വിവാഹത്തോടെ ഒരു പെണ്‍കുട്ടിയുടെ പേര് മാത്രമല്ല മാറുന്നത്. അവളുടെ ജീവിതവും അടിമുടി മാറുന്നുണ്ട്! മകളില്‍ നിന്നും മരുമകളിലേക്കും, ഭാര്യയിലേക്കും, അമ്മയിലേക്കും ഉള്ള യാത്ര അറിഞ്ഞോ അറിയാതെയോ അവളെ മറ്റൊരു വ്യക്തിയായി തീര്‍ക്കുന്നു. സ്വന്തം സ്വപ്‌നങ്ങള്‍ മാറ്റി വച്ച് കൊണ്ട് മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ക്കായി ജീവിക്കുന്നു. സ്വന്തം വീട്ടില്‍ രാജകുമാരിയെ പോലെ ജീവിച്ച അവള്‍ മറ്റൊരു വീട്ടിലെ അടുക്കളക്കാരി ആയി മാറുന്നു. ജനിച്ചു വളര്‍ന്ന സ്വന്തം വീട്ടില്‍ പോലും അതിഥിയായി മാറുന്നു. തന്നെ ജീവനെ പോലെ സ്‌നേഹിച്ച, സംരക്ഷിച്ച മാതാപിതാക്കളെ/ സഹോദരങ്ങളെ കാണാന്‍ അല്ലെങ്കില്‍ അവരോടു സംസാരിക്കാന്‍ അനുവാദം കാത്തു നില്‍ക്കേണ്ടി വരുന്നു. രാപ്പകല്‍ കഷ്്ടപ്പെട്ടു പഠിച്ചു നേടിയെടുത്ത സര്‍ട്ടിഫിക്കറ്റിനു കടലാസിന്റെ വില പോലും ഇല്ല എന്ന തിരിച്ചറിവ് അവളെ നാല് ചുവരുകള്‍ക്കുള്ളില്‍ ബന്ധിക്കുന്നു. ഇതിനെതിരെ അവളുടെ ശബ്ദം ഉയര്‍ന്നാല്‍ അത് വളര്‍ത്തുദോഷം. പിന്നെ അവളുടെ മാതാപിതാക്കള്‍ക്ക് ഇല്ലാത്ത കുറ്റങ്ങള്‍ ഇല്ല. ഈ പറഞ്ഞതൊക്കെ എല്ലാ പെണ്‍കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങള്‍ അല്ല. എന്നാല്‍, പലരും നേരിടുന്ന പ്രശ്‌നങ്ങള്‍ ആണ്.
കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഒരു സുഹൃത്ത് എന്നെ വിളിച്ചു ചോദിച്ചു 'ഡാ, എവിടെയെങ്കിലും എനിക്കൊരു ജോലി തരപ്പെടുത്തി തരാന്‍ പറ്റുമോ.? സാലറി ഒന്നും കിട്ടിയില്ലേലും വേണ്ടില്ല. കുറച്ചു നേരത്തേക്കെങ്കിലും എന്നെ ശ്വാസം മുട്ടിക്കുന്ന ഈ അന്തരീക്ഷത്തില്‍ നിന്നും ഒന്ന് മാറി നില്ക്കാന്‍ വേണ്ടിയാ'. ഫോണ്‍ കട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന രണ്ടു വര്‍ഷങ്ങള്‍ ഞാന്‍ ഓര്‍ത്തു. അവള്‍ എത്ര സ്മാര്‍ട്ട് ആയിരുന്നു. എന്തിനും സ്വന്തം നിലപാടുകള്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടി. അവളിലെ ആത്മവിശ്വാസം എവിടെ പോയി.? അവള്‍ എന്നോട് സംസാരിച്ചത് പ്രതീക്ഷകളും സ്വപ്നങ്ങളും നഷ്ടപ്പെട്ട ഒരു ഭീരുവിനെ പോലെ ആയിരുന്നു. വിവാഹം കഴിക്കാന്‍ നേരം വിദ്യാഭ്യാസം ഉള്ള പെണ്‍കുട്ടികളെ അന്വഷിച്ചു നടക്കും, വിവാഹം നടന്നു കഴിഞ്ഞാല്‍ അവളെ വീടിനുള്ളില്‍ അടച്ചു പൂട്ടും. വിവാഹശേഷം ജോലിക്കു വിടാന്‍ താല്‍പര്യം ഇല്ലാത്തവര്‍ എന്തിനാണ് വിദ്യാഭ്യാസം ഉള്ള പെണ്‍കുട്ടികളെ അന്വഷിച്ചു നടന്നു വിവാഹം ചെയ്യുന്നത്.? പഠിക്കാനും, ജോലി ചെയ്യാനും താല്‍പര്യം ഇല്ലാത്ത ആരെയെങ്കിലും കെട്ടിയാല്‍ പോരെ.?
