തിരശ്ശീലക്കകത്തും പുറത്തും തന്‍റെ ലിംഗസ്വത്വം തുറന്നുപറഞ്ഞ ആ കലാപകാരി, ഇന്ത്യൻ സിനിമയിലെ അവഗണിക്കാനാകാത്ത സാന്നിദ്ധ്യമായി മാറുന്ന നേരത്തും ആണും പെണ്ണും കെട്ടതെന്ന് അയാളെ ആക്ഷേപിക്കാൻ മുഖ്യധാരക്ക് മടിയുണ്ടായില്ല.
ആ ഷോയിൽ തന്നെ അപമാനിച്ച അവതാരകനോട് ഋതുപർണോ ഇങ്ങനെ പറഞ്ഞു. “ നിങ്ങൾ പിസി സർക്കാരിനെയോ, മിഥുൻ ചക്രവർത്തിയെയോ അനുകരിച്ച് മിമിക്രി കാട്ടുമ്പോൾ ആ വ്യക്തികളെ മാത്രമാണ് പരിഹസിക്കുന്നത്. പക്ഷേ, എന്നെ മിമിക്രിയാക്കുമ്പോൾ ഒരു സമൂഹത്തെയാകെയാണ് പരിഹസിക്കുന്നത്. അതുകൊണ്ട് അടുത്ത തവണ നിങ്ങളെന്‍റെ വേഷം കെട്ടി മിമിക്രി അവതരിപ്പിക്കുമ്പോൾ എടുത്തു പറയണം, നിങ്ങൾ എന്നെ മാത്രമാണ് പരിഹസിക്കുന്നതെന്ന്.” സുജിത് ചന്ദ്രന്‍ എഴുതുന്നു
ഇന്നുമെന്‍റെ കണ്ണുനീരിൽ
നിന്നോർമ്മ പുഞ്ചിരിച്ചു...
undefined
ചില പാട്ടുകളെ നമ്മുടെ ഉപബോധം ചില ഓർമ്മകളോട് കൊരുത്തുവയ്ക്കും. ശ്രീകുമാരൻ തമ്പിയുടെ വരികളും രവീന്ദ്രസംഗീതവും ഗന്ധർവനാദവും അനശ്വരമാക്കിയ ആ പാട്ടുകേൾക്കുമ്പോഴെല്ലാം മഷിക്കറുപ്പിട്ട ഋതുവിന്‍റെ കണ്ണുകളാണ് ഓർമ്മയിലേക്ക് വരിക. യുവജനോത്സവം സിനിമയിലെ പ്രണയസങ്കീർണതകളെയെല്ലാം ആ വരികളിൽ നിന്നടർത്തിമാറ്റി, ഋതുപർണോ ഈറൻ മുകിൽ മാലകളിലെ ഇന്ദ്രധനുസ്സായി മഞ്ഞുമൂടിയ ഒരു ജാലകത്തിനപ്പുറം കാതിലോലകളിളക്കി മന്ദസ്മേരനായി വിടരുംപോലെ തോന്നും.
ഒരിക്കലും കണ്ടിട്ടില്ലാത്ത കൊൽക്കത്തയിലെ തിരക്കൊഴിഞ്ഞൊരു ഗലിയിലൂടെ ഞാൻ അയാളുടെ കാലടികളെണ്ണി നടക്കും. എവിടെ നിന്നാണ് ‘പിയാ തോറ കൈസാ അഭിമാൻ...’ കേൾക്കുന്നതെന്ന് കാതുകൂർപ്പിക്കും. സ്നാനഘട്ടങ്ങൾക്കപ്പുറത്തെ ജിംഖാനകളുടെ ഓരത്തെ പടവിലിരുന്ന് ഒരേകാന്ത ഗായകൻ ഏക്താര മീട്ടി ‘ഓ ജിബോന രേ..’ ഇടറിപ്പാടുന്നുണ്ടെന്ന് സങ്കൽപ്പിക്കും. നഷ്ടപ്രതാപങ്ങളുടെ പ്രാചീന എടുപ്പുകൾക്ക് മുന്നിലൂടെ പാൻ മണം പരത്തി ഒരു സൈക്കിൾ റിക്ഷ കിതച്ചുപോകും. തകരം മണക്കുന്ന ആ ട്രാം ഡിപ്പോയ്ക്കപ്പുറത്തെ തെരുവിലെവിടെയോ ആണ് ചിത്രാംഗദ നൃത്തശിൽപ്പത്തിന്‍റെ റിഹേഴ്സൽ ക്യാമ്പ് നടക്കുന്ന ഓഡിറ്റോറിയം... അങ്ങനെ കൊൽക്കത്തയെക്കുറിച്ച് 'വാസ്തുഹാര' മുതലിങ്ങോട്ട് കിട്ടിയ കാൽപ്പനിക നഷ്ടബിംബങ്ങളെല്ലാം ഋതുവിനോട് ചേർത്തുവയ്ക്കും.
