ഉദാഹരണം പേച്ചിയമ്മ!

By ശ്രുതി രാജേഷ്  |  First Published Oct 11, 2017, 1:57 PM IST

സുജാതയും പേച്ചിയമ്മയും തമ്മിലെന്ത്? മഞ്ജു വാര്യര്‍ നായികയായ 'ഉദാഹരണം സുജാത' എന്ന സിനിമ ഓര്‍മ്മിപ്പിച്ച മറ്റൊരു സ്ത്രീയുടെ പൊള്ളുന്ന ജീവിതം. ശ്രുതി രാജേഷ് എഴുതുന്നു​

Latest Videos

ആരോരുമറിയാതെ പോകുന്ന ചില ഒറ്റയാള്‍ പോരാട്ടങ്ങള്‍ ഉണ്ട്. അവരുടെ ജീവിത സമരങ്ങള്‍ ആരുമറിയാറില്ല. അവരുടെ വഴികള്‍ ഒരു കാലവും അടയാളപ്പെടുത്തി വെച്ചിട്ടില്ല. ഇങ്ങേനെയും ചിലര്‍ ഇവിടെ ജീവിച്ചിരുന്നുന്നെന്നോ ഏതോ ഒരു നാള്‍ അപ്രത്യക്ഷരായെന്നോ ആരുമറിയുന്നില്ല. ആര്‍ക്ക് വേണ്ടിയാണവര്‍ പോരാടിയത്, ആര്‍ക്കു വേണ്ടിയവര്‍ ഒരു കുന്നോളം നൊമ്പരങ്ങള്‍ ഉള്ളിലടക്കിയത്, ഒന്നിനും ഉത്തരമില്ലാതെ എവിടെക്കോ മറഞ്ഞുപോയവര്‍. അങ്ങനെയും ചിലര്‍ നമുക്കിടയില്‍ ഇല്ലേ?. കഴിഞ്ഞ ദിവസം ഉദാഹരണം സുജാത എന്ന ചിത്രം കണ്ടപ്പോള്‍ ഞാന്‍ എന്തോ പേച്ചിയമ്മയെ കുറിച്ചു വീണ്ടും ഓര്‍ത്തു. സിനിമയിലെ സുജാതയും പേച്ചിയമ്മയുമായി സാമ്യതകള്‍ ഉണ്ടോയെന്നു ചോദിച്ചാല്‍ ഇല്ല. പക്ഷെ രണ്ടുപേരും പൊതുവായി നടത്തിയൊരു ജീവിതയുദ്ധം, അതെന്നെ ആ സ്ത്രീജന്മത്തെക്കുറിച്ചു ചിന്തിപ്പിച്ചു.

പേച്ചിയമ്മയെ ഞാന്‍ ആദ്യം കാണുന്നത് കോയമ്പത്തൂരിലേക്ക് അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വന്നൊരു പകലിലാണ്. കേരളത്തിനു പുറത്തേക്ക് കോളേജില്‍ പഠിക്കുന്ന കാലത്തെന്നോ ടൂര്‍ പോയതൊഴിച്ചാല്‍ ഒരന്യനാട്ടില്‍ പോയോ ജീവിച്ചോ പരിചയമില്ല. തമിഴ് സിനിമകളുടെ 'പെരിയ രസിക' ആയതിനാല്‍ അത്യാവശ്യം ജീവിച്ചു പോകാനുള്ള തമിഴ് അറിയാമായിരുന്നു എന്നതൊഴിച്ചാല്‍ മനസ്സു നിറയെ ആശങ്കകളുമായാണ് ഞാന്‍ കോയമ്പത്തൂരില്‍ കാലുകുത്തിയത്. അങ്ങനെ എത്തിയൊരു പകലാണ് പേച്ചിയമ്മയെ കണ്ടത്.

