രണ്ട് പതിറ്റാണ്ടായി ഈ പുസ്തകത്തെ  ഞാന്‍ ഇടക്കിടെ ധ്യാനിക്കുന്നു...

By റിജാം റാവുത്തര്‍  |  First Published Jul 6, 2018, 2:53 PM IST
  • എന്റെ പുസ്തകം
  • റിജാം റാവുത്തര്‍ എഴുതുന്നു 

ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം  webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.


ഞാനെന്റെ ഇരുപതുകളുടെ പാതി വഴിയില്‍ തനത് അസ്വസ്ഥതകളുമായി ചേക്കേറിയെത്തിയ ഹോസ്റ്റല്‍ മുറിയില്‍, എനിക്കായെന്ന വണ്ണം എന്റെഅജ്ഞാതനായ മിസ്റ്റിക് മുന്‍ഗാമി മേശപ്പുറത്ത് വെച്ചു പോയ പുസ്തകമാണത്. എ ജേണി ഇൻ ലഡാക്ക് - ആൻഡ്രൂ ഹാർവി.

Latest Videos

ആ മുഖം വെറുതേയൊന്ന് മറിച്ചു നോക്കിയപ്പോള്‍ അതില്‍ ഗ്രന്ഥകാരന്‍ താന്‍ ബുദ്ധനോട് അടുത്തതിനെപ്പറ്റി പറയുന്നു . ഓക്‌സ്ഫഡിലെ മ്യൂസിയത്തില്‍ ബുദ്ധ ശില്‍പത്തിലെ മൃദു മന്ദസ്മിതം, പാതി കൂമ്പിയ കണ്ണുകളിലെ പ്രകാശം, അവയിലെ സ്വാസ്ഥ്യം നോക്കി നില്‍ക്കാനായി മാത്രം അദ്ദേഹം ആഴ്ചയില്‍ മൂന്നാലു വട്ടം അവിടം സന്ദര്‍ശിച്ചു കൊണ്ടിരുന്നത്രേ . പിന്നീട് ഇരുപത്തഞ്ചാമത്തെ വയസില്‍, തന്റെയുള്ളില്‍ അന്നേവരെ ചികഞ്ഞിട്ടില്ലാത്തതിനെയറിയാന്‍, ജീവിച്ചിട്ടില്ലാത്തതിനെ ജീവിച്ചറിയാന്‍ അദ്ദേഹം ഇന്ത്യയിലെ ബുദ്ധ ഭൂമിക തേടിയിറങ്ങുന്നു. അങ്ങിനെയാണ് ഹാര്‍വി 1981 ല്‍ ലഡാക്കിലേക്ക് മലകയറിയത്. അതേ ഇരുപത്തിയഞ്ചിന്റെ , അതേ അസ്വസ്ഥതകളുമായി ചുരുണ്ടുകൂടിയിരുന്ന ഞാന്‍ ആ പുസ്തകത്തിനൊപ്പം ഗാഢമായി യാത്ര കൂടി; ലഡാക്കിലേക്ക്, താന്ത്രിക ബുദ്ധ മായിക ലോകത്തേക്ക് മനംമയങ്ങി മല കയറിപ്പോയി.

ഇത് ഭൗതികവും ആത്മീയവുമായ വിവിധ തലങ്ങളിലൂടെ ഒരേ സമയം, വിവരണത്തിന്റെ സമീപനത്തിന്റെ മാന്ത്രികതാളലയം കൊണ്ട് മനോഹരമായി ചലിച്ചു നീങ്ങുന്ന ഒരു യാത്രാ വിവരണമാണ്.

