അഞ്ച് മിനിട്ടു കഴിഞ്ഞപ്പോള്‍, സംഭാഷണത്തിന്റെ ഗതി മാറി, സ്വകാര്യ ഫോട്ടോ അയച്ചു കൊടുക്കാനുള്ള ചോദ്യം മുതല്‍ പിന്നീടുള്ള രണ്ടു ദിവസത്തേക്ക് മെസ്സഞ്ചറിലേക്ക് കോളുകളുടെ പ്രവാഹവും ആയിരുന്നു. ഞാന്‍ ഇത് പ്രതീക്ഷിച്ചിരുന്നത് കൊണ്ട് ബ്ലോക്ക് ചെയ്ത ശല്യം ഒഴിവാക്കി.
പേടിക്കണ്ട, നിങ്ങള്‍ ശരിയായി തന്നെയാണ് തലക്കെട്ടു വായിച്ചത്. കഴിഞ്ഞ ആഴ്ച എനിക്കുണ്ടായ ഒരു വിചിത്ര അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ആണീ കുറിപ്പ്.
undefined
എന്റെ ഭാര്യയും ഉമ്മയും കൂടി നില്‍ക്കുന്ന ഒരു ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആയി ഇട്ട ആഴ്ച, ഞാന്‍ ഒരു സ്ത്രീ ആണെന്ന് കരുതി രണ്ടു പേര്‍ എന്നോട് മെസ്സഞ്ചറില്‍ ചാറ്റ് ചെയ്തു :) ആദ്യത്തെ ആളോട് ഹലോ എവിടെയാണ് എന്നൊക്കെ പറഞ്ഞതിന് ശേഷം എന്നോട് ഭര്‍ത്താവ് വീട്ടില്‍ വന്നില്ലേ എന്ന് ചോദിച്ചപ്പോഴാണ്, ഇങ്ങേര്‍ ഞാന്‍ ഒരു പെണ്ണാണ് എന്ന് വിചാരിച്ചാണ് ചാറ്റ് ചെയ്യുന്നത് എന്ന് മനസിലായത്. ഇതെങ്ങോട്ടാണ് പോകുന്നത് എന്നറിയാനുള്ള കൗതുകത്തിന് ഞാന്‍ തിരുത്താനും പോയില്ല. പക്ഷെ അഞ്ച് മിനിട്ടു കഴിഞ്ഞപ്പോള്‍, സംഭാഷണത്തിന്റെ ഗതി മാറി, സ്വകാര്യ ഫോട്ടോ അയച്ചു കൊടുക്കാനുള്ള ചോദ്യം മുതല്‍ പിന്നീടുള്ള രണ്ടു ദിവസത്തേക്ക് മെസ്സഞ്ചറിലേക്ക് കോളുകളുടെ പ്രവാഹവും ആയിരുന്നു. ഞാന്‍ ഇത് പ്രതീക്ഷിച്ചിരുന്നത് കൊണ്ട് ബ്ലോക്ക് ചെയ്ത ശല്യം ഒഴിവാക്കി.
രണ്ടാമത്തെ ആള്‍ പക്ഷെ കുറച്ചു കൂടി ദയവു കാണിച്ചു. 'നിങ്ങള്‍ പുരുഷനാണോ സ്ത്രീയാണോ എന്ന ചോദ്യത്തിലാണ് ചാറ്റ് തുടങ്ങിയത്'. പേര് പോലും വായിക്കാതെ പ്രൊഫൈല്‍ ഫോട്ടോ നോക്കിയുള്ള ചാറ്റ് ആണെങ്കിലും, ഞാന്‍ ഫേക്ക് അല്ലെന്ന്‌ന ഉറപ്പിക്കാന്‍ ആയിരിക്കും ഈ ചോദ്യം. ഞാന്‍ സ്ത്രീയാണ് എന്ന് പറഞ്ഞപാടെ അശ്‌ളീല സംഭാഷങ്ങളുടെ കുത്തൊഴുക്കായിരുന്നു. ഉടനെ എറണാകുളം ലുലു മാളില്‍ നമുക്ക് കാണാം എന്ന് വരെ എത്തി കാര്യങ്ങള്‍. ഭാര്യ പ്രസവത്തിന് വീട്ടില്‍ പോയിരിക്കുന്ന ഒരാളാണ് ഈ ദേഹം. ബ്ലോക്ക് ചെയ്യുന്നതിന് മുന്‍പ് അശ്‌ളീല ചിത്രങ്ങളും ഇന്‍ബോക്‌സില്‍ കുറെ കിട്ടി.
