ഈ പുഴകളൊക്കെ യാത്രപോവുന്നത്  എങ്ങോട്ടാണ്?

By Yasmin N K  |  First Published Mar 7, 2017, 7:04 AM IST

ബിയാസ്, സത്‌ലെജ്, സിന്ധ് , ലിഡാര്‍, ഝലം... പേരുകളങ്ങനെ പലതുണ്ട്. എല്ലാറ്റിനും ഒരേ ഭാവം, താളം. ആരെ കാണാനാണീ തിടുക്കപ്പെട്ടോടുന്നതെന്ന് ചോദിച്ചാല്‍ തിരിഞ്ഞ് നിന്ന് മാല ചിതറുന്നൊരു ചിരി. കാലെടുത്ത് വെച്ചാല്‍ പൂണ്ടടക്കം പിടിച്ച് താഴേക്ക് വലിച്ച് കളയുന്ന കലി. 


കുറ്റിപ്പുറത്ത് ഞങ്ങളുടെ പറമ്പിന്റെ അതിരില്‍ നിന്നാല്‍ പുഴ കാണാം. ഭാരതപ്പുഴ. ഒരു കുന്നിന്‍ മുകളിലാണു പറമ്പ്, നേരെ താഴേക്ക് ഓടിയിറങ്ങിയാല്‍ റെയില്‍ പാളമാണ്. കുറ്റിപ്പുറവും കഴിഞ്ഞ് എടച്ചലം പേരശ്ശന്നൂര്‍ കടന്ന് അതങ്ങനെ നീണ്ടു കിടക്കും. ഉച്ച നേരത്ത് കുന്നിന്‍ പുറത്ത് നിന്ന് നോക്കിയാല്‍ വെട്ടിത്തിളങ്ങുന്ന ഉടലുകളോട് കൂടിയ രണ്ട് പാമ്പുകള്‍ ഇര പിടിച്ച് മയങ്ങിക്കിടക്കുകയാണെന്നേ തോന്നു.അതിനപ്പുറത്ത് പുഴ. ഏത് കടുത്ത വേനലിലും  കുളിര്‍ ജലം നിറച്ച് പരന്നൊഴുകിയിരുന്നു അന്ന് . ഒരു ദേശത്തിന്റെ ജീവിതാവസ്ഥകളില്‍  പുഴ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. പുഴ ഒഴുകുന്നത് ആളുകളുടെ മനസ്സിലൂടെയും കൂടിയാണ്. ഒഴുകിപരക്കുന്നതോടൊപ്പം കെട്ടിക്കിടന്ന മാലിന്യങ്ങളെ അത് ഒഴുക്കി കളയുന്നു. നദീജലത്തിന്റെ തെളിമയില്‍ മനുഷ്യരും  മൃഗങ്ങളും കിളികളും മരങ്ങളുമെല്ലാം പാരസ്പര്യത്തോടെ ജീവിച്ച് വന്നു. വേലിയേറ്റത്തിലും വേലിയിറക്കങ്ങളിലും അവര്‍ പരസ്പരം താങ്ങായി. 

Latest Videos

undefined

വേനലില്‍ തെളിയുന്ന മണല്‍ തിട്ടകളില്‍ കൃഷിയിറക്കിയ മനുഷ്യന്‍ അവയെ വേലി കെട്ടി തിരിച്ചില്ല. കുട്ടികളും വലിയവരും കിളികളും വിശക്കുമ്പോള്‍ യഥേഷ്ടം കായ് കനികള്‍ പറിച്ച് തിന്നു.  രാത്രി, റാന്തല്‍ വെളിച്ചത്തിന്റെ വെട്ടത്തില്‍ മീന്‍ പിടിച്ചിരുന്നവര്‍ ചെറു മീനുകളെ വലയില്‍ നിന്നടര്‍ത്തി മാറ്റി കനിവോടെ വെള്ളത്തിലേക്ക് തന്നെ ഇറക്കി വിട്ടു. നാളെയെ കുറിച്ചുള്ള കരുതലായിരുന്നു അത്. പരമ്പരകളെ കുറിച്ചുള്ള ആധി.

