ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.
ഒരു പതിനഞ്ചു വര്‍ഷമെങ്കിലും മുമ്പാണ് എഡ്വാഡോ ഗലിയാനോ എന്ന പേരു ഞാന്‍ കേള്‍ക്കുന്നത്. നല്ല വായനക്കാരായ സുഹൃത്തുക്കള്‍ 'ആലിംഗനങ്ങളുടെ പുസ്തക'ത്തെപ്പറ്റി പറഞ്ഞപ്പോള്‍ ആ പുസ്തകം സ്വന്തമാക്കി. അതിന്റെ വായനയെത്തുടര്‍ന്ന് മറ്റു പുസ്തകങ്ങള്‍ ശേഖരിക്കുക എന്നത് ഒരു അനിവാര്യതയായിത്തീരുകയും ചെയ്തു.
ചെറുകുറിപ്പുകള്‍ ചേര്‍ത്തു തയ്യാറാക്കിയ 'ആലിംഗനങ്ങളുടെ പുസ്തകം' ഏതൊക്കെ തരത്തിലാണ് എന്നെ സ്വാധീനിച്ചതെന്നറിയില്ല. ഉറൂഗ്വേക്കാരനായ പത്രപ്രവര്‍ത്തകനാണ് എഡ്വാഡോ ഗലിയാനോ. 1970കളില്‍ പട്ടാളഭരണകൂടം അധികാരത്തിലേറിയപ്പോള്‍ അര്‍ജന്റീനയിലും സ്‌പെയിനിലുമൊക്കെയായി അദ്ദേഹം ഏറെക്കാലം നാട്ടില്‍നിന്നു വിട്ടുനിന്നു. അതുകൊണ്ടാവണം രാഷ്ട്രീയമായ ജാഗ്രത ഗലിയാനോയ്ക്ക് എന്നുമുണ്ടായിരുന്നു. ഒരു ഭരണകൂടത്തിന്റെ ശത്രുക്കള്‍ മറ്റു ഭരണകൂടങ്ങളല്ല, സ്വന്തം ജനങ്ങള്‍തന്നെയാകുന്ന ഒരു ലോകത്തെയാണ് അദ്ദേഹത്തിന് എഴുത്തിലൂടെ നേരിടേണ്ടി വന്നത്. രൂക്ഷമായ പരിഹാസത്തിലൂടെയാണ് ചിലപ്പോള്‍ അദ്ദേഹം ആ അവസ്ഥയെ കണ്ടറിഞ്ഞത്. നിരന്തരമായ യാത്രയ്ക്കിടയില്‍ താന്‍ കണ്ട ചില ചുവരെഴുത്തുകള്‍ ഗലിയാനോ ഓര്‍മ്മിക്കുന്നുണ്ട്. അതിലൊരെണ്ണം: 'Assist police; torture yourself' എന്നാണ്. പൊലീസിന്റെ പീഡനത്തോടുള്ള മൂര്‍ച്ചയുള്ള പരിഹാസമാണ് ഇതിലുള്ളതെങ്കില്‍, മറ്റൊരെണ്ണം സര്‍ക്കാരിന്റെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപരിപാടിയെ പരിഹസിക്കുന്നതാണ്: 'Fight poverty; kill that beggar.' അദ്ദേഹത്തിന്റെ 'Open veins of Latin America' എന്ന പുസ്തകം രാഷ്ട്രീയകാരണങ്ങള്‍ കൊണ്ടുതന്നെ പല രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടതാണ്. ഏകാധിപത്യഭരണകൂടങ്ങള്‍ പോലും വാക്കിന്റെ കലയ്ക്കുമുമ്പില്‍ വിറയ്ക്കുന്നതു കാണുമ്പോള്‍ അതില്‍ ഇപ്പോഴും പ്രതീക്ഷയര്‍പ്പിക്കാതിരിക്കാനാവില്ലല്ലോ.
