'മരണത്തിന് കുരുമുളകിട്ട താറാവുകറിയുടെ ചൂരാണ്'

By സിമ്മി കുറ്റിക്കാട്ട്  |  First Published Jul 20, 2018, 4:53 PM IST
  • എന്റെ പുസ്തകം
  • റീമ അജോയുടെ 'സൈക്കിള്‍'
  • സിമ്മി കുറ്റിക്കാട്ട് എഴുതുന്നു

ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം  webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.

Latest Videos

ഗ്രീന്‍ പെപ്പര്‍ പബ്ലിക്ക പബ്ലിഷ് ചെയ്ത റീമ അജോയുടെ 'സൈക്കിള്‍' പുനര്‍ വായനയാണ്. തിക്കും തിരക്കുമേറിയ ഒരു ദിവസത്തിനൊടുവില്‍ പലപ്പോളും ആശ്വാസത്തിന്റെ കുളിര്‍ മഴയായി പെയ്തിറങ്ങാറുണ്ട് ഇതിലെ പല വരികളും. ഈ കവിതാ സമാഹാരത്തില്‍ കണ്ണുടക്കുമ്പോളെല്ലാം  അറിഞ്ഞോ അറിയാതെയോ പിന്നിട്ട വഴികളില്‍ ഒരിക്കല്‍ കൂടെ എത്തിപ്പെട്ടത് പോലെയാണ് . സിതാര എസിന്റെ അതിമനോഹരവും ഹൃദയസ്പര്‍ശിയുമായ 'വീട്ടിലേക്കു മറന്ന വഴികള്‍'എന്ന മുന്‍കുറിപ്പില്‍ പറഞ്ഞതുപോലെ 'മാധ്യമം ഏതായാലും വായന വായന തന്നെയാണ്'. മനസ്സിനെ സ്പര്‍ശിക്കാന്‍ കഴിവുള്ള വരികള്‍ക്ക് ഏത് ഉപ്പ് വെള്ളത്തിലും നീന്തിത്തുടിക്കാനാവും. കവിതകള്‍ കടലായൊഴുകുന്ന സോഷ്യല്‍ മീഡിയകളില്‍ റീമയുടേത് പോലെയുള്ള കാമ്പുള്ള കവിതകള്‍ കണ്ടെത്തപ്പെടുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്നത് അതുകൊണ്ട് തന്നെയാണ് . 
 
പുസ്തകത്തിലെ 'സൈക്കിള്‍' എന്ന ആദ്യ കവിത തന്നെ വായനക്കാരുടെ ഹൃദയം തൊടുന്നു. എണ്‍പതുകളുടെ തുടക്കം വരേയ്ക്കും സൈക്കിള്‍ എന്നത് ശരാശരി മലയാളിയുടെ വീട്ടുമുറ്റത്തെ പതിവ് കാഴ്ചയായിരുന്നു. ഇടവഴി കഴിയുമ്പോള്‍, വീട് അടുക്കുമ്പോള്‍, കേട്ടിരുന്ന സൈക്കിള്‍ ബെല്ലടിയില്‍ ഓടിയെത്തിയിരുന്ന ബാല്യ കൗതുകങ്ങള്‍. അപ്പനെന്ന സ്‌നേഹവാത്സല്യത്തിനൊപ്പം ഉണ്ണിസീറ്റില്‍ ഇരുന്നിട്ടുള്ളവര്‍ക്ക് കണ്ണ് നിറയാതെ ഈ കവിത വായിച്ചു  തീര്‍ക്കാനാവില്ല. കുത്തരിച്ചോറിന്റെ ആവിപ്പുകയും പരിപ്പുക്കറി മണവും ഉപ്പുമാങ്ങാക്കനപ്പും നിറഞ്ഞ കുരിശുവരനേരങ്ങള്‍ മറക്കാനാവാത്ത ഒരു ഗൃഹാതുരത്വത്തിന്റെ ചിത്രം മനസ്സില്‍ വരഞ്ഞിടുന്നു. ആ രാത്രികളില്‍ മക്കളോടൊപ്പം ഉണ്ണുകയും കഥ പറയുകയും ചെയ്യുന്ന അപ്പന്‍, നിലം തൊടാതെ പറക്കുന്ന സൈക്കിള്‍ വിസ്മയങ്ങളുടെ കാഴ്ചകള്‍ വര്‍ണ്ണിക്കുമ്പോള്‍ വായനക്കാരും അവരോടൊപ്പം ചേര്‍ന്നിരിക്കുന്നു. ഇതിനിടയില്‍ സൈക്കിളും ചുറ്റുമുള്ള ജീവിതവും വളര്‍ന്ന് വലുതാവുന്നു. അപ്പന്റെ മരണത്തോടെ സൈക്കിള്‍ അനാഥമാവുകയും തുരുമ്പിച്ചു മൂലയ്ക്കിലിരുന്നു പോവുകയും ചെയ്യുന്നു. ഒരു കൊട്ട  കഥകളുമായി അപ്പനൊരു പുണ്യാളനെപ്പോലെ ആകാശത്ത് നിന്ന് സൈക്കിള്‍ മണി അടിച്ചു വീണ്ടുമെത്തുമെന്ന സ്വപ്നം മാത്രം ബാക്കി ആവുന്നു. 

