ഫേസ്ബുക്ക് നമ്മോടു ചെയ്യുന്നത്

By Nazeer Hussain  |  First Published May 26, 2017, 8:43 AM IST

'നസീര്‍, അയാളെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ തന്നെ കൊല്ലും...' ശ്രീനിവാസന്റെ മുഖത്തെ ദൃഢനിശ്ചയം കണ്ടിട്ട് എനിക്ക് തന്നെ പേടിയായി. ജോലിസ്ഥലത്ത് വളരെ വര്‍ഷങ്ങളായി എന്റെ സുഹൃത്താണ് ആന്ധ്രാ സ്വദേശിയും മിതഭാഷിയും ആയ ശ്രീനി.

Latest Videos

undefined

സ്വന്തം കാര്യം സിന്ദാബാദ് എന്ന് കരുതി ജീവിച്ചു പോരുന്ന ഒരാള്‍ ആണ് ശ്രീനി. പക്ഷെ കുറച്ചു നാളായി ഫേസ്ബുക്കിലെയും വാട്‌സ് ആപ്പിലെയും ചില തീവ്ര മത ഗ്രൂപ്പുകള്‍ ശ്രീനിയെ സ്വാധീനിക്കുന്നു എന്നെനിക്കു സംശയം ഉണ്ടായിരുന്നു. അങ്ങിനെ ഒരു ദിവസം ആണ് എം.എഫ് ഹുസൈന്‍ സരസ്വതിയുടെ ചിത്രം വരച്ചതിനെക്കുറിച്ചുള്ള ഒരു ചര്‍ച്ച ഉച്ച ഭക്ഷണ സമയത്ത് ഉയര്‍ന്നു വന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യം, ഹൊയ്‌സാല ക്ഷേത്രങ്ങളിലും ഖജുരാഹോയിലും ഉള്ള ശില്‍പ്പങ്ങള്‍ തുടങ്ങി ചില വാദങ്ങള്‍ ഞാന്‍ ഉന്നയിച്ച സമയത്താണ് അത് വരെ മിണ്ടാതിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ശ്രീനി തലയുയര്‍ത്തി ഇങ്ങനെ പറഞ്ഞത്.

'എം എഫ് ഹുസൈനെ എന്റെ കിട്ടിയാല്‍ ഞാന്‍ തന്നെ കൊല്ലും... ഞങ്ങളുടെ ദൈവങ്ങളെ നഗ്‌നരായി ചിത്രീകരിക്കാന്‍ മുസ്ലിങ്ങള്‍ക്ക് എന്തവകാശം?' പ്രശ്‌നം പന്തിയല്ല എന്ന് കണ്ട ഞാന്‍ അന്ന് പിന്നീട് ആ ചര്‍ച്ച മുന്നോട്ടു കൊണ്ടുപോയില്ല. പക്ഷെ മിതഭാഷി ആയ ശ്രീനിയുടെ ഭാവമാറ്റം എന്നെ അമ്പരപ്പിച്ചിരുന്നു.

കുറെ നാള്‍ കഴിഞ്ഞു ശ്രീനിയുടെ ഫേസ് ബുക്ക് പേജ് കണ്ടപ്പോഴാണ് ഞാന്‍ ഞെട്ടിയത്. ഒരു പ്രത്യേക മതത്തെ വെറുക്കുന്ന, കിട്ടാവുന്ന എല്ലാ പോസ്റ്റുകളും ശ്രീനി ഷെയര്‍ ചെയ്തിട്ടുണ്ടായിരുന്നു.

എനിക്ക് ഇത് പോലെ കുറച്ചു കൂട്ടുകാരുണ്ട്, നേരിട്ട് കണ്ടാല്‍ വളരെ സൗഹാര്‍ദ്ദപരമായി പെരുമാറുന്ന, തമാശയെല്ലാം പറയുന്ന അവരുടെ ഫേസ്ബുക് പോസ്റ്റുകള്‍ കണ്ടാല്‍ നമ്മള്‍ നേരിട്ട് കാണുന്ന ആളുടെ ഫേസ്ബുക്ക് വാള്‍ തന്നെയാണോ ഇതെന്ന് സംശയം തോന്നും. ഇങ്ങിനെ കൂട്ടുകാരുടെ ഉള്ള പോസ്റ്റുകള്‍ സഹിക്കാന്‍ വയ്യാതെ ഫേസ് ബുക്ക് തന്നെ ഉപേക്ഷിച്ചു പോയ അനേകം മിതവാദി സുഹൃത്തുക്കളും ഉണ്ട്.

