ശ്രീലങ്കയിലെ നല്ല മനുഷ്യര്‍!

By Yasmin N K  |  First Published Jun 9, 2018, 3:00 PM IST

താമസിക്കാന്‍ മുറിയോ, സഞ്ചരിക്കാന് വാഹനമോ ഒന്നും മുന്‍കൂട്ടി ബുക്ക് ചെയ്യാതെ മൂന്നു പെണ്ണുങ്ങളുടെ ശ്രീലങ്കന്‍ യാത്ര. യാസ്മിന്‍ എന്‍.കെയുടെ കോളം തുടരുന്നു


താമസിക്കാന്‍ മുറിയോ, സഞ്ചരിക്കാന് വാഹനമോ ഒന്നും മുന്‍കൂട്ടി ബുക്ക് ചെയ്യാതെ മൂന്നു പെണ്ണുങ്ങളുടെ ശ്രീലങ്കന്‍ യാത്ര. യാസ്മിന്‍ എന്‍.കെയുടെ കോളം തുടരുന്നു

Latest Videos

undefined

യാത്രകളുടെ ആത്മാവ് അനിശ്ചിതത്വങ്ങളിലാണെന്ന് പറയാറുണ്ട്. വളവ് തിരിഞ്ഞ് വരുമ്പൊള്‍ മുന്നില്‍ എന്താണു പ്രത്യക്ഷപ്പെടുക എന്ന ഉത്കണ്ഠ, ആവേശം അതൊക്കെയാണ് എന്നും യാത്രയെ ഉന്മത്തമാക്കുക. വീണ്ടും വീണ്ടും പുറപ്പെട്ട് പോകാന്‍ മനസിനെ ഇങ്ങനെ ഞെരുക്കിക്കൊണ്ടിരിക്കുന്ന ചേതോവികാരം ഉണര്‍ത്തിവിടാന്‍ ഇത്തരം യാത്രകള്‍ക്കെ കഴിയൂ.

മുന്‍കൂട്ടിയുള്ള യാതൊരു പ്ലാനും ഇല്ലാതെ, ഹോട്ടലുകള്‍ ബുക്ക് ചെയ്യാതെ, നമുക്ക് ചോയ്ച്ച് ചോയ്ച്ച് പോകാം എന്ന ഭ്രാന്തന്‍ ആശയമായിരുന്നു ശ്രീലങ്കന്‍ യാത്ര. കൂട്ടുകാരികള്‍ ബുക്ക് ചെയ്ത അതേ ഫ്‌ളൈറ്റിനു തന്നെ ടിക്കറ്റെടുത്ത്, ഞാനുമുണ്ട് എന്നൊരു ഞെട്ടിക്കല്‍. യാത്ര എന്ന ഒരേയൊരു വികാരമായിരുന്നു പൊതുഘടകം.  അത് മാത്രം മതിയായിരുന്നു കൊണ്ടും കൊടുത്തും പരസ്പരം താങ്ങായി മാറുന്ന ഒരു നെടുങ്കന്‍ യാത്രയ്ക്ക്.

ഒരു യാത്ര നമ്മുടെ ജീവിതവീക്ഷണങ്ങളെ, നമ്മുടെ സ്വഭാവത്തെ ഒക്കെ മാറ്റണമെങ്കില്‍ ആ ദേശത്തേയും ആളുകളേയും അവരുടെ ജീവിതരീതികളെയും നമ്മള്‍ അടുത്തറിയണം. ആളുകളെയറിഞ്ഞ്, അവരില്‍ ഒരാളായി ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള ആ ഒഴുക്കില്‍ നമ്മളറിയാതെ നമ്മള്‍ മാറിയിട്ടുണ്ടാകും. നന്മയും സ്‌നേഹവും സാഹോദര്യവും ആവോളം നുകര്‍ന്ന്, കൂട്ടത്തില്‍ സ്വാഭാവികമായി കടന്ന് വരുന്ന കുഞ്ഞ് കുഞ്ഞ് പറ്റിക്കപ്പെടലുകളും ഒക്കെയായ് നടന്ന് നീങ്ങുമ്പോള്‍, ദൈവമേ മനുഷ്യന്‍ ഇത്രക്കും നല്ലവനാണൊ, ഇങ്ങനേയും നന്മയുള്ള ആളുകള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടൊ എന്നൊക്കെയുള്ള സന്തോഷം നിറഞ്ഞ അതിശയപ്പെടലുകള്‍ .

