ആ പ്രലോഭനത്തില്‍ നിന്ന് ഞങ്ങള്‍ക്കും ഒഴിഞ്ഞു നില്ക്കാനായില്ല!

By Lakshmi Padma  |  First Published Feb 7, 2019, 5:45 PM IST

കാറ്റിലാടുന്ന ഈഫല്‍ ടവര്‍. ലക്ഷ്മി പദ്മ എഴുതുന്ന യാത്രാനുഭവങ്ങള്‍. രണ്ടാം ഭാഗം


ചിത്രം ആസ്വദിക്കുന്നതിനേക്കാള്‍, എന്ത് നിഗൂഢതയാണ് ഡാവിഞ്ചി ആ ചിരിയില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്ന് കൗതുകപ്പെടുന്നതിനേക്കാള്‍, വളരെ സാധാരണം എന്ന് തോന്നുന്ന ഒരു ചിത്രം എങ്ങനെയാണ് ചരിത്രത്തില്‍ ഇടം നേടിയത് എന്നന്വേഷിക്കുന്നതിനേക്കാള്‍, താന്‍ ആ മഹാത്ഭുതം കണ്ടുകഴിഞ്ഞിരിക്കുന്നു ലോകമേ, എന്ന്  വിളിച്ചു പറയാനുള്ള വ്യഗ്രതയായിരുന്നു ആ സെല്‍ഫിനില്‍പ്പുകളില്‍ കാണാനായത്. ആ പ്രലോഭനത്തില്‍ നിന്ന് ഞങ്ങള്‍ക്കും ഒഴിഞ്ഞു നില്ക്കാനായില്ല. 

Latest Videos

ആ രാത്രി തന്നെ ഞങ്ങള്‍ ഈഫല്‍ ടവറിലേക്ക് പുറപ്പെട്ടു. 130 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1889 ല്‍ നടത്തപ്പെട്ട വേള്‍ഡ് ഫെയറിന്റെ കവാടമെന്ന നിലയില്‍ പണികഴിക്കപ്പെട്ട,  ഇരുമ്പില്‍ തീര്‍ത്ത ഈ ഉയരവിസ്മയം രാത്രി കാണുന്നതാണ് നല്ലത് എന്ന് ചിലര്‍ ഉപദേശം തന്നതിനാലാണ് ആ രാത്രിതന്നെ ഇറങ്ങിയത്. ആ തീരുമാനം നന്നായെന്ന് പിന്നെ തോന്നുകയും ചെയ്തു. പുതിയ കാലത്ത് ഉയരമുള്ള കെട്ടിടങ്ങള്‍ അത്ര അത്ഭുതം വിതയ്ക്കുന്നില്ല. എങ്കിലും ഈഫല്‍ ടവര്‍ മനുഷ്യരില്‍ കൗതുകവും അമ്പരപ്പും വിതച്ചുകൊണ്ടേയിരിക്കുന്നു. വെറും ഉയരം മാത്രമല്ല ഈഫലിനെ ലോകവിസ്മയമാക്കുന്നതെന്ന് നേര്‍ത്ത നിലാവുള്ള ആ രാത്രി മനസിലാക്കിത്തന്നു. ദൂരക്കാഴ്ചയില്‍, അതിന്റെ രൂപഭംഗി സമാനതകളില്ലാത്തതാണ്. സമീപക്കാഴ്ചയിലെ വലുപ്പം അദ്ഭുതപ്പെടുത്തുന്നതും. രാത്രികാലങ്ങളില്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് അഞ്ചു മിനിറ്റുനേരം അതില്‍ മിന്നിക്കളിക്കുന്ന സ്വര്‍ണ്ണ വെളിച്ചം ആ കാഴ്ചയുടെ ചാരുത വര്‍ദ്ധിപ്പിക്കുന്നു. കാഴ്ചയുടെ എല്ലാ ആനന്ദങ്ങളിലേക്കും നമ്മെ ചേര്‍ത്തുവെയ്ക്കുന്നു. 

