ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.
നമ്മുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ വീണ്ടും വീണ്ടും വായിക്കുമ്പോഴെല്ലാം പുതിയ അര്‍ത്ഥങ്ങളും കാഴ്ചപ്പാടുകളും നമുക്ക് സമ്മാനിക്കുന്ന ചില പുസ്തകങ്ങളുണ്ട്. ചിലര്‍ക്ക് അത് മഹാഭാരതം ആവാം, ചിലര്‍ക്ക് റൂമിയുടെ മസ്‌നാവിയാകാം. എനിക്കത് ഖലീല്‍ ജിബ്രാന്റെ പ്രവാചകനാണ്, വെറും 61 പേജുകളുള്ള ഈ പുസ്തകം ഇന്നും എന്നെ അത്ഭുതപ്പെടുത്തുകയും, പുതിയ കാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു.
ഓര്‍ഫലീസ് എന്ന ദ്വീപില്‍, ഒരു വ്യാഴവട്ടക്കാലം, തന്നെ ഇവിടെ വിട്ടിട്ടു പോയ കപ്പല്‍ തിരിച്ചു വരുന്നതും കാത്തിരുന്ന അല്‍-മുസ്തഫയുടെ വാക്കുകള്‍ ആയാണ് ഈ പുസ്തകം രചിക്കപ്പെട്ടിരിക്കുന്നതു. പന്ത്രണ്ട് വര്‍ഷം ഈ നഗരത്തിലെ ഓരോ സ്പന്ദനവും, പുറത്തു നിന്ന് വന്ന ഒരാള്‍ക്ക് മാത്രം കഴിയുന്ന വിധത്തില്‍ നിരീക്ഷിച്ച അല്‍-മുസ്തഫ, തന്റെ കപ്പല്‍ അവസാനം തിരിച്ചു വന്നപ്പോള്‍ , തന്നെ യാത്രയയക്കാന്‍ വേണ്ടി ഓടിക്കൂടിയ ജനങ്ങളോട് അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറയുന്ന അതി ഗഹനവും അതേസമയം ലളിതവും ആയ ചില കാര്യങ്ങള്‍ ആണീ പുസ്തകത്തിലുള്ളത്, ഇന്ത്യയ്ക്ക് പുറത്തു പോയി പഠിച്ച് തിരിച്ച് വന്നു ഇന്ത്യയെ കണ്ടെത്തിയ പുസ്തകം എഴുതിയ നെഹ്റുവിനെ പോലെ.
കോളേജില്‍ പഠിക്കുമ്പോള്‍ ഒരു സുഹൃത്താണ് ഈ പുസ്തകം ആദ്യമായി എനിക്ക് നിര്‍ദ്ദേശിച്ചത്. അന്നത്തെ എന്റെ കാമുകിയെ കുറിച്ചുള്ള എന്റെ പൊസസീവ്‌നസ് ഒരു ഭ്രാന്തായി മാറി നില്‍ക്കുന്ന സമയത്ത് പ്രവാചകനിലെ നായകന്‍ അല്‍-മുസ്തഫ എന്നോട് പറഞ്ഞു:
'ഒരു ക്ഷേത്രത്തിലെ, ഒരേ ഭാരം ചുമക്കുന്ന രണ്ടു തൂണുകള്‍ക്കിടയില്‍ കുറച്ച അകലം ഉള്ളത് പോലെ,
ഒരേ സംഗീതം പൊഴിക്കുന്ന ഒരു വീണയിലെ രണ്ടു കമ്പികള്‍ക്കിടയില്‍ കുറച്ച ഇടം ഉള്ളത് പോലെ
ദമ്പതികള്‍ക്കിടയില്‍ ഓരോരുത്തര്‍ക്കും കുറച്ച് സ്വകാര്യ ഇടം വേണം.
ഓക്ക് മരത്തിനും സൈപ്രസ് മരത്തിനും പരസ്പരം നിഴലുകളില്‍ വളരാന്‍ കഴിയില്ല..'
