മീന്‍ തിന്നാനായി മാത്രം പോയ യാത്രകള്‍. ഓരോ പ്രദേശത്തേയും മീന്‍ രുചികള്‍ അനുഭവിച്ചറിയുമ്പോഴുള്ള കൊച്ചു കൊച്ചു സന്തോഷങ്ങള്‍.
പനിച്ച് വിറച്ച് ഉറക്കം വരാതെ കിടക്കുമ്പോഴാണു മീന്‍ മുട്ട പൊരിച്ചത് തിന്നണമെന്ന് തോന്നുന്നത്. അതും തിരുതമീനിന്റെ മുട്ടകള്‍.
തിരുത മീന്‍? ദൈവമേ! അതും പൊള്ളുന്ന പനിക്കിടക്കയില്‍.
സാംബശിവന്റെ ശബ്ദത്തിലാണ് ആദ്യം തിരുത മീനിനെ കുറിച്ച് കേട്ടത്. 'വിലയ്ക്കു വാങ്ങാം' എന്ന കഥാപ്രസംഗത്തില്‍. അതില്‍, ലക്ഷ്മി നൃത്തം ചെയ്യുകയാണ്.
'ആയിരം കാതം
അപ്പുറമുള്ളൊരു ആരാമ വീഥിയില്‍
കണ്ടു നമ്മള്‍....
ചിലങ്കകളുടെ ശബ്ദം...
അത് നോക്കി നില്‍ക്കുന്നു ദിപു എന്ന ദീപാങ്കുരന്‍. ആ കഥാപ്രസംഗം ഇപ്പോഴും ഉള്ളിലുണ്ട്. അതിലൂടെ കേട്ട തിരുത മീനുകളും.
പൊള്ളുന്ന പനിയുടെ കരിമ്പടത്തില്‍ പൊതിഞ്ഞ ആ ഉറക്കത്തില്‍ തിരുത മീനുകളൊടൊപ്പം ഞാനും നീന്തി. അന്തമില്ലാത്തൊരു യാത്ര. മുട്ടയിടാനായി ഉപ്പുവെള്ളത്തില്‍ നിന്ന് ശുദ്ധജലം തേടിയുള്ള അമ്മമീനുകളുടെ യാത്ര. ജനിമൃതികളുടെ തുടര്‍ച്ച തേടി, പുഴകള്‍ അന്വേഷിച്ച്. ആ യാത്രയില്‍ വഴിയില്‍ കണ്ടുമുട്ടിയ അനേകം മുഖങ്ങള്‍.
പെറ്റ് വയറൊഴിഞ്ഞാല്‍ അമ്മ മീനുകള്‍ കുഞ്ഞുങ്ങളെയും കൂട്ടി വായും പൊളിച്ച് കിടക്കുന്ന അഴിമുഖം മുറിച്ച് കടന്ന് കടലിലേക്ക് തന്നെ തിരിച്ച് നീന്തും. നിയതമായ വഴികള്‍. ജലരാശികളില്‍ തെളിഞ്ഞിറങ്ങുന്ന കര്‍മ്മ ബന്ധങ്ങളുടെ ഉഷ്ണപ്രവാഹങ്ങള്‍.
പൊള്ളുന്ന പനിയുടെ കരിമ്പടത്തില്‍ പൊതിഞ്ഞ ആ ഉറക്കത്തില്‍ തിരുത മീനുകളൊടൊപ്പം ഞാനും നീന്തി.
മുട്ടയുള്ള മത്തിക്ക് അസാധ്യ രുചിയാണെന്ന് അറിഞ്ഞത് ചാപ്പനങ്ങാടിയിലെ ഉപ്പാന്റെ വീട്ടിലേക്കുള്ള കുട്ടിക്കാല യാത്രകളി ലായിരുന്നു. മുറിക്കയ്യന്‍ ബ്ലൗസിട്ട സാരിയുടുത്ത പരിഷ്‌കാരി മരുമോളെ നിലക്ക് നിര്‍ത്താന്‍ വല്ല്യുമ്മാന്റെ ഒരു പ്രിപ്പറേഷനുണ്ട്. പച്ച കുരുമുളക് അരച്ച് പിടിപ്പിച്ച് വെളിച്ചെണ്ണയില്‍ വറുത്ത മത്തിയും കര്‍മൂസ പുളിയൊഴിച്ച് വെച്ച കൂട്ടാനും.
