അത് ശരിക്കും ജിന്നായിരുന്നോ?

By Shifana Salim  |  First Published Aug 7, 2017, 1:15 PM IST

അവന്റെ വീട്ടില്‍ നിന്നും കുറച്ചും കൂടെ നടക്കണം എന്റെ വീട്ടിലേക്ക്. അതിനിടയിലാണ് പണ്ട് അമ്പലവും ശ്മശാനവുമൊക്കെ നിലനിന്നിരുന്ന കാവ്. ഇപ്പോള്‍ അത് മണ്ണിട്ട് മൂടിയിരിക്കുന്നു. വൈകുന്നേരം തട്ടം ഇടാണ്ട് പുറത്തിറങ്ങിയാല്‍ പ്രേതം പിടിക്കൂന്ന് ഉമ്മമ്മ പറയാറുമുണ്ടായിരുന്നു.


രാത്രി സൂര്യനെ വിഴുങ്ങാനൊരുങ്ങി. സന്ധ്യയ്ക്ക് നല്ല മഞ്ഞളില്‍ മുക്കിയ പൊന്നിന്റെ നിറം. ഞങ്ങള്‍ കുട്ടികള്‍ പതിവു പോലെ വൈകുന്നേര ചര്‍ച്ചകളിലെ നല്ല ചൂടന്‍ വിഷയങ്ങള്‍ക്ക് തീ കൊളുത്താന്‍ പോകയാണ്. സക്കീറിന്റെ അമിട്ടു പൊട്ടിയ ബഡായികളുടെ ലോകത്തില്‍ ഇന്ന് ജിന്നും ഭൂതവുമാണ് വിഷയം. 

Latest Videos

'ഇന്നലെ നമ്മടെ മദ്രസയിലെ റമീസ് പെന്‍സില്‍ കൊയ്ഞ്ഞാടിയപ്പൊ ബെഞ്ചിന്റെ താഴെക്ക് നോക്കീതാ. അപ്പൊ എന്താ?'
ഞാനും മുബിയും അവനെ അന്തം വിട്ട് നോക്കയാണ്- 'എന്താ ഇയ്യൊന്ന് വേഗം പറ ?'

വായിലെ വെള്ളോം വറ്റി എന്റെ ഉണ്ടക്കണ്ണ് ഒന്നൂടി വലുതായി. 'ജിന്ന്...വെള്ള തുണീം കുപ്പായൊക്കെ ഇട്ടിട്ട് അവിടെയിരിക്കാ. പെട്ടെന്ന് അത് ഓടി. അപ്പൊഴോ മുന്നിലെ ബെഞ്ച് ഒരൊറ്റ കത്തല്‍'.

പേടിച്ചു ഞെട്ടിയ മുബിയുടെ മുന്നില്‍ പിടിച്ചു നില്‍ക്കണമെന്ന ഒരൊറ്റവാശിയോടെ ഞാന്‍ പറഞ്ഞു 'ഇയ്യ് വെര്‍തെ പറയാ...ജിന്നും ഭൂതൊന്നുല്യ.. നൊണയന്‍'. എന്റെ ഉള്ളിലെ ഭയാനകരമായ ഹൃദയ മിടിപ്പിനെ അടക്കി നിര്‍ത്താനും സ്വയം ആശ്വസിക്കാനും ഞാന്‍ പാടുപെട്ടു. 

'അല്ലെങ്കിലും ഇങ്ങള് പെങ്കുട്ട്യോളാക്കെ പേടിത്തൊണ്ടികളാ, സന്ധ്യാകണ നേരാ ഇതൊക്കെ പുറത്തിറങ്ങാ അതോണ്ട് കാവിന്റെ മുന്‍പിലൂടെ പോകുമ്പോ പ്രേതം വിഴുങ്ങാതെ നോക്കിക്കോ'. ഇതും പറഞ്ഞ് അവനൊെരാറ്റ നടത്തം.  വലിയ ധൈര്യം നടിച്ച് നിന്ന എന്റെ സര്‍വമാന ധൈര്യവും അതു കൂടി കേട്ടപ്പൊള്‍ ഒലിച്ച് പോയി. 

