വിവാഹവാഗ്ദാനം നല്‍കി  പീഡിപ്പിക്കാന്‍ പറ്റുമോ?

By ജിമ്മി ജെയിംസ്  |  First Published Jun 22, 2016, 12:49 PM IST

സ്ഥലം പോലീസ് സ്റ്റേഷന്‍. 26-28 വയസ്സുള്ള ഒരു ചെറുപ്പക്കാരന്‍ എസ് ഐക്ക് മുന്നില്‍ ഇരിക്കുകയാണ്. കൈയ്യില്‍ എഴുതി തയ്യാറാക്കിയ ഒരു പരാതി.

Latest Videos

undefined

എസ് ഐ: എന്താണ് പ്രശ്‌നം?

ഉത്തരം: എന്നെ ഒരാള്‍ വഞ്ചിച്ചു സാര്‍.

എസ്‌ഐ: ഓഹോ. ആരാണ്? എങ്ങനെയാണ്?

ഉത്തരം: കല്യാണം കഴിക്കാമെന്ന് ആദ്യം പറഞ്ഞു. അവള്‍ ഇപ്പോള്‍  പറയുന്നു പറ്റില്ലാ എന്ന്.. എന്നെ പല തവണ പീഡിപ്പിച്ചു സാര്‍. അന്ന് അതൊരു പീഡനമായി തോന്നിയില്ലെങ്കിലും... ഇപ്പോള്‍ അവള്‍ എന്നെ ഒഴിവാക്കി വേറെ കല്യാണം കഴിക്കുകയാണ് സര്‍. കേസെടുക്കണം...

എസ് ഐ അന്തംവിട്ട് ഇരിക്കുന്നിടത്ത് ഈ രംഗം അവസാനിക്കുന്നു. നമ്മുടെ ചെറുപ്പക്കാരന്‍ അയാളുടെ യോഗമനുസരിച്ച് എസ് ഐയുടെ ആട്ടുകൊണ്ടിട്ടോ അല്ലാതെയോ പരാതിയുമായി തിരിച്ച് പോകും. കുറച്ചുകാലം കടാപ്പുറത്ത് പാടിപ്പാടി നടക്കുമായിരിക്കും. അല്ലെങ്കില്‍ അറ്റകൈ പ്രയോഗം നടത്തും.

പക്ഷെ അരങ്ങില്‍ ഒരു സ്ത്രീ ആയിരുന്നെങ്കിലോ? ബലാല്‍സംഗത്തിനുള്ള IPC സെക്ഷന്‍ 175 ചാര്‍ത്തി കേസ് എടുക്കും. 'വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു' എന്ന തലക്കെട്ടില്‍ എതിര്‍കക്ഷിയുടെ പേരും അറസ്റ്റ് വിവരങ്ങളും ഉടന്‍ പത്രത്തില്‍ പ്രതീക്ഷിക്കാം. . ചിലപ്പോള്‍ ഫോട്ടോയും. ഇത്തരം വാര്‍ത്തകള്‍ നൂറുകണക്കിനാണ് ഇപ്പോള്‍ നമ്മള്‍ വായിക്കുന്നത്. 

ഇന്നത്തെ പ്രണയം, നാളത്തെ പീഡനം
ഒരു പ്രണയം കല്യാണത്തില്‍ എത്താതിരിക്കാന്‍ നൂറ് കാരണങ്ങള്‍ ഉണ്ടാകാം. പൊരുത്തക്കേടുകള്‍ മൂടിവയ്ക്കുന്നതിലും നല്ലത് അത് മനസ്സിലാക്കി പിന്‍മാറുന്നതാണ് താനും. ഒരാളുടെ തീരുമാനം മറ്റേ ആള്‍ക്ക് ദഹിക്കണമെന്നും ഇല്ല. പക്ഷെ അതുകൊണ്ട് ആയാള്‍ ഒരു ബലാല്‍സംഗവീരനാകുമോ? 

വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും, പിന്നീട് അതില്‍ നിന്ന് ഒരാള്‍ പിന്‍മാറുകയും ചെയ്താല്‍ അത് ഇന്ത്യന്‍ നിയമപ്രകാരം കരാര്‍ ലംഘനങ്ങളുടെ പട്ടികയില്‍ പെടും. പ്രണയത്തിലായിരുന്നപ്പോള്‍  മുട്ടിയുരുമ്മി ഇരുന്നത്, ഉമ്മ വച്ചത്, ലൈംഗികമായി ബന്ധപ്പെട്ടത് എല്ലാം യഥാക്രമം സത്രീയുടെ മാന്യതയെ കളങ്കപ്പെടുത്തല്‍, അനുമതികൂടാതെ ശരീരത്തില്‍ സ്പര്‍ശിക്കല്‍, ബലാല്‍സംഗം എന്നിവയായി മാറുമെന്നാണ് പോലീസിന്റെ നിയമവ്യാഖ്യാനം. മാധ്യമങ്ങളുടേയും. 

നിസ്സഹായ ആയ  സത്രീക്കുള്ള അവസാന അത്താണിയാണിതെന്ന്  അഭിഭാഷക സന്ധ്യ പറയുന്നു. 'ഐ ടി കമ്പനികളില്‍ ജോലിചെയ്യുന്ന  വടക്കേ ഇന്ത്യന്‍ പെണ്‍കുട്ടികളമായി ഒരുമിച്ച് ജീവച്ചശേഷം ഒടുവില്‍ അമ്മ സമ്മതിക്കുന്നില്ലെന്നും മറ്റും പറഞ്ഞ് മലയാളികളായ സഹപ്രവര്‍ത്തകര്‍ മുങ്ങുന്ന  നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട്. ലൈംഗിക വിശുദ്ധി വളരെ വിലപ്പെട്ടതെന്ന് കരുതുന്ന സമൂഹത്തില്‍ അങ്ങനെ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീയുടെ സ്ഥിതി ഓര്‍ത്തുനോക്കൂ'.

