മരിച്ചവര്‍ക്കുള്ള ചെരിപ്പുമായി വിധവകള്‍ കാത്തുനിന്ന ശ്മശാനങ്ങള്‍

By Pusthakappuzha Book Shelf  |  First Published Oct 14, 2024, 6:40 PM IST

ആ യാത്രയില്‍ ഞങ്ങള്‍ക്കൊപ്പം നിരവധി യുക്രെയ്ന്‍ കുടുംബങ്ങളുമുണ്ടായിരുന്നു. കുഞ്ഞുങ്ങളെ എടുത്ത്, ലഗേജും വളര്‍ത്തുമൃഗങ്ങളുമായി അവരും നടക്കുന്നു.


പുസ്തകപ്പുഴയില്‍ ഇന്ന് വി മുസഫര്‍ അഹമ്മദ് എഴുതിയ 'കര്‍മാട് റെയില്‍പ്പാളം ഓര്‍ക്കാത്തവരേ...' എന്ന പുസ്തകത്തില്‍നിന്നുള്ള ഒരധ്യായം. നമ്മള്‍ മറക്കുന്നതും മറവി നടിക്കുന്നതും നമ്മളില്‍നിന്ന് മറയ്ക്കപ്പെടുന്നതുമായ വിഷയങ്ങള്‍ ആഴത്തില്‍ വികശലനം ചെയ്യുന്നതാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം 

Latest Videos

 

വെടിത്തുളച്ചിറകുകളില്‍ അഭയാര്‍ഥികള്‍ തളര്‍ന്നു പറക്കുന്നു

'അതിര്‍ത്തിയില്‍ സ്ത്രീകളും കുട്ടികളും അഭയാര്‍ഥികളായി അയല്‍രാജ്യങ്ങളിലേക്ക് പോകുന്നു. അവര്‍ക്കൊപ്പമുള്ള പുരുഷന്‍മാരെ കൂടെപ്പോകാന്‍ സൈന്യം അനുവദിക്കുന്നില്ല. അവര്‍ പട്ടാളത്തില്‍ ചേരുന്നു. അതിര്‍ത്തിയില്‍ കുടുംബങ്ങള്‍ പിരിയുന്ന കാഴ്ച അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണ്. ഞങ്ങള്‍ ഹോസ്റ്റല്‍ വിട്ട് നാട്ടിലേക്ക് യാത്ര തിരിക്കുമ്പോള്‍ അവിടെയുള്ള യുക്രെയ്ന്‍ ജീവനക്കാരും ജോലിക്കാരും ചോദിച്ചു, നിങ്ങള്‍ക്ക് സ്വന്തം നാടുകളില്‍ വീടുണ്ട്, ഞങ്ങളെവിടെപ്പോകും? പോളണ്ട് അതിര്‍ത്തിയിലേക്കുള്ള ഞങ്ങളുടെ യാത്ര ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. ആ യാത്രയില്‍ ഞങ്ങള്‍ക്കൊപ്പം നിരവധി യുക്രെയ്ന്‍ കുടുംബങ്ങളുമുണ്ടായിരുന്നു. കുഞ്ഞുങ്ങളെ എടുത്ത്, ലഗേജും വളര്‍ത്തുമൃഗങ്ങളുമായി അവരും നടക്കുന്നു. അതിര്‍ത്തി കടന്ന് വാഹനങ്ങളില്‍ പോകാന്‍ അനുവാദമില്ല. അതിനാല്‍ ആദ്യം അവര്‍ വാഹനങ്ങള്‍ റോഡിലുപേക്ഷിക്കും. തുടര്‍ന്നു നടക്കും. ലഗേജിന്റെ കനം കുറയ്ക്കാന്‍ ഓരോ സാധനങ്ങള്‍ എടുത്ത് വലിച്ചെറിയും. വസ്ത്രങ്ങള്‍, ലാപ്പ്‌ടോപ്പ്. ഒടുവില്‍ പെട്ടികള്‍തന്നെ ഉപേക്ഷിക്കുന്ന കാഴ്ചകള്‍ കണ്ടു. ചെക്ക് പോയിന്റില്‍ സ്ത്രീകളെയും കുട്ടികളെയും കടത്തിവിടും. പുരുഷന്‍മാരോട് സൈന്യത്തില്‍ ചേരാന്‍ പറഞ്ഞ് തിരിച്ചയയ്ക്കും.' (നാട്ടില്‍ തിരിച്ചെത്തിയ യുക്രെയ്‌നിലെ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി ഏയ്ഞ്ചല്‍/ ഏഷ്യാനെറ്റ് ന്യൂസ് അവര്‍/ മാര്‍ച്ച് 3, 2022). 

യുക്രെയ്ന്‍-പോളണ്ട് അതിര്‍ത്തിയായ സെഹ്നിയിലെ ഇപ്പോഴത്തെ മനുഷ്യജീവിതത്തിന്റെ സമഗ്ര ചിത്രമാണ് തിരുവനന്തപുരം പേയാട് സ്വദേശിയായ എയ്ഞ്ചല്‍ യേശുദാസ് (Danyalo Halasky Lviv National medical university) ഈ വാക്കുകളിലൂടെ അവതരിപ്പിച്ചത്. അതിവേഗത്തില്‍ അഭയാര്‍ഥികളായിക്കൊണ്ടിരിക്കുന്ന യുക്രെയ്ന്‍ സ്ത്രീകളും കുഞ്ഞുങ്ങളും, ജനകീയ സേന എന്നു പേരിട്ടിരിക്കുന്ന യുക്രെയ്ന്‍ സിവിലിയന്‍ സേനയില്‍ അംഗങ്ങളാകുന്ന പുരുഷന്‍മാരും. ഇതാണ് എയ്ഞ്ചല്‍ പറഞ്ഞ യുക്രെയ്ന്‍ ജീവിത നേര്‍ച്ചിത്രം. 
റഷ്യന്‍ യുദ്ധം ഉണ്ടാക്കിയെടുത്ത മാനുഷിക ദുരന്തത്തിന്റെ ചിത്രമാണ് ഈ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. അഭയാര്‍ഥികളുടെ എണ്ണം ഇപ്പോള്‍തന്നെ പത്തു ലക്ഷം കവിഞ്ഞിരിക്കുന്നു. 2013-14 കാലത്ത് യുക്രെയ്‌നിലെ മനുഷ്യര്‍ തങ്ങളുടെ സര്‍ക്കാരിനു നേരേ നടത്തിയ സമാധാനപൂര്‍ണ്ണമായ സമരം കൊടിയ അടിച്ചമര്‍ത്തലിലേക്കും പിന്നീട് യുദ്ധത്തിലേക്കും വഴിമാറി. അക്കാലത്ത് 20 ലക്ഷം പേരാണ് പോളണ്ടില്‍ അഭയാര്‍ഥികളായത്. ഇപ്പോള്‍ നടക്കുന്ന യുദ്ധം അഭയാര്‍ഥികളുടെ സംഖ്യ വലിയ തോതില്‍ വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. യുദ്ധത്തിന്റെ തെറ്റും ശരിയും രാഷ്ട്രീയവും പൗരധര്‍മവും ചര്‍ച്ച ചെയ്യുന്നവര്‍ ഒരിക്കലും കാണാതെ പോകുന്നത് അഭയാര്‍ഥികളുടെ നിലയില്ലാക്കയത്തിലുള്ള തുഴച്ചില്‍ മാത്രം ഉള്ളടക്കമായ ജീവിതമാണ്. ആ ജീവിതത്തിന്റെ നേര്‍ച്ചിത്രത്തിലേക്കാണ് ഏയ്ഞ്ചലിന്റെ വാക്കുകള്‍ വെളിച്ചം വീശിയത്. 

