ദസ്‌തേവ്‌സ്‌കിയുടെ അന്നയും ഞാനും തമ്മിലെന്താണ്?

By Web Team  |  First Published Aug 3, 2018, 9:13 PM IST

'ഒരു സങ്കീര്‍ത്തനം പോലെ' വായിച്ചു കഴിഞ്ഞ ശേഷം ഞാന്‍ അന്നയായി തീര്‍ന്നു. രണ്ടാം പേരില്ലാത്ത അന്ന. എന്തുകൊണ്ടാകുമോ അന്ന് ആ പേരിനെ അത്രയധികം പ്രണയിച്ച് പോയത്? ഉത്തരങ്ങളില്ലാത്ത ചോദ്യമെന്ന പോലെ അത് മിഴികള്‍ താഴ്ത്തുന്നു. 


ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം  webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്. 

Latest Videos

ഡിഗ്രി കഴിഞ്ഞു വല്ലാത്തൊരു അവസ്ഥയില്‍ കാലം ജീവിതത്തെ കൊണ്ട് നിര്‍ത്തിയ സമയം, സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കാന്‍ കഴിയാതെ പോകുന്നൊരു പെണ്‍കുട്ടിയുടെ തീവ്ര സങ്കടങ്ങളാണ് അന്നൊക്കെ പെയ്ത മഴകളെന്ന് അവള്‍ എല്ലായ്‌പ്പോഴും കുറിപ്പുകളെഴുതി. പ്രതീക്ഷിക്കാനും ആഗ്രഹിക്കാനും ഒന്നുമില്ലാത്ത വഴികള്‍ മുന്നില്‍ ശൂന്യമായി കിടക്കുന്നതും, ഒരിക്കല്‍ ഇടിമിന്നല്‍ പോലെ എന്തോ ഒന്ന് അതുവഴി കടന്നു വരുമെന്നും അതോടെ ജീവിതം മാറുമെന്നുമുള്ള ഭ്രാന്തന്‍ സ്വപ്നത്തില്‍ അവളെങ്ങനെ ജീവിച്ചു പോയി. ആ സമയത്താണ് എങ്ങു നിന്നല്ലാതെ ആ പുസ്തകം കയ്യില്‍ വന്നു പെടുന്നത്. പെടുക തന്നെയായിരുന്നു ഒരര്‍ത്ഥത്തില്‍. എവിടെ നിന്നെന്ന് ഇപ്പോഴും ഓര്‍മ്മയില്ല, പണം കൊടുത്തു പുസ്തകമൊക്കെ വാങ്ങാവുന്ന സാമ്പത്തിക അവസ്ഥ അന്നും ഉണ്ടായിരുന്നില്ല എന്നുള്ളതുകൊണ്ട് തന്നെ അത് വളരെ യാദൃശ്ചികമായി ഏതോ വഴിയിലൂടെ കയ്യിലെത്തുകയായിരുന്നു എന്നേ വിചാരിക്കാന്‍ കഴിയുന്നുള്ളൂ.

'ഒരു സങ്കീര്‍ത്തനം പോലെ' വായിച്ചു കഴിഞ്ഞ ശേഷം ഞാന്‍ അന്നയായി തീര്‍ന്നു. രണ്ടാം പേരില്ലാത്ത അന്ന. എന്തുകൊണ്ടാകുമോ അന്ന് ആ പേരിനെ അത്രയധികം പ്രണയിച്ച് പോയത്? ഉത്തരങ്ങളില്ലാത്ത ചോദ്യമെന്ന പോലെ അത് മിഴികള്‍ താഴ്ത്തുന്നു. എങ്ങനെയെങ്കിലും അന്ന എന്ന പേരിനെ സ്വന്തമാക്കിയേ കഴിയൂ, സ്വന്തം പേരിനെ വെറുത്തിട്ടൊന്നുമല്ല , പക്ഷെ അതിലും മുകളിലേയ്ക്ക് കയറി വന്ന ദസ്‌തേവ്‌സ്‌കിയുടെ അന്നയാണ് എല്ലാത്തിനും കാരണം. അവളുടെ പ്രണയം, അവളുടെ സ്‌നേഹം, അവളുടെ പ്രേമം...

