ദിവസക്കൂലിക്ക് തൊണ്ട പൊട്ടിച്ച് പണിയെടുക്കുക. പ്രതിഭയെ കുരുതി കൊടുത്ത് കടുത്ത സാമ്പത്തിക അസ്ഥിരതയില്‍ ജീവിക്കുക. ഇതാണ് ഈ കലാകാരന്മാരുടെയൊക്കെ ദുര്യോഗം, അല്ലാതെ തലവര അല്ല. ചിട്ടയല്ലാത്ത ജീവിത രീതികളും മദ്യപാനവും സാമ്പത്തിക അച്ചടക്കമില്ലായ്മായുമൊക്കെ ഈ കലാകാരന്മാരുടെ അധപതനത്തിനു കാരണമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രൊഫഷണലായി വളര്‍ത്തിയെടുത്ത ഗന്ധര്‍വ കരിയറുകളുടെ ഗ്രാഫ് ചൂണ്ടിയാണ് ഈ നിരീക്ഷണം. ഇതൊരു തരം ബ്രാഹ്മണിക് വാദമാണ്.
ജോയ് പീറ്റര്‍ എന്ന മനുഷ്യന്‍ മരണത്തിലേക്കു നടന്നു പോയിട്ട് ദിവസം മൂന്നു കഴിഞ്ഞു. ആരായിരുന്നു ജോയി പീറ്റര്‍? ഒരുപക്ഷേ വടക്കന്‍ കേരളത്തിനപ്പുറം പലരും ആദ്യമായിട്ടായിരിക്കും അങ്ങനൊരു പേരു കേള്‍ക്കുന്നത്. ഒരു കാലത്ത് വടക്കേ മലബാറിന്റെ ഉത്സവപ്പറമ്പുകളെ സിനിമാപ്പാട്ടുകള്‍ കൊണ്ട് ആറാടിച്ച ഗായകനായിരുന്നു അയാള്‍. ജീവിച്ചിരിക്കുമ്പോള്‍ ഓര്‍ക്കാതിരുന്ന ഒരാളെപ്പറ്റി, അയാളുടെ തൊഴിലിടങ്ങളെപ്പറ്റി മരണാനന്തരം ചിന്തിക്കുന്നത് തന്നെ ഒരു തരം അനീതിയാണ്. എന്നാല്‍ ആ തൊഴിലിടത്തെപ്പറ്റി ഇപ്പോഴെങ്കിലും ഓര്‍ത്തില്ലെങ്കില്‍ പിന്നെ എപ്പോഴാണ് ഓര്‍ക്കുക?
ആദ്യം ജോയ് പീറ്ററിനെപ്പറ്റി അല്‍പ്പം.
തലശേരിയിലെ ചാലില്‍ക്കടപ്പുറത്തെ കോളനിയില്‍, പാവപ്പെട്ടവര്‍ക്കായി പള്ളി വച്ചു നല്‍കിയ ലൈന്‍ വീട്ടിലായിരുന്നു ജോയിയുടെ ജനനം. അച്ഛന്‍ പീറ്റര്‍. അമ്മ മഗ്ദലന. ഏഴു മക്കളില്‍ നാലാമന്‍. കടല്‍ക്കാറ്റിനൊപ്പം ദാരിദ്ര്യത്തിന്റെ മണമുള്ള ബാല്യം. എങ്കിലും കലാകാരന്മാരാല്‍ സമ്പന്നമായിരുന്നു ചാലില്‍ കടപ്പുറം. തലശേരി സെന്റ് ജോസഫ് സ്‌കൂളില്‍ ഒമ്പതു വരെ പഠിച്ചു. പിന്നെ നാടു വിട്ട് കോഴിക്കോട് മിഠായിത്തെരുവിലെത്തി. അവിടൊരു ചായക്കടയില്‍ ചായ അടിക്കുന്ന ജോലി. മൂന്നു മാസം കഴിഞ്ഞപ്പോള്‍ കണ്ണീരുമായി അമ്മ തേടിയെത്തി. തിരിച്ചു വീണ്ടും നാട്ടിലേക്ക്.
ആ ഇടയ്ക്കാണ് വീടിനടുത്ത് തമിഴരായ ചില നാടോടികളെത്തുന്നത്. മിഠായി ഉണ്ടാക്കി വില്‍ക്കുന്നതായിരുന്നു അവരുടെ തൊഴില്‍. അവരുടെ ഒപ്പം ചേര്‍ന്ന ജോയി പതിയെ തമിഴ് പഠിച്ചു. അക്കാലത്ത് തമിഴ് പാട്ടുകള്‍ മൂളി നടക്കുന്ന ജോയിയെ അനുജന്‍ ജോസ് ഓര്‍ക്കുന്നുണ്ട്.