'ജിന്ന്...വെള്ള തുണീം കുപ്പായൊക്കെ ഇട്ടിട്ട് അവിടെയിരിക്കാ. പെട്ടെന്ന് അത് ഓടി. അപ്പൊഴോ മുന്നിലെ ബെഞ്ച് ഒരൊറ്റ കത്തല്‍'.

അവന്റെ വീട്ടില്‍ നിന്നും കുറച്ചും കൂടെ നടക്കണം എന്റെ വീട്ടിലേക്ക്. അതിനിടയിലാണ് പണ്ട് അമ്പലവും ശ്മശാനവുമൊക്കെ നിലനിന്നിരുന്ന കാവ്. ഇപ്പോള്‍ അത് മണ്ണിട്ട് മൂടിയിരിക്കുന്നു. വൈകുന്നേരം തട്ടം ഇടാണ്ട് പുറത്തിറങ്ങിയാല്‍ പ്രേതം പിടിക്കൂന്ന് ഉമ്മമ്മ പറയാറുമുണ്ടായിരുന്നു.

അന്നറിയാവുന്ന ദിക്‌റും സൂറത്തുമൊക്കെ ചൊല്ലി പകുതി കണ്ണുമടച്ച് കുഞ്ഞിക്കാലുകളെ ആവുന്ന അകലത്തില്‍ വെച്ച് ഞാന്‍ നടന്നു. തലയില്‍ തട്ടമിടാത്തതില്‍ ഞാനങ്ങേയറ്റം ഖേദിച്ചു.നടന്നിട്ടും നടന്നിട്ടും എത്താതെ അവസാനം പകുതിവഴിയെത്തിയപ്പഴേ നീട്ടി ഉമ്മമ്മാനെ വിളിക്കാന്‍ തുടങ്ങി.വലിയവരെ കണ്ടാല്‍ പ്രേതം ഓടിപ്പോകുമെന്ന മഹത്തായ വിശ്വാസം എനിക്കപ്പോള്‍ ഉണ്ടായിരുന്നു. 

കേട്ട കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് മദ്രസയില്‍ വട്ടം കൂടിയിരുന്ന് പറയുമ്പോഴാണ് മുസ്ലിയാര്‍ വരണത്. കേട്ട കഥയുടെ പവര്‍ കൂട്ടണമാതിരി അന്നത്തെ വിഷയം നമ്മടെ ജിന്ന് തന്നെ ആയിരുന്നു. 'പടച്ചോന്‍ മനുഷ്യരെയും ജിന്നുകളെയും സ!ഷ്ടിച്ചു .ജിന്നുകളെ നമുക്കാര്‍ക്കും കാണാന്‍ പറ്റില്ല. അവര്‍ക്ക് രൂപമോ വിശപ്പോ ഇല്ല.'. മൂപ്പര് പറഞ്ഞു തുടങ്ങി. 

എന്നും ഒറ്റയ്ക്ക് ഓടി വീട്ടിലെത്തുന്ന ഞാന്‍ അന്ന് എല്ലാവരോടും വര്‍ത്താനോം പറഞ്ഞ് പോന്നു.  നടക്കുമ്പോള്‍ തിരിഞ്ഞുനോക്കിയാ ജിന്നിനെ കാണുന്ന് സുഹൈല പറഞ്ഞതനുസരിച്ച് നടത്തം തുടങ്ങി. 'പല ഒച്ചയും കേള്‍ക്കും, നമ്മളെ നോക്കിപ്പിക്കാന്‍. തിരിഞ്ഞ് നോക്കിയാലുണ്ടല്ലോ'-അവള്‍ വീട്ടിലേക്ക് കയറും മുന്‍പ് ഓര്‍മ്മിപ്പിച്ചു.  

ആദ്യം എന്റെ വീടായിരുന്നെങ്കില്‍...വെറുതെ പറയാം എന്നല്ലാതെ എന്തു കാര്യം? ഞാന്‍ അവസാനമാണല്ലോ!

