കുട്ടിക്കാലത്തു പുതിയനിയമത്തിലെ സുവിശേഷങ്ങള്‍ വായിച്ചപ്പോഴൊന്നും, ക്രിസ്തുവിന്റെ ആ നിശ്ശബ്ദതയുടെ അര്‍ഥം എനിയ്ക്കു മനസിലായിരുന്നില്ല. കുരിശുമരണം വിധിക്കപ്പെട്ട അന്ത്യവിചാരണയില്‍ യേശു പാലിച്ച അര്‍ത്ഥഗര്‍ഭമായ ആ മൗനത്തെക്കുറിച്ചാണ് പറയുന്നത്. പൊന്തിയോസ് പീലാത്തോസിന്റെ ആ വിചാരണയില്‍, 'അവനെ കൊല്ലുക' എന്ന് ആര്‍ത്തുവിളിക്കുന്ന പ്രമാണിമാരുടെ മുന്നില്‍ ക്രിസ്തു പൂര്‍ണ്ണനിശബ്ദത പാലിച്ചു. തനിയ്ക്കുമേല്‍ ചുമത്തപ്പെട്ട ഒരു കുറ്റവും ദൈവപുത്രന്‍ നിഷേധിച്ചില്ല.
undefined
'യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു. 'നീ യെഹൂദന്മാരുടെ രാജാവോ?' എന്നു നാടുവാഴി ചോദിച്ചു; 'ഞാന്‍ ആകുന്നു' എന്നു യേശു അവനോടു പറഞ്ഞു. മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയില്‍ അവന്‍ ഒന്നും ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോടു 'ഇവര്‍ നിന്റെ നേരെ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്നു കേള്‍ക്കുന്നില്ലയോ' എന്നു ചോദിച്ചു. അവന്‍ ഒരു വാക്കിനും ഉത്തരം പറയായ്കയാല്‍ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു' എന്നാണു മത്തായിയുടെ സുവിശേഷം പറയുന്നത്. യോഹന്നാന്റെ സുവിശേഷത്തിലെത്തുമ്പോള്‍ ചില വാചകങ്ങള്‍ കൂടി കര്‍ത്താവ് പറയുന്നുണ്ട്. പക്ഷെ അപ്പോഴും തനിക്കെതിരായ കുറ്റപത്രത്തെ ക്രിസ്തു ഖണ്ഡിക്കുന്നില്ല.
സത്യത്തില്‍ ക്രിസ്തു ലോകത്തോട് പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞിരുന്നു.
സംസാരിക്കാന്‍ അറിയാത്തയാളല്ല യേശു. ജീവിതത്തിലുടനീളം അദ്ദേഹം തീര്‍ത്ഥത്തിന്റെ തണുപ്പും തീക്കനലിന്റെ ചൂടുമുള്ള വാക്കുകള്‍ മാറിമാറി ഉപയോഗിച്ചിട്ടുണ്ട്. ആ വാക്കുകള്‍ പാവപ്പെട്ടവന്റെയും ദുഃഖിതന്റെയും രോഗിയുടെയും വേശ്യയുടെയുംമേല്‍ കരുണയായി പെയ്തിട്ടുണ്ട്. പണക്കാരെയും അധികാരികളെയും പുരോഹിതരെയും പൊള്ളിച്ചിട്ടുണ്ട്. പക്ഷെ, വാക്കുകളുടെ ആ ഊര്‍ജപ്രവാഹം ക്രിസ്തു തന്റെ അന്തിമവിചാരണയില്‍ എവിടെയും പ്രതിരോധത്തിനായി ഉപയോഗിച്ചില്ല. എന്തുകൊണ്ട്?
ദിവ്യവും വാചാലവുമായൊരു മൗനംകൊണ്ട് തന്റെ വിധിയെ യേശു നിശ്ശബ്ദം ഏറ്റുവാങ്ങിയതിന്റെ രഹസ്യമെന്ത്?