 

യുക്രെയ്നിലെ യുദ്ധഭൂമിയില്‍നിന്നും നാട്ടിലെത്തിയതിനു പിന്നാലെ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി ഏയ്ഞ്ചല്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ 'ന്യൂസ് അവറി'ല്‍ മനസ്സ് തുറന്നപ്പോള്‍. 2022 മാര്‍ച്ച് മൂന്നിന്റെ ന്യൂസ് അവര്‍ കാണാം 


'എനിക്ക് മുഖത്ത് ചവിട്ടേറ്റു'

താനടക്കമുള്ള മലയാളി വിദ്യാര്‍ഥി സംഘത്തിന്റെ അതിര്‍ത്തിയിലേക്കുള്ള യാത്രയെക്കുറിച്ച് ഏയ്ഞ്ചല്‍ പറഞ്ഞു: 'ഹോസ്റ്റലില്‍നിന്നിറങ്ങി ബസില്‍ ആറു കിലോമീറ്റര്‍ മാത്രമേ യാത്ര ചെയ്യാന്‍ പറ്റിയുള്ളൂ. പിന്നീട് ഇറങ്ങി നടന്നു. ലഗേജുണ്ട്, കൊടിയ തണുപ്പുണ്ട്, യുദ്ധാക്രമണത്തെക്കുറിച്ചുള്ള ഭീതിയുണ്ട്. 30 കിലോമീറ്ററിലധികം നടക്കാനുണ്ട്. ആദ്യ ദിവസം പകുതി ദൂരം പിന്നിട്ടു. അന്ന് യുക്രെയ്ന്‍ സര്‍ക്കാരിന്റെ ഷെല്‍ട്ടര്‍ ഹോമില്‍ തങ്ങി. പിറ്റേന്ന് നടത്തം തുടര്‍ന്നു. രണ്ടു ദിവസത്തേക്കുള്ള ഭക്ഷണമേ (ബിസ്‌കറ്റ്, വെള്ളം) കൈയിലുള്ളൂ. അതിര്‍ത്തിയില്‍ യുക്രെയ്ന്‍ പൗരന്‍മാരെ മാത്രമേ കടത്തിവിട്ടുള്ളൂ. കടുത്ത തണുപ്പില്‍ എട്ടു മണിക്കൂറുകളോളം റോഡിലിരുന്നു. വിദ്യാര്‍ഥികള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചു. സംഘര്‍ഷമായി. സൈന്യം ആകാശത്തേക്കു വെടിവെച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സംഘത്തിലേക്ക് വാഹനം ഇടിച്ചു കയറ്റാന്‍ ശ്രമിച്ചു. സൈന്യം ലാത്തിവീശി. ഇതിലെല്ലാം പല കുട്ടികള്‍ക്കും പരിക്കുപറ്റി. എനിക്ക് മുഖത്ത് ചവിട്ടേറ്റു. റൈഫിള്‍പാത്തികൊണ്ട് പലരെയും അടിക്കുകയും ഇടിക്കുകയും ചെയ്തു. ഇന്ത്യന്‍ എംബസിയുടെ ബസ് വരാതെ ഞങ്ങളെ അതിര്‍ത്തി കടത്തി വിടില്ലെന്ന സമീപനമാണ് അവര്‍ കൈക്കൊണ്ടത്.' ഈ വാക്കുകളിലൂടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാടണയാന്‍ അനുഭവിച്ച പീഡനങ്ങളും ഏയ്ഞ്ചല്‍ വിശദമാക്കി. ഇതിനിടെ കാര്‍ഖീവില്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയും കര്‍ണാടക സ്വദേശിയുമായ നവീന്‍ ജി. ശേഖരപ്പ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ സ്റ്റോറിലെ വരിയില്‍ നില്‍ക്കുമ്പോഴുണ്ടായ ഷെല്ലാക്രമണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടത്. 

അതിര്‍ത്തിയില്‍ താന്‍ കണ്ട അഭയാര്‍ഥികളുടെ കുത്തൊഴുക്കിനെക്കുറിച്ചുള്ള അനുഭവം മറ്റൊരു മെഡിക്കല്‍ വിദ്യാര്‍ഥി കുറ്റിപ്പുറം സ്വദേശി അമര്‍ അലി പരപ്പാരയും (മാധ്യമം, ഫെബ്രുവരി 28) പങ്കുവെച്ചു. കൈയില്‍ കിട്ടിയത് വാരിയെടുത്ത് അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന യുക്രെയ്ന്‍ ജനതയുടെ നിസ്സഹായ മുഖം വിസ്മരിക്കാന്‍ കഴിയുന്നില്ലെന്ന് അമര്‍ അലി പറഞ്ഞു. 

ഹരിയാനയിലെ ഛാര്‍ക്കി ദാദ്രി ജില്ലക്കാരിയായ നേഹ എന്ന വിദ്യാര്‍ഥിനിയിലൂടെ മറ്റൊരു ജീവിത കഥയാണ് നാം കേട്ടത്. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ കഴിഞ്ഞ വര്‍ഷം മെഡിസിന്‍ വിദ്യാര്‍ഥിയായി എത്തിയ നേഹ ഒരു യുക്രെയ്ന്‍ കുടുംബത്തിനൊപ്പം പേയിങ് ഗസ്റ്റായാണ് താമസിക്കുന്നത്. ഒരമ്മയും മൂന്നു കുഞ്ഞുങ്ങളുമുള്ള ഒരു കുടുംബത്തിനൊപ്പം. ഇവരെ വിട്ട് താന്‍ നാട്ടിലേക്കില്ലെന്ന് നേഹ പറഞ്ഞു. (മനോരമ ഫെബ്രുവരി 28). ഇന്ത്യന്‍ കരസേനയില്‍ ജോലി ചെയ്യുമ്പോള്‍ നേഹയുടെ അച്ഛന്‍ മരിച്ചതാണ്. അമ്മ എത്ര നിര്‍ബന്ധിച്ചിട്ടും മകള്‍ കീവില്‍നിന്നും മടങ്ങാന്‍ കൂട്ടാക്കുന്നില്ല. 

മറ്റൊരു മനുഷ്യ നേര്‍ക്കഥ ബുക്കാറസ്റ്റില്‍നിന്നാണ്. യു.പി സ്വദേശി ഫൈസലും വരാണസി സ്വദേശി കമല്‍ സിങ്ങുമാണ് ഈ ആഖ്യാനത്തിലുള്ളത്. ഇരുവരും ഇവാനോ ഫ്രാങ്ക് വിസ്‌ക് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ സഹപാഠികള്‍. ഫൈസലിന് ഇന്ത്യയിലേക്കു ഫെബ്രുവരി 22-ന് മടങ്ങാനുള്ള വിമാനടിക്കറ്റ് കിട്ടിയിരുന്നു. റഷ്യന്‍ അധിനിവേശവും യുദ്ധവും പടിവാതില്‍ക്കലെത്തി എന്നറിഞ്ഞാണ് ഫൈസല്‍ ടിക്കറ്റ് വാങ്ങിയത്. ശ്രമിച്ചുനോക്കിയെങ്കിലും കമല്‍സിങ്ങിന് ടിക്കറ്റ് കിട്ടിയില്ല. രണ്ടു പേരും ഒന്നിച്ചേ മടങ്ങുന്നുള്ളൂവെന്ന് ഫൈസല്‍ തീരുമാനിച്ചു. പിന്നീട് നിരവധി ക്ലേശപഥങ്ങള്‍ പിന്നിട്ട് റുമേനിയന്‍ അതിര്‍ത്തിയിലെത്തി. ഇരുവരും അവിടെനിന്നും ഇന്ത്യയിലേക്കുള്ള വിമാനം കിട്ടുന്നതും കാത്തിരിക്കുന്നു. 

