പ്രകാശം പരത്തുന്ന പെണ്‍ചിരികള്‍!

By Yasmin N K  |  First Published Apr 28, 2017, 6:32 AM IST

ഇങ്ങനെയേ അല്ല അവിടൊന്നും പെണ്‍ ജീവിതങ്ങള്‍. നിത്യജീവിതത്തിന്റെ പങ്കപ്പാടുകള്‍ മുഴുവന്‍ സ്വന്തം തോളുകളില്‍ ഏറ്റെടുക്കാന്‍ വിധിക്കപ്പെട്ട ഗ്രാമീണ ഇന്ത്യയുടെ ഊര്‍ജവത്തായ മുഖം പെണ്ണുങ്ങളുടേതാണ്. തമിഴ്‌നാടു മുതല്‍ കശ്മീര്‍ വരെ നീളുന്ന യാത്രകള്‍ പെണ്‍ജീവിതങ്ങളെ കുറിച്ചുള്ള വ്യത്യസ്തമായ അനുഭവങ്ങളാണ് നമുക്കു മുന്നില്‍ നിറയ്ക്കുന്നത്.


അപായസൈറണുകള്‍ സദാ മുഴക്കിക്കൊണ്ടേയിരിക്കുന്ന രാത്രികള്‍. വഷളന്‍ കമന്‍ുകളും ഭീഷണികളും ക്ഷണങ്ങളും ചേര്‍ന്ന് ഭാരമായി മാറുന്ന ഇറങ്ങി നടപ്പുകള്‍. സഹജമായ അനിശ്ചിതത്വങ്ങള്‍ക്ക് അപകടങ്ങളുടെ അധികസാദ്ധ്യതകള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍. നിരന്തരം അഭിമുഖീകരിക്കുന്ന ഇത്തരം അനേകം മുള്‍മുനകളുടെ മുകളില്‍നിന്നാണ് മലയാളി പെണ്‍യാത്രകള്‍ തുടങ്ങുന്നത്. ഇത്തരം സാദ്ധ്യതകളെ മുഴുവന്‍ പറത്തിയെറിഞ്ഞാണ് സ്വന്തം സ്വപ്‌നങ്ങളിലേക്ക് പെണ്‍ യാത്രകള്‍ ഉണ്ടാവുന്നത്. ഈ യാത്രകള്‍ കേരളത്തിനു പുറത്തെത്തിയാലോ? അവിടെ നമുക്ക് കാണാനാവുന്നത് എന്നാല്‍, ഇത്തരം പെണ്ണവസ്ഥകളേ അല്ല. ഇങ്ങനെയേ അല്ല അവിടൊന്നും പെണ്‍ ജീവിതങ്ങള്‍. നിത്യജീവിതത്തിന്റെ പങ്കപ്പാടുകള്‍ മുഴുവന്‍ സ്വന്തം തോളുകളില്‍ ഏറ്റെടുക്കാന്‍ വിധിക്കപ്പെട്ട ഗ്രാമീണ ഇന്ത്യയുടെ ഊര്‍ജവത്തായ മുഖം പെണ്ണുങ്ങളുടേതാണ്. തമിഴ്‌നാടു മുതല്‍ കശ്മീര്‍ വരെ നീളുന്ന യാത്രകള്‍ പെണ്‍ജീവിതങ്ങളെ കുറിച്ചുള്ള വ്യത്യസ്തമായ അനുഭവങ്ങളാണ് നമുക്കു മുന്നില്‍ നിറയ്ക്കുന്നത്.

Latest Videos

ഏതൊരു ഇന്ത്യന്‍ ഗ്രാമത്തിലും ; അത് ബീഹാറിലെയോ ബംഗാളിലെയോ ഉത്തര്‍പ്രദേശിലൊ, തമിഴ് നാട്ടിലോ  എവിടെ വേണേലും ആകട്ടെ; ആ ഗ്രാമത്തിലെ സ്ത്രീകളാണു ഒരോ വീടുകളിലേയും ഊര്‍ജ്ജം. സ്വന്തം വയര്‍ മുറുക്കിയുടുത്ത് അഞ്ചപ്പം കൊണ്ട് ഒരു വീട്ടിലെ പത്ത് പതിനാലു വയറുകളെ ഊട്ടുന്ന മാന്ത്രിക വിദ്യ അവള്‍ക്കറിയാം. പുലര്‍ച്ചെ തുടങ്ങി പാതിരാ വരെ കൈമെയ് മറന്ന അധ്വാനം. അതിനിടക്ക് വീണു കിട്ടുന്ന ഇടവേളകളില്‍മുഴങ്ങുന്ന പൊട്ടിച്ചിരികള്‍.ഇത്രയും ദുര്‍ഘടമായ ജീവിത പ്രതിസന്ധികളില്‍  നിന്ന് ഇവര്‍ക്കെങ്ങനെ ഇങ്ങിനെ ചിരിക്കാനാകുന്നുവെന്ന് അതിശയിച്ച മുഹൂര്‍ത്തങ്ങള്‍. മനസുകൊണ്ട്  നമിച്ച് പോയ സന്ദര്‍ഭങ്ങള്‍.

