അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക്  സംഭവിക്കുന്നത്

By രാജേഷ് വി.അമല, രജിത വലിയവീട്ടില്‍  |  First Published Feb 23, 2018, 7:56 PM IST

മല്ലീശ്വരന്‍മുടിയുടെയും ബന്ധപ്പെട്ട ആഘോഷങ്ങളുടെയും ഏകദേശം 40 വര്‍ഷത്തെ ചരിത്രമെടുത്ത് പരിശോധിക്കുമ്പോള്‍ ഹൈന്ദവ സംസ്‌കാരത്തിന്റെ വലിയ സ്വാധീനമാണ് ഇന്ന് കാണാന്‍ സാധിക്കുന്നത്. നാല്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ഇന്ന് കാണുന്ന രീതിയില്‍ മല്ലീശ്വരക്ഷേത്രം പുതുക്കിപണിതിരിക്കുന്നു. പുതുക്കി പണിതിട്ടുള്ള ക്ഷേത്രത്തില്‍ ഹൈന്ദവ ക്ഷേത്രങ്ങളിലെ ശിവലിംഗത്തിനു സമാനമായ  ശിവലിംഗമാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. മുന്‍പ് ഒരു കല്ല് മാത്രമായിരുന്നു പ്രതിഷ്ഠ. ഇത് പൂര്‍വ്വ സ്ഥാനത്തുതന്നെ  നിലനില്‍ക്കുന്നു. പുതുതായി ഉണ്ടാക്കിയ ക്ഷേത്രത്തെയാണ് ഇപ്പോള്‍ ആദിവാസികള്‍ പ്രധാന ക്ഷേത്രമായി കരുതുന്നത്. രവിവര്‍മ ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ശിവ പര്‍വ്വതിമാരുടെ ചിത്രങ്ങള്‍ ഈ ക്ഷേത്ര ചുവരുകളില്‍ ഇപ്പോഴുണ്ട്

Latest Videos

undefined

സ്വയം നിര്‍ണ്ണയാവകാശമുള്ള ഒരു ജനതയാണ് ആദിവാസികള്‍. ഇതുതന്നെയാണ് ആദിവാസികളെ മറ്റു ജനവിഭാഗങ്ങളില്‍നിന്നും വേര്‍തിരിക്കുന്ന പ്രധാന ഘടകം. എല്ലാ തരത്തിലും സ്വയംപര്യാപ്തമായിരുന്ന ജീവിതമാണ് ആദിവാസി ജനങ്ങള്‍ പിന്തുടര്‍ന്ന് പോന്നിരുന്നത്. ഗോത്രത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും അവിടെത്തന്നെ പരിഹാരമുണ്ടാകുന്നു. വ്യത്യസ്തങ്ങളായ ഗോത്രങ്ങളാണ് ആദിവാസികള്‍ക്കുള്ളത്. ഓരോ  ഗോത്രങ്ങളും പിന്തുടര്‍ന്ന് പോരുന്ന നിയമങ്ങളും ഭരണക്രമങ്ങളും സംസ്‌കാരവുമെല്ലാം മറ്റു ഗോത്രത്തില്‍നിന്നും വ്യത്യസ്തമാണ്. എന്നിരുന്നാലും എല്ലാ ഗോത്ര ജനങ്ങളും പരസ്പരം വിശ്വസിക്കുകയും ചെയ്തിരുന്ന ഒരു ജീവിതക്രമമാണ് ആദിവാസികള്‍ക്കിടയില്‍ ഉണ്ടായിരുന്നത്.

