കുട്ടിക്കാലത്ത് സ്‌കൂള്‍ ഗേറ്റിനു മുന്‍പിലെ പെട്ടിക്കടകളില്‍ ചൊരണ്ട്യൈസ് കിട്ടുമായിരുന്നു. ഒരു വലിയ കട്ട ഐസ് കൈയില്‍ പിടിച്ച്, പലകയില്‍ ഉറപ്പിച്ച അരിപ്പയുടെ പുറത്തൂടെ സൈതാലിക്ക രണ്ട് മൂന്ന് വട്ടം ഉരസും. താഴെ വെച്ച പാത്രത്തിലേക്ക് പൊടിഞ്ഞ് വീഴുന്ന ഐസ് നോക്കി അതിശയിച്ചു നിന്നിരുന്ന ബാല്യം. ഐസ് വെള്ളമായി മാറി അപ്രത്യക്ഷമാകുന്ന രസതന്ത്രം. അത് പകര്‍ന്നു തന്ന ജീവിത പാഠങ്ങള്‍. ജീവിതത്തില്‍ ഒന്നും സ്ഥായി അല്ലാ എന്നുള്ള ബോധം വേരുറച്ച് പോയിരുന്നു അന്നേ.
വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം, ഫയറിങ്ങ് സ്‌ക്വാഡിനെ നേരിടുമ്പോള്‍, മുമ്പൊരു സായാഹ്നത്തില്‍ മഞ്ഞ് കട്ട കാണാന്‍ അഛന്‍ തന്നെ കൂട്ടിക്കൊണ്ട് പോയ കാര്യം കേണല്‍ അറിലിയാനോ ബുവന്‍ഡിയ ഓര്‍മ്മിച്ചു.
എന്തൊരു കുഴഞ്ഞ് മറിഞ്ഞ വാചകമായിരുന്നു അത്. മാര്‍ക്കേസിന്റെ 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' എന്ന നോവലിന്റെ തുടക്കം. കുഴമഞ്ഞ് പോലെ വഴുക്കി കളിക്കുന്ന വാചക ഘടന. രണ്ടുമൂന്നാവര്‍ത്തി വായിച്ചാലേ കാര്യം പിടികിട്ടുകയുള്ളു.
നാഥുലാ പാസ്സില്‍ ചുറ്റും ഉറഞ്ഞ് കിടക്കുന്ന മഞ്ഞില്‍ ചവിട്ടി നില്‍ക്കവെ ആലോചിച്ചത് മുഴുവന്‍ ആ വാചകത്തെ കുറിച്ചായിരുന്നു. എന്തൊരു നിശ്ശബ്ദതയും ഏകാന്തതയുമാണു ആ വരികള്‍ക്കിടയില്‍ നിന്നും ഗുമുഗുമാന്നു പൊങ്ങുന്നത്. മഞ്ഞിലുറഞ്ഞ് പോയ മിടിപ്പുകള്‍.
ഗാങ് ടോക്കില്‍ നിന്നും ജീപ്പ് വിളിച്ച് വേണം നാഥുലാ പാസ്സിലേക്ക് പോകാന്‍. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിള്‍ റോഡുകളില്‍ ഒന്നാണു നാഥുലാ പാസ്. ആദ്യായിട്ട് ഐസ് കാണാന്‍ പോകുന്നതിന്റെ എല്ലാ ത്രില്ലും ഉണ്ടായിരുന്നു .
