പറുദീസയില്‍ നിന്നുള്ള പതനം എന്ന സങ്കല്‍പ്പത്തിന്റെ പൊരുള്‍ തേടാത്ത കവികളോ ചിന്തകരോ സാംസ്‌കാരിക വിമര്‍ശകരോ ഉണ്ടായിട്ടില്ല.ക്രിസ്തുമസും നവവത്സരവും ഒരു അന്തരീക്ഷമായി നമ്മെ പൊതിയുന്ന ഇക്കാലത്തു ഞാന്‍ ചോദിക്കുന്നു എന്തിനാണ് മനുഷ്യര്‍ പറുദീസാ വിട്ടു ഭൂമിയുടെ അദ്ധ്വാനത്തിലേക്ക് ഇറങ്ങിയത്? അറിവിന്റെ കനി തിന്നാതെ ഇരിക്കുമ്പോള്‍ മാത്രമാണോ മനുഷ്യര്‍ക്ക് ഉല്ലസിക്കാനും പറവകളെയോ മരങ്ങളെയോ പോലെ ആകാനും കഴിയുക? അറിവ് ആനന്ദത്തിന് എതിരാണെന്നോ?അറിവാണ് ആഴമുള്ള ആനന്ദം നല്‍കുന്നത് എന്ന് എല്ലാ ആത്മീയ വഴികളും പറയുന്നു.സച്ചിദാനന്ദന്‍ എന്ന് ഈശ്വരനെ പറയുന്നു.എന്നിട്ടും അറിവും ആനന്ദവും പരസ്പരം കണ്ടുമുട്ടുന്നത് വളരെ കുറച്ചു മാത്രം. പ്രത്യേകിച്ചും സ്ത്രീകളുടെ ജീവിതത്തില്‍ അറിവിനും ആനന്ദത്തിനും വലിയ വിടവുണ്ട്.
ആദ്യത്തെ രതി,ആദ്യത്തെ പ്രസവം,ആദ്യത്തെ മുലയൂട്ടല്‍ എന്നിവ എനിക്ക് വേദനാജനകമായിരുന്നു. എല്ലാവര്‍ക്കും അങ്ങനെയൊക്കെ ആവും എന്ന് ഞാന്‍ കരുതുന്നു.മറിച്ചും അനുഭവം ഉണ്ടാവാം.മായാദേവി ബുദ്ധനെ പ്രസവിച്ച കഥ പോലെ ഒരു മൊട്ടു വിരിയും പോലെയോ കനി പാകമായി സുഗന്ധം പകര്‍ന്നു കൈക്കുമ്പിളില്‍ വീഴും പോലെയോ ഉള്ള പ്രസവങ്ങളും ഉണ്ടാകാം.അറിവിനെ അനുഭവത്തെ ആനന്ദമാക്കാന്‍ ഉള്ള പരിശീലനം സ്ത്രീക്ക് കിട്ടുന്നില്ല.പ്രത്യേകിച്ചും പരിഷ്‌ക്കാരം കൂടും തോറും അടക്കലുകളും മൗനങ്ങളും കൂടുന്നു.