പരസ്പര വിശ്വാസത്തിലധിഷ്ഠിതമായി ജീവിച്ചുപോന്നിരുന്ന അട്ടപ്പാടിയിലെ ഗോത്രവ്യവസ്ഥയുടെ നിലനില്‍പ്പിന് ഇന്ന് വലിയതോതില്‍ കോട്ടം സംഭവിച്ചിരിക്കുന്നു. ഗോത്ര വ്യവസ്ഥിതിക്കുമേല്‍ ആധിപത്യം ചെലുത്തുന്ന നാട്ടുവ്യവസ്ഥകള്‍തന്നെ ഇതിനു കാരണം .പാരമ്പര്യമായി അട്ടപ്പാടിയിലെ മൂന്ന് ഗോത്രവിഭാഗങ്ങളും (ഇരുള,മുഡുക,കുറുമ്പ) കാടുകളില്‍ വസിച്ചിരുന്നവരായിരുന്നു. കുറുമ്പരെ ഉള്‍ക്കാടുകളില്‍ മാത്രമായിരുന്നു കാണാന്‍ കഴിഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ മൂപ്പില്‍ നായരുടെയോ ബ്രിട്ടീഷ് ആധിപത്യത്തിന്റെയോ കാലങ്ങളില്‍പോലും കുറുമ്പരില്‍ തങ്ങളുടെ അധികാരം നിലനിര്‍ത്തുക ശ്രമകരമായിരുന്നു.

ആദിവാസികളുടെ ജീവിതരീതികള്‍തന്നെ ഉത്സവ പ്രതീതിയുളവാക്കുന്നതായിരുന്നു. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളെയും ആഘോഷമാക്കി തീര്‍ത്തിരുന്നവരാണ് ഗോത്രജനത. വ്യത്യസ്തങ്ങളായ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പിന്‍ബലവും ഇതിനുണ്ട്. പരസ്പര സ്‌നേഹവും അതി വിപുലമായ അറിവുകളുടെ കൈമാറ്റവും കൂട്ടായ്മയുമെല്ലാം ഇത്തരം ആഘോഷങ്ങളിലും പ്രതിഫലിച്ചിരുന്നു.

ആദിവാസി സംസ്‌കാരത്തില്‍ സംഭവിക്കുന്നത് 
ഒരു ജനതയുടെ സംസ്‌കാര രൂപീകരണത്തില്‍ വ്യത്യസ്ത ഘടകങ്ങള്‍ പങ്കുചേര്‍ന്നിരിക്കുന്നു. ഇങ്ങനെ രൂപപ്പെട്ടുവരുന്ന സാംസ്‌കാരിക പാരമ്പര്യത്തെ പെട്ടന്ന് മറികടന്ന് പുതിയൊരു സംസ്‌കാരത്തിലേക്കെത്തുക എളുപ്പമല്ല.  എങ്കിലും അട്ടപ്പാടിയിലെ ആദിവാസി സംസ്‌കാരത്തില്‍  സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്.

ഒരു ഭൂപ്രദേശത്തെ മറ്റൊരു ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നതില്‍ ഗതാഗത സൗകര്യം മുഖ്യ പങ്കുവഹിക്കുന്നു. അട്ടപ്പാടിയിലും ഇതുതന്നെയാണ് സംഭവിച്ചത്. വനവിഭവ സമൃദ്ധമായ അട്ടപ്പാടിയെ ചൂഷണം ചെയ്യുന്നതിലേക്കാണ്  പ്രധാനമായും ഇത്തരം സൗകര്യങ്ങള്‍ വഴി തെളിയിച്ചത്. അട്ടപ്പാടിയില്‍ വാഹന സൗകര്യം ലഭ്യമായതോടെ കുടിയേറ്റങ്ങളും വ്യാപകമായി. ധാരാളം ഭൂമിയുണ്ടായിരുന്ന ആദിവാസികളില്‍നിന്നും കുടിയേറ്റക്കാര്‍ പണം കൊടുത്തും അല്ലാതെയും ഭൂമി സ്വന്തമാക്കാന്‍ തുടങ്ങി.

