അതുപോലെ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിഷാദത്തിനുള്ള മറ്റൊരു മരുന്നാണ് പ്രകൃതി. എല്ലാ ദുഃഖങ്ങൾക്കുമുള്ള ഒറ്റമൂലിയാണ് പ്രകൃതിയെന്നദ്ദേഹം പറയുന്നു.
ഉത്കണ്ഠയും വിഷാദവും നമ്മുടെ സമൂഹത്തിൽ വർധിച്ചുവരികയാണ്. 2018 -ൽ ലോകാരോഗ്യ സംഘടന (WHO) പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം, ഏറ്റവും വിഷാദം അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് ആറാം സ്ഥാനമാണ്. രാജ്യത്ത് 15-24 വയസ്സിനിടയിലുള്ളവരുടെ ആത്മഹത്യക്ക് ഏറ്റവും വലിയ കാരണം വിഷാദരോഗമാണ് എന്ന് അതിൽ പറയുന്നു.
യുവാക്കളെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന വിഷാദരോഗത്തെ കുറിച്ച് കൂടുതൽ ആഴത്തിൽ മനസിലാക്കാൻ ശ്രമിക്കുന്ന ഒരു പുസ്‍തകമാണ് റോബർട്ട് ബർട്ടന്റെ, 'ദി അനാട്ടമി ഓഫ് മെലങ്കളി'. ദുഃഖത്തിന്റെ എഴുത്തുകാരനായ റോബർട്ട് ബർട്ടൻ വിഷാദത്തിന്റെ വിവിധ തലങ്ങളെ കുറിച്ച് അതിൽ സംവദിക്കുന്നു. വർഷങ്ങളിലൂടെ അതെങ്ങനെ ഉരുത്തിരിഞ്ഞു വന്നുവെന്നും, അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും അദ്ദേഹം എഴുതുന്നുണ്ട്. 1621 -ൽ എഴുതിയ ആ പുസ്‍തകം എഴുത്തുകാരി ആമി ലിപ്‌ട്രോട്ട് 400 വർഷത്തിന് ശേഷം ഇപ്പോൾ വീണ്ടും പൊടിതട്ടി എടുക്കുകയാണ്. റോബർട്ട് ബർട്ടന്റെ സമ്പന്നമായ ആ പഠനം ലോകത്തിന് മുൻപിൽ അവർ വീണ്ടും അവതരിപ്പിക്കുകയാണ്.
ഒരുപാട് വിലയേറിയ സിദ്ധാന്തങ്ങളാണ് അദ്ദേഹം അതിൽ തുറന്ന് വയ്ക്കുന്നത്. അതിലൊന്ന് ഇതിന്റെ കാരണങ്ങളിലേക്കുള്ള ഒരു എത്തിനോട്ടമാണ്. ഒരു രോഗിയെ സംബന്ധിച്ചിടത്തോളം വിഷാദത്തിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്ന് വരാം. അകാരണമായ ദുഃഖം, ഉത്സാഹക്കുറവ്, ഒറ്റപ്പെടൽ, ആശങ്ക ഒക്കെ രോഗിയ്ക്ക് അനുഭവപ്പെട്ടേക്കാം. വിഷാദം 'ഒരു പാരമ്പര്യരോഗം' ആവാമെന്നും പുസ്‌തകത്തിൽ ബർട്ടൺ പറയുന്നു. കുടുംബങ്ങളിലും തലമുറകൾക്കിടയിലും മാനസികരോഗത്തിന്റെ രീതികൾ അദ്ദേഹം അന്വേഷിച്ചു. അതിനെ തുടർന്നാണ് അദ്ദേഹം ഈ നിഗമനത്തിൽ എത്തിയത്. ഇന്ന് ശാസ്ത്രം വിഷാദരോഗം ജനിതകവും പാരിസ്ഥിതികവുമാണെന്ന് കണ്ടെത്തിയിരിക്കുന്നു.
