മനുഷ്യാ, നീ ജീനാവുന്നു!

By Web Team  |  First Published Jun 25, 2018, 1:55 PM IST
  • എന്റെ പുസ്തകം
  • സിദ്ധാര്‍ത്ഥ മുഖര്‍ജി എഴുതിയ 'ദി ജീന്‍ - ആന്‍ ഇന്റിമേറ്റ് ഹിസ്റ്ററി'
  • സോണിയാ റഫീക്ക് എഴുതുന്നു

ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം  webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.

Latest Videos

നിന്റെ ഉത്പത്തി ഒരു വിധിയല്ല. അതില്‍ നിഗൂഢതകളില്ല. സംശയമുണര്‍ത്തുന്ന ആകസ്മികതകളേതുമില്ല. നിന്നിലെ ഓരോ കോശവും കൃത്യമായ ജനിതക നിര്‍ദ്ദേശങ്ങളിലൂടെ ഒന്നൊന്നായി സംയോജിക്കപ്പെട്ടവയാണ്. ഓരോ കോശത്തിനുമറിയാം എന്തായിത്തീരണമെന്നത്. കാരണം, എല്ലാം നിയന്ത്രിക്കുന്ന ആ അത്ഭുത തന്ത്രം നിന്റെ ഓരോ ജീവഘടകത്തിലും കുടികൊള്ളുന്നു- 'ജീന്‍' എന്ന ജീവന്റെ രസതന്ത്രം. അതിനാലാവാം ഡോ. സിദ്ധാര്‍ത്ഥ മുഖര്‍ജി എഴുതിയ 'ദി ജീന്‍ - ആന്‍ ഇന്റിമേറ്റ് ഹിസ്റ്ററി' എന്ന പുസ്തകം എന്റെ ശരീരമാണെന്ന് എനിക്കനുഭവപ്പെട്ടത്. 

അദ്ദേഹം എഴുതുന്നു, ഡി. എന്‍. എ എന്നത് ഒരു ഭാഷയാണ്. അക്ഷരങ്ങള്‍, പദാവലികള്‍, വ്യാകരണം, പദഘടന എല്ലാമുള്ളൊരു ഭാഷ. ആ ഭാഷ ഓരോ കോശത്തിലും അതിന്റെ സമ്പൂര്‍ണ്ണതയില്‍ നിലകൊള്ളുന്നു; മനുഷ്യരോരോന്നും അതിന്റെ വ്യത്യസ്ത ഘടനാഭേദങ്ങള്‍ മാത്രം. ഓരോ വാക്കുകള്‍ക്കും അര്‍ത്ഥങ്ങളുണ്ട്, എങ്കിലും അവ ചേര്‍ന്ന് നിന്ന് ഒരു വാക്യമായി രൂപപ്പെടുമ്പോള്‍ അതിനു വിശേഷപ്പെട്ടൊരു പൊരുള്‍ കൈവരുന്നു. അതുപോലെ, ഓരോ ജീവിയും അതിന്റെ ജീനുകള്‍ക്കപ്പുറം വിശേഷിക്കപ്പെടാവുന്ന ഒന്നാവാം, എങ്കിലും ആ ജീവനെ കൃത്യമായി അറിയണമെന്നുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാന നിര്‍മ്മാണ സാമഗ്രിയായ ജീനുകളെ അറിഞ്ഞേ തീരൂ.

തലച്ചോറില്‍ നിന്നൊരു വയര്‍ പെട്ടെന്ന് വിച്ഛേദിക്കപ്പെട്ടതുപോലെ പെരുമാറുന്ന ഉറ്റവരുടെ ഓര്‍മ്മകള്‍ അയാള്‍ക്കുള്ളില്‍ പാളികളായി അവശേഷിക്കുന്നു.