ഇതര ജനവിഭാഗങ്ങളെ അപേക്ഷിച്ച് ആധുനിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആദിവാസികള്‍ ഇന്നും പിന്നോക്കംതന്നെയാണ്. എന്നിരുന്നാലും തങ്ങളാര്‍ജ്ജിച്ച അറിവുകളും അനുഭവങ്ങളും പാട്ടുകളിലൂടെയും കഥകളിലൂടെയും ആചാര അനുഷ്ഠാനങ്ങളിലൂടെയും മറ്റും ആദിവാസികള്‍ അനന്തര തലമുറകളില്‍ എത്തിക്കുന്നു. എങ്കിലും ഈ രീതിയും വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പരിഗണിക്കാന്‍ ആധുനിക മനുഷ്യര്‍ വിസമ്മതിക്കുന്നു.
 


സര്‍ക്കാര്‍ ചെയ്യുന്നത്      
ആദിവാസികളുടെ ജീവിതരീതികള്‍ വളരെയധികം മാറിയിരിക്കുന്നു. സ്ത്രീ പീഡനങ്ങളും ലൈംഗിക തൊഴിലും  ഇവര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്നു. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗവും കൂടിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന ഊര് വ്യവസ്ഥിതികളുടെ തകര്‍ച്ചയാണ് ഇതിലൂടെ കാണാന്‍ കഴിയുന്നത്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായി ആദിവാസികള്‍ക്ക് കാടിനേയും പിന്തുടര്‍ന്നുപോന്നിരുന്ന ഭക്ഷണ ക്രമങ്ങളെയുമൊക്കെ ഉപേക്ഷിക്കേണ്ടതായി വന്നിട്ടുണ്ട്.

ഗോത്ര പാരമ്പര്യത്തെ നിലനിര്‍ത്തുവാനുതകുന്ന വികസനങ്ങളല്ല സര്‍ക്കാര്‍ ആദിവാസികള്‍ക്കിടയില്‍ നടത്തുന്നത്. 'പുനം കൃഷി'നിര്‍ത്തലാക്കിയത് ഇതിനുദാഹരണമാണ്. ഉത്പാദകരായിത്തന്നെ അറിയപ്പെട്ടിരുന്ന ആദിവാസി ജനത ഉപഭോഗ സംസ്‌കാരത്തെ പിന്തുടരുന്ന കാഴ്ചയാണിന്ന് കാണുന്നത്. മുഖ്യധാരയില്‍നിന്നും മാറ്റിനിര്‍ത്തിയ ഒരു വിഭാഗമായി ഇന്നും ആദിവാസികള്‍ നിലകൊള്ളുന്നു.

അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയിലെ കാല്‍നൂറ്റാണ്ട് ചരിത്രമെടുത്ത് പരിശോധിച്ചാല്‍ ജീവിതരീതിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ വ്യക്തമായി അറിയാന്‍ കഴിയും. മുന്‍കാലങ്ങളില്‍ ഇതര മനുഷ്യരുമായി ഇടപഴകുവാനോ കാടിനു പുറത്തേക്കിറങ്ങുവാനോ ഏറ്റവും വിയോജിപ്പ് കാണിച്ചിരുന്നത് കുറുമ്പരായിരുന്നു. എന്നാല്‍ ഇന്ന് അട്ടപ്പാടിയില്‍ വഴിയരുകില്‍തന്നെ എത്രയോ കുറുമ്പ വിഭാഗക്കാരുടെ വീടുകള്‍ കാണാവുന്നതാണ്. പഴയ ഊര് വ്യവസ്ഥകളും ഇവരില്‍നിന്നും അന്യമായിക്കൊണ്ടിരിക്കുന്നു .ആദിവാസികളുടെ ആചാരങ്ങളിലും വിശ്വാസങ്ങളിലും ആഘോഷങ്ങളിലുമെല്ലാം വര്‍ഷങ്ങള്‍ കഴിയുംതോറും പലവിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

അപഹരിക്കപ്പെടുന്ന വിശ്വാസങ്ങള്‍, ദൈവങ്ങള്‍
അട്ടപ്പാടി ആദിവാസികളുടെ പ്രധാനപ്പെട്ട ഉത്സവമായ മല്ലീശ്വരന്‍ ക്ഷേത്രത്തിന് സംഭവിച്ചതെന്തെന്ന് അറിഞ്ഞാല്‍, ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങളിലും ആചാരങ്ങളിലും  ഇത്തരം മാറ്റങ്ങള്‍ പ്രകടമായിക്കൊണ്ടിരിക്കുന്നു. തീര്‍ത്തും  ഹൈന്ദവമാക്കിക്കൊണ്ടിരിക്കുകയാണ് ആദിവാസി വിശ്വാസങ്ങള്‍. 