പെണ്ണിന്റെ സൌന്ദര്യം എന്നത് നിറത്തിലോ ആടയാഭരണങ്ങളിലോ അല്ലെന്നും മറിച്ച് ആരോഗ്യമുള്ള ശരീരത്തിലും മനസ്സിലുമാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. കീറിയ സാരിത്തലപ്പു കൊണ്ട് മുഖം മറച്ച്, വീട്ടിനുള്ളിലെ പരിമിതമായ സൗകര്യങ്ങളില്‍  നമ്മെ സല്‍ക്കരിക്കാനുള്ള വെപ്രാളം കാണുമ്പോള്‍, അവരൊക്കെയും പൊടുന്നനെ നമ്മുടെ കൂടപ്പിറപ്പുകളാകുന്ന പ്രതീതി.കലര്‍പ്പില്ലാത്ത നിഷ്‌കളങ്കത.

ഒരിക്കല്‍ കോവളത്തു നിന്നും വയനാട്ടിലേക്കുള്ള യാത്രാമധ്യേ കൂടെയുള്ള വിദേശി ചോദിച്ചു. വേര്‍ ഈസ് യുവര്‍ വില്ലേജെസ് എന്ന്. അയാള്‍ നോക്കുമ്പോള്‍ വഴിയരുകില്‍ മൊത്തം ബഹുനില വീടുകളും പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ആഡംബര കാറുകളും ബൈക്കുകളും. നിരത്തുകളിലാണെങ്കില്‍ സ്‌ക്രീനില്‍ നിന്നിറങ്ങി വന്ന പോലുള്ള ആണുങ്ങളും പെണ്ണുങ്ങളും. കൃഷിയും ഗ്രാമങ്ങളുമൊക്കെ കേരളത്തില്‍ അന്യം നിന്നു പോയ വസ്തുക്കളാണെന്ന് അയാളെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കാനാണ്?  

ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍, രായ്ക്കു രാമാനം ഗണേഷ്  ബീഡിക്കമ്പനി നാടു വിട്ടപ്പോള്‍, വടക്കന്‍ കേരളത്തിലെ അസംഘടിത ജന വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരാനും അവരെ മുഖ്യ ധാരയിലേക്ക് അടുപ്പിക്കാനും ആരംഭിച്ച ദിനേശ് ബീഡി കമ്പനി, അന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ ഉണ്ടാക്കിയ മാറ്റം ചില്ലറയല്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ദിനേശ് ബീഡിക്കും ചെറുതല്ലാത്ത ഒരു ഇടമുണ്ട്. ആണും പെണ്ണും ബീഡി കമ്പനിയില്‍ പണിക്ക് പോയി. 

