ആരും വിളിക്കാത്ത ഒരു മൊബൈല്‍ ഫോണ്‍!

By Shibu Gopalakrishnan  |  First Published Jan 30, 2018, 8:34 PM IST

സ്ഥിരം വരുന്ന ആളായതിനാല്‍ കൂടുതല്‍ ചോദ്യോത്തരങ്ങള്‍ ഒന്നും ഉണ്ടായില്ല. ബഹളങ്ങള്‍ ഒന്നും കേള്‍ക്കാനില്ല . ഇങ്ങനെ ചില ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട് എന്നു പോലും അറിയാന്‍ പാടില്ലാത്ത അത്രയും നിശ്ശബ്ദമായി കാത്തിരിപ്പു കടന്നുപോയി. ഭിത്തിയില്‍ പതിച്ചിരുന്ന നിശ്ശബ്ദത പാലിക്കുക എന്ന ബോര്‍ഡിന് താഴെ അനുസരണയുള്ള ആശ്രിതരെ പോലെ ഞങ്ങള്‍ ഇരുന്നു. നിശ്ശബ്ദതയാണ് അവിടുത്തെ മാതൃഭാഷ എന്നു തോന്നി.


ഞാന്‍ അമ്മമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ എന്നെ കണ്ണിറുക്കി കാണിച്ചു. ഫോണിന് പ്രശ്‌നം ഒന്നും ഇല്ല. ഒരു ഇന്‍കമിംഗ് കോള്‍ ഇത്തിരി മുന്‍പേ വന്നിട്ടുണ്ട്. റീചാര്‍ജ് ചെയ്താല്‍ ഔട്‌ഗോയിങ്ങും കിട്ടും. എങ്കിലും ഞാനതു വെളിപ്പെടുത്തിയില്ല.

Latest Videos

undefined

ഏകാന്തത വാര്‍ധക്യസഹജമായ ഒരു അസുഖമല്ല. 

സ്‌കൂള്‍മുറ്റവും കോളേജ് വരാന്തകളും കല്യാണപ്പന്തലും പിന്നിട്ട് മക്കള്‍ ഓരോരുത്തരായി കണ്ണെത്താത്ത ചില്ലകളിലേക്കു ചിറകുവീശുമ്പോള്‍ അച്ഛനമ്മമാരെ വന്നു ചൂഴുന്ന ശൂന്യതയാര്‍ന്ന പകലുകളും രാത്രികളും ആണത്. ആദ്യമവര്‍ പഠിക്കുവാനായി വീടുവിട്ടിറങ്ങും, പിന്നെ ജോലിചെയ്യുവാനായി, ഒടുവില്‍ രണ്ടുപേര്‍ തനിച്ചാവും. വല്ലപ്പോഴും വന്നെത്തുന്ന ഫോണ്‍വിളികള്‍ ആ വീടിന്റെ മുറ്റത്തു പിന്നെയും ഊഞ്ഞാലു തൂക്കും, മുറിക്കുള്ളില്‍ തൊട്ടിലുകള്‍ ഞാത്തും, ഇടനാഴികളില്‍ വീണ്ടും കിലുക്കാംപെട്ടികള്‍ പൊട്ടിച്ചിരിക്കും. ഓര്‍ക്കാപ്പുറത്തു തിരുവോണവും ക്രിസ്തുമസും മേടവിഷുവും വലിയ പെരുന്നാളും പടികടന്നു കേറിവരും. പിന്നീട് എപ്പോഴോ നിനച്ചിരിക്കാതെ ഒരാള്‍ മാത്രമാവും. ഏകാന്തത അവിടം മുഴുവന്‍ കൈയടക്കും. ഓര്‍മയുടെ വള്ളികള്‍ പടര്‍ന്നുകയറി ചുറ്റുപിണഞ്ഞു കിടക്കുന്ന ആ വീട്ടില്‍ ഭിത്തിയിലും വരാന്തയിലെ അരമതിലിലും പിടിച്ചു നിലത്തു നോക്കി അതിലൊന്നും തട്ടിവീഴാതെ അവര്‍ നടക്കും.