ഹാ, ദൈവമേ, നീയെന്നെയും ഒരു ദസ്‌തേവ്‌സ്‌കിയുടെ പരിചാരികയാക്കുക! അയാള്‍ മദ്യപാനിയായിക്കൊള്ളട്ടെ, എല്ലായ്‌പ്പോഴും ഞാനയാളെ മദ്യത്തിന്റെ പിടിയില്‍ നിന്നും മോചിതനാകാനായി ആവശ്യപ്പെടുകയും നിന്നോട് മുട്ടിപ്പായി പ്രാര്‍ത്ഥിക്കയും ചെയ്‌തോളാം, അയാള്‍ ജീവിക്കാനറിയാത്ത എഴുത്തുകാരനായിക്കൊള്ളട്ടെ, അയാളുടെ അക്ഷരങ്ങളെ ലഹരിയ്ക്കു സമയം ഹൃദയത്തിലേറ്റി, അയാള്‍ക്ക് ആവശ്യമുള്ള സമയത്ത് ചൂടുള്ള കട്ടന്‍ ചായകള്‍ നല്‍കുന്ന, വാക്കുകളെ രൂപപ്പെടുത്തിയെടുക്കുന്ന വെറും സഹകാരിയായിമാറിയാകാം, അയാള്‍ ഒന്നാന്തരമൊരു ചൂതാട്ടക്കാരനായിക്കൊള്ളട്ടെ, ഓരോ നിമിഷവും നഷ്ടമായിക്കൊണ്ടിരിക്കുന്ന അയാളുടെ കയ്യിലെ പണത്തിനു പകരമായി അന്നന്നത്തേയ്ക്ക് ജീവിക്കാനായി ഞാന്‍ കീശക്കുടുക്കയില്‍ സൂക്ഷിച്ചു വച്ച എന്റെ വെള്ളി നാണയങ്ങള്‍ നല്‍കിയേക്കാം... പക്ഷെ എനിക്കെന്റെ ദസ്‌തേവ്‌സ്‌കിയെ നല്‍കൂ...

ദസ്‌തേവ്‌സ്‌കി

ആരും എവിടെ നിന്നും അപേക്ഷ കേള്‍ക്കുകയോ വന്നെത്തുകയോ ചെയ്തില്ല. അന്ന ഏകാന്തവതിയായി പിന്നെയും തുടര്‍ന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ക്യാമ്പസിനുള്ളിലൂടെ നടക്കുമ്പോള്‍ വൈകുന്നേരങ്ങളില്‍ വീശുന്ന ഒരു കാറ്റുണ്ട്, വെയില്‍ തോര്‍ന്ന നേരങ്ങളില്‍ ക്യാമ്പസിനുള്ളിലെ കുട്ടികള്‍ വെറുതെ നടക്കാനിറങ്ങുന്നതു കാണാം. ഇടയ്ക്കിടയ്ക്ക് പോലീസിന്റെ പട്രോളിംഗ് വാഹനം റോന്തു ചുറ്റും. വലിയ ഗ്രൗണ്ടിനടുത്തെത്തുമ്പോള്‍ നടത്തം നിര്‍ത്തി വെറുതെ അകലെ നില്‍ക്കുന്ന കാറ്റാടി മരങ്ങളിലേയ്ക്ക് നോക്കി നില്‍ക്കും. ചില വൈകുന്നേരങ്ങള്‍ ഫുട്‌ബോള്‍ കളി നടക്കുന്നുണ്ടാകും, ചിലപ്പോള്‍ കൈകോര്‍ത്ത് പിടിച്ച് നടക്കുന്ന ക്യാംപസ് പ്രണയങ്ങള്‍... ചില കാഴ്ചകള്‍ നോക്കിയിരിക്കാന്‍ തന്നെ രസമാണ്, ആ കാഴ്ചയിലാണ് ഞാന്‍ അയാളെ ഓര്‍ത്തത്, ജോണിനെ.