'നീലകണ്ഠ പരിഭുക്തയൗവനാം
താം വിലോക്യ ജനനീ സമാശ്വസല്‍'
(കുമാരസംഭവം എട്ടാം സര്‍ഗം 12 ആം ശ്ലോകം)
എന്നത് വായിക്കുമ്പോള്‍ ഇതൊക്കെ അമ്മമാരും അച്ഛന്മാരും അറിയുമോ എന്ന ഒരു പരിഭ്രമമവും ഉള്ളിലുണ്ടാവാറ്. ഈ വരികളുടെ മലയാള പരിഭാഷ ഇങ്ങനെയാണ് .കുട്ടിക്കൃഷ്ണ മാരാരുടെ വക. 'അമ്മ (മേന) നീലകണ്ഠനാല്‍ ശിവനാല്‍ ഉപഭുക്തമായ യൗവ്വനത്തോട് കൂടിയ അവളേ കണ്ടിട്ട് ആശ്വാസം കൊണ്ടു'. .കുമാര സംഭവം എട്ടാം സര്‍ഗ്ഗമാണ് താനും ദാമ്പത്യത്തിലെ,സ്ത്രീ പുരുഷ ബന്ധത്തിലെ മനോഹാരിതകളെ പറ്റി ഒരു പാട് സ്വപ്നങ്ങള്‍ തന്നത്.അതല്ലാതെ അറിവിനെ ആനന്ദമാക്കാനുള്ള ഒരു വഴിയും ഇല്ലായിരുന്നു. എന്റെ തലമുറയിലുള്ള മിക്കവരെയും പോലെ എനിക്കും ആദ്യരാത്രിയായിരുന്നു, അവിദഗ്ധമായ ആദ്യ രതി അന്വേഷണം. എന്നെ സംബന്ധിച്ചേടത്തോളം (ഭര്‍ത്താവ് നീലകണ്ഠന്‍ ആയ കാരണം) കുമാര സംഭവത്തിലെ ആ വരി ശരിയായിരുന്നു. നീലകണ്ഠപരിഭുക്ത യൗവന എന്നത് അന്ന് എനിക്ക് അലോസരം ഉണ്ടാക്കിയില്ല.ഇന്ന് എനിക്ക് അതുമായി ഒട്ടും പൊരുത്തപ്പെടാന്‍ പറ്റില്ല.!
ഇതെല്ലാം മനോഹരമായ ഒരു അനുഭവത്തിലേക്കുള്ള പടിവാതിലുകളാണ് എന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിലോ?
പ്രസവം,വേദന, വേണ്ട പോലെ മുലയൂട്ടാന്‍ കഴിയാതെ കുട്ടിയുടെ കരച്ചിലും അമ്മയുടെ വേദനയും എല്ലാം കൊണ്ട് വിങ്ങുമ്പോള്‍ എന്റെ അമ്മ പറയുമായിരുന്നു..'പെണ്ണായാല്‍ ഇതെല്ലാം അനുഭവിച്ചല്ലേ പറ്റൂ 'എന്ന്. എനിക്കപ്പോ ഭയങ്കര ദേഷ്യം വരും. ഒരു കൊടുങ്കാറ്റു വന്നു എന്നെ കൊത്തിയെടുത്ത പോലെ തോന്നീട്ടുണ്ട്.ഇതെല്ലാം മനോഹരമായ ഒരു അനുഭവത്തിലേക്കുള്ള പടിവാതിലുകളാണ് എന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിലോ?
അതിനും യശോദയും കൃഷ്ണനും തമ്മിലുള്ള ബന്ധവും കൃഷ്ണന്റെ ബാലലീലാ വര്‍ണ്ണനകളുമാണ് ഉള്‍ക്കാഴ്ച നല്‍കിയിരുന്നത് കുറെ എങ്കിലും.ഉറങ്ങാത്ത രാത്രികള്‍.ഉറങ്ങാന്‍ പറ്റാത്ത രാത്രികള്‍,തീരെ അപരിചിതയായൊരു നിസ്സഹായാത്മാവിന്റെ മുഴുവന്‍ ഉത്തരവാദിത്തം . ഇവയെല്ലാം അനുഭവങ്ങള്‍ക്ക് ഒരു കനം കൊടുത്തു.വേവലാതിയും.
