ഉപതെരഞ്ഞെടുപ്പുകള്‍ പറയുന്നു; ബി ജെപിക്ക് അടിപതറി!

By Ameera Ayshabeegum  |  First Published Feb 13, 2019, 3:58 PM IST

2014 നു ശേഷമുള്ള  ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകള്‍ പറഞ്ഞു വെക്കുന്നത്. അമീറ അയിഷാബീഗം എഴുതുന്നു  


ചുരുക്കത്തില്‍, 2014 മുതലുള്ള ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ അടിപതറിയത് ഭരണകക്ഷിയായ ബി.ജെ.പിക്ക് തന്നെയാണ്. മുന്നൂറില്‍ കൂടുതല്‍ സീറ്റ് നേടി മോദി ഭരണത്തില്‍ തിരിച്ചു വരുമെന്ന അമിത് ഷായുടെ ആത്മവിശ്വാസവും പ്രതീക്ഷയും പ്രവചനവും അത്ര എളുപ്പമല്ലെന്നാണ് ഈ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മോദി പ്രഭാവം പണ്ടേ പോലെ ഏശുന്നില്ല എന്നാണ് ഈ ഉപതെരഞ്ഞെടുകളിലെ വോട്ട് ഷെയറുകളിലെ ഗണ്യമായ ഇടിവ് കാണിക്കുന്നത്. 2014ല്‍ ദുര്‍ബലമായ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആത്മവിശ്വാസം വീണ്ടെടുത്തുകഴിഞ്ഞു. അന്ന് വെറും 'പപ്പു' ആയി സംഘപരിവാര്‍ സൈബര്‍ കൂട്ടങ്ങള്‍ മുദ്രകുത്തിയ രാഹുലല്ല ഇന്ന് ഗോദയില്‍ നില്‍ക്കുന്നത്. റഫാല്‍ അടക്കമുള്ള വിഷയങ്ങളില്‍ ബി.ജെ.പിയെ വിറപ്പിക്കുന്ന മുന്നേറ്റങ്ങള്‍ നടത്തുന്ന ഒരാളാണിന്ന് രാഹുല്‍. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ ഒന്നും നഷ്ടമായില്ലെന്നു മാത്രമല്ല ബിജെപിയുടെ അഞ്ചു സിറ്റിംഗ് സീറ്റുകള്‍ നേടിയത് കോണ്‍ഗ്രസ് ആണ്. 

Latest Videos

undefined

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് എന്താണ്? പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കുമ്പോള്‍ രാജ്യം ചോദിച്ചുകൊണ്ടിരിക്കുന്ന നിര്‍ണായകമായ ചോദ്യം ഇതാണ്. പല തരം ഉത്തരങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഇതിനകം പുറത്തുവന്നിട്ടുണ്ട്. വിവിധ മാധ്യമസ്ഥാപനങ്ങളുടെയും തെരഞ്ഞെടുപ്പ് നിരീക്ഷണ ഏജന്‍സികളുടെയും മുന്‍കൈയില്‍ നടക്കുന്ന അഭിപ്രായ സര്‍വേകള്‍. രാഷ്ട്രീയ വിശകലന വിദഗ്ധരുടെയും മാധ്യമപ്രവര്‍ത്തകരുടെയും പ്രവചനങ്ങള്‍. സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും നടക്കുന്ന ചെറുതും വലുതുമായ അഭിപ്രായ വോട്ടെടുപ്പുകള്‍. അവയെല്ലാം മുന്നോട്ടുവെക്കുന്നത് മൂന്ന് സാദ്ധ്യതകളാണ്. 

1. ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരും. 
2. ബി.ജെ.പി അധികാരത്തില്‍നിന്നും പുറത്താവും. 
3. തൂക്കുപാര്‍ലമെന്റും കുതിരക്കച്ചവടവും വരും. 