ജീവിതത്തിലെ അവസാന 24 മണിക്കൂറില്‍ ക്രിസ്തു വളരെ കുറച്ചുമാത്രമേ സംസാരിക്കുന്നുള്ളൂ. അന്ത്യഅത്താഴത്തില്‍ ശിഷ്യരോട് പറയുന്ന ഏതാനും വാചകങ്ങള്‍, ഒറ്റുകൊടുക്കപ്പെട്ടു പിടികൂടപ്പെടുമ്പോള്‍ ഒന്നോ രണ്ടോ വാചകങ്ങള്‍, വിചാരണയില്‍ 'ഞാന്‍ ആകുന്നു' എന്നൊരു വാചകം, പിന്നെ കുരിശില്‍ പ്രാണവേദനയില്‍ പിടയുമ്പോള്‍ പലപ്പോഴായി ഉരുവിട്ട ഏഴു വാചകങ്ങള്‍, അതില്‍ മൂന്നെണ്ണവും പിതാവായ ദൈവത്തോടുള്ളത്..!
കഴിഞ്ഞു.
ദീര്‍ഘമായ സന്ദേശമോ വിടവാങ്ങല്‍ പ്രസംഗമോ ഉദ്‌ബോധനമോ ഒന്നുമില്ല. ശാന്തമായ, നിശ്ശബ്ദമായ ജീവബലി.
ഇതേ ധൈര്യവും മൗനംകൊണ്ടുള്ള വാചാലതയും പില്‍ക്കാലത്തും ഒട്ടേറെ രക്തസാക്ഷികളില്‍ കാണാം.
ക്രിസ്തുവിന്റെ മൗനത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചു പില്‍ക്കാലത്തു ചില സുഹൃത്തുക്കള്‍ എനിക്കു കൂടുതല്‍ വിശദീകരിച്ചു തന്നു, ചില പുസ്തകങ്ങളും. അമേരിക്കക്കാരനായ Adam Hamilton എഴുതിയ 24 Hours That Changed the World ക്രിസ്തുവിന്റെ അന്തിമദിവസത്തിന്റെ ഡയറിയാണ്. അത്തരം ചില വായനകള്‍ ക്രിസ്തുവിന്റെ മൗനത്തെ കുറച്ചുകൂടി നന്നായി വിശദീകരിച്ചുതന്നു.
സത്യത്തില്‍ ക്രിസ്തു ലോകത്തോട് പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞിരുന്നു. ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നു. 'എല്ലാം പൂര്‍ണമായിരിക്കുന്നു' എന്ന് ദൈവപുത്രന്‍ കുരിശില്‍ പ്രഖ്യാപിക്കുന്നുണ്ട്. തന്റെ അനിവാര്യമായ അന്തിമവിധിയെക്കുറിച്ചു മറ്റാരേക്കാളും ക്രിസ്തുവിനു അറിയാമായിരുന്നു. ഭൂലോകമുള്ളിടത്തോളം ആവര്‍ത്തിക്കപ്പെടുന്ന നന്മയുടെ ഉയിര്‍പ്പിനായി തന്റെ ജീവബലി അനിവാര്യമാണെന്നും ഏതു വാദങ്ങള്‍ക്കൊണ്ടും അത് ഒഴിവാക്കപ്പെടാവുന്നത് അല്ലെന്നും യേശു അറിഞ്ഞിരുന്നു. അതാണ് യേശുവിന്റെ മൗനത്തിന്റെ വിശ്വാസപരമായ വായന.