ഈ അനുഭവം ഫേസ്ബുക് തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഉള്ള സ്ത്രീകളുടെ കാര്യം എത്ര കഷ്ടമാണ് എന്ന് എന്നെ പഠിപ്പിച്ചു. ഏതെങ്കിലും ഫോണ്‍ നമ്പര്‍ വിളിച്ചിട്ടു എടുക്കുന്നത് സ്ത്രീയാണെങ്കില്‍ ബന്ധം സ്ഥാപിക്കുന്നത് മുതല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യുന്ന കടയില്‍ നിന്ന് ഫോണ്‍ നമ്പര്‍ പൈസ കൊടുത്തു വാങ്ങിച്ചു വിളിക്കുന്നവര്‍ വരെ. ഇത്തരക്കാര്‍ വലിയ ശല്യം ആയി മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സ്ത്രീകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നത് തടയുന്നതും ഇവരാണ്. അമ്പലത്തിന്റെയും പള്ളിയുടെയും ചിത്രം മുതല്‍ വീട്ടില്‍ ബര്‍ത്‌ഡേ ആഘോഷിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും ആയുള്ള ചിത്രങ്ങള്‍ എല്ലാം ഉള്ള സാധാരണ മലയാളീ പ്രൊഫൈലില്‍ നിന്നാണ് ഇത്തരം അനുഭവം എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. അപ്പോള്‍ ഇങ്ങിനെ ചെയ്യുന്നവര്‍ നമ്മളുടെ ഇടയില്‍ തന്നെ ഉള്ളവരാണ്. അതുകൊണ്ടാണ് ഇത്തവണ ലൈംഗികതയെ കുറിച്ച് എഴുതാം എന്ന് കരുതിയത്.
സ്ത്രീയാണ് എന്ന് പറഞ്ഞപാടെ അശ്‌ളീല സംഭാഷങ്ങളുടെ കുത്തൊഴുക്കായിരുന്നു
കുറച്ച് ചരിത്രം
ഇന്ത്യയില്‍ മാത്രമല്ല പല വികസിത രാജ്യങ്ങളില്‍ പോലും ലൈംഗികതയെകുറിച്ച കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ട് അധികം നാളുകള്‍ ആയിട്ടില്ല. ഇതിനെ കുറിച്ച് ശാസ്ത്രീയമായി പ്രധാനപ്പെട്ട ആദ്യ പഠനം നടത്തിയത് ആല്‍ഫ്രഡ് കിന്‍സി ആണ്. 1948 ല്‍ ഏതാണ്ട് പതിനായിരത്തോളം സ്ത്രീപുരുഷന്മാരെ ഇന്റര്‍വ്യൂ ചെയ്തു പ്രസിദ്ധീകരിച്ച കിന്‍സി റിപ്പോര്‍ട്ടില്‍ ആണ് പ്രസിദ്ധമായ കിന്‍സി സ്‌കെയില്‍ അദ്ദേഹം ആദ്യമായി പരിചയപ്പെടുത്തുന്നത്.