ആ ഫ്‌ളാറ്റ് സമുച്ചയത്തില്‍ ജോലിക്ക് വരുന്നൊരു സ്ത്രീയായിരുന്നു അവര്‍. കണ്ടാലൊരു നാല്‍പതുവയസിനടുത്തു പ്രായം. ഈ തമിഴ്‌സിനിമകളില്‍ ഒക്കെ കാണുന്ന പോലെ ഒരാളെ ഞാന്‍ അന്നാണ് ആദ്യം കണ്ടത്. മഞ്ഞള്‍ പൂശിയ മുഖവും, മൂക്കിലൊരു യമണ്ടന്‍ മൂക്കൂത്തിയും, പിന്നെ കൈനിറയെ കുപ്പിവളകളും, മുടിയില്‍ നിറയെ മല്ലിപൂവും (മല്ലി പൂ എന്നാല്‍ നമ്മുടെ മുല്ല പൂ)ചൂടി എപ്പോഴും ചിരിച്ച മുഖത്തോടെ നടക്കുന്നൊരു അസ്സല്‍ തമിഴ് സ്ത്രീ. പക്ഷെ അവരുടെ മുഖത്തിന്റെ ഒരു പാതിയും കൈകളിലും കഴുത്തിലും ഒരു തീ പൊള്ളലിന്റെ വടുക്കള്‍.  ചിലപ്പോഴൊക്കെ അത് അവരുടെ അഴകിനൊരു കുറവ് വരുത്തിയിരുന്നു.

പേച്ചിയമ്മ ആ ഫ്‌ളാറ്റില്‍ ജോലിക്ക് വരുന്ന അനേകം സ്ത്രീകളില്‍ ഒരാളായിരുന്നു. പുതിയതായി ആരെങ്കിലും താമസത്തിന് വന്നാല്‍ ഉടന്‍ എല്ലാവര്‍ക്കും അറിയേണ്ടത് വീട്ടില്‍ വേലയ്ക്കു ആളെ വേണോ എന്നാണ്. ആര്‍ക്കാണ് ആ നറുക്ക് വീഴുക എന്നറിയണം. ഒരാള്‍ തന്നെ അഞ്ചും ആറും വീടുകളില്‍ ജോലിക്ക് പോകും. രാവിലെ കയറിയാല്‍ രാവോളം പല ഫ്‌ളാറ്റുകളിലാകും പണി. നേരം ഇരുള്‍ വീഴുമ്പോള്‍ കൈയ്യിലൊരു പ്ലാസ്റ്റിക് സഞ്ചിയില്‍ ഓരോ വീടുകളില്‍ നിന്നും കിട്ടുന്ന, ബാക്കി വന്ന ആഹാരസാധനങ്ങളുമായി അവര്‍ പോകും. ഓരോരുത്തരുടെയും വീടുകളില്‍ അവരുടെ ഈ പ്ലാസ്റ്റിക് സഞ്ചികള്‍ കാത്തു അനേകം വയറുകള്‍ കാത്തിരിപ്പുണ്ടാകും.

ഒരു രാത്രി വഴക്ക് മൂത്തപ്പോള്‍ അയാള്‍ മണ്ണെണ്ണ എടുത്തു പേച്ചിയമ്മയുടെ ദേഹത്ത് ഒഴിച്ചു കത്തിച്ചു

പുതിയതായി താമസക്കാര്‍ വന്നതറിഞ്ഞപ്പോള്‍ വീട്ടുജോലിക്ക് ആളെ വേണോ എന്ന് ചോദിച്ചു ആദ്യം എത്തിയത് പേച്ചിയമ്മയായിരുന്നു. അന്ന് മോള്‍ ജനിച്ചിട്ടില്ല. വീട്ടില്‍ പറയത്തക്ക പണികള്‍ ഒന്നും തന്നെയില്ല. അതുകൊണ്ട് തന്നെ വേണ്ട എന്ന് പറഞ്ഞു ഞാന്‍ അവരെ ഒഴിവാക്കുകയും ചെയ്തു. പക്ഷെ അന്ന് കണ്ട പരിചയത്തില്‍ ഇടക്കിടെ ഇടനാഴികളില്‍ വെച്ചോ ലിഫ്റ്റില്‍ വെച്ചോ പേച്ചിയമ്മ എന്നെ കാണുമ്പോള്‍ എന്തെങ്കിലും ഒക്കെ കുശലം ചോദിക്കും. അറിയാവുന്ന തമിഴില്‍ ഞാനും ഒരു കാച്ചു കാച്ചും.

