അവളെന്തിനാണ് ഒറ്റക്ക് പോയത്..?

By Yasmin N K  |  First Published Feb 8, 2017, 12:41 PM IST

ആണ്‍ യാത്രയും പെണ്‍ യാത്രയും ഉണ്ട്. രണ്ടും അടിമുടി രണ്ട് തന്നെയാണ്.ആണിനു പോകാനാകാത്ത സ്ഥലങ്ങളൊ, നടന്നു പോകാനാകാത്ത സമയങ്ങളോ ഇല്ല. പകലും രാത്രിയും അവനു സമം. പെണ്ണിനു പക്ഷെ അതങ്ങനെ ഒന്നും അല്ല തന്നെ. അവള്‍ക്ക് പോകാനാകാത്ത സ്ഥലങ്ങള്‍ ഏറെയാണ്. രാത്രികളുടെ ഭംഗി അവള്‍ക്ക് നിഷിദ്ധം.


ആണെഴുത്ത് പെണ്ണെഴുത്ത് എന്ന് രണ്ട് തരം എഴുത്തില്ലെന്ന് തന്നെയാണു എന്റെ പക്ഷം. രണ്ടും ഒന്നു തന്നെ. അതിലടങ്ങിയിരിക്കുന്ന വേദനയും വീര്‍പ്പുമുട്ടലുമൊക്കെ തുല്യം. ഭാവനയും സര്‍ഗാത്മകതയും ഒക്കെ രണ്ട് കൂട്ടര്‍ക്കും അനിവാര്യം. വ്യക്തികള്‍ എന്ന നിലയിലുള്ള മാറ്റങ്ങളും കാഴ്ചപ്പാടുകളിലും ആദര്‍ശങ്ങളിലുമുള്ള വ്യത്യാസങ്ങള്‍ എഴുത്തിലും പ്രതിഫലിക്കുന്നു എന്നേയുള്ളു.

Latest Videos

undefined

അരുതായ്കകളുടെ ആ വല ഓരോ പെണ്ണിന്റേയും മനസ്സിനെ, ആഗ്രഹങ്ങളെ വരിഞ്ഞ് കെട്ടിയിട്ടുണ്ടാകും, എല്ലായ്‌പ്പോഴും.

ആണ്‍ യാത്രയും പെണ്‍ യാത്രയും
പക്ഷെ, യാത്ര അങ്ങനെയല്ല. ആണ്‍ യാത്രയും പെണ്‍ യാത്രയും ഉണ്ട്. രണ്ടും അടിമുടി രണ്ട് തന്നെയാണ്.ആണിനു പോകാനാകാത്ത സ്ഥലങ്ങളൊ, നടന്നു പോകാനാകാത്ത സമയങ്ങളോ ഇല്ല. പകലും രാത്രിയും അവനു സമം. പെണ്ണിനു പക്ഷെ അതങ്ങനെ ഒന്നും അല്ല തന്നെ. അവള്‍ക്ക് പോകാനാകാത്ത സ്ഥലങ്ങള്‍ ഏറെയാണ്. രാത്രികളുടെ ഭംഗി അവള്‍ക്ക് നിഷിദ്ധം. കാലം പണ്ടത്തെപോലെയല്ലല്ലൊ, ഇപ്പോള്‍ സ്ഥിതി ഗതികള്‍ മാറിയല്ലോ, പെണ്ണ് എന്തിനു പേടിക്കണം എന്നൊക്കെ ഭംഗി വാക്ക് പറയാമെന്നല്ലാതെ , നേരം ഇരുട്ടിയാല്‍ പെണ്ണിന്റെ കാര്യം ഇന്നും കട്ടപ്പൊക തന്നെയാണ്.