പള്ളിയിലെ ക്വയറുകളില്‍ സജീവമായതും ഇക്കാലത്താണ്. പില്‍ക്കാലത്ത് തേപ്പു പണിക്കും കോണ്‍ക്രീറ്റ് പണിക്കുമൊക്കെപ്പോകുമ്പോഴേക്കും തമിഴിലും പാട്ടിലും കരുത്തനായി തുടങ്ങിയിരുന്നു ജോയി. പതുക്കെയാണ് ജോയി വേദികളിലെത്തുന്നത്. വേദികളുടേതാവുന്നത്. പിന്നെയാണ് അയാള്‍ ഗാനങ്ങളാല്‍ സദസ്സുകളെ ്രതസിപ്പിച്ചത്. ഗായികയായ റാണിയെ വിവാഹം ചെയ്യുന്നത്. മക്കള്‍ പിറക്കുന്നത്.
എന്നാല്‍, കാലം മാറുകയായിരുന്നു. ഗാനമേളകളുടെ അലകും പിടിയും മാറുകയായിരുന്നു. റിയാലിറ്റി ഷോകളുടെ കാലം ആസ്വാദ്യകരെയും മാറ്റുന്നത് മറ്റാരേക്കാളും അയാള്‍ അറിഞ്ഞു. ചുറ്റുമുള്ള ലോകം മാറിയതറിഞ്ഞ് ആ മനുഷ്യന്‍ അമ്പരന്നു. പാട്ടു മാത്രമായിരുന്നു അയാളുടെ കൈമുതല്‍. വേദികള്‍ മാത്രമായിരുന്നു അയാളുടെ സ്വപ്‌നങ്ങളില്‍. ഗാനമേളകളില്‍നിന്നും പലരും സിനിമയുടെയും പ്രശസ്തിയുടെയും ആകാശങ്ങള്‍ തേടിപ്പറന്നപ്പോഴും ജോയ് പീറ്റര്‍ ആസ്വാദകരെ മാത്രം വിശ്വസിച്ചു. തന്റെ വരികള്‍ക്കൊപ്പം ത്രസിച്ച്, നൃത്തച്ചുവടുകള്‍ വെയ്ക്കുന്ന മനുഷ്യരെ മാത്രം തേടിനടന്നു.
പാട്ടുകള്‍ക്കും വേദികള്‍ക്കുമിടയില്‍ അയാള്‍ മറ്റെല്ലാം മറന്നിരുന്നു. ജീവിത വിജയം എന്നത് പണം കൂടിയാണ് എന്നതടക്കം എല്ലാം. വേദികള്‍ ഇല്ലാതാവുന്നതും ഒപ്പം നൃത്തം ചെയ്യാന്‍ ആള്‍ക്കൂട്ടം ഇല്ലാതാവുന്നതും അയാളെ മറ്റൊരവസ്ഥയിലേക്ക് വലിച്ചിഴച്ചു. ഏകാന്തതയെയും നിരാശയെയും മുറിച്ചുകടക്കാന്‍ എല്ലാ കാലത്തും മനുഷ്യര്‍ അഭയം തേടിയിരുന്ന ലഹരിയുടെ വഴികള്‍ കാത്തിരിപ്പുണ്ടായിരുന്നു. പാട്ടിനേക്കാള്‍ അഭയമാവുന്നത് ലഹരി ആണെന്ന് വിശ്വസിക്കാന്‍ തുടങ്ങിയതോടെ, ആ കാലുകള്‍ ഇടറിത്തുടങ്ങി. വിഷാദവും നിരാശയും അയാളെ വരിഞ്ഞു. അങ്ങനെയങ്ങനെ, കഴിഞ്ഞ ദിവസം, മരണത്തിന്റെ തീവണ്ടിയിലേക്ക് അയാള്‍ എടുത്തെറിയപ്പെട്ടു.
