"അദ്ദേഹം എന്തോ കാണുന്നുണ്ട്. പക്ഷെ, അത് കുറെ വരികൾ കുത്തിവരച്ചിരിക്കുന്നതായിട്ടാണ് അദ്ദേഹത്തിന് തോന്നുന്നത്. താൻ കാണുന്നത് ഒരു സംഖ്യയാണെന്ന് RFS ന് അറിയാം. പക്ഷേ, അത് ഏത് സംഖ്യയാണെന്ന് അദ്ദേഹത്തിന് തിരിച്ചറിയാൻ സാധിക്കുന്നില്ല"
പലതരം അസുഖങ്ങളെ കുറിച്ചും നമ്മൾ കേട്ടിട്ടുണ്ടാകും. പക്ഷേ, അക്കങ്ങൾ കണ്ടാൽ തിരിച്ചറിയാത്ത ഒരു രോഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ജോൺസ് ഹോപ്‍കിൻസ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ അടുത്തിടെ ഒരപൂർവ കേസ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. അതിൽ ഒരു മനുഷ്യന് രണ്ട് മുതൽ ഒമ്പത് വരെയുള്ള സംഖ്യകൾ ഒന്നും വേർതിരിച്ചറിയാൻ കഴിയുന്നില്ലെന്ന് അവർ കണ്ടെത്തി. അതേസമയം അദ്ദേഹത്തിന് 0, 1 എന്നീ അക്കങ്ങൾ അക്ഷരരൂപത്തിലും, ചിഹ്നരൂപത്തിലും മനസ്സിലാക്കാൻ കഴിയുന്നു എന്നത് അല്‍പം ആശ്വാസകരമാണ്.
കോർട്ടികോബാസൽ സിൻഡ്രോം എന്ന അപൂർവ മസ്‍തിഷ്‍ക രോഗമാണ് ആ എഞ്ചിനീയറിംഗ് ജിയോളജിസ്റ്റിനെ ബാധിച്ചത്. എട്ട് വർഷത്തോളം ഗവേഷകർ അദ്ദേഹത്തെ പഠിച്ച ശേഷമാണ് പഠനം പ്രസിദ്ധീകരിച്ചത്. രോഗിക്ക് രണ്ടിനും ഒമ്പതിനും ഇടയിലുള്ള സംഖ്യകളെ തിരിച്ചറിയാനോ പുനർനിർമ്മിക്കാനോ കഴിയാത്തവിധം മസ്‍തിഷ്‍ക നാശനഷ്ടങ്ങൾ സംഭവിച്ചു. എന്നിട്ടും, ഇലക്ട്രോസെൻസ്ഫലോഗ്രഫി (ഇഇജി) ഫലങ്ങൾ കാണിക്കുന്നത് എല്ലാ ചിത്രങ്ങളും വാക്കുകളും ശരിയായി തിരിച്ചറിയാൻ അദ്ദേഹത്തിന്റെ തലച്ചോറിന് കഴിയുന്നുവെന്നാണ്. ഒരു ചിത്രം കണ്ടോ, ഒരു വാക്ക് കേട്ടോ മസ്‍തിഷ്‍കം പ്രതികരിച്ചാൽ അത് മനസ്സിലാക്കിയിട്ടാകണമെന്നില്ല എന്നവർ അവകാശപ്പെടുന്നു.
RFS (സാങ്കല്‍പിക നാമം ) എന്ന ആ രോഗിക്ക് തലച്ചോറിലെ സെറിബ്രൽ, മിഡ്‌ബ്രെയിൻ, സെറിബെല്ലാർ മേഖലകളിൽ വ്യാപകമായ പ്രശ്‍നങ്ങളുള്ളതായി പഠന റിപ്പോർട്ട് പറയുന്നു. ഈ രോഗമുള്ള മിക്ക ആളുകളും ഓർമ്മക്കുറവ്, മാംസപേശി രോഗങ്ങൾ, നടക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ കാണും. എന്നാൽ, സാധാരണ ലക്ഷണങ്ങളോടൊപ്പം, അക്കങ്ങൾ തിരിച്ചറിയാനോ വിവരിക്കാനോ പകർത്താനോ കഴിയാത്തത് ഇദ്ദേഹത്തിന് മാത്രമാണ്.