നമ്മുടെ തലച്ചോര്‍ പെട്ടെന്ന് ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ആയി ഡിസൈന്‍ ചെയ്തതാണ്.

ഇത് എന്ത് കൊണ്ട് സംഭവിക്കുന്നു എന്ന് പറയുന്നതിന് മുമ്പ് ഒരു ചെറിയ പരീക്ഷണം നടത്താം.

താഴെ പറയുന്ന കാര്യങ്ങള്‍ ദയവായി മുഴുവന്‍ വായിക്കുക. നിങ്ങള്‍ വലതുപക്ഷക്കാരനോ ഇടതു പക്ഷമോ, അമിത രാജ്യ സ്‌നേഹിയോ, കോണ്‍ഗ്രസോ സിപിഎമ്മോ ബിജെപിയോ , ദൈവ വിശ്വാസിയോ നിരീശ്വര വാദിയോ ആകട്ടെ....

അഹിംസാമാര്‍ഗ്ഗത്തിലൂടെ നമുക്ക് സ്വാതന്ത്ര്യം വാങ്ങി തന്ന ഗാന്ധിജിയെക്കുറിച്ചു കുറച്ചു കാര്യങ്ങള്‍ താഴെ കൊടുക്കുന്നു, ഇതില്‍ ശരിയായ ഒരു ഉത്തരം തിരഞ്ഞെടുക്കുക ആണ് നിങ്ങള്‍ ചെയ്യേണ്ടത്.

എ) സ്വദേശി പ്രസ്ഥാനത്തിന്റ ഉപജ്ഞാതാവായ അദ്ദേഹത്തിന്റെ കണ്ണടകള്‍ ഇംഗ്ലണ്ടില്‍ ഉണ്ടാക്കിയവ ആണ്.

ബി) പതിമൂന്നാം വയസില്‍ ആണ് അദ്ദേഹം പതിന്നാല് വയസുള്ള കസ്തൂര്‍ബയെ വിവാഹം ചെയ്തത്.

സി) 1930 ല്‍ ദലിതുകള്‍ക്ക് പ്രത്യക പാര്‍ലിമെന്റ് അവകാശത്തിന് വേണ്ടി അദ്ദേഹം മരണം വരെ നിരാഹാരം തുടങ്ങി. അങ്ങിനെ ഒരു അവകാശം കിട്ടിയതിനു ശേഷമാണു അത് അവസാനിപ്പിച്ചത്.

ഡി) 19 ഉം 16 ഉം വയസുള്ള നഗ്‌നയായ യുവതികളുടെ കൂടെ അദ്ദേഹം ഉറങ്ങിയിട്ടുണ്ട് എന്നാല്‍ തന്റെ ഭാര്യയുമായി അദ്ദേഹം കുട്ടികള്‍ ഉണ്ടാക്കാന്‍ അല്ലാതെ ലൈംഗിക ബന്ധം പുലര്‍ത്തിയിട്ടില്ല.

ഇ) അദ്ദേഹം ഹിന്ദു മതത്തിലെ ജാതി/വര്‍ണ വ്യവസ്ഥയില്‍ ഉറച്ചു വിശ്വസിച്ചു

ഫ്) അദ്ദേഹം ഒരു യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്

ജി) അദ്ദേഹത്തിന്റെ ഒരു മകന്‍ ഒരു കള്ള് കുടിയനും, പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ചവനും ആണ്. ഒരിക്കല്‍ തന്റെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടതിനു ശേഷം തന്റെ മരണം വരെ ആ മകനെ കാണാന്‍ ഗാന്ധി കൂട്ടാക്കിയില്ല.