രാത്രികളില്‍ ഓരോ മണിക്കൂര്‍ ഇടവിട്ട്  മിന്നിക്കളിക്കുന്ന സ്വര്‍ണ്ണ വെളിച്ചം ആ കാഴ്ചയുടെ ചാരുത വര്‍ദ്ധിപ്പിക്കുന്നു

ഈഫല്‍ ടവര്‍

ടവറിന്റെ നൂറ്റിയെട്ടാം നിലയിലേക്ക് 1710 പടികളുണ്ട്. അവയത്രയും ചവുട്ടിക്കയറി, ഓരോ പടിയില്‍ നിന്നും പാരീസിനെ കണ്ടാസ്വദിച്ചുവേണം മുകളിലെത്താന്‍. ഇതായിരുന്നു ഉള്ളിലിരിപ്പ്. എന്നാല്‍, രണ്ടാം നിലവരെ മാത്രമേ ഇപ്പോള്‍ പടി കയറ്റം അനുവദിക്കുന്നുള്ളൂ. ബാക്കി ലിഫ്റ്റ് കൊണ്ടുപോവും.  ആ ഉയരത്തില്‍ നിന്ന് പാരീസിനെ കണ്ടറിയുന്നതിന്റെ അനുഭൂതിയുടെ ആഴം തിരിച്ചറിഞ്ഞാവണം ഡിസൈനര്‍ ഗുസ്താവ് ഈഫല്‍,  ഒരു തുറന്ന തട്ടും തനിക്കു മാത്രമായി ഒരു കുഞ്ഞ് അപ്പാര്‍ട്ട്‌മെന്റും അവിടെ ഒരുക്കിയത്. ചീറിയടിക്കുന്ന കാറ്റില്‍ ടവര്‍ പതിയെ ആടുന്നത് ആ മുകള്‍ത്തട്ടില്‍ നില്‍ക്കുമ്പോള്‍ അനുഭവിക്കാന്‍ കഴിയും. ആദ്യം ചെറിയ ഭയം തോന്നുമെങ്കിലും ചുറ്റുമുള്ള കാഴ്ചകള്‍ നമ്മെ ഭയത്തില്‍നിന്നടര്‍ത്തി വിസ്മയങ്ങളുടെ മറ്റൊരു ആകാശത്തേക്ക് കൊണ്ടുപോവും സെന്‍ നദിയിലൂടെ കടന്നു പോകുന്ന യാനങ്ങള്‍.  വെളിച്ചത്തില്‍ കുളിച്ചു നില്ക്കുന്ന നോത്രദാം കത്തീഡ്രല്‍. വാസ്തുവിദ്യയുടെ മാസ്മരികത വെളിവാക്കുന്ന സ്മാരക മന്ദിരങ്ങള്‍. നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ വിജയസ്മാരകമായ ആര്‍ക്ക് ദെ ട്രിയോഫ് എന്ന കവാടം.  വ്യത്യസ്ത മാതൃകകളില്‍ പണിഞ്ഞ ചാരുതയേറിയ പാലങ്ങള്‍. അതിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍. അനന്തതയിലേക്ക് പടര്‍ന്നു കിടക്കുന്ന കെട്ടിടങ്ങള്‍. മഞ്ഞവെളിച്ചത്തില്‍ മുങ്ങിക്കിടക്കുന്നു, നിഗൂഢതയും സൗന്ദര്യവും ചേര്‍ന്നുനില്‍ക്കുന്ന ഈ നഗരം.

