ഭിക്ഷയ്ക്കായി കൈനീട്ടുന്ന ആ സിറിയന്‍ പെണ്‍കുട്ടി ലോകത്തോട് പറയുന്നത്

By Lakshmi Padma  |  First Published Feb 8, 2019, 2:26 PM IST

പാരീസ് ഡ്രീംസ്: ലക്ഷ്മി പദ്മ എഴുതിയ പാരീസ് യാത്രാകുറിപ്പുകള്‍ അവസാനിക്കുന്നു.


ഇപ്പോഴത്തെ ജീവിതരീതി എന്തായാലും അവള്‍ യുദ്ധത്തിന്റെ ഇരയാണ്. സിറിയയിലെ ഏതോ സുന്ദരമായ ഗ്രാമത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചും പഠിച്ചും വളരേണ്ടിയിരുന്നവള്‍.  ഈ തെരുവിലെ കൊടും തണുപ്പില്‍ അവളെ എത്തിച്ചത് അധികാരത്തിനോടും സമ്പത്തിനോടുമുള്ള മനുഷ്യന്റെ അമിതമായ ആസക്തി തന്നെ. ആ കുറ്റത്തില്‍ നിന്ന് ലോകത്തില്‍ ഒരാള്‍ക്കും ഒഴിഞ്ഞു നില്‍ക്കാനാവില്ല. അതുകൊണ്ടുതന്നെ അവളെ പഴിക്കാനും നമുക്കാര്‍ക്കും അവകാശമില്ല. നിരപരാധികളായ സ്ത്രീകളും കുട്ടികളും യുദ്ധത്തില്‍ എങ്ങനെ ഇരയാക്കപ്പെടുന്നു എന്നതിന്റെ ജീവിച്ചിരിക്കുന്ന തെളിവാണ് ആ സിറിയന്‍ പെണ്‍കുട്ടി. 

Latest Videos

പിറ്റേന്ന് ഉല്ലാസത്തിന്റെ ദിവസമായിരുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി ഉല്ലാസവും കളികളും സാഹസിക വിനോദങ്ങളും ഇഷ്ടപ്പെടുന്നവരുടെ ജീവിതത്തില്‍ അവിസ്മരണീയമായ ദിവസങ്ങള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്ന ഡിസ്നി ലാന്റിലേക്കുള്ള യാത്ര. ഇക്കാലത്തിനിടയില്‍ ലോകത്ത് പലയിടത്തും എന്തിന് നമ്മുടെ കേരളത്തില്‍ തന്നെയും പലതരത്തില്‍ പുതുമയുള്ള തീം പാര്‍ക്കുകള്‍ വന്നുകഴിഞ്ഞെങ്കിലും ഡിസ്നിയുടെ പേരും പെരുമയും അതിനു മാത്രമുള്ളതാണ്. അതിലെ റൈഡുകള്‍ക്ക് പഴമ തോന്നിക്കുമെങ്കിലും അതിന്റെ സാഹസികതയ്ക്ക് വേണ്ടത്ര കാഠിന്യമില്ലെന്ന് നിരാശപ്പെടുമെങ്കിലും അതിന്റെ കാല്‍പനിക സൗന്ദര്യവും കെട്ടിടസമുച്ചയങ്ങളുടെ ചാരുതയും നമ്മെ ആകര്‍ഷിക്കാതെ പോകില്ല. അതുതന്നെയാവും ഡിസ്നിയിലെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളോട് രൂപസാദൃശ്യമുള്ള വേഷം ധരിച്ചെത്താന്‍ കുട്ടികളെയും മുതിര്‍ന്നവരെയും പ്രേരിപ്പിക്കുന്നത്. 

ഓഫ് സീസണ്‍ എന്നു വിളിക്കാവുന്ന സമയമായിരുന്നിട്ടുകൂടി ഡിസ്നിയിലെ തിരക്കിനു ഒരു കുറവും കണ്ടില്ല.