അട്ടപ്പാടിയിലെ ആദിവാസി ജനങ്ങള്‍ മല്ലീശ്വരനെ കുലദൈവമായി ആരാധിച്ചുപോരുന്നു. ശിവരാത്രിയോളം പഴക്കംചെന്ന മറ്റൊരു ഉത്സവവും അട്ടപ്പാടിയില്‍ ഇല്ല. മല്ലീശ്വരന്‍മുടിയുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും ആഘോഷങ്ങളും ഇരുളര്‍, മുഡുകര്‍, കുറുമ്പര്‍ എന്നീ മൂന്ന് ഗോത്രങ്ങളുടെ മാത്രം അധികാര പരിധിയിലായിരുന്നു. ഇതര പ്രദേശങ്ങളില്‍നിന്നും.സംസ്ഥാനങ്ങളില്‍നിന്നും കുടിയേറ്റക്കാരായി അട്ടപ്പാടിയിലെത്തിയ ഹൈന്ദവരില്‍ നല്ലൊരു വിഭാഗവും മല്ലീശ്വരനില്‍ വിശ്വാസമര്‍പ്പിക്കുന്നവരാണ്.

മല്ലീശ്വരന്‍മുടിയുടെയും ബന്ധപ്പെട്ട ആഘോഷങ്ങളുടെയും ഏകദേശം 40 വര്‍ഷത്തെ ചരിത്രമെടുത്ത് പരിശോധിക്കുമ്പോള്‍ ഹൈന്ദവ സംസ്‌കാരത്തിന്റെ വലിയ സ്വാധീനമാണ് ഇന്ന് കാണാന്‍ സാധിക്കുന്നത്. നാല്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ഇന്ന് കാണുന്ന രീതിയില്‍ മല്ലീശ്വരക്ഷേത്രം പുതുക്കിപണിതിരിക്കുന്നു. പുതുക്കി പണിതിട്ടുള്ള ക്ഷേത്രത്തില്‍ ഹൈന്ദവ ക്ഷേത്രങ്ങളിലെ ശിവലിംഗത്തിനു സമാനമായ  ശിവലിംഗമാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. മുന്‍പ് ഒരു കല്ല് മാത്രമായിരുന്നു പ്രതിഷ്ഠ. ഇത് പൂര്‍വ്വ സ്ഥാനത്തുതന്നെ  നിലനില്‍ക്കുന്നു. പുതുതായി ഉണ്ടാക്കിയ ക്ഷേത്രത്തെയാണ് ഇപ്പോള്‍ ആദിവാസികള്‍ പ്രധാന ക്ഷേത്രമായി കരുതുന്നത്. രവിവര്‍മ ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ശിവ പര്‍വ്വതിമാരുടെ ചിത്രങ്ങള്‍ ഈ ക്ഷേത്ര ചുവരുകളില്‍ ഇപ്പോഴുണ്ട്. 