പാര്‍ട്ടി വളര്‍ന്നു, നേതാക്കളും. കേരളവും മലയാളികളും പുരോഗമിച്ചതോടെ ബീഡിക്കമ്പനിയില്‍ പണിക്ക് ആളെ കിട്ടാനില്ലാതെയായി, ഒപ്പം പുകയില വിരുദ്ധ പ്രക്ഷോഭങ്ങളും. ദിനേശ് ബീഡി കമ്പനി ഇപ്പോള്‍ കുട നിര്‍മ്മാണത്തിലും വസ്ത്ര നിര്‍മ്മാണത്തിലുമൊക്കെയാണ് ഊന്നല്‍ കൊടുക്കുന്നത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായ പശ്ചിമ ബംഗാളിലെ വിദൂര ഗ്രാമങ്ങളില്‍  ഇപ്പോഴും ബീഡി കമ്പനികള്‍ സജീവമാണ്. കമ്പനിയില്‍ നിന്നും ബീഡി തെറുക്കാനുള്ള ഇലകളും ഉള്ളില്‍ നിറക്കാനുള്ള പുകയിലയുമായി വീട്ടിലേക്ക് തിരക്കിട്ട് നടക്കുന്ന പെണ്ണുങ്ങള്‍. വൈകുന്നേരം വരെ തിരക്കിട്ട് പണിയെടുത്താല്‍ നൂറ്റമ്പത് രൂപയോളം കിട്ടുമെന്ന് അവര്‍ ചിരിച്ചു. വീട്ടിലിരുന്നു പണിയെടുക്കാം , വീടും നോക്കാമെന്ന് പറഞ്ഞ് പെണ്ണുങ്ങള്‍ ഉമ്മറത്ത് പടിഞ്ഞിരുന്നു ബീഡി തെറുക്കാന്‍ വട്ടം കൂട്ടി. കുട്ടികളെ പഠിപ്പിക്കണം, പെണ്‍ കുട്ടികളെ നല്ല രീതിയില്‍ കെട്ടിച്ചയക്കണം, വീടിനോട് ചേര്‍ന്ന് നല്ലൊരു മൂത്രപ്പുര കെട്ടണം, ഇത്രയൊക്കെയുള്ളു അവരുടെ സ്വപ്നങ്ങളില്‍.

ഗ്രാമങ്ങളില്‍ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ നിരവധി. ഉറക്കം തൂങ്ങി അവിടവിടെ വട്ടം കൂടി നില്‍ക്കുന്ന അവരുടെ മുഖത്ത് യൗവനത്തിന്റെ ഊര്‍ജ്ജമോ പ്രസരിപ്പൊ ഇല്ല. മറിച്ച് മടുപ്പും ആരോടോ ഉള്ള വിദ്വേഷവും.

ബംഗാള്‍ ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്തമായി ചുറു ചുറുക്കും പ്രസരിപ്പും കൂടും ഹിമാചലിലെ പെണ്ണുങ്ങള്‍ക്ക്.  തണുപ്പു കൊണ്ട് ചുവന്ന കവിളുകളും കുതിച്ചൊഴുകുന്ന കാട്ടാറുകളുടെ പ്രസരിപ്പും. മുതുകില്‍ ഞാത്തിയിട്ട ഭാരം വഹിച്ച് കുന്നു കയറിപ്പോകുന്നവര്‍. കാബേജും ഉരുളക്കിഴങ്ങും കൃഷി ചെയ്യുന്നവര്‍. വഴിയരുകിലെ തട്ടു കടകളില്‍ മോമോയും ചായയും വില്‍ക്കുന്നവര്‍. പുലര്‍ച്ചെ ബസ് സ്റ്റാന്റുകളിലും ഹോട്ടലുകള്‍ക്ക് മുന്നിലും ഫ്‌ലാസ്‌കില്‍ നിറച്ച് കൊണ്ട് വന്ന ചായ വില്‍ക്കുന്ന പെണ്ണുങ്ങള്‍. പേടിയെന്നത് അവരുടെ നിഖണ്ടുവില്‍ ഇല്ലെന്ന് തോന്നുന്നു. നാഥുലാ പാസ്സിലേക്കുള്ള വഴിയരുകില്‍, കെട്ടിയുണ്ടാക്കിയ  താല്‍ക്കാലിക ഷെഡ് , യാത്രക്കാര്‍ക്ക് ടോയിലറ്റായി ഉപയോഗിക്കാന്‍ സൗകര്യം ചെയ്ത വൃദ്ധ. എണ്‍പത് വയസ്സുണ്ടാകും അവര്‍ക്ക്, താഴെ നിന്നും വെള്ളം ചുമന്ന് കൊണ്ട് വന്ന് അകത്ത് നിറക്കുകയാണവര്‍. വീട് എവിടെ എന്ന ചോദ്യത്തിനു താഴെ താഴ്‌വാരത്തേക്ക്  വിരല്‍ ചൂണ്ടി. അവിടെ എവിടെയോ ഒരു ഗ്രാമം ഉണ്ട്. വയസ്സ് കാലത്തും ആര്‍ക്കും ഭാരമാകാതെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള നിശ്ചയ ദാര്‍ഢ്യം. പെണ്‍ കരുത്തിന്റെ ഉത്തമ പ്രതീകം.