എന്റെ നിസ്സഹായാവസ്ഥ ആര്‍ക്കാണ് മനസ്സിലാവുക? ധൈര്യം സംഭരിച്ച് 'ആയത്തുല്‍ കുര്‍സി'യും ചൊല്ലി നടത്തം തുടങ്ങി. അന്ന് വരെ കേള്‍ക്കാത്തത്രയും ബഹളം പുറകീന്ന് കേട്ടു. ഞാന്‍ നൂറ്  സ്വലാത്തും നേര്‍ച്ച നേര്‍ന്ന് മൂന്ന് വട്ടം പുറകിലേക്ക് നോക്കി.ഒന്നും കണ്ടില്ല. ആകെക്കൂടെ ഒരാശ്വാസം. എങ്കിലും, അത്യാവശ്യത്തിലേറെ വലിപ്പമുണ്ടായിരുന്ന പര്‍ദ്ദയും മടക്കി കുത്തി ഞാനോടി.

'പല ഒച്ചയും കേള്‍ക്കും, നമ്മളെ നോക്കിപ്പിക്കാന്‍. തിരിഞ്ഞ് നോക്കിയാലുണ്ടല്ലോ'-

പൊന്നുവെന്ന വിലപിടിപ്പുള്ള പേരുള്ള എന്നെ പെന്നു എന്ന് മാത്രം വിളിച്ച് വിലകുറക്കാറുള്ള സക്കീര്‍ അന്ന് ആ ഭയങ്കരമായ രഹസ്യം എന്നോട് പറഞ്ഞു.

'ഖുര്‍ആനില്‍ ജിന്ന് എന്ന സൂറത്തുണ്ട്. അത് ഓതി പടച്ചോനോട് പ്രാര്‍ത്ഥിച്ചാ ഒരു ജിന്ന് നമ്മുടെ അടിമയാകും'.

ആകാംക്ഷയുടെ മുള്‍മുന വെട്ടി മാറ്റി അന്ന് രാത്രി തന്നെ ഖുര്‍ആന്‍ ഓതാനൊനും വല്യ പിടിപാടില്ലാത്ത ഞാന്‍ വിക്കി വിക്കി അത് ഓതി. ശേഷം, അലാവുദ്ദീന്റെ അത്ഭുതവിളക്കിലെ ഭൂതത്തെ പോലെ, കളിപ്പാട്ടങ്ങളും മിഠായികളും തരുന്ന ഒരു ജിന്നിനെയും സ്വപ്നം കണ്ട് സുഖമായി ഉറങ്ങി. രാവിലെ എണീറ്റപ്പോ ചുറ്റും നോക്കി. ഇല്ല ആരുമില്ല. ഒരു അടിമയുമില്ല. ഒരു ജിന്നുമില്ല!

അതോടെ ഞാനും അവനും ആ ഐഡിയ വിട്ടു. 

മുള്ളന്‍ പഴം നിറയെ കായ്ച്ചു നില്‍ക്കുന്ന ഒരു കാലമായിരുന്നു അത്. ഒരേ പ്രായക്കാരായ ഞങ്ങള്‍ ഇടക്ക് കീരിയും പാമ്പും ആകുമെങ്കിലും വല്ലതും തിന്നാന്‍ കിട്ടുന്ന കാര്യമാണെങ്കില്‍ ചിലസമയം ഞാനവനെ ആശ്രയിക്കും.മാവിന് കല്ലെറിയാനും മുള്ളുകൊള്ളാതെ മുള്ളന്‍ പഴമിറുക്കാനുമാക്കെ കൂട്ടിലിട്ട് വളര്‍ത്തിയ എന്നേക്കാള്‍ കഴിവ് അവനുണ്ടായിരുന്നു.

കണ്ടപാടെ, എല്ലും തോലും മാത്രമുള്ള അവന്‍ ഒരൊറ്റ ഓട്ടം!

ഒരിക്കല്‍ അപ്പുറത്തെ സഞ്ചുവിന്റെ വീട്ടിലെ വലിയ മുട്ടന്‍മാങ്ങകള്‍ക്ക് കല്ലെറിഞ്ഞത് അവനായിട്ടും കണ്ട് നിന്ന എനിക്ക് എതിരായിരുന്നു പരാതികള്‍. അങ്ങനെ രണ്ട് ദിവസം പിണങ്ങി നടന്നതിനു ശേഷമാണ് മുള്ളന്‍ പഴം പഴുത്ത് മണം വന്ന് തുടങ്ങിയത്. തെല്ലും നാണവും മാനവുമില്ലാതെ തിന്നുന്ന കാര്യമായതു കൊണ്ട് മാത്രം ഞാനവനോട് ചെന്ന് മിണ്ടി.