സമൂഹത്തെപ്പറ്റിയോ ഭരണകൂടത്തെപ്പറ്റിയോ എന്തെങ്കിലും അഭിപ്രായം പറയുകയും സമരത്തിനിറങ്ങിപ്പുറപ്പെടുകയുമൊക്കെ ചെയ്യുന്ന സാധാരണക്കാര്‍ പോലും അതേ ഭരണകൂടത്തില്‍നിന്നു സമത്വം, നീതി, സ്വാതന്ത്ര്യം എന്നിങ്ങനെ ചിലതു പ്രതീക്ഷിക്കുന്നുണ്ട്; ഒരു ആധുനിക ജനാധിപത്യ ഭരണകൂടമാകുമ്പോള്‍ പ്രതീക്ഷകള്‍ക്കു കുറച്ചുകൂടി കനം വയ്ക്കുന്നു. 'ഒരു പൗരനാണ്' എന്നൊരാള്‍ക്ക് അഭിമാനത്തോടെ പറയാനാവുന്നത് ആ പ്രതീക്ഷകള്‍ നിറവേറ്റപ്പെടുമ്പോഴാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ 'ഒരു പൗരനാണ്' എന്നു പറയേണ്ടിവരുന്നത് ദാരുണതയായി മാറുന്ന സന്ദര്‍ഭങ്ങളും സംഭവിച്ചുകൊണ്ടേയിരിക്കുന്നു. അപ്പോഴൊക്കെ എഡ്വാര്‍ഡോ ഗലിയാനോയുടെ 'ആലിംഗനങ്ങളുടെ പുസ്തക'ത്തിലെ ഒരു സന്ദര്‍ഭം ഓര്‍മ്മയിലെത്തും. ഗലിയാനോയുടെ അനുഭവക്കുറിപ്പില്‍നിന്നൊരു ഭാഗം ഓര്‍മ്മിക്കട്ടെ:
ഒരിക്കല്‍ അദ്ദേഹം ചിലിയുടെ തലസ്ഥാനനഗരമായ സാന്റിയാഗോയിലൂടെ നടക്കുകയായിരുന്നു. പലതരം ചിലിയന്‍ നിവാസികളുണ്ടവിടെ. അതില്‍ സമൂഹത്തിന്റെ കീഴ്ത്തട്ടിലുള്ളവരുമുണ്ട്. 'സബ് ചിലിയന്‍സ്' എന്നു വിളിക്കാവുന്നവര്‍. സാമ്പത്തികവിദഗ്ദ്ധര്‍ അവരെ ശപിക്കുന്നു. പൊലീസ് അവരെ പിന്തുടരുന്നു. സംസ്‌കാരം അവരുടെ അസ്തിത്വത്തെത്തന്നെ നിഷേധിക്കുന്നു. അവരില്‍ ചിലര്‍ യാചകരായി. ട്രാഫിക് ലൈറ്റുകള്‍ക്കടുത്തും ഇടവഴികളിലുമൊക്കെ അവര്‍ ഒളിച്ചുനിന്നു. യാചന വൈദഗ്ധ്യമുള്ള ഒരു തൊഴിലായി മാറ്റുകയോ ഒരു കലയായി വികസിപ്പിക്കുകയോ ചെയ്തു അവര്‍. നല്ലവണ്ണം പരിശീലിച്ച് കൈകള്‍ വിറപ്പിച്ച് അവര്‍ ഭിക്ഷ യാചിച്ചു. (ഞാന്‍ കണ്ണില്ലാത്തവനാണു സര്‍, ചെവി കേള്‍ക്കാത്തവനാണു സര്‍ എന്നപോലെ) പട്ടാള ഏകാധിപത്യത്തിന്റെ നാളുകളില്‍ ആ യാചകരിലെ വിദഗ്ധരിലൊരുവന്‍ കൈനീട്ടി യാചിച്ചത് ഇങ്ങനെയാണ്: 'ഞാന്‍ ഒരു പൗരനാണു സര്‍'.
വാക്കുകളുടെ വീട്ടില്‍ നിറങ്ങളുടെ ഒരു മേശയുണ്ടായിരുന്നു.