അവള്‍ നല്ല കുട്ടിയാണ്. എന്തൊരു അടക്കവും ഒതുക്കവുമാണ്. ഒന്നാന്തരമൊരു ട്രാപ്പാണതെന്നു എനിക്ക് കുട്ടിക്കാലം മുതലേ അറിയാമായിരുന്നു. ആ കുരുക്കില്‍ നിന്നും പുറത്തു ചാടാനുള്ള എന്റെ എല്ലാ ശ്രമവും പക്ഷെ പരാജയപ്പെട്ടിട്ടേ  ഉള്ളൂ.  കുറ്റിപ്പുറത്ത്  ഞങ്ങള്‍ പഠിച്ചിരുന്ന സ്‌കൂളിന്റെ പുറകില്‍ ഒരു കാവുണ്ടായിരുന്നു, ധാരാളം മരങ്ങളും കുറ്റിക്കാടുമൊക്കെയായ് ഒരു ചെറിയ കുന്ന്. ഒരറ്റത്തു നിന്നു കയറി മറ്റേയറ്റത്തൂടെ ഇറങ്ങാം. സാധാരണ ആ വഴി ആരും പോകില്ല. പാമ്പുണ്ടാകും എന്നാണു വിശ്വാസം.  നിറയെ നല്ല മഞ്ഞനിറത്തിലുള്ള പാമ്പിന്‍ കായ്കള്‍. പാമ്പിനേക്കാളും ഭയം കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്ന മുതിര്‍ന്ന ക്ലാസ്സിലെ ആമ്പിള്ളേരെ ആയിരുന്നു. ശ്വാസം അടക്കി പിടിച്ച് ഞാനാ വഴി പല വട്ടം കയറി ഇറങ്ങിയിട്ടുണ്ട്.  ക്ലാസ് കട്ട്‌ചെയ്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു ബീഡി വലിക്കുന്ന ചെക്കന്മാര്‍ പക്ഷെ എന്നെ മൈന്‍ഡ് ചെയ്യാറേയില്ല. സംഭവം പുറത്തറിഞ്ഞ് കേസായപ്പോള്‍ ടീച്ചര്‍മാര്‍ ഒന്നടങ്കം പറഞ്ഞത് അവള്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലാന്നായിരുന്നു. കാരണം അവള്‍ നല്ല കുട്ടിയാണ്!.

ആ ഒരു പുറംതോട് പൊട്ടിക്കാന്‍ എളുപ്പമല്ലായിരുന്നു.  ഓരോ തവണയും കുടഞ്ഞ് കളയാന്‍ ശ്രമിക്കുന്തോറും പിന്നേയും മുറുകുന്ന വലപോലെ അതിങ്ങനെ ശ്വാസം മുട്ടിക്കും. നൂറായിരം അരുതായ്കകളുടെ ആ വല ഓരോ പെണ്ണിന്റേയും മനസ്സിനെ, ആഗ്രഹങ്ങളെ വരിഞ്ഞ് കെട്ടിയിട്ടുണ്ടാകും എല്ലായ്‌പ്പോഴും. അവളവളില്‍ നിന്നും പുറത്ത് കടക്കലാണു അതിനുള്ള മരുന്ന്. എന്നിരുന്നാലും ഒരു മാറ്റവുമില്ലാതെ തുടരുന്ന മത സാമൂഹിക വ്യവസ്ഥിതികളോട് യുദ്ധം ചെയ്യല്‍ എളുപ്പമല്ല.

വലുതായപ്പോള്‍ പലപ്പോഴും തോന്നിയിട്ടുണ്ട്, വലുതാകേണ്ടിയിരുന്നില്ലെന്ന്.

വലുതാകേണ്ടിയിരുന്നില്ല
പത്താം ക്ലാസ്സിലെ വെക്കേഷനില്‍ തിരുവനന്തപുരത്തെ മാമന്റെ വീട്ടില്‍ നിന്നും കുറ്റിപ്പുറത്തേക്കുള്ള യാത്രയായിരുന്നു എന്റെ ആദ്യത്തെ ഒറ്റക്കുള്ള ദീര്‍ഘ യാത്ര. 'ഏതേലും രാത്രി വണ്ടിക്ക് അവളെയിങ്ങ് കയറ്റി വിട്ടേക്ക്' എന്ന ഉപ്പാന്റെ ആജ്ഞ നടപ്പിലാക്കാന്‍ മാമനു വലിയ സന്ദേഹമായിരുന്നു. ഒരുപാട് തവണ പേര്‍ത്തും പേര്‍ത്തും ചോദിച്ചിട്ടുണ്ട് നീ ഒറ്റക്ക് പോകുവോ, വണ്ടി ഡി റെയിലാവുകോ മറ്റോ ചെയ്താല്‍ നീ എന്താ ചെയ്യുക എന്നൊക്കെ. എനിക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. മറ്റുള്ളവര്‍ എന്തു ചെയ്യുന്നോ അത് തന്നെ ഞാനും ചെയ്യും എന്ന മറുപടികേട്ട് മനസ്സില്ലാ മനസ്സോടെയാണു മാമന്‍ വണ്ടി കയറ്റി വിട്ടത്.  സ്‌റ്റേഷന്‍ മാസ്റ്ററായിരുന്ന ഉപ്പാക്ക് തീവണ്ടിയെ നല്ലവിശ്വാസമായിരുന്നു എന്നേയും. ഒരു പെണ്‍കുട്ടി എന്ന നിലയില്‍ എന്റെ വീട്ടുകാര്‍ എന്നെ എവിടെയും തളച്ചിട്ടിട്ടില്ല. മരം കയറിയും സൈക്കിളോടിച്ചും പുഴയില്‍ മീന്‍ പിടിക്കാന്‍ പോയുമൊക്കെ ആണ്‍കുട്ടികളുടെ കൂടെ വളര്‍ന്നത് കൊണ്ടാകും എനിക്ക് എന്നെ തന്നെ വിശ്വസിക്കാന്‍ ആയത്.