'ദി ജീന്‍ - ആന്‍ ഇന്റിമേറ്റ് ഹിസ്റ്ററി', സിദ്ധാര്‍ത്ഥ മുഖര്‍ജി

 

ശാസ്ത്രത്തെ ലളിതവും ജനപ്രിയവും ആയി അവതരിപ്പിച്ച ഒലിവര്‍ സാക്‌സ്, വി. എസ് രാമചന്ദ്രന്‍ എന്നിവരുടെ രചനകള്‍ പോലെ ആഖ്യാന ശൈലിയില്‍ 'ദി ജീന്‍' എന്ന പുസ്തകം ആകര്‍ഷകമാകുന്നു. ശാസ്ത്ര വിഷയം എന്ന മുന്‍വിധിയില്‍ ഈ പുസ്തകത്തെ സമീപിച്ചാല്‍ പോലും ഇതിലെ സാഹിത്യഭാവനയെ ആസ്വദിക്കാതിരിക്കാനാവില്ല. കലയും, ശാസ്ത്രവും, ചരിത്രവും, ചേര്‍ന്നതാണ് സാഹിത്യത്തിന്റെ രാഷ്ട്രീയം എന്ന് തീര്‍പ്പാക്കേണ്ടിവരുന്നു സിദ്ധാര്‍ത്ഥ മുഖര്‍ജിയിലൂടെ. 

പാരമ്പര്യമായി സ്‌കീസോഫ്രീനിയ കൈമാറ്റം ചെയ്തുവരുന്നൊരു കുടുംബ പരമ്പരയില്‍ ജനിച്ച വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്വാനുഭവങ്ങള്‍ ഇത്തരം ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ദ്ധനാക്കുന്നു. മാത്രമല്ല, തന്റെ ജീവിതത്തിലെ വൈകാരികാനുഭവങ്ങള്‍ ജനിതക ശാസ്ത്രവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിനു കൗതുകകരമായൊരു നൈപുണ്യവുമുണ്ട്. ആദ്യ പുസ്തകമായ 'ദി എമ്പറര്‍ ഓഫ് ആള്‍ മാലഡീസ്: എ ബയോഗ്രാഫി ഓഫ് കാന്‍സര്‍' എന്ന പുസ്തകത്തിനു 2011 ലെ പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിക്കുകയുണ്ടായി. കാന്‍സര്‍ എന്ന ദുരന്ത ചക്രവര്‍ത്തിയെ കുറിച്ച് പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാര്‍ തങ്ങളുടെ ലോകോത്തര പരീക്ഷണശാലകളില്‍ നടത്തിയ കണ്ടെത്തലുകളെ ജനകീയവത്ക്കരിക്കുക എന്നത് അത്ര ചെറിയൊരു ഉദ്യമമല്ല. അതിനു അര്‍പ്പണബോധത്തോടുകൂടിയുള്ള അന്വേഷണങ്ങളും, അനുഭവ സമ്പത്തും, ഭാഷാപ്രാഗത്ഭ്യവും ആവശ്യമാണ്. എല്ലാറ്റിനുമുപരി അതിനുള്ള മനസ്ഥിതി വേണം എന്നതും അതിപ്രധാനം. 

'ദി ജീന്‍ - ആന്‍ ഇന്റിമേറ്റ് ഹിസ്റ്ററി' എല്ലാ അര്‍ത്ഥത്തിലും ഒരു 'ഇന്റിമേറ്റ്' ഹിസ്റ്ററി തന്നെയാണ്.

 