രാഷ്ട്രീയം മാത്രമല്ല, സാഹിത്യവും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിഷയമായിരുന്നു. ആലിംഗനങ്ങളുടെ പുസ്തകത്തിലെ 'വാക്കുകളുടെ വീട്' എന്ന കുറിപ്പ് ഇങ്ങനെ:
'വാക്കുകളുടെ വീട്ടിലേക്ക് കവികള്‍ പ്രവേശിക്കുന്നതായി ഹെലേനാ വെല്ലാഗ്ര സ്വപ്നം കണ്ടു. കവികളെക്കാത്ത്, സ്വയം സമര്‍പ്പിച്ച്, തെരഞ്ഞെടുക്കപ്പെടാനുള്ള ഭ്രാന്തമായ മോഹവുമായി പഴയ ചില്ലുപാത്രങ്ങളില്‍ സൂക്ഷിക്കപ്പെട്ടിരുന്നു വാക്കുകള്‍: അവയെ നോക്കാന്‍, അവയെ മണക്കാന്‍, അവയെ തൊടാന്‍, അവയെ നക്കാന്‍ അവ കവികളോടു യാചിച്ചു. കവികള്‍ പാത്രങ്ങള്‍ തുറന്ന് വാക്കുകളെ വിരല്‍ത്തുമ്പുകളിലെടുത്ത് അവയുടെ ചുണ്ടുകളില്‍ അടിക്കുകയോ മൂക്കുകള്‍ ചുളുക്കുകയോ ചെയ്തു. കവികള്‍ തങ്ങള്‍ക്കറിയാത്തതും അറിഞ്ഞിട്ടും നഷ്ടപ്പെട്ടതുമായ വാക്കുകള്‍ തെരയുകയായിരുന്നു.
വാക്കുകളുടെ വീട്ടില്‍ നിറങ്ങളുടെ ഒരു മേശയുണ്ടായിരുന്നു. വലിയ ഫൗണ്ടനുകളിലായി സ്വയം സമര്‍പ്പിച്ചു അവ. ഓരോ കവിയും തനിക്കു വേണ്ട നിറമെടുത്തു: നാരങ്ങാമഞ്ഞയോ സൂര്യന്റെ മഞ്ഞയോ, കടല്‍നീലയോ പുകനീലയോ, കടുംചുവപ്പോ ചോരച്ചുവപ്പോ വീഞ്ഞിന്റെ ചുവപ്പോ......'
അതെല്ലാം ഏകാധിപത്യത്തിനെതിരായ ആണെഴുത്തിന്റെ ഒരു ഉത്സവമായിരുന്നു
ഇതേ പുസ്തകത്തിലെ 'നെരുദ' എന്ന കുറിപ്പിലെ കാവ്യാത്മകമായ ഫാന്റസികൂടി നോക്കുക:
'ഞാന്‍ ഇസ്ല നേഗ്രയിലായിരുന്നു. പാബ്ലോ നെരുദയുടേതായിരുന്ന, നെരുദയുടേതായ, വീട്ടില്‍.
ആര്‍ക്കും അകത്തുകടക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ഒരു മരവേലി ആ വീടിനെ ചുറ്റി. അതില്‍ ആളുകള്‍ കവിക്കുള്ള സന്ദേശങ്ങള്‍ കുറിച്ചിരുന്നു. തടിയുടെ ഒരു ഇഞ്ചു പോലും ഒഴിച്ചിട്ടിരുന്നില്ല. ഇപ്പോഴും ജീവിച്ചിരുപ്പുണ്ട് എന്നപോലെ അദ്ദേഹത്തോട് അവരെല്ലാം സംസാരിച്ചു. പെന്‍സില്‍ കൊണ്ടായാലും നഖമുനകള്‍ കൊണ്ടായാലും ഓരോരുത്തരും അദ്ദേഹത്തോടു കടപ്പെടാന്‍ വഴി കണ്ടെത്തി.
വാക്കുകളില്ലാതെതന്നെ ഞാനും ഒരു വഴി കണ്ടെത്തി. അകത്തുകടക്കാതെതന്നെ ഞാന്‍ അകത്തുകടന്നു. മദ്യങ്ങളെപ്പറ്റി ഞങ്ങള്‍ മൗനമായി സംസാരിച്ചു. സമുദ്രങ്ങളെപ്പറ്റിയും പ്രണയങ്ങളെപ്പറ്റിയും കഷണ്ടിക്കുള്ള കൊള്ളാവുന്ന പരിഹാരത്തെപ്പറ്റിയും കവിയും ഞാനും മിണ്ടാതെതന്നെ പറഞ്ഞുകൊണ്ടിരുന്നു. ചെമ്മീന്‍ കൊണ്ടുള്ള പില്‍- പില്‍, ഞണ്ടുകൊണ്ടുള്ള അട എന്നിവയും ആത്മാവിനെയും ഉദരത്തെയും ആഹ്ലാദിപ്പിക്കുന്ന മറ്റു വിസ്മയങ്ങളും ഞങ്ങള്‍ പങ്കിട്ടു. ആത്മാവും ഉദരവും അദ്ദേഹത്തിനു നന്നായി അറിയുന്നതുപോലെ ഒരേ കാര്യത്തിനുള്ള വ്യത്യസ്തമായ നാമങ്ങളാണല്ലൊ.