പ്രണയിക്കുന്നവര്‍ക്കിടയിലെ സ്വകാര്യ ഇടം എന്ന സങ്കല്‍പം എനിക്ക് പുതുമയായിരുന്നു. പരസ്പരം ആത്മാര്‍ത്ഥമായി പ്രണയിക്കുമ്പോള്‍ തന്നെ സ്വാശ്രയ ഇടം വിട്ട് നല്‍കുമ്പോള്‍ അത് പ്രണയത്തിന് പുതിയ നിര്‍വചനം നല്‍കുന്നു. ഒരേ സംഗീതം പൊഴിക്കുന്ന വീണയുടെ കുറച്ചകലം പാലിച്ചു നില്‍ക്കുന്ന കമ്പികള്‍, എന്തൊരു മനോഹരമായ ഉപമ...
കാമുകിയെ കുറിച്ചുള്ള എന്റെ പൊസസീവ്‌നസ് ഒരു ഭ്രാന്തായി മാറി നില്‍ക്കുന്ന സമയത്ത് പ്രവാചകനിലെ നായകന്‍ പറഞ്ഞു
വിവാഹം കഴിഞ്ഞു, ആദ്യത്തെ കുട്ടി ജനിച്ച്, ചില പുതു അച്ഛനമ്മമാരെ പോലെ, ഞങ്ങള്‍ക്ക് എന്തൊക്കെ ആയി തീരാന്‍ കഴിഞ്ഞില്ല, അതൊക്കെ അവനെ ആക്കണം എന്ന് കരുതി ലഭ്യമായ എല്ലാ ക്ലാസുകളിലും ചേര്‍ത്ത് അവനെ പീഡിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ ഈ പുസ്തകം ഒന്ന് കൂടി വായിക്കാന്‍ ഇടവന്നു.
'നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടെ കുട്ടികളല്ല
അവര്‍ നിങ്ങളാകുന്ന വില്ലില്‍ നിന്ന് വന്ന സ്വതന്ത്രമായ അമ്പുകളാണ്...
അവയ്ക്ക് അവരുടേതായിട്ടുള്ള മാര്‍ഗവും ലക്ഷ്യവുമുണ്ട്....
നിങ്ങള്‍ അവര്‍ക്ക് നിങ്ങളുടെ സ്‌നേഹം നല്‍കൂ, പക്ഷെ നിങ്ങളുടെ ചിന്ത നല്‍കരുത്
അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട്...
അവര്‍ നാളെയുടെ വീടുകളില്‍ താമസിക്കുന്നവരാണ് '
ഈ വരികള്‍ വായിച്ചു കഴിഞ്ഞു മകന് ഇഷ്ടമില്ലാത്ത എല്ലാ ക്ലാസ്സുകളില്‍ നിന്നും അവനെ പിന്‍വലിക്കാന്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല. അത് കഴിഞ്ഞ എന്ത് ചെയ്താലും അവന്റെ താല്‍പര്യം ആയിരുന്നു ആദ്യത്തെ മാനദണ്ഡം.
നാളെയുടെ വീടുകളില്‍ താമസിക്കേണ്ട കുട്ടികള്‍ എന്ന പ്രയോഗം അസാധാരണമാണ്. പല മുതിര്‍ന്നവരും തങ്ങളുടെ അനുഭവം കൊണ്ട് തങ്ങളാണ് കുട്ടികളെ നല്ല വഴിക്ക് നയിക്കേണ്ടത് എന്ന് ചിന്തിക്കുന്നവരാണ്, ഇവിടെ അവരെ സ്‌നേഹിക്കൂ, പക്ഷെ അവരെ അവരുടെ ദിശയില്‍ അവരുടെ ചിന്തയില്‍ വളരാന്‍ അനുവദിക്കൂ എന്നുള്ള വീക്ഷണം ഒരു പ്രതിഭയില്‍ നിന്ന് മാത്രം വരുന്ന ഒന്നാണ്.
മകന് ഇഷ്ടമില്ലാത്ത എല്ലാ ക്ലാസ്സുകളില്‍ നിന്നും അവനെ പിന്‍വലിക്കാന്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല.
ജോലി കിട്ടി കുറച്ച് പേര്‍ക്ക് സഹായങ്ങള്‍ ഒക്കെ ചെയ്തു തുടങ്ങിയപ്പോള്‍ പ്രവാചകന്‍ പിന്നീടും ഇടപെട്ടു:
'നിങ്ങള്‍ നിങ്ങളുടെ വസ്തുവകകള്‍ കൊടുക്കുമ്പോഴല്ല, മറിച്ച് നിങ്ങളെ തന്നെ കൊടുക്കുമ്പോഴാണ് അത് പ്രാധാന്യമുള്ള ദാനമാകുന്നത്.
