അതികാലത്തെഴുന്നേറ്റ് ഹോട്ടലില്‍ നിന്നും പുറത്ത് കടന്ന്, തെരുവിന്റെ അങ്ങേയറ്റത്ത് ഒരു ചായക്കട തുറന്നിരിപ്പുണ്ടാകും എന്ന പ്രതീക്ഷയില്‍ ചുമ്മാ നടന്നു പോകുക. സമോവറില്‍ വെള്ളം തിളക്കുന്നേ ഉണ്ടാകു. ഒഴിഞ്ഞ് കിടക്കുന്ന ആ തെരുവില്‍ നിന്ന് ചൂടു ചായ കുടിക്കുമ്പോഴുള്ള സുഖം, അതൊരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. ഉച്ചയ്ക്ക് മത്തി കറിവെക്കണോ വറുക്കണോ എന്ന കണ്‍ഫ്യൂഷനൊന്നും അലട്ടാതെ വണ്ടി ഓടിയെത്തുന്ന ഇടത്തെ ഹോട്ടലില്‍ കയറി മെനു നോക്കി ഫിഷ് വിന്താലുവും ചുട്ടുള്ളി മീനും കൂട്ടി ചോറു വാരിതിന്നുമ്പോ ഒരു ആശ്വാസം കൂടിയുണ്ടാകും ഉള്ളില്‍. സിങ്കില്‍, തന്നെ നോക്കി ഒറ്റ പാത്രങ്ങളും ഇളിക്കുന്നില്ല!
ഒരു ശരാശരി മലയാളി സ്ത്രീ ഏറ്റവും കൂടുതല്‍ തന്നോട് തന്നെ ചോദിച്ചിരിക്കാവുന്ന ചോദ്യമേതാകും?
അധികമൊന്നും ആലോചിക്കേണ്ടതില്ല, ഉത്തരത്തിന്.
പ്രാതലിനു എന്തുണ്ടാക്കും?
ഉച്ചയക്ക് ചോറിനൊപ്പം എന്ത് കറി വെക്കും?
രാത്രി ചപ്പാത്തിക്ക് ഇനിയിപ്പൊ എന്ത് കറിയാണു വെക്കുക ഈശ്വരാ..?
ഒരു മാറ്റവുമില്ലാതെ അഭംഗുരം തുടര്‍ന്നു പോരുന്ന ഒരു കലാപരിപാടി. സമ്മാനങ്ങളോ അഭിനന്ദനങ്ങളോ പ്രതീക്ഷിക്കരുത്. മറിച്ച് ഈ പരിപ്പ് കറിയല്ലാതെ വായക്ക് രുചിയുള്ള വല്ലോം വച്ചുണ്ടാക്കിക്കൂടെ നിനക്കെന്ന ചോദ്യം എപ്പോള്‍ വേണേലും ഉയരാം. പാചകം ഒന്നാംതരം ഒരു കലയാണ്. മറിച്ച് അഭിപ്രായം ഇല്ല. പക്ഷെ അത് ഒരാളുടെ മാത്രം കടമ ആകുമ്പോഴാണ് അടുക്കള ഒരു കെണിയാകുന്നത്. ആ കെണിയില്‍ നിന്നും ഓടിപ്പോകാന്‍ ആഗ്രഹിച്ചുപോവുന്നത്.
ഒറ്റപ്പെടലിന്റെ വിരസതകളില്‍ നിന്നും രക്ഷപ്പെടാനാണ് അവര്‍ യാത്രകളെ കൂട്ടുപിടിക്കുന്നത്.
അടുക്കളയില്‍നിന്ന് അങ്ങാടിയിലേക്ക്
അതികാലത്തെഴുന്നേറ്റ് ഹോട്ടലില്‍ നിന്നും പുറത്ത് കടന്ന്, തെരുവിന്റെ അങ്ങേയറ്റത്ത് ഒരു ചായക്കട തുറന്നിരിപ്പുണ്ടാകും എന്ന പ്രതീക്ഷയില്‍ ചുമ്മാ നടന്നു പോകുക. സമോവറില്‍ വെള്ളം തിളക്കുന്നേ ഉണ്ടാകു. ഒഴിഞ്ഞ് കിടക്കുന്ന ആ തെരുവില്‍ നിന്ന് ചൂടു ചായ കുടിക്കുമ്പോഴുള്ള സുഖം, അതൊരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. ഉച്ചയ്ക്ക് മത്തി കറിവെക്കണോ വറുക്കണോ എന്ന കണ്‍ഫ്യൂഷനൊന്നും അലട്ടാതെ വണ്ടി ഓടിയെത്തുന്ന ഇടത്തെ ഹോട്ടലില്‍ കയറി മെനു നോക്കി ഫിഷ് വിന്താലുവും ചുട്ടുള്ളി മീനും കൂട്ടി ചോറു വാരിതിന്നുമ്പോ ഒരു ആശ്വാസം കൂടിയുണ്ടാകും ഉള്ളില്‍. സിങ്കില്‍, തന്നെ നോക്കി ഒറ്റ പാത്രങ്ങളും ഇളിക്കുന്നില്ല!