അദ്ദേഹം ഈ പുസ്‍തകത്തിലൂടെ വായനക്കാരനെ വികാരങ്ങളുടെ ഇരുണ്ട തുരുത്തുകളിലേയ്ക്ക് കൊണ്ടുപോകുന്നു. മാനസികാവസ്ഥയുടെ തീക്ഷ്‍ണമായ തലങ്ങളിലേയ്ക്ക് അദ്ദേഹം നമ്മെ വലിച്ചെറിയുന്നു. അതിന് കാരണം അദ്ദേഹം സ്വയം ഒരു വിഷാദ രോഗിയായിരുന്നു എന്നതാണ്. സമകാലിക അക്കാദമിക് വിദഗ്ധർ അഭിപ്രായപ്പെടുന്നത് ബർട്ടന്റെ അങ്ങേയറ്റത്തെ വൈകാരിക ഉയർച്ച താഴ്‍ചകൾ ബൈപോളാർ ഡിസോർഡറിന്റെ ലക്ഷണങ്ങളായിരിക്കാം എന്നാണ്. മാറിക്കൊണ്ടിരിക്കുന്ന സ്വന്തം മാനസികാവസ്ഥകളെയും അവ ബാധിച്ച സാഹചര്യങ്ങളെയും കുറിച്ച് അദ്ദേഹത്തിന് അമ്പരപ്പിക്കുന്ന ഉൾക്കാഴ്‍ച ഉണ്ടായിരുന്നു.
undefined
ബർട്ടൺ തന്‍റെ പുസ്‍തകത്തിൽ മറ്റുള്ളവരുടെ അനവധി ആശയങ്ങളും പാഠങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ശുദ്ധമായ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ദീർഘായുസ്സ് പ്രദാനം ചെയ്യുന്നുവെന്നത് അതിലെ ഒരു സിദ്ധാന്തമാണ്. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് നമുക്ക് ഉന്മേഷം നൽകുമെന്നതിൽ സംശയമില്ല. പോർട്ട്‍സ്‍മൗത്ത് സർവകലാശാലയിലെ എക്സ്ട്രീം എൻവയോൺമെന്‍റ് ലബോറട്ടറിയിലെ റിസർച്ച് ഡയറക്ടർ ഡോ. മൈക്ക് ടിപ്റ്റൺ 400 വർഷത്തിനുശേഷം ഈ ആശയം ശരിയാണ് എന്ന് കണ്ടെത്തിയിരുന്നു. തണുത്ത വെള്ളത്തിന്‍റെ സമ്മർദ്ദവുമായി നിങ്ങൾ പൊരുത്തപ്പെടുമ്പോൾ, വിഷാദം പോലുള്ള കാര്യങ്ങൾക്ക് കാരണമായേക്കാവുന്ന മറ്റ് സമ്മർദ്ദങ്ങളോടുള്ള നിങ്ങളുടെ പ്രതികരണം കുറയുന്നു. ഇത് വിഷാദത്തെ ലഘൂകരിക്കാൻ നിങ്ങളെ സഹായിക്കുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
അതുപോലെ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിഷാദത്തിനുള്ള മറ്റൊരു മരുന്നാണ് പ്രകൃതി. എല്ലാ ദുഃഖങ്ങൾക്കുമുള്ള ഒറ്റമൂലിയാണ് പ്രകൃതിയെന്നദ്ദേഹം പറയുന്നു. പ്രകൃതിയിലെ ബോറേജും ഹെല്ലെബോറും പോലുള്ള ഔഷധസസ്യങ്ങളും പുഷ്‍പങ്ങളും ചിന്തകളെ ഉദ്ധീപിപ്പിക്കാനും, വിഷാദത്തിന്റെ സിരകളെ ശുദ്ധീകരിക്കുന്നതിനും, ഹൃദയത്തെ സന്തോഷിപ്പിക്കാനും ഉപയോഗിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പണ്ടുകാലം മുതലേ വിഷാദം, ഉത്കണ്ഠ, എന്നിവയുടെ ചികിത്സയ്ക്കായി ബോറേജ് ഉപയോഗിക്കുന്നുണ്ടെന്ന് ഓക്സ്ഫോർഡ് ബൊട്ടാണിക് ഗാർഡൻ ഡയറക്ടർ പ്രൊഫസർ സൈമൺ ഹിസ്‌കോക്ക് ശരിവച്ചു. ഈ സസ്യം സന്തോഷം പ്രദാനം ചെയ്‍തിരുന്നു. കൂടാതെ, ധൈര്യം കിട്ടാനും യുദ്ധത്തിൽ റോമൻ പട്ടാളക്കാർ ഇത് വീഞ്ഞിൽ കലർത്തി കുടിച്ചിരുന്നു എന്ന് പറയപ്പെടുന്നു.