പുഴ ഒഴുകുന്നത് ആളുകളുടെ മനസ്സിലൂടെയും കൂടിയാണ്

കനിവിന്റെ  തുടര്‍ച്ച
രാത്രി, നിറഞ്ഞ നിലാവില്‍ യമുനാ നദിയില്‍ ഇളകുന്ന താജിനെ നോക്കിയിരിക്കെ, അരികെ മീന്‍ പിടിച്ചിരുന്ന ചെറുപ്പക്കാരന്‍, തന്റെ വലയില്‍ കുടുങ്ങിയ ചെറിയ ഒരു മീനിനെ അലിവോടെ എടുത്ത് വെള്ളത്തിലേക്ക് തന്നെ തിരികെയിട്ടത് കാണ്‍കെ ജനിമൃതികളിലൂടെ നീളുന്ന കനിവിന്റെ  തുടര്‍ച്ച കണ്ട്  സ്തബ്ധയായി പോയി. ഈ വൈകിയ വേളയില്‍ കൈയില്‍ തടഞ്ഞ ഒരേയൊരു മീനിനെ എന്തിന് വെറുതെ വിട്ടു എന്ന് ആരാഞ്ഞപ്പോള്‍  ഇടര്‍ച്ചയോടെ  അയാള്‍ പറഞ്ഞത്, അതിന്റെ കണ്ണില്‍ നോക്കിയപ്പോള്‍ എനിക്കെന്റെ അഛനെ ഓര്‍മ്മ വന്നൂ എന്നാണ്. അച്ഛനെ അയാള്‍ കണ്ടിട്ടില്ല. തന്റെ ജനനത്തിന് മുമ്പ് പുറപ്പെട്ട് പോയ അഛന്‍ വെള്ളത്തില്‍ വീണു അവസാനിച്ചു എന്നാണു കുട്ടിക്കാലം മുതല്‍ അയാള്‍ കേട്ടു വളര്‍ന്നത്. 

കാല ദേശങ്ങള്‍ക്കുമപ്പുറം പുഴ ഒഴുകിയത് മനുഷ്യ മനസുകളില്‍ കൂടി തന്നെ ആയിരുന്നു. 

ജനിമൃതികളിലൂടെ നീളുന്ന കനിവിന്റെ  തുടര്‍ച്ച കണ്ട്  സ്തബ്ധയായി പോയി.

യമുന 
ഭാരതപ്പുഴ നീരൊഴിഞ്ഞ് മെലിഞ്ഞ് ഇല്ലാതായത് പോലെ, ചാലിയാര്‍ വിഷമയമായത് പോലെ, യമുനയും കറുത്ത് പോയിരിക്കുന്നു. സമീപത്തെ തുകല്‍ ഫാക്ടറികള്‍ പുറത്ത് തള്ളുന്ന വിഷം യമുനയുടെ കരയിലും വെള്ളത്തിലും പരന്നു കിടക്കുന്നുണ്ടിപ്പോള്‍. 

ആഗ്രാ കോട്ടയുടെ പുറം മതിലിനു തൊട്ടരികിലൂടെയാണത്രെ പണ്ട് യമുന ഒഴുകിയിരുന്നത്. ഈ നദിയിലെ വെള്ളമായിരുന്നു കോട്ടക്കകത്തേക്ക് പമ്പ് ചെയ്തിരുന്നത്. വലിയ പേര്‍ഷ്യന്‍ വീല്‍, കാളകളെയും കുതിരകളെയും കൊണ്ട് കറക്കിച്ച് വളരെ വിദഗ്ദമായാണു അവരാ പണി ചെയ്തത്. അകത്തെ കുളിമുറികളിലും തൊട്ടികളിലും പള്ളിയിലും  പൂന്തോട്ടത്തിലെ ഫൗണ്ടനുകളിലും വരെ യമുനാ നദി കയറി വന്നു.\

ഒരു പുഴ നമ്മുടെ വീട്ട് മുറ്റത്തേക്ക് കയറി വരുന്നതിനേക്കാള്‍ അഹ്ലാദം മറ്റെന്തിനുണ്ട്.

വീട്ടുപുഴ
ഒരു പുഴ നമ്മുടെ വീട്ട് മുറ്റത്തേക്ക് കയറി വരുന്നതിനേക്കാള്‍ അഹ്ലാദം മറ്റെന്തിനുണ്ട്. പക്ഷെ ഒരിക്കല്‍ ഭാരത പുഴ അങ്ങനെ ഭൂമിക്കടിയിലൂടെയിട്ട പൈപ്പില്‍ കയറി വീട്ടിലെക്ക് വന്നെങ്കിലും, വെയിലു കൊണ്ട് ഇളം ചൂട് പിടിച്ച് കിടക്കുന്ന വെള്ളത്തില്‍ മുങ്ങാം കുഴിയിട്ട് കോട്ടിമീനുകളൊടൊപ്പം നീന്തി, മണലില്‍ കാലു തൊടുന്നേരം  കണ്ണുകള്‍ വലിച്ച് തുറന്ന് മുമ്പില്‍ വിരിയുമായിരുന്ന വിസ്മയ ലോകത്തെ ഉള്ളിലേക്ക് ആവാഹിക്കുമ്പോള്‍ ലഭിക്കുമായിരുന്ന ആഹ്ലാദങ്ങളൊന്നും  ആ പൈപ്പിനടിയിലെ കുളിയില്‍ ഒരിക്കലും അനുഭവ ഭേദ്യമായില്ല. ഒരു മുഴുവന്‍ ലോകവും നഷ്ടപ്പെട്ട് പോയിരുന്നു അന്നേരത്തേക്കും.