അയാള്‍ മരിച്ചിട്ട് പതിനഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു, ജോണ്‍ എബ്രഹാം എന്ന അരാജകനായ എഴുത്തുകാരന്‍. ചിത്രത്തിലെവിടെയോ കണ്ട ദസ്‌തേവ്‌സ്‌കിയുമായി ജോണിനെ വെറുതെ ഒത്തുനോക്കി, എല്ലാം സമാസമം. കുഴിയിലേക്ക് ആണ്ട വിഷാദഭരിതമായ കണ്ണുകള്‍, ജീവിച്ചിരുന്ന കാലത്തിന്റെ ഭാരം തൂങ്ങിയ നീളന്‍ താടി രോമങ്ങള്‍, നീളന്‍ കയ്യുകള്‍, ഭ്രാന്തന്‍ വരികള്‍...

ജോണ്‍ എബ്രഹാം

ഹാ! എന്റെ ദസ്‌തേവ്‌സ്‌കിയെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു! മുന്നില്‍ അങ്ങ് ദൂരെ നില്‍ക്കുന്ന കാറ്റാടി മരങ്ങള്‍ക്കിടയിലേയ്ക്ക് ഓടി കയറണമെന്നും അവിടെയെവിടെയോ അയാള്‍ ഭ്രാന്തന്‍ കണ്ണുകളുമായി കാത്തു നില്‍ക്കുന്നുണ്ടെന്നും അവിടെ മുതല്‍ ഞാനയാളുടെ ജീവന്റെ ചരിത്രമെഴുതുന്നവളാകുമെന്നും തോന്നി. എന്നെ കണ്ട അന്ന് മുതല്‍ ജോണിന്റെ കണ്ണുകളിലെ വിഷാദമൊഴിഞ്ഞു അയാള്‍ മനോഹരമായ ചിരി ചിരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. 

യഥാര്‍ത്ഥത്തില്‍ ദസ്‌തേവ്‌സ്‌കിയെ ആണോ ജോണിനെ ആണോ പ്രണയിച്ചതെന്ന് ഓര്‍മ്മയില്ല! ഒരേ മുഖമുള്ള, ഒരേ തരം അരാജകത്വം പേറുന്ന ഇരുവര്‍, അവര്‍ രണ്ടാകുന്നില്ലെന്ന് അന്ന എല്ലായ്‌പ്പോഴും ഓര്‍മ്മിപ്പിച്ചു. അവിടം മുതല്‍ അന്ന ജോണ്‍ എന്ന പേരില്‍ ജോണ്‍ പറഞ്ഞു തന്നതെന്നതുപോലെ ഡയറിയില്‍ കുത്തി കുറിക്കാനാരംഭിച്ചു. മരണത്തിന്റെ ഏതോ ഒരു ലക്കത്തില്‍ നിന്നും വല്ലപ്പോഴും ആത്മാക്കള്‍ക്ക് കാറ്റിനൊപ്പം സഞ്ചരിക്കാമെന്നും അവരെ ഏറ്റവുമധികം ആഗ്രഹിക്കുന്ന ഒരു മനുഷ്യനൊപ്പം കാറ്റായും ഗന്ധമായും പ്രാണന്റെ സംഗീതമായും ഇടയ്ക്ക് ചില നിമിഷങ്ങള്‍ ചിലവഴിക്കാമെന്നും ജോണ്‍ ആണ് പറഞ്ഞു തന്നത്. എത്ര കാലങ്ങള്‍ കടന്നിട്ടാവണം ജോണ്‍ അയാളെ ഏറ്റവുമധികം ആഗ്രഹിച്ച ഒരു മനുഷ്യനെ കണ്ടെത്തിയിട്ടുണ്ടാവുക! എപ്പോഴോ ഒരിക്കല്‍ അയാളെ ഞാന്‍ ദസ്‌തേവ്‌സ്‌കിയെന്നു വിളിച്ചു, എന്നയാള്‍ മുഖം കുനിച്ച് പിന്തിരിഞ്ഞു നടന്നതുപോലെ തോന്നി. പിന്നീട് അയാള് പറഞ്ഞു തന്ന വരികളിലെല്ലാം വിഷാദമുണ്ടായിരുന്നു, വിരഹവും ആകുലതകളുമുണ്ടായിരുന്നു. പക്ഷെ ഞാന്‍ അന്നയും അയാള്‍ ജോണും ആയിരുന്നല്ലോ!