ഇപ്പോള്‍ ഒരൊറ്റ രാത്രി നില്‍ക്കുന്ന ബന്ധങ്ങളെയും സ്‌നേഹമില്ലാത്ത രതിയെയും പറ്റി, ഭാര്യമാരെയും ഭര്‍ത്താക്കന്മാരേയും പരസ്പരം പങ്കിട്ടെടുക്കുന്ന കൂട്ടങ്ങളെ പറ്റി കേള്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്ത വേവലാതി തോന്നുന്നു.സ്‌നേഹമില്ലാത്ത രതി ആവോളം എത്രയോ തലമുറകള്‍ അനുഭവിച്ചു കഴിഞ്ഞില്ലേ. രതി എന്നത് ശരീരങ്ങളുടെ ഒരു ആവശ്യം മാത്രമാണെന്ന് എത്രയോ പുരുഷന്മാരും പെണ്ണുങ്ങളും തെളിയിച്ചതല്ലേ.വില കൊടുത്തു വാങ്ങുന്ന ഒരുല്‍പ്പന്നം മാത്രമാണ് രതി എന്ന് നൂറു നൂറു കോടി വേശ്യാലയങ്ങളും ആണ്‍ പെണ്‍ വേശ്യകളും ലോകമെമ്പാടും തെളിയിച്ചു കൊണ്ടിരിക്കുകയല്ലേ.എല്ലാറ്റിനെയും തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യാനും നാണമില്ലാതെ തുറന്നു സംസാരിക്കാനും കഴിവുള്ള ഒരു തലമുറയും അവിടം കൊണ്ട് ഒടുങ്ങുകയാണൊ? സ്‌നേഹം എന്ന ഒരു പഞ്ചസാര പുരട്ടിയാല്‍ കുറ്റബോധമില്ലാതെ രതി സാധ്യതകള്‍ അന്വേഷിക്കാം, ഈ പ്രണയം എന്ന വാക്കു അതിനു ഒരു മറ മാത്രമെന്ന് വിശ്വസിക്കുന്ന മലയാളി വിദേശികളും ഉണ്ട്.
ഒരൊറ്റ രാത്രി നില്‍ക്കുന്ന ബന്ധങ്ങളെയും സ്‌നേഹമില്ലാത്ത രതിയെയും പറ്റി, ഭാര്യമാരെയും ഭര്‍ത്താക്കന്മാരേയും പരസ്പരം പങ്കിട്ടെടുക്കുന്ന കൂട്ടങ്ങളെ പറ്റി കേള്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്ത വേവലാതി തോന്നുന്നു
മനുഷ്യര്‍ ഹിംസ ഏറെ ഇഷ്ടപ്പെട്ടു തുടങ്ങിയോ?സ്‌നേഹം എന്ന പ്രണയം എന്ന ഭക്തി എന്ന വികാരം മരിച്ചുവോ? ഭാവനയില്‍ നാം സ്വപ്നം കാണുന്ന പ്രേമാനുഭവങ്ങള്‍ മനുഷ്യ കുലത്തെ ജീവിപ്പിക്കുന്ന അമൃതം തന്നെയാണെന്ന് എന്താണ് നാം തിരിച്ചറിയാത്തത്? എന്റെ പ്രണയത്തില്‍ എന്റെ പ്രണയം മാത്രമല്ല ഉള്ളത്. എന്റെ ഭാഷയിലെ കഥകളും കവിതകളും തപസ്സുകളും അര്‍ദ്ധനാരീശ്വര സങ്കല്‍പ്പവും എല്ലാം കലര്‍ന്നിരിക്കുന്നു.അര്‍ദ്ധ നാരീശ്വരനായ ശിവന്റെ ജടയിലും ഉണ്ട് ഗംഗാദേവി.ഗംഗാദേവിയെ മടിയിലിരുത്തി ലാളിക്കുന്ന ശിവനും,പാര്‍വതിയുടെ വിരഹവും വഴക്കും സത്യം തന്നെയാണ്.എത്രയോ മനുഷ്യ കുലങ്ങള്‍, ഭാഷകള്‍, ഭൂപ്രദേശങ്ങള്‍, പാട്ടുകള്‍, കളികള്‍, ആയോധനകളരികള്‍ ഇവയിലെല്ലാം ആണ്‍ പെണ്‍ ആകര്‍ഷണത്തിന്റെ ഒരേ പോലുള്ള കഥകള്‍ നെയ്തു ചേര്‍ത്തത് ആരാണ്? ജനിക്കുന്നതും വലുതാവുന്നതും പ്രണയിക്കുന്നതും പെറുന്നതും അദ്ധ്വാനിക്കുന്നതും അതി സുന്ദരമായ കാര്യങ്ങള്‍ ആണെന്ന് അതിലൊന്നും കാണാത്തത് എന്താണ്? എല്ലാ ഗോത്രങ്ങളും സന്തതിക്കായി തപസ്സു ചെയ്യുന്നു.ആ കുട്ടിയുടെ കുട്ടിക്കാലം ദീര്‍ഘവും ആനന്ദമയവുമായി വര്‍ണിക്കുന്നത് കൃഷ്ണകഥകളില്‍ തന്നെ. ആ കൃഷ്ണനാണ് ഏറ്റവും നല്ല കാമുകന്‍, ഏറ്റവും കരുണയും ക്രൂരതയും ഉള്ളവന്‍. അവന്റെ ഹൃദയം പുഴ പോലെ ഒഴുകുന്നു. കാമുകിമാര്‍ അലിയുന്നു. എന്നാലും നിത്യ ജീവിതത്തില്‍ കൃഷ്ണന് പകരം രാമന്‍ വരുന്നു. കടമകള്‍, ജയം, തോല്‍വി, ആത്മാഭിമാനം, കുലാഭിമാനം, അന്തസ്സ്.....ദൈവവമേ അറിവ് ആനന്ദമായി ആഴപ്പെടാന്‍ നീ അനുവദിക്കില്ലേ!
