യുവതി പെട്ടെന്ന് തിരിഞ്ഞ് രണ്ടാമനെതിരെ മരത്തണ്ട് ഉയര്‍ത്തിപ്പിടിച്ച് ആകാശത്തിലേക്കുയര്‍ന്നു. പക്ഷെ മൂന്നാമന്റെ നാഭിക്ക് താഴെ അവള്‍ ആഞ്ഞ് ചവിട്ടി.
പുസ്തകപ്പുഴയില്‍ ഇന്ന് അംബികാസുതന്‍ മാങ്ങാട് എഴുതിയ അല്ലോഹലന്‍ എന്ന നോവലിലെ 'അല്ലോഹലന്‍' എന്ന അധ്യായം. തുളുനാടിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളുടെ വിശാലലോകം തുറന്നിടുന്ന ഈ പുതിയ നോവല്‍ ഉത്തരകേരള ചരിത്രത്തിലെ അസാധാരണമായ ഒരേടിനെ ഭാവനാത്മകമായി പുന:സൃഷ്ടിക്കുകയാണ്.
...........................................................
Read more: യുവാല്‍ നോഹാ ഹരാരി:പുതിയ മതങ്ങള്‍ എവിടെനിന്നാവും പിറവിയെടുക്കുക?
അല്ലോഹലന്‍
അല്ലോഹലനറിയില്ല. അവിശ്വസനീയമായ ഒരു സംഭവത്തിലേക്കാണ് ഏതാനും നിമിഷങ്ങള്‍ക്കകം താന്‍ കയറിച്ചെല്ലാന്‍ പോകുന്നതെന്ന് അല്ലോഹലനറിയില്ല.
കണ്ണിനാനന്ദം നല്‍കുന്ന കാഴ്ചകള്‍ കണ്ടും കാതിനിമ്പം നല്‍കുന്ന കിളിയൊച്ചകള്‍ കേട്ടും ലാഘവത്തോടെ അല്ലോഹലന്‍ നീങ്ങുകയാണ്.
കുതിരക്കുളമ്പടി കേട്ട് ഒറ്റയടിപ്പാതയുടെ ഇരുവശത്തുമുണ്ടായിരുന്ന ചെമ്പോത്തുകളും മുയലുകളും കീരികളും കാട്ടുപന്നികളുമൊക്കെ ആശ്ചര്യത്തോടെ തലപൊന്തിച്ച് ആ യാത്ര നോക്കിനിന്നു. കുറ്റിക്കാടുകളും വള്ളിച്ചെടികളും നാനാജാതി കാട്ടുമരങ്ങളും അല്ലോഹലനെ വണങ്ങുന്നതുപോലെ മുട്ടിയുരുമ്മി അനക്കമറ്റ് നിന്നു. കരിമ്പച്ചയായ കാഞ്ഞിര മരങ്ങള്‍ കാവലാളുകളെപ്പോലെ തലയെടുപ്പോടെ നിരന്നുനിന്നു.
ദൂരെ മലമുകളിലെ കൊടുങ്കാടുകളില്‍നിന്നും കരിമേഘങ്ങളായി ഇരുട്ട് പതുക്കെ ഇറങ്ങി വരുന്നുണ്ടായിരുന്നു. എന്നാല്‍ ഒറ്റയടിപ്പാതയില്‍ നീളത്തില്‍ മഞ്ഞച്ചേല വിരിച്ച വിധം പോക്കുവെയില്‍ അപ്പോഴും ബാക്കിയുണ്ടായിരുന്നു.
വലിയൊരു മഞ്ഞസര്‍പ്പം ധൃതിയില്ലാതെ വഴിമുറിച്ച് കടക്കുന്നതു കണ്ട് അല്ലോഹലന്‍ കടിഞ്ഞാണ്‍ വലിച്ച് കുതിരയുടെ വേഗം കുറച്ചു.
സ്വര്‍ണ്ണ നിറമുള്ള നാഗം.
കുതിര നിന്നു.
വഴി കടന്നപ്പോള്‍ പത്തി വിരിച്ച് ഉയര്‍ന്നു നിന്ന് കുതിരയെയും അല്ലോഹലനെയും സര്‍പ്പം കൃതജ്ഞതയോടെ വീക്ഷിച്ചു.