ആദ്യമായിട്ടായിരുന്നു ഒരു വൃദ്ധസദനത്തിലേക്കു പോകുന്നത്. കൂട്ടുകാരന്റെ ബൈക്കിനു പിന്നില്‍ അവന്റെ അമ്മമ്മയെ കാണാന്‍. ഇവിടെ നിന്നും പത്തുകിലോമീറ്റര്‍ അകലെ താമസിക്കുന്ന അവന്‍ കോളേജ് വിടുന്ന ചില വൈകുന്നേരങ്ങളില്‍ അമ്മ പൊതിഞ്ഞു കൊടുത്തയക്കുന്ന പലഹാരപ്പൊതിയുമായി അവിടെ പോകും. കൂട്ടിനു വിളിച്ചതാണ്. മെയിന്‍ റോഡില്‍ നിന്നും അവിടേക്കു മാത്രമായി നീളുന്ന ഇടറോഡിലേക്കു തിരിയുന്നിടത്തു വച്ചു നിര്‍ജനതയുടെ ആദ്യത്തെ കവാടം തുറന്നു കിട്ടി. പ്രധാന കെട്ടിടത്തിന്റെ മുറ്റം വരെ ഏതാണ്ട് മൂന്നൂറു മീറ്ററോളം ഞങ്ങള്‍ ആരെയും കണ്ടില്ല.

സന്ദര്‍ശകര്‍ക്കുള്ള മുറിയില്‍ ഇരിക്കുകയാണ്. 

സ്ഥിരം വരുന്ന ആളായതിനാല്‍ കൂടുതല്‍ ചോദ്യോത്തരങ്ങള്‍ ഒന്നും ഉണ്ടായില്ല. ബഹളങ്ങള്‍ ഒന്നും കേള്‍ക്കാനില്ല . ഇങ്ങനെ ചില ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട് എന്നു പോലും അറിയാന്‍ പാടില്ലാത്ത അത്രയും നിശ്ശബ്ദമായി കാത്തിരിപ്പു കടന്നുപോയി. ഭിത്തിയില്‍ പതിച്ചിരുന്ന നിശ്ശബ്ദത പാലിക്കുക എന്ന ബോര്‍ഡിന് താഴെ അനുസരണയുള്ള ആശ്രിതരെ പോലെ ഞങ്ങള്‍ ഇരുന്നു. നിശ്ശബ്ദതയാണ് അവിടുത്തെ മാതൃഭാഷ എന്നു തോന്നി.

ആരുടെ കൊച്ചുമകന്‍ വന്നാലും അവരുടെ എല്ലാവരുടെയും കൊച്ചുമകനാണ്.

പെട്ടെന്ന് ഒരു ആശുപത്രിമണം അവിടേക്കു നടന്നു വന്നു. അതിനു പിന്നാലെ അവന്റെ അമ്മമ്മ ഒരു സ്ത്രീയുടെ കൈയില്‍ പിടിച്ചു വരുന്നുണ്ടായിരുന്നു. അവന്‍ ചെന്ന് അമ്മമ്മയെ കൂട്ടി പുറത്തെ മുറ്റത്തേക്കു നടന്നു. അവരെ അനുഗമിക്കുമ്പോള്‍ ചിതറിയ ഓര്‍മകളെ പോലെ അവിടുത്തെ അന്തേവാസികള്‍ അരികുകള്‍ ഇരുളാന്‍ തുടങ്ങിയ ഒരു സായാഹ്നത്തില്‍ ചവിട്ടി നില്‍ക്കുന്നുണ്ടായിരുന്നു. ഒരുപാടു സമയവും കൈയില്‍ പിടിച്ചു പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ലാത്തവരെ പോലെ ചായാന്‍ തുടങ്ങിയ വെയിലിനു ഓരം ചേര്‍ന്നു അവര്‍ ഒറ്റപ്പെട്ടു നിന്നു.

എല്ലാവര്‍ക്കും ഒരേ മുഖമാണെന്നു തോന്നി. 