റീമ കോറിയിടുന്ന ഓരോ ഓര്‍മ്മചിത്രവും ഏതൊരു പെണ്‍കുട്ടിയുടെയും മനസ്സിലൂടെ ഒരിക്കലെങ്കിലും നിറഞ്ഞൊഴുകിയിട്ടുണ്ടാവും. സങ്കീര്‍ണതയോ ദുരൂഹതയോ ഒന്നുമില്ലാതെ ലളിതവും അത്രമേല്‍ പരിചിതവുമാണ് ഇതിലെ പ്രമേയങ്ങള്‍. അതുകൊണ്ടു തന്നെയാണ് ദൈനം ദിന ജീവിതത്തിലെ പ്രണയം, മടുപ്പ് എന്നിവ മുതല്‍ മരണം ഗൃഹാതുരത്വം എന്തിനേറെ ബിനാലെ വരെ കൂടെ നടത്തി അസാധാരണമായ ഒരു വൈകാരികതയിലേയ്ക്ക് വായനക്കാരുടെ വിരല്‍ ചേര്‍ത്ത് വയ്ക്കുന്നത് .  

റീമയുടെ പ്രണയ കവിതകളില്‍ ആളിക്കത്താന്‍ വെമ്പി നില്‍ക്കുന്ന ഒരു  തീയുണ്ട്.

സൈക്കിള്‍, റീമ അജോയ്

 