നോക്കൂ, ഇവയെല്ലാം പ്രവചനങ്ങളാണ്. വോട്ടര്‍മാരുടെയും രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളുടെയും പ്രാദേശികമായ കണക്കുകൂട്ടലുകളുടെയും അടിസ്ഥാനത്തിലുള്ള പ്രവചനങ്ങള്‍. അതിനാധാരം പല തരത്തിലുള്ള താല്‍പ്പര്യങ്ങളും അഭിലാഷങ്ങളും മുന്‍വിധികളും മുന്‍ധാരണകളുമൊക്കെയാണ്. തീര്‍ച്ചയായും, വോട്ടെടുപ്പ് കഴിഞ്ഞ്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ ഡാറ്റകള്‍ പൂര്‍ണ്ണമായി പുറത്തുവരുന്നതു വരെ ഇത്തരം പ്രവചനങ്ങളും ഊഹങ്ങളുമായിരിക്കും തെരഞ്ഞെടുപ്പ് ആഖ്യാനങ്ങളെ മുന്നോട്ടുകൊണ്ടുപോവുക. പലപ്പോഴും അവ തെരഞ്ഞെടുപ്പ് ഫലങ്ങളെ പോലും നിര്‍ണായകമായി സ്വാധീനിക്കുകയും ചെയ്യും. 

 നാലര വര്‍ഷത്തിനിടെ നടന്ന 30 ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍  ഒമ്പത് സിറ്റിംഗ് സീറ്റുകള്‍ ആണ് ബിജെപിക്ക് നഷ്ടമായത്

ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍
ആ സാഹചര്യത്തിലാണ്, ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രം ഭരിച്ച കാലത്തെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുടെ കൂട്ടിവായന നിര്‍ണായകമാവുന്നത്. അതാത് ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ വരുമ്പോള്‍ ഇവ വിശദമായി ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. എന്നാല്‍, കൂട്ടിവായന അതുപോലല്ല. എല്ലാ ഉപതെരഞ്ഞെടുപ്പു ഫലങ്ങളും കൂട്ടിവായിക്കുക എന്നത് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാറിന് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനത്തിന്റെ തോതറിയാനുള്ള കാര്യക്ഷമമായ ദിശാസൂചകം തന്നെയാണ്.  

അതാത് കാലത്തെ ഭരണകൂട സമീപനങ്ങളും നയങ്ങളും ജനങ്ങളെ ഏതളവില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും ഫോര്‍മുലകള്‍ കൃത്യമായി പരീക്ഷിച്ചുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ദേശകാലങ്ങള്‍ക്കനുസരിച്ച് എന്തെന്ത് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ആ കൂട്ടിവായന പറഞ്ഞുതരും. 

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 282  സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരം പിടിച്ച കക്ഷിയാണ് ബിജെപി. 2019 ല്‍ അടുത്ത പൊതു തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇറങ്ങുന്നതിനിടെ ആ പാര്‍ട്ടി അഭിമുഖീകരിച്ചത് നിരവധി ഉപതെരഞ്ഞെടുപ്പുകളെയാണ്. അവയെ വിശദമായി പരിശോധിക്കുമ്പോള്‍, ബി.ജെ.പിയോടുള്ള ജനങ്ങളുടെ സമീപനത്തില്‍ വന്ന മാറ്റങ്ങള്‍ വ്യക്തമാവും.  നാലര വര്‍ഷത്തിനിടെ നടന്ന 30 ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍  ഒമ്പത് സിറ്റിംഗ് സീറ്റുകള്‍ ആണ് ബിജെപിക്ക് നഷ്ടമായത് (ബെല്ലാരി, രത്‌ലം, ഗുര്‍ദാസ്പുര്‍, ആള്‍വാര്‍, അജ്മീര്‍, ഗോരക്പുര്‍, ഫുല്‍പുര്‍, ഭണ്ഡാര ഗോണ്ടിയ, ഖൈറാന). 

എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ഒറ്റ സീറ്റും നഷ്ടമായില്ല. പകരം ബിജെപിയില്‍ നിന്ന് പല സീറ്റുകളും പിടിച്ചെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അതേ സമയം ബിജെപിക്ക് ഒരു സീറ്റ് പോലും പുതുതായി നേടാന്‍ കഴിഞ്ഞില്ല. ആകെ ആശ്വാസം ആറ് സീറ്റുകള്‍ നിലനിര്‍ത്തി എന്നുള്ളത് ആണ്. 

അതായത്, 2014 മുതലുള്ള ലോക്സഭാ ഉപതെരഞ്ഞെടുപ്പുകള്‍ വിലയിരുത്തിയാല്‍ നഷ്ടം പറ്റിയത് ബിജെപിക്ക് മാത്രമാണ്.

ബി.ജെ.പി അധികാരത്തിലേറിയ ഉടനെ നടന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകള്‍ ഭരണ വിരുദ്ധ വികാരം പ്രകടിപ്പിക്കുന്നതായിരുന്നില്ല.

ഒറ്റവര്‍ഷം കൊണ്ട് ചിത്രം മാറി
2014ല്‍ ബി.ജെ.പി അധികാരത്തിലേറിയ ഉടനെ നടന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകള്‍ ഭരണ വിരുദ്ധ വികാരം പ്രകടിപ്പിക്കുന്നതായിരുന്നില്ല. പൊതുതിരഞ്ഞെടുപ്പില്‍ ഏത് പാര്‍ട്ടികളാണോ ആ സീറ്റുകളില്‍ വിജയിച്ചത് അവര്‍ക്കു തന്നെ ഉപതെരഞ്ഞെടുപ്പുകളില്‍ അവ നിലനിര്‍ത്താനായി. ഒറീസയിലെ കാണ്ഡമാല്‍ ബിജു ജനതാദളും ഉത്തര്‍പ്രദേശിലെ  മൈന്‍പുരി മണ്ഡലം സമാജ്വാദി പാര്‍ട്ടിയും  തെലങ്കാനയിലെ മേദക് ടിആര്‍എസും നിലനിര്‍ത്തി. മഹാരാഷ്ട്രയിലെ ബീഡും ഗുജറാത്തിലെ വഡോദരയും വിട്ടുകൊടുക്കാതിരിക്കാന്‍ ബിജെപിക്കും കഴിഞ്ഞു. 

എന്നാല്‍ 2015 മുതല്‍ ചിത്രം മാറി തുടങ്ങി. ബിജെപിയുടെ പരാജയത്തിന്റെ തുടക്കം കുറിച്ച്  കൊണ്ട് മധ്യപ്രദേശിലെ രത്‌ലം മണ്ഡലം കോണ്‍ഗ്രസ് തിരിച്ചു പിടിച്ചു. ബി.ജെ.പി എംപി ദിലീപ് സിംഗ് ഭുരിയയുടെ മരണം സൃഷ്ടിച്ച സഹതാപ തരംഗം പക്ഷെ അദ്ദേഹത്തിന്റെ മകള്‍ നിര്‍മല ഭുരിയയ്ക്കുള്ള വോട്ടായി മാറിയില്ല. നിലവിലെ എം. എല്‍ എ കൂടി ആയിരുന്നു നിര്‍മല ഭുരിയ. അവിടെ, കോണ്‍ഗ്രസിന്റെ കാന്തിലാല്‍ ഭുരിയ 88,800 വോട്ടുകള്‍ക്ക് ജേതാവായി. തൊട്ടുപിന്നാലെ, നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ തെലങ്കാനയിലെ വാറങ്കല്‍ മണ്ഡലം ടി ആര്‍ എസും പശ്ചിമ ബംഗാളിലെ ബംഗണ്‍ മണ്ഡലം തൃണമൂല്‍ കോണ്‍ഗ്രസും നില നിര്‍ത്തി. 

2016 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പുകള്‍ 2014ന്റെ ആവര്‍ത്തനമായി മാറി.