റഷ്യയുടെ യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് നിരവധിയായ മാധ്യമ ആഖ്യാനങ്ങളും വിശകലനങ്ങളും പുറത്തുവരുന്നുണ്ട്. എന്നാല്‍ യുക്രെയ്‌നിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പങ്കുവെക്കുന്ന അനുഭവങ്ങളില്‍ കേന്ദ്രസ്ഥാനത്ത് മനുഷ്യനാണ്. അല്ലാതെ മാധ്യമങ്ങളിലെപ്പോലെ യുദ്ധ തന്ത്ര വിശകലനമോ ചേരികളുടെ ബലാബലമോ അല്ല. മനുഷ്യരുടെ അവസ്ഥകളാണ് അവര്‍ പങ്കുവെക്കുന്നത്. ബങ്കറുകളിലെ കൊടും തണുപ്പില്‍ ദിവസങ്ങള്‍ തള്ളിനീക്കുമ്പോഴും തങ്ങളെക്കുറിച്ചു മാത്രമല്ല, യുക്രെയ്‌നിലെ മനുഷ്യരെക്കുറിച്ചും അവര്‍ ഓര്‍ത്തു. കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ പങ്കുവെച്ചു. സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തി. 

 

Also Read: 'തൊഴിലാളികളുടെ വോട്ട് കിട്ടാന്‍ സി പി എം എന്നെ കൂടെക്കൂട്ടി, കാര്യം കഴിഞ്ഞപ്പോള്‍ ഉപേക്ഷിച്ചു'

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'കര്‍മാട് റെയില്‍പ്പാളം ഓര്‍ക്കാത്തവരേ...'എന്ന പുസ്തകം ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം 
 

 

തോക്കുകളുമായി ജീവിക്കുന്ന സിവിലിയന്‍മാര്‍

യഥാര്‍ഥ യുദ്ധം നടക്കുന്നത് രാജ്യങ്ങള്‍ തമ്മിലോ സൈനികര്‍ തമ്മിലോ അല്ല. യുദ്ധമേഘങ്ങള്‍ക്കിടയില്‍ ജീവിക്കേണ്ടി വരുന്ന നിരപരാധികളും നിസ്സഹായരുമായ മനുഷ്യരുടെ മനസ്സിലാണെന്ന് ഒന്നാം ഗള്‍ഫ് യുദ്ധത്തിന്റെ പശ്ചാത്തലം രേഖപ്പെടുത്തിയ എം.എ. റഹ്മാന്റെ പുസ്തകം 'പ്രവാസിയുടെ യുദ്ധങ്ങള്‍' പറയുന്നുണ്ട്. ഇപ്പോള്‍ വിദ്യാര്‍ഥികള്‍ പങ്കുവെക്കുന്നത് റഹ്മാന്‍ പറഞ്ഞതിന്റെ തുടര്‍ച്ചയാണ്. നിരപരാധികളും നിസ്സഹായരുമായ മനുഷ്യര്‍ അനുഭവിക്കുന്ന യുദ്ധക്കെടുതികള്‍ എപ്പോഴും വിസ്മരിക്കപ്പെടുന്നു. ചരിത്രം യുദ്ധവിജയികളുടെയും പരാജിതരുടേതുമാകുന്നു. സാധാരണ മനുഷ്യര്‍ എന്ന ഗണം പാടെ വിസ്മരിക്കപ്പെടുന്നു.

യുക്രെയ്‌നില്‍ സിവിലിയന്‍മാര്‍ തോക്കുകളുമായാണ് ജീവിക്കുന്നത്. കുട്ടികളെപ്പോലും തോക്കുകള്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഒരു കുട്ടിയുടെ ചിത്രം ഒരുപക്ഷേ, റഷ്യന്‍ അധിനിവേശ യുദ്ധത്തിന്റെ അടയാളച്ചിത്രമായി മാറിയേക്കാം. ലോകത്തിലെ വിവിധ മാധ്യമങ്ങള്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചു. ചിത്രത്തിന്റെ അടിക്കുറിപ്പ് ഇങ്ങനെ: 'അധിനിവേശം നടത്തുന്ന റഷ്യന്‍ സൈനികര്‍ക്കെതിരെ പോരാടാനുള്ള പെട്രോള്‍ ബോംബുകള്‍ നിര്‍മിക്കാന്‍ ഒഴിഞ്ഞ കുപ്പികള്‍ തയ്യാറാക്കുന്ന യുക്രെയ്ന്‍ ബാലിക. പടിഞ്ഞാറന്‍ യുക്രെയ്ന്‍ നഗരമായ ലിവിവിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന ഈ പെണ്‍കുട്ടിയെപോലെ പ്രതിരോധത്തിന് തയ്യാറെടുക്കുകയാണ് വിവിധ നഗരങ്ങളിലെ ജനങ്ങള്‍. (മാധ്യമം, ഫെബ്രുവരി 28, 2022). ഇത്തരത്തില്‍ കുട്ടികളെ യുദ്ധമുഖത്തേക്കെത്തിച്ച സന്ദര്‍ഭത്തിനുകൂടിയാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. യുദ്ധത്തിന്റെയും ആയുധത്തിന്റെയും അനുഭവങ്ങളിലേക്ക് കുട്ടികളെ പറഞ്ഞയച്ച് 21-ാം നൂറ്റാണ്ടിലും മനുഷ്യര്‍ 'ചൈല്‍ഡ് സോള്‍ജ്യയേഴ്‌സി'നെ ഉണ്ടാക്കുന്നു. സൗദി അറേബ്യയിലെ ജിദ്ദയില്‍ ജോലി ചെയ്തു ജീവിക്കുന്ന യുക്രെയ്ന്‍കാരി കാതറൈന്‍ തച്ചന്‍കോ ഈ അവസ്ഥയോട് ഇങ്ങനെ പ്രതികരിച്ചു: 'എല്ലായ്‌പ്പോഴും മിസൈലുകളും സൈറണുകളും സ്‌ഫോടനങ്ങളും. ഇതാണ് ഇപ്പോള്‍ നാട്ടില്‍നിന്നും കിട്ടുന്ന വാര്‍ത്ത. ഇപ്പോള്‍ എന്റെ ദിവസം ആരംഭിക്കുന്നത് പ്രിയപ്പെട്ടവര്‍ ജീവിച്ചിരിപ്പുണ്ട് എന്നുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടാണ്. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഭീകരാവസ്ഥയാണ്. ഇത് ജീവിതത്തോടും മൂല്യങ്ങളോടുമുള്ള ഒരാളുടെ സമീപനത്തെ അടിമേല്‍ മറിച്ചിടും (അറബ് ന്യൂസ്, ഫെബ്രുവരി 28). ഈ യുദ്ധത്തില്‍ സായുധരാക്കപ്പെടുകയോ അഭയാര്‍ഥികളാക്കപ്പെടുകയോ കൂട്ടക്കൊലകള്‍ക്ക് സാക്ഷികളാവുകയോ ചെയ്യേണ്ടിവരുന്ന കുട്ടികളുടെ ജീവിതത്തോടും മൂല്യങ്ങളോടുമുള്ള സമീപനം എന്തായിരിക്കും? പെട്രോള്‍ ബോംബുണ്ടാക്കാന്‍ കുപ്പികള്‍ തയ്യാറാക്കുന്ന ബാലികയുടെ ചിത്രവും ഇരുപത്തിമൂന്നുകാരിയായ തച്ചെന്‍കോയുടെ വാക്കുകളുടെ നീറ്റലും താരതമ്യം ചെയ്ത് ആലോചിച്ചുനോക്കൂ. ലോകം യുദ്ധങ്ങളിലൂടെയും ഹിംസകളിലൂടെയും പട്ടിണികളിലൂടെയും നൃശംസതകളിലൂടെയും സൃഷ്ടിച്ചെടുത്ത 'നഷ്ടപ്പെട്ട തലമുറകളി'ലേക്ക് ഒരു തലമുറയെക്കൂടി കൂട്ടിച്ചേര്‍ക്കുകയല്ലേ റഷ്യന്‍ അധിനിവേശം ചെയ്യുന്നത്? ഞങ്ങളുടെ ജീവിതമൂല്യങ്ങള്‍ ഇനി പഴയതായിരിക്കില്ലെന്ന തച്ചെന്‍കോയുടെ വാക്കുകളിലെ സൂചന ഒരു ജനതയുടെതന്നെ ശബ്ദമായി മുഴങ്ങുകയാണ്, യുദ്ധം മൂല്യങ്ങളെ അടിമുടി മറിച്ചിടുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പായി മാറുകയാണ്. 