കേരളത്തില്‍ ചരിത്രപരമായി നോക്കിയാല്‍ മാന്യ മഹിളാ സംസ്‌കാരം, ഒരു ലേഡി ആയിരിക്കല്‍ ആണ് അഭ്യസ്തവിദ്യര്‍ ആയ സ്ത്രീകള്‍ക്ക് പോകേണ്ടി വന്ന സംസ്‌കരണ ഘട്ടം. സംഗീത തിരുവോള്‍ സമാഹരിച്ച ആദ്യകാല പെണ്‍കവികളുടെ പുസ്തകത്തില്‍ മുതുകുളം പാര്‍വതി അമ്മയെ ലേഡി എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ഇന്ദുലേഖയുടെ കാലവും കഴിഞ്ഞു വന്ന പുതുപഠിപ്പിനെ അക്കാലത്തെ എഴുത്തുകാര്‍ പരിശോധിച്ചിട്ടുണ്ട്.അതിന്റെ വൈരുധ്യങ്ങള്‍ സഞ്ജയന്‍, ഇ.വി.കൃഷ്ണപിള്ള എന്നീ ഹാസ സാഹിത്യകാരന്മാര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു ഹാസ്യം ഉല്‍പ്പാദിപ്പിക്കുന്ന തരം വൈകല്യമുള്ള കഥാപാത്രങ്ങള്‍ ആയി അവരെ മാറ്റിയതും അവരിലെ ഹാസ്യം കണ്ടെടുത്ത് പരിഹാസ ശരം ഏല്‍പ്പിച്ചതും ഒരേ പാശ്ചാത്യസംസ്‌കാരപ്പഠിപ്പുകാര്‍ തന്നെ ആയിരുന്നു. എല്ലാ കാലത്തും അതങ്ങനെ തന്നെ ആണ് കേരളത്തില്‍ കണ്ടു വരുന്നത്. സ്ത്രീകള്‍ക്ക് ജോലി വേണം, സ്വന്തം കാലില്‍ നില്‍ക്കണം എന്ന് പറഞ്ഞു. അതിനു ശേഷം അധ്യാപികമാര്‍ അതും വീട്ടിന്നടുത്ത വിദ്യാലയങ്ങളില്‍ പോകുന്നവര്‍ എന്നാക്കി.വേണം എങ്കില്‍ അല്പം ബാങ്കുദ്യോഗസ്ഥര്‍,ഡോക്ടര്‍ ,നേഴ്‌സ് ഒക്കെ ആവാം. സ്വാതന്ത്ര്യ ബോധമോ, സ്വന്തം അഭിരുചിയെ വികസിപ്പിക്കാനുള്ള അവസരമോ പൗരര്‍ക്ക് മൊത്തത്തിലും സ്ത്രീകള്‍ക്ക് പൊതുവെയും നിഷേധിക്കപ്പെട്ടു. സ്ത്രീകളെ തന്നെ മുന്‍ നിരയില്‍ നിര്‍ത്തി സ്ത്രീകളെ ചുരുക്കല്‍ നടത്താം എന്ന് സംസ്‌കാരം ഇപ്പോഴും തെളിയിക്കുന്നു.ആവിഷ്‌കാരം സ്ത്രീകളും സംവിധാനം പുരുഷന്‍ /പൊതു ബോധവും.അത് കൊണ്ടുണ്ടായ ഏറ്റവും വലിയ കാര്യം പെണ്ണുങ്ങള്‍ ആനന്ദത്തില്‍ നിന്ന് മുറിച്ചു മാറ്റപ്പെട്ടവര്‍ ആയി എന്നാണു. പൊതു സമൂഹത്തിനും ഇതാണാവസ്ഥ എങ്കിലും സ്ത്രീകള്‍ ഏതു സ്വാതന്ത്ര്യ വാദത്തിലും ചിറകു അരിയപ്പെട്ട തത്തകള്‍ ആയി മാറുന്നു.
