അന്നേരം, സിസ്റ്റര്‍ ലിനിയുടെ മനസ്സില്‍ എന്തായിരിക്കും?

By Raselath Latheef  |  First Published May 23, 2018, 6:57 PM IST
  • നഴ്‌സ് ലിനിയുടെ മരണം ഉണര്‍ത്തുന്ന ചിന്തകള്‍. 
  • മരണവും ജീവിതവും നിരന്തരം വന്നുനില്‍ക്കുന്ന ആശുപത്രിയിലെ തൊഴിലനുഭവങ്ങള്‍.   
  • ഗള്‍ഫിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന റെസിലത്ത് ലത്തീഫ് എഴുതുന്നു
     

മരണത്തിന്റെ ജപ്തിനോട്ടീസ് കൈപ്പറ്റിയ ജീവനുകള്‍. പെട്ടെന്നൊരു ദിവസം ഒരാള്‍ മരണപ്പെടുമ്പോള്‍ ചുറ്റുമുള്ളവര്‍ക്ക് ആഘാതമാകുമ്പോള്‍; മരണം വരാറായെന്ന ഉറപ്പില്‍, കാത്തു നിന്നവരുടെ മാനസികാവസ്ഥ എന്നെങ്കിലും ചിന്തിച്ചു നോക്കണം. അന്നോളം പ്രിയപ്പെട്ടതെന്നു ചേര്‍ത്ത് പിടിച്ചതൊക്കെ ഉപേക്ഷിച്ചു ആത്മാവ് പടിയിറങ്ങുന്ന ദിവസവും കാത്തുകാത്തുള്ള അവരുടെ അന്ത്യ നിമിഷങ്ങള്‍. അന്നുവരെ കാണാത്തൊരു ലോകം മുന്നില്‍ കാണും. ചിലരൊക്കെ ഒരുതരം നിസ്സംഗതയോടെ, ചിലര്‍ ഒരുതരം വാശിയോടെ മരണത്തിന്റെ മാലാഖയെ ഓടി തോല്‍പ്പിക്കാന്‍ തയ്യാറെടുക്കും. മറ്റുചിലര്‍ ശാന്തതയോടെ സ്വീകരിക്കും, തന്നെ കാത്തു നില്‍ക്കുന്ന അതിഥിയെ.

Latest Videos

undefined

'Am almost on the way...'

മരണം ഒരു യാഥാര്‍ഥ്യമാണ് . ഉള്‍ക്കൊള്ളാന്‍ സകല ജീവജാലങ്ങള്‍ക്കും ഭയമുള്ളൊരു വികാരം.

കഴിഞ്ഞ ദിവസം വരെ, ഏതോ ഒരു നാട്ടില്‍, മക്കളെ ഊട്ടിയും ഉറക്കിയും, അടുക്കളയില്‍ പാത്രങ്ങളോട് കലഹിച്ചും കഷ്ടപ്പെട്ട് നേടിയൊരു തൊഴിലില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചും, പ്രിയപ്പെട്ടവന്റെ വിളിക്ക് കാതോര്‍ത്തും നടന്നിരുന്നൊരു സാധാരണക്കാരി.  നിപരോഗികളെ പരിചരിച്ചതിനു പിന്നാലെ മരണത്തിലേക്ക് നടന്നുപോയ കോഴിക്കോട്ടെ നഴ്‌സ് ലിനി. പെട്ടെന്നൊരു നിമിഷത്തില്‍ മരണത്തിന്റെ മാലാഖ തന്റെ പിന്നാലെയുണ്ടെന്നു തിരിച്ചറിഞ്ഞ നേരത്ത് സ്വന്തം കൈപ്പടയില്‍ പ്രിയനൊരുവന് അവള്‍ കുത്തിക്കുറിച്ചൊരു വരി. അതാണ് നിങ്ങളാദ്യം വായിച്ച വാചകം. 

മരണത്തിന്റെ ജപ്തിനോട്ടീസ് കൈപ്പറ്റിയ ജീവനുകള്‍. പെട്ടെന്നൊരു ദിവസം ഒരാള്‍ മരണപ്പെടുമ്പോള്‍ ചുറ്റുമുള്ളവര്‍ക്ക് ആഘാതമാകുമ്പോള്‍; മരണം വരാറായെന്ന ഉറപ്പില്‍, കാത്തു നിന്നവരുടെ മാനസികാവസ്ഥ എന്നെങ്കിലും ചിന്തിച്ചു നോക്കണം. അന്നോളം പ്രിയപ്പെട്ടതെന്നു ചേര്‍ത്ത് പിടിച്ചതൊക്കെ ഉപേക്ഷിച്ചു ആത്മാവ് പടിയിറങ്ങുന്ന ദിവസവും കാത്തുകാത്തുള്ള അവരുടെ അന്ത്യ നിമിഷങ്ങള്‍.