തൊണ്ണൂറുകളില്‍ മലബാറിലെ യുവാക്കളുടെ ഹീറോയായിരുന്നു അയാള്‍. ശൂന്യതയിലേക്ക് നോക്കി ശില പോലെ നിന്നു പാടുന്ന ഗാനമേള സംസ്‌കാരത്തിന് അറുതി വരുത്തിയവരില്‍ പ്രമുഖന്‍. തമിഴ് ഫാസ്റ്റ് നമ്പറുകളെ വെള്ളിത്തിരയിലേതിനു സമാനമായി ആടിപ്പാടി സ്റ്റേജില്‍ അവതരിപ്പിച്ച പാട്ടുകാരന്‍. പള്ളി ക്വയറുകളില്‍ പാടിത്തെളിഞ്ഞ്, കോണ്‍ക്രീറ്റ് പണിയെടുത്ത് ജീവിതം മെനയുന്നതിനിടയിലാണ് അയാള്‍ ആദ്യമായി സ്റ്റേജില്‍ കയറുന്നത്. തൊണ്ണൂറുകളുടെ തുടക്കമായിരുന്നു അത്. ഏ ആര്‍ റഹ്മാന്റെ മാന്ത്രിക സംഗീതം തെന്നിന്ത്യയിലാകെ പടര്‍ന്നു തുടങ്ങിയ കാലം. തിയേറ്ററുകളില്‍ നിന്നിറങ്ങിയാല്‍ പാട്ടു കേള്‍ക്കണമെങ്കില്‍ കാസറ്റിനെയും ആകാശവാണിയെയുമൊക്കെ ആശ്രയിക്കേണ്ട കാലം. ആ കാലത്താണ് അയാളുടെ വളര്‍ച്ച. രണ്ടായിരത്തിന്റെ ആദ്യപകുതി വരെ നീണ്ടു നിന്നു അത്. അക്ഷരാര്‍ത്ഥത്തില്‍ മലബാറിന്റെ എസ്പിബിയും ഏ ആര്‍ റഹ്മാനും യേശുദാസും മനോയുമൊക്കെ അയാളായിരുന്നു അക്കാലത്ത്. അയാള്‍ മാത്രമല്ല, അയാളെപ്പോലെ നിരവധി പാട്ടുകാര്‍, ഓര്‍ക്കസ്‌ട്രേഷന്‍ ആര്‍ടിസ്റ്റുകള്‍. സോഷ്യല്‍ മീഡിയയെക്കുറിച്ച് കേട്ടു കേള്‍വി പോലുമില്ലാത്ത കാലത്ത് വെറും മൗത്ത് പബ്ലിസിറ്റി കൊണ്ടു മാത്രം ഹീറോകളായവര്‍. മുഖ്യധാരാമാധ്യമങ്ങളുടെ പരിലാളനകളൊട്ടുമേല്‍ക്കാന്‍ വിധിയില്ലാതെ പോയിട്ടും ജനം നെഞ്ചോടു ചേര്‍ത്തവര്‍.
അവരുടെ പിന്നീടുള്ള ഇടര്‍ച്ചകള്‍ക്ക് കാരണങ്ങള്‍ പലതാകാം. എന്നാല്‍ സംഗീത പ്രേമികള്‍ അദ്ഭുതത്തോടെ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഒരു മഹാഭൂരിപക്ഷത്തിന്റെ സംഗീത ചോദനകളെ തൃപ്തിപ്പെടുത്തിയ ഈ മനുഷ്യര്‍ എങ്ങനെ ഒരു പ്രത്യേക വട്ടത്തിനകത്ത് ഒതുങ്ങിപ്പോയി? ജോയ് പീറ്ററിന്റെ മാത്രം ഗതികേടല്ല അത്. ഇരവുകളെ പകലുകളാക്കി ജനതയെ ത്രസിപ്പിച്ച, നേരത്തെ സൂചിപ്പിച്ച ഗണത്തിലുള്ള നിരവധി പേരുടെ കാര്യമാണ്. പ്രതിഭയുണ്ടായിട്ടും അജ്ഞാതമായ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ഒതുക്കപ്പെട്ടു പോയ എത്രയോ ഗായകര്‍, ഓര്‍ക്കസ്‌ട്രേഷന്‍ ആര്‍ടിസ്റ്റുകള്‍.
എന്തായിരിക്കും അതിനുള്ള കാരണം?
തലേവര എന്നാകും ഒറ്റ വാക്കിലുള്ള ഉത്തരം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരും പറയുന്ന ലളിതമായ മറുപടി. എന്നാല്‍ ഭാഗ്യം എങ്ങനെയാണ് പ്രതിഭയെ സ്വാധീനിക്കുക? മുഖ്യധാരയിലെത്തിയിട്ടും ഒതുക്കപ്പെട്ട കഥകള്‍ പ്രമുഖ ഗായകര്‍ തന്നെ പങ്കു വയ്ക്കുന്നത് ചൂണ്ടിക്കാട്ടി ഇതൊക്കെ വലിയ ഇഷ്യൂ ആണോ എന്നു ചിന്തിക്കുന്നവരുണ്ടാകും. സിനിമകളില്‍ പാടുന്നതു മാത്രമാണോ ഗായകനെ അടയാളപ്പെടുത്തുന്നതെന്നു വാദിക്കുന്നവരും കാണും. ആദ്യ ഉത്തരം രണ്ടാമത്തെ കാറ്റഗറിക്കാരോടാണ്, നിലവിലെ പൊതുബോധം അങ്ങനെ തന്നെയാണ് സുഹൃത്തുക്കളേ.