സ്ത്രീകള്‍ ഏതു സ്വാതന്ത്ര്യ വാദത്തിലും ചിറകു അരിയപ്പെട്ട തത്തകള്‍ ആയി മാറുന്നു.
ഇക്കാലത്തും സീരിയലുകള്‍, ആഭരണങ്ങള്‍ വിലപിടിപ്പുള്ള വസ്ത്രങ്ങള്‍ ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങി പലതും സ്ത്രീകളുടെ പേരില്‍ ആക്ഷേപിക്കപ്പെടുന്നുണ്ടെങ്കിലും അതിന്റെ ഉല്‍പ്പാദകരും മുതലെടുപ്പ് നടത്തുന്നവരും ആണുങ്ങള്‍ തന്നെയാണ് മിക്കവാറും. ഇതിലെല്ലാം സ്ത്രീകളുടെ ആനന്ദിക്കാനുള്ള വെമ്പലിനെ സ്പര്ശിക്കുന്നവ ഒന്നുമില്ല. മാധ്യമങ്ങള്‍,സംസ്‌കാരം,വീട്, വിദ്യാലയം തുടങ്ങി എല്ലാം സ്ത്രീകളുടെ (മനുഷ്യരുടെ എന്നുമാവാം) കടമ, കുടുംബം, തറവാട്, ജാതി,മതം , ജാതകം,അന്തസ്സ് ,പണം എന്നിവയെ കുറിച്ചും സുഖസൗകര്യങ്ങളെ കുറിച്ചും അല്ലാതെ ആനന്ദം,സന്തോഷം,സുഖം,ഉല്ലാസം ഒന്നിനെയും കണക്കാക്കുന്നില്ല,പഠിപ്പിക്കുന്നില്ല.
ജീവിതം ഒരു കടമയാക്കുന്നതിലൂടെ ദുര്‍ഗുണ പരിഹാര പാഠശാലയാക്കുന്നതിലൂടെ പഴയതും പുതിയതുമായ പഠിപ്പുകള്‍ രതിയെയും പ്രസവത്തെയും കുട്ടിയെ വളര്‍ത്തലിനെയും ജീവിതത്തില്‍ ഒഴിച്ച് നിര്‍ത്താന്‍ പറ്റാത്ത ചില ഘട്ടങ്ങള്‍ മാത്രമായാണ് പരിചയപ്പെടുത്തിയത്. പുരുഷന്മാര്‍ക്ക് സ്വാതന്ത്ര്യം ആഹ്ലാദം ,സ്ത്രീകള്‍ക്ക് ഗര്‍ഭ ഭീഷണി; അതാണ് കുന്തി മുതല്‍ക്കുള്ള കഥകള്‍.അച്ഛനില്ലാത്തവന്‍, ഒരൊറ്റ തന്തക്ക് പിറന്നവന്‍, എനിക്ക് രണ്ടു തന്തയില്ല, അച്ഛന്‍ വേറെ ആണെന്ന് അറിയുമ്പോള്‍ തകര്‍ന്നു പോകുന്ന 'പൂര്‍ണ്ണ പുരുഷന്മാരായ' (ദേവാസുരം) നീലകണ്ഠന്മാര്‍..അങ്ങനെ സൃഷ്ടിയിലെ ആനന്ദം ഭീതിയായി മാറുന്ന കാഴച വ്യസനകരമാണ്.
