരുന്നില്ല. കാഴ്ചയിലേക്കും അനുഭവങ്ങളിലേക്കും വായനക്കാര്‍ എടുത്തെറിയപ്പെടുകയാണ്. അവിടെ ഓരോ നിമിഷവും ഒരു അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുന്നു എന്നുമാത്രമല്ല അതിന്റെ ലാവാപ്രവാഹത്തില്‍ നിന്നും നമുക്ക് മോചനമില്ലതാനും.
Also Read: മരിച്ചവര്‍ക്കുള്ള ചെരിപ്പുമായി വിധവകള്‍ കാത്തുനിന്ന ശ്മശാനങ്ങള്‍
വല്ലാതെ ഉള്ളുലയ്ക്കുന്നതാണ് 'ബ്രൗണ്‍മണ്‍റോയുടെ വീഞ്ഞുരാത്രി'. അച്ഛന്‍ എന്ന പേടിപ്പെടുത്തുന്ന ഓര്‍മ്മയിലാണ് അവളുടെ ലൈംഗികത ഒരുതരം ഭീതിയായി വളരുന്നത്, ഉന്മാദമായും. അതിലൊരു പ്രയോഗമുണ്ട് 'ഒക്ടോപസ് കൈകള്‍'. മറ്റൊരിടത്ത് അവര്‍ അച്ഛനെ ഓര്‍ത്തെടുക്കുന്നത് 'ഞാനെത്ര അഴിച്ചുകളഞ്ഞാലും ഉടലില്‍നിന്നും വേര്‍പ്പെട്ടുപോകാത്ത അഴുകിയ ഉടുപ്പാണ് അയാള്‍' എന്നാണ്. എന്നാല്‍ ആദ്യമായി പ്രേമത്തിന്റെ ചുഴലിയില്‍ പെട്ടവനെപ്പോലെ ഒരുവന്‍ അവളെ പ്രാപിയ്ക്കുമോള്‍ അവള്‍ കരയുന്നതാകട്ടെ 'അപ്പാ അപ്പാ' എന്നുപറഞ്ഞാണ്. വിചിത്രമാണ് ജീവിതത്തിന്റെ അടിയൊഴുക്കുകള്‍. 'അവളില്‍ നിന്നും വേര്‍പ്പെട്ടപ്പോള്‍ ലോകത്തിലെ ഏകാന്തതയെല്ലാം പാഞ്ഞുവന്നെന്നെ പൊതിഞ്ഞു' എന്ന് ആ കാമുകന്‍ പറയുമ്പോള്‍ രതിയും പ്രണയവും ഒരേസമയം ഉന്മാദവും വേദനയുമാവുന്നു ഈ കഥയില്‍.
അവതാരികയില്‍ എഴുത്തുകാരന്‍ അബിന്‍ ജോസഫ് പറഞ്ഞതു പോലെ, മനുഷ്യമനസ്സ് എത്രമാത്രം നിഗൂഢവും സങ്കീര്‍ണ്ണവുമാണെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഈ കഥ. ഒരു പുരുഷനുമായുള്ള രതിയ്ക്കിടയില്‍ അവള്‍ 'അപ്പാ അപ്പാ' എന്നുപറയുമ്പോള്‍ അവളെ ഓര്‍മ്മകള്‍ ചതിക്കുകയാണെന്ന് അബിന്‍ പറയുന്നു. അതോ ഓര്‍മ്മകള്‍ അവളെ രതിയിലും ഒരു ഭീതിപോലെ വേട്ടയാടുകയാണോ? ഈ കരച്ചില്‍ വായിക്കുമ്പോള്‍ നമ്മള്‍ എഡ്വേഡ് മങ്കിന്റെ 'ദി സ്‌ക്രീം എന്ന ചിത്രം അറിയാതെയെങ്കിലും ഓര്‍ത്തുപോകും.