ഒരു വൈകുന്നേരം പഴമിറുക്കാന്‍ കാവിലേക്കിറങ്ങി. മുള്ളിനെ പേടിയായോണ്ട് മുട്ട് വരെയുള്ള പാവാട പൊക്കി പിടിച്ച് ഞാന്‍ പഴമിടാനുള്ള ഇടമൊരുക്കി. അവന്‍ പഴം അറുത്ത് ഇടാനും തുടങ്ങി.പെട്ടെന്നാണ് പുറകില്‍ നിന്നൊരു ശബ്ദം കേട്ടത്. ലാഘവത്തോടെ തിരിഞ്ഞു നോക്കിയ എന്റെ കണ്ണുകളെ ഞെട്ടിച്ചു കൊണ്ട് ഒരു വലിയ കുരങ്ങ്!

നോക്കും തോറും അത് വലുതാവുന്നു!

അതിനെ നോക്കി ഞാനവനെ തോണ്ടി വിളിച്ചു. കണ്ടപാടെ, എല്ലും തോലും മാത്രമുള്ള അവന്‍ ഒരൊറ്റ ഓട്ടം!

 അത്യാവശ്യം ഉണ്ടപ്പക്രുവായ ഞാന്‍ അവന്റെ കൂടെ എത്രയോടിയിട്ടും എത്തിയില്ല. ഒരു വിധമോടി വീടിന്റെ അടുക്കളത്തിണ്ണയിലിരുന്ന് സൊറ പറയുന്ന പെണ്ണുങ്ങളോട് കിതച്ചു കിതച്ച് ഞാന ഇക്കാര്യം പറയാന്‍ തുടങ്ങി. അവര്‍ ചിരിച്ചു. 

ചിരി കടിച്ച് പിടിച്ച് കൊണ്ട് ഉമ്മ പറഞ്ഞുക 'വൈകുന്നേരം തട്ടം ഇടാണ്ട് പുറത്തിറങ്ങിയിട്ടാ ഇതൊക്കെ'

പിറ്റേന്ന് ഉറക്കത്തില്‍ നിന്നെണീറ്റ് പല്ലുപോലും തേക്കാതെ ഞാന്‍ സക്കീറിനോട് പോയി ചോദിച്ചു 'ഇന്നലെ ഇയ്യെന്തിനാ ഓട്യേ?'

'വല്യ ഒരു സാധനം കാപ്പിക്കളറില്. ഇയ്യ് കണ്ടീലേ.? പ്പൊ മനസ്സിലായോ ഞാന്‍ പറഞ്ഞത് സത്യാണന്ന്'

ചോദിക്കേണ്ടിയിരുന്നില്ലെന്ന അമിതമായ കുറ്റബോധത്തോടെയും അവന്‍ പറഞ്ഞ നുണയെ സത്യമാക്കാന്‍ അഭിനയിച്ചതാകുമെന്നും വിശ്വസിച്ചുകൊണ്ട് ഞാന്‍ തിരിച്ചു നടന്നു. 

മുള്ളന്‍ പഴങ്ങള്‍ പഴുത്ത വീണ് കൊണ്ടിരുന്നു.പെറുക്കാനും ഇറുക്കാനുമൊക്കെ പിന്നീടവന്‍ വിളിച്ചെങ്കിലും ഞാന്‍ പോയില്ല. ഭയങ്കരമായ ആ രഹസ്യം ഞങ്ങളുടെ രണ്ടു പേരുടെ ഉള്ളില്‍ ഒതുങ്ങിക്കിടന്നു.ബാല്യത്തിന്റെ കുറുമ്പുകള്‍ക്കും കഥകള്‍ക്കുമിടയില്‍ പെട്ടെന്നൊന്നും  അന്നത്തെ ആകാംക്ഷയും പേടിയും മാറിയില്ല. വലിയ ക്ലാസിലേക്ക് മാറും തോറും ആ ദിവസവും രൂപവും ഞങ്ങള്‍ മന:പൂര്‍വം മറന്നു. അവനെന്നെ പറ്റിച്ചിരിക്കാമെന്ന ഉത്തമമായ വിശ്വാസത്തോടെ അതിപ്പോഴും ഒരു ചുരുളഴിയാത്ത രഹസ്യമായി കിടക്കുന്നു.

click me!