'ബൊഗയ്ന്‍വില്ല'സിനിമയ്ക്കാധാരമായ നോവലിലെ ഒരധ്യായം
പുസ്തകപ്പുഴയില്‍ ഇന്ന് ലാജോ ജോസ് എഴുതിയ 'റൂത്തിന്റെ ലോകം' എന്ന നോവലിലെ ആദ്യ അധ്യായം. അമല്‍ നീരദ് സംവിധാനം ചെയ്ത 'ബൊഗയ്ന്‍വില്ല' എന്ന സിനിമയ്ക്കാധാരമായത് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ നോവലാണ്
ലാജോ ജോസ് എഴുതിയ 'റൂത്തിന്റെ ലോകം' എന്ന നോവല്‍ ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
.................
1
റൂത്ത് റൊണാള്‍ഡ്
ഇത്രയും സ്‌നേഹം ലഭിക്കാന്‍ ഞാനെന്താണു ചെയ്തിട്ടുള്ളത്? ഈ സ്‌നേഹത്തിന് ഞാന്‍ അര്‍ഹയാണോ?
ഇച്ചായന്റെ കാര്‍ ഗേറ്റുകടന്ന് പോകുന്നതും നോക്കിനിന്നപ്പോള്‍ എന്റെ മനസ്സില്‍ ഈ ചോദ്യം ഉയര്‍ന്നു.
സ്‌നേഹം, കടമ എന്നൊക്കെപ്പറയുന്നത് ഒരു ഇരുവഴി പാതയാണ്. അങ്ങോട്ടെന്നപോലെ യാത്രകള്‍ ഇങ്ങോട്ടും വേണം. എന്നാലേ പൂര്‍ണ്ണമാകൂ. അതാണ് എന്റെ ഏറ്റവും വലിയ സങ്കടവും.
റോണിച്ചായന് എന്തു സ്‌നേഹമാണ് എന്നോട്! അതേ അളവില്‍, അതേ വൈകാരികതയോടെ ഞാന്‍ റോണിച്ചായനെ സ്‌നേഹിക്കുന്നുണ്ടോ എന്നെനിക്കു സംശയമാണ്. എത്ര സ്‌നേഹിച്ചാലും മതിവരാത്തതുപോലെ! കൊച്ചുകുട്ടികളെ നോക്കുന്നതുപോലെയാണ് റോണിച്ചായന്‍ എന്നെ നോക്കുന്നതെന്നും പറഞ്ഞ് അശ്വിനി അല്പംമുന്‍പ് എന്നെ കളിയാക്കിയതേയുള്ളൂ. അവളുടെ ഒരു കാര്യം! കേട്ടപ്പോള്‍ എനിക്കു നാണംവന്നു.
പിള്ളേരെ രണ്ടെണ്ണത്തിനെയും സ്‌കൂള്‍ബസ്സില്‍ കയറ്റി വിട്ടുകഴിഞ്ഞ് ഇച്ചായനോടൊപ്പമിരുന്ന് ബ്രേക്ഫാസ്റ്റ് വിളമ്പിക്കൊടുത്ത്, ഇങ്ങനെ ഗേറ്റിങ്കല്‍നിന്ന് യാത്രയാക്കുന്നത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്.
Also Read: മനോജ് കുറൂര്‍ എഴുതിയ 'മണല്‍പ്പാവകള്‍' എന്ന നോവലിലെ ഒരു ഭാഗം
'ഇല്ല, സിനിമാ മോഹം കൈവിട്ടിട്ടില്ല', അഞ്ച് വര്‍ഷം മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ലാജോ ജോസുമായുള്ള അഭിമുഖം വായിക്കാം
.........................