ഡിസ്‌നി ലാന്റ് 

കച്ചവടം എന്ന് വേണമെങ്കില്‍ വിമര്‍ശനം ഉന്നയിക്കാമെങ്കിലും ബാല്യത്തിന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളിലേക്കുള്ള മടങ്ങിപ്പോക്ക് എന്നാണ് എനിക്കതിനെ തോന്നിയത്. ഓഫ് സീസണ്‍ എന്നു വിളിക്കാവുന്ന സമയമായിരുന്നിട്ടുകൂടി ഡിസ്നിയിലെ തിരക്കിനു ഒരു കുറവും കണ്ടില്ല. പൂരത്തിന് പോകുന്നതുപോലെയാണ്, ആളുകള്‍ കാലത്ത് തന്നെ ക്രിസ്മസിനു വേണ്ടി പ്രത്യേകം അണിഞ്ഞൊരുങ്ങിയിരിക്കുന്ന ഡിസ്നിയുടെ വാതില്‍ കടന്ന് പൊയ്‌ക്കൊണ്ടിരുന്നത്. ഈ സമയത്ത് ഇത്ര തിരക്കുണ്ടെങ്കില്‍ സീസണില്‍ എങ്ങനെയാവും ഇവിടെയൊന്ന് കാലുകുത്തുക എന്നു സംശയിച്ചു പോയി. തണുപ്പിനൊപ്പം മഴ കൂടി വന്നുപൊതിഞ്ഞ പകലായിരുന്നിട്ടും ഇരുള്‍ വീഴുവോളം ഞങ്ങള്‍ ആ റൈഡുകള്‍ ആസ്വദിച്ചു. മടങ്ങുമ്പോള്‍ യാത്ര സംഘത്തിലെ ഒരാള്‍ 'സംഗതിയൊക്കെ കൊള്ളാം പക്ഷേ നമ്മുടെ വീഗാലാന്റിന്റെ അത്ര വരില്ല' എന്ന് നിരാശപ്പെട്ടു. ഡിസ്നിയ്ക്കു മുന്നിലെ ആകാശം മുട്ടെ വലിപ്പമുള്ള  ക്രിസ്മസ് ട്രീ കണ്ട്, 'ഓ ഇതെന്നതാ, പാലാപ്പള്ളിയ്ക്കു മുന്നിലെ ട്രീ ഒന്നു കാണണം' എന്ന് മറ്റൊരാള്‍ വീമ്പടിച്ചു. അതൊക്കെ കേട്ട് പുഞ്ചിരിക്കാനേ കഴിഞ്ഞുള്ളൂ.

ആ തെരുവിലെ പ്രശാന്തത കൂടുതല്‍ പരിഭ്രമം ജനിപ്പിക്കുന്നതായിരുന്നു.

പാരീസ് തെരുവുകളിലൊന്നില്‍
 

എന്നിട്ടും ശാന്തമാണ് ഈ ഫാഷന്‍ തെരുവ്
ഡിസ്നിയില്‍ നിന്നും പോയത് ഷോസെ ലിസെയിലേക്കായിരുന്നു. പറഞ്ഞുകേട്ട കഥയിലെ ഫാഷന്‍ കേന്ദ്രം. ലോകത്തിലെ എല്ലാ മികച്ച ബ്രാന്റുകളുടെയും ഷോറുമുകള്‍ സ്ഥിതിചെയ്യുന്ന നീളന്‍ തെരുവ്. എന്നാല്‍ ഞങ്ങള്‍ എത്തിയ ദിവസത്തിനു മറ്റൊരു പ്രത്യേകതകൂടി ഉണ്ടായിരുന്നു. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഫ്രാന്‍സിലെ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന 'മഞ്ഞക്കോട്ടുകാര്‍' ഈ തെരുവു കേന്ദ്രീകരിച്ചു നടത്തിവരുന്ന വാരാന്ത്യസമരം  കലാപമായി മാറിയത് അതിനു തൊട്ടു തലേന്നായിരുന്നു.. ഫ്രാന്‍സില്‍ വലിയ പ്രശ്‌നങ്ങള്‍ നടക്കുന്നതായി വാര്‍ത്തകള്‍ വരുന്നു, അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് കേള്‍ക്കുന്നു, അവിടെ നിന്ന് വാര്‍ത്ത വല്ലതും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമോ, സമരം പലപ്പോഴും സംഘര്‍ഷമാകുന്നു,സൂക്ഷിക്കണേ, എന്നിങ്ങനെയുള്ള ആശങ്കകളും ആവശ്യങ്ങളും മുന്നറിയിപ്പുകളും ഞങ്ങള്‍ വിമാനമിറങ്ങിയ ദിവസം മുതല്‍ തന്നെ ലഭിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ പോയ ഇടങ്ങളിലെങ്ങും സമരത്തിന്റെയോ പ്രക്ഷോഭത്തിന്റെയോ ഒരു സൂചനപോലും കാണാനുണ്ടായിരുന്നില്ല. ആ നഗരത്തെക്കുറിച്ച് തന്നെയാണോ ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്ന് സന്ദേഹം തോന്നും വിധത്തില്‍ പ്രശാന്തമായിരുന്നു പാരീസിന്റെ തെരുവുകള്‍. ഷോസെ ലിസെ കുറച്ച് സംഘര്‍ഷഭരിതമായിരിക്കും എന്ന ഉള്‍ഭയത്തോടെയാണ് അങ്ങോട്ട് ചെന്നത്.