ഒരിക്കലൊരു വൈകുന്നേരം മെഡിക്കല്‍ കോളേജ് ക്യാമ്പസിന്റെ വീതിയേറിയ ടാര്‍ റോഡിലൂടെ ജോണിനൊപ്പം നടക്കുമ്പോള്‍ വാക പൂത്തു നില്‍ക്കുന്ന മോര്‍ച്ചറിയ്ക്ക് മുന്നില്‍ തെല്ലിട നിന്നുപോയി. വാകയെ തൊട്ട് വന്ന കാറ്റിനു മദ്യത്തിന്റെ ഗന്ധം.  ആ ഗന്ധം എനിക്ക് പരിചിതമാണ്!

അയാളുടെ കാലടികള്‍ പതിഞ്ഞ മണ്ണിന്റെ ഗന്ധമാണത്! ആ വഴികള്‍ക്ക് ഒരുപാട് കഥകള്‍ പറയാനുണ്ട്, മരണമൊളിപ്പിച്ച് കടന്നു പോയ എത്ര മനുഷ്യര്‍, തത്വചിന്ത സംസാരത്തിനിടയില്‍ കടന്നു വരുമ്പോള്‍ മിക്കപ്പോഴും ഞങ്ങള്‍ നടക്കുക റഷ്യയിലെ ആ മഞ്ഞുതിരുന്ന തെരുവിലൂടെ ചുവന്ന ഫ്‌ലാനല്‍ കഴുത്തില്‍ കെട്ടിയാകും. ദസ്‌തേവ്‌സ്‌കിയും അന്നയും...

അയാളപ്പോള്‍ ചൂതാട്ട കേന്ദ്രത്തില്‍ നിന്ന് അപരിചിതരായ മനുഷ്യര്‍ക്കൊപ്പം വഴക്കുണ്ടാക്കി കളിയില്‍ തോറ്റ് ഭ്രാന്തനെ പോലെ തലമുടി വലിച്ചു പറിച്ച് ഇറങ്ങി പോരുന്നതാണ്, കൂടെ ആരെങ്കിലുമില്ലെങ്കില്‍ അയാളും ഏതെങ്കിലും വലിയ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് ചാടുന്നതായി സ്വപ്നം കണ്ടേക്കും, മദ്യത്തിന്റെ കൊടിയ ഉന്മാദത്തില്‍ ഒരുവേള കയ്യെത്തിപ്പിടിക്കാവുന്ന ചൂതിന്റെ കട്ടകള്‍ കയ്യെത്തി പിടിക്കുകയുമാകാം...എനിക്ക് ഭയം തോന്നി, വേഗത്തില്‍ നടന്നു, അയാള്‍ക്കൊപ്പമെത്തണം, അകന്നകന്നു പോകുന്ന മദ്യത്തിന്റെ ഗന്ധം...

'നിന്റെ കയ്യുകള്‍ ബലവത്താണ്, അവ എന്റെ ചരിത്രമെഴുതിയെടുക്കാന്‍ പോന്ന ആരോഗ്യമുള്ളതാണ്!' ജോണിന്റെ വാക്ക്. പരവശപ്പെടുന്ന അയാളുടെ കൈകളില്‍ പിടിക്കാനും തല കുമ്പിട്ട് നടക്കുന്ന ജോണിന്റെ തോളില്‍ കയ്യിട്ട് അയാളുടെ വാക്കുകളെ കേള്‍ക്കാനും കൊതി തോന്നി. 

