കടലിനേക്കാള്‍ ആഴമേറിയ ഒരുവള്‍!

By ഷിബു ഗോപാലകൃഷ്ണന്‍  |  First Published Jan 17, 2018, 7:30 PM IST

വഴിമരങ്ങള്‍. ഷിബു ഗോപാലകൃഷ്ണന്റെ കോളം ആരംഭിക്കുന്നു

Latest Videos

undefined

അവള്‍ക്കു പേരില്ല. അല്ലെങ്കില്‍ അവളെ ഞാന്‍ പേരിട്ടു വിളിക്കുന്നില്ല. എപ്പോള്‍ വേണമെങ്കിലും എവിടെവച്ചും സംഭവിച്ചേക്കാവുന്ന ഒരു ആന്തലാണ് അവള്‍. കൂട്ടുകാരിയോ സഹപ്രവര്‍ത്തകയോ അകന്ന ബന്ധുവോ കുടുംബസുഹൃത്തോ കാമുകിയോ ആരുമാകാം. ഇന്നലെ വരെ കണ്ടുമുട്ടിയില്ലാത്ത ഒരു അപരിചിതയാവാം. ജീവിതത്തിന്റെ ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ നിന്നും വഴികള്‍ തെറ്റാതെ അവള്‍ എപ്പോള്‍ വേണമെങ്കിലും നമ്മളെന്ന അറ്റം തേടി വന്നേക്കാം. അപ്രതീക്ഷിതമായി നമുക്ക് അഭിമുഖമായി വയ്ക്കുന്ന യാഥാര്‍ഥ്യങ്ങളുടെ ഇരുണ്ട മറുപുറങ്ങളില്‍ മൊഴിമുട്ടി മൗനം വിഴുങ്ങിയവരെ പോലെ നമ്മള്‍ ഇരുന്നു പോയേക്കാം.

ദിവസവും കാണുന്നവരായിരുന്നു, ഞങ്ങള്‍. 

പലപ്പോഴും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നവരായിരുന്നു. പലതും പരസ്പരം സംസാരിക്കുന്നവരായിരുന്നു. വല്ലപ്പോഴും കാണാത്തപ്പോള്‍ ഫോണില്‍ വിളിച്ചു 'നീ എവിടെ പോയിക്കിടക്കുവാണ് സഹോ' എന്നു ചോദിക്കുന്നവരായിരുന്നു. വല്ല പനിയോ മൂക്കൊലിപ്പോ ആണെന്നെങ്ങാനും പറഞ്ഞാല്‍, എനിക്കറിയാം നിനക്ക് വയറിളക്കമാണെന്ന്, ഞാനാരോടും പറയത്തില്ല എന്നു പറയുന്നവരായിരുന്നു. അടുത്തദിവസം വൈകുന്നേരം വിളിച്ചു ഇപ്പോള്‍ എങ്ങനെയുണ്ട് ഗഡിയെ എന്നു ചോദിക്കുന്നവരായിരുന്നു. രണ്ടു ദിവസം കാണാതെ വന്നപ്പോള്‍ ഞാന്‍ വിളിച്ച മൂന്നാംപക്കത്തെ കോള്‍ എത്ര തവണ ആവര്‍ത്തിച്ചിട്ടും അവള്‍ എടുത്തില്ല.

റൂംമേറ്റിനെ വിളിച്ചു അന്വേഷിച്ചപ്പോള്‍ എങ്ങും പോയിട്ടില്ല. റൂമിനകത്തു ഇരിപ്പാണ്. മൂന്നുദിവസമായി പുറത്തിറങ്ങിയിട്ടില്ല. പ്രത്യേകിച്ച്  ആരോടും ഒന്നും പറഞ്ഞിട്ടില്ല. ഫോണ്‍ എടുത്തു നോക്കാന്‍ പറഞ്ഞപ്പോള്‍ തിരിച്ചു വിളിച്ചു.