ഒരു പെണ്‍കുട്ടി ജനിച്ചു അവള്‍ക്കു അറിവ് വയ്ക്കുന്ന പ്രായം മുതല്‍ സമൂഹം അവളെ നോക്കി പറയുന്ന ഒരു കാര്യമാണ് 'അരുത്.! അത് ചെയ്യരുത്, ഇത് ചെയ്യരുത്.!' എന്നെല്ലാം. എന്തുകൊണ്ട് ഞാനിതു ചെയ്യാന്‍ പാടില്ല എന്ന മറു ചോദ്യത്തിന് ഒരേ ഒരു ഉത്തരമാണുള്ളത് 'നീ ഒരു പെണ്‍കുട്ടി ആണ്'. എന്തിനു വേണ്ടിയാണ് അവളുടെ സ്വപ്നങ്ങളെ 'അരുത്' എന്നൊരു വാക്കുകൊണ്ട് ഇല്ലാതാക്കുന്നത്.? ഒരു പക്ഷെ, ചരിത്രത്തിന്റെ സ്വര്‍ണലിപികളില്‍ എഴുതപ്പെടേണ്ട പല പേരുകളും നമ്മുടെയൊക്കെ അടുക്കളപ്പുറത്തു കരിയും പുകയും കൊണ്ട് എരിഞ്ഞടങ്ങുന്നുണ്ടാകാം!
ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ പരമപ്രധാനമായ ലക്ഷ്യം വിവാഹം മാത്രമാണോ?
പെണ്‍കുട്ടിക്ക് പതിനെട്ടു വയസ്സ് തികഞ്ഞു കഴിഞ്ഞാല്‍ അവളുടെ വീട്ടുകാരേക്കാള്‍ ഉത്കണ്ഠ ചില നാട്ടുകാര്‍ക്കാണ്. 'എന്താ ഇവളെ കെട്ടിച്ചു വിടാനൊന്നും പ്ലാനില്ല?'
അവളെ കൂടുതലായി പഠിക്കാന്‍ വിട്ടാല്‍ അടുത്ത ചോദ്യം, 'പെണ്‍കുട്ടികളെ എന്തിനാ എത്രയും പഠിപ്പിക്കുന്നെ? അവരെ കെട്ടിച്ചു വിടാനുള്ളതല്ലേ?'
ഇനി ഇതെല്ലാം കാര്യമാക്കാതെ ഏതെങ്കിലും മാതാപിതാക്കള്‍ മകളുടെ സ്വപ്നങ്ങള്‍ക്ക് കൂടെ നടന്നാല്‍ അവരും സമൂഹത്തിനു മുന്നില്‍ കുറ്റക്കാരാണ്! ഇന്ന് പല പെണ്‍കുട്ടികളും വിവാഹത്തിന് സമ്മതിക്കുന്നത് പോലും ചുറ്റിലും ഉള്ള ഇത്തരക്കാരുടെ ചോദ്യങ്ങളെ ഭയന്നിട്ടാണ്.!
ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ പരമപ്രധാനമായ ലക്ഷ്യം വിവാഹം മാത്രമാണോ?