'ഇത് പോലൊരു കൂട്ടാന്‍ ഞാന്‍ ഇവിടുന്ന് പോയേനു ശേഷം കൂട്ടിട്ടില്ലാ'ന്ന് ചോറ് വാരി തിന്നുന്നതിനിടയില്‍ ഉപ്പ പറയുമ്പോള്‍ വല്ല്യുമ്മാന്റെ മുഖത്ത് വിരിയുന്ന ചിരി.
മീന്‍ തന്നെയായിരുന്നു എന്നത്തേയും ഇഷ്ടവിഭവം. മീന്‍ വറുത്തും കറി വെച്ചും വറ്റിച്ചും തോരന്‍ വെച്ചും അര്‍മാദിച്ച് നടക്കുന്നതിനിടയിലെ ഉത്തരേന്ത്യന്‍ പറിച്ച് നടല്‍. ചപ്പാത്തിയുടെയും ഉരുളക്കിഴങ്ങിന്റേയും അരസികന്‍ ഉച്ച നേരങ്ങളിലേക്ക് കടന്ന് വരുന്ന മീനോര്‍മ്മകള്‍. ഈദ് ഗാഹിലെ മാര്‍ക്കറ്റില്‍ പണ്ടെങ്ങോ കടല്‍ കടന്ന് വന്ന മത്തിയും അയലയും. എത്ര ശ്രമിച്ചാലും മണ്ണിന്റെ രുചി പോകാത്ത കട്‌ലമീന്‍ കഷ്ണങ്ങളുടെ കൂടെ ഉരുളക്കിഴങ്ങ് വേവിച്ചാല്‍ ചളി മണം ഒരു പരിധി വരെ മറക്കാമെന്ന് പഠിപ്പിച്ചത് അയലത്തെ ബംഗാളി വധുവാണ്.
മീന്‍ തിന്നാനായി മാത്രം പോയ യാത്രകള്‍. ഓരോ പ്രദേശത്തേയും മീന്‍ രുചികള്‍ അനുഭവിച്ചറിയുമ്പോഴുള്ള കൊച്ചു കൊച്ചു സന്തോഷങ്ങള്‍. എരിവ് വലിച്ച് കയറ്റി കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം വന്നാലും ഒരു കഷ്ണം കൂടിയെന്ന് പറയിപ്പിക്കുന്ന രുചിയോര്‍മ്മകള്‍.
എരിവ് വലിച്ച് കയറ്റി കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം വന്നാലും ഒരു കഷ്ണം കൂടിയെന്ന് പറയിപ്പിക്കുന്ന രുചിയോര്‍മ്മകള്‍.
പശ്ചിമ ബംഗാളിലെ ഏതോ ഒരു ഗ്രാമത്തില്‍ വെച്ചാണു ഹിത്സ മീന്‍ പൊരിച്ചത് കഴിക്കുന്നത്. ധാരാളം മുള്ളുള്ള ഹിത്സ കഴിക്കണമെങ്കില്‍ കുറച്ച് വൈദഗ്ദ്യം വേണം. നമ്മുടെ മുള്ളു വാളയുടെ ഏട്ടനാണു കക്ഷി. മുള്ളെല്ലാം ഒറ്റവലിക്ക് പോരുന്ന രീതിയില്‍ വേണം മുറിച്ച് കഷ്ണമാക്കാന്‍.അല്ലെങ്കില്‍ മുള്ളെല്ലാം തൊണ്ടയിലിരിക്കും. ബംഗാളി മെനുവിലെ അവിഭാജ്യ ഘടകമാണു ഹിത്സ. താമര വളയങ്ങള്‍ ഇട്ട് വറ്റിച്ച ഹിത്സ മുളകിട്ടത് സൂപ്പര്‍.