1975ല്‍ മല്ലീശ്വരന്‍ ക്ഷേത്രത്തിലും അതിന്റെ നടത്തിപ്പ് കാര്യങ്ങളിലും ദേവസ്വം ബോര്‍ഡ് ഇടപെടാന്‍ തുടങ്ങി. ഇതിന്റെ  ഫലമായി 1975മുതല്‍ ഏകദേശം അഞ്ചുവര്‍ഷത്തോളം മല്ലീശ്വരക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ  കീഴിലായിരുന്നു. ആദിവാസികള്‍ പിന്തുടര്‍ന്ന് പോന്നിരുന്ന വിശ്വാസങ്ങളിലെ ആദ്യത്തെ സമ്മര്‍ദ്ദമായി ഇതിനെ കണക്കാക്കുന്നു. ഇക്കാലങ്ങളില്‍ പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ച ആദിവാസികളും അട്ടപ്പാടിയില്‍ ഉണ്ടായിത്തുടങ്ങി. ദേവസ്വംബോര്‍ഡില്‍നിന്നും ആദിവാസികള്‍ തങ്ങളുടെ പാരമ്പര്യ അവകാശം നേടിയെടുത്തത് ഇവര്‍ക്കിടയിലെ ചെറുത്തുനില്‍പ്പിന്റെ ആദ്യപടികളായിരുന്നു. എന്നാല്‍ ഇന്ന്  പല മേഖലകളില്‍നിന്നും ആദിവാസികളുടെ അവകാശങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും മേലുള്ള കീഴ്‌പ്പെടുത്തലുകള്‍ നടന്നുകൊണ്ടിരിക്കുന്നു.

കാവിയുടുത്ത ആദിവാസികള്‍
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പത്തോ അതില്‍ കുറവോ ആളുകള്‍ മാത്രമായിരുന്നു മല്ലീശ്വരന്‍മുടി കയറിയിരുന്നത്. എന്നാല്‍ പത്തിരുപത് വര്‍ഷങ്ങളായി ഇതിന് മാറ്റം വരികയും എത്ര ആളുകള്‍ക്ക് വേണമെങ്കിലും മലപൂജകള്‍  ചെയ്യാന്‍ മല കയറാമെന്ന സ്ഥിതിയിലെത്തുകയും ചെയ്തു. എന്നിരുന്നാലും അബ്ബന്നൂര്‍,പൊട്ടിക്കല്‍ എന്നീ ഊരുകളില്‍ ഉള്ളവര്‍ക്ക് മാത്രമേ ഇന്നും മലകയറുവാനുള്ള അനുവാദമുള്ളൂ. മലപൂജാരികളെ ഊരുമൂപ്പന്‍ തീരുമാനിക്കുന്ന പതിവുകളും മാറിയിരിക്കുന്നു. കുട്ടികള്‍ക്കുപോലും ആചാരപ്രകാരം മല കയറുവാന്‍ സാധിക്കുന്ന തരത്തിലേക്ക് ആദിവാസികളുടെ ആചാരക്രമങ്ങള്‍ മാറിയിരിക്കുന്നു.ഊരുമൂപ്പന്റെ തീരുമാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും പല മാറ്റങ്ങളും വന്നതായി ഇതിലൂടെ കാണാം.

മൂപ്പില്‍ നായരുടെ അധികാരങ്ങള്‍ ക്ഷയിക്കുകയും പുതിയ അധികാര പരിധികള്‍ വരികയും ചെയ്തതിനെത്തുടര്‍ന്ന് ആദിവാസികള്‍ക്കിടയിലും അത് സമൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കി. ശിവരാത്രി ആഘോഷങ്ങള്‍ക്കും പൂജകള്‍ക്കും ആവശ്യമായ സാധനങ്ങള്‍ ആദിവാസികള്‍ വിലകൊടുത്ത് വാങ്ങുവാന്‍ തുടങ്ങി. മലപൂജാരികള്‍ വെള്ള വസ്ത്രത്തിന് പകരം കാവിമുണ്ടുടുത്ത് മലകയറാന്‍തുടങ്ങി. ഒരു ഭക്തനാണെന്ന് തോന്നിപ്പിക്കണമെങ്കില്‍ കാവി വസ്ത്രം ഉടുക്കണമെന്ന ചിന്തകളായിരിക്കാം ഇങ്ങനെയൊരു മാറ്റത്തിന് ആദിവാസികളെ പ്രേരിപ്പിച്ചത്.

ചെണ്ട, മദ്ദളം, ഇടയ്ക്ക തുടങ്ങിയ നാട്ടുവാദ്യോപകരണങ്ങളും ഗോത്രാഘോഷങ്ങളില്‍ സ്ഥാനം പിടിച്ചു. ബാന്‍ഡ് സെറ്റുകളുടെ മേളങ്ങളും ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് കാണാം. ഗോത്ര വിഭാഗക്കാരുടെ പരമ്പരാഗത വാദ്യങ്ങളും ഇതിനിടയിലുണ്ടെങ്കിലും അവയ്ക്ക് വേണ്ടത്ര പ്രാധാന്യം കാണാറില്ല.