ഹിമാലയന്‍ നദികളുടെ രൗദ്രത തലചുറ്റിക്കുന്നതായിരുന്നു

രൗദ്രത 
ഭാരതപ്പുഴയുടെ തരളതയും അലിവും കണ്ട് വളര്‍ന്നത് കൊണ്ടാകാം ഹിമാലയന്‍ നദികളുടെ രൗദ്രത തലചുറ്റിക്കുന്നതായിരുന്നു. വിരല്‍ വെച്ചാല്‍ മുറിഞ്ഞ് പോകുന്ന ഒഴുക്ക്. ചുറ്റുമുള്ളതിനെയൊക്കെ തട്ടിതെറിപ്പിച്ച് , പാറക്കല്ലുകളില്‍ മുടിയഴിച്ചിട്ടാടി , വളയും മാലയുമൊക്കെ ഊരിയെറിഞ്ഞ് , പൊട്ടിപൊട്ടിചിരിച്ച് , ആര്‍ത്തട്ടഹസിച്ച് താഴേക്ക് ഓടിപ്പാഞ്ഞ് പോകുന്നൊരു പെണ്ണ്.

ബിയാസ്, സത്‌ലെജ്, സിന്ധ് , ലിഡാര്‍, ഝലം... പേരുകളങ്ങനെ പലതുണ്ട്. എല്ലാറ്റിനും ഒരേ ഭാവം, താളം. ആരെ കാണാനാണീ തിടുക്കപ്പെട്ടോടുന്നതെന്ന് ചോദിച്ചാല്‍ തിരിഞ്ഞ് നിന്ന് മാല ചിതറുന്നൊരു ചിരി. കാലെടുത്ത് വെച്ചാല്‍ പൂണ്ടടക്കം പിടിച്ച് താഴേക്ക് വലിച്ച് കളയുന്ന കലി. 

ലിച്ചിപ്പഴത്തിന്റെ മധുരം നുണഞ്ഞ് നദിക്കരയില്‍ ഇരുന്നു അവരവരുടെ ജീവിതം പറഞ്ഞു.

ലിച്ചിപ്പഴത്തിന്റെ മധുരം
പശ്ചിമ ബംഗാളിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍, ഞങ്ങളുടെ പുഴ കാണണ്ടേയെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയത് കുറച്ച് ചെറുപ്പക്കാരായിരുന്നു. യമുനാ നദി ആയിരുന്നു പരന്നൊഴുകിയിരുന്നത്. ലിച്ചിപ്പഴത്തിന്റെ മധുരം നുണഞ്ഞ് നദിക്കരയില്‍ ഇരുന്നു അവരവരുടെ ജീവിതം പറഞ്ഞു. ആഗ്രഹങ്ങള്‍ പങ്ക് വെച്ചു. വലിയ വലിയ മോഹങ്ങളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല . അലിവും പരസ്‌നേഹവും ധാരാളം ഉണ്ടായിരുന്നു അവരുടെ വാക്കുകളില്‍.

നദിക്കരയിലെ കൃഷിയിടത്തില്‍ നിന്നും താമരത്തണ്ട് പറിച്ച് കൊണ്ട് വന്ന് ഇതു കൊണ്ട് രുചികരമായ കറിയുണ്ടാക്കാം എന്നു പറഞ്ഞപ്പോള്‍ ഓര്‍ത്തത്, നിത്യന്റെ അമ്മയെ ആയിരുന്നു. താമരത്തണ്ട് കൊണ്ട് രുചികരമായ മെഴുക്ക് പുരട്ടി ഉണ്ടാക്കി മകനു വിളമ്പിയിരുന്ന അമ്മ. മാധവിക്കുട്ടിയും കെ എല്‍ മോഹന വര്‍മ്മയും ചേര്‍ന്നെഴുതിയ അമാവാസി എന്ന നോവലിലെ ഡോക്ടര്‍ നിത്യന്‍. ഹേമലതയോട് അയാള്‍ കാണിച്ചിരുന അലിവും കരുണയും പറയാതെ അയാള്‍ ഉള്ളില്‍ കൊണ്ട് നടന്ന പ്രണയവും, എന്തായിരുന്നു അയാളോട് തോന്നിയിരുന്ന ഇഷ്ടം. അറിയില്ല. പക്ഷെ ഇന്നും തിരുനാവായയില്‍ നിന്നും പതുക്കെ നീങ്ങുന്ന തീവണ്ടി സ്‌റ്റേഷന്‍ വിട്ടാല്‍ മുന്നില്‍ വിടരുന്ന താമരക്കുളം കാണുമ്പോള്‍  ഡോക്ടര്‍ നിത്യനെ വെറുതെ ഓര്‍ത്ത് പോകും.