മഞ്ഞുതിരശ്ശീല
ഇടയ്ക്കിടെ പെയ്തിറങ്ങുന്ന മഞ്ഞ് ഒരു നിമിഷത്തേക്ക് കാഴ്ചകളുടെ മേല്‍ മങ്ങിയ മൂടുപടം വിരിക്കും. പെട്ടെന്ന് കാറ്റ് വന്ന് അതിനെ എങ്ങോട്ടോ വാരിയെടുത്തുകൊണ്ടു പോകും. വീണ്ടും കാഴ്ചകള്‍ തെളിയും. വീണ്ടും മഞ്ഞ് വരും. മഞ്ഞും കാറ്റും വെളിച്ചവും തമ്മിലുള്ള ആ ഒളിച്ചുകളി പിന്നെയും തുടരും.  കൊടും തണുപ്പും ചീറിയടിക്കുന്ന കാറ്റും പെയ്തിറങ്ങുന്ന മഞ്ഞും ഒട്ടും വക വയ്ക്കാതെ ഏറെനേരം ഞങ്ങള്‍ ആ കാഴ്ചകളില്‍ മനം മയങ്ങി നിന്നു. വീഡിയോകളായും ചിത്രങ്ങളായും ആ ദൃശ്യങ്ങളുടെ ചാരുത ഒപ്പിയെടുക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും നേര്‍ക്കാഴ്ചകള്‍ക്ക് പകരമാവില്ലെന്ന് ആ ലിഫ്റ്റില്‍ താഴേക്ക് സഞ്ചരിക്കുമ്പോള്‍ ഞാനൊരിക്കല്‍ കൂടി തിരിച്ചറിഞ്ഞു.  താഴെ എത്തിയിട്ടും ആ ഉയരവിസ്മയം കണ്ടുമതിയായില്ല. പിന്നെയും ഞങ്ങള്‍ തെരുവിന്റെ പല കോണുകളില്‍ നിന്ന്, മറ്റ് കെട്ടിടങ്ങള്‍ അതിന്റെ കാഴ്ച മറയ്ക്കും വരേയും, ചാഞ്ഞും ചരിഞ്ഞും നോക്കിക്കൊണ്ടേയിരുന്നു.

പുറത്തിറങ്ങിയപ്പോള്‍ ആഫ്രിക്കക്കാരനായ ഒരു തെരുവു കച്ചവടക്കാരന്‍ പിന്നാലെ കൂടി.  കണ്ണു നിറയെ ചിരിയുള്ള ഒരു മനുഷ്യന്‍. ഈഫലിന്റെ ചെറുരൂപങ്ങളും കീ ചെയ്‌നുകളും മറ്റും വില്‍ക്കുന്ന അയാള്‍ ഒരു നിമിഷം കൊണ്ട് ഞങ്ങള്‍ ഇന്ത്യാക്കാരാണെന്ന് തിരിച്ചറിഞ്ഞു. അമിതാബ് ബച്ചനെയും ഷോലെയും ഷാറൂഖ് ഖാനെയും അറിയാമെന്ന് അയാള്‍ ആവേശഭരിതനായി. പിന്നെ എതോ ഹിന്ദി സിനിമയിലെ രണ്ടുവരി ഗാനം മൂളി. ഇന്ത്യയുടെ സൗന്ദര്യത്തെക്കുറിച്ചും ഇന്ത്യക്കാരുടെ നന്മയെക്കുറിച്ചും അയാള്‍ വാതോരാതെ സംസാരിച്ചു.  ആവശ്യമുള്ളതിലധികം കീ ചെയിനുകള്‍ പിടിച്ചേല്‍പ്പിച്ച ശേഷമാണ് ഈഫല്‍ പരിസരം വിട്ടുപോകാന്‍ അയാള്‍ ഞങ്ങളെ അനുവദിച്ചത്. അല്ലെങ്കിലും ടൂറിസ്റ്റ് സ്ഥലങ്ങളിലെ കച്ചവടക്കാര്‍ക്കറിയാം എങ്ങനെയാണ് ഒരു ടൂറിസ്റ്റിനെ പുകഴ്ത്തി വീഴ്‌ത്തേണ്ടതെന്ന്! 

ആഹാരത്തിന് കയറിയത് ഒരു തമിഴ് ചെറുപ്പക്കാരന്റെ ചെറിയ റെസ്‌റ്റോറന്റില്‍.