കുറെ സമ്പാദ്യത്തില്‍ നിന്ന് കുറച്ചെടുത്ത് കൊടുക്കുന്നവരേക്കാള്‍ ദൈവസ്പര്‍ശം ഒന്നും ഇല്ലാത്തവര്‍ അവരുടെ എല്ലാം മറ്റുള്ളവര്‍ക്ക് കൊടുക്കുമ്പോഴാണ്..
അര്‍ഹതയുള്ളവര്‍ക്ക് മാത്രം കൊടുക്കും എന്ന് നിങ്ങള്‍ പറയും, പക്ഷെ നിങ്ങളുടെ തോട്ടത്തിലെ മരങ്ങള്‍ അങ്ങിനെ പറയുന്നുണ്ടോ?
ജീവിതം കൊടുത്തുകൊണ്ടേയിരിക്കും, നിങ്ങള്‍ വെറും സാക്ഷികള്‍ മാത്രമാണ്...'
ആദ്യത്തെ വാചകം നോക്കൂ, ശരിക്കും നമ്മള്‍ നമ്മുടെ ഭാര്യയ്ക്കും മക്കള്‍ക്കും, മാതാപിതാക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും എല്ലാം ദാനം ചെയ്യേണ്ടത് നമ്മളെ തന്നെയാണ്, നമ്മുടെ സമയവും ചിന്തകളും.
ഞാന്‍ എന്റെ അനുഭവത്തില്‍ തന്നെ കണ്ടിട്ടുള്ള കാര്യമാണ്, കൂടുതല്‍ പണം ഉള്ളവരേക്കാള്‍ കൂടുതല്‍ കുറച്ച് പണമുള്ളവര്‍,അവര്‍ക്ക് കിട്ടുന്നതിന്റെ ശതമാനക്കണക്ക് നോക്കിയാല്‍, വളരെ കൂടുതല്‍ ദാനം ചെയ്യുന്നത്.
ഭക്ഷണത്തിന്റെ കാര്യത്തിലും നമ്മുടെ കണ്ണ് തുറപ്പിക്കുന്ന വാചകങ്ങളാണ് പ്രവാചകനില്‍ അല്‍-മുസ്തഫയുടേത്.
'ഭക്ഷണത്തിന് വേണ്ടി ഒരു മൃഗത്തെയോ ചെടിയെയോ അറുക്കുമ്പോള്‍ നിങ്ങള്‍ പറയുക,
നിന്നെ അറുക്കുന്ന അതെ ശക്തിയാല്‍ ഞാനും അറുക്കപ്പെടുകയാണ് ..
നിന്നെ എന്റെ കയ്യില്‍ തന്ന അതെ ശക്തി എന്നെ നാളെ എന്നെ ഒരു ബലിയായി വേറൊരാള്‍ക്ക് സമര്‍പ്പണം നടത്തും
നിന്റെ രക്തവും എന്റെ രക്തവും രണ്ടല്ല, മറിച്ച് ഈ പ്രപഞ്ചത്തിന്റെ ഒരേ ജീവദ്രവം തന്നെയാണ്.
ഒരു ആപ്പിള്‍ കഴിക്കുമ്പോള്‍ നീ പറയുക
നിന്റെ വിത്ത് എന്റെ ശരീരത്തില്‍ ജീവിക്കും
നിന്റെ സുഗന്ധം എന്റെ സുഗന്ധമായി മാറും
നീയും ഞാനും ഒരുമിച്ച് നാളെയുടെ ഋതുക്കള്‍ വരവേല്‍ക്കാം..'
കഴിക്കപ്പെടുന്ന ഭക്ഷണവും, കഴിക്കുന്നവനും ഒന്ന് തന്നെയാണെന്ന് വരുമ്പോള്‍ നാളെ ആവശ്യത്തില്‍ കൂടുതല്‍ മൃഗങ്ങളെ കൊന്ന്, ഭൂമിക്ക് താങ്ങാവുന്നത്തിലും കൂടുതല്‍ കൃഷി ചെയ്ത്, ഭക്ഷണം ദുര്‍വ്യയം ചെയ്യുന്നവര്‍ രണ്ടാമത് ഒന്ന് കൂടി ആലോചിക്കും.