ആരുടെ കൊച്ചുമകന്‍ വന്നാലും അവരുടെ എല്ലാവരുടെയും കൊച്ചുമകനാണ്. പടികള്‍ ഇറങ്ങി ചെല്ലുന്ന ടൈല്‍സ് പാകിയ മുറ്റത്ത് വേറെ രണ്ടു അമ്മമ്മമാര്‍ കൂടി ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവരില്‍ നിന്നെല്ലാം ഒരേ മട്ടിലുള്ള ഒരു ആശുപത്രിമണം പുറപ്പെട്ടുവരുന്നുണ്ടെന്നു മൂക്കു പറഞ്ഞു. വീടെവിടെ, വീട്ടുപേര്, വീട്ടുകാരുടെ പേര്, തുടങ്ങി ഒരു നീണ്ട ചോദ്യാവലി ഉണ്ടായിരുന്നു അമ്മമ്മക്കൂട്ടത്തിന്റെ വക. മുറ്റം കഴിഞ്ഞുള്ള ജമന്തിപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന പൂന്തോട്ടത്തിനു അഭിമുഖമായി വീല്‍ചെയറില്‍ ഒരു വൃദ്ധന്‍ തനിച്ചിരിക്കുന്നു. പൂക്കളില്‍ നിന്നും പൂക്കളിലേക്കു പറന്നുപോകുന്ന ചിത്രശലഭത്തെ പിടിക്കാന്‍ ആ കണ്ണുകള്‍ നന്നേ പാടുപെടുന്നതായി തോന്നി.

പെട്ടെന്ന് ഒരു മൊബൈല്‍ ഫോണുമായി ഒരു അപ്പൂപ്പന്‍ തിടുക്കപ്പെട്ടു അങ്ങോട്ടേക്കു വന്നു. ഭാര്യ ആണെന്ന് മനസിലായി, ഒരു അമ്മമ്മയോടു കയര്‍ക്കുകയാണ്. 

'നീയിതു നോക്ക് ഈ ഫോണിന് യാതൊരു കുഴപ്പവുമില്ല. നിനക്ക് അതിനു മൊബൈല്‍ വല്ലതും നോക്കാന്‍ അറിയാമോ?'

'ഈ മനുഷ്യനോട് എത്ര തവണ പറയണം? ഇത് കേടായിട്ടിരിക്കുവാ, പറഞ്ഞാലും മനസിലാവത്തില്ലെങ്കില്‍ ഇതെന്നാ കഷ്ടമാന്നെ?'

'എടീ തേങ്ങാ ഇടാന്‍ വന്ന രായപ്പന്‍ എന്നെ ഇപ്പൊ വിളിച്ചെന്ന്. രണ്ടു ബെല്‍ അടിക്കുന്നത് ഞാന്‍ കേട്ടതാ. ഇത് കേടാണെങ്കില്‍ പിന്നെ എങ്ങനെയാണെടീ അവന്‍ വിളിക്കുന്നെ?'

'അതൊന്നും എനിക്കറിയാന്മേല. അങ്ങോട്ട് വിളിക്കുന്നതിനായിരിക്കും എന്നാ കൊഴപ്പം. ഇങ്ങോട്ടു ത്രേസ്യാമ്മ വിളിച്ചിട്ടും കിട്ടുന്നില്ലെന്നാണല്ലോ മിനിഞ്ഞാന്ന് വന്നപ്പോ പറഞ്ഞത്'

'നിന്റെ ഒരു ത്രേസ്യാമ്മ. അവള്‍ക്കെങ്ങാനും മൊബൈല്‍ നോക്കാന്‍ അറിയാമോ?'

'അതിപ്പോ രായപ്പന്‍ തന്നെയാ വിളിച്ചതെന്ന് നിങ്ങക്കെങ്ങനെ അറിയാം? തോന്നിയതായിരിക്കും'

'ഈ സമയത്തു അവനല്ലാതെ വേറെ ആര് വിളിക്കാനാ? അവനേ ഇങ്ങനെ മിസ് കോള്‍ അടിക്കൂ. ഇതിനൊരു കൊഴപ്പോമില്ല. റീചാര്‍ജ് ചെയ്താല്‍ അങ്ങോട്ടും വിളിക്കാം.'

