ബസ് യാത്രകളില്‍ ഒരു സ്ത്രീ  ഏറ്റവും ഭയക്കുന്ന നിമിഷം!

By Yasmin N K  |  First Published Apr 14, 2017, 12:52 PM IST

ഭരത് പൂരിലെ പക്ഷി സങ്കേതം കണ്ടിറങ്ങിയ സമയത്ത് അടുത്ത് വന്ന ഒരു നാടോടി സ്ത്രീയാണു അക്കാര്യം കാണിച്ച് തന്നത്. അവളുടെ കൈയില്‍ വില്പനക്കുള്ള പാവാടകള്‍ ഉണ്ടായിരുന്നു. നല്ല ഭംഗിയുള്ള, ധാരാളം ഞൊറിവുള്ള പാവാടകള്‍. അത് വാങ്ങിയാല്‍ രണ്ടൂണ്ട് കാര്യമെന്ന് അവള്‍ കാണിച്ച് തന്നു. പാവാട അരയില്‍ ചുറ്റി ഒരു കറക്കം കറങ്ങിയാല്‍ ഞൊറിവുകളൊക്കെ വിടര്‍ന്ന് ചുറ്റിനും കിടക്കും. അതിനു നടുവില്‍ സുഖമായിരുന്നു നമുക്ക് കാര്യം സാധിക്കാം. ആരും കാണുകേം അറിയുകേം ഇല്ല. ഈശ്വരേ രക്ഷതു!


'ബസിന്റെ അടുത്ത സ്‌റ്റോപ്പ് എവിടെയാണാവോ തമ്പുരാനേ' എന്നാവും ദീര്‍ഘ ദൂര ബസ് യാത്രകള്‍ക്ക് ഇറങ്ങിപ്പുറപ്പെടുന്ന ഒരു പെണ്ണിന്റെയുള്ളിലെ അങ്കലാപ്പ്. ഓരോ തവണ വെള്ളം കുടിക്കാന്‍ ആഗ്രഹിക്കുമ്പോഴും  രണ്ട് വട്ടം ആലോചിക്കും, വേണോ വേണ്ടയോ എന്ന്. ഇതിനിടയിലെങ്ങാന്‍ പെടുക്കാന്‍ മുട്ടിയാല്‍ പെട്ടത് തന്നെ. അത്രക്കും സ്ത്രീ സൗഹാര്‍ദ്ദ മേഖലകളാണു നമ്മുടെ ഇന്ത്യാ മഹാരാജ്യം. പെണ്ണിനു വീട്ടില്‍ പോയി മൂത്രമൊഴിച്ചാല്‍ പോരേയെന്നു ചോദിക്കുന്ന ഭരണാധികാരികള്‍ ഉണ്ടാകുമ്പോള്‍ വേറെന്ത് പ്രതീക്ഷിക്കാനാണ്? വണ്ടി ഗട്ടറിലൊന്നും ചാടല്ലേ ദൈവമേ എന്നും വിളിച്ച് അടിവയറും പൊത്തിപിടിച്ച് ഇരിക്കുക തന്നെ.

Latest Videos

പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക എന്ന കടമ നമ്മള്‍ ഇന്ത്യാക്കാര്‍ക്കില്ല. അക്കാര്യത്തില്‍ മലയാളിയും തമിഴനും തെലുങ്കനും ബംഗാളിയുമൊക്കെ തോളോട് തോള്‍. എന്ത് മാത്രം വൃത്തികേടാക്കാമോ എന്ന വിഷയത്തില്‍  ഗവേഷണം ചെയ്തു കളയും. പൊതുമുതല്‍ നശിപ്പിക്കുക എന്ന സ്പിരിറ്റ് രക്തത്തില്‍ കലര്‍ന്ന പോലാണു മട്ടും ഭാവവും.  

ശോചനാലയങ്ങള്‍ എന്ന പേരു തന്നെയാണു അവക്ക് ചേരുക.

സന്തോഷ് ജോര്‍ജ് കുളങ്ങര അദ്ദേഹത്തിന്റെ യാത്രകള്‍ക്കിടയില്‍ കണ്ട ഒരനുഭവം പങ്ക് വെക്കുന്നുണ്ട്. ട്രെയിന്‍ യാത്രക്കിടെ, ഉപയോഗിച്ചതിനു ശേഷം, ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച്  ടോയിലറ്റിനകത്ത് വെള്ളം വീണു നനഞ്ഞ ഭാഗങ്ങള്‍ തുടച്ച് കളയുന്ന ഒരു വിദേശിയെപറ്റി. തനിക്ക് ശേഷം വരുന്ന ആള്‍ക്ക് ബുദ്ധിമുട്ട് ആകാതിരിക്കാനാണു അയാള്‍ അത് ചെയ്യുന്നത !

ട്രെയിനിലെ ടോയിലറ്റിന്റെ വൃത്തി കണ്ട് സന്തോഷ് ജോര്‍ജ് കുളങ്ങര അതിശയിച്ച് പോയെന്ന് !