ഞാന്‍ കറുത്ത ഗേറ്റ് അടച്ച് കുറ്റിയിട്ടു. ബംഗളൂരുവിലെ പ്രഭാതത്തിന് വാഹനങ്ങളുടെ പുകയുടെ ഗന്ധമാണ്. പിന്നെ ഉണങ്ങിയ മണ്ണിന്റെയും പൊടിയുടെയും. അതൊക്കെ വീട്ടിനുള്ളിലേക്കു കടന്നുവരാതിരിക്കാന്‍ മുറ്റത്തെ ചെടികള്‍ പരിശ്രമിക്കുന്നുണ്ട്. എന്റെ നോട്ടം മതിലിനരികില്‍ നില്‍ക്കുന്ന
വെള്ള ബൊഗേന്‍വില്ലയിലേക്കു നീണ്ടു. അത് വഴിയിലേക്കു കുറെക്കൂടി ചാഞ്ഞുകിടക്കുന്നു. അശ്വിനിയോട് ഇന്നുതന്നെ അതൊന്നു വലിച്ചുകെട്ടാന്‍ പറയണം.
വീട്ടിലേക്കു നടക്കുമ്പോഴാണ് എന്റെ മനസ്സില്‍ ആ ചിന്തകയറി വന്നത്, പിള്ളേരെവിടെ? അവരെ ബസ് കയറ്റി വിട്ടിരുന്നോ? വിട്ടില്ലേ? എനിക്ക് ആവലാതിയായി.
ഞാന്‍ വേഗം വീടിനകത്തേക്കു കയറി ചുറ്റും നോക്കി. ടി.വി. ഓഫാണ്. അപ്പോള്‍ പിള്ളേര് ഈ മുറിയില്‍ ഇല്ല. പിന്നെ എവിടെ കാണും? അവരുടെ മുറിയിലാണോ? ഞാന്‍ പിള്ളേരുടെ മുറിയിലേക്കു പോകാനായി ഊണുമേശയുടെ അരികിലുള്ള സ്റ്റെയര്‍കേസ് കയറി മുകള്‍നിലയിലെ ഹാളിലെത്തി. ഇവിടെനിന്നു നോക്കുമ്പോഴേ പിള്ളേരുടെ മുറി കാണാം. വാതില്‍ തുറന്നുകിടപ്പുണ്ട്. അവരെ വിളിക്കാനായി ഞാന്‍ രാവിലെ വന്ന് തുറന്നിട്ടതാണോ?
ഞാന്‍ പെട്ടെന്നുതന്നെ അങ്ങോട്ടേക്കു നടന്നു. Ryan & Emma's Room എന്ന് എഴുതിയൊട്ടിച്ച വാതില്‍ കടന്ന് ആ മുറിയിലേക്കു കയറി. എമ്മയ്ക്ക് ഇഷ്ടമുള്ള മിക്കിമൗസ് പുതപ്പ് അവളുടെ കട്ടിലില്‍ ചുരുണ്ടു കിടപ്പുണ്ട്. എതിര്‍വശത്ത് റയാന്റെ കട്ടിലില്‍ സ്‌പൈഡര്‍മാന്റെ പുതപ്പ് അതിനെക്കാളും ചുരുണ്ടുകിടപ്പുണ്ട്; ഇരുവരുടെയും മേശകളില്‍ പുസ്തകങ്ങളോ, നോട്ടുബുക്കുകളോ ഇല്ല; മേശയ്ക്കരികില്‍ നിലത്ത് സ്‌കൂള്‍ബാഗുകളുമില്ല. അപ്പോള്‍ അവര്‍ സ്‌കൂളില്‍ പോയിട്ടുണ്ടാകും.
