കൈയും കാലും വെട്ടിമാറ്റപ്പെട്ട ക്ഷേത്രശില്‍പ്പങ്ങള്‍

By Yasmin N K  |  First Published Jun 12, 2017, 12:55 PM IST

പതിനാലാം നൂറ്റാണ്ടില്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ അനുചരന്‍ ആയിരുന്ന മാലിഖ് ഖഫൂറിന്റെ പടയോട്ടത്തില്‍ അമ്പേ തകര്‍ന്നടിഞ്ഞതാണ് അമ്പലവും ചുറ്റുപാടുകളും. തലയില്ലാത്ത അംഗഭംഗം വന്ന ശില്‍പ്പങ്ങള്‍. മുറിച്ച് മാറ്റിയ കഴുത്തോട് കൂടിനില്‍ക്കുന്ന കുതിരകളും ആനകളും. ഒരു ചരിത്രത്തിന്റെ അവശേഷിപ്പുകള്‍.


പന്ത്രണ്ടാം നൂറ്റാണ്ടില്‍ കന്നടദേശം ഭരിച്ചിരുന്ന ഹൊയ്‌സാലാ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ഹാലേബീഡു. ഹാലേബീഡു എന്നാല്‍ പഴയ സങ്കേതം എന്നാണര്‍ത്ഥം. ദ്വാര സമുദ്ര എന്നായിരുന്നത്രെ ഈ സ്ഥലത്തിന്റെ ആദ്യനാമം.പ്രധാനമായും രണ്ട് ക്ഷേത്രങ്ങളാണ് ഇവിടെ ഉള്ളത്. ഹൊയ്‌സലേശ്വര ക്ഷേത്രവും കേദേശ്വര ക്ഷേത്രവും. അമ്പലം അല്ലാതെ ഈ ചത്വരത്തിനകത്ത് കൊട്ടാരത്തിന്റേയും കോട്ടയുടെയുമൊക്കെ അവശിഷ്ടങ്ങള്‍ മണ്ണിനടിയില്‍ മറഞ്ഞു കിടപ്പുണ്ടെന്ന് തോന്നുന്നു. ഒരു ചക്രവര്‍ത്തിയും പരിവാരങ്ങളും എല്ലാ ആലഭാരങ്ങളോടെയും വാണിരുന്ന സ്ഥലമാണെന്ന് സുനിശ്ചിതം. പതിനാലാം നൂറ്റാണ്ടില്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ അനുചരന്‍ ആയിരുന്ന മാലിഖ് ഖഫൂറിന്റെ പടയോട്ടത്തില്‍ അമ്പേ തകര്‍ന്നടിഞ്ഞതാണ് അമ്പലവും ചുറ്റുപാടുകളും. തലയില്ലാത്ത അംഗഭംഗം വന്ന ശില്‍പ്പങ്ങള്‍. മുറിച്ച് മാറ്റിയ കഴുത്തോട് കൂടിനില്‍ക്കുന്ന കുതിരകളും ആനകളും. ഒരു ചരിത്രത്തിന്റെ അവശേഷിപ്പുകള്‍.

Latest Videos

ഹൊയ്‌സാല ശില്പചാതുര്യത്തിന്റെ ഉത്തമ ഉദാഹരണമാണു അമ്പലവും പരിസരവും. ഹിന്ദു മിതോളജിയിലെ എല്ലാ ചിഹ്നങ്ങളും കൊത്തിവെക്കപ്പെട്ടിട്ടുണ്ട്. ശില്‍പ്പങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. അമ്പലം കൂടാതെ മൂന്ന് ജൈന ബസതികള്‍ ഉണ്ട് ചത്വരത്തിനകത്ത്.  പരഷ്‌നാഥ ബസതിക്ക് മുന്നില്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത ബാഹുബലിയുടെ  പടുകൂറ്റന്‍ പ്രതിമ. 

ഹൊയ്‌സലേശ്വര ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ ദ്വാരപാലികമാര്‍ കൈയും കാലും മുറിഞ്ഞ് അധിനിവേശത്തിന്റെ ഓര്‍മ്മപ്പാടുകളായ് നില്‍ക്കുന്നു. അമ്പലത്തിനകത്ത് സ്തൂപങ്ങളിലും മച്ചിലുമൊക്കെ നിറയെ കൊത്തു പണികളാണ്. കണ്ണാടിയേന്തിയ വനിതയാണു ഏറ്റവും മനോഹരമായത്.

കേദേശ്വര ക്ഷേത്രത്തിനു പുറത്തെ ഒറ്റക്കല്ലില്‍ തീര്‍ത്ത പടുകൂറ്റന്‍ നന്ദി പ്രതിമ. അക്കാലത്ത് ഇമ്മാതിരിയൊക്കെ പണിതുണ്ടാക്കാന്‍ എത്രയേറെ ആളുകള്‍ അഹോരാത്രം പണിയെടുത്തിട്ടുണ്ടാകും എന്ന ചിന്ത അമ്പരപ്പിക്കുന്നതായിരുന്നു.

