ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.
വായിച്ച പുസ്തകത്തെക്കുറിച്ച് എഴുതാമോ? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍നിന്നുള്ള ആ മെസേജ് കിട്ടിയപ്പോള്‍ സ്വയം ചോദിച്ചത്, നമ്മളൊക്കെ എന്താണ് വായിച്ചത് എന്നായിരുന്നു.
പുസ്തക വായന ആണെങ്കില്‍ അതു നിന്നിട്ട് ഒരു പത്ത് പതിനഞ്ചു കൊല്ലം ആയി. ഈയിടെ ആയി എന്ത് പുസ്തകം വായിച്ചാലും ഉറക്കം വരും. കഴിഞ്ഞ ഒരു അഞ്ചാറു വര്‍ഷം ആയി വായന ഓണ്‍ലൈനിലാണ്. ഫേസ്ബുക്ക് സ്റ്റാറ്റസുകളും അപ്‌ഡേറ്റുകളുമാണ് വായനയെ നിലനിര്‍ത്തുന്നത്. വായന വെറും 'പുല്ല്' ആണെന്ന് പറഞ്ഞ് കിളി പാറിയ മനുഷ്യരോട് സംസാരിക്കുന്നതിന്റെയും തര്‍ക്കിക്കുന്നതിന്റെയും ലഹരി ഇപ്പോള്‍ പുസ്തകങ്ങളില്‍ നിന്ന് ലഭിക്കാറില്ല.
അംബേദ്ക്കര്‍ കൃതികള്‍ ഇരുപത്തി ഒമ്പത് വാള്യങ്ങളാണ് ഈയിടെ ഒരു രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ വാങ്ങിച്ച പുസ്തകങ്ങള്‍. അതും നേരം വണ്ണം വായിച്ചിട്ടുമില്ല. വായന സമം അറിവ് എന്ന മുദ്രാവക്യം ബോറടിച്ചതോണ്ടും ധാരാളം മനുഷ്യന്മാരോട് ഓണ്‍ലൈനിലുംഅല്ലാതെയും സംസാരിക്കുന്നതിന്റെ ഒക്കെ ആനന്ദം ജീവിതത്തെ മുന്നോട്ടു കൊണ്ട് പോകുന്നത് കൊണ്ടും വായന ഇപ്പോള്‍ തീരെ ഇല്ല എന്നും തന്നെ പറയാം. പിന്നെ പണ്ട് പ്രീ ഡിഗ്രീ തോറ്റപ്പോ ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു സുന്ദരി പെണ്‍ കുട്ടി ഉണ്ടായിരുന്നത് കൊണ്ട് ടൈപ്പ് റൈറ്റിംഗ് ഹയര്‍ പാസായി. അതോണ്ട് ഇപ്പൊ ആരെങ്കിലും എന്തെങ്കിലും 'എഴുതാന്‍' പറഞ്ഞാല്‍ വേഗം ടൈപ്പ് ചെയ്തു കൈച്ചലാകാം.
ഞങ്ങളുടെ അപ്പന്മാരുടെയും അമ്മമാരുടെയും അമ്മൂമ്മാരുടെയും അപ്പൂപ്പന്മാരുടെയും ഒക്കെ ജീവിതം.
പണ്ട് എസ് എസ് എല്‍ സി കഴിഞ്ഞകാലങ്ങളില്‍ കണ്ണൂര്‍ ചിറക്കല്‍ പ്രകാശില്‍ കമ്പിപ്പടം കാണാന്‍ പോകുമ്പോ അവിടത്തെ പെട്ടി പീടികയില്‍ നിന്ന് കിട്ടുന്ന കമ്പി പുസ്തകത്തിന്റെ ലഹരി ഒന്നും ഒരു പുസ്തകത്തിനും തരാന്‍ കഴിഞ്ഞിട്ടില്ല. പിന്നീട് വലിയ വായനക്കാരന്‍ എന്നൊക്കെ സ്വയം വിചാരിച്ചു മൂലധനം ഒക്കെ എടുത്തു വീട്ടില്‍ കൊണ്ട് പോയി തലയിണയാക്കി വെച്ചു എന്നതല്ലാതെ ഒരു തേങ്ങയും വായിച്ചിട്ടുമില്ല. ഒമ്പതാം ക്ലാസിലെ ജ്യോഗ്രഫി ടെസ്റ്റ് പേപ്പര്‍ ജയിക്കാന്‍ ആ ടെക്സ്റ്റ് ഒരു ദിവസം രാവിലെ മൂന്ന് മണിക്ക് എണീറ്റ് വായിച്ചതാണ് ജീവിതത്തിലെ ഒരു യമണ്ടന്‍ വായന. പക്ഷെ പരീക്ഷ പതിമൂന്നു മാര്‍ക്ക് വാങ്ങി ഗംഭീരമായി തോറ്റു.