ഈ കഥയിലെ പോലെ പീഡിതമാകുന്ന ബാല്യം ഒളിഞ്ഞും തെളിഞ്ഞും വരുന്നുണ്ട് ആഷ് അഷിതയുടെ മറ്റുചില കഥകളിലും. 'അ' എന്ന കഥ തന്നെ നോക്കൂ. അക്ഷരങ്ങളെ ഭയന്ന പെണ്‍കുട്ടിയിലേയ്ക്ക്, പലരും നുള്ളി മുറിവാക്കിയ അവളുടെ തുടയിലൂടെ ഉറുമ്പുകളെപ്പോലെ അരിച്ചുകയറുന്ന വിരലുകള്‍ എന്ന് അവര്‍ എഴുതുമ്പോള്‍ നമ്മള്‍ ചവിട്ടുന്നത് കനലിലാണ്.
അതുപോലെ തന്നെ ലഹരിയുടെ ലോകവും ആ കഥാലോകത്ത് നിറയുന്നത് കാണാം. നഗരത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ നിന്നും ഉയരുന്ന പുകച്ചുരുളുകളുടെ കാഴ്ച മാത്രമല്ല ഗന്ധം പോലും നമ്മള്‍ അനുഭവിയ്ക്കും ഇവിടെ. ഒരുപക്ഷെ ഈ എഴുത്തുകാരി നേരത്തെ എഴുതിയ നോവല്‍, 'മഷ്റൂം ക്യാറ്റ്സ്' വായിച്ചാല്‍ ഈ കഥകളില്‍ അങ്ങിങ്ങായി പടരുന്ന ഇരുണ്ട നഗരത്തിന്റെയും ലഹരിയുടെയും പുകച്ചുരുളുകള്‍ ഒന്നുകൂടി വ്യക്തമാവും.
Also Read: സമുദ്രത്തിന്റെ ഇരുട്ടിലേക്ക് വെളിച്ചം പായിക്കുന്ന ഏകാന്തഗാംഭീര്യമുള്ള ഒരു വിളക്കുമാടം
അതേസമയം, പ്രക്ഷുബ്ദ്ധതയിലും അല്പം നര്‍മ്മഭാവത്തോടെ പ്രണയത്തിന്റെ കാല്പനികചാരുത ഇടയ്ക്കിടെ തലപൊക്കും ഈ കഥകളില്‍. 'ചുണ്ടുകള്‍ ഞണ്ടുകളായി പരസ്പരം ഇറുക്കി' എന്ന് 'കാശ്മീര്‍' എന്ന കഥയില്‍ ഒരിടത്ത്. മറ്റൊരിടത്താകട്ടെ, 'പ്രേമിച്ച പെണ്ണുങ്ങളോട് ചോദിച്ചാലറിയാം, തിന്നാന്‍ തോന്നുന്നത്രയും വൃത്തിയുള്ള വിരലുകളുള്ള ആണുങ്ങള്‍ എന്ത് അപൂര്‍വതയാണെന്ന്' കഥാനായിക ഓര്‍മ്മിപ്പിക്കുന്നു. വേറൊരിടത്താകട്ടെ, 'അവനങ്ങനെ ചോദിയ്ക്കുന്ന നേരങ്ങളില്‍ പ്രേമത്തെക്കാള്‍ വലിയ വിശപ്പൊന്നും ഭൂമിയില്‍ ഇല്ലെന്ന് ഉടല്‍ വിളിച്ചുപറയും' എന്ന് കഥാനായിക. എന്നാല്‍ അത് നമ്മള്‍ ശീലിച്ച കാല്‍പ്പനികതയ്ക്ക് നേരെയുള്ള ഒരു പരിഹാസം കൂടിയാണ്. ദിവ്യാനുരാഗമല്ല ഇവിടെ പ്രണയം. ഉടല്‍ തന്നെയാണ് പ്രണയമാര്‍ഗ്ഗം.