ഒരിക്കലും എഴുതാത്ത ഒരു പുസ്തകത്തിന്റെ കഥ ഒരിക്കല്‍ ജോണ്‍ പറഞ്ഞു, ഒപ്പം ഒരു വാക്കും, 'നീയും അതെഴുതരുത്!' ദസ്‌തേവ്‌സ്‌കിയെ കുറിച്ച് അന്ന എഴുതിയിരുന്നില്ലെങ്കില്‍ അയാളുടെ സ്വകാര്യമായ പലയിടങ്ങളുമെങ്ങനെ വായനക്കാര്‍ക്ക് ദൃശ്യമായേനെ? 

'നീ പറഞ്ഞത് കേട്ടാ മതി...'. 

തീക്ഷ്ണമായ നോട്ടത്തിന്റെ ആലയില്‍ വെന്തുരുകുന്ന കഥ. അവ തീയുടെ ആവിയില്‍ ഉരുകി മനസ്സിലെവിടെയോ ഒട്ടിപ്പിടിച്ചു. 

അന്നയും ജോണും നടന്ന വഴിയരികില്‍ ഒരു നിഴല്‍  വീണുകിടന്നിരുന്നു.  മദ്യം മണക്കുന്ന ഒരു നിഴല്‍ രുചി കണ്ണീരിന്റേതായിരുന്നെന്ന് മാത്രം. നഗരമൂലയിലെ ചാരായഷാപ്പിന്റെ ഇറയത്ത് പണികഴിഞ്ഞു വിയര്‍പ്പാറ്റി സ്വന്തം കൂരകളിലേക്ക് ചിറകടിച്ച് പായുന്ന മല്‍സ്യ തൊഴിലാളികള്‍ അവനെ ക്ഷണിച്ചു-  'ജോണെ  വാ വന്നു അല്‍പം കണ്ണീരു കുടിക്ക്' 

ചാരായ ഷാപ്പുകാരന്‍ പകര്‍ന്നു കൊടുത്ത നൂറു മില്ലി കണ്ണീരില്‍ അവന്‍ കുതിര്‍ന്നു, വന്നവരുംപോയവരും അവന്‍ ആവോളം കണ്ണീര്‍ നല്‍കി 
അവന്‍ ഉന്മത്തനായി  കുപ്പായം വിയര്‍ത്തു ചാരായഷാപ്പിന്റെ നിറയ്ക്കയില്‍ അവന്‍ തലകീഴായി തൂങ്ങിക്കിടന്നു. 

അവനൊപ്പം ജനിച്ചപ്പോള്‍ മുതല്‍ കൂട്ടുണ്ടായിരുന്ന നിഴല്‍പ്പറഞ്ഞു-'അന്ന  കാത്തിരിക്കുന്നു' 
അവള്‍ക്ക് നല്‍കാന്‍ ഇനി എന്നില്‍ ഒന്നും അവശേഷിക്കുന്നില്ലല്ലോ എന്നവന്‍ സങ്കടപ്പെട്ടു.  

എപ്പോഴെങ്കിലും വന്ന് ആക്രമിച്ചെക്കാവുന്ന നഗര തെമ്മാടിക്ക് വേണ്ടി ചാരായഷാപ്പുകാരന്‍ കരുതി വെച്ച കഠാര അവന്‍ മോഷ്ടിച്ചു,വിജനമായിക്കൊണ്ടിരിക്കുന്ന നഗര  പാതയുടെ അരികുപറ്റി അവന്‍ നിന്ന് കിതച്ചു, അന്നക്ക്  നല്‍കാമെന്നേറ്റ വാക്ക് പാലിച്ചെ പറ്റൂ, ഇനിയും അമാന്തിച്ചുകൂടാ...