വർഷങ്ങൾക്കപ്പുറം ഒരു കാമ്പസ് ചലച്ചിത്രമേളക്കാലത്ത് കസേരക്കൈയ്യിൽ മുറുകെപ്പിടിച്ചിരുന്ന് 'ഉന്നിഷെ ഏപ്രിൽ' എന്നൊരു സിനിമ കണ്ടപ്പോൾ കൃത്യമായ ഇടവേളകളിൽ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്ന ഒരു കാലമായി ഈ മനുഷ്യൻ മാറുമെന്ന് ആരറിഞ്ഞിരുന്നു! നാൽപ്പത്തിയൊൻപതാം വയസ്സിൽ അയാളുടെ ഹൃദയം നിലച്ചുപോയപ്പോൾ ജീവിതത്തിലൊരിക്കലും അയാളെ നേരിൽ കാണാത്ത, അയാൾ സഹജീവിച്ച പരിസരങ്ങളറിയാത്ത, അയാളുടെ ബംഗാളിനെ അനുഭവിച്ചിട്ടേയില്ലാത്ത മറ്റൊരു ഹൃദയവും മുറിഞ്ഞു നീറുമെന്ന് ആരോർത്തിരുന്നു?
ജീവിച്ചിരുന്നെങ്കിൽ ഇന്ന് ഋതുപർണോ ഘോഷിന് അൻപത്തിയഞ്ച് വയസ്സായേനെ. ‘ജീവിച്ചിരുന്നെങ്കിൽ’ എന്നത് ദൃശ്യപഥത്തിൽ ജൈവസാന്നിദ്ധ്യമായി അയാളില്ല എന്ന കേവലയുക്തിയിൽ തോന്നിയ വാക്കാണ്. ഋതു ഇല്ല എന്നെങ്ങനെ കരുതാനാകും! മടങ്ങിയിട്ട് ആറാണ്ട് പിന്നിടുമ്പോഴും ഋതുപർണോ സ്മൃതിരേഖകളിൽ മങ്ങാത്ത മഴവില്ലാണ്. പേരുപോലെ ഒരു കാലമായിരുന്നു ഋതുപർണോ. ഘട്ടക്കും മൃണാൾ സെന്നും സത്യജിത് റേയും കടന്നുപോയതിന് ശേഷം നീണ്ടകാലം ഇരുണ്ടുകിടന്ന ഇന്ത്യൻ നവധാരാ സിനിമയിലേക്ക് കാറ്റും വെളിച്ചവും കയറിവന്നത് ഋതു തിരശ്ശീലയിൽ തുറന്നിട്ട ജനാലയിലൂടെയാണ്.
പക്ഷേ, ബംഗാളിന്‍റെ സാംസ്കാരിക ആഢ്യത്വത്തിന്‍റെ ആലഭാരം ഋതുപർണ്ണോയ്ക്ക് ഉണ്ടായിരുന്നില്ല. പന്ത്രണ്ട് ദേശീയ പുരസ്കാരങ്ങൾ നേടിയതിന് ശേഷവും കൊൽക്കത്തക്ക് ഒരിക്കലും തന്നെ അംഗീകരിക്കാനോ അവഗണിക്കാനോ കഴിയില്ലെന്നാണ് അയാൾ പറഞ്ഞത്. 'ബംഗാളി സിനിമയെ പുതിയകാലത്തേക്ക് നയിച്ച പതാകവാഹകൻ' എന്നെല്ലാം വാഴ്ത്തുമ്പോഴും ടാഗോറിന്‍റെയും, റേയുടേയും വംശാവലിയിൽ അയാളുടെ പ്രതിഭയെ ചേർത്തുവയ്ക്കാൻ സാംസ്കാരിക മുഖ്യധാരക്ക് ചെറുതല്ലാത്ത അറപ്പുണ്ടായിരുന്നു. ആണകത്തെ പെൺമയെയും, പെണ്ണിലെ ആൺഭാവത്തെയും ‘അർദ്ധനാരീശ്വരം’ എന്നെല്ലാം സൈദ്ധാന്തിച്ച് ദിവ്യമാക്കാനേ അവർക്ക് ആകുമായിരുന്നുള്ളൂ. സൽവാർ കമ്മീസും ദുപ്പട്ടയുമുടുത്ത്, കണ്ണെഴുതി ചുണ്ടു ചുവപ്പിച്ച്, പൊട്ടുതൊട്ട് പൊതുവേദിയിലെത്തിയ അയാൾ ലിംഗബോധത്തിന്‍റെ സാമാന്യനിർവചനങ്ങളെ തൊലിയുരിച്ച് ഊറക്കിട്ടു. സർഗപ്രതിഭയിലും, അഭിനയശരീരത്തിലും ഋതുപർണോ ഒരുപാട് ഒരുപാട് ഋതുക്കളെ ഉൾക്കൊണ്ടു. എല്ലാവരേയും സ്നേഹിച്ചു, എല്ലാവരിൽ നിന്നും സ്നേഹം കൊതിച്ചു. തിരസ്കൃതരുടെ ആകാശങ്ങളെ, അതിനുകീഴെയുള്ള ഒറ്റനടത്തങ്ങളെ, സങ്കടങ്ങളെ, സങ്കീർണതകളെ പകരം വയ്ക്കാനില്ലാത്ത ചലച്ചിത്രാനുഭവങ്ങളാക്കി മാറ്റി.
