പ്രണയമായിരുന്നു അവന്റെ കുറ്റം; അതിനാണ് അവനെ അവര്‍ കൊന്നത്!

By Yasmin N K  |  First Published May 30, 2017, 9:41 AM IST

മീനുകള്‍ പായസത്തിലെ അരി തിന്നാന്‍ തിക്കും തിരക്കും കൂട്ടുന്നത് നോക്കിയിരിക്കുന്നതിനിടയില്‍ കേട്ട കരച്ചിലിനു പിന്നാലെ പോയപ്പോഴാണു അയാളെ കണ്ടത്. പുഴയില്‍ അങ്ങിങ്ങ് കിടക്കുന്ന പാറക്കല്ലുകളില്‍  ഒരു വൃദ്ധന്‍. പത്തെഴുപത് വയസ്സുണ്ടാകും. കരയുന്നത് എന്തിനാണെന്ന ചോദ്യത്തിനു ഉത്തരമില്ലായിരുന്നു.


ജൂണ്‍ ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ ഉത്തരേന്ത്യ ചുട്ടുപൊള്ളും. നട്ടുച്ചക്ക് വെയിലത്തിറങ്ങി നടന്നാല്‍ പ്രത്യേകിച്ച് ഫീലൊന്നും ഉണ്ടാകില്ല. കുറച്ച് കഴിഞ്ഞാല്‍ ഒരു പക്ഷെ ബോധം കെട്ട് വീഴും എന്ന പ്രശ്‌നമേയുള്ളു. ഡീ ഹൈഡ്രേഷന്‍. ലൂ ലഗയീ എന്ന് പറയും നാട്ടുകാര്‍. നിഴലിലേക്ക് നീക്കി കിടത്തി ശരീരത്ത് വെള്ളം ഒഴിക്കുക എന്നതാണു ആദ്യ പ്രതിവിധി.

Latest Videos

അങ്ങനെയുള്ള നട്ടുച്ചകളില്‍ പുറത്തെ പുല്‍ത്തകിടിയില്‍ കൊടും കൈ കുത്തികിടന്ന് വെയിലില്‍ തിളക്കുന്ന താജിനെ നോക്കുക എന്നതോളം ഭ്രാന്ത് വേറൊന്നുമില്ല. പക്ഷെ അന്നേരം കണ്ണിനു മുന്നില്‍ വിരിയുന്ന ഒരല്‍ഭുതമുണ്ട്, വെയിലിന്റെ മായം തിരിച്ചില്‍. ചുറ്റിനും ഓളങ്ങളിളക്കി മെല്ലെ നീങ്ങൂന്ന ജലനൗകയില്‍ താജിങ്ങനെ തെന്നി നീങ്ങും. വിഭ്രാന്തിയില്‍ കണ്ണു തിരുമ്മി പിന്നെയും നോക്കുമ്പോഴാകും , സ്വതേ പുറത്തേക്ക് ചെരിഞ്ഞ്  നില്‍ക്കുന്ന സ്തൂപങ്ങളില്‍ ഒന്ന് നമ്മുടെ നേര്‍ക്ക് ചെരിഞ്ഞാടി വരിക.  വെണ്ണക്കല്‍ മാര്‍ബിളും വെയിലും ചേര്‍ന്ന് നമ്മുടെ കണ്ണുകളെ പറ്റിക്കുന്ന നട്ടുച്ചകള്‍.

