നീനുവിന്റെ ജീവിതം എന്താവണമെന്ന് വിധിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം?

By Raselath Latheef  |  First Published Jun 16, 2018, 5:53 PM IST
  • എനിക്കും ചിലത് പറയാനുണ്ട്-
  • റസിലത്ത് ലത്തീഫ് എഴുതുന്നു

ചുറ്റുമുള്ളത് കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍,ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

Latest Videos

undefined


'ഭര്‍ത്താവ് മരിച്ചു പതിനേഴേ ആയിട്ടുള്ളു, കണ്ടില്ലേ ആ പെണ്ണ് ചിരിച്ചോണ്ട് പോകുന്നു, പഠിക്കാന്‍'

കെവിന്റെ വിയോഗത്തിന് മുതലക്കണ്ണീര്‍ പൊഴിച്ച അതേ സമൂഹം ഇന്നലെ തുടങ്ങി വിധിപ്രസ്താവങ്ങള്‍. അടക്കിയും ഒതുക്കിയുമൊക്കെ അവര്‍ നീനുവിന്റെ ജീവിതം എന്താവണമെന്ന് വിധിച്ചു തുടങ്ങിയിരിക്കുന്നു. കൗമാരത്തില്‍ നിന്നുമവള്‍ യൗവനത്തിലേക്ക് കാല്‍കുത്തുന്നതേയുള്ളൂ.  എങ്കിലും നമുക്കവള്‍ കെവിന്റെ വിധവയാണ്. അതെ, സമ്മതിക്കുന്നു, വിധവയാണവള്‍. ആ ഒരൊറ്റ കാരണത്താല്‍, അവളുടെ ജീവിതത്തെക്കുറിച്ച് കുറിച്ച് വിധിയെഴുതാന്‍ നമ്മളൊക്കെ ആരാണ്? 

നമ്മളുമായി ഒരു ബന്ധവുമില്ലാത്ത ഒരാളുടെ ജീവിതത്തെ നിര്‍ണയിക്കാനും  ആ ജീവിതം എന്താവണമെന്ന് കല്‍പ്പിക്കാനും നമുക്ക് എന്താണ് അധികാരം? കെവിന്റെ വാര്‍ത്ത വന്ന് ഫേസ്ബുക്കില്‍ രോഷം കൊണ്ടതോ? അതോ ആ അരുംകൊലയുടെ വാര്‍ത്ത കണ്ട് സങ്കടപ്പെട്ടതോ? അതുമല്ലെങ്കില്‍, നീനുവിന്റെ ജീവിതത്തെക്കുറിച്ചുള്ള പോസ്റ്റുകള്‍ക്ക് ലൈക്കടിച്ചതോ? ഇതല്ലാതെ മറ്റെന്ത് അധികാരത്തിന്റെ പുറത്താണ് ഇത്തരം വിധിപ്രസ്താവങ്ങള്‍ നടത്താന്‍ നമ്മളില്‍ ഒരു കൂട്ടര്‍ തയ്യാറാവുന്നത്? വിവാഹത്തെയും പ്രണയത്തെയും ജീവിതത്തെയും കുറിച്ചുള്ള തങ്ങളുടെ ഇടുങ്ങിയ നിലപാടുകളും സമീപനങ്ങളും മറ്റൊരാളുടെ തലയില്‍ കെട്ടിവെക്കുന്നതില്‍ ഇത്തിരി ഉളുപ്പ് ആര്‍ക്കും ഇല്ലാത്തത് എന്താണ്? 

മറ്റെന്ത് അധികാരത്തിന്റെ പുറത്താണ് ഇത്തരം വിധിപ്രസ്താവങ്ങള്‍?

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ മനോഭാവം. ഇന്നും സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റാത്ത കുറെ വൃത്തികെട്ട നിയമ സംഹിതകള്‍. അവരവരുടെ ജീവിതത്തിനു പുറത്തുള്ള എന്തിനെയും വിധികല്‍പ്പിക്കാനുള്ള ഈ നികൃഷ്ട അധികാരത്തിന്റെ ഏറ്റവും വലിയ ഇരകള്‍ വിധവകള്‍ തന്നെയാണ്. 