എന്നാല്‍ ആ തെരുവിലെ പ്രശാന്തത കൂടുതല്‍ പരിഭ്രമം ജനിപ്പിക്കുന്നതായിരുന്നു. ക്രിസ്മസിനെയും പുതുവത്സരത്തെയും സ്വീകരിക്കുന്നതിനായി ദീപാലങ്കാരങ്ങള്‍ കൊണ്ട് അണിഞ്ഞൊരുങ്ങിയിരിക്കുന്ന സുന്ദരമായ തെരുവ്. പതിവിനു വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചു എന്ന് ഒരുവിധത്തിലും തോന്നാതെ തുറന്നു വച്ചിരിക്കുന്ന ഷോപ്പുകള്‍. അതിന്റെ മുന്നിലൂടെ പതിവുപോലെ നടന്നു നീങ്ങുന്ന ജനങ്ങള്‍. വഴിവക്കിലെ സിമന്റുബെഞ്ചുകളില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്ന കുടുംബങ്ങള്‍, കൂട്ടുകാര്‍, പ്രണയികള്‍. സമരം നടന്ന തെരുവുകളില്‍ അവശിഷ്ടം പോലെ കാണാവുന്ന പോലീസുകാരുടെയോ പട്ടാളക്കാരുടെയോ സാന്നിദ്ധ്യം എവിടെയും കാണാനില്ലായിരുന്നു. തൊട്ടു തലേന്ന് വലിയ കലാപം നടന്ന തെരുവാണ് അതെന്നതിന് ഒരു സൂചനയും കണ്ടെത്താനായില്ല.

പറഞ്ഞുകേട്ട കഥയിലെ ഫാഷന്‍ കേന്ദ്രം

ഷോസ ലിസെ ഫാഷന്‍ തെരുവില്‍

അപരിചിത നഗരങ്ങളില്‍ എത്രവേഗമാണ് സൗഹൃദങ്ങള്‍ പൂവിടുന്നത്!
ആ പ്രശാന്തത സമ്മാനിച്ച സമാധാനത്തിലാണ് പ്രശസ്തമായ ലിഡോ ഷോ കാണാമെന്ന് പെട്ടെന്ന് തീരുമാനിക്കുന്നത്. തിരക്കുപിടിച്ച് ടിക്കറ്റ് കൗണ്ടറില്‍ എത്തിയപ്പോള്‍ ആദ്യ ഷോയുടെ ടിക്കറ്റുകള്‍ തീര്‍ന്നിരിക്കുന്നു. ഞങ്ങള്‍ നിരാശരായില്ല. രണ്ടുമണിക്കൂറുകള്‍ക്ക് ശേഷമുള്ള രണ്ടാമത്തെ ഷോയ്ക്ക് ടിക്കറ്റ് സംഘടിപ്പിച്ചു. അതുവരെ തെരുവിലൂടെ കറങ്ങി. ആ തെരുവിലെ കടകളില്‍ നിരന്നിരിക്കുന്ന പുതുമോഡല്‍ സാധനങ്ങള്‍ മൂന്നാം ലോകരാജ്യത്തു നിന്ന് ചെല്ലുന്ന ഞങ്ങളെപ്പോലുള്ള സഞ്ചാരികള്‍ക്ക് കണ്ടാസ്വദിക്കാന്‍ മാത്രമുള്ളതാണ്. അവ സ്വന്തമാക്കാന്‍ ഒന്നാം ലോകരാജ്യങ്ങളിലെ അതിസമ്പന്നര്‍ വന്നുകൊള്ളും.