 

................................

Also Read: ഗലീലിയില്‍ കുരുവികള്‍ മരിച്ചുവീഴുന്നു, ഫലസ്തീന്‍ കവി മഹ്മൂദ് ദര്‍വീശിന്റെ എട്ട് കവിതകള്‍

................................

 

ദസ്തയേവ്‌സ്‌കി പുറത്ത്! 

അധിനിവേശവും യുദ്ധവും പല നിലയിലുള്ള അസംബന്ധങ്ങളുണ്ടാക്കുന്നു. അതിലൊന്ന് റഷ്യന്‍ ബഹിഷ്‌കരണത്തിന്റെ ഭാഗമായി ദസ്തയേവ്‌സ്‌കിയെ പഠിപ്പിക്കേണ്ട എന്ന ഇറ്റലിയിലെ മിലാന്‍ യൂണിവേഴ്‌സിറ്റിയുടെ തീരുമാനമാണ്. പല രാജ്യങ്ങളും പല നിലയിലുള്ള ബഹിഷ്‌കരണങ്ങളും ഉപരോധങ്ങളും റഷ്യയ്ക്കുമേല്‍ കൊണ്ടുവരുന്നു. സാംസ്‌കാരികമായ ഉപരോധം എന്ന നിലയിലാണ് ദസ്തയേവ്‌സ്‌കിയുടെ ഒരു കൃതിയും മിലന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കേണ്ട എന്ന തീരുമാനത്തിനു പിന്നില്‍. എന്തു വിചിത്രമായ നിലപാട്! ഇവിടെ പഠിപ്പിക്കാന്‍ തീരുമാനിച്ച ദസ്തയേവ്‌സ്‌കി കോഴ്‌സ് പിന്‍വലിച്ചു. പുടിനും ദസ്തയേവ്‌സ്‌കിയും ഒന്നുതന്നെ എന്ന് അസംബന്ധത്തിലേക്ക് ലോകം (ചുരുങ്ങിയത് യൂറോപ്പെങ്കിലും) നയിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഇതില്‍നിന്നും മനസ്സിലാക്കാനാവുക. അധിനിവേശവും യുദ്ധവും ഒന്നിനു പുറകെ ഒന്നായി അസംബന്ധങ്ങള്‍ മാത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അതിനിടെ സിവിലിയന്‍മാര്‍ക്കും വിദേശികള്‍ക്കും പോറലൊന്നുമേല്‍ക്കാതെ രാജ്യം വിടാന്‍ 'സുരക്ഷിത കോറിഡോര്‍' സാധ്യമാക്കാമെന്ന് റഷ്യ പറയുന്നു. എന്തിനീ അധിനിവേശിത യുദ്ധമെന്ന് പറയാന്‍ റഷ്യ തയ്യാറാകുന്നില്ല. ഇറാഖിനെ ഇവ്വിധം കുട്ടിച്ചോറാക്കിയത് എന്തിനെന്ന ചോദ്യത്തിന് അമേരിക്കയ്ക്ക് മറുപടിയില്ലാത്തതു പോലെതന്നെയാണിത്. യുദ്ധവും സുരക്ഷിത കോറിഡോറും ഒരേപോലെ വാഗ്ദാനം ചെയ്യാന്‍ കഴിയുക- യുദ്ധത്തിന് എന്ത് അസംബദ്ധവും സാധ്യമാണെന്നതിന് മറ്റൊരു ഉദാഹരണമാണിത്. 

എല്ലാ യുദ്ധങ്ങളിലും എന്തു സംഭവിക്കുന്നു? ഒരു സെര്‍ബിയന്‍ ചിന്ത എന്ന ശീര്‍ഷകത്തിലുള്ള ഈ മലയാള വിവര്‍ത്തനത്തില്‍ എസ്. ഗോപാലകൃഷ്ണന്‍ അതിനുള്ള ഉത്തരം നല്‍കുന്നു:
യുദ്ധത്തില്‍ രാഷ്ട്രീയക്കാര്‍
വെടിമരുന്ന് നല്‍കുന്നു.
പണക്കാര്‍ യുദ്ധരംഗത്തേക്ക്
ആഹാരമെത്തിക്കുന്നു. 
പാവങ്ങള്‍ അവരുടെ
കുഞ്ഞുങ്ങളെ യുദ്ധത്തിന് നല്‍കുന്നു.
യുദ്ധം തീരുമ്പോള്‍ ബാക്കി വന്ന
വെടിമരുന്ന് കൊണ്ടുപോകും. 
പണക്കാര്‍ കൂടുതല്‍ ആഹാരം
ഉത്പാദിപ്പിക്കും. 
പാവപ്പെട്ടവര്‍
അവരുടെ കുഞ്ഞുങ്ങളുടെ
കുഴിമാടങ്ങള്‍ അന്വേഷിക്കും. 

...............................

Also Read: അജയ് പി മങ്ങാട്ട് എഴുതുന്നു, സ്ഥിരമായി യാത്ര പോകാറുള്ള പുസ്തകങ്ങള്‍, എഴുത്തുകാര്‍

...............................