ആദ്യായിട്ട് ഐസ് കാണാന്‍ പോകുന്നതിന്റെ എല്ലാ ത്രില്ലും ഉണ്ടായിരുന്നു
കുട്ടിക്കാലത്ത് സ്‌കൂള്‍ ഗേറ്റിനു മുന്‍പിലെ പെട്ടിക്കടകളില്‍ ചൊരണ്ട്യൈസ് കിട്ടുമായിരുന്നു. ഒരു വലിയ കട്ട ഐസ് കൈയില്‍ പിടിച്ച്, പലകയില്‍ ഉറപ്പിച്ച അരിപ്പയുടെ പുറത്തൂടെ സൈതാലിക്ക രണ്ട് മൂന്ന് വട്ടം ഉരസും. താഴെ വെച്ച പാത്രത്തിലേക്ക് പൊടിഞ്ഞ് വീഴുന്ന ഐസ് നോക്കി അതിശയിച്ചു നിന്നിരുന്ന ബാല്യം. ഐസ് വെള്ളമായി മാറി അപ്രത്യക്ഷമാകുന്ന രസതന്ത്രം. അത് പകര്‍ന്നു തന്ന ജീവിത പാഠങ്ങള്‍. ജീവിതത്തില്‍ ഒന്നും സ്ഥായി അല്ലാ എന്നുള്ള ബോധം വേരുറച്ച് പോയിരുന്നു അന്നേ.
ഗാങ് ടോക്കില്‍ നിന്നും അന്‍പത്താറ് കിലോമീറ്ററോളം ചുരം കയറിവേണം നാഥുലായില്‍ എത്താന്‍. വളഞ്ഞു പുളഞ്ഞ് മേലോട്ട് പോകുന്ന വഴികള്‍. സമുദ്ര നിരപ്പില്‍ നിന്നും 14500 അടി ഉയരത്തിലാണു നാഥുലാ പാസ്.
മഞ്ഞിലുറപ്പിച്ച് നിര്‍ത്തിയ ചെറിയ പെട്ടിക്കടയില്‍ വെച്ച് ഓം ലെറ്റുണ്ടാക്കുന്ന സ്ത്രീ. വീശിയടിക്കുന്ന കാറ്റില്‍ തീ കെട്ടു പോകാതിരിക്കാന്‍ കെട്ടി വെച്ച കാര്‍ഡ് ബോര്‍ഡ് കഷ്ണം ഒരു കൈ കൊണ്ട് പിടിച്ച് അവര്‍ ചിരിച്ചു. മഞ്ഞ് പോലെ മൂകമായൊരു ചിരി. തണുപ്പ് കൊണ്ട് അവരുടെ കവിളുകള്‍ വിണ്ടിരുന്നു. മഞ്ഞ് വീണു കിടന്നിരുന്നു അവരുടെ മുടിയിലും ഉടുപ്പിലുമൊക്കെ. ഈ മഞ്ഞ് അവരുടെ അന്നമാണ്. സീസണില്‍ മാത്രം പൂവിടുന്ന ജീവിതങ്ങള്‍.
മുകളിലേക്കുള്ള വഴിയുടെ വശങ്ങളില്‍ മോമോ വില്‍ക്കുന്ന കടകള്‍. മൈദ മാവ് പരത്തി അതിനുള്ളില്‍ വേവിച്ച പച്ചക്കറിയോ ഇറച്ചിയോ നിറച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുന്ന മോമോ, ഹിമാചല്‍ പ്രദേശിലെ തനത് വിഭവമാണു. മഞ്ഞില്‍ കിടന്ന് വിറക്കുമ്പോള്‍ ആവി പൊങ്ങുന്ന മോമോ തിന്ന് ചുടു ചായ മൊത്തിക്കുടിക്കുമ്പോള്‍ തോന്നും ഇത് തന്നെയാണ് ഏറ്റവും രുചികരമായ ഭക്ഷണമെന്ന്. വിശപ്പ് തന്നെയാണു ആഹാരത്തിന്റെ രുചി നിശ്ചയിക്കുന്ന മുഖ്യ ഘടകം.
ജീവിച്ചിരിക്കുമ്പോള്‍ അനുഭവപ്പെടുന്ന ഏകാന്തതയേക്കാള്‍ വലുതല്ലല്ലൊ മരിച്ചതിനു ശേഷം അനുഭവപ്പെടുന്ന ഏകാന്തത.