അന്നുവരെ കാണാത്തൊരു ലോകം മുന്നില്‍ കാണും. ചിലരൊക്കെ ഒരുതരം നിസ്സംഗതയോടെ, ചിലര്‍ ഒരുതരം വാശിയോടെ മരണത്തിന്റെ മാലാഖയെ ഓടി തോല്‍പ്പിക്കാന്‍ തയ്യാറെടുക്കും. മറ്റുചിലര്‍ ശാന്തതയോടെ സ്വീകരിക്കും, തന്നെ കാത്തു നില്‍ക്കുന്ന അതിഥിയെ.

ഇന്ന് അവരുടെ മുഖത്തൊരു ഭാവഭേദം! പഴയ മട്ടിലുള്ള തുറിച്ചു നോട്ടമില്ല. ശാന്തമാണ് മുഖം. 

ഒരു മാസം മുമ്പൊരു രോഗി മുമ്പിലേക്ക് വന്നു. കയ്യിലുള്ള നമ്പര്‍ നീട്ടിയപ്പോള്‍, തെല്ലൊന്നു അമ്പരന്നു. പടച്ചോനെ, എന്റെ കാര്യത്തില്‍ ഒരു തീരുമാനമായല്ലോ എന്ന് ചിന്തിച്ചു. അവരെ അവിടെ എല്ലാവര്‍ക്കും അറിയാമായിരുന്നു. എപ്പോള്‍ വന്നാലും എന്തെങ്കിലും മോശമായി പറയുകയോ ദേഷ്യം കാണിക്കുകയോ മാത്രം ചെയ്തിരുന്നൊരു സ്വദേശി വനിത. ഒരിക്കലും കൂടെ സഹായികളോ ബന്ധുക്കളോ ആരും ഉണ്ടാകാറില്ല. ഈ സ്വഭാവം കാരണമാവണം ആരും കൂടെ വരാത്തത് എന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു . അവരെ കാണുമ്പോള്‍ തന്നെ ഉള്ളിലൊരു കത്തല്‍ ആണ്. ഇന്നിനി അവര്‍ എന്ത് ഗുലുമാല്‍ ഉണ്ടാക്കും എന്ന ആശങ്ക. ഗര്‍വുനിറഞ്ഞ കണ്ണുകളും വാര്‍ദ്ധക്യത്തിന് മുന്നോടിയായുള്ള ചുളിവുകളും നിറഞ്ഞ മുഖമുള്ള തടിച്ചൊരു സ്ത്രീ. 

ഇന്ന് അവരുടെ മുഖത്തൊരു ഭാവഭേദം! പഴയ മട്ടിലുള്ള തുറിച്ചു നോട്ടമില്ല. ശാന്തമാണ് മുഖം. 

എപ്പോഴും ചെയ്യാറുള്ളതുപോലെ സഹപ്രവര്‍ത്തകയായ അറബ് വനിതയെ വിളിക്കാന്‍ തുനിഞ്ഞ എന്നോട് അവര്‍ വേണ്ടെന്നു പറഞ്ഞു. അതേ മുഖത്തോടെ . മനസ്സില്‍ പേടിയോടെ ഞാന്‍ ജോലി തുടങ്ങുമ്പോഴേക്ക് അവരെന്റെ കയ്യില്‍ പിടിച്ചു. എന്തൊക്കെയോ പറഞ്ഞു തുടങ്ങി. സങ്കടമല്ല ആ കണ്ണുകളില്‍. ഒരുതരം നിസ്സംഗത. അറ്റവും മുറിയുമൊക്കെ ചേര്‍ത്ത് വായിച്ച എന്നോടവര്‍ പറഞ്ഞു, ' ഒരു സ്‌കാനിംഗ് നടത്തി, അതില്‍ എന്തോ കുഴപ്പമുണ്ടെന്നു മനസ്സിലായി'. 