മാറ്റമില്ലാതെ 2016
എന്നാല്‍ 2016 ല്‍ നടന്ന അഞ്ച്  ഉപതെരഞ്ഞെടുപ്പുകള്‍ ഒരു പാര്‍ട്ടിക്കും പ്രത്യേകിച്ച് ലാഭമോ നഷ്ടമോ ഉണ്ടാക്കാതെ 2014ന്റെ ആവര്‍ത്തനമായി മാറി. സര്‍ബാനന്ദ സോനോവാള്‍ അസം മുഖ്യമന്ത്രി ആയതോടെ ഒഴിവു വന്ന ലഖിമ്പുര്‍ മണ്ഡലം പ്രധാന്‍  ബാറുവയെ വെച്ച് ബിജെപി നിലനിര്‍ത്തി. എന്നാല്‍ ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ നേരിയ ഇടിവുണ്ടാക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു കഴിഞ്ഞു. 

1996 മുതല്‍ ബിജെപിയുടെ പക്കലായിരുന്ന  മധ്യപ്രദേശിലെ ഷഹ്‌ദോള്‍ മണ്ഡലം  2009ല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തെങ്കിലും 2014 ല്‍ മണ്ഡലം ബിജെപിയുടെ കൂടെ നിന്നു. എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞു സിറ്റിംഗ് എംപിയുടെ മരണത്തോടെ ഒഴിവു വന്ന സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്കു മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ഏകദേശം ഒന്നേമുക്കാല്‍ ലക്ഷത്തോളം വോട്ടുകള്‍ കുറഞ്ഞു. 

പശ്ചിമ ബംഗാളിലെ കുച് ബെഹാറും തംലുക്കും 2016ലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗങ്ങളായി തുടര്‍ന്നപ്പോള്‍ മേഘാലയയിലെ തുറ മണ്ഡലം ബിജെപിയുടെ കൂടെ പിന്തുണയോടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നിലനിര്‍ത്തി. 

2017 നാല് ലോക്സഭാ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് സാക്ഷ്യം വഹിച്ചു

അടിപതറുന്ന ബി.ജെ.പി
2017 നാല് ലോക്സഭാ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് സാക്ഷ്യം വഹിച്ചു.  ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന മലപ്പുറം സീറ്റിലേക്ക് ലീഗ് പികെ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിച്ചു. വന്‍ഭൂരിപക്ഷത്തോടെ മുസ്ലിം ലീഗ് മണ്ഡലം നിലനിര്‍ത്തി. പഞ്ചാബിലെ അമൃതസര്‍ മണ്ഡലത്തില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ രാജിയെ തുടര്‍ന്ന് അനിവാര്യമായ ഉപതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഏകദേശം ഇരട്ടിയായി വര്‍ധിപ്പിച്ചു കൊണ്ട് മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ ഗുര്‍ജീത് സിംഗ് ഔജ്ലയ്ക്കു കഴിഞ്ഞു. 

പക്ഷെ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും നിരാശാജനകമായ ഫലങ്ങളാണ് മറ്റു രണ്ട് മണ്ഡലങ്ങളില്‍ നിന്നു പുറത്തു വന്നത്. 1998, 1999, 2004, 2014 തെരഞ്ഞെടുപ്പുകളില്‍ ഗുര്‍ദാസ്പുര്‍ മണ്ഡലം ബിജെപിക്ക് വേണ്ടി നേടിയെടുത്ത വിനോദ് ഖന്നയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തി തൊണ്ണൂറായിരത്തില്‍ പരം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ സുനില്‍ ജക്കാര്‍ ബിജെപിയുടെ സ്വരണ്‍ സലറിയയെ പരാജയപ്പെടുത്തുന്നത്. ശ്രീനഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭരണ പങ്കാളിയായ പിഡിപിയുടെ സിറ്റിംഗ് സീറ്റില്‍  ജമ്മു ആന്‍ഡ് കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫാറൂഖ് അബ്ദുല്ല ജയിച്ചു കയറി. രണ്ട് ഫലങ്ങളും ബിജെപി കേന്ദ്രങ്ങളുടെ ആത്മവീര്യം കെടുത്തി. 