നല്ലൊരു വൈന്‍ കഴിക്കല്‍ സമയത്തിനു ഞങ്ങള്‍ ഗ്ലാസ്സുകളുയര്‍ത്തി. ഉപ്പുരസമുള്ള ഒരു കാറ്റ് വീണ്ടും ഞങ്ങളുടെ മുഖത്തടിച്ചു. അതെല്ലാം ഏകാധിപത്യത്തിനെതിരായ ആണെഴുത്തിന്റെ ഒരു ഉത്സവമായിരുന്നു. ഒപ്പം അദ്ദേഹത്തോടു വശംചേര്‍ന്നുനിന്ന ആ കറുത്ത മുന്നണിപ്പടയുടെയും തന്തയില്ലാത്ത ആ വേദനയുടെയും ഒപ്പം ജീവിതാഘോഷത്തിന്റെയും ഉത്സവമായിരുന്നു- കടന്നുപോകുന്ന പ്രണയങ്ങളുടെയും പൂക്കളുടെയും അള്‍ത്താരകളുടെയത്ര സുന്ദരവും ക്ഷണികവുമായത്.'
ഗലിയാനോ പത്രപ്രവര്‍ത്തകന്‍ മാത്രമല്ല, ചരിത്രകാരന്‍കൂടിയാണ്. പക്ഷേ അദ്ദേഹം എഴുതിയ ചരിത്രം സാമ്പ്രദായികമായ രീതിയിലല്ലെന്നേയുള്ളു. മിത്തുകളും കേട്ടറിവുകളും പത്രറിപ്പോര്‍ട്ടുകളും വസ്തുതാവിവരണങ്ങളും സ്വാനുഭവങ്ങളുമെല്ലാം ചേര്‍ന്ന് ഫിക്ഷനോ കവിതയോ ചരിത്രമോ എന്നൊന്നും തിരിച്ചറിയാനാവാത്ത മട്ടിലാണ് അദ്ദേഹത്തിന്റെ എഴുത്ത്. മൂന്നു ഭാഗങ്ങള്‍ മൂന്നു പുസ്തകങ്ങളായി രചിച്ച 'Memory of Fire' അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് എന്ന നിലയില്‍ പ്രസിദ്ധമായ കൃതിയാണ്. ലാറ്റിന്‍ അമേരിക്കയിലെ കൊളോണിയല്‍ ഭരണത്തിന്റെ സൂക്ഷ്മമായ ചരിത്രം എന്നാണ് അത് അറിയപ്പെടുന്നത്. മൂന്നു ഭാഗങ്ങളില്‍ ആദ്യത്തേതായ ഉല്‍പത്തിപ്പുസ്തകത്തിലെ 'സൃഷ്ടി' എന്ന ഒന്നാം അധ്യായം നോക്കൂ:
'ആണും പെണ്ണും സ്വപ്നം കണ്ടു, ദൈവം അവരെപ്പറ്റി സ്വപ്നം കാണുകയാണെന്ന്.
ദൈവം പുകയിലപ്പുകകൊണ്ടുള്ള ഒരു മേഘത്തില്‍ തന്റെ സ്വപ്നത്തെ സ്വപ്നം കണ്ടുകൊണ്ട്, സന്തോഷത്തോടെയെങ്കിലും സംശയത്താലും നിഗൂഢതയാലും പിടിച്ചുലയ്ക്കപ്പെട്ട്, പാടുകയും മറാക്കാ*കളില്‍ കൊട്ടുകയുമായിരുന്നു.
ദൈവം ആഹാരത്തെപ്പറ്റി സ്വപ്നം കാണുന്നുവെങ്കില്‍ അവന്‍ വിളവും ആഹാരവും തരുമെന്ന് മകിരിറ്റെയര്‍ ഇന്ത്യക്കാര്‍ക്ക്** അറിയാം. ദൈവം ജീവിതത്തെ സ്വപ്നം കാണുന്നുവെങ്കില്‍ അവന്‍ ജനിക്കുകയും ജനിപ്പിക്കുകയും ചെയ്യും.