തെങ്കാശിക്കടുത്ത ഒരു ഗ്രാമമാണു വല്ലം.  തനത് തമിഴ് ഗ്രാമത്തിന്റെ ഭംഗിയും ചൊടിയുമുണ്ട് വല്ലത്തിന്. പച്ചച്ച പാടങ്ങളും അവയ്ക്ക് കാവലായ് നിരന്നു കിടക്കുന്ന മലനിരകളും കണ്ണിനും മനസ്സിനും കുളിര്‍മ്മയേകും. പൊട്ടിപ്പൊളിഞ്ഞ നിരത്തിലൂടെ കിതച്ച് നീങ്ങുന്ന കാളവണ്ടികള്‍. തെരുവിലേക്ക് തുറക്കുന്ന വാസല്‍പ്പടിയില്‍ കോലം വരക്കുന്ന സ്ത്രീകള്‍. കറപുരളാത്തൊരു നാട്ടിന്‍പുറം. ആണുങ്ങളൊക്കെ അവിടവിടെ കൂനിപ്പിടിച്ചിരിക്കുന്നു. പെണ്ണുങ്ങള്‍ പക്ഷെ തിരക്കിലാണ്. ബീഡിക്കമ്പനിയില്‍ നിന്നും കൊണ്ട് വന്ന ഇലകള്‍ വെട്ടി, പുകയില നിറച്ച് നൂലു കൊണ്ട് കെട്ടി മടിയിലെ മുറത്തിലേക്കിടുന്നു. സംസാരത്തിനിടയ്ക്കും കൈകള്‍ വിശ്രമമില്ലാതെ പണിയെടുക്കുന്നു. 200 രൂപയോളം ഒരാള്‍ക്ക് കിട്ടും . ഉറുമ്പ് അരിമണികള്‍ കൂട്ടി വെക്കും പോലെ അവരത് കൂട്ടി വെക്കുന്നു.. ദാരിദ്ര്യത്തിനും പങ്കപ്പാടുകള്‍ക്കുമപ്പുറത്ത് വല്ലാത്തൊരു ഉണര്‍വ്വുണ്ടായിരുന്നു അവരുടെ വാക്കുകളില്‍. ജീവിതം ഞങ്ങളുടെ കൈപ്പിടിയില്‍ തന്നെയാണെന്ന ആര്‍ജ്ജവം. 

കഴിഞ്ഞ മുപ്പത് കൊല്ലമായി ഞാനീ ക്ഷേത്രത്തിനു മുന്നില്‍ പൂ വില്‍ക്കുന്നുണ്ടെന്നും ആണ്ടവന്‍ മാത്രമാണു തനിക്ക് തുണൈ എന്നും പറഞ്ഞ് എന്റെ മുടിയില്‍ മുല്ലപ്പൂ ചൂടി തന്ന പൂ പാട്ടി. കാരമടക്കടുത്ത ഒരു ഗ്രാമ്രമായിരുന്നു  അത്. ദൈവത്തിനു മുന്നില്‍ മനുഷ്യര്‍ മാത്രമേ ഉള്ളുവെന്നും ജാതീം മതവും നോക്കി ദൈവം ആരേയും സ്‌നേഹിക്കില്ലെന്നും അവര്‍ പറഞ്ഞപ്പോള്‍ അവരെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുകയല്ലാതെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

ബീഡി തെറുത്തും ഉരുളക്കിഴങ്ങ് മാന്തിയും പൂ വിറ്റും അവര്‍ ഒരു കുടുംബത്തിനു താങ്ങാവുകയാണ്, ജീവിതത്തെ ആഴത്തില്‍ വട്ടം പിടിക്കുകയാണ്. പെണ്‍ കരുത്തിന്റെ ഈ ആര്‍ജ്ജവത്തെ തകര്‍ക്കാന്‍ എക്കാലത്തേയും ആണ്‍ മേല്‍ക്കോയ്മ ശബ്ദങ്ങള്‍. അശ്ലീല സംഭാഷണങ്ങള്‍, തെറി വിളികള്‍, ആംഗ്യ ഭാഷകള്‍. എന്നിരിക്കിലും, അതിനുമൊക്കെയപ്പുറത്ത് പെണ്ണ് ചിരിക്കുന്നുണ്ട്, ചുറ്റിനും പ്രകാശം പരത്തുന്ന ചിരികള്‍!

click me!