അല്ലോഹലന്റെ ചുണ്ടിലൊരു പുഞ്ചിരിയുടെ വിളക്ക് തെളിഞ്ഞു.
പെട്ടെന്ന് ഒരു സ്ത്രീയുടെ നിലവിളിച്ചീള് കാറ്റിലൂടെ പാഞ്ഞുവന്നു. ശബ്ദം കേട്ട ദിക്കിലേക്ക് അല്ലോഹലന്‍ ചെവികള്‍ കൂര്‍പ്പിച്ചു.
ആയുധങ്ങള്‍ കൂട്ടിമുട്ടുന്ന ഒച്ചയും കേള്‍ക്കാം.
വീണ്ടും സ്ത്രീ ശബ്ദം. ഇത്തവണ നിലവിളിയല്ല. ആക്രോശമാണ്.
അല്ലോഹലന്‍ ജാഗരൂകനായി. അരികിലെന്തോ സംഭവിക്കുന്നുണ്ട്. ആരാണ് കാടിന്റെ വിജനതയില്‍ ഏറ്റുമുട്ടുന്നത്? അതും ഈ അന്തിനേരത്ത്?
ഉറയില്‍നിന്നൂരിയ വാളേന്തി അല്ലോഹലന്‍ ശബ്ദം കേട്ട ദിക്കിലേക്ക് കുതിരയെ നയിച്ചു.
അല്ലോഹലന് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല.
ആയുധങ്ങളേന്തിയ മൂന്ന് നായര്‍ പടയാളികളുമായി കരിവീട്ടി നിറമുള്ളൊരു പെണ്ണ് ഏറ്റ് മുട്ടുകയാണ്. യുവതിയുടെ കൈയിലാണെങ്കില്‍ കനത്തൊരു മരത്തണ്ടേയുള്ളു. കാരത്തണ്ടോ കാഞ്ഞിരത്തണ്ടോ ആണ്. ചടുലമായ ചുവടുകളോടെ അവള്‍ മൂന്നാളുടെയും വാളുകളില്‍നിന്നും വിദഗ്ധമായി ഒഴിഞ്ഞുമാറുന്നത് അല്ലോഹലന്‍ വിസ്മയത്തോടെ കണ്ടുനിന്നു.
കറുത്തിരുണ്ടവളെങ്കിലും ആകാരസൗഷ്ഠവമുള്ള പെണ്ണ്. മാന്തോല് കൊണ്ട് അരക്കെട്ട് മാത്രം മറച്ചിരുന്നു. അവളുടെ കുത്തുമുലകളും യുദ്ധത്തില്‍ പങ്കെടുക്കാനൊരുങ്ങിയ പോലെ ആഞ്ഞുനിന്നു.
പന്തലിച്ചൊരു ഉങ്ങ് മരത്തിന് മറഞ്ഞുനിന്ന് കൗതുകത്തോടെ അല്ലോഹലന്‍ യുദ്ധക്കളത്തിലേക്ക് കണ്ണിമ പൂട്ടാതെ നോക്കി.
കാഞ്ഞിരത്തണ്ടിന്റെ അടിയേറ്റ് ഒരുത്തന്റെ വാള്‍ തെറിച്ചുപോയി. അടുത്ത നിമിഷം അവന്റെ തലയുടെ പിന്നില്‍ കനത്ത അടിവീണു. നിലവിളിയോടെ അവന്‍ നിലംപതിച്ചു. അന്നേരം രണ്ടാണുങ്ങളും പിന്നിലൂടെ അവളെ ലാക്കാക്കി നീങ്ങി. അപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ പേടിക്കരച്ചില്‍ പൊങ്ങി.
അല്ലോഹലന്‍ കണ്ടു. പത്തോ പന്ത്രണ്ടോ ആണ്ട് തികഞ്ഞൊരു പെണ്‍കിടാവ് കുറ്റിക്കാടിന് പിന്നില്‍ പതുങ്ങി നില്‍പുണ്ടായിരുന്നു. അവളാണ് നിലവിളിച്ചത്.