ആ കറങ്ങി നടത്തത്തിടെ വഴിയരുകിലെ ബഞ്ചില്‍ വിശ്രമിച്ചപ്പോള്‍ മോറോക്കോയില്‍ നിന്ന് വന്ന യുവദമ്പതികളെ പരിചയപ്പെട്ടു. സൗഹൃദം പങ്കുവയ്ക്കാനും വിശേഷങ്ങള്‍ കൈമാറാനും ഭാഷ ഒരു ഘടകമേയല്ലെന്ന് ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്. ഞങ്ങള്‍ ഇംഗ്ലീഷില്‍ സംസാരിച്ചു. അവര്‍ അറബിയിലും. രണ്ടു കൂട്ടര്‍ക്കും കാര്യം മനസിലായി. എന്നുമാത്രമല്ല അവര്‍ വാട്‌സ് ആപ്പ് വീഡിയോ വിളിച്ച് പ്രായമായ അമ്മയോടും ഞങ്ങളെക്കൊണ്ട് സംസാരിപ്പിച്ചു. അപരിചിത നഗരങ്ങളില്‍ എത്രവേഗമാണ് സൗഹൃദങ്ങള്‍ പൂവിടുന്നത്. ഇനി ഒരിക്കലും തമ്മില്‍ കാണില്ലെന്ന് ഉറപ്പുള്ളവര്‍ ഒന്നിനുമല്ലാതെ പരിചയപ്പെടുകയും വിശേഷങ്ങള്‍ കൈമാറുകയും ജീവിതത്തെക്കുറിച്ച് സംസാരിക്കുകയും ലോകത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നത് എത്ര മനോഹരമാണ്. സാങ്കേതിക വിദ്യകള്‍ നമുക്ക് എച്ച് ഡി ക്ലാരിറ്റിയുള്ള ചിത്രങ്ങളും ഭംഗിയുള്ള കാഴ്ചകളും കൊണ്ടു തരുമെങ്കിലും ഇത്തരം ധന്യമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ യഥാര്‍ത്ഥ യാത്രകള്‍ക്കു മാത്രമേ സാധിക്കൂ.

ലിഡോ ഷോയ്ക്ക് സമയമായിരുന്നു. അവരോട് യാത്ര പറഞ്ഞ് ഞങ്ങള്‍ ഷോ നടക്കുന്ന ഹാളിലേക്ക് നടന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ സംഘങ്ങളായി വന്നുകൊണ്ടേയിരിക്കുന്നു. രണ്ടാം ഷോയും ഹൗസ് ഫുള്‍ ആയിരുന്നെങ്കിലും നേരത്തെ കയറിയതുകൊണ്ട് ആഹാരവും ഷാംപെയിനും ആസ്വദിച്ച്് തടസങ്ങളില്ലാതെ ഷോ കാണാന്‍ പാകത്തില്‍ മികച്ച ഇരിപ്പിടങ്ങള്‍ ലഭിച്ചു. സംഗീതം, നൃത്തം, സര്‍ക്കസ്, സ്‌കേറ്റിംഗ് മറ്റ് അവതരണങ്ങള്‍ എന്നിവയുടെ മനോഹരമായ സമ്മിശ്രണമാണ് ലിഡോ ഷോ. നിമിഷം പ്രതി മാറിമാറി വരുന്ന സ്‌റ്റേജുകളും ഭൂമിക്കടയില്‍ നിന്നും പൊങ്ങിവരുന്ന നൃത്തത്തട്ടുകളും അന്യാദൃശ്യമായ മെയ്വഴക്കമുള്ള കലാകാരന്‍മാരും മികച്ച വെളിച്ച വിന്യാസവുമൊക്കെയായി വ്യത്യസ്തമായ  ഷോ.  1946 ല്‍ ആണ് ഇത് ആരംഭിച്ചത്. പ്രധാന ഇനമായ അര്‍ദ്ധനഗ്‌നരായ പെണ്‍കുട്ടികളുടെ സംഘനൃത്തങ്ങള്‍ തന്നെയാവണം ഇത്ര കാലം അതിനെ ജനപ്രീതിയുള്ള ഒരു ഷോ ആക്കി നിലനിറുത്തിയത്. യാത്രാക്ഷീണവും ഷാംപെയിന്‍ ലഹരിയും ചേര്‍ന്നപ്പോള്‍ സഹസഞ്ചാരി ഷോ പാതിയാവും മുമ്പേ മയക്കത്തിലേക്ക് വീണെങ്കിലും ഓരോ ഇടവേളയിലും ഞെട്ടിയുണര്‍ന്ന് 'സൂപ്പര്‍, സൂപ്പര്‍' എന്ന് കൈയ്യടിച്ച് അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. രണ്ടു മണിക്കൂര്‍  ഷോ അവസാനിച്ച് പുറത്തിറങ്ങിയപ്പോള്‍ 'ജംബോ സര്‍ക്കസ് ഇതിനേക്കാള്‍ കേമമാണെന്ന്' കൂട്ടത്തിലൊരാള്‍ നിരാശപ്പെടുന്നത് കണ്ടു. 