നമ്മുടെ പൊതുമൂത്രപ്പുരകളുടെ അവസ്ഥ എന്താണ്? ശോചനാലയങ്ങള്‍ എന്ന പേരു തന്നെയാണു അവക്ക് ചേരുക.

മൂക്ക് പൊത്താതെ കോഴിക്കോട് പ്രൈവറ്റ് സ്റ്റാന്റിലെ മൂത്രപ്പുര ഭാഗത്തു കൂടെ നടക്കാന്‍ ആവില്ല. ദിനം പ്രതി ആയിരക്കണക്കിനു ആളുകള്‍ വന്നു പോകുന്ന മിഠായി തെരുവില്‍ ഒരു പൊതു കുളിമുറി ഉണ്ട്. ഇന്നേവരെ ഒരു പെണ്ണും ആ ഭാഗത്തേക്ക് പോകുന്നത് കണ്ടിട്ടില്ല. 

ബീച്ചില്‍ വൈകുന്നേരങ്ങളില്‍ ഇവിടെയെങ്ങാനും മൂത്രപ്പുരയുണ്ടോന്നു അന്വേഷിച്ച് നടക്കുന്ന കുടുംബങ്ങളോട് ഏതേലും ഹോട്ടലില്‍ കയറി ഒരു ചായ കുടിക്കൂ എന്ന് പറയേണ്ടി വരുന്ന ഗതികേടോര്‍ത്ത് സ്വയം പുച്ഛം തോന്നിയിട്ടുണ്ട്.

ഓരോ തവണ വെള്ളം കുടിക്കാന്‍ ആഗ്രഹിക്കുമ്പോഴും  രണ്ട് വട്ടം ആലോചിക്കും, വേണോ വേണ്ടയോ എന്ന്.

ഇന്ത്യ കാണാന്‍ വരുന്ന, കേരളത്തെ അറിയാനും ഉള്‍ക്കൊള്ളാനും വരുന്ന വിദേശികള്‍ക്ക് വിവിധ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും എല്ലാം തദ്ദേശീയരേക്കാള്‍ പതിന്‍മടങ്ങാണു അകത്തു കടക്കാനുള്ള പ്രവേശന  ചാര്‍ജ്. ശരിയായ ഒരു രീതിയാണോ അതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പക്ഷെ അവര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഈ ഉത്സാഹം ഒട്ടുമേ ഇല്ല താനും. പെടുക്കാന്‍ മുട്ടിയാല്‍ സ്വദേശി,വിദേശി എന്നൊന്നും ഇല്ല. പെടുത്തേ തീരു. അങ്ങനെ പെട്ടു പോയ ഒരു സന്ദര്‍ഭത്തില്‍ ഒരു കൂട്ടം വിദേശികളുടെ മുന്‍പില്‍ തല താഴ്ത്തി നില്‍ക്കേണ്ടി വന്ന അവസ്ഥ ഒട്ടും സുഖകരമായിരുന്നില്ല . ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഈ വിധമാണൊ നിങ്ങള്‍ പൊതു ഇടങ്ങള്‍ സൂക്ഷിക്കുന്നത് എന്ന ചോദ്യം വന്നു തറച്ചത് നെഞ്ചിലാണ് 

ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പലതിലും ഒറ്റ കക്കൂസ് പോലും ഇല്ല എന്നത് അതിശയോക്തി അല്ല. 

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്നു ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരുന്നൊരു വൃദ്ധനുണ്ടായിരുന്നു പണ്ട്; ഗാന്ധിജി !

1947 ആഗസ്റ്റ് 15 നു രാത്രി നെഹ്രുവും പട്ടേലുമൊക്കെ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആചരിക്കുമ്പോള്‍ ആ പടു വൃദ്ധന്‍ നവഖാലിയിലെ ജനങ്ങളെ കക്കൂസുണ്ടാക്കാന്‍ പഠിപ്പിക്കുക ആയിരുന്നു. സ്വാതന്ത്ര്യം കിട്ടി ഇത്രയും വര്‍ഷമായിട്ടും ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പലതിലും ഒറ്റ കക്കൂസ് പോലും ഇല്ല എന്നത് അതിശയോക്തി അല്ല. 
 
പശ്ചിമ ബംഗാളിലെ ഏതോ ഉള്‍നാടന്‍ ഗ്രാമത്തില്‍ ബസ് മുന്നോട്ട് പോകാനാവാതെ നില്‍ക്കുന്നു. മുകളില്‍ അയഞ്ഞ് തൂങ്ങിക്കിടക്കുന്ന കറന്റ് കമ്പിയില്‍  ബസിന്റെ മുകള്‍ഭാഗം കുടുങ്ങിയതാണു. ടോയിലറ്റില്‍ പോയില്ലെങ്കില്‍ മാനം കെടും എന്ന അവസ്ഥ.  