ആ അതിശയസന്തോഷങ്ങളുടെ വെടിക്കെട്ടായിരുന്നു  മൂന്ന് പെണ്ണുങ്ങളുടെ ശ്രീലങ്കന്‍ യാത്ര. കൊളംബൊ എയര്‍പോട്ടില്‍ ഇറങ്ങി ശ്രീലങ്കക്ക് കുറുകെ ആറു ദിവസം വട്ടം ചുറ്റി, തിരിച്ച് കൊളംബൊ എയര്‍പോര്‍ട്ടില്‍ എത്തുന്നത് വരെ ഞങ്ങള്‍ പരിചയപ്പെട്ടവര്‍. യാത്രയിലെ ഇത്തിരി നേരത്ത് സ്‌നേഹം കൊണ്ടും സഹായമനസ്ഥിതി കൊണ്ടും ഞങ്ങളെ അമ്പരപ്പിച്ചവര്‍ നിരവധിയായിരുന്നു. ജാതിക്കും, മതത്തിനും, രാഷ്ട്രീയത്തിനും വേണ്ടി പരസ്പരം കൊന്ന് തള്ളി, കയ്യറപ്പ് മാറിയ ഒരു സമൂഹത്തിനുമുന്നില്‍ ഇങ്ങനെയുള്ള നന്മകള്‍ പാടിപ്പറഞ്ഞേ തീരൂ. ഇങ്ങനെ നന്മയുള്ള മനുഷ്യര്‍ അവശേഷിക്കുന്നതുകൊണ്ട് മാത്രമാണ് ഈ ലോകം ഇന്നും ഇങ്ങനെ നിലനില്‍ക്കുന്നത്.

ദൈവമേ മനുഷ്യന്‍ ഇത്രക്കും നല്ലവനാണൊ?

എല്ല എന്ന കൊച്ചു പട്ടണത്തില്‍ ഹോം സ്‌റ്റേ നടത്തുന്ന ദമയന്തിച്ചേച്ചി. അവരുടെ മുഖത്ത് സദാ ഒരു ചിരിയുണ്ട്. അതവരുടെ ജോലിയുടെ ഭാഗമാണെന്ന് കാണാന്‍ ന്യായമില്ല. ഉള്ളില്‍ നിന്നും വരുന്ന ഒരു ചിരിയായിരുന്നു അത്. അവരുടെ തൊട്ടടുത്ത് താമസിക്കുന്ന സഹോദരനായിരുന്നു അകലെ നിന്നും വളവ് തിരിഞ്ഞ് വരുന്ന ബസ് കൈകാട്ടി നിര്‍ത്തി പിറ്റേന്ന് ഞങ്ങളെ കയറ്റിവിട്ടത്. കുട്ടിക്കാലത്ത് ചാപ്പനങ്ങാടിയിലെ ഉപ്പയുടെ വീട്ടില്‍ പോയി മടങ്ങുമ്പോള്‍ ഇത് പോലെ ബസ് കയറ്റി വിടാന്‍ ഉപ്പയുടെ അനിയനോ ജ്യേഷ്ഠനോ വരും. അത് പോലൊരു ഫീലായിരുന്നു അപ്പോള്‍. ഒന്നു തിരിഞ്ഞ് നന്ദി പറയാന്‍ കൂടി സാവകാശം കിട്ടും മുന്‍പ് ബസ് വിട്ടിരുന്നു. 