അറിവും കര്‍മവും ആനന്ദവും തമ്മിലുള്ള വിടവ് ഇന്നത്തെ സ്ത്രീകവിതയിലും ഉണ്ട്. ഫെമിനിസം ഒരു തുറന്ന വാതിലും അനേകം അടഞ്ഞ വാതിലുകളും ആകുന്ന കാഴ്ചയാണ് സ്ത്രീ ആവിഷ്‌കാരങ്ങളില്‍
അറിവും കര്‍മവും ആനന്ദവും തമ്മിലുള്ള വിടവ് ഇന്നത്തെ സ്ത്രീകവിതയിലും ഉണ്ട്. ഫെമിനിസം ഒരു തുറന്ന വാതിലും അനേകം അടഞ്ഞ വാതിലുകളും ആകുന്ന കാഴ്ചയാണ് സ്ത്രീ ആവിഷ്‌കാരങ്ങളില്‍ ഇന്ന് എനിക്ക് അനുഭവിക്കാനാകുന്നത്.അതിനേക്കാളും ഹിംസയുടെയും വിടവിന്റെയും ആവലാതിയുടെയും അക്രമണോല്‍സുകതയുടെയും ഒരു ലോകമാണ് ഇന്ന് സ്ത്രീക്കുള്ളത്. സ്ത്രീ ആയിരിക്കുകയെന്നത് പുരുഷന് എതിരായിരിക്കുക എന്നല്ല.പ്രപഞ്ചം എന്നെ സ്ത്രീ ആയി ഉണ്ടാക്കിയല്ലോ എന്ന ആവലാതി അല്ല.പെണ്ണുങ്ങള്‍ കാണാത്ത പാതിരാനേരങ്ങള്‍ എന്തിനു സ്ത്രീ കാണണം?മറ്റൊരു പുരുഷനിര ആകാനോ?
എന്താണ് സ്ത്രീയുടെ സത്ത? അത് അന്വേഷിക്കലും കണ്ടെത്തലുമാണ് ഇന്ന് വേണ്ടത്. കുട്ടി/ യുവതി / കൗമാരക്കാരി / പ്രണയിനി / അമ്മ; അല്ലെങ്കില്‍ പ്രണയമില്ലാത്തവള്‍/ അമ്മയാവാത്തവള്‍ / വിവാഹം കഴിക്കാത്തവള്‍/ വിവാഹം കഴിക്കാതെ അമ്മയായവള്‍/ ഒറ്റ / സ്ത്രീയെ തന്നെ പ്രണയിക്കുന്നവള്‍ ഇങ്ങനെ രൂപങ്ങളിലൂടെ മനസ്സിന്റെയും ശരീരത്തിന്റെയും വിവിധ .ആവിഷ്‌കാരങ്ങളിലൂടെ ആനന്ദിക്കാന്‍ കഴിയണം സ്ത്രീകള്‍ക്ക്. മറ്റൊരാളെയും തന്നെ തന്നെയും ബലി കൊടുക്കാത്ത വേദനിപ്പിക്കാത്ത ജീവിതം സാധ്യമാണ്. അതിനുള്ള തുടക്കം ഉടന്‍ വേണം.വായനക്കാരേ...സ്വയവും കൂട്ടുകാരോടും എന്താണ് സന്തോഷം എന്ന് ചോദിച്ച അത് കണ്ടു പിടിക്കാന്‍ കൂടെ പോകുകയല്ലേ ഈ പുതുവര്‍ഷത്തില്‍ കൊടുക്കാവുന്ന ഒരു സമ്മാനം?
ഈ കോളത്തില്‍ നേരത്തെ പ്രസിദ്ധീകരിച്ചത്:
ഒരാലിംഗനം കൊണ്ട്, ഒരുമ്മ കൊണ്ട്...
രതി, ഒരു സ്പര്‍ശ കല മാത്രമല്ല!
ഒരു മകള്‍ അച്ഛന് എഴുതാത്ത വരികള്‍!