2018 ല്‍ നടന്നത്  13 ലോക്സഭാ ഉപതെരഞ്ഞെടുപ്പുകള്‍. ബിജെപിക്ക് നഷ്ടം ഏഴു സിറ്റിംഗ് സീറ്റുകള്‍.

2018 ലെ ബി.ജെ.പി ദുരന്തം
2018 ല്‍ നടന്നത്  13 ലോക്സഭാ ഉപതെരഞ്ഞെടുപ്പുകള്‍. ബിജെപിക്ക് നഷ്ടം ഏഴു സിറ്റിംഗ് സീറ്റുകള്‍. ബിജെപിയുടെ ഉരുക്കുകോട്ടകളില്‍ പോലും വിള്ളല്‍ വീണു. ബിജെപിയുടെ ആള്‍വാര്‍ എംപി മഹന്ത് ചാന്ദ്നാതിന്റെ മരണത്തെ തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കരണ്‍ സിംഗ് യാദവ് നേടുന്നത് രണ്ട് ലക്ഷത്തിനടുത്തു വോട്ടുകളുടെ ഭൂരിപക്ഷമാണ്. നഷ്ടമായ സീറ്റ് വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപിയില്‍ നിന്ന് തിരിച്ചു പിടിക്കാന്‍ അജ്മീര്‍ ഉപതിരഞ്ഞെടുപ്പും കോണ്‍ഗ്രസിന് അവസരം നല്‍കി. 

അതേസമയം പശ്ചിമ ബംഗാളിലെ ഉലുബേറിയ മണ്ഡലം തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ നില നിര്‍ത്തി. 1989  മുതല്‍ മഹന്ത് അവേദ്യനാഥും 1998 മുതല്‍ യോഗി ആദിത്യനാഥും കയ്യടക്കി വെച്ച ഗോരക്പുര്‍ മണ്ഡലത്തിലെ തോല്‍വിയായിരുന്നു ബിജെപി നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത്. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും പൊതുശത്രുവിനെതിരെ കൈകോര്‍ത്തപ്പോള്‍ ഹിന്ദുത്വ രാഷ്ട്രീയം നേരിട്ട ഏറ്റവും വലിയ പരാജയമായി മാറി ഗോരക്പുരിലേത്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്ന കേശവ് പ്രസാദ് മൗര്യയുടെ രാജി മൂലം തിരഞ്ഞെടുപ്പ് വീണ്ടും നടത്തേണ്ടി വന്ന ഫുല്‍പ്പൂര്‍ മണ്ഡലവും ബിജെപിയെ കൈ വിട്ടു. രണ്ട്ലക്ഷത്തില്‍ പരം വോട്ടുകളാണ് ബിജെപിക്ക് ഫുല്‍പുരില്‍ നഷ്ടമായത്.

ഇതേ മാസം ബിഹാറില്‍ അറാറിയ ഉപതിരഞ്ഞെടുപ്പില്‍ ആര്‍ ജെ ഡി സ്വന്തം കുത്തക നിലനിര്‍ത്തി. ബിജെപി ജെഡിയു സഖ്യത്തിന് ലാലു പ്രസാദിന്റെ പാര്‍ട്ടിക്കെതിരെ കാര്യമായ ഒരു വെല്ലുവിളി പോലും ഉയര്‍ത്താന്‍ കഴിയാതെ പോയി.