അസ്വസ്ഥമായ മനസ്സോടെ ഞാന്‍ താഴേക്കിറങ്ങി. അശ്വിനി അടുക്കളയില്‍ കുക്കിങ് റേഞ്ചിന് അരികിലായിനിന്ന് പച്ചക്കറി അരിയുന്നുണ്ട്. ഞാന്‍ അവളുടെ അടുത്തേക്കു നീങ്ങി. സംശയമുള്ള സന്ദര്‍ഭങ്ങളില്‍ എന്റെ രണ്ടാമത്തെ വാതിലാണ് ഇവള്‍. ഇവളെ കെട്ടിച്ചയച്ചാല്‍ പിന്നെ ഇവളെപ്പോലെ ഒരാളെ സഹായത്തിനു കിട്ടുന്നത് എളുപ്പമല്ല എന്നെനിക്കറിയാം. പത്താംക്ലാസ് തോറ്റപ്പോള്‍ ഭാസ്‌കരന്‍ചേട്ടന്‍ ഇവിടെക്കൊണ്ടാക്കിയതാണ്. ഇപ്പോള്‍ വര്‍ഷം പത്തു കഴിഞ്ഞിരിക്കുന്നു.
ഞാന്‍ വരുന്നത് അവള്‍ അറിഞ്ഞു, മുഖമുയര്‍ത്തി മനോഹരമായി പുഞ്ചിരിച്ചു.
''പിള്ളേര് പോയോ?'' മടിച്ചുമടിച്ച് ഞാന്‍ അവളോടു ചോദിച്ചു. ഞാനിക്കാര്യം ഇന്ന് എത്രാമത്തെ തവണയാണ് ചോദിക്കുന്നതെന്ന് ഇവള്‍ക്കുമാത്രമേ അറിയൂ. നൂറാമത്തെ തവണയാണെങ്കില്‍പോലും ചിരിയോടെയല്ലാതെ അശ്വിനിയുടെ മുഖം എന്റെ മനസ്സിലെങ്ങുമില്ല.
''പോയി ചേച്ചി.'' അവള്‍ ഒരു കാരറ്റ് കയ്യിലെടുത്തു.
അതു സമാധാനമായി. പിള്ളേരപ്പോള്‍ സ്‌കൂളില്‍പ്പോയി. ബസ് കയറ്റിവിട്ടത് ഞാനോ, അശ്വിനിയോ?
ഉത്തരം തേടാനായി ഞാനാ ചോദ്യം മനസ്സിന്റെ ഇരുണ്ട വിഹായസ്സിലേക്കു തുറന്നുവിട്ടതിനുശേഷം അടുക്കളയില്‍ നിന്നും ഇറങ്ങി എന്റെ മുറിയിലേക്കു നടന്നു. താഴെയുള്ള രണ്ട് ബെഡ്‌റൂമുകളില്‍ ഒരെണ്ണം എന്റെ ലോകമാണ്. മറ്റേത് അശ്വിനിയുടേതും.
Ruth's Dungeon എന്നെഴുതിയ വാതില്‍ തുറന്ന് ഞാന്‍ അകത്തു കയറി. വായിച്ചത്, വായിക്കാത്തത്; എന്നിങ്ങനെ നെറ്റിപ്പട്ടം ചാര്‍ത്തിയ, അഞ്ചു തട്ടുകള്‍ വീതമുള്ള രണ്ട് ബുക് ഷെല്‍ഫുകളാണ് എന്റെ മുറിയുടെ ഏറ്റവും വലിയ ആകര്‍ഷണം. മറ്റൊന്ന്, മുറിയുടെ ഇടതുവശത്തായി ഈസലില്‍ തറച്ചുവച്ചിരിക്കുന്ന കാന്‍വാസാണ്; അതില്‍ വരച്ചുതുടങ്ങിയ ചിത്രം.
ഞാന്‍ വായിക്കുന്ന ഏതോ പുസ്തകമാണെന്നു തോന്നുന്നു, ഒരെണ്ണം മഞ്ഞയില്‍ പച്ച വരകളുള്ള കര്‍ട്ടന്‍ വിരിച്ച ജനാലയ്ക്കല്‍ എന്നെയും കാത്തിരിപ്പുണ്ട്. ഞാനതു പോയി എടുത്തു. Gone Girl by Gillian Flynn. അകത്തെ കവര്‍പേജില്‍ പല തീയതികളുടെയും നേരേ Read എന്നെഴുതിയിട്ടുണ്ട്. എന്റെ കയ്യക്ഷരം!