റീമയുടെ പ്രണയ കവിതകളില്‍ ആളിക്കത്താന്‍ വെമ്പി നില്‍ക്കുന്ന ഒരു  തീയുണ്ട്. അലാറം അടിക്കുന്നത് മുതല്‍ 'നീയില്ലല്ലോ' എന്ന് പരിതപിച്ചു ഒരു ദിവസത്തിന്റെ പലയിടങ്ങളില്‍ പഴുത്തൊലിച്ചു ഒടുവില്‍ അകമുറിയില്‍ പൊട്ടി പൊട്ടി ചിതറിത്തെറിച്ചു തീരുന്നവള്‍ (നീയില്ലല്ലോ) ; ഭൂമിയില്‍ നിന്നും ആകാശത്തിലേക്ക് ഒറ്റവരിപ്പാതയിലൂടെ യാത്രപോയി, ദിവസങ്ങളുടെ അവസാനങ്ങളില്‍ വീണ്ടും ഒറ്റയ്ക്കായി പോകുന്നവളുടെ സ്‌കൂട്ടറോട്ടങ്ങള്‍ (എന്റെ സ്‌കൂട്ടറോട്ടങ്ങള്‍) ; പ്രേമത്തിളപ്പില്‍ നീറി നീറി, തളം വെയ്പ്പില്‍ കയ്പ്പും ചവര്‍പ്പും മധുരവും നുണഞ്ഞു, സ്‌നേഹക്കണ്ണി പൊട്ടിപ്പോകല്ലെയെന്ന് പ്രാര്‍ത്ഥിച്ച് , പഴുത്തൊലിച്ചാലും പ്രണയപ്രാന്താഘോഷിക്കുന്നവര്‍ (പ്രാന്ത്) ; രഹസ്യക്കാരനൊപ്പം കാളവണ്ടിയില്‍ യാത്രാപ്പോകുന്നവളായി, ഇരുട്ടും മുന്നേ ഉമ്മറപ്പടിയില്‍ തിരികെ കിടത്തുമ്പോള്‍ കെട്ടുപ്പോയ ബുദ്ധിയെ ചുംബിച്ചുണര്‍ത്തല്ലേ 'ഞാനീ ബോധമില്ലായ്മയില്‍, പെട്ടങ്ങു പട്ടു പോവട്ടെ' എന്ന് പറയുന്നവളാകുമ്പോള്‍ (പരസ്യമായത്); പ്രണയത്തിനെ ആരും പറയാത്ത പുതു വഴികളിലൂടെ കൈപിടിച്ച് വായനക്കാരുടെ ഹൃദയങ്ങളിലേക്ക് എത്തിക്കുകയാണ് റീമ.  

'സ്വര്‍ഗ്ഗാരോഹണം' എന്ന കവിതയെപ്പറ്റി പറയാതെ ഈ കുറിപ്പ് നിര്‍ത്താന്‍ വയ്യ. മരണത്തിന് കുരുമുളകിട്ട താറാവുകറിയുടെ ചൂരെന്ന് ഒരു പക്ഷേ ആദ്യമായെഴുതിയത് റീമയായിരിക്കും. ഓരോ വായനക്കൊടുവിലും തൂവലുകള്‍ പൊഴിച്ച് , ചെളിക്കുണ്ടില്‍ ചാടി, കുരുമുളകിന്റെ നീറ്റല്‍ കണ്ണില്‍ കുടഞ്ഞിട്ടല്ലാതെ ഈ കവിതയൊരിക്കലും എനിക്ക് വായിച്ച് തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. 

റീമക്കവിതകള്‍ വായിക്കുമ്പോളൊക്കെ അവിടവിടെ തെളിഞ്ഞു വരുന്ന ഞാനുണ്ട് . 'നസ്രാണിച്ചി ' എന്ന് വിളിച്ചു കൂവുന്ന മുഖങ്ങളുണ്ട് . അടക്കത്തിലും ഒതുക്കത്തിലും വളരണമെന്ന് ഓര്‍മ്മിപ്പിച്ചവരുണ്ട് , കട്ടിലിന്റെ ഓരത്തിരുന്നും നടപ്പിലും ഇരിപ്പിലും കിടപ്പിലും  അരികെയിരുന്നു പുണ്യാളന്റെയും പുണ്യാളത്തിയുടെയും കഥ പറഞ്ഞു കേള്‍പ്പിച്ചിരുന്ന ചട്ടയും മുണ്ടുമുടുത്ത കൊച്ചു ത്രേസ്യമാരുണ്ട്. ഒരിക്കലും വാടാത്ത റോസാപ്പൂക്കളായി ഹൃദയത്തിലവര്‍ സൗരഭ്യം പരത്തി നിറഞ്ഞു നില്‍ക്കുന്നത് കൊണ്ടാകണം മുറിഞ്ഞുപോയ ഒരു സ്വപ്നത്തിന്റെ ബാക്കിയെന്നോണം ഒന്നുമില്ലായ്മകളില്‍ നിന്നും ജീവിതത്തിലേയ്ക്ക് ഇടക്കിടെ പുനര്‍ജനിക്കാന്‍ ആവുന്നത് . 