എഛ്) കസ്തൂര്‍ഭ ഗാന്ധിക്ക് രോഗം വന്നപ്പോള്‍ ഗാന്ധി, തന്റെ ഭാര്യ ഒരു വെജിറ്റേറിയന്‍ ആണെന്ന കാരണത്താല്‍, പെന്‍സിലിന്‍ കൊടുക്കാന്‍ സമ്മതിച്ചില്ല. പക്ഷെ തനിക്കു രോഗം വന്നപ്പോള്‍ മെഡിസിന്‍ സ്വീകരിക്കാന്‍ കൂട്ടാക്കുകയും ചെയ്തു.

നിങ്ങളുടെ ഉത്തരം സി എന്നാണെങ്കില്‍ നിങ്ങള്‍ ഭൂരിപക്ഷത്തിനൊപ്പം ആണ്. പക്ഷെ ഒരേ ഒരു കുഴപ്പം മാത്രമേ ഉള്ളു. മുകളില്‍ കൊടുത്തിരിക്കുന്നതില്‍ ആ ഉത്തരം മാത്രം ആണ് തെറ്റ്. 1930 ല്‍ അംബേദ്കര്‍ ദളിതര്‍ക്കു പ്രത്യക പാര്‍ലിമെന്റ് അവകാശങ്ങള്‍ വേണം എന്ന് പറഞ്ഞപ്പോള്‍ ദളിതര്‍ ഹിന്ദു മതത്തില്‍ പെട്ടവര്‍ ആയതു കൊണ്ട് അവര്‍ക്ക് പ്രത്യേകം അവകാശം വേണ്ട എന്ന് പറഞ്ഞാണ് ഗാന്ധി നിരാഹാരം കിടന്നത്. ഗാന്ധിയും അംബേദ്കറും തമ്മിലുള്ള ഏറ്റവും വലിയ ഏറ്റുമുട്ടല്‍ ആയിരുന്നു അത്. ബാക്കിയുള്ള എല്ലാ കാര്യങ്ങളും സത്യമാണ്. സംശയം ഉള്ളവര്‍ക്ക് ഗൂഗിള്‍ ചെയ്തു നോക്കാം.

ഞാനിത്രയും എഴുതിയത് ഗാന്ധിജി നല്ല ആളോ മോശം ആളോ എന്ന് നോക്കാന്‍ അല്ല. മറിച്ച് നമ്മുടെ മനസ്സില്‍ ഉള്ള ചില കാര്യങ്ങള്‍ പുതിയ അറിവുകള്‍ വരുമ്പോള്‍ നാം എങ്ങിനെ സ്വീകരിക്കുന്നു എന്നറിയാനാണ്.

ഒരു പരീക്ഷണം കൂടി: മുകളില്‍ പോയി സി ഒഴിച്ചുള്ള കാര്യങ്ങളില്‍ നിങ്ങളെ ഏറ്റവും കുറച്ചു അലോസരപ്പെടുത്തിയത് ഏതു പോയിന്റ് ആണെന്ന് നോക്കൂ.

പോയിന്റ് എ ആണ് നിങ്ങളുടെ ഉത്തരം എങ്കില്‍ നിങ്ങള്‍ ഭൂരിപക്ഷത്തിനൊപ്പമാണ്. ഇതിനു കാരണം നമ്മുടെ മനസ്സില്‍ പുതിയ അറിവുകള്‍, പ്രത്യകിച്ച് നാം പ്രതീക്ഷിക്കാത്ത പുതിയ വിവരം ലഭിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ നടക്കുന്ന ഒരു പ്രതിരോധ പ്രവര്‍ത്തനം ആണ്. ചില വിവരങ്ങള്‍ പ്രതീക്ഷിക്കാത്തവ അല്ലെങ്കിലും മനസിന് എളുപ്പം ഉള്‍ക്കൊള്ളാന്‍ കഴിയും. നമ്മുടെ ചെറുപ്പത്തില്‍ മാതാപിതാക്കളോ സമൂഹമോ മതമോ നമ്മുടെ മനസ്സില്‍ അടിച്ചു ഉറപ്പിച്ചിട്ടില്ലാത്ത ഒരു കാര്യം ആണെങ്കില്‍ നമ്മള്‍ അത് എളുപ്പം ഉള്‍ക്കൊള്ളും. ഗാന്ധിയുടെ കണ്ണട ഇംഗ്ലണ്ടില്‍ ഉണ്ടാക്കിയതാണ് എന്നത് നമുക്ക് എളുപ്പം ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് അത് കൊണ്ടാണ്.