ആ പെണ്‍കുട്ടിയുടെ കണ്ണുകളില്‍ ഞാന്‍ കണ്ടത് അലന്‍ കുര്‍ദിയെയാണ്.

ഭിക്ഷ യാചിക്കുന്ന സിറിയന്‍ പെണ്‍കുട്ടി 

അലന്‍ കുര്‍ദിമാരുടെ തെരുവ്
തണുപ്പു പുതച്ച തെരുവിലൂടെ തിരിച്ചു നടക്കുമ്പോള്‍ കഷ്ടിച്ച് പതിനഞ്ചു വയസ്സു മാത്രം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി തലകുമ്പിട്ടിരുന്ന് ഭിക്ഷയാചിക്കുന്നത് കണ്ടു. അതൊരു സിറിയന്‍ പെണ്‍കുട്ടിയാണെന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാം. പാരീസില്‍ ഒരു പുതിയ കാഴ്ച ആയിരുന്നില്ല അത്.  തെരുവുകളിലൊക്കെ അത്തരം ഭിക്ഷാടകരെ കണ്ടു. മദ്ധ്യപൂര്‍വ്വേഷ്യയില്‍ നിന്നും യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റത്തിനെതിരെ വലിയ ജനവികാരം ഉയര്‍ന്നു വരുമ്പോഴും സിറിയയില്‍ നിന്നുള്ള ഒഴുക്കിനു ഒരു കുറവും വന്നിട്ടില്ല. യുദ്ധമുഖത്തു നിന്നും പ്രാണനും വലിച്ചെടുത്ത് എങ്ങോട്ടെങ്കിലും രക്ഷപ്പെട്ടോടുമ്പോള്‍ അത് അധികൃതമാണോ അനധികൃതമാണോ എന്ന ചിന്തയൊക്കെ സുരക്ഷാകവചങ്ങള്‍ക്കുള്ളില്‍ ജീവിക്കുന്നവരുടെ മാത്രം പ്രശ്‌നമാണ്. അല്ലെങ്കില്‍ അപകടകരമായ ബോട്ടു യാത്രകള്‍ നടത്തി യൂറോപ്പിലെത്തപ്പെടാന്‍ അവര്‍ ശ്രമിക്കില്ലല്ലോ. 

തെരുവിലൂടെ കടന്നു പോകുന്ന ആര്‍ക്കും മുഖം കൊടുക്കാതെ നിറമിഴികളോടെ കൈകൂപ്പിയിരിക്കുന്ന ആ പെണ്‍കുട്ടിയുടെ കണ്ണുകളില്‍ ഞാന്‍ കണ്ടത് അലന്‍ കുര്‍ദിയെയാണ്. ഈ ലോകത്തിനോടു മുഴുവന്‍ പരിഭവിച്ചെന്നോണം മെഡിറ്ററേനിയന്‍ മണല്‍പ്പരപ്പില്‍ മുഖം പൂഴ്ത്തിക്കിടന്ന സിറിയന്‍ കുരുന്ന്.  അവള്‍ അവന്റെ സഹോദരിയോ അവന്‍ തന്നെയോ എന്ന് തോന്നിപ്പോയി. അഭയാര്‍ത്ഥി ക്യാമ്പില്‍ പോലും ഇടം ലഭിക്കാതെ തെരുവില്‍ ഭിക്ഷയാചിക്കാന്‍ വിധിക്കപ്പെട്ട ആ സുന്ദരിക്കുട്ടിയുടെ ജീവിതം അറിയാനുള്ള ഉത്കടമായ ഒരാഗ്രഹം എന്നെ അപ്പോള്‍ വന്നു പൊതിഞ്ഞു. ഇത്തിരിയൊക്കെ ഫ്രഞ്ച് വശമുള്ള സഹസഞ്ചാരിയുടെ സഹായത്തോടെ അവളോട് സംസാരിക്കാന്‍ ശ്രമം നടത്തി നോക്കിയെങ്കിലും അതൊട്ടും ഫലവത്തായില്ല. ഇംഗ്ലീഷിലും ഫ്രഞ്ചിലുമുള്ള ഞങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഒന്നും അറിയില്ല എന്ന മട്ടിലുള്ള തലയാട്ടല്‍ മാത്രമായിരുന്നു മറുപടി. ഞങ്ങള്‍ അവള്‍ക്കരികെ ഇരുന്നപ്പോഴൊക്കെ ആരെയോ ഭയക്കുന്ന പോലെ അവള്‍ ഇരുവശത്തേക്കും പരതി നോക്കുന്നുണ്ടായിരുന്നു.