മെയ് മാസത്തില്‍ നാല് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലവും ബിജെപിക്ക് എതിരായിരുന്നു. ബിജെപി എംപി ഹുകും സിംഗിന്റെ മരണത്തെ തുടര്‍ന്ന് യുപിയിലെ ഖൈറാനയിലേക്കു നടന്ന തിരഞ്ഞെടുപ്പ് രാജ്യം ഉറ്റുനോക്കിയ ഒന്നായിരുന്നു. 2019 ലെ പൊതു തിരഞ്ഞെടുപ്പിന്റെ മുമ്പുള്ള സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ലോക്ദള്‍ സ്ഥാനാര്‍ഥി തബസ്സും ഹസന്‍ ഗംഭീര വിജയം നേടി.  പ്രതിപക്ഷകക്ഷികള്‍ ഒന്നിച്ചു നില്‍ക്കാന്‍ തീരുമാനിച്ചതിന്റെ ഫലം. കോണ്‍ഗ്രസ്സും എസ്പിയും ബിഎസ്പിയും ഒന്നിച്ച് ആര്‍ എല്‍ ഡിയുടെ പിന്നില്‍ അണിനിരന്നപ്പോള്‍ മുഹമ്മദ് അലി ജിന്ന വിവാദം ഉള്‍പ്പെടെ ബിജെപി തൊടുത്തു വിട്ട  വര്‍ഗീയ വിഷം പുരണ്ട അമ്പുകള്‍ ലക്ഷ്യം തൊടാതെ പോയി. അച്ഛന്റെ മരണം സൃഷ്ടിച്ച സഹാനുഭൂതി തരംഗം പോലും ബിജെപി സ്ഥാനാര്‍ഥി മൃഗങ്ക സിംഗിന് സഹായകമായില്ല. 

2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ തുണച്ച മഹാരാഷ്ട്രയിലെ ഭണ്ഡാര ഗോണ്ടിയ മണ്ഡലത്തിലും ഇതേ അവസ്ഥ ഉണ്ടായി.  ഈ മണ്ഡലം എന്‍ സി പി ബി.ജെ.പിയില്‍നിന്നും തിരിച്ചു പിടിച്ചു. 

ബിജെപിക്ക് കുറച്ചെങ്കിലും ആശ്വാസം പകര്‍ന്നത് മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ഉപതിരഞ്ഞെടുപ്പ് ഫലമാണ്. 2009 , 2014 തിരഞ്ഞെടുപ്പുകളില്‍ വരിച്ച വിജയം നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. എന്നാല്‍,  ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായി. നാഗാലാന്റിലെ ഏക പാര്‍ലമെന്റ് സീറ്റ് 2004 മുതല്‍ കൈവശം വെച്ച, കോണ്‍ഗ്രസ് പിന്തുണയുള്ള നാഗ പീപ്പിള്‍സ് ഫ്രന്റ് പുതുതായി രൂപം കൊണ്ട, ബി.ജെ.പി സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിക്ക് മുന്നില്‍ അടിയറവ് പറയുന്ന കാഴ്ചയും 2018 ല്‍ കണ്ടു. സഖ്യകക്ഷിക്ക് കിട്ടിയ വിജയം ബി.ജെ.പിക്ക് താല്‍ക്കാലിക പിടിവള്ളിയായി.

കര്‍ണാടകയില്‍ നവംബറില്‍ നടന്ന മൂന്ന് ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളും ബി.ജെ.പിക്ക് തിരിച്ചടിയായി. 2004  മുതല്‍ ബിജെപിയെ തുണച്ച ബെല്ലാരി മണ്ഡലം 2018 ല്‍ മൃഗീയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസിന്റെ വി എസ് ഉഗ്രപ്പ പിടിച്ചെടുത്തു. ബിജെപിയുടെ വോട്ട് ഷെയറില്‍ ഗണ്യമായ കുറവും ഉണ്ടായി. ജെഡിഎസ് മാണ്ഡ്യ മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ ശിവമോഗ നിലനിര്‍ത്താന്‍ ബിജെപിക്കും കഴിഞ്ഞു. 

മോദി പ്രഭാവം പണ്ടേ പോലെ ഏശുന്നില്ല എന്നാണ് ഉപതെരഞ്ഞെടുപ്പു വോട്ട് ഷെയറുകളിലെ ഗണ്യമായ ഇടിവ് കാണിക്കുന്നത്.