പല നേരങ്ങളില്‍ പല ഭാവങ്ങളാണ് ഈ പ്രണയ സൌധത്തിന്. വെയിലില്‍, മഴയില്‍, മഞ്ഞില്‍,നിലാവില്‍ ഒക്കെ വ്യത്യസ്ത ഭാവങ്ങള്‍, മാറിമറിയുന്ന നിറങ്ങള്‍.  അപൂര്‍വ്വമായി പെയ്യുന്ന മഴയില്‍ കുളിച്ച് നില്‍ക്കുന്ന താജിനെ കാണുക എന്നതോളം ഭാഗ്യം വേറെയില്ല. മഴയില്‍ നനഞ്ഞ് കുതിര്‍ന്ന് , താഴികക്കുടത്തിന്റെ നടുക്കുള്ള ദ്വാരത്തിലൂടെ മഴ ഉറങ്ങിക്കിടക്കുന്ന മുംതാസിന്റെ മേല്‍ പതിക്കുന്നതും കാത്തുള്ള നില്‍പ്പ്. ഖബര്‍ കാവല്‍ക്കാരന്റെ ദയക്ക് കാത്ത് മഴ നനഞ്ഞുള്ള ആ നില്‍പ്പും ഭ്രാന്തല്ലെങ്കില്‍ മറ്റെന്താണ്.

പ്രണയം അത്യന്തം കാല്‍പ്പനികമാണ്. ഭ്രാന്തന്റെ കാലിലെ ചങ്ങലക്ക് സമം

പ്രണയം അത്യന്തം കാല്‍പ്പനികമാണ്. ഭ്രാന്തന്റെ കാലിലെ ചങ്ങലക്ക് സമം. ഉരഞ്ഞ് പൊട്ടിയ വൃണത്തില്‍ അമര്‍ന്ന് കിടന്ന് പിന്നേയും പിന്നേയും വേദനിപ്പിച്ച് നീറ്റുന്ന ഭ്രാന്ത്. കൊളുത്തുകള്‍ വീണിരിക്കുന്നത് അകത്താണ്. അഴിക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ മുറുകുന്ന ഊരാകുടുക്ക്.

താജിനെ നോക്കിനില്‍ക്കുന്ന അതേ ഭാവുകത്വത്തോടെ, താജ് മഹല്‍ കാണാന്‍ വരുന്നവരെ നോക്കി നില്‍ക്കുക എന്നതും അമ്പരപ്പിക്കുന്ന ഏര്‍പ്പാടാണു. അകത്തേക്ക് കടക്കുന്ന വാതിലിനരികില്‍, മാര്‍ബിള്‍ ജാലികളില്‍ അറ്റകുറ്റപ്പണി നടത്തുന്നവര്‍ക്കരുകില്‍ ഇരുന്ന് താജ് കാണാന്‍ വരുന്നവരുടെ ഭാവങ്ങള്‍ അവരറിയാതെ ഒപ്പിയെടുക്കുക. പല തരം ആളുകള്‍, പല ദേശക്കാര്‍, ഭാഷകള്‍. ആദ്യമായ് വെണ്ണക്കല്ലില്‍ പണി തീര്‍ത്ത ലോകാല്‍ഭുതം കാണുന്നവരുടെ  മുഖത്തെ  അതിശയം, അല്‍ഭുതം, ആശ്ചര്യം, സന്തോഷം ,അഭിമാനം. മാറി മാറി വരുന്ന വിവിധ ഭാവങ്ങള്‍. ചിലര്‍ പൊട്ടിക്കരയും. വിതുമ്പലടക്കി കണ്ണിമ വെട്ടാതെ നോക്കി നില്‍ക്കുന്ന ചിലര്‍.വിദേശികളാണു ഇത്തരത്തില്‍ ഇമോഷന്‍സ് പ്രകടിപ്പിക്കുന്നതില്‍ മുന്നില്‍. പിന്നെ തമിഴരും. മലയാളികള്‍ അപ്പോഴും മസിലു പിടിച്ച് നിന്ന് കളയും.

നിറഞ്ഞു മുറ്റിയ നിലാവില്‍ താജിനെ നോക്കി നില്‍ക്കുക എന്നതോളം വിഭ്രാത്മകമായ ഒരു കാര്യം വേറെയില്ല. നിലാവിനാണോ മുംതാസിനാണൊ കൂടുതല്‍ അഴകെന്നോര്‍ത്ത് പരിഭ്രമിച്ച് നില്‍ക്കുന്ന നേരങ്ങള്‍. രാത്രി താജിനകത്തേക്ക് പ്രവേശനം ചുരുക്കം ചിലസമയങ്ങളില്‍ മാത്രമാണ്.  