സോണാ മാര്‍ഗിലെ തണുപ്പില്‍ മഞ്ഞ് ചവിട്ടിക്കുഴച്ച് നടക്കുമ്പോഴാണു തണുത്ത വെള്ളത്തില്‍ പുളച്ച് മറിയുന്ന ട്രൗട്ട് മീനിനെ കാണുന്നത്. ട്രൗട്ട് മീന്‍ പൊരിച്ചതും കാവയും. തണുപ്പിങ്ങനെ എരിവുള്ള ആവിയായ് കണ്ണിലൂടെം മൂക്കിലൂടെം വരും.
അയലത്തല അളിയനും വിളമ്പാമെന്നാണു പഴമൊഴി. പക്ഷെ മലേഷ്യയിലെ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ഒരു ചൈനീസ് റെസ്‌റ്റോറന്റില്‍ കയറി മീന്‍ കറി ഓര്‍ഡര്‍ ചെയ്ത ഞങ്ങള്‍ സാധനം മുന്നില്‍ വന്നപ്പോള്‍ ഞെട്ടി. ഒന്നൊന്നര തലയായിരുന്നു അത്. വായും പൊളിച്ച് പല്ലെല്ലാം പുറത്ത് കാട്ടി ഒരു ഭീകരന്‍. തല തിന്നാനാവാത്തതിന്റെ സങ്കടം തീര്‍ന്നത് ബുകിറ്റ് ബിന്‍ടാങ്കിലെ രാത്രി നടത്തത്തിനിടയില്‍ ഒരു കടയിലെ മീന്‍ കറി കണ്ടപ്പോഴാണ്.
നല്ല രസികന്‍ മീന്‍ മുളകിട്ടതും ചോറും. ഞങ്ങളുടെ മലയാളം കേട്ട് കടയിലെ പെണ്‍കുട്ടി അടുത്ത് വന്നു. അവള്‍ക്ക് കുറച്ച് മലയാളം അറിയാം. ഉമ്മ തലശ്ശേരിക്കാരിയാണു. പണ്ട് ഒരു മലായ്ക്കാരന്‍ കെട്ടിക്കൂട്ടിയതാണു മലായ്ക്ക്. ഉമ്മ പറഞ്ഞ് കുറച്ചൊക്കെ മലയാളം അറിയാമെന്ന് അവള്‍ സന്തോഷത്തോടെ പറഞ്ഞു. കടയില്‍ ഒരു മലയാളി കൂടി ഉണ്ടായിരുന്നു. കണ്ണൂര്‍ക്കാരന്‍. ചെറുപ്പത്തില്‍ നാട് വിട്ടതാണ്. പിന്നെ നാടുമായി ഒരു ബന്ധവുമില്ലത്രെ.
മീന്‍ തിന്നാനായി മാത്രം പോയ പോയൊരു ഗോവന്‍ യാത്ര. ഉടുപ്പിയില്‍ നിന്നും തുടങ്ങിയ മീന്‍ തീറ്റ അവസാനിച്ചത് പന്‍ജിമിലെ ആനന്ദാശ്രമത്തില്‍. വൈറ്റ് സോസില്‍ കുളിച്ച് കിടക്കുന്ന കരിമീന്‍ പൊള്ളിച്ചത്. ബീച്ചും സീ ഫുഡും. അസാമാന്യ ഗോവന്‍ കോമ്പിനേഷന്‍.
മീന്‍ തീറ്റയുടെ അത്രയും തന്നെ തിളക്കമുണ്ട് ഞണ്ടോര്‍മ്മകള്‍ക്കും.
ഉരുണ്ട് പരന്ന ഇറുക്കാന്‍ കാലുകളുമായ് പുഴ കുലുക്കി നടന്നിരുന്ന ഞണ്ടുകളുടെ പിന്നാലെ പാഞ്ഞ കുട്ടിക്കാലം. രാത്രി കാലങ്ങളില്‍ ഭാരതപ്പുഴയിലൂടെ ഒഴുകി നീങ്ങുന്ന ഞണ്ട് പിടിത്തക്കാരുടെ കൂക്കിവിളികള്‍. പുഴവെള്ളത്തില്‍ മേഞ്ഞ് നടക്കുന്ന റാന്തല്‍ വെളിച്ചങ്ങള്‍ .
വൈറ്റ് സോസില്‍ കുളിച്ച് കിടക്കുന്ന കരിമീന്‍ പൊള്ളിച്ചത്. ബീച്ചും സീ ഫുഡും. അസാമാന്യ ഗോവന്‍ കോമ്പിനേഷന്‍.
