പെണ്‍കുട്ടികള്‍ പിന്നെങ്ങനെ വിവാഹത്തെ ഭയക്കാതിരിക്കും?

By അമൃത അരുണ്‍ സാകേതം  |  First Published Sep 4, 2017, 1:55 PM IST

കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച,  മാനസി പി.കെഎഴുതിയ 'വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?', നജീബ് മൂടാടി എഴുതിയ 'അത് കാമഭ്രാന്തല്ല!' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്. 

Latest Videos

പെണ്‍കുട്ടികള്‍ വിവാഹിതരാവാന്‍ മടികാണിക്കുന്നു എന്നു പറയുമ്പോള്‍, നമ്മള്‍ തിരിച്ചറിയേണ്ടത്, വിവാഹം എത്രത്തോളം ഒരു പെണ്ണിന്റെ സ്വാതന്ത്ര്യത്തിലേക്കും സ്വപ്നങ്ങളിലേക്കും ഉള്ള കടന്നുകയറ്റമാകുന്നുണ്ട് എന്ന കാര്യമാണ്. പണ്ടുകാലത്തെ പോലെ എന്തും സഹിക്കുന്ന സ്ത്രീകളൊന്നും ഇന്നില്ലെന്ന് എത്ര വാദിച്ചാലും പങ്കാളിയുടെ ഇഷ്ടത്തിനൊത്ത് ജീവിക്കുന്ന അല്ലെങ്കില്‍ കുട്ടികള്‍ക്കു വേണ്ടിയെങ്കിലും സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റിവച്ച് മറ്റൊരാളുടെ ഇഷ്ടങ്ങളെ സ്വീകരിക്കുന്ന സ്ത്രീകള്‍ നല്ലൊരു വിഭാഗം ഇവിടെ ഉണ്ടെന്നതാണ് സത്യം. ഞങ്ങള്‍ അവര്‍ക്ക് സ്വാതന്ത്ര്യം കൊടുക്കാറുണ്ടെന്ന് പറയുന്ന പുരുഷന്മാര്‍ പോലും ഇടുങ്ങിയ ചിന്തയുള്ളവരാണെന്ന് പറയേണ്ടിവരും. അവരപ്പോഴും കരുതുന്നത് സ്വാതന്ത്ര്യം അവരനുവദിച്ചു കൊടുക്കേണ്ട ഒന്നാണെന്നല്ലേ?

ആണിനെ പോലെ പെണ്ണും സ്വപ്നങ്ങള്‍ കാണാറുണ്ട്. കഷ്ടപ്പെട്ട് പഠിച്ച് നേടിയെടുക്കുന്ന ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഫയലുകളില്‍ പൂട്ടിവച്ച് കുഞ്ഞിനും കുടുംബത്തിനും വേണ്ടി ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്ന സ്ത്രീകള്‍ തങ്ങളുടെ പെണ്‍കുട്ടികളോട് സ്വപ്നം കാണരുതെന്ന് പറയണമൊ വിവാഹം വേണമെങ്കില്‍ മാത്രം സ്വീകരിക്കാന്‍ പറഞ്ഞുകൊടുക്കണമോ എന്നതിന് നമ്മള്‍ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.

കുടുംബം, കുഞ്ഞുങ്ങള്‍ ഇതെല്ലാം വളരെ വൈകാരികമായി കൈകാര്യം ചെയ്യുന്ന സ്ത്രീകള്‍ക്ക്, പുരുഷനും ഇതില്‍ തുല്യ ഉത്തരവാദിത്ത്വമുണ്ടെന്ന് പറഞ്ഞ് അത്ര പെട്ടെന്ന് മാറി നില്‍ക്കാന്‍ കഴിയുകയില്ല. അപ്പോഴാണ് ദാമ്പത്ത്യത്തിലേക്ക് കടക്കണമോ വേണ്ടയോ എന്നത് ശേഷിയുള്ള പെണ്‍തലമുറ തങ്ങളുടെ മാനസിക തലങ്ങളിലിരുന്ന് നന്നായി ചിന്തിച്ച് തിരുമാനമെടുക്കേണ്ട ഒന്നാവുന്നത്. തങ്ങള്‍ക്ക് ഒത്തുപോകാന്‍ പറ്റുന്ന ഇണയെ കണ്ടെത്തും വരെ ക്ഷമിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു. 