(സിമി കുറ്റിക്കാട്ട്: കവി. മത്തിച്ചൂര് എന്ന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്)

..........................................................

അവരുടെ പുസ്തകങ്ങള്‍:

അനില്‍ വേങ്കോട്: നിപയുടെയും ഫാഷിസത്തിന്റെയും കാലത്ത് പ്ലേഗ് വായിക്കുമ്പോള്‍

അബ്ബാസ് ഒ എം: രവി ബസ്സിറങ്ങിയ കൂമന്‍ കാവ് ഇപ്പോള്‍ ഇവിടെയാണ്

രൂപേഷ് കുമാര്‍: പുസ്തകമാകാതെ ഒഴുകിയ ചോരകള്‍!

അബിന്‍ ജോസഫ്: ഒരു നിഗൂഢവായനക്കാരന്റെ രഹസ്യരാത്രികള്‍

വി എം ദേവദാസ് : ടെസ്റ്റ് ക്രിക്കറ്റ് പോലൊരു നോവല്‍

സോണിയാ റഫീക്ക്: മനുഷ്യാ, നീ ജീനാവുന്നു!

ജെ. ബിന്ദുരാജ്: വിട്ടുപിരിയാത്തൊരു പുസ്തകം

ഫിറോസ് തിരുവത്ര: ഭൂപടം ഒരു കടലാസല്ല; അനേകം മനുഷ്യരുടെ ചോരയാണ്!

വിനീത പ്രഭാകര്‍: പേജ് മറിയുന്തോറും  നാമൊരത്ഭുതം പ്രതീക്ഷിക്കും!

 മാനസി പി.കെ: ശരീരത്തെ  ഭയക്കാത്ത പുസ്തകങ്ങള്‍​

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്: എന്റെ പ്രണയത്തിലും ജീവിതത്തിലും ജിബ്രാന്റെ ഇടപെടലുകള്‍

മുജീബ് റഹ്മാന്‍ കിനാലൂര്‍ : മണപ്പാട് കുഞ്ഞഹമ്മദ് ഹാജി: കേരളം മറന്ന നവോത്ഥാന നായകന്‍​

യാസ്മിന്‍ എന്‍.കെ: വേണുവിന്റെ യാത്രകള്‍!​

കെ. എ ഷാജി: അത് വായിച്ചാണ് ഞാന്‍  അച്ചനാവാന്‍ പോയത്!

അക്ബര്‍: കാരമസോവ് സഹോദരന്‍മാര്‍  എന്നോട് ചെയ്തത്​

റിജാം റാവുത്തര്‍:  രണ്ട് പതിറ്റാണ്ടായി ഈ പുസ്തകത്തെ  ഞാന്‍ ഇടക്കിടെ ധ്യാനിക്കുന്നു...​

രമ്യ സഞ്ജീവ് : അഭിമന്യുവിന്റെ ചോരയുടെ കാലത്ത്  'അന്ധത' വായിക്കുമ്പോള്‍​

അഭിജിത്ത് കെ.എ: അവിശ്വസനീയമായ ഒരു പുസ്തകത്തിന്റെ വിചിത്ര യാത്രകള്‍​

ശ്രീബാല കെ മേനോന്‍: ഒരേ പുസ്തകം, ഒരേ വായനക്കാരി; ഇടയില്‍ 14 വര്‍ഷങ്ങള്‍!

മനോജ് കുറൂര്‍: തൊട്ടാല്‍ മുറിയുന്ന പുസ്തകങ്ങള്‍...

ദുര്‍ഗ അരവിന്ദ്: ഏതിരുട്ടിലും വെളിച്ചം കാട്ടുന്ന പുസ്തകം
 

 

 

click me!