അരിസ്‌റ്റോ സുരേഷ്: കവലയില്‍ ഒരു കവി

By Web Team  |  First Published Aug 9, 2016, 11:13 AM IST

നാട്ടുപേര്, വീട്ടുപേര്, അച്ഛന്റെ പേര്, അമ്മപ്പേര്, ജാതിപ്പേര് ഇങ്ങനെ പലപല വാലുകള്‍ എഴുത്തുകാര്‍ക്കിടയില്‍ കാണാം. എന്നാല്‍ ഒരു കവലയുടെ പേരുള്ള ഒരെഴുത്തുകാരന്‍ മലയാളത്തില്‍ ഇതാദ്യമായിരിക്കാം  അരിസ്റ്റോ സുരേഷ്. 

Latest Videos

തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍നിന്നു നോക്കി യാല്‍ കാണുന്ന ഒരു മുക്കവലയാണ് അരിസ്റ്റോ. ഒരു തീവണ്ടിയാപ്പീസിനെ ചുറ്റിപ്പറ്റിയുണ്ടാവുന്ന എല്ലാം ഇവിടെയുണ്ട്: ലോഡ്ജുകള്‍, ആഹാരശാലകള്‍, സിനിമാകൊട്ടകകള്‍, പോലീസ് സ്റ്റേഷന്‍, രതിത്തൊഴിലാളികള്‍, ചുമട്ടുകാര്‍, ഭിക്ഷക്കാര്‍, അങ്ങനെ എല്ലാം. ഈ കവലയില്‍ നിന്നാണ് സുരേഷ് ജീവിതം തുടങ്ങുന്നത്. പേരിനു കൂടെ ചേര്‍ക്കാന്‍ വലിയ വലിയ കാര്യങ്ങള്‍ ഇല്ലാത്തതിനാലാവണം സുരേഷിന്റെകൂടെ അരിസ്റ്റോയോ അരിസ്റ്റോയുടെ കൂടെ സുരേഷോ ചേര്‍ന്നുനടക്കാന്‍ തുടങ്ങിയത്. 

പേരിനു കൂടെ ചേര്‍ക്കാന്‍ വലിയ വലിയ കാര്യങ്ങള്‍ ഇല്ലാത്തതിനാലാവണം സുരേഷിന്റെകൂടെ അരിസ്റ്റോയോ അരിസ്റ്റോയുടെ കൂടെ സുരേഷോ ചേര്‍ന്നുനടക്കാന്‍ തുടങ്ങിയത്. 

എല്ലാ നഗരങ്ങള്‍ക്കുമുള്ളില്‍ ഓരം ചേര്‍ന്ന മനുഷ്യരുണ്ട്. അവരുടെ ജീവിതങ്ങളുണ്ട്. ഈ ജീവിതങ്ങള്‍ നഗരത്തിന്റെ വലിയ എടുപ്പുകള്‍ക്കും പകിട്ടുകള്‍ക്കും മുന്നില്‍ അസ്പൃശ്യരാണ്, അതുകൊണ്ടുതന്നെ അവര്‍ക്ക് വലിയൊരു നഗരത്തിന്റെ പേരിലോ തറവാട്ടുപേരിലോ അറിയപ്പെടാനാവില്ല. ചില കോളനികളുടെ പേരില്‍ അല്ലെങ്കില്‍ ഇരട്ടപ്പേരിലൊക്കെയാവാം അറിയപ്പെടുക. ഇങ്ങനെ ഓരം ചേര്‍ന്ന ജീവിതങ്ങളിലൊരാളായിരുന്നു സുരേഷ്. 

ഇന്ന് സുരേഷിനെ നാടറിയുന്നു. സുരേഷിന്റെ പാട്ടുകള്‍ കുട്ടികള്‍മുതല്‍ അന്യദേശക്കാര്‍വരെ പാടുന്നു... സുരേഷിന്റെ പാട്ടുകളും ജീവിതക്കുറിപ്പും പുസ്തകമാവുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു.

