അറിയാത്ത ബാഹുബലിയുടെ നാട്ടില്‍

By Yasmin N K  |  First Published Jun 7, 2017, 4:27 PM IST

ശ്രാവണ ബലഗോള ചുറ്റി, ഹാലേബീഡുവും ബേലൂരും കണ്ട് ചികമംഗ്ലൂര്‍ വഴി മുള്ളന്‍ ഗിരി മല കയറി കാറ്റു പിടിച്ച പട്ടം കണക്കെ  ബാബാ ബുദ്ധന്‍ ഗിരിയില്‍ പോയി സൂഫി ബാബയെ കണ്ട് സുഖല്ലേന്ന് ചോദിച്ച് ഒരു തിക്കും തിരക്കുമില്ലാത്തൊരു  പോക്ക്.


യാതൊരു മുന്നൊരുക്കങ്ങളും കൂടാതെ ഒരു യാത്ര പോകുക, അതിന്റെ ത്രില്‍ അനുഭവിച്ച് തന്നെയറിയണം. മൂന്നോ നാലോ ദിവസത്തേക്കുള്ള ഡ്രസ് എടുത്ത് ബാഗില്‍ വെച്ച് കാറും എടുത്തൊരു പോക്ക്. ഒരേ തീവ്രതയില്‍ ഭ്രാന്തുള്ള കൂട്ടുകാര്‍ കൂടെയുണ്ടെങ്കില്‍ യാത്രയിലെ അനിശ്ചിതത്വങ്ങളെല്ലാം ഒരു ചിരിയിലൊതുക്കി , വരുന്നിടത്ത് വെച്ച് കാണാമെന്നൊരു യാത്ര. അങ്ങനെയൊരു യാത്രയായിരുന്നു അത്. 

Latest Videos

ശ്രാവണ ബലഗോള ചുറ്റി, ഹാലേബീഡുവും ബേലൂരും കണ്ട് ചികമംഗ്ലൂര്‍ വഴി മുള്ളന്‍ ഗിരി മല കയറി കാറ്റു പിടിച്ച പട്ടം കണക്കെ  ബാബാ ബുദ്ധന്‍ ഗിരിയില്‍ പോയി സൂഫി ബാബയെ കണ്ട് സുഖല്ലേന്ന് ചോദിച്ച് ഒരു തിക്കും തിരക്കുമില്ലാത്തൊരു  പോക്ക്.

നോട്ട് നിരോധനം കൊടുമ്പിരി കൊണ്ട് നില്‍ക്കുന്നസമയമായത് കൊണ്ട് കറന്‍സിയായിട്ട് ആരുടെ കൈയിലും അധികം ഒന്നുമില്ല. എല്ലാവരുടെ അടുത്തും രണ്ടും മുന്നും കാര്‍ഡുകളുണ്ട്. ബാവലി കഴിഞ്ഞ് കര്‍ണാടകയിലൂടെ വണ്ടി ഓടി തുടങ്ങിയപ്പോഴെ ഒരു കാര്യം ബോധ്യപ്പെട്ടിരുന്നു. കൈയിലുള്ള കാര്‍ഡൊക്കെ പേഴ്‌സില്‍ ഇരിക്കത്തെ ഉള്ളൂ. വയറിന്റെ വിശപ്പ് മാറണമെങ്കില്‍ ഗാന്ധിത്തല തന്നെ വേണം. 

ഡിജിറ്റല്‍ ഇന്ത്യ എന്ന സങ്കല്പം ആരുടെ തലയില്‍ ഉദിച്ചതാണെങ്കിലും അവരെയൊക്കെ ഒന്ന് ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യിപ്പിച്ചാല്‍ തീരുന്ന പ്രശ്‌നങ്ങളെയുള്ളു.  വിദൂരമായ ഗ്രാമങ്ങള്‍, രണ്ടോ മൂന്നോ പെട്ടിക്കടകള്‍ കൂടുന്നതാണു കവല. ഒരു ബാങ്കോ എടിഎമ്മൊ കണ്ട് കിട്ടണമെങ്കില്‍ കിലോമീറ്ററുകളോളം നടക്കണം. വയലില്‍ അന്തി വരെ പണിയെടുക്കുന്ന ഈ പാവങ്ങള്‍ ബാങ്കില്‍ ചെന്ന് ക്യൂ നില്‍ക്കണൊ അതോ  പാടത്ത് വളം ഇടുകയും വെള്ളം നനക്കുകയും ചെയ്യണോ?  