എന്നാല്‍,  മറ്റു കാര്യങ്ങള്‍ നിങ്ങളില്‍ ചിലരെങ്കിലും ഇപ്പോള്‍ തന്നെ ഗൂഗിള്‍ ചെയ്തു നോക്കിക്കാണും എന്നെനിക്കുറപ്പാണ്. കാരണം നാം ചെറുപ്പത്തില്‍ പഠിച്ച് വച്ച, ഊട്ടി ഉറപ്പിക്കപ്പെട്ട ചില കാര്യങ്ങള്‍ നമ്മുടെ മനസ്സ് വലിയ പ്രതിരോധത്തോടെ ആണ് സ്വീകരിക്കുന്നത്. അത് ശരിയല്ല എന്ന് എങ്ങിനെ എങ്കിലും നമ്മെ ബോധ്യപ്പെടുത്താന്‍ നാം ശ്രമിക്കുന്നത് അത് കൊണ്ടാണ്. ഒരു സംഘ പരിവാര്‍ പ്രവര്‍ത്തകന്‍ മോദിക്കോ ആര്‍ എസ് എസ്സിനോ എതിരെ ഉള്ള ഒരു വാര്‍ത്തയെ പറ്റി കേള്‍ക്കുമ്പോഴും, കോണ്‍ഗ്രസ്സുകാര്‍ നെഹ്രുവിനെയോ ഗാന്ധിയെയോ കുറിച്ച് മോശം വാര്‍ത്ത കേള്‍ക്കുമ്പോഴും, മുസ്ലിങ്ങള്‍ ആ മതത്തിന്റെ പേരില്‍ നടക്കുന്ന ഭീകരാക്രമണങ്ങളെ കുറിച്ചോ കേള്‍ക്കുമ്പോഴും , സി പി എമ്മുകാര്‍ ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ ചില മോശം പ്രവര്‍ത്തനങ്ങളെ കുറിച്ച് കേള്‍ക്കുമ്പോഴും നമ്മുടെ മനസ് തീര്‍ക്കുന്ന പ്രതിരോധം ആണ് ചില വസ്തുതകള്‍ തള്ളിക്കളയാനോ അവ കണ്ടില്ലെന്നു നടിക്കാനോ നമ്മെ പ്രേരിപ്പിക്കുന്നത്. ആ വാര്‍ത്ത എങ്ങിനെ പ്രതിരോധിക്കാം എന്ന് നമ്മള്‍ ഗൂഗിള്‍ ചെയ്തു നോക്കുന്നതും അത് കൊണ്ടാണ്.

ഡിസംബര്‍ ഇരുപത്തി അഞ്ചിനാണ് യേശു ക്രിസ്തു ജനിച്ചത് എന്നതിന് ഒരു തെളിവും ഇല്ലെന്നു പറഞ്ഞാല്‍, ക്രിസ്ത്യാനികള്‍ക്കും, മലയാളി മെമ്മോറിയല്‍ കാലത്തു നായന്മാര്‍ സംവരണത്തിന് വേണ്ടി ആവേശപൂര്‍വം സമരം ചെയ്തിരുന്നു എന്ന് പറഞ്ഞാല്‍, സംവരണത്തിനെതിരെ സംസാരിക്കുന്ന നായന്മാര്‍ക്കും ഇതേ വികാരം വരും. പക്ഷെ ഇതെല്ലാം സത്യമാണ്. ഇങ്ങിനെ മതങ്ങളില്‍ നിന്നും, രാഷ്ട്രീയത്തില്‍ നിന്നും അനേകം അനേകം ഉദാഹരണങ്ങള്‍ എനിക്ക് എടുത്തു കാണിക്കാന്‍ സാധിക്കും. ചിലതെല്ലാം പഴയ സാമൂഹിക സാഹചര്യങ്ങളില്‍ ശരിയായിരുന്നു, പക്ഷെ ഇന്ന് തെറ്റാണ്. ചിലതെല്ലാം, അന്നും ഇന്നും തെറ്റാണു.