ഇനി ഒന്നാമതു സൂചിപ്പിച്ച വാട്ടെബൗട്ടറിക്കാരോടാണ് പറയാനുള്ളത്. യേശുദാസും ഇളയരാജയുമൊക്കെ റോയല്‍റ്റിക്ക് കണക്കു പറയുന്നത് കേട്ടിട്ടില്ലേ? മുഖ്യധാരയില്‍ എത്തിയ ശേഷം ഒതുക്കപ്പെട്ടു എന്നാരോപിക്കുന്നവരും ഈ റോയല്‍റ്റിക്കാശ് കിട്ടിയാല്‍ പുളിക്കാത്തവരാണ്. എന്നാല്‍ ഈ ഗാനമേളപ്പാട്ടുകാരുടെ കൂടെ വിയര്‍പ്പിന്റെ മൂല്യം കൂടിയാണ് തങ്ങളുടെ അക്കൗണ്ടിലേക്ക് ചേര്‍ക്കാന്‍ അവര്‍ മുറവിളി കൂട്ടുന്നതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അജ്ഞാതരായ ഈ ഗായകരും ഓര്‍ക്കസ്ട്ര ആര്‍ടിസ്റ്റുകളുമൊക്കെക്കൂടി ഒരു ഗാനത്തെ ജനകീയമാക്കുന്നതില്‍ കൂടുതലൊന്നും ചെയ്യാന്‍ ഒരു പരസ്യതന്ത്രത്തിനും സാധ്യമല്ല. സംഗീത സംവിധായകനും പാട്ടുകാരനുമൊപ്പം നിര്‍മ്മാതാവിനും പാട്ടെഴുത്തുകാരനും കൂടി ഈ അവകാശത്തര്‍ക്കത്തിനിടെ നിങ്ങളുടെ ചിന്തകളില്‍ സ്ഥാനം ലഭിക്കും. അപ്പോഴും ട്രാക്കു പാടുന്നവനും ഗാനമേളക്കാരനും ഒന്നുമല്ലാതായി തുടരും. അതാണ്, പാട്ടു കേട്ട് ആനന്ദ നൃത്തമാടിക്കഴിഞ്ഞാല്‍ ആസ്വാദകരുടെ ചിന്തകളില്‍പ്പോലും സ്ഥാനമില്ലെന്നതാണ് ഈ തൊഴിലിടത്തിലെ കൊടിയ അനീതി.
ദിവസക്കൂലിക്ക് തൊണ്ട പൊട്ടിച്ച് പണിയെടുക്കുക. പ്രതിഭയെ കുരുതി കൊടുത്ത് കടുത്ത സാമ്പത്തിക അസ്ഥിരതയില്‍ ജീവിക്കുക. ഇതാണ് ഈ കലാകാരന്മാരുടെയൊക്കെ ദുര്യോഗം, അല്ലാതെ തലവര അല്ല. ചിട്ടയല്ലാത്ത ജീവിത രീതികളും മദ്യപാനവും സാമ്പത്തിക അച്ചടക്കമില്ലായ്മായുമൊക്കെ ഈ കലാകാരന്മാരുടെ അധപതനത്തിനു കാരണമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രൊഫഷണലായി വളര്‍ത്തിയെടുത്ത ഗന്ധര്‍വ കരിയറുകളുടെ ഗ്രാഫ് ചൂണ്ടിയാണ് ഈ നിരീക്ഷണം. ഇതൊരു തരം ബ്രാഹ്മണിക് വാദമാണ്.