ജീവശാത്രപരമായി നിങ്ങള്‍ ആണോ പെണ്ണോ ആയിരുന്നാല്‍ പോലും മാനസികം ആയി ആരും നൂറു ശതമാനം ആണോ പെണ്ണോ ആയിരിക്കണം എന്നില്ല എന്ന അന്നത്തെ കാലത്തെ വിപ്ലവകരമായ കണ്ടു പിടുത്തം ആണ് അദ്ദേഹം നടത്തിയത്. 0 (പൂര്‍ണമായും എതിര്‍ ലിംഗത്തെ ഇഷ്ടപ്പെടുന്നവര്‍) മുതല്‍ 6 (പൂര്‍ണമായും സ്വവര്‍ഗ്ഗത്തെ ഇഷ്ടപ്പെടുന്നവര്‍) വരെയുള്ള സ്‌കെയിലില്‍ എവിടെ വേണമെങ്കിലും ആവാം നമ്മുടെ ഓരോരുത്തരുടെയും നില. പൂര്‍ണമായും സ്ത്രീയോ പുരുഷനോ ആവണം എന്നില്ല എന്നര്‍ത്ഥം. മാത്രമല്ല ശാരീരികമായി പുരുഷന്‍ ആയിട്ടുള്ള ഒരാള്‍ മാനസികമായി സ്ത്രീയായിരിക്കാം, മറിച്ചും സംഭവിക്കാം. ഇന്ന് ഇക്കാര്യങ്ങള്‍ക്ക് വളരെ വ്യക്തത ഉണ്ടെന്നു മാത്രമല്ല, സമൂഹം ഇങ്ങിനെ ഉള്ളവരെ അംഗീകരിച്ചും തുടങ്ങി എങ്കിലും, അന്ന് ഇതൊരു വിപ്ലവകരമായ കാര്യം ആയിരുന്നു. അന്നുവരെ ഒരു രോഗമായോ , വളര്‍ത്തു ദോഷമായോ കണ്ടിരുന്ന ഇത്തരം കാര്യങ്ങള്‍ ശാസ്ത്രീയമായി ജനനസമയത്ത് തന്നെ രൂപം കൊണ്ട ഒന്നാണെന്നും കിന്‍സി കണ്ടു പിടിച്ചു. ചാന്തുപൊട്ട് എന്ന സിനിമയിലെ ദിലീപിന്റെ കഥാപാത്രം ചെറുപ്പത്തില്‍ പെണ്‍കുട്ടിയുടെ വേഷം കെട്ടിയതു കൊണ്ടല്ല അങ്ങിനെ ആയിപോയത് എന്ന ചുരുക്കം.
ഇതിനു ശേഷം പിന്നീട് ലൈംഗികതയെകുറിച്ചു നടന്ന പഠനം വില്യം മാസ്റ്റേഴ്‌സും വിര്‍ജീനിയ ജോണ്‍സണും നടത്തിയത് ആണ്. പതിനായിരത്തോളം ആളുകള്‍, ശരീരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ കുറിച്ച് അറിയാന്‍ ദേഹത്തു വയര്‍ എല്ലാം ഘടിപ്പിച്ചു, ലാബില്‍ നടത്തിയ ലൈംഗിക ബന്ധങ്ങളെ ശാസ്ത്രീയമായി നിരീക്ഷിച്ചു ഉള്ള പഠനം ആണ് ഇവര്‍ നടത്തിയത്. ഇവര്‍ 1966 ല്‍ പുറത്തു വിട്ട Human Sexual Response എന്ന പുസ്തകം ഇന്നും ഈ വിഷയത്തില്‍ ഒരു ക്ലാസിക് ആണ്. ഇവരുടെ പ്രധാനപ്പെട്ട നിരീക്ഷണങ്ങള്‍ താഴെ.