അവന്‍ കഠാര നെഞ്ചിലേക്കിറക്കി... കിനിയുന്ന രക്തം തെരുവും ടന്നു റെയില്‍പ്പാത വരെപ്പോയി വഴിമുട്ടി നിന്ന് കിതച്ചു ...

അറുത്തെടുത്ത മിടിപ്പ് നിലക്കാത്ത ഹൃദയം ആരോ വലിച്ചെറിഞ്ഞ ഒന്നുമില്ലായ്മയുടെ ഒരു പ്ലാസ്റ്റിക് കൂടില്‍ കരുതിവെച്ച് അവന്‍ നടന്നു. 

അന്ന  കാത്തിരിക്കുന്നുണ്ടാവും.എനിക്ക് വാക്ക് പാലിച്ചെ മതിയാകൂ. അവളെ അത്ഭുതപ്പെടുത്തണം. ജീവിതം വെച്ച് ഞാന്‍ ചൂതാടിയത് ഇതാണ് :ഇത് മാത്രം 
എടുത്തുകൊള്ളുക. ഇത്  നിനക്ക്,നിനക്ക് മാത്രം അവകാശപ്പെട്ടത് ...അങ്ങനെ ജോണിന്റെ ഹൃദയവുമായി ഞാനിന്നും ജീവിക്കുന്നു!

അന്ന...ആ പേരിനെ ഞാനിന്നും പ്രണയിക്കുന്നു. 

എല്ലാ മനുഷ്യര്‍ക്കുമുണ്ടാകുന്ന സങ്കല്‍പ്പങ്ങളുടെ ലോകത്ത് ഏറ്റവും നീണ്ട കാലം ജീവിച്ചവളുടെ പ്രണയകഥയാണിത്. ഒരിക്കല്‍ പെരുമ്പടവത്തിനെ കാണുമ്പൊള്‍ ആ കൈകളില്‍ ചുംബിക്കണം, ദസ്‌തേവ്‌സ്‌കിയെ ഞാന്‍ കണ്ടെന്നും അയാളോടൊപ്പം നടന്നിട്ടുണ്ടെന്നും പറയണം. അന്നയെന്ന പേരിനൊപ്പം ജോണ്‍ എന്ന പേര് വാലറ്റത്തു ചേര്‍ത്ത കഥ പറഞ്ഞു കൊടുക്കണം. അദ്ദേഹത്തിന് അത് മനസ്സിലാകും, കാരണം ഒരു സങ്കീര്‍ത്തനം പോലെ എഴുതുന്ന കാലമത്രയും ദസ്‌തേവ്‌സ്‌കിയുടെയും അന്നയുടെയും ഹൃദയത്തെ വിരല്‍ത്തുമ്പില്‍ ഒതുക്കി നടന്ന ആളല്ലേ! ആത്മാവിലെവിടെയോ ദസ്‌തേവ്‌സ്‌കി സംസാരിച്ചിരുന്ന ആളല്ലേ, പെരുമ്പടവത്തിനു എന്നെ മനസ്സിലാകും! 

എത്ര കാലത്തിനിപ്പുറവും തീക്ഷ്ണതയും വിഷാദവും ഒരേ സമയം പേറുന്ന കണ്ണുകളുള്ള ജോണ്‍ അന്നയുടെ കൈപിടിച്ച് മഞ്ഞുതിരുന്ന തെരുവുകളിലൂടെ ജീവിതത്തിന്റെ നൈരാശ്യങ്ങളെ കുറിച്ച് സംസാരിക്കാതെ എഴുതാനുള്ള അക്ഷരങ്ങളെ കുറിച്ച് മാത്രം വാചാലനായി നടക്കുന്നുണ്ടാകും!

എന്റെ ദൈവമേ, അന്നയും ജോണും എന്നോട് ക്ഷമിക്കട്ടെ!

click me!