ഞാന്‍ പറയും, ഒരിക്കലും അല്ല. ഉദാഹരണം പറയാം, ചെറുപ്പത്തില്‍ ടീച്ചേഴ്‌സ് കുട്ടികളോട് ചോദിക്കും, വലുതാകുമ്പോള്‍ ആരാകണം എന്ന്. എല്ലാവര്‍ക്കും ഉണ്ടാകും ഓരോരോ ആഗ്രഹങ്ങള്‍. ഇതേ വരെ ആരും എനിക്ക് വിവാഹം ചെയ്തു കുട്ടികളെ നോക്കണം എന്നൊന്നും പറഞ്ഞുകാണില്ല. അതിനര്‍ത്ഥം, വിവാഹം ഒരു പെണ്‍കുട്ടിയുടെയും ജീവിത ലക്ഷ്യം ആയിരുന്നില്ല എന്നതാണ്. പിന്നീട് എപ്പോഴാണ് വിവാഹം അവളുടെ ജീവിതത്തിലെ മുന്‍ഗണന ആയിത്തീര്‍ന്നത്.?
പതിനെട്ടു വയസ്സ് തികയുമ്പോള്‍ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ പറയാന്‍ സാധിക്കണം, 'എനിക്ക് പഠിക്കണം, നല്ലൊരു ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കണം' എന്ന്. ഒരിക്കലും മാതാപിതാക്കള്‍ കരുതി വച്ചിരിക്കുന്ന പണത്തിന്റെയും സ്വര്‍ണത്തിന്റെയും മൂല്യം കണ്ടു കൊണ്ടാകരുത് ഒരാള്‍ നിന്നെ വിവാഹം ചെയ്യണ്ടത്. പകരം ജീവിതത്തോടുള്ള നിന്റെ സമീപനവും, ആത്മവിശ്വാസവും കണ്ടു കൊണ്ടാകണം. അല്ലെങ്കില്‍, കിട്ടിയ പണത്തിന്റെ മൂല്യം കുറയുമ്പോള്‍, സ്വര്‍ണത്തിന്റെ പകിട്ട് കുറയുമ്പോള്‍ സമീപനത്തിലും മാറ്റം സംഭവിക്കും.
വിവാഹം കഴിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്.
വിവാഹം കഴിക്കുന്നില്ല എന്ന് ഒരു പെണ്‍കുട്ടി തുറന്നു പറഞ്ഞാല്‍ അവളെ മോശപ്പെട്ടവളായി, അഹങ്കാരി ആയി, അനുസരണ ഇല്ലാത്തവളായി കാണുന്ന ഒരു സമൂഹമാണ് ചുറ്റിലും ഉള്ളത്. പിന്നെ ഒളിഞ്ഞു തെളിഞ്ഞും നൂറു ചോദ്യങ്ങള്‍. മനസ്സില്‍ വേറെ ആരെങ്കിലും ഉണ്ടോ.? പ്രണയ നൈരാശ്യമാണോ.? മറ്റെന്തെങ്കിലും കുഴപ്പം ഉണ്ടോ.? (അവര്‍ ഉദ്ദേശിക്കുന്ന കുഴപ്പം എന്താണോ എന്തോ.!) എല്ലാം കഴിഞ്ഞു അവസാനം വിവാഹം കഴിക്കേണ്ട ആവശ്യകതയെ കുറിച്ചൊരു സെമിനാറും!
വിവാഹം കഴിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. തിരിച്ചറിവുകള്‍ ഉണ്ടാകുന്ന പ്രായത്തില്‍ അവള്‍ തീരുമാനിക്കട്ടെ എന്ത് വേണം, ഏതു വേണ്ട എന്നൊക്കെ. അതില്‍ മറ്റൊരാള്‍ അഭിപ്രായം പറയേണ്ടതില്ല. മുന്നോട്ടുള്ള ജീവിതത്തില്‍ എനിക്ക് താങ്ങായും തണലായും ഒരാള്‍ വേണം എന്നുള്ളവര്‍ക്കു വിവാഹം ചെയ്യാം. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാര്യങ്ങള്‍ ചെയ്യാനും, സന്തോഷമായി ജീവിക്കാനും കഴിയുന്നവര്‍ ഒറ്റയ്ക്ക് ജീവിക്കട്ടെ.
പെണ്‍കുട്ടികളെ ഒരു പരിധി വരെ സ്വതന്ത്രമായി ചിന്തിക്കുവാനും, പ്രവര്‍ത്തിക്കുവാനും അനുവദിക്കണം. കുറഞ്ഞത് അവരെ സംബന്ധിക്കുന്ന കാര്യങ്ങള്‍ എങ്കിലും. വെളിച്ചത്തെ ഒരു മുറിയില്‍ അടച്ചു വച്ചാല്‍ അതിന്റെ വെട്ടം ആര്‍ക്കും പ്രകാശം നല്‍കാതെ ഇരുളിന്റെ മറവില്‍ കത്തി തീരുകയേ ഉള്ളു.
