വിദ്യാഭ്യാസത്തിനും ജോലിക്കും അര്‍ഹരായവരാക്കി സമൂഹത്തില്‍ ആണിനും പെണ്ണിനുമൊപ്പം ഒരേ നിരയില്‍ അംഗീകരിക്കാന്‍ തുടങ്ങൂ . അപ്പോള്‍ അവരും പറയും തങ്ങളുടെ ശരീരം തേടി വരുന്നവരോട് ഉറച്ച ശബ്ദത്തില്‍, 'ഇല്ല എനിക്ക് പറ്റില്ല ' എനിക്കതിന്റെ ആവശ്യമില്ല ' എന്ന് .
undefined
ട്രാന്‍സ് ജന്‍ഡേഴ്‌സ്! മറ്റു പേരുകളൊന്നും തന്നെ പോരാ അവരെ വിളിക്കാന്‍. സമൂഹത്തില്‍ ഇന്നും ഇപ്പോഴും സമത്വവും സ്വാതന്ത്ര്യവും ലഭിക്കാത്ത വിഭാഗം. ആരാലും അംഗീകരിക്കപ്പെടാത്തവര്‍. ഞാനടങ്ങുന്ന സമൂഹം പല പേരുകളില്‍ വിളിച്ചാക്ഷേപിക്കുന്ന ഒരു കൂട്ടം പച്ചമനുഷ്യര്‍ .
സ്‌ത്രൈണത നിറഞ്ഞ അവരുടെ നടത്തവും പ്രവര്‍ത്തികളും നമ്മുടെ മുന്‍പില്‍ അവരെ നികൃഷ്ടരാക്കുന്നു . എന്നെങ്കിലും എപ്പോളെങ്കിലും മനുഷ്യന്‍ എന്ന നിലയില്‍ അവരെ കാണാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ? അവര്‍ക്കെതിരെയുള്ള ക്രൂരതകളില്‍ സ്വന്തം മന:സാക്ഷിയെ തൊട്ട് നാം രോഷം കൊള്ളാറുണ്ടോ?
ഇമ്മിണി വലിയൊരു 'ഇല്ല' ആണ് ഉത്തരം .
മനുഷ്യശരീരത്തിലെ ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍; അത് മാത്രമാണ് ഈ സഹോദരങ്ങളെ നമ്മുടെ ഇടയില്‍ അധഃകൃതരാക്കുന്നത്. പകല്‍ തള്ളിപ്പറയുകയും നിന്ദിക്കുകയും ചെയ്യുന്ന പലരും അന്തിമയങ്ങുമ്പോള്‍ തങ്ങളെ തേടിയെത്തുന്ന കഥകള്‍ ഓരോ ട്രാന്‍സ് ജന്‍ഡറുകള്‍ക്കും പറയാനുണ്ട് . ചുരുക്കം ചിലര്‍ മാത്രമാണ് അവരുടെ ഇടയില്‍ നിന്നും കുറച്ചെങ്കിലും അംഗീകരിക്കപ്പെടുന്നത് .
സ്വന്തം വീട്ടില്‍ തുടങ്ങുന്ന മാനസിക ശാരീരിക പീഡകള്‍ക്കു പുറമെ നാട്ടുകാരുടെ കൂടി ഒളിഞ്ഞും തെളിഞ്ഞുമുള്ള പീഡനമുറകള്‍ ഏറ്റെടുത്തു തുടങ്ങുമ്പോഴേക്ക് ജീവിതത്തില്‍ നിന്നൊരൊളിച്ചോട്ടം അനിവാര്യമാകുന്നു. ജീവിതം അവസാനിപ്പിക്കാത്തവര്‍ തങ്ങള്‍ക്കു സുരക്ഷിതമെന്ന് തോന്നുന്നിടങ്ങളില്‍ ചേക്കേറുന്നു . വിദ്യാഭ്യാസവും ജോലിയും എന്തിനേറെ തല ചായ്ക്കാനൊരിടം പോലും നിഷേധിക്കപ്പെട്ട ഇക്കൂട്ടര്‍ തങ്ങളുടെ ശരീരത്തെ ജീവിതമാര്‍ഗമാക്കുമ്പോള്‍ ആരാണ് തല കുനിക്കേണ്ടത് ?
തങ്ങളുടെ മകന്‍ /സഹോദരന്‍ എന്ന നിലയില്‍ മനസ്സിലാക്കാതെ പോയ വീട്ടുകാരല്ലേ ?
ഒരു മനുഷ്യന് തന്റെ തെറ്റ് കൊണ്ടല്ലാതെ വന്ന് ചേര്‍ന്ന ശാരീരിക വ്യത്യാസത്തെ മനസ്സിലാക്കാതെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ച നാട്ടുകാരല്ലേ ?
വിദ്യാഭ്യാസവും ജോലിയും നിഷേധിച്ച നമ്മുടെ സമൂഹമല്ലേ ?
അറപ്പോടും വെറുപ്പോടും അവരെ ആട്ടിയകറ്റിയ നമ്മളല്ലേ ?