പിന്നെ ജ്യോഗ്രഫി വിട്ടു അമ്മ വാങ്ങിച്ച മംഗളത്തിലെയും മനോരമയിലെയും നോവലുകള്‍ വായിക്കാന്‍ തുടങ്ങി. അതിനകത്തെ കിണ്ണന്‍ സെക്‌സി വരകള്‍ ആയിരുന്നു ആ നോവലിലേക്ക് അടുപ്പിച്ചത്. ജ്യോഗ്രഫി ടെക്‌സ്റ്റിനകത്ത് വെച്ച് ഒരു നൂറു മംഗളവും മനോരമയും ഒക്കെ വായിച്ചു തീര്‍ത്തു. പിന്നെ അത് കോട്ടയം പുഷ്പനാഥ്, പരമാര എം ടി. സി രാധാകൃഷ്ണന്‍ എന്നിവരിലേക്ക് നീണ്ടു. നാളെ രാവിലെ വിപ്ലവം വരും എന്ന് വിചാരിച്ചു സി രാധാകൃഷ്ണന്റെ 'മുമ്പേ പറക്കുന്ന പക്ഷികള്‍' ഒരു ഇരുപത്തി അഞ്ചു തവണ എങ്കിലും വായിച്ചു. പിന്നീട് കൊറേ കാലം കഴിഞ്ഞപ്പോള്‍ എന്നെക്കുറിച്ചു തന്നെ 'അയ്യേ' എന്ന് തോന്നിയത് ആ ഇരുപത്തി അഞ്ചു പ്രാവശ്യം എന്ന കണക്ക് കാരണമാണ്.
അങ്ങനെ അത് ഞാന്‍ മാത്രം വായിച്ച് അവസാനിച്ച ഒരു ആത്മകഥ ആയി മാറി.
പക്ഷെ രണ്ടു പുസ്തകങ്ങള്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. ഒന്ന് പ്രസിദ്ധീകരിക്കാത്തതാണ്. രണ്ടാമത്തേത് പ്രസിദ്ധീകരിച്ചതും.
ആദ്യത്തേത് മലപ്പുറത്തെ ഗീതു എന്ന ഒരു നേഴ്‌സറി സ്‌കൂള്‍ ടീച്ചറുടെ ആത്മകഥ ആയിരുന്നു. എം ഇ എസ് മമ്പാട് എന്ന കോളജില്‍ ഗസ്റ്റ് അദ്ധ്യാപകന്‍ ആയി ജോലി ചെയ്യുന്ന സമയത്താണ് എന്റെ ഒരു വിദ്യാര്‍ഥിനി 'ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ കാസ്റ്റ്' എന്ന ഒരു ഡോക്യുമെന്ററി ചെയ്യുന്നത്. മഞ്ചേരിക്ക് അടുത്തുള്ള ഒരു നേഴ്‌സറി സ്‌കൂളിലെ അനുഭവങ്ങള്‍. കോളനി വാസികള്‍ ആയ, 'ദലിത് കുട്ടികള്‍ പഠിക്കുന്നതിനാല്‍, 'സവര്‍ണ്ണര്‍ മക്കളെ അവിടെ ചേര്‍ത്ത് പഠിപ്പിക്കാത്ത വിഷയമായിരുന്നു ആ ഡോക്യമെന്ററിയില്‍. ഒരു പത്ത് കൊല്ലം മുമ്പ് ഈ വിവേചനം ലോകത്തോട് ആദ്യമായി വിളിച്ചു പറഞ്ഞത് ഗീതു എന്ന നഴ്‌സറി അദ്ധ്യാപിക ആയിരുന്നു. അതിന് ആ ടീച്ചര്‍ വളരെ അധികം അനുഭവിക്കേണ്ടി വന്നു. ടീച്ചറുമായി സൗഹൃദത്തില്‍ ആയപ്പോള്‍ അവര്‍ തന്റെ ജീവിതം പറഞ്ഞു. ഇത്ര അധികം പോരാടിയ അപൂര്‍വ്വം സ്ത്രീകളെ മാത്രമേ അന്ന് ഞാന്‍ ജീവിതത്തില്‍ പരിചയപ്പെട്ടിട്ടുള്ളൂ. 'ഉയര്‍ന്ന ജാതി'യില്‍ പെട്ട അവര്‍ ആ നാട്ടിലും കേരളത്തിലും നടക്കുന്ന ജാതി വിവേചനങ്ങളെ പ്പറ്റി സംസാരിച്ചു. ചെറുപ്പം മുതല്‍ ഉള്ള യുദ്ധങ്ങളെപ്പറ്റി സംസാരിച്ചു. അവരോട് അത് എഴുതിക്കൂടെ എന്ന് ചോദിച്ചു. ടീച്ചര്‍ അത് ഒരു നോട്ടുപുസ്തകത്തില്‍ എഴുതി. നമുക്ക് പ്രസിദ്ധീകരിക്കാം എന്ന് ഞാനും പറഞ്ഞു. പക്ഷെ ഞാന്‍ ടൈപ്പ് ചെയ്ത സൂക്ഷിച്ച ഡി വി ഡി യും അത് പോലെ ആ നോട്ടു പുസ്തകവും എവിടെയോ കളഞ്ഞു പോയി. അങ്ങനെ അത് ഞാന്‍ മാത്രം വായിച്ച് അവസാനിച്ച ഒരു ആത്മകഥ ആയി മാറി.