'നീയിപ്പോള്‍ എവിടെയാ?' ചോദ്യം കേട്ടാല്‍ എന്നെയാണ് കാണാനില്ലാത്തതെന്നു തോന്നും.
'ഞാന്‍ ബീച്ചിനടുത്തുള്ള കോഫീ ഷോപ്പിലുണ്ട്. നിനക്കെന്തുപറ്റി?'
'ഞാന്‍ അങ്ങോട്ട് വരുന്നു. നീ അവിടെ നിക്ക് ചെലയ്ക്കാതെ!'

'നീ നിന്റെ അച്ഛന്റെയും അമ്മയുടെയും തന്നെ മോനാണോ?'

ഞാന്‍ ബീച്ചിലേക്ക് നടന്നു. 

പണി തീര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സ്ത്രീശില്‍പം മുഖം മറച്ചു കെട്ടിയിരിക്കുന്നു. കടലിനഭിമുഖമായി ഇരിക്കുന്ന പണിതീരാത്ത അവളുടെ ബലിഷ്ഠമായ കാലുകള്‍ക്കു ചോട്ടില്‍ ഞാനിരുന്നു. ആളുകള്‍ മടങ്ങിപ്പോകാന്‍ തുടങ്ങിയിരിക്കുന്നു. ദൂരെ ലൈറ്റ് ഹൗസിന്റെ വെട്ടം ഇടയ്ക്കിടെ കടലിനെ ഒളിഞ്ഞു നോക്കി കരയുടെ ചെവിയില്‍ എന്തോ പറയാന്‍ ശ്രമിച്ചു പിന്തിരിയുന്നു. ലൈറ്റ്ഹൗസ് വക സദാചാര പട്രോളിംഗ്. 

അവള്‍ വിളിക്കുന്നു.

കുറച്ചു കൂടി മുന്നോട്ടു മാറിയുള്ള ഒരു സിമന്റ് ബഞ്ചില്‍ ഞങ്ങള്‍ ഇരുന്നു. മുന്നിലുള്ളതിലും വലിയ കടല്‍ അവള്‍ക്കുള്ളില്‍ തിരയടിക്കുന്നുണ്ടെന്നു തോന്നി. തിരമാലകളുടെ കയറ്റിറക്കങ്ങള്‍ അവള്‍ക്കുള്ളിലെ പ്രക്ഷുബ്ധമായ കടലിനു ശബ്ദം നല്‍കുന്നു.

'നിനക്കെന്തുപറ്റി?'- ഞാനെന്റെ ചോദ്യം ആവര്‍ത്തിച്ചു.

'നീ നിന്റെ അച്ഛന്റെയും അമ്മയുടെയും തന്നെ മോനാണോ?'

'അതെ'

'അതെന്താ നിനക്കിത്ര ഉറപ്പ്? അതവര്‍ നിന്നോട് പറയുന്നതല്ലേ?'

'അതിപ്പോ..'

'ഞാനും അങ്ങനെയാ കരുതിയത്. പക്ഷെ ഇന്നെനിക്കറിയാം അതല്ല സത്യം.'

'നീ എന്തൊക്കെയാണീ പറയുന്നത്? നിനക്ക് വട്ടാണ്!'

അവള്‍ ചിരിച്ചു. 

എന്റെ എല്ലാ മറുചോദ്യങ്ങളേയും ചോദ്യചിഹ്നങ്ങള്‍ നുള്ളിക്കളഞ്ഞു ആ ചിരി വകവരുത്തി കളഞ്ഞു. തിരമാലകള്‍ക്കു ശക്തി കൂടിയതായി തോന്നി. കടലിനെ നോക്കി കരയാതെ ഒന്നും മിണ്ടാതെ അവള്‍ ഇരിക്കുന്നു. എല്ലാ ചോദ്യങ്ങളും അസ്തമിച്ചു ഞാനും.

അമ്മയോട് ഒരൊറ്റ ചോദ്യമേ ചോദിച്ചുള്ളൂ. എന്റെ അച്ഛനെന്നു നിങ്ങള്‍ പറയുന്ന ആള്‍ക്ക് തന്നെ ജനിച്ചതാണോ ഞാന്‍?