പക്ഷെ വലുതായപ്പോള്‍ പലപ്പോഴും തോന്നിയിട്ടുണ്ട്, വലുതാകേണ്ടിയിരുന്നില്ലെന്ന്. ഈ പെണ്ണിന്റെ ശരീരം അല്ലായിരുന്നെങ്കില്‍ ഏതൊക്കെ ദേശങ്ങളിലൂടെ ആളുകളിലൂടെ അനുഭവങ്ങളിലുടെ അലയാമായിരുന്നുവെന്ന് സങ്കടപ്പെട്ടിട്ടുണ്ട്.

സുരക്ഷയെ പറ്റിയുള്ള ഈ ആധിയാണ് ഒരു പെണ്ണിന്റെ ഇറങ്ങിപ്പുറപ്പെടലുകളെ പിന്നോക്കം വലിക്കുന്നത്.

അവളെന്തിനു ഒറ്റക്ക് പോയി.. ?
ആണധികാരത്തിന്റെ ഭാഷ  തന്നെയാണ് എല്ലാ മത വിധികളിലും വിധി വിലക്കുകളിലും മുന്നിട്ട് നില്‍ക്കുന്നത്. പെണ്ണ് തനിച്ച് എവിടെയും പോയ്ക്കൂടാ, ആണൊരുക്കുന്ന സുരക്ഷിതത്വത്തിലേ അവള്‍ക്ക് നില നില്‍പ്പുള്ളു. അവളെന്തിനു ഒറ്റക്ക് പോയി.. ? അതായിരിക്കും എന്നത്തെയും ആദ്യ ചോദ്യം. ഒറ്റക്ക് പോയത് കൊണ്ടാണു അവള്‍ ആക്രമിക്കപ്പെട്ടത്. ബസിലേയും തീവണ്ടികളിലും അവള്‍ക്ക് നേരെ നീളുന്ന കൈകളുടെ ഉത്തരവാദിത്വം പോലും  അവള്‍ക്ക് മാത്രമാണ്. അവളുടെ ഡ്രസ് ശരിയല്ല, അത് കൊണ്ട് മാത്രമാണു അവള്‍ അക്രമിക്കപ്പെട്ടത്!

ഇങ്ങനെ വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ ഒരു പെണ്ണെങ്ങനെ യാത്ര പോകാന്‍ ആഗ്രഹിക്കാനാണ്? അവിടെയാണ് ആണ്‍ യാത്രയും പെണ്‍ യാത്രയും ഉണ്ടാകുന്നത്. കാണുന്ന കാഴചകളും പോകുന്ന സ്ഥലങ്ങളും ഒന്നു തന്നെ ആയിരിക്കും. പക്ഷെ അതിലേക്കെത്തുന്ന വഴികള്‍ ഏറെ വ്യത്യസ്ഥം.

ധൈര്യത്തിന്റെ ഈ മുഖം മൂടിയാണ് പെണ്‍ യാത്രയെ ജീവസ്സുറ്റതാക്കുക.

നഗരം എന്ന പൂച്ച
സുരക്ഷയെ പറ്റിയുള്ള ഈ ആധിയാണ് ഒരു പെണ്ണിന്റെ ഇറങ്ങിപ്പുറപ്പെടലുകളെ പിന്നോക്കം വലിക്കുന്നത്. പകലത്തെ മുഖമല്ല നേരം ഇരുട്ടിയാല്‍ നഗരത്തിന്. അതിനപ്പോഴേക്കും പല്ലും നഖങ്ങളുമൊക്കെ മുളച്ചിട്ടുണ്ടാകും. ദംഷ്ട്രങ്ങള്‍ ഉള്ളിലൊളിപ്പിച്ച് ഇരയെ കാത്ത് കിടക്കുന്ന പൂച്ചയെ പോലെയാണു പകല്‍ നേരങ്ങളില്‍ നഗരം. 

ഏഴ് മണി കഴിഞ്ഞ് ഒരു പത്ത് മിനുട്ട് തനിച്ച് ബസ് സ്റ്റാന്റിലോ റെയില്‍വേ സ്‌റ്റേഷനിലോ നിന്നാല്‍ കഴുകന്മാരെ പോലെ വട്ടമിട്ട് വരും. പോകുകയല്ലേ, വണ്ടിയുണ്ട് ഇതൊക്കെയാണു പിറുപിറുക്കുക. ആദ്യകാലങ്ങളില്‍ കോഴിക്കോടന്‍ രാത്രികളുടെ ഈ മായം തിരിയല്‍  കണ്ട് വല്ലാതെ പേടിച്ചിട്ടുണ്ട്. പേടി ഒന്നിനും മരുന്നല്ലെന്ന് കണ്ടപ്പോള്‍ നയം മാറ്റി. 'അതിനെന്താ ചേട്ടാ , പോകാലോ..., അതിനു മുന്‍പ് ഒരു ഫോട്ടോയെടുത്തോട്ടെ'. മൊബൈല്‍ എടുക്കുമ്പോഴേക്കും വീരന്മാരൊക്കെ ഉടനടി സ്ഥലം വിടും. 