നാഥുലാ പാസ്സിലേക്കുള്ള വഴിയിലെ ഏറ്റവും സുന്ദരമായൊരു കാഴ്ചയാണു ചങ്കു ലേക്ക്. ഹിമവാന്റെ മടിത്തട്ടില്‍ മയങ്ങിക്കിടക്കുന്ന സുന്ദരി. തന്റെ നീണ്ട ഫ്രോക്കിന്റെ അറ്റത്ത് നനുത്ത മഞ്ഞ് കട്ടകള്‍ കൊണ്ട് അലങ്കാരപ്പണികള്‍ തുന്നിപ്പിടിപ്പിച്ച് മിഴികള്‍ പൂട്ടി ലാസ്യ ഭാവത്തില്‍ ശയിക്കുന്ന മോഹിനി. അവളെ ഉണര്‍ത്താതെ തടാകക്കരയിലെ ബെഞ്ചിലിരിക്കുമ്പോള്‍ വിമലയെ ഓര്‍ത്തു.
എം ടിയുടെ 'മഞ്ഞ്' എന്ന നോവലിലെ വിമല. 'മഞ്ഞ്' എന്ന നോവല്‍ എഴുതുമ്പോള്‍ എംടി, നൈനിറ്റാള്‍ സന്ദര്‍ശിച്ചിട്ടില്ല എന്ന അറിവ് വിസ്മയിപ്പിക്കുന്നതായിരുന്നു. എത്രമേല്‍ ഹൃദയാവര്‍ജ്ജകമായിട്ടാണു പ്രണയത്തെ എം ടി ആ നോവലില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ഒരിക്കലും വരില്ല എന്നറിഞ്ഞിട്ടും വിമല കാത്തിരിക്കുകയാണു സുധീര്‍ മിശ്രയെ. വെറുക്കാന്‍ ആവാത്തത്രയും സ്‌നേഹിച്ചു പോയിരുന്നു വിമല അയാളെ. പെണ്ണിന്റെ മാത്രം കഴിവ് കേട്. പ്രണയത്തില്‍ പെണ്ണു തോറ്റ് പോകുന്നിടം.
മഞ്ഞ് ചവിട്ടിക്കുഴച്ച് പിന്നേയും മുകളിലേക്കെത്തിയാല്‍ ഒരു കൊച്ചു ക്ഷേത്രം. രജപുത്ത റെജിമെന്റിലെ ധീരനായ ജവാനായിരുന്ന ഹര്‍ബ ജന്‍ സിംഗ് 1965 ല്‍ സിക്കിമില്‍ വെച്ചാണു അന്തരിക്കുന്നത്.അദ്ദേഹത്തിന്റെ ഓര്‍മ്മക്കായാണ് ഈ മന്ദിര്‍. ഹര്‍ഭജന്‍ സിംഗിന്റെ ആത്മാവ് ഇപ്പോഴും ആ മഞ്ഞില്‍ അലഞ്ഞു നടക്കുന്നുണ്ടെന്നാണു കഥകള്‍. നോക്കെത്താ ദൂരത്തോളം മഞ്ഞുറുഞ്ഞ് കിടക്കുന്ന ഈ ഭൂമികയില്‍ എന്തൊരു ഏകാന്തതയാവും ആ ആത്മാവ് അകത്തും പുറത്തും പേറുന്നുണ്ടാകുക! അല്ലെങ്കിലും ജീവിച്ചിരിക്കുമ്പോള്‍ അനുഭവപ്പെടുന്ന ഏകാന്തതയേക്കാള്‍ വലുതല്ലല്ലൊ മരിച്ചതിനു ശേഷം അനുഭവപ്പെടുന്ന ഏകാന്തത.