ഈ പുസ്തകം ഒരു സമയ സഞ്ചാരം ചിലര്‍ക്ക് സമ്മാനിക്കും. ഉദാഹരണത്തിന് അല്‍-മുസ്തഫ പ്രണയത്തിനെ കുറിച്ച് പറയുന്ന കാര്യം, പ്രണയകാലത്ത് നമ്മള്‍ അത്ഭുതത്തോടെ വായിക്കുമ്പോള്‍, വര്‍ഷങ്ങള്‍ കഴിഞ്ഞു നമ്മുടെ കുട്ടികളോട് നമ്മള്‍ പ്രണയത്തെ കുറിച്ച് പറഞ്ഞു കൊടുക്കുന്നത് ഇതേ സംഗതി തന്നെ ആയിരിക്കും. എന്ന് വച്ചാല്‍ അല്‍-മുസ്തഫ നമ്മളൊക്കെ തന്നെയാണ്.
നിയമം, പ്രണയം, വിവാഹം, ദാനം ,ഭക്ഷണം, ജോലി, സന്തോഷവും സന്താപവും, വീട്, വസ്ത്രം, കൊടുക്കല്‍-വാങ്ങലുകള്‍, കുറ്റവും ശിക്ഷയും, സ്വാതന്ത്ര്യം വേദന,അധ്യാപനം, സുഹൃത്ബന്ധം, സമയം, പ്രാര്‍ത്ഥന, സുഖം, സൗന്ദര്യം, മതം, മരണം തുടങ്ങി ജീവിതത്തില്‍ നമ്മള്‍ നേരിടേണ്ടി വരുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും ആറ്റിക്കുറുക്കിയ നിരീക്ഷണങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. കുറഞ്ഞത് ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴെല്ലാം തുറന്ന് വായിച്ചുനോക്കാവുന്ന പുസ്തകം. ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ അല്‍-മുസ്തഫ നമ്മള്‍ ഓരോരുത്തരാണെന്നും, അദ്ദേഹം കുടുങ്ങി കിടന്ന ഈ ദ്വീപ് ഈ ഭൂമിയാണെന്നും, വന്നിടത്തേക്കുള്ള തിരിച്ചുപോക്ക് മരണം ആണെന്നും പകല്‍ പോലെ വ്യക്തമാകും...
നോട്ട് : മുകളിലെ പലഭാഗങ്ങളും പദാനുപദ തര്‍ജ്ജമയല്ല, മറിച്ച് ആശയം വ്യക്തമാക്കുന്ന സ്വതന്ത്ര തര്‍ജ്ജമയാണ്.
(നസീര്‍ ഹുസൈന്‍. സാഹിത്യം, ഫിലോസഫി, ശാസ്ത്രം, ടെക്‌നോളജി എന്നിങ്ങനെ പല വഴികളില്‍ സഞ്ചാരം. എഴുത്തുകാരന്‍, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ കോളമിസ്റ്റ്.)
.......................................................
അവരുടെ പുസ്തകങ്ങള്‍:
അനില്‍ വേങ്കോട്: നിപയുടെയും ഫാഷിസത്തിന്റെയും കാലത്ത് പ്ലേഗ് വായിക്കുമ്പോള്‍
അബ്ബാസ് ഒ എം: രവി ബസ്സിറങ്ങിയ കൂമന്‍ കാവ് ഇപ്പോള്‍ ഇവിടെയാണ്
രൂപേഷ് കുമാര്‍: പുസ്തകമാകാതെ ഒഴുകിയ ചോരകള്‍!
അബിന്‍ ജോസഫ്: ഒരു നിഗൂഢവായനക്കാരന്റെ രഹസ്യരാത്രികള്‍
വി എം ദേവദാസ് : ടെസ്റ്റ് ക്രിക്കറ്റ് പോലൊരു നോവല്‍
സോണിയാ റഫീക്ക്: മനുഷ്യാ, നീ ജീനാവുന്നു!
ജെ. ബിന്ദുരാജ്: വിട്ടുപിരിയാത്തൊരു പുസ്തകം
ഫിറോസ് തിരുവത്ര: ഭൂപടം ഒരു കടലാസല്ല; അനേകം മനുഷ്യരുടെ ചോരയാണ്!
വിനീത പ്രഭാകര്‍: പേജ് മറിയുന്തോറും നാമൊരത്ഭുതം പ്രതീക്ഷിക്കും!
മാനസി പി.കെ: ശരീരത്തെ ഭയക്കാത്ത പുസ്തകങ്ങള്‍