ലഡാക്കിനെ ആദ്യമായി മുഖാമുഖം കണ്ടതിനെ വിവരിച്ചിരിക്കുന്നു. ഞാന്‍ വായിച്ചതോ, സങ്കല്‍പ്പിച്ചതോ ആയ യാതൊന്നും തന്നെ ആ മഹാപര്‍വ്വതനിരകളുടെ ഗാംഭീര്യവും മാഹാത്മ്യവും ഉള്‍ക്കൊള്ളാന്‍ എന്നെ പ്രാപ്തനാക്കിയിരുന്നില്ല. അതായിരുന്നു ലഡാക്ക് എനിക്ക് നല്‍കിയ ആദ്യ സമ്മാനം. ശിലാനിശ്ശബ്ദത.. കാറ്റും മഞ്ഞും ആയിരക്കണക്കിന് കൊല്ലങ്ങളെടുത്ത് തഴുകി രൂപപ്പെടുത്തിയ പാറ മുഖപ്പുകള്‍. പകച്ചു പോവുന്ന നിശ്ശബ്ദതയില്‍ നിന്നും മെല്ലെ ചിതറി വരുന്ന ശ്‌ളഥ ചിത്രങ്ങള്‍. ന്യായീകരണങ്ങളില്ലാത്ത കാഴ്ചകള്‍. അടുക്കും ചിട്ടയുമൊന്നുമില്ലാത്ത കാഴ്ചകള്‍; അവയോരോന്നും അവയവയുടെ കാലത്തില്‍ നിന്നും നിശ്ശബ്ദതയില്‍ നിന്നും, വാക്കുകള്‍ക്ക് അപ്രാപ്യമായ പരിശുദ്ധിയില്‍ നിന്നും ഉരുത്തിരിഞ്ഞു കൊണ്ടിരുന്നു.

അശോക ചക്രവര്‍ത്തി നിയോഗിച്ച പ്രചാരകരിലൂടെ ബിസി മൂന്നാം നൂറ്റാണ്ടില്‍ തന്നെ ബുദ്ധ ധ്യാന മാര്‍ഗം ലഡാക്കിന്റെ ഹിമ ശൃംഗങ്ങളെ പുണര്‍ന്നു കഴിഞ്ഞിരുന്നു. ഹീനയാന മാര്‍ഗമാണ് ഇവിടെ ആദ്യം പ്രചാരത്തില്‍ വന്നത്. പിന്നീട് ടിബറ്റിലൂടെ മഹായാന സമ്പ്രദായവും താന്ത്രിക് ബുദ്ധിസവും ഇവിടെ സ്വാധീനമുറപ്പിച്ചു. തണുത്തിരുണ്ട ഒരു ഗുഹാമുറിയിലിരുന്ന് ഒരു റിംപോച്ചെ മന്ത്രസ്വരത്തില്‍ ഹാര്‍വിയോട് പറയുന്നു: ഹീനയാനത്തില്‍ ഒരുവന്‍ സാധനയിലൂടെ തേടുന്നത് ദുഖങ്ങളില്‍ നിന്നും അവന്റെ ആത്മാവിന്റെ മോചനമാണ്. എന്നാല്‍ ടിബറ്റന്‍ മഹായാനത്തില്‍ മഹാ സ്വത്വമൊന്നാകെ നിര്‍വാണത്തിലേക്ക് , നിത്യശാന്തതയിലേക്ക് പരിണമിക്കാന്‍ ലക്ഷ്യമിടുന്നു. ഇതാണ് ബോധി സ്വത്വ ഹൃദയം. സൃഷ്ടിയൊന്നാകെ, കുഞ്ഞു പ്രാണികളും പുല്‍ക്കൊടികളുമുള്‍പ്പെടെ സൃഷ്ടിയൊന്നാകെ പരമ ശാന്തിയടയാന്‍ ബോധി സ്വത്വ ഹൃദയം മിടിക്കുന്നു. ഞാനെന്ന ഭാവത്തിന്റെ പൂര്‍ണമായ നിരാസമാണ് ബോധി സ്വത്വം. വ്യക്തി എന്ന മായക്കുമപ്പുറം സകലതും പരസ്പര ബന്ധിത എക സ്വത്വമാണെന്ന തിരിച്ചറിവ്.

ഞാനെന്ന ഭാവത്തിന്റെ പൂര്‍ണമായ നിരാസമാണ് ബോധി സ്വത്വം.