'മിനിഞ്ഞാന്ന് അമ്മ വന്നിരുന്നു നാട്ടീന്ന്. എന്നെ അങ്ങോട്ട് കാണാഞ്ഞിട്ട് അന്വേഷിക്കാന്‍ വന്നതാ'-അവള്‍ കടലിന്റെ കണ്ണില്‍ നോക്കി പറഞ്ഞു.

'ഞാന്‍ ചോദിക്കണം എന്നു കരുതി. നീ കുറച്ചായില്ലേ ഇപ്പോള്‍ പോയിട്ട്. വല്ലപ്പോഴും പോയാല്‍ കിട്ടുന്ന നിലയും വിലയും ഒന്നും വേറെ തന്നെയാ, ഞാന്‍ അങ്ങനെയാ കരുതിയത്'

'ഇനി ഞാന്‍ പോകുന്നില്ല!' അതുകേട്ടു ഒരു തിര യാത്ര മതിയാക്കി തിരിച്ചുപോയി.

വിദൂരമായൊരു ഓര്‍മയില്‍ നിന്നും വിളിച്ചെഴുന്നേല്പിച്ചു വിടുന്നതുപോലെ അവള്‍ എഴുന്നേറ്റു മുന്നോട്ടു നീങ്ങി നിന്നു. കടല്‍ തിരകളെ തിരിച്ചു വിളിക്കുന്നതായി വെറുതെ തോന്നി.

'ഞാന്‍ ഇന്നലെ അമ്മയോട് ഒരൊറ്റ ചോദ്യമേ ചോദിച്ചുള്ളൂ. എന്റെ അച്ഛനെന്നു നിങ്ങള്‍ പറയുന്ന ആള്‍ക്ക് തന്നെ ജനിച്ചതാണോ ഞാന്‍? പിന്നെ അമ്മ ഒന്നും ചോദിച്ചില്ല. ഒന്നിനും നിര്‍ബന്ധിച്ചില്ല. വീട്ടിലേക്കു നിന്നെ കൊണ്ടുപോകും, നീ വരണം എന്നു വാശിപിടിച്ചില്ല. എന്നെ ഇങ്ങനെ ചേര്‍ത്ത് പിടിച്ചു മടിയില്‍ കിടത്തി. പിന്നെ എനിക്കും ചോദിയ്ക്കാന്‍ ഒന്നും ഇല്ലായിരുന്നു. എന്റെ എല്ലാ ഉത്തരങ്ങളും കിട്ടിക്കഴിഞ്ഞിരുന്നു. അയാള്‍ ഉള്ള ആ വീട്ടിലേക്കു ഇനി എനിക്ക് പോകാന്‍ കഴിയില്ല. പോകാന്‍ നേരം അമ്മ ഒന്നു കരഞ്ഞതു കൂടിയില്ല. ഞാന്‍ അമ്മയ്ക്ക് കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തു. തിരിഞ്ഞുപോലും നോക്കാതെ അമ്മ പോയി'.

മറക്കാനാഗ്രഹിക്കുന്ന ഏതോ ഒരു ഭൂതകാലത്തില്‍ നിന്നും ഓര്‍മകളുടെ വിരലുകളുമായാണ് അപ്പോള്‍ ഇരുട്ട് കലര്‍ന്ന തിരകള്‍ വന്നുകൊണ്ടിരിക്കുന്നതെന്നു എനിക്ക് തോന്നി. അവളോട് എന്തൊക്കെയോ പറയണമെന്നും എങ്ങനെയൊക്കെയോ ആശ്വസിപ്പിക്കണം എന്നും ഉണ്ടായിരുന്നു. 

പെട്ടെന്ന് ഒരു തിരമാല കൈകള്‍ നീട്ടി ഓടി വന്നു ഞങ്ങളുടെ കാലുകളെ തൊട്ടു നനച്ചു.

click me!