ജീവിതവും തീരുമാനങ്ങളും
കമല്‍ഹാസനും ഞാനും ഇനി ഒന്നിച്ചില്ല. ഇങ്ങനെ പറയേണ്ടി വരുന്നത് ഹൃദയഭേദകമാണ്. 13 വര്‍ഷം ഒന്നിച്ചു കഴിഞ്ഞ ശേഷം, ഞാനെടുക്കുന്ന ഏറ്റവും കഠിനമായ തീരുമാനമാണിത്. ഇരുവരുടെയും വഴികള്‍ തിരിച്ചുവരാനാവാത്ത വിധം വേര്‍പിരിയുകയാണ് എന്നു തിരിച്ചറിയുന്നത് ഗാഢമായ ഒരു ബന്ധത്തിനുള്ളില്‍നില്‍ക്കുന്ന ഒരാള്‍ക്കും അനായാസമല്ല. സ്വന്തം സ്വപ്നങ്ങള്‍ വേണ്ടി വിട്ടുവീഴ്ച ചെയ്യുക. അല്ലെങ്കില്‍, ഏകാന്തത തിന്നു മുന്നോട്ടു പോവുക. ഈ രണ്ടു സാദ്ധ്യതകള്‍ മാത്രമായിരിക്കും അന്നേരം മുന്നിലുണ്ടാവുക. ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വേണ്ടി വന്നു, ഹൃദയഭേദകമായ ആ സത്യം മനസ്സിലാക്കി ഈ തീരുമാനത്തില്‍ എത്താന്‍.
ആരുടെ തലയിലും കുറ്റം ചാര്‍ത്താനോ സഹതാപം നേടാനോ അല്ല ഈ തീരുമാനം. ജീവിതത്തില്‍, മാറ്റങ്ങള്‍ അനിവാര്യമാണ്. ഇത്രയും കാലത്തെ ജീവിതം കൊണ്ട് ഞാന്‍ പഠിച്ച പാഠമാണത്. ആ മാറ്റങ്ങള്‍ നാം പ്രതീക്ഷിക്കുന്നത് പോലെയോ ആഗ്രഹിക്കുന്നത് പോലെയോ ആവണമെന്നില്ല. ഈ പ്രായത്തില്‍, അത്തരമൊരു തീരുമാനം പക്ഷേ, വേദനാഭരിതമാണ്. ഒരു സ്ത്രീ അവളുടെ ജീവിതത്തില്‍ എടുക്കേണ്ടി വരുന്ന ഏറ്റവും കാഠിന്യം നിറഞ്ഞ തീരുമാനം. എങ്കിലും അത് അനിവാര്യമാണ്. ആദ്യമായും, പ്രധാനമായും ഞാന്‍ ഒരമ്മയാണ്. നല്ല അമ്മ ആയിരിക്കുക എന്നത് മകളോടുള്ള എന്റെ ഉത്തരവാദിത്തമാണ്. അതിനെനിക്ക് കഴിയുകയും ചെയ്യും. ഉള്ളിനുള്ളില്‍ ശാന്തമായാലേ എനിക്ക് അതാവാന്‍ കഴിയൂ.
undefined
സിനിമയില്‍ വന്ന നാള്‍മുതല്‍ കമലിന്റെ ആരാധികയാണ് ഞാനെന്ന കാര്യം രഹസ്യമല്ല. ഇനിയും അതങ്ങനെ തന്നെയാവും. അദ്ദേഹത്തിന്റെ ദുഷ്‌കര വേളകളിലെല്ലാം ഞാന്‍ ഒപ്പമുണ്ടായിരുന്നു. അദ്ദേഹത്തില്‍നിന്നും ഏറെ കാര്യങ്ങ ള്‍ പഠിക്കാന്‍ എനിക്കു കഴിഞ്ഞു. പല സിനിമകളിലെയും കോസ്റ്റിയൂം ഡിസൈനറായിരുന്നു ഞാന്‍. അദ്ദേഹത്തിന്റെ സര്‍ഗാത്മക സങ്കല്‍പ്പങ്ങള്‍ സഫലമാക്കാന്‍ ് എനിക്ക് കഴിഞ്ഞുവെന്നാണ് മനസ്സിലാക്കുന്നത്. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളാണ് അതെല്ലാം. ആരാധകര്‍ക്കായി ഇനിയുമേറെ ചെയ്യാനുള്ള ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന് ഇനിയും അദ്ദേഹത്തിന് ഒരു പാട് ഉയര്‍ച്ചകള്‍ ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു.
എന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും നിങ്ങള്‍ എനിക്കൊപ്പമുണ്ടായിരുന്നു. അതിനാലാണ് നിര്‍ണായകമായ ഈ തീരുമാനം നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ഒരുങ്ങിയത്. 29 വര്‍ഷമായി നിങ്ങളുടെ സ്‌നേഹവും പിന്തുണയും പ്രാര്‍തഥനയും എനിക്കൊപ്പമുണ്ടായിരുന്നു. വേദനാഭരിതവും ഇരുണ്ടതുമായ ഇനിയുള്ള യാത്രകളിലും അതുണ്ടാവണം.
സ്‌നേഹത്തോടെ,
ഗൗതമി