സുദന്റെ റസ്‌റ്റോറന്റില്‍
 

രാത്രി തണുപ്പുണ്ടായിരുന്നെങ്കിലും മുറിയില്‍ കയറി ചടഞ്ഞിരിക്കാന്‍ തോന്നിയില്ല, പകരം കൂട്ടുകാര്‍ക്കൊപ്പം പാരീസിന്റെ ആള്‍ത്തിരക്കില്ലാത്ത തെരുവുകളിലൂടെ വര്‍ത്തമാനം പറഞ്ഞ് നടന്നു. ആഹാരത്തിന് കയറിയത് ഒരു തമിഴ് ചെറുപ്പക്കാരന്റെ ചെറിയ റെസ്‌റ്റോറന്റില്‍. ഇംഗ്ലീഷ് അത്രയൊന്നും വശമില്ല അയാള്‍ക്ക്. പേര് സുദന്‍. ഇരുപത് വരുഷം മുന്‍പ്, ശ്രീലങ്കന്‍ ആഭ്യന്തര കലാപം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്ത് ഫ്രാന്‍സിലേക്ക് കുടിയേറിയതാണ്. പിന്നെ നാട്ടിലേക്ക് തിരിച്ചു പോകാന്‍ കഴിഞ്ഞിട്ടില്ല. അതിനവന്‍ ആഗ്രഹിക്കുന്നുമില്ല. എന്നിട്ടും ഞങ്ങളില്‍ ചിലരുടെ മുറിഞ്ഞ തമിഴ് സംസാരം അവനെ വല്ലാത്ത ഗൃഹാതുരതയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത് അനുഭവിച്ചറിയാന്‍ കഴിയുമായിരുന്നു. ഒരു കഷണം ഉപ്പിലിട്ട പച്ചമീനും എ. ആര്‍. റഹ്മാന്റെ സംഗീതവും പകരം തന്ന് അവന്‍ നന്ദി പ്രകടിപ്പിച്ചു. കൂട്ടത്തില്‍ പലരും പച്ചമീനിന്റെ മുന്നില്‍ മടിച്ചു നിന്നെങ്കിലും 'നടുക്കഷണം' തിയറി പറഞ്ഞ് ഞാനത് ആസ്വദിച്ചുകഴിച്ചു. അതിര്‍ത്തികളാല്‍ അകലെയെങ്കിലും ഭാഷകൊണ്ട് അരികില്‍നില്‍ക്കുന്ന കുറച്ചുമനുഷ്യരെ നേരില്‍ കണ്ട സന്തോഷം മടങ്ങും വരെ അവന്റെകണ്ണുകളില്‍ തെളിഞ്ഞു നിന്നു. അതിലും മനോഹരമായി പാരീസിലെ ആദ്യദിനം സമ്പന്നമാക്കുവാന്‍ ഞങ്ങള്‍ക്കാവില്ലായിരുന്നു.

ഒരു കുഞ്ഞു ചിത്രം! അതിനു മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന നൂറുകണക്കിനു മൊബൈല്‍ ക്യാമറകള്‍.


മൊണാലിസയ്ക്കു മുന്നില്‍ ചിത്രം പകര്‍ത്താനുള്ള തിരക്ക് 

സെല്‍ഫികളില്‍ മൊണാലിസ
പാരീസില്‍ ചെന്നാല്‍ ലൂവെ (Louvre) മ്യൂസിയം സന്ദര്‍ശിക്കാതെയും മൊണാലിസയെ കാണാതെയും എങ്ങനെയാണ് മടങ്ങുക? 

പിറ്റേന്ന് അവധിദിനമായിരുന്നതിനാല്‍ മ്യൂസിയത്തിലെ പ്രവേശനം സൗജന്യമായിരുന്നു. അത് തരപ്പെടുത്തുക എന്ന മലയാളീശീലം മാത്രമായിരുന്നില്ല അന്ന് കാലത്തേ ഞങ്ങളെ നീണ്ട ക്യൂവില്‍ എത്തിച്ചത്. പിറ്റേന്ന് പോകാന്‍ പദ്ധതിയിട്ട ഡിസ്നി ലാന്റിലെ അവധിദിന തിരക്ക് ഒഴിവാക്കുക എന്ന ആഗ്രഹവും അതിന് പിന്നിലുണ്ടായിരുന്നു. ഏതാണ്ട് ഒരു മണിക്കൂറിലധികം ക്യൂ നിന്ന ശേഷമാണ് മ്യൂസിയത്തിനുള്ളില്‍ കയറിപ്പറ്റാന്‍ ഞങ്ങള്‍ക്കായത്. അതിന്റെ വിസൃതിയും ശേഖരണങ്ങളിലെ വൈപുല്യവും അമ്പരപ്പിക്കുന്നതാണ്. ഒന്നോ രണ്ടോ ദിവസം കൊണ്ടൊന്നും കണ്ടു തീരില്ല ലൂവെ. അതിനാല്‍, പ്രധാനപ്പെട്ട ചില ചിത്രങ്ങളും ശില്‍പങ്ങളും മാത്രം കണ്ട് പുറത്തിറങ്ങാനായിരുന്നു പദ്ധതി. 