സഹപ്രവര്‍ത്തക കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സങ്കടം  എനിക്കായി . ക്ഷമ ചോദിച്ചതാണ് ആ സ്ത്രീ. അന്നോളം കാട്ടിക്കൂട്ടിയ ഗര്‍വുകള്‍ക്ക് മാപ്പ് പറഞ്ഞു നടന്നു നീങ്ങിയ അവരോടു എല്ലാം ശരിയാകും എന്നല്ലാതെ ഒന്നും പറയാന്‍ കഴിയാതെ നിന്നു. കൂട്ടുകാരി പിന്നെയും പറഞ്ഞു, സ്തനാര്‍ബുദം ആണോ എന്ന് സംശയമുണ്ട്, അതിനൊപ്പം തന്നെ വന്‍കുടലിലും ഞണ്ടുകള്‍ പിടിമുറുക്കിയോ എന്നൊരു സംശയം.

തനിയെ നടന്നു നീങ്ങുന്ന ആ ജീവന്റെ ഉള്ളിലും ഒരു പിടച്ചില്‍ തുടങ്ങിയെന്നു സങ്കടത്തോടെ മനസ്സിലാക്കി. ആദ്യമായി അവരെ ഓര്‍ത്ത് ഞങ്ങള്‍ സഹതാപത്തിന്റെ സ്‌നേഹത്തിന്റെ വാചകങ്ങള്‍ പറഞ്ഞു. അതിനു ശേഷം ഇന്നുവരെ അവര്‍ വന്നില്ല, കണ്ടില്ല. എന്നെങ്കിലും ഒരിക്കല്‍ കൂടി അവരെ കാണാന്‍ പറ്റുമോ എന്നുമറിയില്ല. എങ്കിലും ഇപ്പോ കാണാന്‍ തോന്നുന്നു.

'മരണത്തിന്റെ മാലാഖ നടക്കാനിറങ്ങുന്നിടം- അതാണ് ഞങ്ങളുടെ ആശുപത്രി വരാന്തകള്‍'.

 ഇവിടുത്തെ കാന്‍സര്‍ സെന്ററിലെ സോഷ്യല്‍ വര്‍ക്കര്‍ ഒരു ദിവസം കണ്ടപ്പോള്‍ സങ്കടം പറഞ്ഞു തുടങ്ങി. രണ്ടു ദിവസം ആയിട്ട് അവള്‍ക്ക് ജോലിക്കു പോകാന്‍ പറ്റുന്നില്ല. അതിനു ചില പരിശോധനകള്‍ക്കു വന്നതാണ. തളര്‍ന്ന മുഖം കണ്ടാലറിയാം ഉള്ളിലൊരു സങ്കടക്കടല്‍ ഉണ്ടെന്ന്. കുശലപ്രശ്‌നങ്ങള്‍ക്കൊപ്പം അവള്‍ പറഞ്ഞു, രണ്ടു ദിവസം മുമ്പ് മരണപ്പെട്ട അവളുടെ രോഗിയെക്കുറിച്ച്.  അത്രമേല്‍ പ്രിയപ്പെട്ടൊരാളുടെ വേര്‍പാട്...,അങ്ങനെ കരുതിയ എനിക്ക് തെറ്റി.

വീട്ടുജോലിക്കായി വന്ന ബംഗ്ലാദേശി യുവതിയുടെ മരണമാണ് ഈ സ്വദേശി വനിതയെ മാനസികമായി തളര്‍ത്തിയത്. അവള്‍ പറഞ്ഞു തുടങ്ങിയതൊക്കെയും അസാധാരണക്കാരായ മനുഷ്യരെ കുറിച്ചായിരുന്നു. 

രോഗം തിരിച്ചറിഞ്ഞ നിമിഷം മുതല്‍ ആരെയും കാണാനോ മുറിയില്‍ വെളിച്ചം കടക്കാനോ സമ്മതിക്കാത്ത സ്വദേശി വനിത. വീട് പോലെ ഓടിനടന്നു സന്തോഷം പരത്തുന്ന കുഞ്ഞുങ്ങള്‍, തൊഴില്‍ തേടി വന്ന മണ്ണില്‍ നിന്നും മാറാരോഗത്തിന്റെ ഭാണ്ഡവും പേറി യാത്ര ചോദിക്കുന്ന പ്രവാസികള്‍.  അങ്ങനെയങ്ങനെ സങ്കടക്കൂട നിറച്ചു, അവളുടെ വാക്കുകള്‍. സങ്കടത്തോടെ, അരിശത്തോടെ അവള്‍ പറഞ്ഞു 'മരണത്തിന്റെ മാലാഖ നടക്കാനിറങ്ങുന്നിടം- അതാണ് ഞങ്ങളുടെ ആശുപത്രി വരാന്തകള്‍'.