പറമ്പിന്റെ അതിരില്‍ നിന്നും പുഴ കാണുമ്പോള്‍ സങ്കടം തോന്നും

അവരൊക്കെ എവിടെപ്പോയി? 

പുഴയിലെ നീരൊഴുക്ക് നിലച്ചപ്പോള്‍ ഒപ്പം ഇല്ലാതെയായത് എന്തൊക്കെയാണ്? 

രാത്രി, പുഴക്കരയിലെ അലക്കു കല്ലില്‍ കുന്തിച്ചിരുന്നു കാറ്റ് കൊണ്ടിരുന്ന ആത്മാക്കളൊക്കെ എവിടേക്ക് ഓടിപോയിട്ടുണ്ടാകുമിപ്പോള്‍. രാത്രിയുടെ മറവില്‍ വേലുവും സഹായി കുട്ടാപ്പുവും കൂടി കൊടലക്കുഴി താണ്ടി നടന്ന് പോയിരുന്നത് പുഴയുടെ തീരത്തേക്കായിരുന്നു. കുട്ടാപ്പുവിന്റെ കൈയിലുള്ള ആള്‍ രൂപത്തില്‍  ആവാഹിച്ച് കുടിയിരുത്തിയ ആത്മാവിനെ പുഴ കടത്താനുള്ള യാത്ര ആയിരുന്നു അത്.ചൂട്ടും മിന്നിച്ച് അവര്‍ നടന്നു പോയിരുന്ന ആ വഴി പോലും ഇന്നില്ല.  

പറമ്പിന്റെ അതിരില്‍ നിന്നും പുഴ കാണുപോള്‍ സങ്കടം തോന്നും . പാലത്തിനടിയില്‍ ഒരു തുള്ളി വെള്ളമില്ല. പെണ്ണുങ്ങളും കുട്ടികളും അലക്കാനുള്ള തുണിയുമായി മണല്‍ പരപ്പിലൂടെ അക്കരെക്ക് നടക്കുന്നു. കണ്ടം പൂട്ട് കഴിഞ്ഞ് ക്ഷീണിച്ച പോത്തുകളുമായ് കുഞ്ഞാമുവും പോത്തുകളും വെള്ളത്തില്‍ മുങ്ങിക്കിടന്ന് വിയര്‍പ്പാറ്റിയിരുന്നത് പാലത്തിനടിയിലെ നീരൊഴുക്കിലായായിരുന്നു. കുഞ്ഞാമു മരിച്ചു, തൂങ്ങി മരിച്ചതാണെന്ന് കുറെ കാലം കഴിഞ്ഞാണു ഞാനറിയുന്നത്. പാലത്തിനടിയില്‍ പോത്തിന്റെ കയറും പിടിച്ച് വെള്ളം കാണാതെ വിഷണ്ണനായിരിക്കുന്ന പാവം കുഞ്ഞാമു. അത് മാത്രമാണിപ്പൊ ഭാരതപ്പുഴ കാണുമ്പോ ഓര്‍മ്മ വരാറുള്ളു.

പെണ്‍ യാത്രകള്‍:

അവള്‍ ഹിഡുംബി; പ്രണയം കൊണ്ട് മുറിവേറ്റവള്‍!

സ്വപ്നം വിളയുന്ന സോനാര്‍ഗല്ലി

അവളെന്തിനാണ് ഒറ്റക്ക് പോയത്..?

ഏദന്‍തോട്ടം ഇതാ, ഇവിടെയാണ്!

അവള്‍ ജയിലില്‍ പോവുകയാണ്, ഒരിക്കലും കാണാത്ത അച്ഛനെ കാണാന്‍!

കാലാപാനിയിലേക്ക് വീണ്ടും

click me!