ഉപ്പ എലത്തൂര്‍ റെയില്‍വേ സ്‌റ്റേഷനിലായിരുന്ന കാലം.
എലത്തൂരിലെ പുഴക്കരയില്‍ നിന്നും വാങ്ങുന്ന ഭീമന്‍ ഞണ്ടുകളെ സഞ്ചിയിലാക്കി ഏതെങ്കിലും ഗുഡ്‌സ് ട്രെയിനില്‍ കയറ്റി വിടും.
ഗാര്‍ഡിനൊപ്പം തീവണ്ടി കയറി വരുന്ന ഞണ്ടുകളെ വരവേല്‍ക്കാന്‍ ഞങ്ങള്‍ പരപ്പനങ്ങാടി സ്റ്റേഷനില്‍ കാത്ത് നില്‍ക്കും. ഒരിക്കല്‍ പരപ്പനങ്ങാടിക്കും എലത്തൂരിനും ഇടയിലെ ഏതോ സ്‌റ്റേഷനില്‍വെച്ച് ഷണ്ടിങ്ങിനായ് നിര്‍ത്തിയിട്ട വണ്ടിയില്‍ നിന്ന് ഞണ്ടുകള്‍ ഇറങ്ങിപ്പോയി. വെയിലില്‍ ചുട്ട് കിടക്കുന്ന പാളങ്ങള്‍ മുറിച്ച് കടന്ന് ജലം തേടിയുള്ള ഞണ്ടുകളുടെ ഘോഷയാത്ര. ജീവനീരു തേടിയുള്ള ഞണ്ടുകളുടെ ആ പരക്കം പാച്ചിലിന്റെ അവസാനം എങ്ങനെയായെന്ന് തിട്ടമില്ല. യാത്രകള്‍ പലപ്പോഴും ഇങ്ങനെയൊക്കെയും കൂടിയാണു.
വിധി ഒരുക്കി വെച്ചിരിക്കുന്നത് എന്താണെന്നൊരു പിടിയുമില്ലാത്ത അനിശ്ചിതമായൊരു പോക്ക്. അപ്പോള്‍ ചെയ്യാനുള്ളത് ഒന്നേയുള്ളു. പോകുന്ന വഴിയിലെ കാഴ്ചകള്‍ ആവും വിധം അനുഭവിക്കുക. അത് തന്നെയാണു യാത്രയും.
പെണ്‍ യാത്രകള്‍:
അവള്‍ ഹിഡുംബി; പ്രണയം കൊണ്ട് മുറിവേറ്റവള്‍!
അവളെന്തിനാണ് ഒറ്റക്ക് പോയത്..?
അവള്‍ ജയിലില്‍ പോവുകയാണ്, ഒരിക്കലും കാണാത്ത അച്ഛനെ കാണാന്‍!
ഈ പുഴകളൊക്കെ യാത്രപോവുന്നത് എങ്ങോട്ടാണ്?
ഭക്തര്‍ ദൈവത്തെ തെറി വിളിക്കുന്ന ഒരുല്‍സവം!
വാ, പെണ്ണുങ്ങളേ, നമുക്കൊരു യാത്ര പോവാം!
ബസ് യാത്രകളില്‍ ഒരു സ്ത്രീ ഏറ്റവും ഭയക്കുന്ന നിമിഷം!
വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം, മഞ്ഞറിയുമ്പോള്‍ ഒരുവള്‍ കുട്ടിക്കാലം തൊടുന്നു!
പ്രകാശം പരത്തുന്ന പെണ്‍ചിരികള്‍!
അമര്‍സിംഗ് ഒരിക്കലും പാക്കിസ്ഥാനില്‍ പോയിട്ടില്ല!
ആ പാട്ട് നിറയെ പ്രണയമായിരുന്നു!
പ്രണയമായിരുന്നു അവന്റെ കുറ്റം; അതിനാണ് അവനെ അവര്‍ കൊന്നത്!
അറിയാത്ത ബാഹുബലിയുടെ നാട്ടില്‍
കൈയും കാലും വെട്ടിമാറ്റപ്പെട്ട ക്ഷേത്രശില്‍പ്പങ്ങള്‍