ഹാലെബീഡുവിനു തൊട്ടടുത്താണ് ബേലൂര്‍ എന്ന വേലാപുരി. ഹാലേബീദുവും ബേലൂരും കേന്ദ്രീകരിച്ചാണു ഹൊയ്‌സാലാ രാജാക്കന്മാര്‍ ഭരണം നടത്തിയിരുന്നത്. ചിന്ന കേശവ ക്ഷേത്രമാണ് ബേലൂരിലെ പ്രധാന ആകര്‍ഷണം. വിഷ്ണുവാണ് പ്രതിഷ്ഠ. ശില്പചാതുര്യത്തിന്റെ മകുടോദാഹരണമാണു ഈക്ഷേത്രം. നിറയെ കൊത്തുപണികള്‍, എല്ലാം ഒന്നിനൊന്നു മെച്ചം. ഹൊയ്‌സാലാ ചക്രവര്‍ത്തി വിഷ്ണുവര്‍ദ്ധന്റെ പട്ടമഹിഷി ശന്തളാദേവി പള്ളി നീരാട്ട് നടത്തിയിരുന്ന പടുകൂറ്റന്‍ കുളം. നിറയെ പടിക്കെട്ടുകളൊട് കൂടിയ കുളത്തില്‍ ഇറങ്ങിയാല്‍ കടുവ പോലും കാണില്ല എന്നാണു ഐതിഹ്യം. അതിനര്‍ത്ഥം ഒരുകാലത്ത് ഇവിടം കൊടും കാടായിരുന്നു എന്ന് തന്നെയല്ലേ!

ചെറിയൊരു അങ്ങാടിയാണു ബേലൂര്‍ ടൗണ്‍. തട്ടുകടക്കാരും ക്ഷേത്രത്തിന്റെയും പരിസരത്തിന്റേയും ചിത്രങ്ങള്‍ വില്‍ക്കുന്നവരും, പ്രതിമകള്‍ കൊത്തുന്നവരും വില്‍പ്പനക്കാരുമൊക്കെയായി ബഹളമയം. ബുദ്ധന്റെ പ്രതിമ കൊത്തുന്ന സ്ത്രീകള്‍. വില്‍പ്പനക്ക് വെച്ചിരിക്കുന്ന നിരവധി ബുദ്ധന്മാര്‍. വില പേശി വാങ്ങി ഷോകേസില്‍ കൊണ്ട് പോയി വെക്കും എല്ലാവരും. ചില്ലലമാരയില്‍ ഇരുന്നു ചിരിക്കുക എന്നത് മാത്രമാണു ഇന്ന് ബുദ്ധന്റെ യോഗം. 

മുള്ളയന്‍ ഗിരി മലകള്‍ക്ക് കീഴെയുള്ള മനോഹരമായ ഒരു ചെറു പട്ടണമാണു ചികമാംഗ്ലൂര്‍ . ഇളയ പെണ്‍കുട്ടിക്ക് സ്തീധനം കൊടുത്ത സ്ഥലം എന്നാണു ചികമാംഗ്ലൂര്‍ എന്നാല്‍ അര്‍ത്ഥം. പണ്ട, ഇവിടം ഭരിച്ചിരുന്ന രാജാവിന്റെ ഇളയ പുത്രിക്ക് എഴുതിക്കൊടുത്ത സ്ഥലമായിരുന്നത്രെ ഇത്.  അന്നിത് കിട്ടിയവന്‍ എന്തായാലും ഭാഗ്യവാന്‍ ആണ്. അത്രക്കും മനോഹരമായ ഒരു പ്രദേശമാണു ചികമാംഗ്ലൂര്‍. പച്ചച്ച കുന്നുകളും താഴ്‌വാരങ്ങളും നിറഞ്ഞൊഴുകുന്ന വെള്ള ചാട്ടങ്ങളുമായി മനൊഹരമായ ഭൂപ്രകൃതി. നല്ല തണുത്ത കാറ്റിങ്ങനെ വീശിയടിച്ച് കൊണ്ടേയിരിക്കും. സന്ദര്‍ശകര്‍ അധികം എത്തിപ്പെടാത്തത്‌കൊണ്ട് പ്രകൃതിക്ക് വലിയ കോട്ടം തട്ടിയിട്ടില്ല. 

കാപ്പിത്തോട്ടങ്ങള്‍ക്ക് പ്രസിദ്ധമാണ് ചികമാംഗ്ലൂര്‍. തണുപ്പത്ത് ചൂടുള്ള കാപ്പിയും നല്ല മൊരിഞ്ഞ മസാലദോശയും കഴിക്കുമ്പോഴറിയാം ആ ദേശത്തിന്റെ ഭക്ഷണപ്പെരുമ.