താജ് ഗഞ്ച് ചുറ്റി, താജിന്റെ പുറകിലേക്ക് വരുക എന്നതാണു ശരണം. യമുനയിലെക്കിറങ്ങുന്ന കല്‍പ്പടവുകളില്‍ നിലാവ് പരക്കുന്നതും നോക്കിയിരിക്കുക . സന്ധ്യാപ്രാര്‍ത്ഥനക്ക് ശേഷം തൊട്ടടുത്ത അമ്പലത്തിലെ പൂജാരി പ്രസാദംകൊണ്ട് തരും. ഇലകൊണ്ട് ഉണ്ടാക്കിയ കുമ്പിള്‍ പാത്രത്തില്‍ പാലും അരിയും  കൊണ്ടുണ്ടാക്കിയ ഖീര്‍. നെയ്‌ച്ചോറിന്റെ അരി കൊണ്ടുണ്ടാക്കിയപായസത്തിനു വലിയ രുചിയൊന്നും ഇല്ല. 

നിറഞ്ഞു മുറ്റിയ നിലാവില്‍ താജിനെ നോക്കി നില്‍ക്കുക എന്നതോളം വിഭ്രാത്മകമായ ഒരു കാര്യം വേറെയില്ല.

മീനുകള്‍ പായസത്തിലെ അരി തിന്നാന്‍ തിക്കും തിരക്കും കൂട്ടുന്നത് നോക്കിയിരിക്കുന്നതിനിടയില്‍ കേട്ട കരച്ചിലിനു പിന്നാലെ പോയപ്പോഴാണു അയാളെ കണ്ടത്. പുഴയില്‍ അങ്ങിങ്ങ് കിടക്കുന്ന പാറക്കല്ലുകളില്‍  ഒരു വൃദ്ധന്‍. പത്തെഴുപത് വയസ്സുണ്ടാകും. കരയുന്നത് എന്തിനാണെന്ന ചോദ്യത്തിനു ഉത്തരമില്ലായിരുന്നു. പിന്നീട് നടയടച്ച് വീട്ടില്‍ പോകുകയായിരുന്ന പൂജാരിയാണു പറഞ്ഞത്. 

വൃദ്ധന്റെ മകന്‍ മരിച്ചിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളു. അതൊരു ദുരഭിമാന കൊല ആയിരുന്നു. ഗ്രാമത്തിലെ ഉയര്‍ന്ന ജാതിയില്‍ പെട്ട ഒരു പെണ്‍ കുട്ടിയുമായി പയ്യന്‍ പ്രണയത്തിലായിരുന്നു. ഒളിച്ചോടി കല്യാണം കഴിച്ച ദമ്പതികളെ പെണ്‍ കുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തി. യമുനയില്‍, അയാള്‍ ഇരുന്നിരുന്ന പാറക്കല്ലിനു സമീപത്ത്‌നിന്നാണു പയ്യന്റെ ജഡം കിട്ടിയത്. 

അതിനു ശേഷം അയാള്‍ അവിടുന്നു എണീറ്റ് പോയിട്ടില്ലെന്ന് പറയുമ്പോള്‍ പൂജാരിയുടെ ശബ്ദം  വിറച്ചിരുന്നു. 

കല്‍പ്പടവുകള്‍ക്ക് താഴെ യമുനയില്‍ താജിന്റെ നിഴല്‍ ഇളകുന്നു.  ചന്ദ്രന്‍ താഴികക്കുടത്തിനു നേരെ മുകളിലാണ്. അകത്തേക്ക് ഒഴുകിയിറങ്ങുന്ന നിലാവ്. കെട്ടുപിണയുന്ന നിഴലുകള്‍. അല്ലെങ്കിലും മരിച്ചവരുടെ ലോകത്ത് സങ്കടങ്ങളില്ലല്ലോ.

 

പെണ്‍ യാത്രകള്‍:
യാത്രയുടെ ജിന്നുകള്‍!

click me!