യുവതി പെട്ടെന്ന് തിരിഞ്ഞ് രണ്ടാമനെതിരെ മരത്തണ്ട് ഉയര്‍ത്തിപ്പിടിച്ച് ആകാശത്തിലേക്കുയര്‍ന്നു. പക്ഷെ മൂന്നാമന്റെ നാഭിക്ക് താഴെ അവള്‍ ആഞ്ഞ് ചവിട്ടി. അപ്രതീക്ഷിതമായ ആക്രമണത്തില്‍ മൂന്നാമന്‍ പൊട്ടിയ മുരിക്ക് പോലെ നിലംപതിച്ചു. അന്ധാളിച്ചുപോയ രണ്ടാമന്റെ മൂര്‍ധാവില്‍ അപ്പോഴേക്കും ഊക്കനടി വീണിരുന്നു.
അല്ലോഹലന്‍ അത്ഭുതം കൂറി. ആരാണിവള്‍? തന്റെ അള്ളടം മുക്കാതം ദേശത്തില്‍ ഇങ്ങനെ ഒരു ധീരവനിതയോ? ഉടല്‍ കണ്ടാലറിയാം, ഏതോ അടിയാളത്തിയാണ്. തീണ്ടാപ്പാടകലം സൂക്ഷിക്കേണ്ടവളാണ്. ആരാണിവള്‍ക്ക് അഭ്യാസമുറകള്‍ പഠിപ്പിച്ചു കൊടുത്തത്? ആയുധധാരികളായ മൂന്നഭ്യാസികളെ മരത്തണ്ടുകൊണ്ട് ഒറ്റയ്ക്ക് വീഴ്ത്തിയ ഇവള്‍ നിസ്സാരക്കാരിയല്ല.
ഇങ്ങനെയൊരു പെണ്ണിനെക്കുറിച്ച് ആരും തന്നോടിതുവരെ ഒന്നും ചൊല്ലിക്കേള്‍പ്പിച്ചിട്ടില്ലല്ലോ.
.....................................
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'അല്ലോഹലന്‍' എന്ന ഈ നോവല്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
Read more: എന്റെ ഭാര്യ ജീവനൊടുക്കിയ ആ ദിവസം; മതതീവ്രവാദികള്‍ കൈ വെട്ടിമാറ്റിയ പ്രൊഫ ടി ജെ ജോസഫ് എഴുതുന്നു
.............................................................
മരമറവില്‍നിന്നും അല്ലോഹലന്‍ മുന്നിലെ തുറസ്സിലേക്ക് നീങ്ങി. കുതിരപ്പുറത്ത് മുന്നില്‍ പ്രത്യക്ഷപ്പെട്ട അല്ലോഹലനെ കണ്ടപ്പോള്‍ അവള്‍ പതറി. കണ്ണുകള്‍ തുറിച്ചു. ഉടല്‍ വിറച്ചു. വഴുക്കുന്ന മുസുമീന്‍ പോലെ കൈയില്‍നിന്നും കാഞ്ഞിരത്തണ്ട് ഊര്‍ന്ന് നിലംപതിച്ചു.
കുറ്റിക്കാടിന് പിന്നില്‍നിന്ന് നഗ്നയായ പെണ്‍കുട്ടി ഓടിവന്ന് യുവതിയുടെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ചു. ആ കിടാവും ഭയത്തോടെ അല്ലോഹലനെ തുറിച്ചുനോക്കി.
യുവതി വിറച്ച് വിറച്ച് മണ്ണില്‍ മുട്ടുകുത്തി. അവള്‍ക്കറിയാം, തിരുമുമ്പില്‍ നില്‍ക്കാന്‍
അര്‍ഹതയില്ലാത്തവളാണ്. ഒരു വിളിപ്പാടകലെ ഓടിയൊളിക്കേണ്ടവളാണ്. കൈകൂപ്പി, തൊണ്ടയിടറി അവള്‍ ഉരിയാടി.
''ഒടയോറ് മാപ്പാക്കണം. കാലും ഒടലും വെറച്ചിറ്റ് എനക്ക് ഓടാമ്പറ്റ്ന്നില്ല.''
അല്ലോഹലന്‍ കുതിരപ്പുറത്തുനിന്നും ചാടിയിറങ്ങി. കൈയിലെ നീണ്ടവാള്‍ അന്തിച്ചോപ്പില്‍ വെട്ടിത്തിളങ്ങി. ഗൗരവത്തോടെ ആരാഞ്ഞു.
''അതിയാല്‍ ദേശത്തിന്റെ പടയാളികളാണിവര്‍. എന്തിനാണിവരെ നിലം പരിശാക്കിയത്?''