ബണ്ടാരവലെ എന്ന സ്ഥലത്ത് ബസ് എത്തിയപ്പോഴേക്കും കൊടും മഴയായിരുന്നു. ബണ്ടാരവലെ നിന്നും കൊളോംബോയിലേക്ക് ഏഴ് മണിക്കൂറോളം യാത്രയുണ്ട്. കൊടും മഴയത്ത് വെള്ളത്തില്‍ മുങ്ങിയ ബസ് സ്റ്റാന്‍ില്‍ കൊളംബൊ ബസ് അന്വേഷിച്ച് തേരാപാരാ നടക്കുന്ന ഞങ്ങളുടെ അടുത്തേക്ക് ഒരു ചെറുപ്പക്കാരന്‍ വന്നു. നാലുമണിയുടെ ബസ് മഴ കാരണം റദ്ദാക്കി. ഇനി നാലരക്ക് ബസുണ്ടെന്നും, ബസ് വന്നാല്‍ അവന്‍ വന്നു പറയാമെന്നും, ഇത് വിറ്റിട്ട് വരാമെന്നും പറഞ്ഞ് അയാള്‍ പോയി. ബസ് സ്റ്റാന്റില്‍ മുറുക്കും കടലമിഠായിയും ഒക്കെ വില്‍ക്കുന്ന പണിയാണ്. അയാള്‍ ചുമ്മാ പറഞ്ഞതാകും എന്ന ഞങ്ങളുടെ ധാരണയെ തിരുത്തി ആ ചെറുപ്പക്കാരന്‍ പിന്നേയും വന്നു. അയാളുടെ ബന്ധുക്കള്‍ ചെന്നൈയില്‍ ഉണ്ടെന്നും ഇടയ്ക്ക് ചെന്നൈയില്‍ വന്നിട്ടുണ്ടെന്നും ബസ് ഇപ്പോള്‍ വരും, വന്നാല്‍ ഞാന്‍ വന്ന് പറഞ്ഞോളാം എന്നും പറഞ്ഞ് അവന്‍ പിന്നേയും മുറുക്ക് വില്‍ക്കാന്‍ പോയി. കൊടുംമഴയത്ത് വിദൂര ദിക്കിലെ ആ ബസ് സ്റ്റാന്റില്‍, സിംഹള ഭാഷയില്‍ എഴുതിയ ബോര്‍ഡുകള്‍ വായിക്കാനാകാതെ ബസ് കാത്ത് നിന്ന ഞങ്ങളെ, തന്റെ തുഛമാത്രവരുമാനം കണക്കിലെടുക്കാതെ പലവട്ടം ഓടിയെത്തി ബസ് വരും ഞാന്‍ നോക്കുന്നുണ്ടെന്ന് ധൈര്യപ്പെടുത്താന്‍ അയാള്‍ കാണിച്ച ആ മനസ് ശരിക്കും അതിശയപ്പെടുത്തിക്കളഞ്ഞു. പിന്നീട് സ്റ്റാന്റിന്റെ അപ്പുറത്ത് ബസ് വന്ന് കിടക്കുന്നു എന്നവന്‍ വന്ന് പറഞ്ഞപ്പോള്‍, ബാഗെടുത്ത് മഴയത്ത് ഇറങ്ങി ഓടുന്നതിനിടയില്‍ അവന്റെ കയ്യീന്ന് ഒരു മുറുക്ക് പോലും വാങ്ങിയില്ലല്ലോ എന്ന സങ്കടം ഇടയ്ക്കിടെ പെയ്യുന്നുണ്ടിപ്പോഴും.

ദീര്‍ഘദൂര ബസ് യാത്രകള്‍ എനിക്കിഷ്ടമേയല്ല. ഇടക്കെങ്ങാനും പെടുക്കാന്‍ മുട്ടിയാല്‍ പെട്ടത് തന്നെ. രണ്ട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞതും ഒരു രക്ഷയും ഇല്ലാതെ ഞങ്ങള്‍ കണ്ടക്ടറെ ദയനീയമായി നോക്കി. പുറത്ത് നല്ല മഴയാണ്. ഒന്നു രണ്ട് പെട്രോള്‍ പമ്പുകളില്‍ നിര്‍ത്തിയെങ്കിലും അവിടെ ടോയിലറ്റ് സൗകര്യം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഒരു റെസ്‌റ്റോറന്റിനു മുന്നില്‍ ബസ് നിര്‍ത്തി കണ്ടക്ടര്‍ മഴയത്ത് ഇറങ്ങി അന്വേഷിച്ച് വന്നു. അവിടെ ടോയിലറ്റ് ഉണ്ടെന്ന് കേട്ടപാട് ഞങ്ങള്‍ ഇറങ്ങിയോടി. ബസില്‍ തിരിച്ച് കയറുന്നതിനടയ്ക്ക് ആ പാവം മനുഷ്യനോട് ഞങ്ങള്‍ വല്ലാതെ ഐക്യപ്പെട്ട് പോയിരുന്നു. ശിവകുമാര്‍, അതായിരുന്നു അയാളുടെ പേര്. തമിഴന്‍. പണ്ട് ഇന്ത്യയില്‍ നിന്നു കുടിയേറിയവരുടെ പിന്‍തലമുറ.