ഭര്‍ത്താവ് മരിച്ച സ്ത്രീ. അവള്‍ക്ക് പിന്നീട് അടുക്കളപ്പുറത്തെ കലങ്ങളോടൊപ്പമല്ലാതെ ഉമ്മറപ്പടി കാണാന്‍ അനുവാദമില്ല. ഇനി അഥവാ പുറത്തിറങ്ങിയാലും അവളിലെ അവളെ പൊതിഞ്ഞു പിടിച്ചു നടക്കണം. സംസാരത്തില്‍, നടപ്പില്‍, എന്തിനേറെ മറ്റൊരാള്‍ക്കു സമ്മാനിക്കുന്ന ചിരിയില്‍ പോലും അവള്‍ പിശുക്കണം . അങ്ങനെയല്ലാത്ത പക്ഷം അപഥസഞ്ചാരിണി എന്നൊരു മുദ്ര ചാര്‍ത്തപ്പെടും അവളുടെ മേല്‍. 

സമൂഹത്തിലെ ഒറ്റപ്പെടുത്തലുകള്‍, മാറ്റിനിര്‍ത്തപ്പെടലുകള്‍, അതിനേക്കാളുപരി സ്വന്തം വീട്ടില്‍ പോലും അവള്‍ സ്വയം വലിച്ചു കെട്ടുന്നൊരു വലക്കുള്ളില്‍ എരിഞ്ഞു തീരുന്ന അവസ്ഥ. ആരും കേള്‍ക്കാനില്ലാത്ത തേങ്ങലുകള്‍. ഭര്‍ത്താവ് മരിച്ച സ്ത്രീക്ക് ഒരു നിറം മങ്ങിയ ജീവിതം വരച്ചു കൊടുത്തിട്ടുണ്ട് സമൂഹം. നിറം മങ്ങിയ തുണിക്കുള്ളില്‍ പൊതിഞ്ഞു സൂക്ഷിക്കേണ്ട മറ്റൊരു മൃതദേഹമാക്കി അവരെ മാറ്റുകയാണ് നമ്മള്‍. 

വൈധവ്യം അതിന്റെ മൂര്‍ദ്ധന്യാവസ്ഥ കാണിച്ചത് കണ്മുന്നില്‍ കണ്ടതാണ് ഞാന്‍. ജന്മം കൊണ്ടും ജീവിതം കൊണ്ടും എനിക്ക് അമ്മമാരായവരില്‍ ഒരാള്‍ വിധവയായത് ദാമ്പത്യത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ആണ്. മറ്റെയാള്‍ മനോഹരമായി ജീവിച്ച 25 വര്‍ഷങ്ങള്‍ക്കിപ്പുറം. ഒരാള്‍ അടുക്കളപ്പുറത്തു എരിഞ്ഞു തീര്‍ന്നു. മറ്റേയാള്‍  ഒരു ജോലി  ഉണ്ടായത് കൊണ്ട് മാത്രം ജീവിതം ജയിച്ചു കാണിച്ചു.

നമുക്കെന്താണ് സ്ത്രീകള്‍ക്ക് പങ്കാളികള്‍ നഷ്ടപ്പെടുമ്പോള്‍ മാത്രം ഇത്ര അസ്വസ്ഥത?

നമുക്കെന്താണ് സ്ത്രീകള്‍ക്ക് പങ്കാളികള്‍ നഷ്ടപ്പെടുമ്പോള്‍ മാത്രം ഇത്ര അസ്വസ്ഥത? ഈ സമീപനം പുരുഷന്‍മാരോട് കാണിക്കാത്തത് എന്താണ്? ഭാര്യ മരിച്ച് മാസങ്ങള്‍ക്കകം പുനര്‍വിവാഹത്തിന് പുരുഷനെ നിര്‍ബന്ധിക്കുന്ന സമൂഹം എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് പുനര്‍വിവാഹം പാപമായി കരുതുന്നത്? 

ഇന്നും വിധവയാകുമ്പോള്‍, സ്ത്രീക്ക് മാത്രം കല്‍പിച്ചു നല്‍കുന്ന ചില പ്രത്യേക അനുകൂല്യങ്ങളുണ്ട്. മക്കളുടെ സംരക്ഷണം, മംഗളകര്‍മങ്ങളിലെ വിലക്കുകള്‍, അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലെ ഇടുന്ന കൂച്ചു വിലങ്ങുകള്‍, സന്തോഷിക്കാനും ആനന്ദിക്കാനും പാടില്ലെന്ന വിലക്കുകള്‍. ഇതിനൊക്കെ മേലെയായി വൈധവ്യത്തിന് മേമ്പൊടി ചേര്‍ക്കുന്ന ചില ആചാരങ്ങളും. 