തലകുനിക്കണം അവര്‍ക്കു മുന്‍പില്‍. നക്ഷത്ര ഹോട്ടലുകളില്‍ ആഘോഷിച്ചു തീര്‍ക്കാനല്ല അവര്‍ക്കീ തുക. ഭക്ഷണത്തിനും വസ്ത്രത്തിനു പ്രാഥമിക ആവശ്യങ്ങള്‍ക്കുമാണ്. തങ്ങളെ പോലെയുള്ളവരെ സഹായിക്കാന്‍, തങ്ങള്‍ക്കാകുംപോലെ അവരിലുള്ളവരെ കൈ പിടിച്ചുയര്‍ത്താന്‍, അതിനാണ് അവര്‍ തങ്ങളുടെ ശരീരത്തിന്റെ വിലയെ പങ്കിടുന്നത് .
എവിടെ കണ്ടാലും ട്രാന്‍സ് ജന്‍ഡേഴ്‌സിനെ തല്ലിയൊതുക്കാനും ചവിട്ടി വീഴ്ത്താനും മാത്രം നീതിബോധം വാനോളമുയരുന്ന പോലീസ് മേധാവികളോട് ചിലത് പറയാനുണ്ട്. ആ സ്ഥാനത്തൊരു മന്ത്രിപുത്രന്‍ ആയിരുന്നെങ്കില്‍; ഒരു പ്രമുഖന്റെ മകളോ ഭാര്യയോ ആയിരുന്നെങ്കില്‍..എങ്കിലും ഉയരില്ലായിരുന്നു നിങ്ങളുടെ കൈകള്‍. ഉയരില്ല ലാത്തിയും നിയമവും. ട്രാന്‍സ് ജന്‍ഡേര്‍സ് ആകുമ്പോള്‍, അവര്‍ അസാന്മാര്‍ഗികള്‍ ആണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞാല്‍, എന്തു ചെയ്താലും ഒരാളും അനങ്ങില്ല എന്നതാണ് നിങ്ങളുടെ ധൈര്യം. ആരും എതിരഭിപ്രായം ഉയര്‍ത്തില്ല. തല്ലിയാലും കൊന്നാലും ആരുമൊന്നും പറയില്ല . സമരപ്പന്തലുയരില്ല. അവര്‍ക്കായി വലിയ തോതില്‍ പ്രക്ഷോഭമുയരില്ല ..
വിദ്യാഭ്യാസത്തിനും ജോലിക്കും അര്‍ഹരായവരാക്കി സമൂഹത്തില്‍ ആണിനും പെണ്ണിനുമൊപ്പം ഒരേ നിരയില്‍ അംഗീകരിക്കാന്‍ തുടങ്ങൂ . അപ്പോള്‍ അവരും പറയും തങ്ങളുടെ ശരീരം തേടി വരുന്നവരോട് ഉറച്ച ശബ്ദത്തില്‍, 'ഇല്ല എനിക്ക് പറ്റില്ല ' എനിക്കതിന്റെ ആവശ്യമില്ല ' എന്ന് .
നമ്മുടെ ഇടയില്‍ എത്രയോ പകല്‍മാന്യന്മാര്‍ അവരെ തേടിപ്പോകുന്നു. എത്രയോ ആളുകള്‍ സ്വവര്‍ഗാനുരാഗികള്‍ ആയിട്ടുണ്ട്. എന്ത് കൊണ്ട് ട്രാന്‍സ് ജന്‍ഡേഴ്‌സിനെ മാത്രം അടച്ചാക്ഷേപിക്കുന്നു? അക്കൂട്ടര്‍ക്കു മേല്‍ ബാല്യം മുതല്‍ നമ്മള്‍ അടിച്ചേല്‍പ്പിക്കുന്ന ഒരുതരം നിസ്സംഗതയുണ്ട്. നിസ്സഹായതയുണ്ട്. ഒരിടത്തും ;ഇരുളിലോ വെളിച്ചത്തോ തങ്ങള്‍ സുരക്ഷിതരല്ലെന്നൊരു തോന്നലുണ്ട് .
ഇനിയെങ്കിലും മാറാം. മാറി ചിന്തിക്കാം. പുഷ്പന് പകരം സഹോദരാ /സഹോദരീ എന്ന് വിളിക്കാം. നമ്മളില്‍ ഒരാളായി കൂടെക്കൂട്ടാം. അര്‍ഹമായതൊന്നും നിഷേധിക്കാതിരിക്കാം. ട്രാന്‍സ് ജന്‍ഡേര്‍സ് കൂട്ടായ്മകളുടെ മാത്രം സഹായമല്ല അവര്‍ക്കു വേണ്ടത്. നമ്മുടെ കരുതലാണ്, സമഭാവനയാണ്.
സൃഷ്ടിയില്‍ ദൈവത്തിന്റെ അല്‍പമൊരു സൗജന്യം നേടിയ നമുക്കെന്ത് അര്‍ഹതയുണ്ട്, അവരെ ദ്രോഹിക്കാന്‍, അകറ്റി നിര്‍ത്താന്‍!