ഗവേഷകർ പുറത്തിറക്കിയ ഒരു വീഡിയോയിൽ, RFS -നോട് ഓറഞ്ച് നിറത്തിലുള്ള '8' എന്ന അക്കം പകർത്തി എഴുതാൻ ആവശ്യപ്പെട്ടു. എന്നാൽ, എട്ടിന് പകരം ഓറഞ്ച് പശ്ചാത്തലമുള്ള കുറെ വരകൾ മാത്രമാണ് അദ്ദേഹം വരച്ചത്. മറ്റൊരു പരീക്ഷണത്തിൽ, വലിയ ബ്ലോക്ക് നമ്പറുകളുടെ ഇടയിൽ ചിത്രങ്ങളോ വാക്കുകളോ ഗവേഷകർ വരച്ചുവെച്ചു. രോഗിക്ക് അക്കങ്ങളുടെ അടുത്ത് നിൽക്കുന്ന അക്ഷരങ്ങളും ചിത്രങ്ങളും എളുപ്പത്തിൽ കാണാൻ കഴിഞ്ഞു, പക്ഷേ അക്കങ്ങൾക്കുള്ളിലുണ്ടായിരുന്ന ചിത്രങ്ങൾ കാണാൻ കഴിഞ്ഞില്ല. ഗവേഷകർക്ക് ഇത് വിശ്വസിക്കാൻ പ്രയാസം തോന്നി. സാധാരണ നിലയിൽ വാക്കുകൾ കണ്ടാൽ തിരിച്ചറിയുന്ന അദ്ദേഹത്തിന് എങ്ങനെയാണ് അക്കങ്ങൾക്കിടയിലുള്ള അക്ഷരങ്ങൾ മിസ് ചെയ്യുന്നതെന്ന് അവർക്ക് മനസിലായില്ല. ഇത് വളരെ വിചിത്രമായ ഒരു കാര്യമാണെന്ന് അവർ തിരിച്ചറിഞ്ഞു. ഗവേഷകരുടെ അറിവിൽ, സംഖ്യകൾ കാണാൻ കഴിയാത്ത ആദ്യത്തെ രോഗിയാണ് RFS.
"അദ്ദേഹം എന്തോ കാണുന്നുണ്ട്. പക്ഷെ, അത് കുറെ വരികൾ കുത്തിവരച്ചിരിക്കുന്നതായിട്ടാണ് അദ്ദേഹത്തിന് തോന്നുന്നത്. താൻ കാണുന്നത് ഒരു സംഖ്യയാണെന്ന് RFS ന് അറിയാം. പക്ഷേ, അത് ഏത് സംഖ്യയാണെന്ന് അദ്ദേഹത്തിന് തിരിച്ചറിയാൻ സാധിക്കുന്നില്ല" ജോൺസ് ഹോപ്‍കിൻസ് യൂണിവേഴ്‍സിറ്റി കോഗ്നിറ്റീവ് സയന്റിസ്റ്റ് മൈക്കൽ മക്ലോസ്‍കി പറഞ്ഞു. ഈ പ്രശ്‌നം ഉണ്ടായതിന് ശേഷവും RFS വർഷങ്ങളോളം ഒരു എഞ്ചിനീയറായി ജോലി ചെയ്‌തിരുന്നു. "കണക്ക് കൂട്ടാൻ അദ്ദേഹം മിടുക്കനായിരുന്നു. അതിനാൽ അക്കങ്ങളെ വാക്ക് രൂപത്തിലോ അല്ലെങ്കിൽ റോമൻ അക്കങ്ങളുടെ രൂപത്തിലോ കാണിച്ചാൽ കണക്ക് കൂട്ടാൻ അദ്ദേഹത്തിന് കഴിയും. വാസ്‍തവത്തിൽ, അദ്ദേഹം ഗണിതശാസ്ത്രത്തിൽ വളരെ മിടുക്കനാണ്" മക്ലോസ്‍കി പറഞ്ഞു. ജൂൺ 22 -ന് പ്രൊസീഡിംഗ്‍സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.