എണ്ണിനോക്കിയാല്‍ 2013 തൊട്ട് ഇന്നേവരെ 31 തവണ വായിച്ചിരിക്കുന്നു. പേജ് 281-ലാണ് ബുക്മാര്‍ക് വച്ചിരിക്കുന്നത്. എന്തുകൊണ്ട് ഞാനീ പുസ്തകം ഇത്രയേറെത്തവണ വായിക്കുന്നു?
ഞാനത് തിരികെ ജനാലപ്പടിയില്‍വച്ച് ചൂരല്‍ ചാരുകസേരയും കടന്ന് മേശയ്ക്കരികിലേക്കു നടന്നു. അവിടെയാണ് എന്റെ ഡയറി; 'തായ്‌വേര്' എന്ന് നാമകരണംചെയ്തിരിക്കുന്ന ഡയറിയുടെയുള്ളില്‍ എന്റെ കൈപ്പടയില്‍ ഇങ്ങനെ എഴുതി വച്ചിരിക്കുന്നു:
റൂത്ത്, ഇത് നിന്റെ ഉത്പത്തിയാകുന്നു. ഇപ്പോള്‍തന്നെ ഇത് തുറക്കുക! വായിച്ചശേഷം ഇവിടെത്തന്നെ വച്ചേക്കുക!
.............................
Also Read: അംബികാ സുതന്‍ മാങ്ങാട് എഴുതിയ 'അല്ലാഹലന്‍' എന്ന നോവലിലെ ഒരു ഭാഗം
.........................
ഇന്നത്തെ വായനയ്ക്കായി ഞാനതു തുറന്നു. അതിന്റെ ആദ്യ താളില്‍ ഇങ്ങനെ എഴുതിയിരുന്നു:
നിന്റെ പേര്: റൂത്ത് റൊണാള്‍ഡ്, 10/12/1983 Ph:7353 xxxx11
ഭര്‍ത്താവ്: ഡോ. റൊണാള്‍ഡ് തോമസ് 04/02/1971 Ph: 9886xxxx37. ജനറല്‍ സര്‍ജന്‍, PMT Multi Speciality Hospital, ITPL Main Road, Whitefield, Bangalore. Ph: 1860 xxx 2xx7
വിവാഹം 04/04/2007
മക്കള്‍: റയാന്‍: 19/05/2008 5th Standard, എമ്മ: 22/09/2011 2nd Standard, Whitefield International School.
ഇന്‍ലോസ്: ആരുമില്ല. റോണിച്ചായന്‍ ഒറ്റമകന്‍. പേരന്റ്‌സ് മരിച്ചു. വീട് ചെങ്ങന്നൂരില്‍.
തറവാട്: നിര്‍മ്മല്‍ ഓര്‍ഫനേജ്, ചെങ്ങന്നൂര്‍ (നീ അവിടെ പോകുന്നില്ല. നഷ്ടപ്പെട്ട കാലം അവിടെ കിടപ്പുണ്ടെങ്കിലും, നിനക്കാരേം ഓര്‍മ്മയില്ല. പിന്നെന്തിന് പോകണം? പിടികിട്ടിയോ?).
ബ്ലഡ് ഗ്രൂപ്പ്: B+
ഇ-മെയില്‍: ruthfrancis1983@gmail.com
ID Proof എല്ലാം കിടപ്പുമുറിയിലെ അലമാരിയിലെ ലോക്കറില്‍.
സഹായത്തിന്: വീട്ടിലുള്ളത് അശ്വിനിയാണ്. ടാക്‌സി ഓടിക്കുന്ന ഭാസ്‌കരന്‍ ചേട്ടന്റെ മകള്‍. 2008(15 വയസ്)തൊട്ട് നിന്റെ സഹായത്തിന് ഈ വീട്ടിലുണ്ട്.