ഹോട്ടല്‍ റൂമില്‍ എത്തിയാലുടന്‍ ബാഗ് വലിച്ച് തുറന്ന് വസ്ത്രങ്ങളും പുസ്തകങ്ങളും കട്ടിലില്‍ വലിച്ച് വാരിയിടുന്നൊരു കൂട്ടുകാരിയുണ്ട്. വീട്ടില്‍ ഒരു സാധനവും സ്ഥാനം തെറ്റാന്‍ പാടില്ലെന്ന കര്‍ശന ചിട്ടയാണത്രെ. വായിച്ച് മടക്കിയ ഒരു പുസ്തകം, കട്ടിലില്‍ കമിഴ്ന്ന് കിടക്കുന്നത് കണ്ടാല്‍ ചീത്ത വിളിക്കുന്ന ഭര്‍ത്താവ്. അടുക്കിപെറുക്കലൊക്കെ പെണ്ണിന്റെ മാത്രം കടമയാണെന്നാണു ആചാരം. മാര്‍ക്കേസും യോസയും ആന്റണ്‍ ചെക്കോവുമൊക്കെ കട്ടിലില്‍ കമിഴ്ന്ന് കിടന്ന് മാധവിക്കുട്ടിയോടും എംടിയോടുമൊക്കെ മലയാളം പറയുന്നത് കേട്ട് , അതിനിടയില്‍ കിടന്ന് പൊട്ടിപൊട്ടി ചിരിച്ച് രാത്രി മുഴുവന്‍ ഉറങ്ങാതെ കഥകള്‍ പറയുക.
അവര്‍ പറക്കട്ടെ, ചിറകുകള്‍ കുടഞ്ഞ് , ശലഭം പോല്‍ ഉയരങ്ങളിലേക്ക് പറക്കട്ടെ.
യാത്രകള്‍ തിരിച്ചറിവുകളുടേത് കൂടിയാണ്
ബീഹാറിന്റെ അങ്ങേയറ്റത്ത് കോസി നദിക്കരയില്‍, നദീജലത്തില്‍ കലങ്ങിയൊഴുകി പോയ ജീവിതത്തെ പറ്റി, ഒരു കരയിലും അടുപ്പിക്കാനാവാത്ത അടങ്ങാത്ത നിസ്സഹായതയെ പറ്റി ഗ്രാമത്തിലെ സ്തീകള്‍ പറഞ്ഞത് മുഴുവന്‍ കേട്ട് മടങ്ങുന്നതിനിടയിലാണു ഷാഹിദ ചേച്ചി എന്നെ കെട്ടിപ്പിടിച്ച് കരയുന്നത്. റിട്ടയേഡ് ടീച്ചറാണ് അവര്‍. ഭര്‍ത്താവ് മരിച്ചു. പെന്‍ഷനുണ്ട്.
ഒറ്റപ്പെടലിന്റെ വിരസതകളില്‍ നിന്നും രക്ഷപ്പെടാനാണ് അവര്‍ യാത്രകളെ കൂട്ടുപിടിക്കുന്നത്. ഈ വയസാം കാലത്ത് അടങ്ങിയൊതുങ്ങി എവിടേലും ഇരുന്നു പ്രാര്‍ത്ഥിച്ചാല്‍ പോരേയെന്നു മരുമകള്‍ കുത്തുവാക്ക് പറയുമത്രെ. എങ്ങനെയാണ് വേദനയില്ലാതെ മരിക്കുക എന്നതാണ് ഏറ്റവും അധികം തവണ ഗൂഗിളില്‍ തിരഞ്ഞതെന്ന് അവര്‍ പറഞ്ഞ നിമിഷം ഞാനവരുടെ കൈകള്‍ ചേര്‍ത്ത് പിടിച്ചു. യാത്രകള്‍ തിരിച്ചറിവുകളുടേത് കൂടിയാണ്. തനിക്ക് പുറത്തും ജീവിതങ്ങള്‍ ഉണ്ടെന്നും, നിരന്തരമായ സമരങ്ങളിലാണു ആ ജീവിതങ്ങളൊക്കെയും എന്ന തിരിച്ചറിവ്. അത് നമ്മെ മറക്കാനും പൊറുക്കാനും പഠിപ്പിക്കും.