ഭുജംഗയ്യന്റെ നാട്ടിലൂടെയാണു യാത്ര. റോഡിനിരുവശത്തും പാടങ്ങള്‍, നെല്ലും ചോളവും കാബേജും കോളി ഫ്‌ളവറുമെല്ലാം വിളയുന്ന പൊന്‍ ഭൂമികള്‍. ഒറ്റപ്പെട്ട് നില്‍ക്കുന്ന പച്ചക്കുട വിരിച്ച മരങ്ങള്‍. ശ്രീ കൃഷ്ണ ആലഹനള്ളിയുടെ 'ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍' എന്ന നോവല്‍ വളരെ പണ്ടാണു വായിക്കുന്നത്. കരളില്‍ കൊത്തി വെച്ചത് പോലെ ചുവന്നു വിണ്ട പാടങ്ങളും ഭുജംഗയ്യനും പാട വരമ്പിലെ ഒറ്റപ്പെട്ട മരത്തണലും.

ഭുജംഗയ്യന്റെ ദൈന്യത, നിരാശ, വരള്‍ച്ചയില്‍ ഉഴലുന്ന ഗ്രാമവാസികള്‍, മഴക്കായുള്ള കാത്തിരുപ്പ്. അവസാനം ,ഒറ്റത്തുള്ളി മഴക്കായി വാപൊളിച്ച് പാടത്ത് കുഴഞ്ഞ് കിടക്കുന്ന ഭുജംഗയ്യന്‍. 

കര്‍ണാടകയിലൂടെ കടന്നു പോകുമ്പോള്‍ ഭുജംഗയ്യനെ ഓര്‍ക്കാതെ ഒരു യാത്ര ഇല്ല.

പാതയോരത്ത് മറഞ്ഞ് കിടക്കുന്ന കാടു മൂടിയ ഖബറിസ്ഥാനുകള്‍, വണ്ടി നിര്‍ത്തി അവരോടൊപ്പം കുറച്ച് നേരം. വെറുതെ ഞങ്ങളുണ്ട് കൂടേന്നൊരു വാക്ക്, മറിഞ്ഞ് കിടക്കുന്ന മീസാന്‍ കല്ലുകളില്‍ ഒരു ചെറു തലോടല്‍. അത്രയൊക്കെ ധാരാളമാണു അവര്‍ക്ക് സന്തോഷിക്കാന്‍, ഒറ്റക്കല്ലെന്നൊരു തോന്നല്‍. 

റോഡിനിരുവശത്തും പാടങ്ങള്‍, നെല്ലും ചോളവും കാബേജും കോളി ഫ്‌ളവറുമെല്ലാം വിളയുന്ന പൊന്‍ ഭൂമികള്‍.

എച്ച്ഡി കോട്ട വഴി ശ്രാവണ ബലഗോളയായിരുന്നു ആദ്യ ഉന്നം. ശ്രാവണ ബല ഗോള എന്ന പേരു കോളേജ് കാലം മുതല്‍കേള്‍ക്കുന്നതാണു. എപ്പൊ ടൂര്‍ പ്ലാന്‍ ചെയ്താലും ആദ്യം മൈസൂര്‍ ശ്രാവണ ബലഗോള ആകും ആദ്യം പറയുക. ഒന്നും നടക്കില്ലാന്നു മാത്രം. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ശ്രാവണ ബലഗോള ജൈനരുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണു. 

പത്തഞ്ഞൂറു പടികള്‍ കയറിയിട്ട് വേണം മുകളില്‍ എത്താന്‍. വിന്ധ്യഗിരി മലയുടെ മുകളില്‍ മുകളില്‍ സ്ഥാപിച്ച പ്രതിമ ദൂരെ നിന്നേ കാണാം. ഗോമതേശ്വര ബാഹുബലിയുടെ  ഈ പടുകൂറ്റന്‍ ഒറ്റക്കല്‍ പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. 57 അടിയാണു വിഗ്രഹത്തിന്റെ ഉയരം. മലര്‍ന്നു കിടന്നു നോക്കണം. വെള്ളക്കല്ലില്‍ തീര്‍ത്ത പ്രതിമയുടെ ദര്‍ശനം കണ്ണിനു നല്ലൊരു വിരുന്നാണു. 