പുതിയ ആചാരങ്ങള്‍
മല്ലീശ്വരന്‍ ക്ഷേത്രത്തില്‍ സമീപ കാലങ്ങളില്‍ 'വാവ് ബലി' എന്ന ആചാരം തുടര്‍ന്നുവരുന്നു. പരേതാത്മാക്കള്‍ക്ക് മോക്ഷം കിട്ടുവാന്‍വേണ്ടി നടത്തുന്ന ഇത്തരം ബലിതര്‍പ്പണത്തില്‍ പങ്കെടുക്കുന്നത് മണ്ണാര്‍ക്കാട്,അട്ടപ്പാടി പ്രദേശങ്ങളിലെ ഹിന്ദുമതക്കാരാണ്. വാവുബലി നാളുകളില്‍ പ്രത്യേക പൂജകള്‍ക്കായി പേരൂര്‍,കന്യാകുമാരി എന്നിവിടങ്ങളില്‍നിന്നും തമിഴ് ബ്രാഹ്മണ പൂജാരിമാര്‍ വരുന്നു. കന്യാകുമാരി ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ആദ്യ കാലങ്ങളില്‍ത്തന്നെ അട്ടപ്പാടിയിലേക്ക് കുടിയേറ്റം നടത്തിയിട്ടുണ്ട്. ഇങ്ങനെ കുടിയേറി വന്നിട്ടുള്ളവരുടെ വിശ്വാസങ്ങള്‍ മല്ലീശ്വരനില്‍ ഉറപ്പിക്കാന്‍കൂടിയാകണം ഇത്തരം പൂജാരീതികള്‍ തുടങ്ങിയിട്ടുള്ളത്.

ആദ്യകാലങ്ങളില്‍നിന്നും വ്യത്യസ്തമായി മല്ലീശ്വരന്‍ ക്ഷേത്രത്തില്‍ കണ്ടുവരുന്ന മറ്റൊരു പ്രത്യേകതയാണ് 'മുട്ടറുക്കല്‍'എന്ന വഴിപാട്. ഇത് എല്ലാ ദിവസങ്ങളിലും നടത്തുന്നു. പണം വാങ്ങി വഴിപാടുകള്‍ നടത്തിക്കൊടുക്കുന്ന ക്ഷേത്രാചാരം ആദിവാസികള്‍ക്കിടയില്‍ സമീപകാലത്തുണ്ടായതാണ്. ജീവിതത്തിലെ പ്രയാസങ്ങള്‍ മാറിക്കിട്ടുന്നതിനാണ് നാളികേരമെറിഞ്ഞുള്ള ഈ വഴിപാട് നടത്തല്‍. സാധാരണയായി ഹൈന്ദവ ക്ഷേത്രങ്ങളിലാണ് ഇത്തരം വഴിപാടുകള്‍ കാണാന്‍ കഴിയുക.

എസ്.എന്‍.ഡി.പി  പ്രവര്‍ത്തകരുടെ വലിയ സ്വാധീനം മല്ലീശ്വരന്‍ ക്ഷേത്രത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ക്ഷേത്രകാര്യങ്ങളില്‍ പലതരത്തിലുള്ള പരിഷ്‌കാരങ്ങളും പദ്ധതികളും ഇവര്‍ നടപ്പിലാക്കുന്നുണ്ട്. ഇതിനു തെളിവാണ് ക്ഷേത്ര പരിസരത്ത് പുതുതായി ഉണ്ടാക്കുവാന്‍ പോകുന്ന കല്യാണ മണ്ഡപവും ഓഡിറ്റോറിയവും. ക്ഷേത്രത്തിനു ചുറ്റും മതില്‍ക്കെട്ടുകളുണ്ടാക്കിയതും  എസ്.എന്‍.ഡി.പി  പ്രവര്‍ത്തകരുടെ സഹായത്താലാണെന്ന് ആദിവാസികള്‍ പറയുന്നു.

