ഈ സയൻസ് ഫിക്ഷൻ നോവലിലെ നായകനായ ഗൈ മോണ്ടാഗ് ഒരു അഗ്നിശമന സേനയിൽ പ്രവർത്തിക്കുന്നയാളാണ്. എന്നാൽ, തീ അണക്കുന്നതിന് പകരം തീ കത്തിക്കുകയാണ് അതിൽ അയാൾ ചെയ്യുന്നത്.
ഏതെങ്കിലും പുസ്‍തകം വായിക്കണമെങ്കില്‍ അതിന്‍റെ പേജുകള്‍ക്ക് തീവയ്ക്കണം എന്ന് കേട്ടിട്ടുണ്ടോ? എന്നാല്‍, അങ്ങനെയൊരു പുസ്‍തകം ഇറങ്ങിയിരുന്നു. അത് വായിക്കണമെങ്കില്‍ ആ പുസ്‍തകത്തിന്‍റെ പേജുകള്‍ക്ക് തീകൊടുക്കണം. ആ പുസ്‍തകത്തെക്കുറിച്ചാണിത്.
1953 -ലെ റേ ബ്രാഡ്‌ബറിയുടെ പ്രസിദ്ധമായ ഒരു നോവലാണ് ഫാരന്‍ഹീറ്റ് 451. സമൂഹത്തെ നിരക്ഷരരാക്കി നിലനിർത്തുന്നതിനായി പുസ്‍തകങ്ങള്‍ കത്തിക്കുന്ന ഒരു ഫയർമാന്റെ കഥയാണ് അതിൽ പറയുന്നത്. അന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ, ഒരുപാട് വിമർശനങ്ങളും, കോളിളക്കങ്ങളും സൃഷ്‌ടിച്ച ഒരു പുസ്‍തകമായിരുന്നു അത്. ഒരു ഘട്ടത്തിൽ അത് നിരോധിക്കുക വരെ ചെയ്‌തു. നോവൽ ആരംഭിക്കുന്നത് തന്നെ “കത്തിക്കുന്നതിൽ വല്ലാത്തൊരു സംതൃപ്‍തിയുണ്ട്” എന്ന വാക്യത്തോടെയാണ്.
വർഷങ്ങൾക്ക് ശേഷം ഗ്രാഫിക് ഡിസൈനിങ് കമ്പനിയായ ചാൾസ് നിപെൽസ് ലാബും സൂപ്പർ ടെറൈനിലെ ഗ്രാഫിക് ഡിസൈനർമാരും ചേർന്ന് ആ പുസ്‍തകത്തിന്റെ ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കുകയുണ്ടായി. അതിന്‍റെ പ്രത്യേകത ആ പുസ്‍തകം വായിക്കുന്നതിന് നിങ്ങൾക്ക് അത് ആദ്യം കത്തിക്കണം എന്നതാണ്. കാഴ്‍ചയിൽ കറുത്ത നിറത്തിലുള്ള ആ പുസ്‍തകം തീയേല്‍പ്പിക്കുമ്പോള്‍ അക്ഷരങ്ങൾ ഒന്നൊന്നായി തെളിയാൻ തുടങ്ങും. തീയണയുമ്പോൾ വീണ്ടും പഴയപോലെ കറുപ്പ് നിറമാകും പേജുകൾക്ക്. ഒരു ഫയർമാനും കത്തിച്ചു കളയാൻ സാധിക്കാത്ത രീതിയിലാണ് ഫാരൻഹീറ്റ് 451 എന്ന ചിന്തോദ്ദീപകമായ ആ പുസ്‍തകത്തിന്റെ പുതിയ പതിപ്പ് അവർ ഇറക്കിയിരിക്കുന്നത്. ഒരു പുസ്‍തകം കത്താൻ ആവശ്യമായ താപനിലയാണ് ഫാരൻഹീറ്റ് 451. അതുകൊണ്ടാകാം ബ്രാഡ്ബറി അത്തരമൊരു പേര് പുസ്‍തകത്തിനിട്ടതും.