അതിശയങ്ങള്‍ പിന്നേയും ശ്രീലങ്ക ഞങ്ങള്‍ക്കായി കാത്ത് വെച്ചിരുന്നു.

കൊളംബൊയിലെത്തുമ്പോള്‍ രാത്രി 12 മണി. 

കൊളംബൊ വലിയ ടൗണല്ലെ, അവിടെയെത്തി ഏതേലും ഹോട്ടലില്‍ മുറിയെടുക്കാം എന്നു കരുതിയ ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ ഞെട്ടി. ഏതോ വിജനമായ ബസ് സ്റ്റാന്റ്. കൊളംബോയുടെ ചുക്കും ചൂരും ഇല്ല. കുഴങ്ങി നിന്ന ഞങ്ങളോട് ശിവകുമാര്‍, ബസില്‍ കയറാന്‍ പറഞ്ഞു. ആദ്യം ഭക്ഷണം കഴിക്കാം എന്നിട്ട് ഹോട്ടല്‍ നോക്കാമെന്ന്. കൊളംബൊയിലെ ഏതൊക്കെയോ തെരുവിലൂടെ ബസ് ഓടി. ഒരു ഹോട്ടലിനു മുന്നില്‍ നിര്‍ത്തി. ഭക്ഷണം കഴിച്ച് തിരിച്ച് ബസ് സ്റ്റാന്റിലേക്ക് പോയി ബസ് പാര്‍ക്ക് ചെയ്ത് അയാള്‍ ഞങ്ങളുടെ കൂടെ വന്നു. പെട്രാ ബസ് സ്റ്റാന്റായിരുന്നു അത്. കനാലിനു കുറുകെ കടന്ന് ഫ്‌ളോട്ടിങ്ങ് ബസാറിലൂടെ ഹോട്ടല്‍ ലക്ഷ്യമാക്കി അയാള്‍ ഞങ്ങളുടെ കൂടെ വന്നു. ആദ്യ ഹോട്ടലില്‍ കൊതുക് പടയെ കണ്ട് പേടിച്ച് വീണ്ടും വിജനമായ കൊളംബൊ തെരുവിലൂടെ അന്തിപ്പാതിരാക്ക് ഞങ്ങള്‍ നടന്നു. നിങ്ങള്‍ മടങ്ങിപ്പൊയ്‌ക്കോളൂ പുലര്‍ച്ചെ  തിരിച്ച് ട്രിപ്പ് ഉള്ളതല്ലേയെന്ന ഞങ്ങളുടെ വാദമൊന്നും അയാള്‍ കേട്ടില്ല. ഹോട്ടലിലാക്കി ശ്രദ്ധിച്ചോളണേയെന്നും പറഞ്ഞാണു ആ മനുഷ്യന്‍ പോയത്. ഒരു പരിചയവും ഇല്ലാത്ത ഞങ്ങള്‍ക്ക് വേണ്ടി ആ പാവം മനുഷ്യന്‍ ദീര്‍ഘമായ യാത്രക്ക് ശേഷവും ഹോട്ടലും തപ്പി കൂടെ അലയുക, അതും പാതിരാത്രിക്ക്. അതിശയമായിരുന്നു അപ്പോള്‍.