ലിംഗപരതയുടെ പരിമിതവൃത്തങ്ങൾക്കപ്പുറത്തേക്ക് വളർന്ന കൽപ്പനകൾ, കാമനകൾ, കഥാവഴികൾ. തിരക്കഥാകൃത്ത്, സംവിധായകൻ, അഭിനേതാവ്... പത്തൊൻപത് വർഷം മാത്രം നീണ്ട, എയ്ത്തുനക്ഷത്രം പോലെ പൊലിഞ്ഞുപോയ സർഗജീവിതം. ചോക്കേർ ബാലി, അന്തരമഹൽ, റെയിൻകോട്ട്, ചിത്രാംഗദ, സൺ ഗ്ലാസ്... ആണായി, പെണ്ണായി, ആണും പെണ്ണുമായി മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകൾ പകർത്തിയ ചലച്ചിത്രശിൽപ്പങ്ങൾ. സഞ്ജയ് നാഗിന്‍റെ 'മെമ്മറീസ് ഓഫ് മാർച്ച്' പോലെ ഏതാനും സിനിമകളിൽ എണ്ണം പറഞ്ഞ കഥാപാത്രങ്ങൾ..
തിരശ്ശീലക്കകത്തും പുറത്തും തന്‍റെ ലിംഗസ്വത്വം തുറന്നുപറഞ്ഞ ആ കലാപകാരി, ഇന്ത്യൻ സിനിമയിലെ അവഗണിക്കാനാകാത്ത സാന്നിദ്ധ്യമായി മാറുന്ന നേരത്തും ആണും പെണ്ണും കെട്ടതെന്ന് അയാളെ ആക്ഷേപിക്കാൻ മുഖ്യധാരക്ക് മടിയുണ്ടായില്ല. ഒരു ബംഗാളി ടെലിവിഷൻ ചാനൽ അവതാരകൻ പെണ്ണുടുപ്പുകളിട്ട്, ഋതുപർണോ ഘോഷിനെ ഓർമ്മിപ്പിക്കുന്ന കാരിക്കേച്ചർ കഥാപാത്രമായി ഒരിക്കൽ ഒരു ആക്ഷേപഹാസ്യ പരിപാടി ചെയ്തു. അയാളെ താൻ അവതരിപ്പിക്കുന്ന 'ഏവം ഋതുപർണ' എന്ന ടെലിവിഷൻ ഷോയിലേക്ക് ക്ഷണിച്ചു വരുത്തുകയാണ് ഋതുപർണോ ചെയ്തത്. ആ ഷോയിൽ തന്നെ അപമാനിച്ച അവതാരകനോട് ഋതുപർണോ ഇങ്ങനെ പറഞ്ഞു. “ നിങ്ങൾ പിസി സർക്കാരിനെയോ, മിഥുൻ ചക്രവർത്തിയെയോ അനുകരിച്ച് മിമിക്രി കാട്ടുമ്പോൾ ആ വ്യക്തികളെ മാത്രമാണ് പരിഹസിക്കുന്നത്. പക്ഷേ, എന്നെ മിമിക്രിയാക്കുമ്പോൾ ഒരു സമൂഹത്തെയാകെയാണ് പരിഹസിക്കുന്നത്. അതുകൊണ്ട് അടുത്ത തവണ നിങ്ങളെന്‍റെ വേഷം കെട്ടി മിമിക്രി അവതരിപ്പിക്കുമ്പോൾ എടുത്തു പറയണം, നിങ്ങൾ എന്നെ മാത്രമാണ് പരിഹസിക്കുന്നതെന്ന്.”
ഇന്ദ്രധനുസെന്നപോലെ അയാളെന്ന ഋതു ഒരിക്കൽക്കൂടി മടങ്ങിയെത്തുമ്പോൾ രുദ്ര ചാറ്റർജിയുടെ മുറിവുകളിൽ ഒരിക്കൽക്കൂടി ഞാൻ ആഞ്ഞുചുംബിക്കട്ടെ. കഠിന സംഘർഷങ്ങളുട നേരത്ത് അർണാബിന്‍റെ വിരലുകളിൽ തൊടട്ടെ... അഭിരൂപ് സെന്നിന്‍റെ സമൃദ്ധമായ മുടിയിൽ തലോടട്ടെ... നക്ഷത്രദൂരങ്ങൾക്കപ്പുറം അയാളിപ്പോഴും ഒരു റിഹേഴ്സൽ ക്യാമ്പിൽ കൈയ്യിലൊരു മൈക്കുമായി വേദിക്കഭിമുഖം കസേരയിട്ടിരുന്ന് ചിത്രാംഗദയിലെ കസ്തൂരിയെ നൃത്തം പഠിപ്പിക്കുന്നുണ്ടാകും. പാർത്ഥോ പിറകിൽതന്നെയുണ്ടോയെന്ന് അവനറിയാതെ പിന്തിരിഞ്ഞു നോക്കുന്നുണ്ടാകണം.
ഋതുപർണോ... ഓർമ്മകൾക്ക് ദീർഘായുസുണ്ടാകട്ടെ.