 

കുഞ്ഞുങ്ങളുടെ കുഴിമാടങ്ങള്‍

യുദ്ധങ്ങളുടെ സെര്‍ബിയന്‍ അനുഭവത്തില്‍നിന്നാണ് എല്ലാ യുദ്ധങ്ങളെക്കുറിച്ചുമുള്ള ഈ വരികളുടെ പിറവി. ഒടുവില്‍ അന്വേഷിക്കാനുള്ളത് കുഞ്ഞുങ്ങളുടെ കുഴിമാടങ്ങളെക്കുറിച്ചു മാത്രമാണ്. 
യുദ്ധങ്ങള്‍ക്കിടയിലെ കുഞ്ഞുങ്ങളെക്കുറിച്ച് ഫലസ്തീന്‍ കവയിത്രി ലിസ സുഹൈര്‍ മജാജ് 'പ്രതിവാദം' എന്ന കവിതയില്‍ എഴുതുന്നു:

കുഞ്ഞിന്റെ 
തലയോട്ടിക്ക്
ബലം നല്‍കുന്നത് 
കാലമാണ്. 
ഒരു ചെറുപാത്രം
ഒറ്റയടിക്ക് തകര്‍ക്കാം.
ആ ഒറ്റ നിമിഷത്തില്‍
വര്‍ഷങ്ങളൊന്നാകെ
അപ്രത്യക്ഷമാകും. 
സ്‌ഫോടനങ്ങള്‍ക്കിടയില്‍
ശബ്ദവും കരച്ചിലും
കേള്‍ക്കില്ല. 
നിങ്ങളുടെ
ആകാശത്തിന്
തീ പിടിച്ചിരിക്കുന്നു. 
നിങ്ങളുടെ പേര്
വെട്ടിക്കളഞ്ഞിരിക്കുന്നു. 
നിങ്ങളുടെ കുട്ടികള്‍
വലിയ വില കൊടുത്ത്
ജീവിക്കുന്നു.
നിങ്ങള്‍ കാണാത്ത
മുഖങ്ങളും 
കണ്ണുകളും പരിഗണിക്കുക.
പൂര്‍ണനാശം.
ഈ വാക്കുകളില്‍ 
ഭൂമിയുടെ വിടവ്
പിളരുന്നു. 
ഇറാഖിലെ യുദ്ധാനുഭവത്തെ നെദാല്‍ അബ്ബാസ് 'സുറ മിന്റാ' എന്ന കവിതയില്‍ ഇങ്ങനെ ആവിഷ്‌കരിച്ചിട്ടുണ്ട്:
വെള്ളിയാഴ്ച രാവിലെ
സുറാ മിന്റായില്‍
വെടിയേറ്റ ചെറുപ്പക്കാരന്റെ
ശരീരം ചിതറിക്കിടന്നു. 
അതിനരികിലൂടെ
കറുത്ത അബായ 
അണിഞ്ഞ യുവതി
കുട്ടിയെ ഒക്കത്തുവെച്ച്
ഒന്നുമറിഞ്ഞില്ലെന്ന്
കളം വരച്ച് 
നടന്നു പോയി.
ആകാശത്തേക്ക്
മലര്‍ത്തിവെച്ച
കൈയുമായി കിടക്കുന്ന
ശരീരാവശിഷ്ടത്തിലേക്ക് 
കുട്ടി നോക്കി, 
അതിനെ തൊടാന്‍ വെമ്പി. 
പിതാവിന്റെ വിരലുകള്‍
പോലെ തോന്നിച്ച
അവിടെ തൊടാന്‍
കുട്ടിയൊന്ന് പിടഞ്ഞു. 


ഇതാണ് യുദ്ധം എല്ലായ്‌പ്പോഴും അവശേഷിപ്പിക്കുന്നത്. എന്തിനായിരുന്നു യുദ്ധമെന്ന ചോദ്യം ഓരോ കാലത്തും ഉത്തരങ്ങളിലൊന്നുമില്ലാത്ത ഇരുട്ടില്‍ ചെന്നു വീണു.

...............................

Also Read: : ബെന്യാമിന്‍ എഴുതുന്നു, മുന്നിലിപ്പോള്‍ മാര്‍കേസിന്റെ സ്വന്തം നഗരം!

...............................

കഥകള്‍ക്കുമേല്‍ പടുക്കപ്പെട്ട രാഷ്ട്രങ്ങള്‍ 

വിഖ്യാത ചരിത്രകാരന്‍ യുവാല്‍ നോവ ഹരാരി ('സാപിയന്‍സി'ന്റെ കര്‍ത്താവ്) ഗാര്‍ഡിയനില്‍ റഷ്യയുടെ യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചെഴുതിയ (പുടിന്‍ ഇപ്പോഴേ തോറ്റിരിക്കുന്നു) ലേഖനത്തില്‍ അദ്ദേഹം ഒരിടത്ത് പുടിനെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: 'ജര്‍മന്‍ അതിക്രമങ്ങളെക്കുറിച്ചും ലെനിന്‍ ഗ്രാഡിലെ റഷ്യന്‍ ധീരതയെക്കുറിച്ചുമുള്ള നൂറുനൂറ് കഥകളാല്‍ ഊട്ടിവളര്‍ത്തപ്പെട്ടതാവും അയാളുടെ കുട്ടിക്കാലവും. ഇപ്പോഴിതാ അയാള്‍ സമാനമായ കഥകള്‍ക്ക് കാരണക്കാരനായിരിക്കുന്നു. പക്ഷേ, പഴയ കഥകളിലെ ഹിറ്റ്‌ലറുടെ വേഷമാണ് അയാള്‍ക്കിപ്പോള്‍.'