ദൈവത്തിന്റെ സ്വപ്നത്തെക്കുറിച്ചുള്ള അവരുടെ സ്വപ്നത്തില്‍, ആണും പെണ്ണും തിളങ്ങുന്ന വലിയൊരു മുട്ടയ്ക്കുള്ളില്‍ പാടുകയും നൃത്തം ചെയ്യുകയും ശക്തിയായി മുട്ടുകയുമായിരുന്നു. കാരണം അവര്‍ ജനിക്കുന്നതിനുള്ള ഭ്രാന്തമായ ആവേശത്തിലായിരുന്നു. ദൈവത്തിന്റെ സ്വപ്നത്തില്‍ ആനന്ദം സംശയത്തെക്കാളും നിഗൂഢതയെക്കാളും ബലവത്തായിരുന്നു. അതുകൊണ്ട് സ്വപ്നം കണ്ടുകൊണ്ട്, ദൈവം ഒരു ഗാനത്തോടൊപ്പം അവരെ സൃഷ്ടിച്ചു:
''മുട്ട ഞാന്‍ പൊട്ടിക്കുന്നു. ആണും പെണ്ണും ജനിക്കുന്നു. അവരൊരുമിച്ചു ജീവിക്കും മരിക്കും. എങ്കിലുമവര്‍ വീണ്ടും പിറക്കും, മരിക്കും. അവര്‍ വീണ്ടും പിറക്കുകയും മരിക്കുകയും വീണ്ടും പിറക്കുകയും ചെയ്യും. പിറക്കല്‍ അവര്‍ നിര്‍ത്തുകയേയില്ല. കാരണം മരണം ഒരു നുണയാണ്.'
* ഒരു ലാറ്റിന്‍ അമേരിക്കന്‍ കൊട്ടുവാദ്യം
** തെക്കേ അമേരിക്കയിലെ തദ്ദേശവാസികളായ ഒരു ജനവിഭാഗം
''ആമസോണിയന്‍ കാട്ടില്‍ ആദ്യത്തെയാണും ആദ്യത്തെ പെണ്ണും ആകാംക്ഷയോടെ തമ്മില്‍ നോക്കി.
ആദിമമായ സൃഷ്ടി മാത്രമല്ല, ആദിമമായ സ്‌നേഹവും രതിയും ഇതേ പുസ്തകത്തില്‍ ഗലിയാനോ മനോഹരമായ അനുഭവമാക്കുന്നുണ്ട്. 'സ്‌നേഹം' എന്നു പേരിട്ട കുറിപ്പു കാണുക:
''ആമസോണിയന്‍ കാട്ടില്‍ ആദ്യത്തെയാണും ആദ്യത്തെ പെണ്ണും ആകാംക്ഷയോടെ തമ്മില്‍ നോക്കി. അവരുടെ കാലുകള്‍ക്കിടയിലുള്ളത് വിഭിന്നമായ സംഗതികളായിരുന്നു.
''അവര്‍ നിന്‍േറത് മുറിച്ചു കളഞ്ഞോ?'' ആണു ചോദിച്ചു.
''ഇല്ല.'' അവള്‍ പറഞ്ഞു. ''ഞാന്‍ പണ്ടേ ഇങ്ങനെതന്നെയായിരുന്നു''
അവന്‍ അവളെ അടുത്തുനിന്നു പരിശോധിച്ചു. തല ചൊറിഞ്ഞു. അവിടെ ഒരു തുറന്ന മുറിവുണ്ടായിരുന്നു. അവന്‍ പറഞ്ഞു. ''കസാവയോ ഏത്തയ്ക്കയോ, പഴുക്കുമ്പോള്‍ പിളരുന്ന മറ്റു പഴങ്ങളോ കഴിക്കാതിരിക്കുകയാണു നല്ലത്. ഞാന്‍ നിന്നെ സുഖപ്പെടുത്താം. ഊഞ്ഞല്‍ക്കിടക്കയില്‍ വിശ്രമിച്ചോളൂ.''
അവള്‍ അനുസരിച്ചു. ക്ഷമയോടെ പച്ചിലവെള്ളം കുടിച്ചു. അവനെ തൈലങ്ങളും ലേപനങ്ങളും പുരട്ടാന്‍ സമ്മതിക്കുകയും ചെയ്തു. ''വിഷമിക്കണ്ട'' എന്ന് അവന്‍ പറഞ്ഞപ്പോള്‍ ചിരിക്കാതിരിക്കാന്‍ അവള്‍ക്ക് പല്ലുകള്‍ തമ്മില്‍ കൂട്ടിപ്പിടിക്കേണ്ടിവന്നു.