അതിശയങ്ങള്‍ പിന്നേയും ശ്രീലങ്ക ഞങ്ങള്‍ക്കായി കാത്ത് വെച്ചിരുന്നു. പിറ്റേന്ന് രാത്രി എയര്‍പോര്‍ട്ടിനടുത്തുള്ള ഹോം സ്റ്റേയിലേക്ക് മാറാനായി കെട്ടും ഭാണ്ഠവുമെടുത്ത് ബസ് സ്റ്റാന്റിലെത്തിയപ്പോള്‍ ഒറ്റ ബസില്ല. സര്‍ക്കാര്‍ ബസുകള്‍ എട്ട് മണിയോടെ ഓട്ടം നിര്‍ത്തി പ്രൈവറ്റ് വാഹനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നു. ഗത്യന്തരമില്ലാതെ ഒരു മിനി ബസില്‍ കയറിക്കൂടി. ഫുള്‍ പാക്ഡായ ബസില്‍ 'മുക്കാല മുക്കാബലാ' എന്ന പാട്ട് തകര്‍ത്തോടുന്നുണ്ട്. നമ്മള്‍ ശ്രീലങ്കേല്‍ തന്നെ ആണല്ലോല്ലേന്ന് ഉറപ്പ് വരുത്തി ആ തിരക്കിലും ബഹളത്തിലും മുഴുകി രസിച്ചിരുന്നു. ലാസ്റ്റ്് സ്‌റ്റോപ്പ് ആകുമ്പോഴേക്കും കിളി വന്ന് കാശ് പിരിക്കാന്‍ തുടങ്ങി. ഞങ്ങളുടെ കൈയില്‍ നിന്നും 200 രൂപ വെച്ച് വാങ്ങി. അടുത്തിരുന്ന ആള്‍ കൊടുത്തത് 130 രൂപ. അതെന്ത് ന്യായമെന്ന് ഞങ്ങള്‍. ആകെ ബഹളം. അന്നേരമാണു ആ ചെറുപ്പക്കാരന്‍, കിളിയോട് മര്യാദക്ക് അവരുടെ കയ്യില്‍ നിന്നും അധികം വാങ്ങിയ കാശ് തിരിച്ചു കൊടുക്കാന്‍ പറഞ്ഞത്. അയാളുടെ ഭാവം കണ്ട കിളി, പറന്നു വന്ന് അധികം വാങ്ങിയ കാശ് തിരിച്ച് തന്നു. ഇറങ്ങി പോകുന്നതിനിടെ അയാള്‍ പേരു പറഞ്ഞു. വിരാജ്.

ഇനിയൊരിക്കലും ഇവരെയൊന്നും കാണലുണ്ടാകില്ല. തിരിച്ചൊന്നും ചെയ്യാനായില്ലല്ലോയെന്ന കടം ബാക്കിയുണ്ട്. തീര്‍ച്ചയായും അത് വീട്ടാനാകുക മുന്നില്‍ വന്ന് നില്‍ക്കുന്നവര്‍ക്ക് സഹായം ചെയ്തുകൊണ്ട് മാത്രമാണ്. ആ തിരിച്ചറിവാണു ഓരോ യാത്രകളും ബാക്കിവെക്കുന്നതും.

അവളവളുടെ ഉള്ളിലേക്കും കൂടിയാവണം ഓരോ യാത്രകളും എന്നത് എത്ര ശരിയാണ്.

പെണ്‍ യാത്രകള്‍:

അവള്‍ ഹിഡുംബി; പ്രണയം കൊണ്ട് മുറിവേറ്റവള്‍!

സ്വപ്നം വിളയുന്ന സോനാര്‍ഗല്ലി

അവളെന്തിനാണ് ഒറ്റക്ക് പോയത്..?

ഏദന്‍തോട്ടം ഇതാ, ഇവിടെയാണ്!

അവള്‍ ജയിലില്‍ പോവുകയാണ്, ഒരിക്കലും കാണാത്ത അച്ഛനെ കാണാന്‍!

കാലാപാനിയിലേക്ക് വീണ്ടും

ഈ പുഴകളൊക്കെ യാത്രപോവുന്നത്  എങ്ങോട്ടാണ്?

ഭക്തര്‍ ദൈവത്തെ തെറി  വിളിക്കുന്ന ഒരുല്‍സവം!

വാ, പെണ്ണുങ്ങളേ, നമുക്കൊരു  യാത്ര പോവാം!

കുടജാദ്രിയിലേക്കുള്ള വഴി!

ബസ് യാത്രകളില്‍ ഒരു സ്ത്രീ  ഏറ്റവും ഭയക്കുന്ന നിമിഷം!

വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം, മഞ്ഞറിയുമ്പോള്‍ ഒരുവള്‍ കുട്ടിക്കാലം തൊടുന്നു!

പ്രകാശം പരത്തുന്ന പെണ്‍ചിരികള്‍!

അമര്‍സിംഗ് ഒരിക്കലും  പാക്കിസ്ഥാനില്‍ പോയിട്ടില്ല!

ആ പാട്ട് നിറയെ പ്രണയമായിരുന്നു!

പ്രണയമായിരുന്നു അവന്റെ കുറ്റം; അതിനാണ് അവനെ അവര്‍ കൊന്നത്!

അറിയാത്ത ബാഹുബലിയുടെ നാട്ടില്‍

കൈയും കാലും വെട്ടിമാറ്റപ്പെട്ട ക്ഷേത്രശില്‍പ്പങ്ങള്‍

മീന്‍ യാത്രകള്‍!
 

click me!