ധൈര്യത്തിന്റെ ഈ മുഖം മൂടിയാണ് പെണ്‍ യാത്രയെ ജീവസ്സുറ്റതാക്കുക. ഉള്ളില്‍ ഭയമുണ്ടായാലും അതൊരിക്കലും നിങ്ങളുടെ ശരീര ഭാഷയില്‍ പ്രതിഫലിക്കരുത്. ഞാനിതൊക്കെ എത്ര കണ്ടതാ എന്നൊരു ഭാവം മുഖത്ത് വരുത്തുന്നതാണു തടിക്ക് നല്ലത്.

ബന്ധങ്ങളുടെ ഇടയില്‍ ഒരു ചെറിയ സ്‌പേസ് എപ്പോഴും നല്ലതാണ്. കാറ്റും വെളിച്ചവും കടക്കട്ടെ ഉള്ളില്‍

പൊസസീവ്‌നെസ്സ് എന്ന ട്രാപ്
നല്ല കുട്ടി എന്ന വലയില്‍ കുടുങ്ങിയപോലെ തന്നെയാണു പൊസസീവ്‌നെസ്സ് എന്ന ട്രാപില്‍ പെണ്ണുങ്ങള്‍ കുടുങ്ങി പോകുക. അതവരുടെ യാത്രാ മോഹങ്ങളെ, സ്വന്തമായ അസ്തിത്വത്തെ ഇല്ലാണ്ടാക്കും. എന്റെ ഭാര്യ, എന്റെ കൂട്ടുകാരി എന്റെയൊപ്പം മാത്രമെ യാത്ര പോകൂ, സിനിമ കാണൂ, ഞാന്‍ ഡ്രസ് എടുത്തു കൊടുത്താലേ അവള്‍ക്ക് തൃപ്തിയാകൂ.
 
കേള്‍ക്കാന്‍ ഒരു സുഖമൊക്കെയുണ്ട്. പക്ഷെ അധികമായാല്‍ അമൃതും വിഷം തന്നെ. ബന്ധങ്ങളുടെ ഇടയില്‍ ഒരു ചെറിയ സ്‌പേസ് എപ്പോഴും നല്ലതാണ്. കാറ്റും വെളിച്ചവും കടക്കട്ടെ ഉള്ളില്‍, അത് നിങ്ങളുടെ സ്‌നേഹത്തിന്റെ ഊഷ്മളത എന്നെന്നും നില നിര്‍ത്തുകയേ ഉള്ളു.

ഒരു യാത്ര, അതെത്ര ചെറുതാകട്ടെ വലുതാകട്ടെ , ഒരോ നിമിഷവും ആസ്വദിക്കുക എന്നതാവണം ലക്ഷ്യം. ഒരു ടൗണ്‍ ബസ്സില്‍ കയറി ,ആ ബസിന്റെ ഏറ്റവും ലാസ്റ്റ് സ്റ്റോപ്പിലേക്കൊരു ടിക്കറ്റ്. അവിടെയിറങ്ങി അടുത്ത ബസില്‍ തിരിച്ച് പോരുക. ജീവിതത്തിന്റെ ഏകതാനതയില്‍ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും എളുപ്പ വഴി. കണ്ണും കാതും തുറന്ന് വെച്ച് നിങ്ങളെ മറന്നു കളയുക.

ഓരോ യാത്രയിലും ഓര്‍ത്ത് വെക്കേണ്ട ഒരു ആപ്ത വാക്യം ഉണ്ട്. പ്രിയ കഥാകാരന്‍ ബാബു ഭരദ്വാജ് പറഞ്ഞ് വെച്ചിട്ട് പോയത്. 'ഒരു ബസിലോ വണ്ടിയിലോ കയറി ഉറങ്ങുന്നവര്‍ യാത്രക്കാരല്ല, അവര്‍ വെറും ചരക്കുകള്‍ മാത്രമാണ്, ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കയറ്റി അയക്കപ്പെടുന്ന ചരക്കുകള്‍!' 

അതിനാല്‍, നമുക്ക് കണ്ണുകള്‍ തുറന്നിരിക്കാം. 

പെണ്‍ യാത്രകള്‍:

അവള്‍ ഹിഡുംബി; പ്രണയം കൊണ്ട് മുറിവേറ്റവള്‍!

സ്വപ്നം വിളയുന്ന സോനാര്‍ഗല്ലി

click me!