രണ്ടാമത്തെ പുസ്തകം ഞങ്ങളുടെ തന്നെ കഥ പറഞ്ഞ കല്ലേന്‍ പൊക്കുടന്റെ 'എന്റെ ജീവിതം' എന്ന പുസ്തകം ആയിരുന്നു. കല്ലേന്‍ പൊക്കുടന്‍ എന്ന കണ്ടല്‍ പൊക്കുടന്റെ ആത്മകഥ. ഞങ്ങളുടെ അപ്പന്മാരുടെയും അമ്മമാരുടെയും അമ്മൂമ്മാരുടെയും അപ്പൂപ്പന്മാരുടെയും ഒക്കെ ജീവിതം. കണ്ണൂരിലെ എഴോം എന്ന പ്രദേശത്ത് കൈപ്പാടുകളില്‍ ചോര തെറിപ്പിച്ചു യുദ്ധം ചെയ്ത പുലയ ജീവിതങ്ങളുടെ ചരിത്രം. ചങ്കിന്റെ ഉള്ളില്‍ കുത്തിയിറങ്ങുന്ന പുസ്തകം. തര്‍ജമ ചെയ്യപ്പെട്ടു ലോകം മുഴുവന്‍ വായിക്കപ്പെടേണ്ട പുസ്തകം.
ഇനി പറയുന്നത് ഇനി ഞാന്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന പുസ്തകത്തെക്കുറിച്ചാണ്. അത് പുസ്തകമായി വേണം എന്നൊന്നുമില്ല. പക്ഷെ ഞാന്‍ വായിക്കാന്‍ ആഗ്രഹിക്കുന്നത് എന്റെ അപ്പുറത്തും ഇപ്പുറത്തുമുള്ള തുരുത്തിയിലെ കുട്ടികളെ ആണ്. വിനായകന്മാരുടെ പോരാട്ടങ്ങളെയും വിജയങ്ങളെയും മരണങ്ങളെയും കുറിച്ചാണ്. ഫേസ്ബൂക്കിലെ ഒരു പാട് പേരുടെ പൊട്ടിത്തെറികളെ ആണ്. കാണാനാഗ്രഹിക്കുന്നത് ഒരു പാട് വിഭാഗങ്ങളിലെ സുന്ദരന്മാരുടെയും സുന്ദരികളുടെയും ഫോട്ടോസ് ആണ്. സിനിമാ കാഴ്ചയും വിഷ്വല്‍സും ഒക്കെ ആണ് ഇടങ്ങള്‍ എന്നത് കൊണ്ട് പുസ്തകം വായന ഇനി നടക്കുമോ എന്നറിയില്ല. താല്‍പര്യവും ഇല്ല.
പക്ഷെ ഓരോ നിമിഷവും ഉണ്ടാകുന്ന പൊട്ടിത്തെറികളുടെ വായന ഇനിയും ഉണ്ടാകും. അത് പോലെ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് വായനയെ പുച്ഛിച്ചിളക്കുന്ന ഒരു സുഹൃത്ത് എഴുതിയ ഒരു തിരക്കഥ ആണ്. തിരക്കഥയുടെ യാതൊരു നിയമാവലികളും പാലിക്കാത്ത ഒരു തിരക്കഥ. അത് സിനിമ ആയി കാണണം എന്ന് ആഗ്രഹവും ഉണ്ട്. അത് പോലെ എന്റെ എഴുത്തിലും എനിക്ക് ഇഷ്ടപ്പെട്ടത് ഞാന്‍ എഴുതി പൊന്നു പോലെ സൂക്ഷിച്ചു വെക്കുന്ന തിരക്കഥകള്‍ ആണ്. അത് സിനിമ ആയി വന്നാല്‍ തിരശ്ശീല കത്തും എന്ന് നമുക്കു തന്നെ ഒരു തോന്നല്‍ ഉണ്ട്. കാരണം നമ്മള്‍ വളര്‍ന്നത് അപ്പൂപ്പന്മാരുടെ പാട്ടിലും അവര്‍ വീഴ്ത്തിയ ചോരകളിലും ആണല്ലോ.
അവരുടെ പുസ്തകങ്ങള്‍:
അനില്‍ വേങ്കോട്: നിപയുടെയും ഫാഷിസത്തിന്റെയും കാലത്ത് പ്ലേഗ് വായിക്കുമ്പോള്‍
അബ്ബാസ് ഒ എം: രവി ബസ്സിറങ്ങിയ കൂമന്‍ കാവ് ഇപ്പോള്‍ ഇവിടെയാണ്