ഇന്ന് ഇതൊക്കെ സാധാരണമായി തോന്നാമെങ്കിലും 1966 ല്‍ അമേരിക്കയില്‍ വരെ വിപ്ലവകരമായ വിവരങ്ങള്‍ ആയിരുന്നു. ഇത് അമേരിക്കയില്‍ നടന്ന പഠനം ആണ്, വിവാഹത്തിന് മുന്‍പുള്ള ലൈംഗിക വേഴ്ചകളുടെ കാര്യത്തില്‍ ഒരു പക്ഷെ നമ്മുടെ നാട്ടില്‍ വ്യത്യാസം ഉണ്ടാവാം, പക്ഷെ ഇതുപോലെ വിശദമായ ഒരു പഠനം ഇന്ത്യയില്‍ നടന്നിട്ടില്ലാത്തത് കൊണ്ട് യാഥാര്‍ഥ്യം അറിയില്ല.
മാനസികം ആയി ആരും നൂറു ശതമാനം ആണോ പെണ്ണോ ആയിരിക്കണം എന്നില്ല
ലൈംഗികതയും പരിണാമവും
പ്രത്യുല്‍പ്പാദനത്തിന് അല്ലാതെ ആസ്വാദനത്തിന് വേണ്ടി ലൈംഗിക ബന്ധം പുലര്‍ത്തുന്ന ചുരുക്കം ചില മൃഗങ്ങളില്‍ ഒന്നാണ് മനുഷ്യന്‍. ലൈംഗിക ചോദനകള്‍ അടക്കി വച്ചില്ലെങ്കില്‍ മൃഗങ്ങളും മനുഷ്യരും തമ്മില്‍ എന്ത് വ്യത്യാസം എന്ന് ചോദിക്കുന്ന ചില മത പുരോഹിതന്മാര്‍ മറന്നു പോവുന്ന ഒരു കാര്യമുണ്ട്. ഭൂരിഭാഗം മൃഗങ്ങളും കുട്ടികള്‍ ഉണ്ടാവാന്‍ സാധ്യത ഉള്ള സമയത്തു (ovulation period) മാത്രമേ ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നുള്ളു. മനുഷ്യന്‍ ആസ്വാദനത്തിന് വേണ്ടിയും , കുട്ടികള്‍ ഉണ്ടാവാന്‍ ഒരു സാധ്യത ഇല്ലാത്ത സമയത്തും മറ്റും ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നവര്‍ ആണ്. (നോട്ട് 1 കാണുക)
ഇതിന്റെ പരിണാമപരമായ കാരണം തേടിപോയാല്‍ നമ്മള്‍ എത്തി നില്‍ക്കുന്നത് മനുഷ്യന്റെ തലച്ചോറിന്റെ വലുപ്പത്തില്‍ ആണ്. മിക്ക ജീവികളുടെ കുഞ്ഞുങ്ങളും ജനിക്കുമ്പോള്‍ തന്നെ സ്വയം ഇര തേടാന്‍ പര്യാപ്തമാണെങ്കില്‍ മനുഷ്യന്റെ കുട്ടി സ്വയം നിലനില്‍പിനുള്ള ഒരു കഴിവും ഇല്ലാതെ ആണ് ജനിക്കുന്നത്. തലച്ചോറ് പൂര്‍ണ വളര്‍ച്ച എത്താതെ ആണ് മനുഷ്യന്‍ ജനിക്കുന്നത്. പൂര്‍ണ വളര്‍ച്ച എത്തുന്ന വരെ ഗര്‍ഭപാത്രത്തില്‍ കഴിഞ്ഞാല്‍ അത്രയും വലുപ്പമുള്ള തല സ്ത്രീകളുടെ ഇടുപ്പെല്ലിലൂടെ പുറത്തു വരില്ല. മനുഷ്യനെ മനുഷ്യന്‍ ആക്കുന്നത് ഇത്രയും വലുപ്പമുള്ള തലച്ചോര്‍ ആണ്. ജനിച്ചു മൂന്നു മാസം കൊണ്ട് തലച്ചോറിന്റെ വലുപ്പം ഇരട്ടി ആയി വര്‍ദ്ധിക്കും. എന്ന് വച്ചാല്‍ എല്ലാ മനുഷ്യ കുട്ടികളും ജനിക്കുന്നത് വളര്‍ച്ച തികയാതെ ആണ്, പുറത്താണ് പിന്നീടുള്ള വളര്‍ച്ച നടക്കുന്നത്, പ്രത്യകിച്ചും തലച്ചോറിന്റെ വളര്‍ച്ച.