കര്‍ണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണു മുള്ളന്‍ ഗിരി പീക്ക്. ട്രെക്കേസിന്റെ കൂട്ടുകാരന്‍. തണുത്ത കാറ്റും പച്ചപ്പും എല്ലാമായി പ്രകൃതി
കനിഞ്ഞനുഗ്രഹിച്ച സ്ഥലം. ഏറ്റവും മുകളില്‍ ഒരു അമ്പലമുണ്ട്. വലിഞ്ഞു കയറി മുകളിലെത്തിയാല്‍ കയറി വന്ന ക്ഷീണമെല്ലാം പമ്പ കടക്കും. 
മുള്ളയന്‍ ഗിരിയിലെ അസ്തമയ ദൃശ്യം മനോഹരമാണ്. കാറ്റില്‍ തണുത്ത് വിറച്ച് അകലെ കുന്നിന്‍ ചെരുവില്‍ മറയുന്ന സൂര്യനെ നോക്കി നില്‍ക്കുക. തീര്‍ത്തും അവിചാരിതമായി വീണു കിട്ടുന്ന അസുലഭ മൂഹര്‍ത്തങ്ങള്‍.

മുള്ളയന്‍ ഗിരി കയറുന്നവര്‍ ബാബാ ബുദ്ധന്‍ ഗിരി പോകാതെ മടങ്ങില്ല. പതിനേഴാം നൂറ്റാണ്ടില്‍ അറേബ്യയില്‍ നിന്നും വന്ന ഹസ്രത്ത് ഹയാത് കലന്ദറിന്റെ ദര്‍ഗയാണു ബാബാ ബുദ്ധന്‍ഗിരിയെ പ്രശസ്തമാക്കുന്നത്. സൂഫിവര്യനായിരുന്നു ഹയാത്ത് കലന്ദര്‍. മതങ്ങള്‍ക്കപ്പുറം മനുഷ്യരെ സ്‌നേഹിച്ച ആള്‍.ഹിന്ദുക്കളും  മുസ്ലിമുകളും അദ്ദേഹത്തെ തങ്ങളുടെ സ്വന്തം ആളായി കാണുന്നു.  അതീവ സുരക്ഷാ മേഖലയാണു ദര്‍ഗയും പരിസരവും. 

കൂറ്റന്‍ മതിലിനു പുറത്ത് കമ്പിച്ചുരുളുകള്‍ വളച്ച് കെട്ടി ഭദ്രമാക്കിയിരിക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ ദര്‍ഗയില്‍ നടക്കുന്ന ഉത്സവത്തിനു ലക്ഷക്കണക്കിനു ആളുകളാണത്രെ പങ്കെടുക്കുക. ആളുകള്‍ക്ക് വരാനും പോകാനുമായി കമ്പി വേലികള്‍ കെട്ടിയിരിക്കുന്നു. വര്‍ത്തമാന കാല ഇന്ത്യയുടെ മത വെറിയുടെയും പരസ്പര വിശ്വാസമില്ലായ്മയുടെയും ഒന്നാംതരം തെളിവ്.

ഒരുകാലത്ത് ഒരു മതം ഒരു ദൈവം എന്നും പറഞ്ഞ് മനുഷ്യരെ അകമഴിഞ്ഞ് സ്‌നേഹിച്ച ഒരാള്‍, മരണ ശേഷം അതേ ആള്‍ക്കാര്‍ ചേരി തിരിഞ്ഞ് അവകാശം പറയുന്നത് കണ്ട്  കമ്പിച്ചുരുളുകള്‍ താണ്ടാനാവാതെ താടിക്ക് കൈയും കൊടുത്ത്  വിഷണ്ണനായിരിക്കുന്ന കാഴ്ച വേദനിപ്പിക്കുന്നതായിരുന്നു. 

വൈവിധ്യങ്ങളുടെ  നാടാണ് ഇന്ത്യ. പലതരം ആളുകള്‍, ഭാഷ, സംസ്‌കാരം, വിശ്വാസം എല്ലാം വേറെ വേറെ. എന്നിരുന്നാലും ഇന്ത്യ എന്നൊരു പൊതു വികാരം ഉണ്ട്. അത് അങ്ങനെ തന്നെ നില നില്‍ക്കേണ്ടത് നമ്മുടെ തന്നെ ആവശ്യമാണു.  നിലനില്‍പ്പിന്റെ ആണിക്കല്ല്.

(അവസാനിച്ചു)
 

ആദ്യ ഭാഗം:അറിയാത്ത ബാഹുബലിയുടെ നാട്ടില്‍

click me!