ഓരോ ഗോത്രവും ഒരു കുടുംബമാണെന്ന് വിശ്വസിച്ചു പോന്നിരുന്നവരായിരുന്നു അട്ടപ്പാടിയിലെ ആദിവാസികള്‍. അതുകൊണ്ടുതന്നെ ഒന്നും സ്വന്തമായി വയ്ക്കുവാനോ അതിര്‍വരമ്പുകളിട്ട്  മാറ്റി നിര്‍ത്തുവാനോ കണക്കുകളെഴുതി സൂക്ഷിച്ചുവക്കുവാനോ ഇവര്‍ക്കറിയില്ലായിരുന്നു. ഗോത്ര ജീവിതത്തിലുടനീളം ഈ കൂടിച്ചേര്‍ച്ച കാണാന്‍ കഴിഞ്ഞിരുന്നു. വളരെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ ആദിവാസികള്‍ ആരാധിച്ചുപോന്നിരുന്ന മല്ലീശ്വരന്‍ കോവിലിനു മുന്‍പില്‍ മല്ലീശ്വരന്‍ ക്ഷേത്രമെന്ന് മലയാളത്തിലും തമിഴിലും ബോര്‍ഡ് എഴുതിവച്ചിരിക്കുന്നു. ഇതാര്‍ക്ക് മനസ്സിലാകാന്‍വേണ്ടിയാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മഹത്തായ ഒരു പാരമ്പര്യത്തിന്റെതന്നെ അകല്‍ച്ചയായിട്ടേ ഇത്തരം മാറ്റങ്ങളെ ഉള്‍ക്കൊള്ളുവാന്‍ കഴിയൂ.


 
ഹിന്ദുത്വ വരുന്ന വഴി
ആദ്യകാലങ്ങളില്‍ അട്ടപ്പാടിയിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഉത്സവപ്പറമ്പുകളില്‍ ഗോത്ര നൃത്തങ്ങളുടെയും പാട്ടുകളുടെയും സമന്വയമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അതിനുശേഷം മറ്റ് ഉത്സവപ്പറമ്പുകളില്‍ കാണുന്ന കാഴ്ചകള്‍ മല്ലീശ്വരക്ഷേത്രത്തിലും കാണുവാന്‍തുടങ്ങി. സിനിമാറ്റിക് ഡാന്‍സ്, ഗാനമേള, നാടന്‍പാട്ട് തുടങ്ങിയ കലാപരിപാടികള്‍ ശിവരാത്രിയോടനുബന്ധിച്ച് ഇപ്പോള്‍ നടത്തിവരുന്നു. ആധുനിക വിദ്യാഭ്യാസം ലഭിച്ചുകൊണ്ടിരിക്കുന്ന ആദിവാസികളിലെ പുതിയ തലമുറയിലുള്ളവരെല്ലാംതന്നെ ഗോത്ര സംസ്‌കാരങ്ങളില്‍നിന്നും അകന്നുപോകുവാനുള്ള പ്രവണത കാണിക്കുന്നു.

ഹിന്ദുമതത്തിന്റെ ആരാധനാ മൂര്‍ത്തികളിലൊന്നായ 'ഗണപതി'യുടെ വിഗ്രഹവും മല്ലീശ്വര ക്ഷേത്രത്തില്‍ പ്രതിഷ്ടിച്ചിരിക്കുന്നു.'മല്ലീശ്വരന്‍' എന്ന ഒരു ആരാധനാമൂര്‍ത്തി  മാത്രമേ ആദിവാസികള്‍ക്ക് ഈ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നുള്ളു.