മൊണാലിസയ്ക്ക് തന്നെയായിരുന്നു പ്രധാന പരിഗണന. ഒരു വലിയ ചിത്രം പ്രതീക്ഷിച്ച് ആ ഹാളിലേക്ക് ചെന്നപ്പോള്‍ അങ്ങ് ദൂരെ ഭിത്തിയില്‍, കഷ്ടിച്ച് ഒരടി നീളവും അതില്‍ താഴെ മാത്രം വീതിയുമുള്ള ഒരു കുഞ്ഞു ചിത്രം! അതിനു മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന നൂറുകണക്കിനു മൊബൈല്‍ ക്യാമറകള്‍. ലോകത്ത് ഏറ്റവും അധികം അറിയപ്പെടുന്ന, ഏറ്റവും ആളുകള്‍ കണ്ട, ഏറെ എഴുതപ്പെട്ട, ഏറ്റവും അധികം പാട്ടായിമാറിയ, ഏറ്റവുമേറെ അനുകരിക്കപ്പെട്ട, ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ഇന്‍ഷുര്‍ ചെയ്യപ്പെട്ട മഹത്തായ കലാസൃഷ്ടി സ്വന്തം മൊബൈലില്‍ പകര്‍ത്താനും അതിനു മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാനുമുള്ള തിരക്കാണത്. 

ആ പ്രലോഭനത്തില്‍ നിന്ന് ഞങ്ങള്‍ക്കും ഒഴിഞ്ഞു നില്ക്കാനായില്ല.

മൊണാലിസയ്ക്കു മുന്നിലെ സെല്‍ഫി
 

ചിത്രം ആസ്വദിക്കുന്നതിനേക്കാള്‍, എന്ത് നിഗൂഢതയാണ് ഡാവിഞ്ചി ആ ചിരിയില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്ന് കൗതുകപ്പെടുന്നതിനേക്കാള്‍, വളരെ സാധാരണം എന്ന് തോന്നുന്ന ഒരു ചിത്രം എങ്ങനെയാണ് ചരിത്രത്തില്‍ ഇടം നേടിയത് എന്നന്വേഷിക്കുന്നതിനേക്കാള്‍, താന്‍ ആ മഹാത്ഭുതം കണ്ടുകഴിഞ്ഞിരിക്കുന്നു ലോകമേ, എന്ന്  വിളിച്ചു പറയാനുള്ള വ്യഗ്രതയായിരുന്നു ആ സെല്‍ഫിനില്‍പ്പുകളില്‍ കാണാനായത്. ആ പ്രലോഭനത്തില്‍ നിന്ന് ഞങ്ങള്‍ക്കും ഒഴിഞ്ഞു നില്ക്കാനായില്ല. ജനക്കൂട്ടത്തിനെ വകഞ്ഞുമാറ്റി അനുവദിക്കപ്പെട്ടിട്ടുള്ളതിന്റെ ഏറ്റവും അടുത്തുവരെ ഞങ്ങളും വല്ലവിധത്തിലും എത്തിച്ചേര്‍ന്നു. ചിത്രം കണ്ടാസ്വദിച്ചു നില്‍ക്കാനൊന്നും ആരും അനുവദിക്കില്ല, ചില ക്ഷേത്രങ്ങളിലെ ദര്‍ശനം പോലെ, ചിത്രമെടുക്കുക, വേഗം അടുത്തയാളിന് ഇടം ഒഴിഞ്ഞു കൊടുക്കുക! 