ഉപതെരഞ്ഞെടുപ്പു ചുമരുകള്‍ പറയുന്നത് 
ചുരുക്കത്തില്‍, 2014 മുതലുള്ള ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ അടിപതറിയത് ഭരണകക്ഷിയായ ബി.ജെ.പിക്ക് തന്നെയാണ്. മുന്നൂറില്‍ കൂടുതല്‍ സീറ്റ് നേടി മോഡി ഭരണത്തില്‍ തിരിച്ചു വരുമെന്ന അമിത് ഷായുടെ ആത്മവിശ്വാസവും പ്രതീക്ഷയും പ്രവചനവും അത്ര എളുപ്പമല്ലെന്നാണ് ഈ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മോദി പ്രഭാവം പണ്ടേ പോലെ ഏശുന്നില്ല എന്നാണ് ഈ ഉപതെരഞ്ഞെടുകളിലെ വോട്ട് ഷെയറുകളിലെ ഗണ്യമായ ഇടിവ് കാണിക്കുന്നത്. 2014ല്‍ ദുര്‍ബലമായ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആത്മവിശ്വാസം വീണ്ടെടുത്തുകഴിഞ്ഞു. അന്ന് വെറും 'പപ്പു' ആയി സംഘപരിവാര്‍ സൈബര്‍ കൂട്ടങ്ങള്‍ മുദ്രകുത്തിയ രാഹുലല്ല ഇന്ന് ഗോദയില്‍ നില്‍ക്കുന്നത്. റഫാല്‍ അടക്കമുള്ള വിഷയങ്ങളില്‍ ബി.ജെ.പിയെ വിറപ്പിക്കുന്ന മുന്നേറ്റങ്ങള്‍ നടത്തുന്ന ഒരാളാണിന്ന് രാഹുല്‍. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ ഒന്നും നഷ്ടമായില്ലെന്നു മാത്രമല്ല ബിജെപിയുടെ അഞ്ചു സിറ്റിംഗ് സീറ്റുകള്‍ നേടിയത് കോണ്‍ഗ്രസ് ആണ്. 

എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച്, ബി.ജെ.പിക്കെതിരെ ഒന്നിക്കുന്നതിന് പ്രതിപക്ഷ കക്ഷികള്‍ക്ക് കരുത്തു നല്‍കുന്നത് മാറിയ രാഷ്ട്രീയ കാലാവസ്ഥ തന്നെയാണ്.  ബിജെപിയെ അധികാരത്തില്‍ നിന്നും തുരത്താന്‍ വിട്ടുവീഴ്ചയുടെ മന്ത്രം ഉരുവിടുന്ന പ്രതിപക്ഷകക്ഷികള്‍ക്ക് കരുത്തു പകരുന്നതാണ് ഈ ഉപതെരഞ്ഞെടുപ്പുകളില്‍ അവരുടെ സഖ്യ പരീക്ഷണങ്ങള്‍ നേടിയെടുത്ത വിജയം. ഭാവിയിലേക്ക് ഉറ്റുനോക്കാന്‍ രാമക്ഷേത്രമടക്കമുള്ള മന്ത്രങ്ങള്‍ ഉരുക്കഴിക്കാന്‍ ഹിന്ദുത്വശക്തികളെ പ്രേരിപ്പിക്കുന്ന മുഖ്യഘടകവും ഈ ഉപതെരഞ്ഞെടുപ്പുകള്‍ നല്‍കുന്ന വിപത്സൂചനകളാവും. 

ഉപതെരഞ്ഞെടുപ്പുകള്‍ നല്‍കുന്ന ഈ ചുമരെഴുത്തുകള്‍ പൊതുതെരഞ്ഞെടുപ്പിന്റെ മനസ്സ് വായിക്കാനുള്ള കണ്ണാടി കൂടിയാണ്.

click me!