എ ജേണി ഇന്‍ ലഡാക്ക് ,  ആന്‍ഡ്രൂ ഹാര്‍വി

 

പ്രകൃതിയോടൊപ്പം, ലഡാക്കിലെ മനുഷ്യ ഹൃദയങ്ങളുടെ സവിശേഷതകളും ഈ പുസ്തകത്തില്‍ കാവ്യാത്മകമായി വരഞ്ഞിട്ടിരിക്കുന്നു. ലേയിലെ ഒരു ഉള്‍പ്രദേശ ദീര്‍ഘ ബസ് യാത്രയില്‍ വൃദ്ധയായ ഒരു അമ്മയും മകനും സഹയാത്രികരായി കടന്നു പോവുന്നുണ്ട്. വേദന കൊണ്ട് പുളഞ്ഞ് അവശയായ ആ അമ്മ മകന്റെ തോളത്തു ചാരി ബസിനുള്ളില്‍ അലഞ്ഞുലഞ്ഞ് യാത്ര ചെയ്ത് പോവുകയാണ്. ഇടക്ക് വിജനമായ ഒരു ഗ്രാമവഴിയില്‍ അവരിരുവരും ഇറങ്ങുന്നു. മകന്‍ ഷാള്‍ പുതച്ച് അമ്മയുടെ തണുപ്പകറ്റാന്‍ പാടുപെടുന്നുണ്ട്. നിവര്‍ന്ന് നില്‍ക്കാനാവാതെ വിറകൊള്ളുന്ന ആ അമ്മ ബസിലുള്ളവരെ മെല്ലെ കൈ വീശി പുഞ്ചിരിച്ച് യാത്ര ചൊല്ലി. അപ്പോള്‍ ഹാര്‍വി സഹയാത്രികയായ ഡോക്ടറോട് ചോദിച്ചു: അവര്‍ എത്ര മാത്രം അവശയാണ്? ഡോക്ടറുടെ വാക്കുകള്‍ ആ ജനതയുടെ ആത്മീയ ധ്യാന തലത്തെ നമുക്ക് വെളിവാക്കിത്തരുന്നു. ആ അമ്മ അവരുടെ ജീവിതത്തിലെ അവസാന ദിനത്തിലാണിന്ന്. അവര്‍ മരിച്ചു കൊണ്ടിരിക്കുകയാണ്. അതവര്‍ക്കറിയാം. അതിനാലവര്‍, സ്വന്തം ഗ്രാമത്തിലെത്തി നിത്യശാന്തിയടയുന്നതിനായി തത്രപ്പെട്ടു യാത്ര ചെയ്ത് പോവുകയാണ്

ഓറക്കിള്‍സ്, വെളിച്ചപ്പാടുകളുടെ വെളിപാട് പുസ്തകം കൂടിയാണിത്. അറുപത്തേഴ് വയസുള്ള ഒരു ഓറക്കിള്‍ സ്ത്രീയെ വിവരിക്കുന്നത് നോക്കൂ. അവര്‍ക്ക് രണ്ടായിരം വര്‍ഷങ്ങളുടെ പ്രായം തോന്നും. തണുത്തുറഞ്ഞ് കട്ടിയായ മുഖവും മൂര്‍ച്ചയുള്ള കറുത്ത കണ്ണുകളും. ജനാലകളില്ലാത്ത അവരുടെ കുഞ്ഞുമുറിയില്‍ വെണ്ണയുടെയും കുമിഞ്ചാന്റെയും രൂക്ഷഗന്ധം. ബാധ കൂടുമ്പോള്‍ നിങ്ങള്‍ എന്തെങ്കിലും ഓര്‍ക്കുന്നുണ്ടോ? ഞാനല്ല ഓറക്കിള്‍. അവര്‍ പറയുന്നു. ഓറക്കിള്‍ ആ ആത്മാവ് എന്നിലേക്ക് വന്ന് പോവുകയാണ്. ഓറക്കിള്‍ വരുമ്പോള്‍ ഞാനിവിടില്ല...ത്രസിച്ചു പോവുന്ന താന്ത്രിക രീതികള്‍ നേരിട്ടു കാട്ടിത്തരുന്ന ഈ പുസ്തകം മലമുകളിലെ പ്രശാന്തമായ ബുദ്ധാശ്രമങ്ങളിലേക്കും നമ്മളെ മുറതെറ്റാതെ കല്‍പ്പടവുകളിലൂടെ കൈ പിടിച്ച് കയറ്റിപ്പോവുന്നു.