അങ്ങനെ നാളുകള്‍ പോകുന്നതിനിടയിലാണ് എനിക്ക് കടുത്ത പനി പിടിപെട്ടത്. ഒന്നെഴുന്നേല്‍ക്കാന്‍ വയ്യാത്ത അവസ്ഥ. ഭര്‍ത്താവിനു ഒരാഴ്ചയില്‍ കൂടുതല്‍ ലീവ് എടുക്കാന്‍ കഴിയാത്ത സാഹചര്യം. നാട്ടില്‍ നിന്നും വരാന്‍ ആര്‍ക്കും കഴിയുന്ന അവസ്ഥയുമല്ല. അങ്ങനെയൊരു സന്ദര്‍ഭത്തിലാണ് കുറച്ചു ദിവസത്തേക്ക് പേച്ചിയമ്മയെ അടുക്കളജോലിക്ക് വിളിച്ചാലോ എന്ന് ഞാന്‍ പറഞ്ഞത്. അങ്ങനെ പേച്ചിയമ്മ അടുത്ത ദിവസം തന്നെ ഹാജരായി. വന്ന പാടെ അടുക്കളയില്‍ കയറി പാല്‍ കാച്ചല്‍ നടത്തി പ്രാര്‍ഥിച്ചാണ് കക്ഷി ജോലി ആരംഭിച്ചത്. ചെറുതോ വലുതോ ആയാലും താന്‍ ചെയ്യുന്ന ജോലിയാണ് തന്റെ ദൈവമെന്നു പേച്ചിയമ്മ വിശ്വസിച്ചിരുന്നു.

പൊതുവേ കടുത്ത വൃത്തിക്കാരിയാണ് ഞാന്‍. എന്നെക്കാള്‍ വലിയ ഒരു വൃത്തിക്കാരിയായിരുന്നു സത്യത്തില്‍ പേച്ചിയമ്മ. വീടൊക്കെ വൃത്തിയാക്കിയാല്‍ കണ്ണാടി തോല്‍ക്കും. അത്രയ്ക്ക് വെടിപ്പാക്കും. പനിയൊന്നു കുറഞ്ഞപ്പോള്‍ കുറച്ചു നാള്‍ കൂടി അവര്‍ വീട്ടില്‍ ജോലിക്ക് വന്നോട്ടെ എന്ന് ഞാനും ഓര്‍ത്ത്. ഒന്നോ രണ്ടോ മണിക്കൂര്‍ നേരമാണ് പേച്ചിയമ്മയ്ക്ക് എന്റെ വീട്ടിലെ ഡ്യൂട്ടി. അത്രനേരത്തെ പണിയൊന്നും ഉണ്ടാവില്ല പക്ഷെ ബാക്കി സമയം മുഴുവന്‍ അവര്‍ എന്നോട് ഒരുപാട് നേരം സംസാരിച്ചിരുന്നു. എനിക്കും ആ ഫ്‌ളാറ്റ് വാസക്കാലത്ത് അത് വലിയ സമാധാനമായിരുന്നു. അങ്ങനെയാണ് പേച്ചിയമ്മയുടെ ചരിത്രം ഞാനറിയുന്നത്.