ആ ലേഖനത്തിലെ മറ്റൊരു പ്രധാന നിരീക്ഷണം ഇതാണ്: 'രാഷ്ട്രങ്ങള്‍ ആത്യന്തികമായി പടുക്കപ്പെട്ടത് കഥകള്‍ക്കുമേലാണ്. കഴിഞ്ഞുപോകുന്ന ഓരോ ദിവസവും യുക്രെയ്ന്‍കാര്‍ക്ക് പുതുപുതു കഥകളുണ്ടാവുന്നു. അവയൊന്നും ഈ ഇരുള്‍ക്കാലത്തേക്ക് മാത്രമുള്ളവയല്ല. മറിച്ച്, വരുന്ന പതിറ്റാണ്ടുകളിലും വരാനിരിക്കുന്ന തലമുറകളിലും പറയപ്പെടാനുള്ളവയാണ്. അമേരിക്കയോട് ഓടിയൊളിക്കാനുള്ള വാഹനമല്ല, ആഞ്ഞടിക്കാനുള്ള ആയുധമാണ് വേണ്ടതെന്നു പറഞ്ഞ് തലസ്ഥാനത്തുനിന്ന് ഒളിച്ചോടാന്‍ കൂട്ടാക്കാത്ത പ്രസിഡന്റ്, കീഴടങ്ങാന്‍ പറഞ്ഞ റഷ്യന്‍ കപ്പല്‍പ്പടയോടു പോയി തുലയാന്‍ പറഞ്ഞ സര്‍പ്പദ്വീപിലെ പട്ടാളക്കാര്‍, വഴിയില്‍ ചടഞ്ഞിരുന്ന് റഷ്യന്‍ ടാങ്കുകളെ തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍... അതെല്ലാംകൊണ്ടാണ് രാഷ്ട്രം നിര്‍മ്മിക്കപ്പെടുക. കാലം കഴിഞ്ഞുപോകുമ്പോള്‍ ഈ കഥകള്‍ ടാങ്കുകളെക്കാള്‍ കരുത്തുറ്റവയായിത്തീരും. ദൗര്‍ഭാഗ്യവശാല്‍, ഈ യുദ്ധം പലരൂപം പ്രാപിച്ച് ഒരുപാട് വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കാനിടയുണ്ട്. ഇക്കഴിഞ്ഞ കുറഞ്ഞ ദിവസങ്ങള്‍ മുഴുലോകത്തിനും ഒരു കാര്യം വ്യക്തമായി മനസ്സിലായിരിക്കും-യുക്രെയ്ന്‍ ഒരു യഥാര്‍ഥ രാഷ്ട്രമാണ്, അവിടുത്തേത് യഥാര്‍ഥ ജനതയാണ്, അവര്‍ക്ക് റഷ്യന്‍ സാമ്രാജ്യത്തിന് കീഴില്‍ കഴിയുകയേ വേണ്ട. അവശേഷിക്കുന്ന സുപ്രധാനമായ ഒരു ചോദ്യം മാത്രമാണ്- നെടുങ്കന്‍ ഭിത്തികളിലൂടെ തുളച്ചു കയറി ഈ വിവരം ക്രെംലിനിലെത്താന്‍ എത്ര കാലമെടുക്കും എന്ന ചോദ്യം മാത്രം.' (ലേഖനത്തിന്റെ മലയാള വിവര്‍ത്തനം മാധ്യമം എഡിറ്റ് പേജ്, മാര്‍ച്ച് 2, 2022). ഹരാരി പറയുന്ന ഈ കാലമാണ് യുദ്ധത്തെ ഏറ്റവും ഭീകരമാക്കുക. അദ്ദേഹം തന്റെ ലേഖനത്തില്‍ പല രൂപങ്ങളില്‍ ഏറെനാള്‍ നീളാന്‍ ഇടയുള്ള യുദ്ധമായാണ് ഇന്നത്തെ അവസ്ഥയെ കാണുന്നത്. യുദ്ധകാലത്ത് ഒറ്റയ്ക്കുനില്‍ക്കുന്ന ഒരു രാജ്യത്തിന്റെ അവസ്ഥ എന്തായിത്തീരുമെന്നുകൂടി ആലോചിക്കാന്‍ ഹരാരിയുടെ ലേഖനം പ്രേരിപ്പിക്കുന്നു. അതിനെക്കുറിച്ച് അദ്ദേഹം വിശദമാക്കുന്നില്ലെങ്കിലും. 

ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രെയ്ന്‍ മനുഷ്യകവചമാക്കുന്നുവെന്ന വിവാദവും യുദ്ധമുഖത്ത് നടക്കുന്നു. ഇന്ത്യയിലെ റഷ്യന്‍ അംബാസഡറാണ് ഈ ആരോപണം ഉന്നയിച്ചത്. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായി അതിര്‍ത്തി കടക്കാന്‍ കഴിയാത്ത നിലയുള്ള പ്രദേശങ്ങളിലാണ് വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നതെന്നും ഇവരുടെ സുരക്ഷിതമായ യാത്ര സാധ്യമാക്കേണ്ടത് റഷ്യയാണെന്നും യുക്രെയ്ന്‍ തിരിച്ചടിച്ചു. റഷ്യയുടെ ആരോപണം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളി. മനുഷ്യകവചമോ യുദ്ധ ബന്ദികളോ യുക്രെയ്‌നിലെ ഇന്ത്യക്കാര്‍ എന്ന നിലയിലേക്കാണ് ഈ വിവാദം ഇതെഴുതുമ്പോള്‍ വളര്‍ന്നിരിക്കുന്നത്. യുദ്ധത്തിനെതിരെ റഷ്യക്കാര്‍ സ്വന്തം നാട്ടിലും 'ഐ ആം സോറി, ഐ ആം റഷ്യന്‍' എന്ന പ്ലക്കാര്‍ഡുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന റഷ്യക്കാര്‍ നടത്തിയ യുദ്ധവിരുദ്ധ പ്രവര്‍ത്തനവും സമ്പൂര്‍ണ്ണമായി നിര്‍ത്തലാക്കാന്‍ റഷ്യ ആവശ്യപ്പെട്ടു കഴിഞ്ഞു. വിദേശത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റഷ്യക്കാര്‍ക്ക് മാതൃരാജ്യത്തേക്ക് മടങ്ങാന്‍ കഴിയില്ലെന്ന ഭീഷണി പോലും ഉയര്‍ന്നുകഴിഞ്ഞു. 

ഒഡേസ സ്വദേശിനിയായ യുക്രെയ്ന്‍ കവയിത്രി Lyudmyla Khersonska-യുടെ (വേഡ്‌സ് ഫോര്‍ വാര്‍: ന്യൂ പോയംസ് ഫ്രം യുക്രെയ്ന്‍ എന്ന സമാഹാരത്തിലാണ് ഇ കവിതയുള്ളത്) ശീര്‍ഷകമില്ലാത്ത കവിത ഇങ്ങനെയാണ്: 
മനുഷ്യന്റെ കഴുത്തില്‍
തുളഞ്ഞു കയറിയ
വെടിയുണ്ട 
തുന്നിക്കെട്ടിയ
മനുഷ്യന്റെ 
കണ്ണുപോലെയാണ്. 
സ്വന്തം വിധിയിലേക്ക്
പിന്തിരിഞ്ഞു നോക്കുന്നതു
പോലെയാണ് ആ കണ്ണ്. 
ആരാണ് അയാളെ വെടിവെച്ചത്?
ആരാണതിന് ഉത്തരവിട്ടത്?
ആരായിരുന്നു രംഗത്ത്?
ശവദാഹം ആരു നടത്തും?
എത്രയാണ് അതിനുള്ള കൂലി?
മനുഷ്യത്വത്തിന്റെ കാര്യം വന്നാല്‍
യുദ്ധം എല്ലാത്തിന്റെയും തുടക്കവും
ഒടുക്കവുമാണ്. 

...........................

Read More: കേരള നവോത്ഥാന ചരിത്രത്തില്‍നിന്ന് ഹലീമബീവി മാഞ്ഞുപോയത് എങ്ങനെയാണ്?

...........................