അടുത്ത വീട്ടിലെ കോണ്‍ടാക്ട്: കവിത ശരണ്‍. Ph: 7353xxxx78. വീട്ടമ്മയാണ്. ഹസ്ബന്റ് ഇന്റല്‍ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്.
ഇനി കൂടുതല്‍ എന്തെങ്കിലും അറിയാനായിട്ട് പേജുകള്‍ മറിക്കുക. അതില്‍ മറ്റ് ഡയറികള്‍, കുറിപ്പുകള്‍ എന്നിവയുടെ വിവരങ്ങള്‍ കാണും. അല്ലെങ്കില്‍, നിന്റെ ഫോണിലെ ഹോംസ്‌ക്രീനിലുള്ള Recordings എന്ന ഫോള്‍ഡറിലെ Voice Recordings കേള്‍ക്കുക (ഫോണ്‍, നീയിപ്പോള്‍ ഇട്ടിരിക്കുന്ന ടോപ്പിന്റെ പോക്കറ്റില്‍ കാണും. കാണുന്നില്ല എങ്കില്‍ മുകളില്‍ എഴുതിയിരിക്കുന്ന നിന്റെ നമ്പര്‍, ദാ, ഇവിടെ അടുത്തു വച്ചിരിക്കുന്ന മഞ്ഞ നോട്ട്പാഡില്‍ കുറിച്ചെടുത്ത്, ഊണു മുറിയിലെ അലമാരയിലെ തട്ടിലുള്ള ലാന്‍ഡ് ഫോണില്‍നിന്നും വിളിക്കുക).
N.B.: ഇതെല്ലാം ഇങ്ങനെ എഴുതിവയ്ക്കാന്‍ കാരണം 2006 മെയ് ഒന്നാം തീയതി നിനക്കു പറ്റിയ കാറപകടമാണ്. അന്ന് തലയ്‌ക്കേറ്റ പരിക്കുമൂലം ഭൂതകാലം മുഴുവന്‍ നീ മറന്നുപോയിരുന്നു. റോണിച്ചായന് ബാംഗ്ലൂരിലെ ഹോസ്പിറ്റലില്‍ ജോലി കിട്ടി ആദ്യമായി നിങ്ങള്‍ ഇങ്ങോട്ടു വരുന്ന സമയത്തായിരുന്നു അപകടം. അതുമൂലം നിങ്ങളുടെ നിശ്ചയിച്ച വിവാഹം നീണ്ടു പോയി. യെസ്, നിങ്ങള്‍ സ്‌നേഹത്തിലായിരുന്നു.
പ്രധാനപ്പെട്ട കാര്യം: ഇപ്പോള്‍, ഈ നിമിഷംവരെ നീയറിഞ്ഞതും വായിച്ചതും കേട്ടതുമെല്ലാം ഏതു സമയത്തും നീ മറന്നു പോകാം: അതൊരുപക്ഷേ, അടുത്ത സെക്കന്‍ഡാകാം മിനിട്ടാകാം മണിക്കൂറാകാം ദിവസമാകാം ആഴ്ചയാകാം.
ഒരു കാര്യം ഉറപ്പാണ്, ഒരാഴ്ചയില്‍ കൂടുതല്‍ ഒരു പുതിയ ഓര്‍മ്മയും നിന്റെ മനസ്സില്‍ നില്‍ക്കില്ല. ഇതും ആ അപകടത്തിന്റെ സമ്മാനമാണ്. അതെ, നിനക്ക് Short Term Memory Loss എന്ന അസുഖമാണ്.
എന്ന് സ്‌നേഹപൂര്‍വ്വം,
റൂത്ത് റൊണാള്‍ഡ്
മലയാളത്തിലെ മികച്ച പുസ്തകങ്ങളുടെ ഭാഗങ്ങള്‍, വായനാനുഭവങ്ങള്‍, പുസ്തകക്കുറിപ്പുകള്‍. ഇവിടെ ക്ലിക്ക് ചെയ്യാം