സുരേഷിനെ എബ്രിഡിന് പരിചയപ്പെടുത്തിയ ബോബിയെന്ന കൂട്ടുകാരന്‍തന്നെയാണ് സുരേഷിനെ എനിക്കും പരിചയപ്പെടുത്തിയത്. തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ മുറിയില്‍വെച്ച് സുരേഷ് താനെഴുതിയ പാട്ടുകള്‍ പാടി. ജീവിതം പറഞ്ഞു. ആ ദിവസം സുരേഷിന്റെ കവലജീവിതം തൊട്ട് കൂടെയുണ്ടായിരന്ന ശ്രീജിത്തും ഉണ്ടായിരുന്നു. 

സുരേഷിന്റെ പാട്ടിലെ ചില വരികള്‍, ജീവിതത്തെക്കുറിച്ചും കലയെക്കുറിച്ചുമുള്ള സുരേഷിന്റെ കാഴ്ചകള്‍ അങ്ങനെ പലതും തെളിഞ്ഞുവന്ന വൈകുന്നേരമായിരുന്നു അത്. ആ പാട്ടുരാത്രി പിരിഞ്ഞപ്പോള്‍ ഞാനും സുരേഷും ഒന്നിച്ച് ഞങ്ങളുടെ വഴികളിലേക്കു പോയി. സുരേഷിനെ വാടക മുറിക്ക് മുന്നില്‍ ഇറക്കുമ്പോള്‍ കുട്ടികളുടേതുപോലുള്ള ചിരി ചിരിച്ച് പറഞ്ഞു, കുറേ കോഴികളും പൂച്ചകളും തിങ്ങിക്കൂടിയ മുറിയാണ്. വൃത്തിക്കാരാരും പേടിച്ച് മുറിയില്‍ കേറില്ല. അതുകൊണ്ടുതന്നെ സ്വസ്ഥമായി ഇരുന്ന് എഴുതാം. കോഴികളും പൂച്ചകളും കാവല്‍ നില്‍ക്കുന്ന മുറിയിലിരുന്ന് ലോകത്തെ പുറത്താക്കി ഒരാള്‍ എഴുതുന്നു! 

അതുകൊണ്ടാണ് ഇടുക്കിയിലെ നീലച്ചടയനെയും കുഞ്ഞുങ്ങളുടെ കുസൃതിയുള്ള കണ്ണുകളെയും ഒരുപോലെ നോക്കി ഇത്ര മനോഹരമായി ചിരിക്കാന്‍ കഴിയുന്നത്.

സുരേഷിന്റെ പാട്ടില്‍ ദൈവങ്ങള്‍പോലെതന്നെ യക്ഷികളും പൂച്ചകളും പട്ടികളും പ്രണയവുമെല്ലാം എങ്ങനെ ഇടംപിടിക്കുന്നുവെന്ന് ആ ജന്തുലോകം എഴുത്തുമുറിയെക്കുറിച്ചുള്ള വിവരണത്തില്‍നിന്നും സംഗതി തെളിഞ്ഞു.
ഒരുകാലത്ത് സുരേഷ് ഒരു വഴക്കാളിയായിരുന്നു. അന്നെഴുതിയ പാട്ടുകളിലൊന്നില്‍പ്പോലും ആരോടും വഴക്കില്ല. ശത്രുതയില്ല. സ്‌നേഹം മാത്രം, പ്രണയം മാത്രം. ഒരു രസ്തഫാരിയന്‍ സുരേഷിലുണ്ട്. അതുകൊണ്ടാണ് അയാള്‍ക്ക് സ്‌നേഹത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും പാടാന്‍ കഴിയുന്നത്. 

അതുകൊണ്ടാണ് ഇടുക്കിയിലെ നീലച്ചടയനെയും കുഞ്ഞുങ്ങളുടെ കുസൃതിയുള്ള കണ്ണുകളെയും ഒരുപോലെ നോക്കി ഇത്ര മനോഹരമായി ചിരിക്കാന്‍ കഴിയുന്നത്.

click me!