സ്വന്തം നിലപാടുകള്‍ വിളിച്ചു പറയുകയും, തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളെ രൂക്ഷമായ വാക്കുകള്‍ കൊണ്ട് കീറി മുറിക്കുന്നതിനു പകരം, അവരുടെ തീരുമാനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. കാരണം, പെണ്‍ മനസുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. അടിച്ചമര്‍ത്തലും, അപമാനവുമെല്ലാം സഹിച്ചും ക്ഷമിച്ചും പുരുഷന്റെ കാല്‍കീഴില്‍ കരഞ്ഞു തീര്‍ത്തിരുന്ന പെണ്‍ ജന്മങ്ങളെ ഇനി വരും കാലങ്ങളില്‍ കഥകളില്‍ പോലും കാണാന്‍ കഴിഞ്ഞെന്നു വരില്ല.
(ഈ സംവാദത്തില്‍ വായനക്കാര്‍ക്കും പങ്കുചേരാം. വിശദമായ പ്രതികരണങ്ങള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ സംവാദം എന്ന് എഴുതുമല്ലോ. തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകള്‍ അടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കും)
മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?
നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!
ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!
ശ്രുതി രാജേഷ്: ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം!
മുഹമ്മദ് കുട്ടി മാവൂര്‍: ഭാര്യഭര്‍ത്താക്കന്‍മാര്‍ മനസ്സുതുറക്കട്ടെ!
നോമിയ രഞ്ജന്‍ : നാട്ടുകാരുടെ ചോദ്യങ്ങളും വിവാഹം എന്ന ഉത്തരവും!
ഹാഷിം പറമ്പില്‍ പീടിക: 'ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍ കുരുപൊട്ടുന്നവര്‍'
അമ്മു സന്തോഷ്: ആണുങ്ങള്‍ അത്ര കുഴപ്പക്കാര്‍ ഒന്നുമല്ല; എങ്കിലും...
റെസിലത്ത് ലത്തീഫ്: എന്നിട്ടും നല്ല പങ്കാളികളാവാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?
അഞ്ജു ആന്റണി: വിവാഹം അനിവാര്യതയാണോ?
ബിന്ദു സരോജിനി: അല്ല കൂട്ടരെ, അവള്‍ കാമം തീര്‍ക്കാന്‍ പോയവളല്ല!
ഷെമി: ഒളിച്ചോട്ടത്തിനും അവിഹിതത്തിനും ഇടയില്‍ ചിലരുണ്ട്, സദാ കരയുന്നവര്‍!
ലക്ഷ്മി അനു: സ്‌നേഹത്തിനൊപ്പം ഇത്തിരി സ്വാതന്ത്ര്യം കൂടി കൊടുക്കൂ, അവളുടെ മാറ്റം നിങ്ങളറിയും!
ദീപ സൈറ: എന്തുകൊണ്ട് അവര്‍ വിവാഹത്തെ ഭയപ്പെടുന്നു?
ഡിനുരാജ് വാമനപുരം: ആ ഒളിച്ചോട്ടങ്ങള്‍ സ്ത്രീകളുടെ അഹങ്കാരം!
ജയാ രവീന്ദ്രന്‍: ആണ്‍കുട്ടികള്‍ക്കുമില്ലേ വിവാഹപ്പേടി?
ഇന്ദു: സ്വപ്നങ്ങളുടെ ചൂളയില്‍ അവള്‍ ഇനിയെത്ര എരിയണം?
അനു കാലിക്കറ്റ്: വീടകങ്ങളില്‍ കാറ്റും വെളിച്ചവും നിറയട്ടെ!
നിഷ സൈനു : അതിലും നല്ലത് ഒറ്റയ്ക്കുള്ള ജീവിതമാണ്!
അമൃത അരുണ്‍ സാകേതം: പെണ്‍കുട്ടികള്‍ പിന്നെങ്ങനെ വിവാഹത്തെ ഭയക്കാതിരിക്കും?