കാശ്മീര്‍ പക്ഷെ പറയുന്നത് പ്രണയത്തെക്കുറിച്ചല്ല ഉന്നംപിടിക്കുന്ന തോക്കുകളെ കുറിച്ചുതന്നെയാണ്. മരണം കുന്നിറങ്ങിവരുന്ന കാശ്മീര്‍. ഒരേസമയം അവിടുത്തെ ഭൂവിതാനങ്ങളെയും മനുഷ്യാവസ്ഥയെയും ദുരന്തങ്ങളെയും ആവിഷ്‌കരിക്കുന്നു ഈ കഥ. 'കുഴിയിലാഴ്ന്നുപോകുന്ന കാലുകള്‍ ആയാസത്തോടെ വലിച്ചെടുത്തുപറക്കാന്‍ ശ്രമിക്കുന്ന കുഞ്ഞുഫിറാനിന് നേരെ തോക്കുകളുടെ കണ്ണുകള്‍ ഉന്നംപിടിച്ചെന്ന തോന്നലില്‍ എനിയ്ക്കു തലകറങ്ങി. ബോധം മറയും മുമ്പ് ഞാന്‍ കണ്ടത് ഒരു കൊച്ചുപന്ത് വെള്ളമൈതാനത്തിലൂടെ തെന്നിത്തെറിച്ചു പോകുന്നതാണ്.' എന്ന് പറഞ്ഞ് കഥ അവസാനിയ്ക്കുമ്പോള്‍ നമ്മള്‍ മരണം ഉള്ളില്‍ അനുഭവിയ്ക്കുന്നു.
Also Read: ആരാണ് കാടിന്റെ വിജനതയില്‍ ഏറ്റുമുട്ടുന്നത്; അതും ഈ അന്തിനേരത്ത്?
ഈ കഥകളില്‍ എവിടെയും ഉടലിനെ നിഷേധിക്കുന്ന പ്രണയമോ സ്ത്രീപുരുഷബന്ധങ്ങളോ കാണില്ല. രതിയുടെ ഉടലാഴങ്ങളില്ലാത്ത പ്രണയം ഈ കഥകളുടെയൊന്നും പരിസരമല്ല. അതൊരു ജൈവികമായ അനുഭവമാണ്. നമ്മള്‍ സൃഷ്ടിച്ച പാരമ്പരാഗത പാപബോധങ്ങളുടെ ചട്ടക്കൂടിനു പുറത്താണ് കഥാപാത്രങ്ങള്‍ അവരുടെ സ്വത്വം കണ്ടെത്തുന്നത്. അനുബന്ധക്കുറിപ്പില്‍ എഴുത്തുകാരന്‍ കരുണാകരന്‍ പറയുന്നതുപോലെ ''മറ്റൊരു നോട്ടത്തില്‍ സ്ത്രീ സ്ത്രീയായി ഇരിക്കാനും പുരുഷന്‍ പുരുഷനായി ഇരിക്കാനും ആഗ്രഹിക്കുന്ന 'ഇണകള്‍' ഈ കഥകളിലുണ്ട്'. ഈ കഥകളുടെ പൊതുസ്വഭാവം രണ്ടായിരാമാണ്ടുകളോടെ നമ്മുടെ ഭാഷയില്‍ രൂപംകൊള്ളുന്ന ഒരു പുതിയ ലാവണ്യത്തിന്റേതാണ് എന്ന കരുണാകരന്റെ നിരീക്ഷണം ഈ കഥകളുടെ ജൈവഘടനയെ കൃത്യമായി നിര്‍വചിക്കുന്ന ഒന്നാണ്.
ഈ കഥയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരേ സമയം നമ്മള്‍ നദിക്കരയിലെ കാഴ്ചക്കാരാവുകയും തിരകളില്‍ ഉയര്‍ന്നും താഴ്ന്നും നീങ്ങുന്ന ജലജീവികളാവുകയും ചെയ്യുന്നു. ഓരോ കഥയും നമ്മളെ വല്ലാതെ അസ്വസ്ഥമാക്കും. എന്നാല്‍ ചിലപ്പോഴെങ്കിലും തോന്നും അവസാനത്തേതിന് തൊട്ടുമുന്നത്തെ വാക്യത്തില്‍ അല്ലേ ഈ കഥ അവസാനിയ്‌ക്കേണ്ടിയിരുന്നത് എന്ന്. എന്നാല്‍ അതേസമയം അവ നമ്മളെ ഞെട്ടിക്കും, അവ ഒരിയ്ക്കലും അവസാനിയ്ക്കുന്നില്ല. ഒരു സംശയവുമില്ല നമ്മള്‍ വായിച്ചിരിക്കേണ്ട, വീണ്ടും വായിക്കാനായി എടുത്തുവെക്കേണ്ട, ഒന്നാണ് 'മുങ്ങാങ്കുഴി.'