അതും ശരിയാണ്. ക്രൂരമായ വാഗ്ദാനലംഘനമാണത്.  പക്ഷെ അയാളൊരു റേപ്പിസ്റ്റാണോ?

കോടതികള്‍ പറയുന്നത്
ദില്ലിയിലെ ജില്ലാ കോടതികളില്‍ നടന്ന ഒരു പഠനത്തില്‍ വ്യക്തമായത് (ദ ഹിന്ദു ദിനപത്രത്തിലെ രുക്മിണി ശ്രീനിവാസന്‍ നടത്തിയത്) 2013ല്‍ കോടതികളില്‍ എത്തിയ 460 ബലാല്‍സംഗ കേസുകളില്‍ 109എണ്ണത്തില്‍ വിവാഹം വാഗ്ദാനം നല്‍കി പീഡനമെന്ന വകുപ്പ് ചുമത്തപ്പെട്ടിരുന്നു.  എന്നാല്‍ അതില്‍ 12 എണ്ണം മാത്രമാണ് ശിക്ഷിക്കപ്പട്ടത്. 

വിവാഹിതനാണെന്നത് മറച്ചുവച്ചതും തട്ടിപ്പ് കല്യാണം നടത്തിയതുമായ കേസുകളായിരുന്നു അതില്‍ മിക്കതും. അതായത് വിവാഹവാഗ്ദാനം പാലിക്കാത്തതല്ല, തെറ്റായ വിവരങ്ങള്‍ ധരിപ്പിച്ചതാണ് കുറ്റം. 
ഉധവ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കര്‍ണ്ണാടക (2003) കേസില്‍ വിവാഹ വാഗ്ദാനം കൊണ്ടുമാത്രമാണ് ലൈംഗിക ബന്ധം നടന്നതെന്ന് പറയാനാകില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 

 

 

ഒരു പ്രണയം കല്യാണത്തില്‍ എത്താതിരിക്കാന്‍ നൂറ് കാരണങ്ങള്‍ ഉണ്ടാകാം. പൊരുത്തക്കേടുകള്‍ മൂടിവയ്ക്കുന്നതിലും നല്ലത് അത് മനസ്സിലാക്കി പിന്‍മാറുന്നതാണ് താനും. ഒരാളുടെ തീരുമാനം മറ്റേ ആള്‍ക്ക് ദഹിക്കണമെന്നും ഇല്ല. പക്ഷെ അതുകൊണ്ട് അയാള്‍
ഒരു ബലാല്‍സംഗവീരനാകുമോ? 

'വിലപ്പെട്ടതെല്ലാം' നഷ്ടപ്പെട്ടാല്‍...
രണ്ടുപേരും ഇഷ്ടപ്പെട്ട, ആസ്വദിച്ച ലൈംഗിക വേഴ്ച, ബന്ധം മുറിയുമ്പോള്‍ മാത്രം  ബലാല്‍സംഗമാക്കുന്നതിന്റെ യുക്തി എന്താണ്. വിവാഹം വരെ ഒരു സ്ത്രീ സൂക്ഷിക്കേണ്ടതാണ് അവളുടെ കന്യകാത്വം എന്നതാണ് ഇതിലെ വിവക്ഷ. അതിനായി സമൂഹം ഉണര്‍ന്നിരിക്കുന്നു. പോലീസും മാധ്യമങ്ങളും തയ്യാറായിരിക്കുന്നു. അത് പക്ഷേ ഭാവി ഭര്‍ത്താവ് വഞ്ചിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത മാത്രമാണോ? 

കാരണം നമ്മുടെ നിയമകിത്താബ് പ്രകാരം ഭര്‍ത്താവിനൊരിക്കലും ബലാല്‍സംഗി ആകാനാവില്ല. ഭര്‍ത്താവിന് ഭാര്യയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കാം. ഭീഷണിപ്പെടുത്താം.. എന്ത് ക്രൂരതയും പ്രകൃതിവിരുദ്ധതയും നടത്താം.  അത് ബലാല്‍സംഗമല്ല. അതിന് വകുപ്പില്ല. കൂടിപ്പോയാല്‍ വിവാഹമോചനത്തിന് ഒരു കാരണമാകും. അത്രതന്നെ. 

എന്നുവച്ചാല്‍ കല്യാണം കഴിഞ്ഞാല്‍ പുരുഷന് എന്തുമാകാം. കല്യാണം കഴിക്കാതെ സ്ത്രീയും പരുഷനും അടുത്തിടപഴകിയാലോ... മുന്‍കാല പ്രാബല്യത്തോടെ പിടിവീഴാം.

വിവാഹിതനായ പുരുഷനെ എന്തുവിലകൊടുത്തും സംരക്ഷിക്കുന്ന സമൂഹം, അവിവാഹിതനെ തൂക്കിലേറ്റുമ്പോള്‍ പ്രശ്‌നം പ്രണയമാണ്. പ്രണയത്തോടുള്ള പേടിയാണ്. 

 

ഈ പംക്തിയി്ല്‍ നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

ബാറുകള്‍ പൂട്ടിയിട്ടും മദ്യപാനം കുറഞ്ഞില്ലെന്ന് ആര് പറഞ്ഞു?
സ്കൂളുകള്‍ ഏറ്റെടുത്താല്‍ പ്രശ്നം തീരുമെന്ന് ആര് പറഞ്ഞു?

click me!