ഇനി ഏതെങ്കിലും സ്ത്രീ ഭര്‍തൃവിയോഗത്തിനു ശേഷം പുനര്‍വിവാഹത്തിന് ഒരുങ്ങിയെന്ന് കരുതുക. എന്തായിരിക്കും ഈ സമൂഹത്തിന്റെ സമീപനം. അങ്ങനൊരു ചിന്തയിലേക്ക് എത്തിയാലുടന്‍ കേള്‍ക്കാം, 'എന്നാലും അവള്‍ ആ കുഞ്ഞുങ്ങളെ ഓര്‍ക്കണ്ടാരുന്നോ'  എന്നൊരു ക്‌ളീഷേ ചോദ്യം. ഭാര്യ മരണപ്പെട്ടാല്‍ പുരുഷന് ബാധ്യതയില്ലാത്ത കുഞ്ഞുങ്ങള്‍, സമാന അവസ്ഥയിലെത്തുമ്പോള്‍ സ്ത്രീക്ക് മാത്രം ബാധ്യതയാണ്. എല്ലാ പുരുഷന്മാരും ഇങ്ങനെയാണെന്നല്ല. എന്നാലും ചുറ്റും കാണുന്നവരില്‍ ഏറെയും ഇങ്ങനെ ചിന്തിക്കുന്നവര്‍ തന്നെ. 

ഈ വിധിപ്രസ്താവങ്ങള്‍ക്കും ശകാരവര്‍ഷങ്ങളും ഇടയിലെന്നെങ്കിലും ചിന്തിക്കാറുണ്ടോ ഈ സ്ത്രീകളുടെ മാനസികാവസ്ഥ? ആത്മാവിന്റെ പാതിയെ നഷ്ടപ്പെടുന്ന അവളെ,  അവളുടെ മാനസിക വ്യാപാരങ്ങളെ,  ആരെങ്കിലും ഒന്ന് നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ടോ? 

അവളെ ഒന്നടുത്തു നിര്‍ത്തി പറയണം, സങ്കടങ്ങളില്‍ കൂട്ടായി കുടുംബമുണ്ടെന്ന്. വിശേഷങ്ങളില്‍ കൂടെ കൂട്ടണം. നിറങ്ങള്‍ അവളുടെ ജീവിതത്തില്‍ ചേര്‍ക്കണം. കുടുംബവും കുഞ്ഞുങ്ങളുമായി ഒറ്റയ്ക്ക് ജീവിതത്തിന്റെ തോണി തുഴഞ്ഞു മറുകരയെത്തുമ്പോളേക്കും കുഞ്ഞുങ്ങള്‍ കൂടുവിട്ട് പറക്കാന്‍ പ്രാപ്തരാകും. വീണ്ടും ജീവിതത്തില്‍ അവള്‍ വീണ്ടും ഒറ്റക്കാകും. ജീവിതാന്ത്യം വരെ ഒറ്റത്തുരുത്തായി കഴിയേണ്ടിവരും.   

വൈധവ്യം ഒരു കുറ്റമല്ല, ഒരു അവസ്ഥയാണ്. തനിച്ചായി പോകുന്ന ജീവിതങ്ങള്‍ക്ക് കൈത്താങ്ങാകേണ്ടവര്‍ അക്കാര്യം ഒന്ന് തിരിച്ചറിയാന്‍ ഇനിയെത്ര കാലം കഴിയണം.  സഹായിച്ചില്ലെങ്കിലും ഒളിഞ്ഞും തെളിഞ്ഞും അപവാദം അഴിച്ചു വിടാതിരുന്നുകൂടേ സമൂഹമേ നിങ്ങള്‍ക്ക്.

 

അവര്‍ പറഞ്ഞത്
അനു അശ്വിന്‍: കീറിമുറിക്കുന്ന ആണ്‍നോട്ടങ്ങള്‍ നിര്‍ത്താറായില്ലേ?

ആരതി പി നായര്‍: പ്രണയത്തെ മനസ്സിലാക്കാന്‍  കേരളം എന്ന് പഠിക്കും?​

റഹ്മ സുല്‍ത്താന: നമ്മുടെ ഉള്ളിലെ വംശീയത  അറിയാന്‍ 26 സന്ദര്‍ഭങ്ങള്‍
 

click me!