പത്തു വര്‍ഷം ആറ്റുനോറ്റു കാത്തിരുന്ന് കിട്ടിയ കണ്‍മണിക്ക് രക്താര്‍ബുദമാണെന്നു മാതാപിതാക്കളോട് പറയാന്‍ കഴിയാതെ വിഷമിച്ചു നിന്ന ഡോക്ടര്‍ അന്ന് പറഞ്ഞത് ഇന്നും മനസ്സിലുണ്ട്- 'ആ കുഞ്ഞിന്റെ കണ്ണില്‍ നോക്കി,  ആ ചിരി കണ്ടിട്ട്, ഞാന്‍ എങ്ങനെ പറയും, അവന്‍ ഇനി കുറച്ചു നാളുകള്‍ കൂടിയേ ഇങ്ങനെ ചിരിച്ചു നക്ഷത്രം പൊഴിക്കാന്‍ ഉണ്ടാവു എന്ന'.  ആ കുഞ്ഞിനെക്കുറിച്ചൊരുപിടച്ചിലുണ്ടായിരുന്നു ഉള്ളില്‍ കുറേനാളുകളോളം. 

സത്യത്തില്‍ അതിനെ തന്നെയല്ലേ ജീവിതമെന്ന് നാം ആഴത്തില്‍ വിളിക്കുന്നത്.

കുടുംബത്തിലെ കാര്‍ന്നോന്മാരില്‍ രണ്ടാളെ 'ഞണ്ടിന്‍കൂട്ടം' ആക്രമിച്ചപ്പോള്‍ ഒരാള്‍ ജീവിതത്തിന്റെ നിരാശയിലേക്കു കൂപ്പുകുത്തിയത് കണ്ടതാണ്. പ്രതാപത്തോടെ മാത്രം കണ്ട മുഖത്ത് ആശങ്കയുടെ നിഴല്‍വെട്ടം വീണതും കണ്ണിലെ ആജ്ഞാശക്തി ചോര്‍ന്നു നിന്നതും കണ്മുന്നില്‍ കണ്ടു. നിരാശ നിറഞ്ഞ മുഖം കണ്ടതിനേക്കാള്‍ നൊന്തു പോയത് ഒരു പ്രതാപശാലിയുടെ കണ്ണിലെ സൂര്യന്റെ തിളക്കം കുറഞ്ഞപ്പൊഴായിരുന്നു. ആജ്ഞാപിച്ചു മാത്രം ശീലമുള്ള ആ മുഖത്തൊരു വേദനയുടെ അംശം പോലും ആലോചിക്കാന്‍ കഴിയാത്തത്ര സങ്കടം പേറിയ കുറെ മുഖങ്ങള്‍ ആ വീട്ടിലുണ്ടായിരുന്നു. മക്കളും കൊച്ചുമക്കളും സഹോദരങ്ങളും.

പഠനകാലത്തു റീജിയനല്‍ കാന്‍സര്‍ സെന്ററില്‍ കണ്ട കുഞ്ഞിക്കണ്ണുകള്‍,  പച്ച മാസ്‌കുകളില്‍ ഒളിപ്പിച്ച പുഞ്ചിരികള്‍, ചിരി മായാത്ത മുഖത്തോടെ തിരികെ പോയ സാറമ്മ; ആ അമ്മയെ സ്‌നേഹം കൊണ്ട് പൊതിഞ്ഞു സൂക്ഷിച്ച ഹരിച്ചേട്ടന്‍...

മരണം അത് എന്നോ ഒരിക്കലുണ്ടെന്ന സത്യം എല്ലാ മനസ്സുകളിലുമുണ്ട്. അതിനൊരു പരിധി നിശ്ചയിക്കുന്ന നേരം തുടങ്ങും, ജീവിക്കാനുള്ള കൊതി. അന്നുവരെയുള്ള ജീവിതം ശൂന്യമാകുന്ന നേരം. 

ഇരുളിലെങ്ങോ കൂട്ടിക്കൊണ്ടു പോകാന്‍ കടന്നുവരാവുന്ന അതിഥിയെ കാതോര്‍ത്തു കിടക്കുന്ന മനുഷ്യര്‍. ശരീരങ്ങള്‍. സത്യത്തില്‍ അതിനെ തന്നെയല്ലേ ജീവിതമെന്ന് നാം ആഴത്തില്‍ വിളിക്കുന്നത്.

click me!