നൈറ്റ്‍ക്ലബ്ബുകളും ബാറുകളും ആഡംബരമുറികളുമായി ഫ്ലോട്ടിംഗ് ഹോട്ടല്‍, 'കടലിലെ പറുദീസ'യുടെ പതനം ഒടുവില്‍ ഇങ്ങനെ...

By Web Team  |  First Published Jul 10, 2020, 3:28 PM IST

ഒടുവിൽ അത് വീണ്ടും തുറക്കാൻ തീരുമാനമായി. ഉത്തര കൊറിയക്ക് പോലും വേണ്ടാതെ തുരുമ്പെടുത്തു കിടന്ന ഈ ഹോട്ടൽ സന്ദർശിക്കാൻ സാക്ഷാൽ കിം ജോങ് ഉൻ തന്നെ നേരിട്ട് വന്നു.


ഗ്രേറ്റ് ബാരിയർ റീഫിലെ പവിഴപ്പുറ്റുകളെ സംരക്ഷിക്കാനും, അവയുടെ സൗന്ദര്യം ലോകവുമായി പങ്കിടാനും താൽപ്പര്യമുള്ള ഒരാളായിരുന്നു ഇറ്റാലിയൻ വംശജനായ ഡഗ് ടാർക. 1935 -ൽ അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് കുടിയേറി. പവിഴവും ഗ്രേറ്റ് ബാരിയർ റീഫുമായി ബന്ധിപ്പിച്ചിട്ടുള്ള നിരവധി ബിസിനസ്സ് സംരംഭങ്ങൾക്ക് പദ്ധതിയിട്ടശേഷം, ഒടുവിൽ അദ്ദേഹത്തിന് ഒരാഗ്രഹം തോന്നി. ഒരു ഫ്ലോട്ടിംഗ് ഹോട്ടൽ തുടങ്ങിയാലോ? പിന്നെ അതിനായുള്ള പരിശ്രമത്തിലായി അദ്ദേഹം. ഒടുവിൽ ആ ആഡംബര ഹോട്ടൽ കടലിന്‍റെ മുകളിൽ ഉയർന്നു വന്നു.

'കടലിലെ പറുദീസ' എന്ന് വിളിക്കപ്പെട്ട ജോൺ ബ്രൂവർ ഫ്ലോട്ടിംഗ് ഹോട്ടൽ 1988 -ൽ മുതൽ പ്രവർത്തനം ആരംഭിച്ചു. അത് അഞ്ച് നിലകളുള്ള ഒരു ഫ്ലോട്ടിംഗ് കെട്ടിടമായിരുന്നു. അതിൽ ഇരുന്നൂറോളം മുറികളും നിരവധി നൈറ്റ്ക്ലബ്ബുകളും ബാറുകളും റെസ്റ്റോറന്റുകളും ഉണ്ടായിരുന്നു. അതിനുപുറമെ, ഒരു ഹെലിപാഡ്, ഒരു ടെന്നീസ് കോർട്ട്, 50 സീറ്റുകളുള്ള അണ്ടർവാട്ടർ ഒബ്സർവേറ്ററി എന്നിവയും അതിലുൾപ്പെട്ടു. സമുദ്രനിരപ്പിൽ നിന്ന് 89.2 മീറ്റർ വീതിയും 27.6 മീറ്റർ ഉയരവുമുള്ള  ഹോട്ടലിൽ 98 സ്റ്റാഫുകളാണ് ഉണ്ടായിരുന്നത്. 140 ഡബിൾ റൂമുകളിലും 34 ആഡംബര സ്യൂട്ടുകളിലുമായി 356 അതിഥികളെ ഉൾക്കൊള്ളാൻ അതിന് കഴിഞ്ഞു.  
 

Latest Videos

ഗ്രേറ്റ് ബാരിയർ റീഫിൽ പവിഴപ്പുറ്റുകളുടെ ഭംഗി ആസ്വദിക്കാൻ ആളുകൾക്ക് അവസരമൊരുക്കണം എന്ന ഉദ്ദേശത്തോടെയാണ് ഇത് തുടങ്ങിയതെങ്കിലും, ഹോട്ടൽ നിർമ്മിക്കാനായി ജോൺ ബ്രൂവർക്ക് റീഫിലെ ധാരാളം പവിഴങ്ങൾ നീക്കംചെയ്യേണ്ടിവന്നു. ഇത് സംരക്ഷകരിൽ വലിയ പ്രകോപനം സൃഷ്ടിച്ചു. അതുകൂടാതെ സിംഗപ്പൂരിൽ നിന്ന് ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ എത്തിയ ഉടൻ തന്നെ അയൽപട്ടണത്തെ ബാധിച്ച ചാർലി ചുഴലിക്കാറ്റിൽ ഹോട്ടലിന് വലിയ നാശനഷ്ടമുണ്ടായി. മൊത്തം 2,300,000 ഡോളർ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.