ഒരു സ്ത്രീയെ വിവാഹം കഴിക്കുമ്പോള്‍ താനെന്താണോ അതിനു തുല്യമായ പ്രാധാന്യമുള്ള മറ്റൊരു വ്യക്തിയാണ് കൂടെ ജീവിക്കാന്‍ വരുന്നത് എന്ന് പുരുഷനും തിരിച്ചറിയേണ്ടതുണ്ട്. ഒരുമിച്ചു ജീവിക്കാന്‍ തയ്യാറാവുമ്പോള്‍ അവള്‍ക്കുണ്ടായ നഷ്ടങ്ങളെ മനസ്സിലാക്കാനും പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാനാവശ്യമായ മാനസിക പിന്തുണ നല്‍കുകയും ചെയ്യേണ്ടതുണ്ട്. വധുവായി വരുന്നവളെ തനാഗ്രഹിക്കുന്ന പെണ്ണായി കാണാന്‍ തിടുക്കം കൂട്ടുന്ന പുരുഷന്മാരില്‍ എത്രപേര്‍ അവളാഗ്രഹിക്കുന്ന ഭര്‍ത്താവാകാന്‍ ശ്രമിക്കാറുണ്ട് എന്നു ചിന്തിച്ചുനോക്കു. 

എല്ലാ പുരുഷന്മാരും ഇതുപോലെയാണെന്ന് സ്ഥിപിക്കുകയല്ല ഇവിടെ, മറിച്ച് കണ്ടും കേട്ടും പരിചയം ഇതുപോലുള്ള ജീവിതമാകുമ്പോള്‍ വിവാഹത്തെ അല്പം ഭയത്തോടുകൂടിയല്ലാതെ എങ്ങനെ പെണ്‍കുട്ടികള്‍ നോക്കിക്കാണുമെന്ന് ചിന്തിച്ചുപോകുകയാണ്.

(ഈ സംവാദത്തില്‍ വായനക്കാര്‍ക്കും പങ്കുചേരാം. വിശദമായ പ്രതികരണങ്ങള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ സംവാദം എന്ന് എഴുതുമല്ലോ. തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകള്‍ അടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കും)

മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?

നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!

ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!

ശ്രുതി രാജേഷ്: ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം!

മുഹമ്മദ് കുട്ടി മാവൂര്‍: ഭാര്യഭര്‍ത്താക്കന്‍മാര്‍ മനസ്സുതുറക്കട്ടെ!

നോമിയ രഞ്ജന്‍ : നാട്ടുകാരുടെ ചോദ്യങ്ങളും  വിവാഹം എന്ന ഉത്തരവും!

ഹാഷിം പറമ്പില്‍ പീടിക'ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍  കുരുപൊട്ടുന്നവര്‍'

അമ്മു സന്തോഷ്: ആണുങ്ങള്‍ അത്ര കുഴപ്പക്കാര്‍  ഒന്നുമല്ല; എങ്കിലും...

റെസിലത്ത് ലത്തീഫ്: എന്നിട്ടും നല്ല പങ്കാളികളാവാന്‍  കഴിയാത്തത് എന്തുകൊണ്ടാണ്?

അഞ്ജു ആന്റണി: വിവാഹം അനിവാര്യതയാണോ?

ബിന്ദു സരോജിനി: അല്ല കൂട്ടരെ, അവള്‍ കാമം തീര്‍ക്കാന്‍ പോയവളല്ല!

ഷെമി: ഒളിച്ചോട്ടത്തിനും അവിഹിതത്തിനും ഇടയില്‍ ചിലരുണ്ട്, സദാ കരയുന്നവര്‍!

ലക്ഷ്മി അനു: സ്‌നേഹത്തിനൊപ്പം ഇത്തിരി സ്വാതന്ത്ര്യം കൂടി കൊടുക്കൂ, അവളുടെ മാറ്റം നിങ്ങളറിയും!

ദീപ സൈറ: എന്തുകൊണ്ട് അവര്‍ വിവാഹത്തെ ഭയപ്പെടുന്നു?

ഡിനുരാജ് വാമനപുരം: ആ ഒളിച്ചോട്ടങ്ങള്‍ സ്ത്രീകളുടെ അഹങ്കാരം!

ജയാ രവീന്ദ്രന്‍: ആണ്‍കുട്ടികള്‍ക്കുമില്ലേ വിവാഹപ്പേടി?

ഇന്ദു: സ്വപ്നങ്ങളുടെ ചൂളയില്‍ അവള്‍  ഇനിയെത്ര എരിയണം?​

അനു കാലിക്കറ്റ്: വീടകങ്ങളില്‍ കാറ്റും വെളിച്ചവും നിറയട്ടെ!

നിഷ സൈനു : അതിലും നല്ലത് ഒറ്റയ്ക്കുള്ള ജീവിതമാണ്!
 

click me!