മധുരക്കാരിയാണ് പേച്ചിയമ്മ. തിരുമണം, അതായതു നമ്മുടെ കല്യാണം കഴിഞ്ഞാണ് അവര്‍ ഇവിടേയ്ക്ക് വന്നത്. ഭര്‍ത്താവ് ഒരു മുഴുക്കുടിയനായിരുന്നു. കിട്ടുന്ന കാശു മുഴുവന്‍ കള്ളും കുടിച്ചു ചീട്ടും കളിച്ചു കളയും, പോരാത്തതിന് കടുത്ത സംശയരോഗവും. ഭാര്യ അടുക്കള പണിയ്ക്ക് പോയി കുടുംബം പുലര്‍ത്തണം. എന്നാല്‍ അവളില്‍ സംശയവും. ഓരോ രാത്രിയും അയാള്‍ അവരെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുമായിരുന്നത്രേ. അങ്ങനെ ഒരു രാത്രി വഴക്ക് മൂത്തപ്പോള്‍ അയാള്‍ മണ്ണെണ്ണ എടുത്തു പേച്ചിയമ്മയുടെ ദേഹത്ത് ഒഴിച്ചു കത്തിച്ചു. ഭാഗ്യം കൊണ്ട് മാത്രമാണ് അന്നവര്‍ രക്ഷപെട്ടത്. പക്ഷെ മുഖത്തിന്റെ പാതിയും കൈയും കാലും എല്ലാം പൊള്ളലേറ്റു. അതോടെ ഭര്‍ത്താവ് നാടും വിട്ടു. ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലത്രേ. പോലിസ് പിടിക്കുമെന്ന് പേടിച്ചു നാട് വിട്ടു എങ്ങോട്ടോ പോയെന്നു മാത്രമേ അവര്‍ക്കും അറിയൂ.. അയാള്‍ ഒരിക്കലും മടങ്ങി വരണ്ട എന്നാണത്രേ അവര്‍ക്ക്. ഇപ്പോള്‍ ദാരിദ്ര്യം ആണെങ്കിലും അവര്‍ അനുഭവിക്കുന്ന സമാധാനം അയാള്‍ വന്നാല്‍ തകരുമെന്ന് അവര്‍ ഭയക്കുന്നുണ്ട്. ഈ കഥയെല്ലാം പറയുമ്പോഴും പേച്ചിയമ്മയുടെ മുഖത്തൊരു ചിരിയാണ്. മറ്റാരുടെയോ കഥ പറയും പോലെ.

പേച്ചിയമ്മയുടെ പതിനേഴുകാരി മകള്‍ക്കൊരു പ്രണയം. അതും ചേരിയിലെ ഒരു തലതെറിച്ച ചെക്കനുമായി.

അവര്‍ക്ക് ഒരു മകളാണ്,കണ്‍മണി പ്ലസ് ടൂ പരീക്ഷ എഴുതി നില്‍ക്കുന്നു. നന്നായി പഠിക്കുന്ന കുട്ടിയാണ്. പേച്ചിയമ്മ പണിയ്ക്ക് പോയി കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് വേണം ആ വീട് കഴിയാന്‍, വീടെന്നു പറയാന്‍ ഒന്നുമില്ല, ചേരിയിലെ ഒരു ഒറ്റ മുറി വീട്.സ്‌കൂളിലെ അധ്യാപകര്‍ എല്ലാം പറയുന്നത് അവള്‍ നല്ല മിടുക്കിയാണെന്നാണ്. ഇത് പറയുമ്പോള്‍ അഭിമാനം കൊണ്ട് പേച്ചിയമ്മയുടെ മുഖം വിടരും, കണ്‍കോണില്‍ ഒരു നീര്‍തുള്ളി വന്നു നില്‍ക്കും.മൂന്നാല് വീടുകളില്‍ അധികം പണിക്കു പോയിട്ടായാലും 'പുള്ളയെ' ( മകളെ) നന്നായി പഠിപ്പിക്കണം, അവളെ ഒരു നിലയില്‍ എത്തിക്കണം. പേച്ചിയമ്മയുടെ ചെറിയ ലോകത്തെ വലിയ മോഹം അത് മാത്രമാണ്. അതിനായി അവര്‍ രാവന്തിയോളം യാതൊരു പരാതിയുമില്ലാതെ അധ്വാനിച്ചു..

ഇടക്കൊരു ദിവസം പേച്ചിയമ്മയ്ക്ക് പതിവ് പോലൊരു സന്തോഷമില്ലെന്നു എനിക്ക് തോന്നി. മുഖമാകെ വാടിയിരിക്കുന്നു. സാധാരണ കാണുമ്പോഴെല്ലാമുള്ള കൈ നിറയെ കിലുങ്ങുന്ന കുപ്പിവളകള്‍ കാണാനില്ല, മുഖത്തെ മഞ്ഞള്‍ കലയുമില്ല.. ഞാന്‍ കാര്യം തിരക്കി. 'അത് വന്ത് അമ്മാ , പാപ്പയ്ക്ക് ഒരു കാതല്‍'. അവര്‍ വിഷമത്തോടെ പറഞ്ഞു. 