എന്തിനധികം, ഈ ഹോട്ടൽ കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടമായിത്തീർന്നു. ആകെ പുലിവാല് പിടിച്ച കമ്പനി ഒടുവിൽ വേറെ നിവർത്തിയില്ലാതെ ഹോട്ടൽ വിൽക്കാൻ തീരുമാനിച്ചു. സതേൺ ക്രോസ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ ഒരു റിപ്പോർട്ട് അനുസരിച്ച്, ഹോട്ടലിന്റെ ഉടമസ്ഥന് 87–88 സാമ്പത്തിക വർഷത്തിൽ 7.89 മില്യൺ ഡോളറിന്റെ നഷ്ടം നേരിട്ടതായി പറയുന്നു. ഹോട്ടലിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള റീഫ് ലഗൂണിൽ ഒരു ഭീമാകാരമായ രണ്ടാം ലോകമഹായുദ്ധ വെടിമരുന്ന് ശേഖരം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അത്. ഫ്ലോട്ടിംഗ് ഹോട്ടൽ താമസിയാതെ വിറ്റു. വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിലേക്ക് അത് മാറ്റപ്പെട്ടു. അവിടെ പലരുടെയും പ്രിയപ്പെട്ട നൈറ്റ്സ്പോട്ടായി സൈഗോൺ ഫ്ലോട്ടിംഗ് ഹോട്ടൽ ഒരു പത്ത് വർഷക്കാലം പ്രവർത്തിച്ചു. ഒടുവിൽ 1998 -ൽ ഉത്തര കൊറിയയിലേക്ക് എത്തിപ്പെട്ട ഇത്, ഹോട്ടൽ ഹെയ്‌ഗുംഗാംഗ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഉത്തരകൊറിയയുടെയും ദക്ഷിണ കൊറിയയുടെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഈ ഹോട്ടൽ ദക്ഷിണ കൊറിയൻ വിനോദസഞ്ചാരികളെ ആകർഷിച്ചു. 

2008 -ൽ ഹോട്ടൽ തുറന്ന് പത്ത് വർഷത്തിന് ശേഷം, ഒരു ദക്ഷിണ കൊറിയൻ വിനോദസഞ്ചാരിയെ ഒരു ഉത്തരകൊറിയൻ സൈനികൻ ഹോട്ടലിൽ വച്ച് വെടിവച്ചുകൊന്ന ഒരു സംഭവമുണ്ടായി. ഇത് 2018 വരെ ഹോട്ടൽ അടച്ചുപൂട്ടുന്നതിന് കാരണമായി. ഒടുവിൽ അത് വീണ്ടും തുറക്കാൻ തീരുമാനമായി. ഉത്തര കൊറിയക്ക് പോലും വേണ്ടാതെ തുരുമ്പെടുത്തു കിടന്ന ഈ ഹോട്ടൽ സന്ദർശിക്കാൻ സാക്ഷാൽ കിം ജോങ് ഉൻ തന്നെ നേരിട്ട് വന്നു. ഗ്രേറ്റ് ബാരിയർ റീഫിൽ നിന്ന് വിയറ്റ്നാം വഴി ഏകദേശം 14,000 കിലോമീറ്റർ സഞ്ചരിച്ചെത്തിയ ഹോട്ടൽ പക്ഷേ അദ്ദേഹത്തിന് ഇഷ്ടമായില്ല. അതിന്റെ വാസ്തുവിദ്യ കൊറിയൻ അഭിരുചിയെ തൃപ്തിപെടുത്തുന്നതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഉത്തര കൊറിയയുടെ സൗന്ദര്യാത്മക അഭിരുചിക്കും വികാരത്തിനും പറ്റിയനിലയിൽ ഹോട്ടൽ പുനർനിർമ്മിക്കാൻ അദ്ദേഹം ഉത്തരവിട്ടു. ഇതോടെ ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ഹോട്ടലിന്റെ മൂന്ന് പതിറ്റാണ്ടിന്റെ ചരിത്രത്തിന് അവസാനം കുറിക്കപ്പെട്ടു. പകരം അതൊരു ടൂറിസ്റ്റ് റിസോർട്ട് ആക്കാനുള്ള പരിപാടിയിലായിരുന്നു ഉത്തരകൊറിയ. എന്നാൽ, അപ്രതീക്ഷതമായി വന്ന ഈ മഹാമാരി മൂലം സൈറ്റിന്റെ പുനർവികസനം മാറ്റിവച്ചതായി 2020 ജനുവരിയിൽ ഉത്തര കൊറിയൻ സർക്കാർ അറിയിക്കുകയുണ്ടായി.  


 

click me!