ഡോ. സിദ്ധാര്‍ത്ഥ മുഖര്‍ജിയെ അതിനു പ്രേരിപ്പിച്ചത് ഒരു പക്ഷെ തന്റെ ജീവിതാനുഭവങ്ങള്‍ തന്നെയാവാം. മുഖര്‍ജി കുടുംബത്തില്‍ പലര്‍ക്കും തലമുറകളായി കണ്ടുവന്ന മാനസിക രോഗത്തെ 'ഭ്രാന്ത്' എന്ന പേരില്‍ വിസ്മരിക്കാന്‍ ശ്രമിക്കുമ്പോഴും ആ ഭ്രാന്തിന്റെ വിഷലിപ്തമായ അംശങ്ങള്‍ തനിക്കുള്ളിലും അടിഞ്ഞുകിടപ്പുണ്ടോ എന്ന സംശയം സിദ്ധാര്‍ത്ഥിന്റെ അച്ഛന്റെ മനസ്സില്‍ എന്നും മൂടിക്കിടന്നിരുന്നു. ജീവിതത്തില്‍ എപ്പൊഴെങ്കിലും തന്നിലും അത് തലപൊക്കാം എന്ന ഭീതി സിദ്ധാര്‍ത്ഥിലും ഇല്ലാതില്ല. തലച്ചോറില്‍ നിന്നൊരു വയര്‍ പെട്ടെന്ന് വിച്ഛേദിക്കപ്പെട്ടതുപോലെ പെരുമാറുന്ന ഉറ്റവരുടെ ഓര്‍മ്മകള്‍ അയാള്‍ക്കുള്ളില്‍ പാളികളായി അവശേഷിക്കുന്നു.

ഒരു സോക്‌സ് അകം പുറം മറിച്ചിടുന്നതുപോലെ സൃഷ്ടിരഹസ്യത്തെ ശാസ്ത്രം ലോകത്തിനുമുന്നില്‍ തുറന്നിട്ടുകഴിഞ്ഞു. ഹിറ്റ്‌ലറിന്റെ വംശഹത്യ മുതല്‍ ലോകത്ത് സംഭവിച്ചിട്ടുള്ള ജനിതക അഴിമതികള്‍ ഓരോന്നും ഈ പുസ്തകത്തില്‍ ചരിത്രരേഖകള്‍ ആക്കിയിട്ടുണ്ട്. 'ദി ജീന്‍ - ആന്‍ ഇന്റിമേറ്റ് ഹിസ്റ്ററി' എല്ലാ അര്‍ത്ഥത്തിലും ഒരു 'ഇന്റിമേറ്റ്' ഹിസ്റ്ററി തന്നെയാണ്. സ്വന്തം ശരീരമെന്ന് അനുഭവപ്പെട്ടൊരു പുസ്തകം എനിക്കും എന്നും 'ഇന്റിമേറ്റ്' തന്നെയാണ്. ക്ലോദ് മോണെ എന്ന ചിത്രകാരനെ കുറിച്ച് പോള്‍ സെസേന്‍ പറഞ്ഞത്, 'Monet is only an eye, but my God, what an eye.' അതേ യുക്തിയില്‍ സിദ്ധാര്‍ത്ഥ മുഖര്‍ജി പറയുന്നു, 'D.N.A is only a chemical, but my God, What a chemical!'

(സോണിയാ റഫീക്ക്. ചെറുകഥാകൃത്ത്, നോവലിസ്റ്റ്. പെണ്‍കുരിശ്, ഇസ്തിരി എന്നീ കഥാസമാഹാരങ്ങള്‍, ഹെര്‍ബേറിയം എന്ന നോവല്‍.)

.......................................................

അവരുടെ പുസ്തകങ്ങള്‍:

അനില്‍ വേങ്കോട്: നിപയുടെയും ഫാഷിസത്തിന്റെയും കാലത്ത് പ്ലേഗ് വായിക്കുമ്പോള്‍

അബ്ബാസ് ഒ എം: രവി ബസ്സിറങ്ങിയ കൂമന്‍ കാവ് ഇപ്പോള്‍ ഇവിടെയാണ്

രൂപേഷ് കുമാര്‍: പുസ്തകമാകാതെ ഒഴുകിയ ചോരകള്‍!

അബിന്‍ ജോസഫ്: ഒരു നിഗൂഢവായനക്കാരന്റെ രഹസ്യരാത്രികള്‍

വി എം ദേവദാസ് : ടെസ്റ്റ് ക്രിക്കറ്റ് പോലൊരു നോവല്‍
 

click me!