ഇതില്‍ ഒരു കുഴപ്പം ഉള്ളത്, മറ്റു ജീവികളെ പോലെ മനുഷ്യന് തന്റെ കുഞ്ഞിനെ ഇട്ടിട്ടു ഇര തേടാന്‍ പോവാന്‍ കഴിയില്ല എന്നതാണ്. പാല് കൊടുക്കാന്‍ കഴിവുള്ള മാതാവ് കുഞ്ഞിനെ നോക്കുകയും പിതാവ് ഇര തേടാന്‍ പോവുകയും ചെയ്യന്ന ഒരു സിസ്റ്റം തുടങ്ങുന്നത് ഇതില്‍ നിന്നാണ്. പക്ഷെ മാതാപിതാക്കളെ കുട്ടി വലുതാവുന്നത് വരെ ഇങ്ങിനെ കൂട്ടി ഇണക്കി നിര്‍ത്താന്‍ പ്രകൃതി കണ്ടു പിടിച്ച വിദ്യ ആണ് ലൈംഗികത. കൃഷി തുടങ്ങിയതില്‍ പിന്നെ ആണ് ഒരു ഭര്‍ത്താവിന് ഒരു ഭാര്യ എന്നെല്ലാം ഉള്ള നിയമങ്ങള്‍ വന്നത്, അതിനു മുന്‍പ് വേട്ടയാടുന്ന കാലത്തു ബഹു ഭാര്യത്വവും ബഹു ഭര്‍തൃത്വവും വളരെ സാധാരണം ആയിരുന്നു എന്ന് പഠനങ്ങള്‍ കാണിക്കുന്നു. (നോട്ട് 2 കാണുക)
മനുഷ്യ ലൈംഗികതയെ അടയാളപ്പെടുത്തുന്ന ഒരു പ്രധാന കാര്യം ഈ കുട്ടിയെ നോക്കല്‍ കൊണ്ടുണ്ടായതാണ്. സ്ത്രീക്ക് വിശ്വാസം ഉള്ളവരെ ആണ് അവള്‍ ലൈംഗിക പങ്കാളിയായി തിരഞ്ഞെടുക്കുന്നത്. കുട്ടിയെ നോക്കല്‍ ഒരു പ്രശ്‌നം ആയി കാണാത്ത പുരുഷന്‍ തന്റെ വിത്തുകള്‍ എല്ലായിടത്തും വിതയ്ക്കാന്‍ വെമ്പല്‍ കൊള്ളുമ്പോള്‍, സ്ത്രീ തനിക്കും കുട്ടിക്കും വളരെ നാള്‍ സംരക്ഷണം നല്‍കുന്ന ഒരാളെ ലൈംഗിക പങ്കാളി ആയി തിരഞ്ഞെടുക്കുന്നു.
ആധുനിക ലോകത്ത് കുട്ടിയെ നോക്കുന്ന കാര്യത്തിലും സ്ത്രീകളുടെ ജോലിക്കാര്യത്തിലും വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഭൂരിഭാഗം ആളുകളും ജീവിതകാലം മുഴുവന്‍ ഒരേ പങ്കാളിയെ നിലനിര്‍ത്തിക്കൊണ്ടു കുടുംബം എന്ന സങ്കല്പം തുടര്‍ന്ന് പോകുമ്പോള്‍ ചിലര്‍ വിവാഹം എന്ന പരമ്പരാഗതമായ പരിപാടി ഒഴിവാക്കി ലിവിങ് ടുഗെദര്‍ രീതി തിരഞ്ഞെടുക്കുന്നു. വളരെ മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് നമ്മുടെ വിവാഹ/ലൈംഗിക സങ്കല്പങ്ങള്‍.