സംഭവം കുറച്ചു ഗുരുതരമാണ്. പേച്ചിയമ്മയുടെ പതിനേഴുകാരി മകള്‍ക്കൊരു പ്രണയം. അതും ചേരിയിലെ ഒരു തലതെറിച്ച ചെക്കനുമായി. അമ്മ പണിക്കു പോകുന്ന നേരത്ത് പഠിക്കാതെ അവന്റെ കൂടെ കറക്കമാണ്. പാവം പേച്ചിയമ്മ ഇതൊന്നുമറിഞ്ഞില്ല. കഴിഞ്ഞ ദിവസമാണ് ചേരിയിലെ മറ്റു സ്ത്രീകള്‍ പറഞ്ഞു കാര്യമറിഞ്ഞത്. കേട്ട പാടെ കണ്മണിയ്ക്ക് നല്ലത് കൊടുത്തു, ഇപ്പോള്‍ വീട്ടില്‍ പൂട്ടിയിട്ടിട്ടാണ് പണിക്കു വരുന്നത്.. പക്ഷെ കുട്ടി അവന്റെ കൂടെ പോകുമെന്നാണ് പറയുന്നത്. ആ ചെക്കനാണേല്‍ ജോലിയുമില്ല കൂലിയുമില്ല..ആകെ ഇരുപതു വയസ്സ് മാത്രം പ്രായം. താന്‍ എന്താ ചെയ്യേണ്ടേ എന്ന് പേച്ചിയമ്മ എന്നോട് ദയനീയമായി ചോദിച്ചു.. എന്തു പറയണം എന്നറിയാതെ കുറെ നേരം ഞാന്‍ നിന്നു. പിന്നെ എല്ലാരും ഉപദേശിക്കും പോലെ ഞാന്‍ പറഞ്ഞു, കണ്മണിയോട് തല്‍ക്കാലം നന്നായി പഠിക്കാന്‍ പറയൂ, ബാക്കിയൊക്കെ പിന്നത്തെ കാര്യമല്ലേ'. അന്നാദ്യമായി പേച്ചിയമ്മയുടെ ചിരിക്കുന്ന മുഖത്തു നോവിന്റെ കണ്ണീര്‍ നനവ് പടര്‍ന്നൊഴുകി.

ദിവസങ്ങള്‍ കടന്നു പോയ്‌കൊണ്ടിരുന്നു ..കുറെ ദിവസം ഞാന്‍ നാട്ടില്‍ പോയതിനാല്‍ രണ്ടാഴ്ചയോളം ഞാന്‍ പേച്ചിയമ്മയോടു വരേണ്ടെന്നു പറഞ്ഞു. തിരികെ ഞാന്‍ വന്ന ദിവസം ഫ്‌ളാറ്റിലെ അയല്‍ക്കാരി എന്നോട് വന്നു പേച്ചിയമ്മയുടെ കാര്യം അറിഞ്ഞോ എന്ന് തിരക്കി. 'പേച്ചിയമ്മയ്ക്ക് എന്താ ?' ഞാന്‍ തിരക്കി. 
'പേച്ചിയമ്മയ്ക്ക് ഒന്നും പറ്റിയില്ല, പക്ഷെ അവരുടെ മകള്‍ കാമുകന്റെ കൂടെ പോയി ആത്മഹത്യ ചെയ്തത്രേ'