എന്നാല്‍ ഭൗതികമായൊരു വായനകൂടി ഇവിടെ സാധ്യമാണ്. നിരര്‍ത്ഥകമായ ഒരു നീതിപീഠത്തിനുമുന്നിലാണ് താന്‍ നില്‍ക്കുന്നതെന്ന് ക്രിസ്തു അറിഞ്ഞിരുന്നു. യഥാര്‍ത്ഥ ത്യാഗത്തേയും നന്മയെയും തിരിച്ചറിയാന്‍ പീലാത്തോസ് എന്ന ന്യായാധിപന് കഴിയില്ലെന്ന് വ്യക്തമാണ്. പില്‍ക്കാലത്തു ബൈബിള്‍ സൂചനകളിലൂടെ പീലാത്തോസിന്റെ ജീവിതം അന്വേഷിച്ചുപോയവരെല്ലാം ഈ സത്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
ക്രിസ്തുവിന്റെ അതേ നിശ്ശബ്ദത നമുക്ക് ഗാന്ധിയിലും കാണാം.
കാരണം, ആത്യന്തിക നീതിയെ തിരിച്ചറിഞ്ഞുകൊണ്ട് അതിനെ രക്ഷിക്കാനുള്ള ധാര്‍മികമായ കരുത്തുണ്ടായിരുന്നില്ല, ഉന്നതകുലജാതനും ഭരിക്കുന്നവന്റെ പ്രതിനിധിയുമായ പീലാത്തോസിന്. അതുകൊണ്ടാണ് 'കൊല്ലുക' എന്ന് ആക്രോശിച്ച പ്രമാണിമാര്‍ക്ക് നീതിമാനായ യേശുവിനെ വിട്ടുകൊടുത്തുകൊണ്ട് പീലാത്തോസ് കൈ കഴുകുന്നത്. അതുകൊണ്ടുതന്നെയാണ് മൗനത്തെ കരുത്തുറ്റ ഒരു പ്രതിഷേധവും സമരവുമാക്കിക്കൊണ്ട് യേശു വിചാരണക്കൂട്ടില്‍ നിശ്ശബ്ദനാകുന്നത്. 'നീ യഹൂദരുടെ രാജാവാണോ?' എന്ന ചോദ്യത്തിന് 'അത് നീ തന്നെ പറഞ്ഞുകഴിഞ്ഞല്ലോ' എന്ന് മറുപടി നല്‍കുന്നത്. കേവലയുക്തികളില്‍ പടുത്തുവെച്ചിരിക്കുന്ന മനുഷ്യവിരുദ്ധമായ നീതിപീഠ സംഹിതകളെ പാടെ നിരാകരിക്കുകയാണ് യേശു ഇവിടെ. ഇതേ ധൈര്യവും മൗനംകൊണ്ടുള്ള വാചാലതയും പില്‍ക്കാലത്തും ഒട്ടേറെ രക്തസാക്ഷികളില്‍ കാണാം.
അന്നും ഇന്നും തെളിയുന്ന ഒന്നുണ്ട്. സത്യം ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെടുകതന്നെ ചെയ്യും.
ഗാന്ധിയും ഭഗത് സിംഗും ഒക്കെ ഉദാഹരണമാണ്. ആധുനികകാലത്തു ഗാന്ധിജിയുടെ ജീവിതം വായിക്കുമ്പോള്‍ ക്രിസ്തുവിന്റെ അതേ നിശ്ശബ്ദത നമുക്ക് ഗാന്ധിയിലും കാണാം. 'ഗാന്ധി മരിക്കണം' എന്ന് പലര്‍ അലറിക്കൊണ്ടിരുന്നപ്പോഴും മഹാത്മാവ് മൗനത്തെ സമരമാക്കുകയായിരുന്നു. 'വര്‍ഗീയവാദി'യെന്നു തനിക്കു നേരെ ഉയര്‍ന്ന വിളികളെ ഖണ്ഡിക്കാനല്ല, തമ്മില്‍ തല്ലി മരിക്കുന്ന ജനങ്ങള്‍ക്ക് ഇടയിലേക്ക് പോകാനാണ് ഗാന്ധി സമയം വിനിയോഗിച്ചത്. ക്രിസ്തുവിന്റെ കാര്യത്തില്‍ എന്നപോലെ ഗാന്ധിയുടെ അനുഭവത്തിലും മൗനം രക്തസാക്ഷിത്വത്തിലേക്ക് എത്തിച്ചു.