രാജമൗലിയുടെ ബാഹുബലിയും ഈ ബാഹുബലിയും തമ്മില്‍ ഒരു ബന്ധവുമില്ല. 

ആയിരം കൊല്ലങ്ങള്‍ക്ക് മുന്‍പ് ഗംഗാ സാമ്രാജ്യം വാണ രാമചട്ട രാജാവിന്റെ പ്രധാനമന്ത്രി ആയിരുന്ന ചാമുണ്ഡരായരാണു ഈ പ്രതിമ ഇവിടെ സ്ഥാപിക്കുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാമസ്താഭിഷേകം എന്ന ചടങ്ങാണു ഇവിടുത്തെ പ്രധാന ആഘോഷം. അന്നു ബാഹുബലിയുടെ പ്രതിമയില്‍ പാല്‍, മഞ്ഞള്‍, ചന്ദനം, തേന്‍ , സ്വര്‍ണ്ണം എന്നിവ കൊണ്ട് അഭിഷേകം നടത്തുമത്രെ. 

ഗോമതേശ്വര വിഗ്രഹം ഇരിക്കുന്ന മണ്ഡപത്തിനു തൊട്ട് മുന്നില്‍ ഒരു ചെറിയ മണ്ഡപം ഉണ്ട്. അതിലൊരു സ്ത്രീ മുഖമുള്ള വിഗ്രഹം. കുശ്മന്ദിനീ ദേവിയുടെ വിഗ്രഹം ആണത്രെ അത്. പണ്ട്, ചാമുണ്ഡരായര്‍ ബാഹുബലി പ്രതിമ സ്ഥാപിച്ച്, പാലഭിഷേകം നടത്തിയപ്പോള്‍ വിഗ്രഹത്തിന്റെ എല്ലാ ഭാഗത്തേക്കും ഒഴുകിയില്ല എന്നും, അപ്പോള്‍ എവിടുന്നോ വന്ന ഒരു വൃദ്ധ അദ്ദേഹത്തെ സഹായിക്കുകയും പാലഭിഷേകം പൂര്‍ത്തിയായി എന്നുമാണു ഐതിഹ്യം. ആ ദേവിയുടെ വിഗ്രഹമാണ് ബാഹുബലിയെ നോക്കി നില്‍ക്കുന്ന രീതിയിലവിടെ സ്ഥാപിച്ചിട്ടുള്ളത്.

ഗൂഗിളിനൊരു പ്രാന്തുണ്ട് ചിലപ്പോള്‍, വല്ലവന്റേയും പറമ്പില്‍ കൂടിയുള്ള എളുപ്പ വഴിയൊക്കെ കാണിച്ച് തരും.

മണ്ഡപത്തിനു പുറത്ത്, പാറകളില്‍ കൊത്തിവെച്ച ശിലാ ശാസനകള്‍. പഴയ കന്നട, ദേവനാഗരി ലിപികളിലാണു ലിഖിതങ്ങള്‍ എഴുതിയിരിക്കുന്നത്. ആളുകള്‍ ചവിട്ടി എഴുത്ത് മാഞ്ഞ് പോകാതിരിക്കാന്‍ ചില്ലിട്ട് സംരക്ഷിച്ച് വെച്ചിട്ടുണ്ട് എല്ലാം. ചരിത്രാന്വേഷകര്‍ക്ക് പഠിക്കാനും അറിയാനുമുള്ള നിരവധി അവശേഷിപ്പുകളാല്‍ സമ്പന്നമാണ് ശ്രാവണബലഗോള.