ഏതേലും കെട്ടിടത്തിന്റെ മറവിലേക്ക് പോകാമെന്ന് വെച്ചാല്‍ നോക്കുന്നിടത്തൊക്കെ ആളുകള്‍. അവസാനം കൂടിനില്‍ക്കുന്ന സ്ത്രീകളില്‍ ഒരാളോട് കാര്യം പറഞ്ഞു. 

ടോയിലറ്റ് എന്നത് അവരുടെ സങ്കല്‍പ്പത്തിലേ ഇല്ല. അവസാനം ഒരു സ്ത്രീ വന്ന് അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി. ഇടുങ്ങിയ വഴികളിലൂടെ കുടിലുകള്‍ ചുറ്റി അവസാനം അവരൊരു തകര വാതില്‍ തുറന്നു. അവരുടെ വീടാണ്. അവിടെ പിന്‍ മുറ്റത്തൊരു കൊച്ചു ബാത്ത് റം. ആ ചെറിയ ചാളയില്‍ എത്ര വൃത്തിയായിട്ടാണെന്നൊ അവരാ കുളിമുറി വെച്ചിരിക്കുന്നത്. ഞാന്‍ കണ്ട ഏറ്റവും നല്ല കുളിമുറി! ശൗചാലയം!

പെടുക്കാന്‍ മുട്ടിയാല്‍ സ്വദേശി,വിദേശി എന്നൊന്നും ഇല്ല. പെടുത്തേ തീരു

കൂടി നില്‍ക്കുന്ന പെണ്ണുങ്ങളില്‍ ഗര്‍ഭിണികള്‍, കൗമാരക്കാരികള്‍, യുവതികള്‍ എല്ലാം ഉണ്ട്. ഒരു കുളിമുറി എന്നത് അവരുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ്. 'ആ ദിവസങ്ങളില്‍' അവരാഗ്രഹിക്കുന്നത് മതിലു ചാടാനോ, ജീന്‍സിട്ട് സൈക്കിള്‍ ചവിട്ടാനോ ഒന്നുമല്ല. രക്തം പുരണ്ട തുണി മാറ്റാന്‍ ഒരു നാലു ചുവരിന്റെ മറ മാത്രമാണെന്നു കേട്ട നിമിഷങ്ങള്‍ മറക്കാനാകില്ല.

അങ്ങനെ പെടുത്തും പെടുക്കാതേയും യാത്രകളൊക്കെ സുഗമമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ഇത്തരം അനിവാര്യതകളെ എങ്ങനെ മറികടക്കാമെന്ന പാഠം പഠിച്ചത്. 

ഭരത് പൂരിലെ പക്ഷി സങ്കേതം കണ്ടിറങ്ങിയ സമയത്ത് അടുത്ത് വന്ന ഒരു നാടോടി സ്ത്രീയാണു അക്കാര്യം കാണിച്ച് തന്നത്. അവളുടെ കൈയില്‍ വില്പനക്കുള്ള പാവാടകള്‍ ഉണ്ടായിരുന്നു. നല്ല ഭംഗിയുള്ള, ധാരാളം ഞൊറിവുള്ള പാവാടകള്‍. അത് വാങ്ങിയാല്‍ രണ്ടൂണ്ട് കാര്യമെന്ന് അവള്‍ കാണിച്ച് തന്നു. പാവാട അരയില്‍ ചുറ്റി ഒരു കറക്കം കറങ്ങിയാല്‍ ഞൊറിവുകളൊക്കെ വിടര്‍ന്ന് ചുറ്റിനും കിടക്കും. അതിനു നടുവില്‍ സുഖമായിരുന്നു നമുക്ക് കാര്യം സാധിക്കാം. ആരും കാണുകേം അറിയുകേം ഇല്ല. ഈശ്വരേ രക്ഷതു!

 

പെണ്‍ യാത്രകള്‍:

അവള്‍ ഹിഡുംബി; പ്രണയം കൊണ്ട് മുറിവേറ്റവള്‍!

സ്വപ്നം വിളയുന്ന സോനാര്‍ഗല്ലി

അവളെന്തിനാണ് ഒറ്റക്ക് പോയത്..?

ഏദന്‍തോട്ടം ഇതാ, ഇവിടെയാണ്!

അവള്‍ ജയിലില്‍ പോവുകയാണ്, ഒരിക്കലും കാണാത്ത അച്ഛനെ കാണാന്‍!

കാലാപാനിയിലേക്ക് വീണ്ടും

ഈ പുഴകളൊക്കെ യാത്രപോവുന്നത്  എങ്ങോട്ടാണ്?

ഭക്തര്‍ ദൈവത്തെ തെറി  വിളിക്കുന്ന ഒരുല്‍സവം!

വാ, പെണ്ണുങ്ങളേ, നമുക്കൊരു  യാത്ര പോവാം!

കുടജാദ്രിയിലേക്കുള്ള വഴി!

click me!