'ഒന്നും പറയില്ല, അവള്‍ ഭിക്ഷാടന മാഫിയയിലെ ഒരംഗമാണ്. അനുവദിച്ചിരിക്കുന്ന ക്യാമ്പില്‍ പോലും പോകാതെ തെരുവില്‍ തെണ്ടി നടക്കലാണ് ഇവറ്റകള്‍ടെ ശീലം'- കൂട്ടത്തിലെ പതിവു യൂറോപ്പ് സന്ദര്‍ശകന്‍ ഇത്തിരി വിദ്വേഷത്തോടെ പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു മുതിര്‍ന്ന സ്ത്രീ വന്ന് അവളെ ശാസിക്കുകയും അതുവരെ കിട്ടിയ പണം പിടിച്ചു വാങ്ങി എണ്ണി നോക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ അത് ശരിയായിരിക്കാം എന്ന് എനിക്കും തോന്നി. 

എന്നാലും അവളോടുള്ള ദയയും അനുകമ്പയും ഒട്ടും കുറവു വന്നില്ല. ഇപ്പോഴത്തെ ജീവിതരീതി എന്തായാലും അവള്‍ യുദ്ധത്തിന്റെ ഇരയാണ്. സിറിയയിലെ ഏതോ സുന്ദരമായ ഗ്രാമത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചും പഠിച്ചും വളരേണ്ടിയിരുന്നവള്‍.  ഈ തെരുവിലെ കൊടും തണുപ്പില്‍ അവളെ എത്തിച്ചത് അധികാരത്തിനോടും സമ്പത്തിനോടുമുള്ള മനുഷ്യന്റെ അമിതമായ ആസക്തി തന്നെ. ആ കുറ്റത്തില്‍ നിന്ന് ലോകത്തില്‍ ഒരാള്‍ക്കും ഒഴിഞ്ഞു നില്‍ക്കാനാവില്ല. അതുകൊണ്ടുതന്നെ അവളെ പഴിക്കാനും നമുക്കാര്‍ക്കും അവകാശമില്ല. നിരപരാധികളായ സ്ത്രീകളും കുട്ടികളും യുദ്ധത്തില്‍ എങ്ങനെ ഇരയാക്കപ്പെടുന്നു എന്നതിന്റെ ജീവിച്ചിരിക്കുന്ന തെളിവാണ് ആ സിറിയന്‍ പെണ്‍കുട്ടി. 
 
പിന്നീടങ്ങോട്ടുള്ള യൂറോപ്യന്‍ ദിനങ്ങളില്‍ ഓരോ തെരുവുകളിലും അലന്‍ കുര്‍ദിമാരെ കണ്ടുകൊണ്ടേയിരുന്നു. 

(അവസാനിച്ചു) 

ഒന്നാം ഭാഗം: മരംകോച്ചുന്ന തണുപ്പത്ത്, ആ ഡിസംബര്‍ മദ്ധ്യാഹ്നത്തില്‍...
രണ്ടാം ഭാഗം: ആ പ്രലോഭനത്തില്‍ നിന്ന് ഞങ്ങള്‍ക്കും ഒഴിഞ്ഞു നില്ക്കാനായില്ല!

click me!