ജീവിതം കൂട്ടിപ്പിടിക്കാന്‍ പകലുമുഴുവന്‍ മറ്റു ജോലികള്‍ ചെയ്ത് രാത്രിയില്‍ മാത്രം കലാകാരന്മാരാകാന്‍ വിധിക്കപ്പെട്ടവന്റെ ഗതികേടിനോടുള്ള പരിഹാസമാണത്. ഗന്ധര്‍വ്വന്മാര്‍ക്ക് രാവെന്നോ പകലെന്നോ ഭേദമില്ലാതെ ഫുള്‍ ടൈം പാടി നടന്നാല്‍ മതിയാകും. ശബ്ദ മാധുര്യം നിലനിര്‍ത്തുന്നതിനെപ്പറ്റി മാത്രം ചിന്തിച്ചാല്‍ മതിയാകും. പ്രൊഫഷണലായി കരിയറും ജീവിതവുമൊക്കെ മുന്നോട്ടു കൊണ്ടു പോകാന്‍ അവര്‍ക്ക് മാനേജര്‍മാരും ബിസിനസ് പാര്‍ട്ണര്‍മാരുമൊക്കെയുണ്ട്. മോദി രണ്ടു മണിക്കൂറേ ഉറങ്ങാറുള്ളു, നെഹ്രു ഒരു ദിവസം ഇത്ര പേജ് വായിച്ചിരുന്നു എന്നൊക്കെ പറയുന്നതു പോലെ ക്ലീഷേയാണത്.
അപ്പോള്‍ പറഞ്ഞു വരുന്നത് ഈ കലാകാരന്മാര്‍ മദ്യപാനികളാവുന്നുണ്ടെങ്കില്‍, സാമ്പത്തിക അച്ചടക്കമില്ലാത്തവരാണെങ്കില്‍ അവരെ അങ്ങനെയാക്കുന്നത് അവരുടെ ചുറ്റുപാടുകളും സമൂഹവും തന്നെയാണെന്നാണ്. ഒരുകാലത്ത് ഈ ഗായകര്‍ക്ക് വേണ്ടി ട്രൂപ്പുകളും ഉത്സവക്കമ്മിറ്റിക്കാരുമൊക്കെ നെട്ടോട്ടമോടിയിട്ടുണ്ടാകാം. ചിലവഴിച്ച കാശിന്റെ കണക്കും നിരത്താം. പക്ഷേ അതുകൊണ്ടൊന്നും അടിസ്ഥാനപരമായ ഒരു ഗുണവും ഇവര്‍ക്കു ലഭിച്ചില്ല. മാത്രമല്ല ട്രെന്‍ഡിനനുസരിച്ച് ഉപയോഗിച്ച് വലിച്ചെറിഞ്ഞ് അവരുടെ പ്രതിഭയെ നമ്മള്‍ പൂച്ച വിളക്കിലെ എണ്ണ കുടിക്കും പോലെ നക്കിക്കുടിച്ചു. വറ്റിച്ചു.
വടക്കേ മലബാറിലെ ഈ ഗായകരൊന്നും മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ ഇടംനേടാന്‍ സാധിക്കാത്തവരാണെന്ന് ആദ്യം സൂചിപ്പിച്ചു. ജോയി പീറ്ററിനെ തന്നെ എടുത്താല്‍ ഒരഭിമുഖം പോലും അദ്ദേഹത്തിന്‍േറതായി ഒരു ആര്‍ക്കേവ്‌സിലും ഉണ്ടാകില്ല. ആകെയുള്ളത് ഒന്നു രണ്ട് പരിപാടികളുടെ യൂട്യൂബ് വീഡിയോകള്‍ മാത്രം. ഒന്നുകില്‍ തെക്കോട്ടു മാത്രം നോക്കിയിരിക്കുന്ന മാധ്യമങ്ങള്‍ ഇവരെയൊന്നും കണ്ടില്ല. അല്ലെങ്കില്‍ പുതുതലമുറയെപ്പോലെ മാധ്യമങ്ങളെ തേടി അങ്ങോട്ടു ചെല്ലാന്‍ ഇവരുടെയൊന്നും പ്രതിഭ സമ്മതിച്ചുമില്ല. ഗാനമേളയായാലും നാടകമായാലും തെക്കു നിന്നുള്ളതാണ് മികച്ചതെന്നാണല്ലോ പൊതുബോധം. ലജ്ജയോടെ പറയട്ടെ, മരിച്ചു കഴിഞ്ഞപ്പോഴാണ് തന്റെ പഴയ ഹീറോ ആയിരുന്ന ജോയി പീറ്റര്‍ ഒരു തലശേരിക്കാരനായിരുന്നുവെന്ന് ഈ ലേഖകന്‍ പോലും തിരിച്ചറിയുന്നത്. തീവണ്ടിയുടെ താളത്തിനൊപ്പം അയാള്‍ അവസാനം പാടിയത് റഹ്മാനെര്‍യും സിര്‍പ്പിയുടെയുമൊന്നും ഫാസ്റ്റ് നമ്പറുകളായിരിക്കില്ല. ഈ നശിച്ച പൊതുബോധത്തിനെതിരെയുള്ള മുദ്രാവാക്യം വിളിയാവും.