അതിര്‍ത്തികള്‍ നിര്‍ണയിക്കപ്പെട്ട് കഴിഞ്ഞാല്‍ അത് ആദ്യം ബാധിക്കുക മനസ്സുകളെ തന്നെയാണ്
മഞ്ഞില്‍ കുത്തി നിര്‍ത്തിയ കൊടികള്‍ക്കപ്പുറത്ത് റോന്ത് ചുറ്റുന്ന ചൈനീസ് പട്ടാളക്കാര്‍. അതിര്‍ത്തികള്‍ നിര്‍ണയിക്കപ്പെട്ട് കഴിഞ്ഞാല്‍ അത് ആദ്യം ബാധിക്കുക മനസ്സുകളെ തന്നെയാണ്. ഗൗരവമാര്‍ന്ന ഒരു തരം നിശ്ശബ്ദത. നിസ്സംഗതയുടെ മഞ്ഞുപാളികള്‍ അടര്‍ത്തുക എളുപ്പമല്ല തന്നെ.
ഇന്ത്യന്‍ പ്രവിശ്യയിലെ അവസാനത്തെ ഗ്രാമം ഉണ്ട് തൊട്ട് താഴെ. തകര ഷീറ്റ് പൊതിഞ്ഞ, സ്ലേറ്റ് കല്ലുകള്‍ കൊണ്ട് മേല്‍ക്കൂര തീര്‍ത്ത കൊച്ചു കൊച്ചു വീടുകള്‍. കാടാറു മാസം നാടാറു മാസം എന്നാണു അവരുടെ ജീവിതം. തണുപ്പ് ശക്തമാകുമ്പോള്‍ വീടുപേക്ഷിച്ച് ഗാങ്‌ടോക്കിലേക്ക് ജീവിതം പറിച്ച് നടണം. പുറത്ത് തൂക്കിയിട്ട ഭാരം താങ്ങി കുന്നു കയറുകയും ഇറങ്ങുകയും ചെയ്യുന്ന ആണുങ്ങളും പെണ്ണുങ്ങളും. തിരക്ക് എന്നത് അവരുടെ നടപ്പിലും എടുപ്പിലും അശേഷം കാണില്ല. മലമുകളിലെ ഈ ജീവിതങ്ങളില്‍ നിന്നും നമുക്കൊരുപാട് പഠിക്കാനുണ്ട്. അതിജീവനത്തിന്റെ പാഠങ്ങള്‍.
തണുത്ത് മരവിച്ച വിരലുകള്‍ കൊണ്ട് മഞ്ഞിന്റെ നനുത്ത അടരുകള്‍ അടര്‍ത്തി മാറ്റുമ്പോള്‍ വെളിപ്പെട്ട് വരുന്ന വിഷാദത്തിന്റെ നേര്‍ത്ത ഉപ്പു പരലുകള്‍. പണ്ടെങ്ങോ ഉള്ളില്‍ അകപ്പെട്ടതാവണം അത്. വേര്‍പ്പെടുത്താന്‍ ആകാത്തത്രയും തമ്മില്‍ ചേര്‍ന്നു പോയിരിക്കുന്നു.
എങ്കിലുമൊരു പ്രതിക്ഷയുണ്ട്; വെയില്‍ വന്ന് മഞ്ഞ് അകന്നു മാറുമ്പോള്‍ ജീവന്റെ തുടിപ്പുകള്‍ ഉയിര്‍ത്ത് വരുമെന്ന്.
വരും, വരാതിരിക്കില്ല.
പെണ്‍ യാത്രകള്‍:
അവള്‍ ഹിഡുംബി; പ്രണയം കൊണ്ട് മുറിവേറ്റവള്‍!
അവളെന്തിനാണ് ഒറ്റക്ക് പോയത്..?
അവള്‍ ജയിലില്‍ പോവുകയാണ്, ഒരിക്കലും കാണാത്ത അച്ഛനെ കാണാന്‍!
ഈ പുഴകളൊക്കെ യാത്രപോവുന്നത് എങ്ങോട്ടാണ്?
ഭക്തര്‍ ദൈവത്തെ തെറി വിളിക്കുന്ന ഒരുല്‍സവം!
വാ, പെണ്ണുങ്ങളേ, നമുക്കൊരു യാത്ര പോവാം!
ബസ് യാത്രകളില്‍ ഒരു സ്ത്രീ ഏറ്റവും ഭയക്കുന്ന നിമിഷം!