കരയുന്ന കൂറ്റില്‍ യുവതി അപേക്ഷിച്ചു.
''നാങ്കളോട് മാപ്പാക്കണം ഒടയോറെ... ഊരില്ള്ള ക്ടാത്ത്യോള്‍ക്ക് ചാളേന്ന് പൊറത്തിറങ്ങാന്‍ കയ്യ്ന്നില്ല ഒടയോറെ... തേനെട്ക്കാനോ കായ്കനി പറിക്കാനോ പൊറത്തെറങ്ങ്യാല് ഇപ്യ പിടിച്ചോണ്ട് പോയി മാനമെട്ത്തിറ്റ് കൊന്ന് കാട്ടിലെറിയും. പൊലയപ്പെണ്‍കിടാങ്ങളെ കാണ്‍മ്പം ഇറ്റ്യോള്‍ക്ക് തീണ്ടലും തൊടീലും ഇല്ലാ. രണ്ട് നാള്‍ മുമ്പാണ് ചോമാറൂന്റെ പത്താണ്ട് തെകയാത്തൊര് ക്ടാവിനെ കൊണ്ട് പോയ് ഇപ്യ കൊന്നെറിഞ്ഞത്...''
നാലു നിമിഷം ആലോചനയിലാണ്ട ശേഷം അല്ലോഹലന്‍ കല്പിച്ചു.
''അള്ളടം മുക്കാതത്തില്‍ ഇനിയൊരിക്കലും ഇക്കണക്ക് കൊടുമ ഉണ്ടാവില്ല. ഞാനുറപ്പ് തരുന്നു. നീ എണീക്ക്.''
ആശ്വാസത്തോടെ അവള്‍ എണീറ്റു. നാടിന്റെ മൂന്നു പടയാളികളെയാണ് അടിച്ചു വീഴ്ത്തിയത്. തല തെറിക്കുമെന്ന് ഉറപ്പിച്ചതാണ്. അപ്പോഴാണ്...
ചെരിപ്പാടിയില്‍ വാള്‍ കുത്തിപ്പിടിച്ച് അല്ലോഹലന്‍ ചോദിച്ചു.
''നിന്റെ പേരെന്ത്?''
ഒരു മേലാളന്‍ ആദ്യമായിട്ട് പേര് ചോദിക്കുകയാണ്! അഭിമാനത്തോടെ അവള്‍ തല ഉയര്‍ത്തി.
''ചീംബുളു.''
''ഉം. നീ ഏത് ഊരിലേത്?''
''കണ്ടോപ്പാറ.''
തീണ്ടല്‍ ഭയമില്ലാതെ അല്ലോഹലന്‍ നാലു ചുവടുകള്‍ മുന്നോട്ട് വെച്ചു. കൈയിലിരുന്ന വാള്‍ നീട്ടി.
ചീംബുളുവിന്റെ കണ്ണ് തുറിച്ചു.
''വാങ്ങിക്ക്.''
അല്ലോഹലന്റെ ആജ്ഞയാണ്.
അവള്‍ കൈ നീട്ടി വാങ്ങിച്ചു. കോമരത്തിന്റെ ചുരിക പോലെ അവളുടെ കൈയിലെ വാള്‍ വിറച്ചു.
''നിന്റെ കൈയിലിനി മരത്തണ്ട് വേണ്ട. ഊരിലെ പെണ്ണിന് മേല്‍ അന്യായമായി ഏതാണൊര്ത്തന്‍ കൈവെച്ചാലും അപ്പൊ വെട്ടിയേക്കണം തല. മന്‍സ്സിലായോ?''
ചീംബുളു വിസ്മയത്തോടെ തല കുലുക്കി.
പേടിച്ചരണ്ടു നിന്ന പെണ്‍കുട്ടിയെ അല്ലോഹലന്‍ മാടിവിളിച്ചു.
''എന്താണ് കിടാവിന്റെ പേര്?''
അങ്കലാപ്പോടെ പെണ്‍കുട്ടി മിണ്ടി.
''വിര്ന്തി''
അല്ലോഹലന്റെ ചുണ്ടില്‍ പുഞ്ചിരി തെളിഞ്ഞു. ആ പുഞ്ചിരി മായ്ക്കാതെ അയാള്‍ കുതിരപ്പുറത്തേറി. വെള്ളക്കുതിരയുടെ കുഞ്ചിരോമങ്ങളില്‍ പിടിച്ച് പറഞ്ഞു.