ഫേസ്ബുക്കില്‍ നിങ്ങള്‍ കാണുന്ന ഫീഡ് നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന പോലെ ഉള്ള ലോകത്തിന്റെ ഒരു വെര്‍ഷന്‍ മാത്രം ആണ്.

മനഃശാസ്ത്രത്തില്‍ ഇതിനെ backfire effect എന്നാണ് പറയുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയില്‍ ആണ് ഇതിനെ കുറിച്ച് ഗവേഷണം നടന്നത്. കുറെ പേരെ MRI മെഷീനില്‍ കയറ്റി അവരുടെ വിശ്വാസത്തിന്റെ തികച്ചും എതിരായ ചില സത്യങ്ങള്‍ മോണിറ്ററില്‍ കാണിച്ചാണ് ഒരു പരീക്ഷണം നടത്തിയത്. ഇങ്ങിനെ ഉള്ള സത്യങ്ങള്‍ കണ്ട മാത്രയില്‍ അവരുടെ തലച്ചോറിലെ amygdala എന്ന ഭാഗത്തു ആണ് ഏറ്റവും വലിയ ആക്ടിവിറ്റി ഉണ്ടായത്. നമ്മെ ആരെങ്കിലും ആക്രമിക്കാന്‍ വരുമ്പോള്‍ നമ്മെ അക്രമം തടയാന്‍ റെഡി ആക്കുന്ന അതെ ഭാഗം ആണ് amygdala. എന്ന് വച്ചാല്‍ ശാരീരികമായി നമ്മെ ആക്രമിക്കാന്‍ വരുന്നതും, ആശയപരമായി ഒരാള്‍ നമ്മെ എതിര്‍ക്കുന്നതും നമ്മുടെ ശരീരം ഒരു പോലെ ആണ് കാണുന്നത്.

ഇത് പരിണാമ ശാസ്ത്രവും ആയി ബന്ധപ്പെട്ടതാണ്. മനുഷ്യന്‍ കാട്ടില്‍ ഇര തേടി നടന്ന കാലത്ത്, മഞ്ഞയും കറുപ്പും നിറം ഉള്ള എന്തെങ്കിലും കണ്ടാല്‍ കടുവ എന്ന് ഊഹിച്ചു കൊണ്ട് ഓടിപ്പോയവരുടെ പിന്‍ഗാമികള്‍ ആണ് നമ്മള്‍. അത് കടുവ തന്നെയാണോ എന്ന് അടുത്ത് പോയി നോക്കിയവര്‍ കടുവയുടെ വയറ്റില്‍ എത്തിയിരിക്കും. അത് കൊണ്ട് നമ്മുടെ തലച്ചോര്‍ പെട്ടെന്ന് ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ആയി ഡിസൈന്‍ ചെയ്തതാണ്.

മതങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതിന്റെ ഒരു കാരണം ഇതാണ്. ദൈവം ആണ് ഈ പ്രപഞ്ചം ഉണ്ടാക്കിയത് എന്നെല്ലാം കുട്ടികളുടെ മനസ്സില്‍ കയറ്റി കൊടുത്താല്‍ അത് തലച്ചോര്‍ ഒരു കോര്‍ വിശ്വാസം ആയി സ്വീകരിക്കുകയും, കുറെ നാള്‍ കഴിഞ്ഞു എന്തൊക്കെ തെളിവുണ്ടെങ്കിലും ആ വിശ്വാസം കൊണ്ട് നടക്കുകയും ചെയ്യുന്ന ഒരു വിശ്വാസിയെ കിട്ടാന്‍ ഇതിലും നല്ല വഴി ഇല്ല. വ്യത്യസ്ത മത വിഭാഗങ്ങള്‍ ഈ ആശയം വ്യത്യസ്ത രീതികളില്‍ അവതരിപ്പിച്ചു കുറച്ചു വ്യത്യാസം ഉള്ള വിശ്വാസങ്ങള്‍ കുട്ടികളെ അടിച്ചേല്‍പ്പിക്കും എന്ന് മാത്രം. ഇത്തരക്കാര്‍ വലുതാവുമ്പോള്‍ അവരുടെ കുട്ടികളെയും ഇങ്ങിനെ പഠിപ്പിച്ചു ഒരു തുടര്‍ പ്രവര്‍ത്തനം ആയി ഇതിനെ മാറ്റും. ഇങ്ങിനെ ഉള്ള അടിസ്ഥാന വിശ്വാസങ്ങളെ ആണ് തകര്‍ക്കാന്‍ ഏറ്റവും ബുദ്ധിമുട്ട്. ഒരു വിശ്വാസിയോട് അവന്റെ വിശ്വാസത്തിന് എതിരായി എന്തെങ്കിലും പറഞ്ഞു നോക്കൂ, അപ്പോള്‍ കാണാം കളി മാറുന്നത്. ഓര്‍ക്കുക, അവര്‍ മോശമായത് കൊണ്ടല്ല അത്, പക്ഷെ അവരുടെ തലച്ചോര്‍ അങ്ങിനെ പ്രവര്‍ത്തിക്കാന്‍ ആണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.

ഇത് മനസിലാക്കിയതില്‍ പിന്നെയാണ്, എന്നെ ചീത്ത വിളിക്കുന്നവരെ പോലും ഞാന്‍ സഹതാപത്തോടെ കാണാന്‍ തുടങ്ങിയത്. ഇങ്ങിനെ ഉള്ള ചല വിശ്വാസങ്ങള്‍ എനിക്കും ഉണ്ടാവാം. നമുക്ക് ഇങ്ങിനെ ഉള്ള തെറ്റായ ശരികളില്‍ നിന്ന് പുറത്തു വരാന്‍ ഒരു മാര്‍ഗമേ ഉള്ളു, അത് കുറച്ചു കഠിനമാണ്. നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് കൂടുതല്‍ വായിച്ചു പഠിക്കുക. നമ്മെ എതിര്‍ക്കുന്നവരുടെ പോസ്റ്റുകളും വായിക്കാന്‍ ശ്രമിക്കുക, അവര്‍ക്കു ഒരു കാഴ്ചപ്പാട് ഉണ്ടാവും, അത് മനസ്സില്‍ ആക്കുന്നത് നമ്മുടെ അറിവിനെ കൂടുതല്‍ തെളിച്ചമുള്ളതാക്കും.

ഫേസ്ബുക്കിന്റെ അല്‍ഗോരിതം ചെയ്യുന്നത് ഓരോരുത്തര്‍ക്കും ഇഷ്ടപെട്ട പോസ്റ്റുകള്‍ അവര്‍ക്കു കാണിക്കുക എന്നതാണ്. നിങ്ങള്‍ പോയി ഒരു തീവ്ര വിശ്വാസിയുടെ പോസ്റ്റ് ലൈക് ചെയ്താല്‍ അങ്ങിനെ ഉള്ള പോസ്റ്റുകള്‍ ആയിരിക്കും ഫേസ്ബുക് നിങ്ങള്‍ക്ക് കാണിക്കുക. യഥാര്‍ത്ഥത്തില്‍ ഫേസ്ബുക്കില്‍ നിങ്ങള്‍ കാണുന്ന ഫീഡ് നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന പോലെ ഉള്ള ലോകത്തിന്റെ ഒരു വെര്‍ഷന്‍ മാത്രം ആണ്. കൂപ മണ്ഡൂകം ആകാതെ നോക്കിയാല്‍ നന്ന്.

'മനസ് ഒരു പാരച്യൂട്ട് പോലെയാണ്, രണ്ടും തുറന്നാല്‍ മാത്രമേ പ്രവര്‍ത്തിക്കൂ....'
 

click me!