 

വീട്ടുമുറ്റത്തെ യുദ്ധം

തുടക്കവും ഒടുക്കവുമായ യുദ്ധത്തെയാണ് ഈ കവിത പ്രതിനിധീകരിക്കുന്നത്. പുതിയ യുക്രെയ്ന്‍ കവിതകളുടെ സമാഹാരം യുദ്ധത്തോടാണ് സംസാരിക്കുന്നത്. 2017-ല്‍ ഇറങ്ങിയ പുസ്തകം തീര്‍ച്ചയായും ഇപ്പോഴത്തെ യുദ്ധത്തോടല്ല പ്രതികരിക്കുന്നത്. 2014-ലെ യുദ്ധത്തോടാണ്. 300 പേജുകളുള്ള ഈ പുസ്തകം ഇപ്പോള്‍ വായിക്കുമ്പോള്‍ നിലവില്‍ നടക്കുന്ന യുദ്ധത്തോടാണ് കവികള്‍ പ്രതികരിച്ചെഴുതിയത് എന്നുതന്നെ തോന്നും. ഇന്നത്തെ യുദ്ധാവസ്ഥയോട് അത്രയേറെ സാമ്യത ഈ കവിതകളില്‍ കാണാന്‍ കഴിയും. അതിനുള്ള കാരണം ലളിതമാണ്, യുദ്ധം എല്ലാ കാലത്തും മനുഷ്യന് ദുഃഖവും കെടുതിയും മാത്രമാണ് നല്‍കിയത് എന്നതുതന്നെ. പുസ്തകത്തിന്റെ ആമുഖത്തില്‍ ഇങ്ങനെ ഒരു വരിയുണ്ട്: 'ഈ കവികള്‍ക്ക് യുദ്ധം ദൂരെയെവിടെയോ നടക്കുന്ന ഒരു കാര്യമായിരുന്നില്ല. അവരുടെ വീട്ടുമുറ്റത്തുതന്നെയാണ് യുദ്ധം അരങ്ങേറിയത്.' വീണ്ടും ആ ദേശത്തുള്ള മനുഷ്യര്‍ തങ്ങളുടെ വീട്ടുമുറ്റത്ത് നടക്കുന്ന യുദ്ധത്തിലെ ഇരകളായിരിക്കുന്നു. ലോകം നോക്കി നില്‍ക്കുന്നു. ഈ സമാഹാരത്തിലെ കവിതകളില്‍ ഭൂരിഭാഗവും സ്ത്രീകളുടേതാണ്. ഈ വരികള്‍ നമ്മെ വെന്തടിഞ്ഞ മനുഷ്യാവസ്ഥകളിലേക്കാണ് കൊണ്ടുപോകുന്നത്. കൊടിയ വേദനയുള്ള മുറിവുകളാല്‍ നിര്‍മിച്ച പിരമിഡുകളാണ് യുദ്ധം അവശേഷിപ്പിക്കുന്നത്. യുദ്ധം മനുഷ്യദുരന്തത്തിന്റെ അക്ഷരമാലയാണെന്ന് ഈ സമാഹാരം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. 

തമിഴ് എഴുത്തുകാരിയും സിനിമാസംവിധായികയുമായ ലീന മണിമേഖലൈ യുദ്ധത്തിന്റെ അന്തരീക്ഷത്തില്‍ ഒരു പോസ്റ്റിട്ടിരുന്നു. 1990-ല്‍ (യു.എസ്.എസ്.ആര്‍. ഇല്ലാതാകുന്നതിന് ഒരു വര്‍ഷം മുമ്പ്) 'ലോകസമാധാനം' എന്ന വിഷയത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടന്ന ചിത്രരചനാ മല്‍സരത്തില്‍ സമ്മാനം നേടി കരിങ്കടല്‍ തീരത്തെ റഷ്യയിലെ ആര്‍ത്തേക്ക് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ക്യാമ്പില്‍ യങ് പയനിയറായി ലീന മണിമേഖലൈ ഒരു മാസം താമസിച്ചു. കരിങ്കടല്‍ എന്നാല്‍ യുക്രെയ്ന്‍ എന്നു പറഞ്ഞുകൊടുത്ത സാഷയുമായുണ്ടായ സൗഹൃദത്തെ ലീന പോസ്റ്റില്‍ ഓര്‍ത്തു. കുറേക്കാലം കത്തു ബന്ധമുണ്ടായിരുന്നെങ്കിലും പിന്നീടത് മുറിഞ്ഞുപോയെന്ന് ലീന എഴുതി. ആ പോസ്റ്റ് ഇങ്ങനെ അവസാനിക്കുന്നു: 'അവനിപ്പോള്‍ എവിടെയായിരിക്കും? അവന്‍ യുദ്ധമുന്നണിയിലായിരിക്കാം എന്നോര്‍ക്കുന്നതുതന്നെ എന്നെ ഭയപ്പെടുത്തുന്നു. ഞാനവന് സുരക്ഷയും സ്‌നേഹവും സന്തോഷവും ആശംസിക്കുന്നു.' കുട്ടിക്കാലത്തുണ്ടായ ഒരു സൗഹൃദത്തെ ഇന്നും ഒരാള്‍ ഓര്‍ക്കുന്നു. തീര്‍ത്തും മാറിയ, യുദ്ധസാഹചര്യത്തില്‍. മനുഷ്യന്റെ സൗഹൃദത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എല്ലായ്‌പ്പോഴും നന്മ പുലരണമെന്ന് ആഗ്രഹിക്കുന്നു, ലോകത്തിന്റെ നീതി മിക്കപ്പോഴും തിരിച്ചാണെങ്കിലും. 

...........................................................

Read more: യുവാല്‍ നോഹാ ഹരാരി:പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക?

...........................................................

 

മരിച്ചവര്‍ക്കുള്ള ചെരിപ്പുമായി വിധവകള്‍ കാത്തുനിന്ന ശ്മശാനങ്ങളില്‍...
 വിഖ്യാത റഷ്യന്‍ സിനിമ ഐസന്‍സ്റ്റീന്റെ 'ബാറ്റില്‍ഷിപ്പ് പൊതംകിനി'ലെ ഒഡേസ പടവുകളുടെ സ്വീക്വന്‍സുകള്‍, തോക്കുമായി പിന്നാലെ അടിവെച്ചു വരുന്ന പട്ടാളക്കാരെ കണ്ട് ജീവനുംകൊണ്ട് ജനക്കൂട്ടം ഓടുന്ന ആ രംഗം യുദ്ധത്തിന്റെ ആദ്യനാളുകളില്‍തന്നെ ഓര്‍മ്മകളിലേക്കു വന്നു. രോഗിയായ കൊച്ചുകുട്ടിയായ മകന്‍ വെടിയേറ്റു മരിക്കുകയും എന്റെ കുട്ടി എന്ത് തെറ്റു ചെയ്തു എന്ന ചോദ്യത്തോടെ മൃതദേഹവുമായി അമ്മ പട്ടാളക്കാരെ അഭിമുഖീകരിക്കുകയും അമ്മയും വെടിയേറ്റു മരിക്കുന്നതുമാണ് ആ രംഗത്തെ അവിസ്മരണീയമാക്കുന്നത്. ഒഡേസയും ആ പടവുകളും യഥാര്‍ഥത്തിലുള്ളതാണ്, തെക്കു പടിഞ്ഞാറന്‍ യുക്രെയ്‌നില്‍. എന്റെ കുഞ്ഞ് എന്തു തെറ്റു ചെയ്‌തെന്ന ചോദ്യംതന്നെ, റഷ്യയുടെ ഭാഗമാവുകയും പിന്നീട് വിട്ടുപോവുകയും ചെയ്ത യുക്രെയ്ന്‍ ഇപ്പോള്‍ റഷ്യയോട് ആവര്‍ത്തിക്കുന്നു. അതിനുള്ള ഉത്തരം ഇപ്പോഴും റഷ്യയുടെ കൈവശമില്ല. 