''ഈ കിടാവിനേം കൂട്ടിക്കോ. നാളെ നേരം വെളുത്ത് കഴിഞ്ഞാല് നീ കൂലോത്തേക്ക് വരണം.''
ആശങ്കയോടെ ചീംബുളു കൈകൂപ്പി.
''നാങ്കള്‍ക്ക് മാപ്പാക്കണം ഒടയോറെ... തെറ്റായിപ്പോയിനെങ്കില്... ഈ പെങ്കിടാവിന്റെ കരച്ചില് കണ്ടിറ്റാന്ന്...''
''ശിക്ഷിക്കാനല്ല നിന്നെ കൂലോത്തേക്ക് വിളിച്ചത്.''
''അയ്യോ, നാങ്കള്‍ക്ക് കൂലോത്തെ മിറ്റത്തേക്ക് കേറി വന്നൂടല്ലോ.''
''മുറ്റത്തേക്കല്ല. സഭേലേക്കുതന്നെ കേറി വരണം. നാളെ സഭ കൂട്ന്നുണ്ട്, കാലത്ത്.''
ദൂരെ നിന്ന് ഭയത്തോടെ നോക്കിക്കണ്ട കൂലോത്തിലേക്കാണ് കയറിച്ചെല്ലേണ്ടത്. ഓര്‍ത്തപ്പോള്‍തന്നെ ചീംബുളു അടിമുടി വിറച്ചു.
അല്ലോഹലന്‍ പുഞ്ചിരിച്ചു.
''മൂന്നാണുങ്ങളെ ഒറ്റയ്ക്ക് വീഴ്ത്തിയ നിനക്ക് ഈ പരിഭ്രമം ഒട്ടും ചേരുന്നില്ല.''
നെഞ്ചില്‍ തൊട്ട് അവള്‍ പറഞ്ഞു.
''ഇഴിന്തോളാണ് ഞാന്‍ ഒടയോറേ... തമ്പിരാന്റെ മുമ്പിലേ നിക്കാന്‍ പാങ്ങില്ലാത്ത താണ ചാതിക്കാരിയാന്ന്...''
''ഈ മരങ്ങളായ മരങ്ങളേയെല്ലാം നോക്കൂ. പല ചാതികളായിട്ടും മുട്ടിമുട്ടിയല്ലേ നില്‍ക്കുന്നത്? മനുഷ്യര്‍ക്കും അങ്ങനെയൊരു കാലം വരും ചീംബുളൂ.''
ചീംബുളു എന്ന തന്റെ പേര് അല്ലോഹലന്‍ ഉച്ചരിച്ച ശേഷം പിന്നെ ഒന്നും അവള്‍ കേട്ടില്ല.
സ്വബോധമുണര്‍ന്ന് നോക്കുമ്പോള്‍ അവള്‍ കാണുന്നത് മരങ്ങള്‍ക്കിടയിലൂടെ മിന്നല്‍ പോലെ മറയുന്ന അല്ലോഹലനെ.
വിരുന്തി അവളെ കുലുക്കിവിളിച്ചു.
''ആരാദ് എളേമേ?''
കഴിഞ്ഞതെല്ലാം ഒരു കിനാവാണെന്ന് വീണ്ടും ചീംബുളുവിന് തോന്നി. ഊരിലെ ചാളകളിലൊരാളും പറഞ്ഞാലിത് വിശ്വസിക്കില്ല.
അവള്‍ കൈയിലെ രാജമുദ്രയുള്ള ഭാരിച്ച വാളിലേക്ക് നോക്കി. ഇതാ, ഇത് സത്യമാണ്. ഈ വാള്‍!
വിരുന്തി വീണ്ടും ചോദിച്ചു.
''ആരാ എളേമേ?''
ചീംബുളു പെണ്‍കിടാവിന്റെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി ഉരിയാടി.
''അല്ലോഹലന്‍.''
''ആര്?''
''ഈ നാടിന്റെ പൊന്നുതമ്പുരാന്‍. അതിയാലിനെയും അള്ളടം മുക്കാതത്തെയും കാത്തരുളുന്ന അല്ലോഹലന്‍ തമ്പിരാന്‍.''