ഒരു പുരുഷനും സ്ത്രീയും പ്രണയിക്കുമ്പോള്‍ അവര്‍ നാലു ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു.
ലൈംഗികതയുടെ ജീവശാസ്ത്രം, പ്രണയത്തിന്റെയും
കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന അന്വേഷണം പോലെയാണ് പ്രണയവും ലൈംഗികതയും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നത്. പ്രകൃതി സന്താന ഉല്‍പ്പാദന ലക്ഷ്യത്തോടെ രണ്ടു പേരെ പരസ്പരം ആകര്‍ഷിപ്പിക്കുമ്പോള്‍ അനേകം ഹോര്‍മോണുകളുടെ ഒരു വാദ്യമേളം ശരീരത്തിനകത്ത് നടക്കുന്നുണ്ട്. പലപ്പോഴും പലരും പ്രണയം എന്ന് തെറ്റിദ്ധരിക്കുന്നത് തന്നെ ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന ആണ്‍ ലൈംഗിക ഹോര്‍മോണിന്റെയും ഈസ്ട്രജന്‍ എന്ന സ്ത്രീ ലൈംഗിക ഹോര്‍മോണിന്റെയും ഡോപോമൈനിന്റെയും പ്രവര്‍ത്തന ഫലമായുണ്ടാവുന്ന താല്‍ക്കാലികമായ ശാരീരികവും മാനസികവും ആയ അടുപ്പത്തെ ആണ്. ഒരു പുരുഷനും സ്ത്രീയും പ്രണയിക്കുമ്പോള്‍ അവര്‍ നാലു ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു.
പ്രണയ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഡോപോമൈന്‍ ആണ് ഇതിന്റെ എല്ലാം പിറകില്‍. ഒരാണിനെയും പെണ്ണിനേയും സന്താന ഉല്‍പ്പാദനത്തിന് വേണ്ടി തയ്യാറാക്കുന്ന പ്രവര്‍ത്തികളും പരസ്പരം ഉള്ള സ്‌നേഹബന്ധവും പല ഹോര്‍മോണുകളുടെ ഫലമാണ്. പക്ഷെ നമ്മുടെ നാട്ടില്‍ പലരും കൗമാരക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ഇടപഴകുന്നതിനെ സദാചാര പ്രശ്‌നമായി കാണുന്നവരാണ്. എറണാകുളം മറൈന്‍ ഡ്രൈവിംഗ് നടന്ന സദാചാര പൊലീസിങ് ഓര്‍ക്കുക. ചില അച്ഛനമ്മമാര്‍ വരെ പെണ്‍കുട്ടികളോട് ആണ്‍കുട്ടികളോട് അധികം ഇടപഴകരുത് എന്ന് മുന്നറിയിപ്പ് നല്‍കുന്നവരാണ്. ഇത് രണ്ടു തരത്തില്‍ ഉള്ള പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാക്കും. പെണ്‍കുട്ടികളുടെ കാര്യത്തില്‍ ലൈംഗികത ഒരു തെറ്റായ കാര്യം ആണെന്ന തെറ്റിദ്ധാരണയും ആണ്‍കുട്ടികളുടെ കാര്യത്തില്‍ പെണ്‍കുട്ടികളോട് ഇടപഴകാത്തതു കൊണ്ട് സ്ത്രീയെ ഒരു അത്ഭുത വസ്തുവായി കാണുവാനും സ്ത്രീയുടെ മനസ് അറിയാതെ അവളെ ഒരു ശരീരമായി മാത്രം കാണാനും ഇടവരുത്തും.