'ഞാന്‍ പറഞ്ഞത് വിശ്വാസമായില്ലെങ്കില്‍ ദേ ഈ കൊച്ചുങ്ങളുടെ കൈയിലോട്ട് കൊട്. അവര് പറയും എന്നതാ പ്രശ്നം ന്ന്'

ഞാന്‍ അമ്മമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ എന്നെ കണ്ണിറുക്കി കാണിച്ചു.

അപ്പൂപ്പന്‍ അപ്പോഴാണ് ഞങ്ങളെ കണ്ടത്. എനിക്ക് നേരെ ഫോണ്‍ നീട്ടി, 'ഇതൊന്നു നോക്കീട്ടു പറയെടാ കൊച്ചനെ', ഒരു കുഞ്ഞിന്റെ അത്രയും നിഷ്‌ക്കളങ്കമായ രണ്ടു വലിയ പ്രതീക്ഷകള്‍ അപ്പോള്‍ ആ കണ്ണുകളില്‍ ഇരുന്നു നോക്കുന്നുണ്ടായിരുന്നു. സ്മരണകളോടുള്ള എല്ലാ സമരങ്ങളും അവിടെ ഉറങ്ങാതെയിരുന്നു ഉറക്കെ മുദ്രാവാക്യം വിളിക്കുന്നതു പോലെ.

ഞാന്‍ അമ്മമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ എന്നെ കണ്ണിറുക്കി കാണിച്ചു. ഫോണിന് പ്രശ്‌നം ഒന്നും ഇല്ല. ഒരു ഇന്‍കമിംഗ് കോള്‍ ഇത്തിരി മുന്‍പേ വന്നിട്ടുണ്ട്. റീചാര്‍ജ് ചെയ്താല്‍ ഔട്‌ഗോയിങ്ങും കിട്ടും. എങ്കിലും ഞാനതു വെളിപ്പെടുത്തിയില്ല.

'ഇല്ല അപ്പച്ചാ, ഇത് കേടാ. ഇങ്ങോട്ടു വിളിച്ചാല്‍ കിട്ടത്തില്ല'- എന്റെ കൈയില്‍ നിന്നും അതു പിടിച്ചുവാങ്ങി ഒന്നും പറയാതെ ആദ്ദേഹം അകത്തേക്കു കേറിപ്പോയി.

'നമ്പറൊന്നും അടിക്കാന്‍ അതിയാനു കണ്ണ് കാണുകേല. ഇത് കേടാണ് എന്നു പറഞ്ഞിരിക്കുന്നതു കൊണ്ട് ഇപ്പോ രാത്രി ഇച്ചിരെ ഉറക്കം ഉണ്ട്. അല്ലെങ്കില്‍ പിള്ളേരെന്താടീ വിളിയ്ക്കാത്തെ എന്നും ചോദിച്ചു കൊണ്ടിരിക്കും. അവര്‍ക്കു എപ്പഴും നമ്മളെ വിളിച്ചോണ്ടിരിക്കാന്‍ പറ്റുന്ന കാര്യമാണോ. ഇതാകുമ്പോ കുറച്ചുകഴിയുമ്പോള്‍ ഒന്നും മിണ്ടാതെ കിടന്നു ഉറങ്ങിക്കോളും', അമ്മമ്മ പറഞ്ഞു.

അവിടെ നിന്നും മടങ്ങുമ്പോള്‍ ഇരുട്ട് മുളച്ചു പൊന്തിയ ഇടവഴി അത്ര വിജനമായി തോന്നിയില്ല. ഇനിയാരും കടന്നുവരാനില്ലാത്ത അതിന്റെ കവാടവും കടന്നു പുറത്തിറങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് പിന്നില്‍ പോസ്റ്റുവെളിച്ചം പിന്നെയും വീണു പൊലിഞ്ഞു.
 

click me!