പരമ്പരാഗതമായി സമൂഹമനസ്സുകളില്‍ രൂപപ്പെട്ടുവരുന്ന അനുഭവങ്ങളും അറിവുകളുമാണ്  ആചാര അനുഷ്ടാനങ്ങള്‍ക്ക് പിന്‍ബലമേകുന്നതും ജീവിതരീതികളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതും. ഇവയെല്ലാം സ്വാഭാവികമായും അല്ലാതെയുമുള്ള പരിണാമങ്ങള്‍ക്ക് നിരന്തരം വിധേയമാകുന്നവയുമാണ്. ഗോത്ര വര്‍ഗ്ഗങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ പരമ്പരാഗത ജീവിതശൈലി ക്ഷയിച്ചുകഴിഞ്ഞിരിക്കുന്നു. എന്നാല്‍ പുതിയ കാലങ്ങള്‍ക്കൊത്ത് ഉയരാന്‍ വേണ്ട സാമ്പത്തികമോ വിദ്യാഭ്യാസപരമോ രാഷ്ട്രീയപരമോ ആയ ശക്തി ജനത നേടിയിട്ടുമില്ല. പുതിയ വീടുകളും ആധുനിക സൗകര്യങ്ങളും നല്‍കി നൂറ്റാണ്ടുകളോളം കാടുകളില്‍ കഴിഞ്ഞിരുന്ന ഒരു വിഭാഗത്തെ മാറ്റിത്താമസിപ്പിക്കുമ്പോള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നത് മഹത്തായ ഒരു പാരമ്പര്യംതന്നെയാണ്. കാടുമായി ബന്ധപ്പെട്ട് ജീവിച്ചുപോന്നിരുന്ന ആദിവാസികള്‍ക്ക് പുതിയ ജീവിതരീതികളുമായി പൂര്‍ണമായും പൊരുത്തപ്പെടാന്‍ കഴിയുന്നുമില്ല. ഗോത്ര സംസ്‌കാരത്തിന്റെ പാരമ്പര്യമുറങ്ങുന്ന മല്ലീശ്വരന്‍ മുടിയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ ഒട്ടനവധി നടന്നിട്ടുണ്ട്. കരിങ്കല്‍ ക്വാറികളും കൃഷ്ണ ശിലാ ഖനനവുമെല്ലാം നടന്നുകഴിഞ്ഞു.

ശിവചൈതന്യത്തിന്റെ പാവനത നഷ്ടമാവാതിരിക്കാനായി നൂറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ മറ്റു മനുഷ്യര്‍ മല്ലീശ്വരന്‍ മുടിയിലേക്ക് കയറിയിരുന്നത് ആദിവാസികള്‍ വിലക്കിയിരുന്നു. എന്നാല്‍ വനസമ്പത്തും ധാതുക്കളും ഏറെയുള്ളതും കേരളത്തിലെ ഗോത്രവിഭാഗത്തിന്റെ ഏറ്റവും വലിയ ഉത്സവങ്ങളില്‍ ഒന്നിന്റെ തുടക്കസ്ഥാനവുമായ മല്ലീശ്വരന്‍മുടിയില്‍ നടക്കുന്ന ഇത്തരം കയ്യേറ്റങ്ങള്‍ ആദിവാസികള്‍ ആശങ്കയോടെയാണ് കാണുന്നത്.

അട്ടപ്പാടിയിലെ ആദിവാസികള്‍ പിന്തുടര്‍ന്ന് പോന്നിരുന്ന ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടേയും കലാ പാരമ്പര്യങ്ങളുടെയും അറിവുകളുടെയുമെല്ലാം അവകാശങ്ങള്‍ ഇതര മനുഷ്യരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പ്രത്യക്ഷത്തേക്കാള്‍ പരോക്ഷമായിട്ടാണ് ഇത്തരം കീഴ്‌പ്പെടുത്തലുകള്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ ആദിമനിവാസികള്‍ക്ക് തങ്ങളുടെ അധികാരങ്ങളില്‍ പലതും നഷ്ടമായി എന്ന തിരിച്ചറിവുണ്ടാകുന്നത് അവ പൂര്‍ണമായും അന്യരുടെ കൈകളിലേക്കെത്തുമ്പോഴാണ്. 

click me!