പ്രണയത്തില്‍ നിന്നും ലൈംഗിക ബന്ധത്തില്‍ എത്തുമ്പോള്‍ ഹോര്‍മോണുകളുടെ കാര്യത്തില്‍ ഒരു പ്രധാന മാറ്റം സംഭവിക്കുന്നു. പരസ്പര വിശ്വാസം വളര്‍ത്തുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ദീര്‍ഘകാല ബന്ധത്തിന് പങ്കാളികളെ രൂപപ്പെടുത്തുന്നു. അറേഞ്ച് ചെയ്ത വിവാഹങ്ങളുടെ കാര്യത്തില്‍ ഹണിമൂണ്‍ കാലത്തു അന്ന് വരെ അധികം പരിചയമില്ലാത്ത സ്ത്രീയും പുരുഷനും പ്രണയത്തില്‍ വീഴുന്നതും വളരെനാള്‍ പരിചയമുള്ള ആളുകളെ പോലെ പെരുമാറുന്നതും ഈ ഹോര്‍മോണുകളുടെ കളിയാണ്. തൂവാനതുമ്പികളില്‍ ജയകൃഷ്ണന് ക്ലാരയോട് പ്രണയം തോന്നിയത് വെറുതെയല്ല.
ഇതൊന്നും അല്ലാതെ സമൂഹവും ലൈംഗിക ചോദനകളെ സ്വാധീനിക്കുന്നുണ്ട്. ഖജുരാഹോ , കാമസൂത്ര തുടങ്ങിയവ ഇന്ത്യയില്‍ വളരെ വിശാലമായ ലൈംഗിക കാഴ്ചപ്പാടുകള്‍ പണ്ട് ഉണ്ടായിരുന്നു എന്ന് തെളിയിക്കുമ്പോള്‍ള് തന്നെ ഇന്നത്തെ ഭാരതത്തില്‍ സെക്‌സിനെ കുറിച്ച് സംസാരിക്കുന്നതും, പരസ്പര ഇഷ്ടവും സമ്മതവും ഉണ്ടെങ്കില്‍ കൂടി വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധം തെറ്റാണെന്നു കരുതുന്നവരും ആണ്.
പക്ഷെ ഇത് വരെ കാണാത്ത സ്ത്രീകളോട് ഫേസ് ബുക്കില്‍ കൂടിയും മറ്റും ഇങ്ങിനെ അശ്‌ളീല വര്‍ത്തമാനം പറയുന്നതും ശല്യപ്പെടുത്തുന്നതും, ഒന്നുകില്‍ സ്ത്രീകളെ നേരിട്ട് കാണുമ്പോള്‍ തൊണ്ട വരണ്ടു പോകുന്ന ഭീരുക്കളോ, സ്വന്തം ഭാര്യ ഉള്‍പ്പെടെ ഒരാളോട് പോലും ആത്മാര്‍ത്ഥ പ്രണയം ഇല്ലാത്ത പൂവാലന്മാരോ, അല്ലെങ്കില്‍ സ്ത്രീ ശരീരം മാത്രമാണെന്ന് വിചാരിക്കുന്ന വിവരദോഷികളോ ആയിരിക്കും. മനുഷ്യന്റെ ഏറ്റവും വലിയ ലൈംഗിക അവയവം തലച്ചോറാണെന്നും ഏറ്റവും വലിയ ആസ്വാദനം അത് ഉത്തേജിപ്പിക്കപ്പെടുമ്പോഴാണെന്നും, ലൈംഗികത മനസും ശരീരവും കൂടിയുള്ള ഒരു പഞ്ചവാദ്യം ആണെന്നും എല്ലാം ആരെങ്കിലും ഇവര്‍ക്ക് പറഞ്ഞു കൊടുത്തെങ്കില്‍ ....
നോട്ട് 1 : Animals: 12 14 sex acts per birth , humans : 800 1000 sexual acts per birth
നോട്ട് 2 : Ref : സെക്‌സ് അറ്റ് ഡോണ്‍ by ക്രിസ്റ്റഫര്‍ റയാന്‍