പൂന്തോട്ടപരിപാലനം, തടമെടുക്കൽ തുടങ്ങിയവയും ശരീരത്തിന് ഉത്തേജകമാണെന്ന് ബർട്ടൺ പുസ്‍തകത്തിൽ അഭിപ്രായപ്പെട്ടു. ബ്രോഡ്‌കാസ്റ്ററായ മോണ്ടി ഡോണി ഈ ആശയത്തെ ശരിവയ്ക്കുന്നു. ചെടി നടുന്നതിലൂടെയും, അതിന്റെ വളർച്ചയെ അടുത്തറിയുന്നതിലൂടെയും നമുക്ക് വല്ലാത്ത ഒരു സന്തോഷമാണ് അനുഭവപ്പെടുകയെന്ന് അദ്ദേഹം വിവരിക്കുന്നു. അത് മാത്രവുമല്ല, സാധാരണയായി നമുക്ക് ഒരു സങ്കടം വന്നാൽ നാം അത് മറ്റാരോടും പറയാതെ ഉള്ളിൽ ഒതുക്കി വീർപ്പുമുട്ടാറാണ് പതിവ്. എന്നാൽ അങ്ങനെയല്ല, മറിച്ച് നമുക്ക് ഏറ്റവും അടുത്ത ആരോടെങ്കിലും അത് തുറന്ന് പറയണമെന്ന് അദ്ദേഹം പറയുന്നു. വിഷാദം അനുഭവിക്കുന്നവർ ഒറ്റപ്പെട്ട് കഴിയാൻ ആഗ്രഹിക്കുന്നവരാകും. എന്നാൽ, ഇത് രോഗിയെ സുഖപ്പെടുത്തുകയല്ല, കൂടുതൽ വിഷാദത്തിലേയ്ക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്. സാമൂഹ്യവൽക്കരിക്കുന്നതിലൂടെ ഒരുപരിധി വരെ ഇതിനെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.
വർക്ക്-ലൈഫ് ബാലൻസിനെ കുറിച്ചും ബർട്ടൺ അതിൽ പറയുന്നു. മുഴുവൻ സമയവും ജോലിക്കായും, പഠനത്തിനായും ചെലവഴിക്കാതെ വ്യായാമം, ഉറക്കം, സാമൂഹ്യവൽക്കരണം തുടങ്ങിയ മാനസികാരോഗ്യം നൽകുന്ന കാര്യങ്ങൾക്കായും മാറ്റിവയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇവിടെയാണ് സന്തുലനം വേണ്ടത്. നമ്മുടെ മനസ്സ് അസ്വസ്ഥവും പ്രക്ഷുബ്ധവുമാകുമ്പോൾ, അതിൽനിന്ന് ശ്രദ്ധതിരിക്കാനും വ്യക്തമായ ലക്ഷ്യബോധമുണ്ടാക്കാനും പഠനം സഹായിക്കുന്നു. എന്നിരുന്നാലും കൂടുതൽ സമയവും പഠിക്കുന്നത്, ആരോഗ്യകരമായ മനസ്സിനെ പരിപോഷിപ്പിക്കുന്ന മറ്റ് പ്രവർത്തനങ്ങളെ അവഗണിക്കാന്‍ അവസരമൊരുക്കുന്നു. ബർട്ടൻ ഈ പുസ്‍തകം 400 വർഷം മുമ്പ് എഴുതിയതാണെങ്കിലും, വിഷാദത്തിന്റെ കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സകൾ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾകാഴ്‍ച അപാരമായിരുന്നു.