ഈശ്വരാ, സത്യമോ , എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പതിനേഴു വയസ്സ് പ്രായമുള്ളൊരു കുട്ടി, പേച്ചിയമ്മ ഇതെങ്ങനെ സഹിക്കും. അയല്‍ക്കാരിയ്ക്കും കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. ഫ്‌ളാറ്റില്‍ ജോലിക്ക് വരുന്ന മറ്റു സ്ത്രീകളില്‍ ആരോ പറഞ്ഞതാണ്. എന്തിനാകും ആ കുട്ടി ഈ കടുംകൈ ചെയ്തത്. അവള്‍ക്കു വേണ്ടി പൊള്ളിയ കൈകളുമായി ആ അമ്മ വീടുകള്‍ കയറിയിറങ്ങി പാത്രം കഴുകിയും തൂത്തുതുടച്ചും ജീവിതം സ്വരുക്കൂട്ടിയത് അവള്‍ ഓര്‍ത്തില്ലല്ലോ. അല്ലെങ്കില്‍ തന്നെ ജീവിതം അവസാനിപ്പിക്കാന്‍ തക്ക എന്ത് ആവശ്യമായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. അവളുടെപ്രണയത്തിന്റെ ശക്തി അവള്‍ തെളിയിക്കേണ്ടിയിരുന്നത് കാലം കൊണ്ടായിരുന്നില്ലേ. ഇതിലെവിടെ പ്രണയം?

മനസ്സില്‍ കുറെയേറെ ചോദ്യങ്ങളുമായി ഞാന്‍ ഇരുന്നു. ദിവസങ്ങള്‍ കൊഴിഞ്ഞുപോയ്‌ക്കൊണ്ടേയിരുന്നു. പേച്ചിയമ്മ ഒരു വീട്ടിലും പണിക്കു വന്നില്ല. അവരുടെ ഒഴിവുകള്‍ മറ്റു സ്ത്രീകള്‍ നികത്തി. പേച്ചിയമ്മയെ ആരും ഓര്‍ത്തില്ല, അവരെ ആരും തിരക്കിയില്ല.അവരെവിടെ പോയെന്നു ഒന്ന് പോയി അന്വേഷിക്കണം എന്ന് എന്റെ മനസ്സു പറഞ്ഞു കൊണ്ടേയിരുന്നു.ഏതു ചേരിയിലാണവര്‍ കഴിഞ്ഞത്, മുഷിഞ്ഞ നിറമുള്ള തട്ടിക്കൂട്ട് വീടുകളില്‍ എവിടെയാണവരുടെ വീട്.

രണ്ടു മൂന്നു ദിവസം കൂടി കടന്നു പോയപ്പോള്‍ ഞാന്‍ അടുത്ത വീട്ടില്‍ ജോലിക്ക് വന്നിരുന്നൊരു സ്ത്രീയോട് അവരെ കുറിച്ചു അന്വേഷിച്ചു.'തെരിയാതമ്മ, വേണേല്‍ വിസാരിച്ച് സൊല്ലാം', ആരോടെങ്കിലും അന്വേഷിച്ചിട്ട് പറയാമെന്നു അവര്‍ എനിക്ക് വാക്ക് തന്നു. എല്ലാ ദിവസവും അവര്‍ അടുത്ത വീട്ടില്‍ വന്നു പോയി. വാക്കൊക്കെ ചാക്കില്‍ കെട്ടിയെന്ന് ഞാന്‍ ഓര്‍ത്തു. പക്ഷെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ കാണാന്‍ വീട്ടില്‍ വന്നു കാളിംഗ് ബെല്‍ മുഴക്കി. പേച്ചിയമ്മയെ കുറിച്ചുള്ള സകലവിവരങ്ങളുമായാണ് അവര്‍ വന്നത്.. എല്ലാം അറിഞ്ഞപ്പോള്‍ ഇതൊന്നും കേള്‍ക്കണ്ടായിരുന്നു എന്ന് തോന്നി പോയി.

അത് പേച്ചിയമ്മയായിരുന്നു!