തുടര്‍ന്ന് വിശ്വപ്രസിദ്ധ ചിത്രകാരന്‍മാരുടെയും ശില്പികളുടെയും അതിപ്രശസ്തങ്ങളായ ചിത്രങ്ങള്‍ കണ്ടു. The winged victory of Samothrace, Liberty leading the people, The venus de milo, The raft of the medusa, The wedding at cana, The coronation of napoleon, The Turkish Bath തുടങ്ങിയ കലാസൃഷ്ടികള്‍. 

ചരിത്രത്തില്‍ ഇടം പിടിച്ച കഫേകളില്‍ ഒന്നാണ് നഗരത്തിനു നടുവിലുള്ള ലെ ഡൊ മഗോ

ലെ ഡൊ മഗോ (Les Deux Magots). 

ചിന്തകള്‍ക്ക് ഒരിടം
അന്ന് കലയ്ക്കും സാഹിത്യത്തിനുമുള്ള ദിവസമായിരുന്നു, ബാക്കി സമയം കൂടി അതിനുവേണ്ടി ചിലവിടാന്‍ തീരുമാനിച്ചു. ഓരോ നഗരത്തിലും കലാകാരന്‍മാരും സാഹിത്യകാരന്മാരും ഒത്തുകൂടുന്ന പതിവ് താവളങ്ങളുണ്ടാവും. പിന്നീട് ചരിത്രത്തെ സ്വാധീനിച്ച പല ചിന്തകള്‍ക്കും കലാസൃഷ്ടികള്‍ക്കും സാഹിത്യരചനകള്‍ക്കും അരങ്ങായി മാറിയ ഇടങ്ങള്‍. പാരീസിലെ 'ലാ റൊതോണ്ട' പോലെയോ, സെയ്ന്റ് പീറ്റേഴ്‌സ് ബര്‍ഗ്ഗിലെ' ദ ലിറ്റററി കഫേ' പോലെയോ, പ്രാഗിലെ 'കഫേ മോണ്‍മാര്‍ച്ച' പോലെയോ എഡിന്‍ബറൊയിലെ 'ദി എലിഫന്റ് ഹൗസ്' പോലെയോ ഒക്കെ ചരിത്രത്തില്‍ ഇടം പിടിച്ച കഫേകളില്‍ ഒന്നാണ് നഗരത്തിനു നടുവിലുള്ള ലെ ഡൊ മഗോ (Les Deux Magots). 

പാരീസില്‍ പോയാല്‍ എവിടെയൊക്കെ പോകണം എന്നന്വേഷിച്ചപ്പോള്‍  നാട്ടിലെ സുഹൃത്തുക്കള്‍ ഒന്നുപോലെ പറഞ്ഞ ഇടമായിരുന്നു അത്. ഹെമിംഗ് വേ, ആല്‍ബര്‍ കാമു, പാബ്ലോ പിക്കാസോ, ജെയിംസ് ജോയ്‌സ്, ബര്‍തോള്‍ത് ബ്രഹ്ത്, സിമോണ്‍ ദ് ബുവ, ഴാങ് പോള്‍ സാര്‍ത്ര് തുടങ്ങി അനേകം ചിന്തകരുടെയും കലാകാരന്മാരുടെയും എഴുത്തുകാരുടെയും സ്ഥിരം താവളം. വെറുമൊരു കഫേ എന്നതിനേക്കാള്‍ അതിപ്പോള്‍ ഒരു കലാസാംസ്‌കാരിക കേന്ദ്രം. വര്‍ഷം തോറും അവര്‍ ഒരു സാഹിത്യപുരസ്‌കാരവും നല്‍കി വരുന്നു. അവിടെ ചെന്നിരുന്ന് ഒരു കട്ടന്‍ ചായ മോന്തിയപ്പോള്‍ ആ കലാസാഹിത്യ ചരിത്രത്തിന്റെ ഭാഗമായല്ലോ എന്ന അഭിമാനം ഉള്ളിലുണ്ടായി. 

(മൂന്നാം ഭാഗം നാളെ)

ആദ്യ ഭാഗം: മരംകോച്ചുന്ന തണുപ്പത്ത്, ആ ഡിസംബര്‍ മദ്ധ്യാഹ്നത്തില്‍...
 

click me!