ക്രിസ്തുവിനു രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറവും, നീതിപീഠങ്ങള്‍ക്കുമുന്നില്‍ ഒരുപാട് നീതിമാന്മാര്‍ നില്‍ക്കുന്നുണ്ട്, അപരാധികള്‍ എന്നാരോപിക്കപ്പെട്ട്. ജീവിതംകൊണ്ട് പറയാനുള്ളതെല്ലാം പറഞ്ഞുതീര്‍ത്ത് പുഞ്ചിരിയോടെ മൗനികളായി അവര്‍ നില്‍ക്കുന്നു. നീതിമാനു മരണം വിധിച്ചു കൈകഴുകുകയും ബറബാസുമാരെ തുറന്നുവിടുകയും ചെയ്യുന്ന നീതിപീഠങ്ങളും ഇവിടെത്തന്നെയുണ്ട്. നീതിമാനെ കുരിശിലേറ്റാനും കള്ളനെ തുറന്നുവിടാനും ആക്രോശിക്കുന്ന അതേ ആള്‍ക്കൂട്ടവും ഇവിടെത്തന്നെയുണ്ട്.
ഒന്നും മാറിയിട്ടില്ല. ഇന്നും നമ്മുടെ എല്ലാ നീതിപീഠങ്ങള്‍ക്കു മുന്നിലും ന്യായാധിപനു എളുപ്പത്തില്‍ 'കൈകഴുകാനുള്ള വെള്ളം' വെള്ളിപ്പാത്രത്തില്‍ത്തന്നെ വെച്ചിട്ടുണ്ട്!പക്ഷെ അന്നും ഇന്നും തെളിയുന്ന ഒന്നുണ്ട്. സത്യം ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെടുകതന്നെ ചെയ്യും. കാലവും ചരിത്രവും സാക്ഷി. കുരിശിലേറ്റി കൊന്നു കല്ലറയിലടച്ചിട്ടു വാതില്‍ക്കല്‍ അസത്യത്തിന്റെ വലിയ കല്ലുരുട്ടിവെച്ചാലും സത്യം ഉയിര്‍ത്തെഴുന്നേല്‍ക്കും. ക്രിസ്തു പറഞ്ഞതും ചരിത്രത്തിലെ അനവധി ക്രിസ്തുമാര്‍ ആവര്‍ത്തിച്ചതും ഇതുതന്നെ..!
(ഫേസ്ബുക്ക് പോസ്റ്റ്)
എം അബ്ദുല്‍ റഷീദ് എഴുതിയ മറ്റ് കുറിപ്പുകള്‍
ഐസിസ് ഭീകരര്‍ കഴുത്തില്‍ കത്തിപായിക്കുമ്പോള്‍ ആ വൃദ്ധവൈദികന്‍ എന്താവും പ്രാര്‍ത്ഥിച്ചിട്ടുണ്ടാവുക?
ആ പൂമരങ്ങള്‍ കാമ്പസില്‍ ഇപ്പോഴും ബാക്കിയെങ്കില്‍ അത് വെട്ടി തീയിടണം!
സിന്ധുവിനെ തോല്‍പ്പിച്ച കരോലിന മാരിന് ഒരു മലയാളിയുടെ തുറന്ന കത്ത്
തുണിയുടുക്കാത്ത സന്യാസിയും നാണമേയില്ലാത്ത നമ്മളും...
ഒരു കുഞ്ഞും വരയ്ക്കരുതാത്ത ചിത്രം!
ഒടുവില്‍,ജന്‍കോ മരണത്തിലേക്കുള്ള മല കയറി മറഞ്ഞു!
നന്‍മ ഒരു വാക്കല്ല, ഈ മനുഷ്യനാണ്!
ചരമപേജില്‍ കാണാനാവാത്ത മരണങ്ങള്‍!