ആ ഊഞ്ഞാല്‍ക്കിടക്കയില്‍ ഒന്നും കഴിക്കാതെ കിടന്നു തളര്‍ന്നു തുടങ്ങിയെങ്കിലും ആ കളി അവള്‍ ആസ്വദിച്ചു. പഴങ്ങളെപ്പറ്റി ഓര്‍ത്തപ്പോള്‍ അവളുടെ നാവില്‍ വെള്ളമൂറി.
ഒരു വൈകുന്നേരം മരങ്ങള്‍ക്കിടയിലെ തുറന്ന ഇടത്തിലൂടെ അവന്‍ ഓടിവന്നു. ആവേശത്തില്‍ തുള്ളിച്ചാടി അവന്‍ വിളിച്ചുപറഞ്ഞു. ''ഞാനതു കണ്ടുപിടിച്ചു!''
തൊട്ടുമുന്‍പ് ഒരു മരക്കൊമ്പില്‍ ഒരു ആണ്‍കുരങ്ങ് പെണ്‍കുരങ്ങിനെ സുഖപ്പെടുത്തുന്നത് അവന്‍ കണ്ടിരുന്നു.
''അങ്ങനെയാണിതു ചെയ്യുന്നത്'' പെണ്ണിനടുത്തേക്കു നടന്നുകൊണ്ട് അവന്‍ പറഞ്ഞു.
നീണ്ട ആലിംഗനം അവസാനിച്ചപ്പോഴേക്കും പൂക്കളുടെയും പഴങ്ങളുടെയും കനത്ത സുഗന്ധം വായുവില്‍ നിറഞ്ഞു. ചേര്‍ന്നുകിടന്ന ഉടലുകളില്‍നിന്ന് മുന്‍പറിയാത്ത നീരാവികളും തിളക്കങ്ങളും പുറപ്പെട്ടു. സൂര്യന്മാരും ദൈവങ്ങളും നാണിച്ചു മരിച്ചുപോകുന്നത്ര സുന്ദരമായിരുന്നു അതൊക്കെയും.'
'ഇന്നു രാത്രി ഞാന്‍ പാടും'. അവള്‍ പറഞ്ഞു: 'എന്നിട്ടു രാവിലെ ഞാന്‍ കരയും'.
അദ്ദേഹത്തിന്റെ മറ്റൊരു പ്രസിദ്ധ കൃതിയാണ് 'പ്രണയത്തിന്റെയും യുദ്ധത്തിന്റെയും രാപ്പകലുകള്‍'. അതിലെ സങ്കീര്‍ണമായ ഒരനുഭവം കൂടി എടുത്തെഴുതട്ടെ:
'ഒരു രാത്രിയില്‍ രണ്ടു കമിതാക്കള്‍ ഒരു നൃത്തശാലയില്‍ പാര്‍ട്ടിക്കുപോയി. എന്തോ പകമൂലമുള്ള ഒരേറ്റുമുട്ടലില്‍ ആണിനെ ആരോ വധിച്ചു. രസകരമായ പരിപാടിയിലെ നല്ല സമയം നഷ്ടപ്പെടുത്താന്‍ പെണ്ണിനു മനസ്സു വന്നില്ല. 'ഇന്നു രാത്രി ഞാന്‍ പാടും'. അവള്‍ പറഞ്ഞു: 'എന്നിട്ടു രാവിലെ ഞാന്‍ കരയും'. ചക്രവാളത്തില്‍ സൂര്യനുദിച്ചപ്പോള്‍ അവള്‍ കരയുകയും ചെയ്തു.'