അവസാനത്തെ അദ്ധ്യായത്തില്‍ റിംപോച്ചയോടൊപ്പം ഗ്രന്ഥകാരനും ധ്യാനത്തിലിരിക്കുകയാണ്. റിംപോച്ചെ ധ്യാനത്തിലൂടെ അതീന്ദ്രിയതലത്തിലേക്ക് കടന്നു പോവുന്നു. ബോധി സ്വത്വത്തെ ധ്യാനിക്കുമ്പോള്‍ നിങ്ങള്‍ ബോധിനയനങ്ങളിലൂടെയാണ് ലോകത്തെ കാണുന്നത്; ബോധി സ്വത്വത്തിന്റെ ചെവികളിലൂടെയാണ് ശ്രവിക്കുന്നത്. സകലതും ആ മഹാബോധത്തിന്റെ മന്ത്രജപമായറിയുന്നു. അവസാനം റിംപോച്ചെ ആന്‍ഡ്രൂ ഹാര്‍വിയോട് ചോദിക്കുന്നു: നിങ്ങള്‍ക്കത് കാണാനാവുന്നുണ്ടോ ?

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി ഞാനീ പുസ്തകത്തെ ഇടക്കിടെ ധ്യാനിക്കുന്നുണ്ട്. ഞാനൊരിക്കലും പോയിട്ടില്ലാത്ത ലഡാക്കിനെ, അവിടത്തെ ആത്മീയ ഭൂമികയെ ഈ പുസ്തക ധ്യാനത്തിലൂടെ എനിക്ക് കാണാനാവുന്നുണ്ട് . 

(A Journey in Ladak by Andrew Harvey. Published by Houghton Mifflin company First published in 1983) 

(റിജാം റാവുത്തര്‍. എഴുത്തുകാരന്‍. റാവുത്തർ സാമൂഹിക ചരിത്രം ഇതിവൃത്തമാക്കി മൗനത്തിന്റെ പാരമ്പര്യവഴികൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് . സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറി)

............................................................

അവരുടെ പുസ്തകങ്ങള്‍:

അനില്‍ വേങ്കോട്: നിപയുടെയും ഫാഷിസത്തിന്റെയും കാലത്ത് പ്ലേഗ് വായിക്കുമ്പോള്‍

അബ്ബാസ് ഒ എം: രവി ബസ്സിറങ്ങിയ കൂമന്‍ കാവ് ഇപ്പോള്‍ ഇവിടെയാണ്

രൂപേഷ് കുമാര്‍: പുസ്തകമാകാതെ ഒഴുകിയ ചോരകള്‍!

അബിന്‍ ജോസഫ്: ഒരു നിഗൂഢവായനക്കാരന്റെ രഹസ്യരാത്രികള്‍

വി എം ദേവദാസ് : ടെസ്റ്റ് ക്രിക്കറ്റ് പോലൊരു നോവല്‍

സോണിയാ റഫീക്ക്: മനുഷ്യാ, നീ ജീനാവുന്നു!

ജെ. ബിന്ദുരാജ്: വിട്ടുപിരിയാത്തൊരു പുസ്തകം

ഫിറോസ് തിരുവത്ര: ഭൂപടം ഒരു കടലാസല്ല; അനേകം മനുഷ്യരുടെ ചോരയാണ്!

വിനീത പ്രഭാകര്‍: പേജ് മറിയുന്തോറും  നാമൊരത്ഭുതം പ്രതീക്ഷിക്കും!

 മാനസി പി.കെ: ശരീരത്തെ  ഭയക്കാത്ത പുസ്തകങ്ങള്‍​

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്: എന്റെ പ്രണയത്തിലും ജീവിതത്തിലും ജിബ്രാന്റെ ഇടപെടലുകള്‍

മുജീബ് റഹ്മാന്‍ കിനാലൂര്‍ : മണപ്പാട് കുഞ്ഞഹമ്മദ് ഹാജി: കേരളം മറന്ന നവോത്ഥാന നായകന്‍​

 യാസ്മിന്‍ എന്‍.കെ: വേണുവിന്റെ യാത്രകള്‍!​

കെ. എ ഷാജി: അത് വായിച്ചാണ് ഞാന്‍  അച്ചനാവാന്‍ പോയത്!

അക്ബര്‍: കാരമസോവ് സഹോദരന്‍മാര്‍  എന്നോട് ചെയ്തത്​

click me!