ആ കൂക്കുവിളികളുടെ അര്‍ത്ഥം!
പത്തിരുപത് കൊല്ലം മുന്‍പ് , ഒറ്റപ്പെടലിന്റെ മടുപ്പ് മറികടക്കാന്‍ പെണ്ണുങ്ങള്‍ കണ്ടുപിടിച്ച ഒരു സൂത്രം ഉണ്ടായിരുന്നു. സന്ധ്യാനേരത്ത് , പല വീടുകളില്‍ നിന്നും പുറപ്പെട്ടിരുന്ന കൂക്ക് വിളികള്‍, അട്ടഹാസങ്ങള്‍. ഇളക്കം ഇളകി, അല്ലെല്‍ ബാധ കേറിയതാണെന്നൊക്കെ പറഞ്ഞ് കുട്ടാപ്പുവും വേലുവും പല ബാധകളേയും ഒഴിപ്പിച്ചിരുന്നു അന്ന്. ആണുങ്ങളൊക്കെ അന്നേരം ഏതേലും കള്ളു ഷാപ്പില്‍, അല്ലെങ്കില്‍ കടത്തിണ്ണകളില്‍, സിനിമാ ശാലകളില്‍ കൂട്ടുകാരോടൊപ്പം സൊറ പറഞ്ഞിരിക്കുകയാവും. മടുപ്പില്‍ നിന്നും രക്ഷപ്പെടാനും ശ്രദ്ധ ആകര്‍ഷിക്കാനും കണ്ടുപിടിച്ച വിചിത്ര വഴികള്‍. പിന്നീട് ടെലിവിഷന്റെ വരവോടെ ആ കൂക്കുവിളികള്‍ പതിയെ പതിയെ നിന്നു.
ജോലിയും വരുമാനവുമുള്ള സ്ത്രീകള്‍ ഇതില്‍ നിന്നും മുക്തരാണ് എന്നാണു വെയ്പ്പ്. പക്ഷെ തൊഴിലിടങ്ങളിലെ സൗഹാര്‍ദ്ദങ്ങളേയും ഇടപഴകലുകളെയും ഭൂതക്കണ്ണാടി വെച്ച് നോക്കുന്ന ഒരാള്‍ വീട്ടിലുണ്ടായാല്‍ മതി, മൂഷിക സ്ത്രീ വീണ്ടും മൂഷികസ്ത്രീ ആകാന്‍!
അടുത്ത യാത്രയ്ക്ക് ഞങ്ങളും കൂടെയുണ്ട് എന്ന് പറയുന്ന സ്ത്രീകളുടെ എണ്ണം കൂടി വരികയാണ്. ഒരു പെണ്ണ് ഒറ്റക്ക് യാത്ര ചെയ്താല്‍, അല്ലെങ്കില്‍ ഒരു കൂട്ടം പെണ്ണുങ്ങള്‍ ഒരുമിച്ചൊരു യാത്ര പോയാല്‍ ലോകം അവസാനിക്കുകയൊന്നും ഇല്ല. അവര്‍ പറക്കട്ടെ, ചിറകുകള്‍ കുടഞ്ഞ് , ശലഭം പോല്‍ ഉയരങ്ങളിലേക്ക് പറക്കട്ടെ.
പെണ്‍ യാത്രകള്‍:
അവള്‍ ഹിഡുംബി; പ്രണയം കൊണ്ട് മുറിവേറ്റവള്‍!
അവളെന്തിനാണ് ഒറ്റക്ക് പോയത്..?
അവള്‍ ജയിലില്‍ പോവുകയാണ്, ഒരിക്കലും കാണാത്ത അച്ഛനെ കാണാന്‍!
ഈ പുഴകളൊക്കെ യാത്രപോവുന്നത് എങ്ങോട്ടാണ്?
ഭക്തര്‍ ദൈവത്തെ തെറി വിളിക്കുന്ന ഒരുല്‍സവം!