ഈ സയൻസ് ഫിക്ഷൻ നോവലിലെ നായകനായ ഗൈ മോണ്ടാഗ് ഒരു അഗ്നിശമന സേനയിൽ പ്രവർത്തിക്കുന്നയാളാണ്. എന്നാൽ, തീ അണക്കുന്നതിന് പകരം തീ കത്തിക്കുകയാണ് അതിൽ അയാൾ ചെയ്യുന്നത്. സർക്കാർ സെൻസർഷിപ്പിന്റെ ഏജന്റുമാർ എന്ന നിലയിൽ, പുസ്‍തകങ്ങൾ സൂക്ഷിക്കുന്നുവെന്ന് സംശയിക്കുന്ന ആളുകളുടെ വീടുകൾ കത്തിച്ച് ഇല്ലാതാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇത് യഥാർത്ഥത്തിൽ അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായി കൂട്ടിവായിക്കാവുന്നതാണ്. 1950-കളുടെ തുടക്കത്തിൽ സെനറ്റർ ജോ മക്കാർത്തി ഒന്നാം ഭേദഗതി അവകാശങ്ങൾ വിനിയോഗിക്കുന്നവർക്കെതിരായ ആരോപണങ്ങളുമായി മുന്നോട്ട് വന്നിരുന്നു.
അതുപോലെതന്നെ ടിവി പോലുള്ള സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റം പുസ്‍തകവായനയെ വല്ലാതെ ബാധിക്കുമോ എന്ന് ബ്രാഡ്‌ബറി ഭയപ്പെട്ടിരുന്നു. അറിവ് സംരക്ഷിക്കാൻ ശ്രമിക്കുന്നവരെ ശത്രുവായി കണക്കാക്കുന്ന ഭീകരമായ ഒരു ഭാവിയാണ് അതിൽ ബ്രാഡ്‌ബറി ചിത്രീകരിക്കുന്നത്. കഥാപാത്രം കത്തിച്ച പുസ്‍തകങ്ങളിൽ ഒന്ന് ബൈബിൾ ആയിരുന്നുവെന്നതും, കൂടാതെ പുസ്‍തകത്തിന്റെ ഉള്ളടക്കം അശ്ലീലം നിറഞ്ഞതാണെന്നുള്ള ആരോപണവും ആ പുസ്‍തകം നിരോധിക്കാൻ വഴിയൊരുക്കി.
എന്നാൽ പുതിയ പതിപ്പ് ഒരു കലാകാരന്റെ പുസ്‍തകമാണ്. പുസ്‍തകത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ച്, ഒരു ഫയർമാൻ കത്തിച്ച പുസ്‍തകം പോലെ കറുത്ത അത് നിങ്ങളുടെ ഒരു തീജ്വാലകൊണ്ട് വീണ്ടും ജീവൻ വയ്ക്കുന്നു, വായിക്കാൻ യോഗ്യമാകുന്നു. ആ ചൂടിൽ കറുത്ത മഷി അപ്രത്യക്ഷമാവുകയും ബ്രാഡ്‌ബറിയുടെ വാചകം തെളിയുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ നോവലിന്റെ ഉള്ളടക്കം തന്നെയാണ് പുസ്‍തകത്തിന്റെ ഈ പുതിയ രൂപത്തിലൂടെ പുറത്ത് വരുന്നത്. നോവലിൽ പരാമർശിക്കപ്പെടുന്ന പോലെ "എല്ലാം കത്തിക്കുക, എല്ലാം കത്തിക്കുക. തീ ശോഭയുള്ളതും, ശുദ്ധവുമാണ്." ആ തീയിലൂടെ തെളിയുന്നത് എഴുത്തുകാരന്റെ അറിവിന്റെ വെളിച്ചമാണ്. അത് പകർന്ന് നൽകാനാണ് കമ്പനി ഈ പുതിയ പരീക്ഷണത്തിലൂടെ ശ്രമിച്ചത്. ഇതിനെ തുടർന്ന് പിറ്റേവർഷം ആ പേരിൽ ഒരു സിനിമയും ഇറങ്ങിയിരുന്നു.