മകള്‍ ആത്മഹത്യ ചെയ്തതു അറിഞ്ഞതോടെ പേച്ചിയമ്മയുടെ സമനില തെറ്റി. കുറെ ദിവസം ബോധത്തിനും അബോധത്തിനും ഇടയില്‍ അവര്‍ ചേരിയിലെ ആ വീട്ടില്‍ ഒറ്റയ്ക്ക് കിടന്നത്രേ. ഒരു ദിവസം തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയതോടെ അടുത്ത വീട്ടുകാര്‍ അവരെ ഏതോ ആശുപത്രിയില്‍ കൊണ്ടാക്കി. കുറച്ചു ദിവസം കഴിഞ്ഞിട്ടും ആരും വരാതായത്തോടെ അവരുടെ വീട്ടുടമ പേച്ചിയമ്മയുടെ സാധനങ്ങള്‍ എല്ലാം വാരി വീടിനു വെളിയിലിട്ടു വീട് പൂട്ടിപോയെന്നും അവര്‍ പറഞ്ഞു.മഴയും വെയിലും കൊണ്ടത് ഇപ്പോഴും അവിടെ കിടപ്പുണ്ട്. പക്ഷെ പേച്ചിയമ്മ മാത്രം വന്നില്ല. ആശുപത്രിയില്‍ തിരക്കി ആരൊക്കെയോ ചെന്നപ്പോള്‍ അവിടുന്ന് പോയെന്നു ആരോ പറഞ്ഞെന്നും പറയുന്നു. എങ്ങോട്ട് പോകാന്‍? ഞാന്‍ സ്വയം ചോദിച്ചു. ദിവസങ്ങള്‍ മാസങ്ങള്‍ക്കും, മാസങ്ങള്‍ വര്‍ഷങ്ങള്‍ക്കും വഴിമാറിയപ്പോള്‍ പേച്ചിയമ്മ എന്നോ എന്റെ ഓര്‍മ്മയുടെ പടിയിറങ്ങി പോയി.

അഞ്ചാറു മാസങ്ങള്‍ക്ക് മുന്പ് അവിനാശി റോഡിലെ തിരക്കേറിയ സിഗ്‌നലില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഉച്ച നേരമായതിനാല്‍ പുറത്തു പതിവിലും പൊള്ളുന്ന വെയില്‍. കുഞ്ഞിനോട് എന്തോ പറഞ്ഞുകൊണ്ട് പുറത്തേക്ക് അലക്ഷ്യമായി നോക്കിയ എന്റെ കണ്ണുകള്‍ ഞാന്‍ ഇരിക്കുന്ന വശത്തെ റോഡരുകിലെ കോര്‍പറേഷന്‍ കുപ്പതൊട്ടിയില്‍ നിന്നും എന്തോ പരതുന്നൊരു സ്ത്രീയില്‍ പതിഞ്ഞു. മുഷിഞ്ഞു നാറിയ വേഷം, മുടിയൊക്കെ പാറിപറന്നു കിടക്കുന്നു, എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ഒരു ഭ്രാന്തിയാണെന്ന് കാഴ്ചയില്‍ തോന്നുന്നു. എന്തെങ്കിലും ഭക്ഷണം തേടുകയാകും.ഇന്നലെ രാത്രി വിശപ്പില്ലെന്നു പറഞ്ഞു ബാക്കി വന്ന ഭക്ഷണം വേസ്റ്റ്് ബിന്നില്‍ കളഞ്ഞതോര്‍ത്തപ്പോള്‍ ലജ്ജയും കുറ്റബോധവും കൊണ്ടെന്റെ തലകുനിഞ്ഞു. സിഗ്‌നല്‍ വീണത് കണ്ടു വണ്ടികള്‍ വെപ്രാളത്തോടെ മുന്നോട്ട് നീങ്ങാന്‍ തുടങ്ങുമ്പോള്‍ ഞാനവരെ ഒന്ന് കൂടി നോക്കി. എന്തോ പരതുകയാണ്, കരിവാളിച്ച ആ മുഖത്തും കൈകളിലും ഭൂതകാലഓര്‍മ്മകള്‍ പോലെ പൊള്ളലേറ്റ പാടുകള്‍ അവ്യക്തമായി കാണാം.മനസ്സിലൊരു വെള്ളിടിയേറ്റ പോലെ തോന്നി.

അത് പേച്ചിയമ്മയായിരുന്നു!

click me!