ശ്രാവണ ബലഗോളയില്‍ നിന്നും ഹാലെബീഡു എത്തി രാത്രി തങ്ങാമെന്നായിരുന്നു പ്ലാന്‍. ഒന്നര മണിക്കൂര്‍ എന്നൊക്കെ ഗൂഗിള്‍ കാണിക്കുന്നുണ്ട്. കര്‍ണാടകയിലെ ആളും മനുഷ്യനും ഇല്ലാത്ത റോഡുകളിലൂടെയാണു വണ്ടി ഓടുന്നത്. ഗൂഗിളിനൊരു പ്രാന്തുണ്ട് ചിലപ്പോള്‍, വല്ലവന്റേയും പറമ്പില്‍ കൂടിയുള്ള എളുപ്പ വഴിയൊക്കെ കാണിച്ച് തരും. നമ്മളിങ്ങനെ രസിച്ച് പിടിച്ച് ചെല്ലുമ്പോഴാവും അത് വല്ല കുളത്തിലോ പാടത്തോ റെയില്‍ ട്രാക്കിലോ ഒക്കെ ചിരിച്ച് നിന്നു കളയും. ചോദിച്ച് ചോദിച്ച് അവസാനം ഹാലേബീഡു എത്തി. 

ടെമ്പിള്‍ സിറ്റി ആയത്‌കൊണ്ട് ഇഷ്ടം പോലെ ഹോട്ടലുകള്‍ ഉണ്ട്. ആദ്യം കണ്ട ഹോട്ടലില്‍ കയറി റിസപ്ഷനില്‍ ഇരുന്ന് ഉറക്കം തുങ്ങുന്ന ആളെ വിളിച്ചുണര്‍ത്തി റൂം വേണമെന്നു പറഞ്ഞപ്പോള്‍ പുള്ളിക്കാരന്‍ അകത്തെവിടെയോ പോയി ഒരു കോട്ടെടുത്തിട്ട് വന്നു  രജിസ്റ്റര്‍ എടുത്തു വെച്ച് പേരെഴുതി റൂം തന്നു. പിന്നീട് പുള്ളിക്കാരന്‍ കോട്ടഴിച്ച് വെച്ച് ഒരു ചൂലും ബ്രഷുമായി വന്നു റൂം വൃത്തിയാക്കി തന്നു. മാനേജരും റിസപ്ഷനിസ്റ്റും റൂം ബോയിയും എല്ലാം മൂപ്പര്‍ തന്നെയാണ്്. 

(തുടരും)

 

പെണ്‍ യാത്രകള്‍:

അവള്‍ ഹിഡുംബി; പ്രണയം കൊണ്ട് മുറിവേറ്റവള്‍!

സ്വപ്നം വിളയുന്ന സോനാര്‍ഗല്ലി

അവളെന്തിനാണ് ഒറ്റക്ക് പോയത്..?

ഏദന്‍തോട്ടം ഇതാ, ഇവിടെയാണ്!

അവള്‍ ജയിലില്‍ പോവുകയാണ്, ഒരിക്കലും കാണാത്ത അച്ഛനെ കാണാന്‍!

കാലാപാനിയിലേക്ക് വീണ്ടും

ഈ പുഴകളൊക്കെ യാത്രപോവുന്നത്  എങ്ങോട്ടാണ്?

ഭക്തര്‍ ദൈവത്തെ തെറി  വിളിക്കുന്ന ഒരുല്‍സവം!

വാ, പെണ്ണുങ്ങളേ, നമുക്കൊരു  യാത്ര പോവാം!

കുടജാദ്രിയിലേക്കുള്ള വഴി!

ബസ് യാത്രകളില്‍ ഒരു സ്ത്രീ  ഏറ്റവും ഭയക്കുന്ന നിമിഷം!

വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം, മഞ്ഞറിയുമ്പോള്‍ ഒരുവള്‍ കുട്ടിക്കാലം തൊടുന്നു!

പ്രകാശം പരത്തുന്ന പെണ്‍ചിരികള്‍!

അമര്‍സിംഗ് ഒരിക്കലും  പാക്കിസ്ഥാനില്‍ പോയിട്ടില്ല!

ആ പാട്ട് നിറയെ പ്രണയമായിരുന്നു!

പ്രണയമായിരുന്നു അവന്റെ കുറ്റം; അതിനാണ് അവനെ അവര്‍ കൊന്നത്!

 

click me!