Mirrors, Children of the Days തുടങ്ങി അദ്ദേഹത്തിന്റെ മറ്റു കൃതികളുമുണ്ട്. ഫുട്‌ബോള്‍ കളിയെപ്പറ്റിയുള്ള Soccer in Sun and Shadow എന്ന പുസ്തകമാണു മറ്റൊന്ന്. എഴുത്തിന്റെ സൂക്ഷ്മതയും മൂര്‍ച്ചയും രാഷ്ട്രീയമായ ജാഗ്രതയുമാണു ഗലിയാനോയുടെ എഴുത്തുകളെ അസ്വസ്ഥവും ആനന്ദകരവുമാക്കുന്നത് എന്നു പൊതുവേ പറയാം. അരക്ഷിതമായ ഒരു രാഷ്ട്രീയഭൂപടത്തിന്റെ വളവുതിരിവുകളുള്ള ഒരു വരയില്‍ എവിടെയോ ഒരു ബിന്ദുവായി സ്വയം അടയാളപ്പെടുത്തിക്കൊണ്ട് അവ വായിക്കുമ്പോള്‍ വസ്തുപ്രപഞ്ചവും അതിനെ കോറിയിട്ട വാക്കുകളുടെ അപരലോകവും തമ്മിലുള്ള അതിരുകള്‍ നേര്‍ത്തു നേര്‍ത്തു വരുന്നതായി നമുക്ക് അനുഭവപ്പെട്ടേക്കും.
(മനോജ് കുറൂര്‍ . കവി, നോവലിസ്റ്റ്, അധ്യാപകന്‍. സാഹിത്യം, സംഗീതം, താളം, സിനിമ എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളില്‍ എഴുതുന്നു)
അവരുടെ പുസ്തകങ്ങള്‍:
അനില്‍ വേങ്കോട്: നിപയുടെയും ഫാഷിസത്തിന്റെയും കാലത്ത് പ്ലേഗ് വായിക്കുമ്പോള്‍
അബ്ബാസ് ഒ എം: രവി ബസ്സിറങ്ങിയ കൂമന്‍ കാവ് ഇപ്പോള്‍ ഇവിടെയാണ്
രൂപേഷ് കുമാര്‍: പുസ്തകമാകാതെ ഒഴുകിയ ചോരകള്‍!
അബിന്‍ ജോസഫ്: ഒരു നിഗൂഢവായനക്കാരന്റെ രഹസ്യരാത്രികള്‍
വി എം ദേവദാസ് : ടെസ്റ്റ് ക്രിക്കറ്റ് പോലൊരു നോവല്‍
സോണിയാ റഫീക്ക്: മനുഷ്യാ, നീ ജീനാവുന്നു!
ജെ. ബിന്ദുരാജ്: വിട്ടുപിരിയാത്തൊരു പുസ്തകം
ഫിറോസ് തിരുവത്ര: ഭൂപടം ഒരു കടലാസല്ല; അനേകം മനുഷ്യരുടെ ചോരയാണ്!
വിനീത പ്രഭാകര്‍: പേജ് മറിയുന്തോറും നാമൊരത്ഭുതം പ്രതീക്ഷിക്കും!
മാനസി പി.കെ: ശരീരത്തെ ഭയക്കാത്ത പുസ്തകങ്ങള്‍
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്: എന്റെ പ്രണയത്തിലും ജീവിതത്തിലും ജിബ്രാന്റെ ഇടപെടലുകള്‍
മുജീബ് റഹ്മാന്‍ കിനാലൂര്‍ : മണപ്പാട് കുഞ്ഞഹമ്മദ് ഹാജി: കേരളം മറന്ന നവോത്ഥാന നായകന്‍
യാസ്മിന്‍ എന്‍.കെ: വേണുവിന്റെ യാത്രകള്‍!
കെ. എ ഷാജി: അത് വായിച്ചാണ് ഞാന്‍ അച്ചനാവാന്‍ പോയത്!
അക്ബര്‍: കാരമസോവ് സഹോദരന്‍മാര്‍ എന്നോട് ചെയ്തത്
റിജാം റാവുത്തര്‍: രണ്ട് പതിറ്റാണ്ടായി ഈ പുസ്തകത്തെ ഞാന്‍ ഇടക്കിടെ ധ്യാനിക്കുന്നു...
രമ്യ സഞ്ജീവ് : അഭിമന്യുവിന്റെ ചോരയുടെ കാലത്ത് 'അന്ധത' വായിക്കുമ്പോള്‍
അഭിജിത്ത് കെ.എ: അവിശ്വസനീയമായ ഒരു പുസ്തകത്തിന്റെ വിചിത്ര യാത്രകള്‍
ശ്രീബാല കെ മേനോന്‍: ഒരേ പുസ്തകം, ഒരേ വായനക്കാരി; ഇടയില്‍ 14 വര്‍ഷങ്ങള്‍!