ലോകം കണ്ട വലിയ ആണവദുരന്തത്തിനു സാക്ഷിയായ ചെര്‍ണോബിലും യുക്രെയ്‌നില്‍തന്നെ. ആണവദുരന്തത്തില്‍ ശരീരം മുഴുവന്‍ പൊള്ളി അടര്‍ന്ന മനുഷ്യരുടെ ശബ്ദം അന്ന് പുറത്തുകേള്‍പ്പിക്കാതിരിക്കാന്‍ യു.എസ്.എസ്.ആറിനു കഴിഞ്ഞു. എന്നാല്‍ പിന്നീട് സ്വറ്റ്‌ലാന അലക്‌സിവിച്ച് 'Chernobyle Pyre' എന്ന പുസ്തകത്തിലൂടെ അന്ന് ഇരകളായവരുടെ രക്തബന്ധുക്കളിലൂടെ അവരുടെയെല്ലാം ശബ്ദം ലോകത്തെ കേള്‍പ്പിച്ചു. ആ എഴുത്തിന് അവര്‍ക്ക് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനവും ലഭിച്ചു. ആ പുസ്തകത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത, മനസ്സിനെ കൊളുത്തി വലിക്കുന്ന ഒരു രംഗമുണ്ട്. ചെര്‍ണോബില്‍ ദുരന്തത്തില്‍ പൊള്ളിയടര്‍ന്ന് മരിച്ച ആണവനിലയത്തിലെ ഒരു ജീവനക്കാരന്റെ സംസ്‌കാരവേളയില്‍ ഒരു സ്ത്രീ രണ്ടു ചെരുപ്പുകളുമായി അവിടേക്ക് വരുന്നു. മൃതദേഹത്തിനൊപ്പം ചെരിപ്പുകള്‍കൂടി വെക്കണം എന്നാവശ്യപ്പെടുന്നു. എന്തിന് എന്നു ചോദിക്കുമ്പോള്‍ തന്റെ ഭര്‍ത്താവിന്റെ കാലുകള്‍ ആണവദുരന്തത്തില്‍ പൊള്ളിയടര്‍ന്നിരുന്നുവെന്നും (അയാളും ആണവനിലയത്തിലെ ജീവനക്കാരനായിരുന്നു. സംസ്‌കരിക്കപ്പെടുന്നയാളുടെ സഹപ്രവര്‍ത്തകനുമായിരുന്നു) അതിനാല്‍ ചെരിപ്പിടാന്‍ പറ്റിയിരുന്നില്ലെന്നും ഇപ്പോള്‍ മുറിവ് ഉണങ്ങിയിരിക്കുമെന്നും അതിനാല്‍ ഈ സംസ്‌കരിക്കപ്പെടുന്നയാള്‍ സ്വര്‍ഗത്തിലെത്തുമ്പോള്‍ അവിടെ വെച്ച് കണ്ടുമുട്ടുമെന്നും അപ്പോള്‍ ചെരിപ്പ് കൈമാറട്ടെയെന്നുമാണ് ആ സ്ത്രീ പറഞ്ഞത്. എല്ലാവരും അതു സമ്മതിച്ചു. ചെരിപ്പുംകൂടി മൃതദേഹത്തിനൊപ്പം വെച്ച് സംസ്‌കാരം നടത്തി.

ആ ചെര്‍ണോബിലാണ് യുദ്ധത്തില്‍ ആദ്യമായി കീഴടക്കിയെന്ന് റഷ്യ പറഞ്ഞത്. മരിച്ചവര്‍ക്കുള്ള ചെരിപ്പുമായി വിധവകള്‍ ശ്മശാനങ്ങളില്‍ കാത്തുനിന്നിരുന്ന അതേ ചെര്‍ണോബില്‍ വീണ്ടും റഷ്യ കീഴടക്കിയിരിക്കുന്നു, എന്തിന്?

...........................

Read More: സമുദ്രത്തിന്റെ ഇരുട്ടിലേക്ക് വെളിച്ചം പായിക്കുന്ന ഏകാന്തഗാംഭീര്യമുള്ള ഒരു വിളക്കുമാടം

...........................

 

നിങ്ങള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുന്നു, ഞങ്ങളോ?

1991-ലെ ഗള്‍ഫ് യുദ്ധം (ഇറാഖ് കുവൈത്തിനെ ആക്രമിച്ചത്) അന്ന് നാമമാത്രമായ സാറ്റലൈറ്റ് ടി.വികള്‍ ലോകത്തിനു മുന്നിലെത്തിച്ചു. മലയാളികളില്‍ ഒരു ന്യൂനപക്ഷം അത് സാറ്റലൈറ്റ് ടി.വിയില്‍ കണ്ടു. കുവൈത്തിലും ഖത്തറിലും ജോലി ചെയ്യുന്ന മനുഷ്യരുടെ, കേരളത്തിലെ പതിനായിരക്കണക്കിനു വീടുകളില്‍ യുദ്ധത്തിന്റെ ആഘാതങ്ങള്‍ വന്നു വീണുകൊണ്ടിരുന്നു. പിന്നീട് ഇറാഖില്‍ യുദ്ധമുഖത്ത് കുടുങ്ങിയ മലയാളി നഴ്‌സുമാരിലൂടെ യുദ്ധം മലയാളി വീണ്ടും അനുഭവിച്ചു. 

ഇപ്പോഴത് പുതു തലമുറ വിദ്യാര്‍ഥികളിലൂടെയാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. ആ വിദ്യാര്‍ഥികളുടെ വീടുകളില്‍ മാത്രമല്ല, മലയാളി പൊതുസമൂഹത്തില്‍ പൊതുവില്‍ യുദ്ധാനുഭവം പങ്കുവെക്കപ്പെട്ടു. വിദ്യാര്‍ഥികളുടെ കരച്ചിലും ക്ഷോഭവും നിസ്സഹായതയും ഈ ദിവസങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നു. ഷെല്ലിങ്ങില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ സഹപാഠികള്‍ ആകുലതയും നിസ്സഹായതയും പങ്കുവെച്ചു. ആ കുട്ടിയുടെ കുടുംബത്തിന്റെ നിത്യവേദനയും മലയാളി വിദ്യാര്‍ഥികളിലൂടെത്തന്നെ കേരളീയര്‍ അറിഞ്ഞു. വിമര്‍ശനങ്ങളും ട്രോളുകളും അശ്ലീലവും വര്‍ഗീയതയും ഹിംസയും നിറഞ്ഞ സൈബര്‍ ആക്രമണങ്ങളും യുദ്ധവേളയിലും മലയാളി തുടരുന്നുണ്ടായിരുന്നു. പണമുള്ളവര്‍ വിദേശത്ത് പഠിക്കാന്‍ പോകുന്നതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനോ എന്നു തുടങ്ങി പലതരം ചോദ്യങ്ങള്‍ ഉയര്‍ന്നു. 

യുദ്ധഭൂമിയില്‍ നിന്നുകൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ ഇതിനെല്ലാം മറുപടി കൊടുക്കുകയും ചെയ്തു. പ്രത്യേകിച്ചും വര്‍ഗീയമായ പ്രചാരണങ്ങള്‍ക്ക്, പരാമര്‍ശങ്ങള്‍ക്ക്. ഈ അവസരത്തില്‍ ഏയ്ഞ്ചലിനോട് ഹോസ്റ്റലിലെ യുക്രെയ്ന്‍ ജീവനക്കാര്‍ പങ്കുവെച്ച ചോദ്യം ബാക്കിയാക്കുന്നു. നിങ്ങള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുന്നു, ഞങ്ങളോ?

 

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'കര്‍മാട് റെയില്‍പ്പാളം ഓര്‍ക്കാത്തവരേ...'എന്ന പുസ്തകം ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം 
 

click me!