അത് വായിച്ചാണ് ഞാന്‍  അച്ചനാവാന്‍ പോയത്!

By കെ. എ ഷാജി  |  First Published Jul 4, 2018, 4:41 PM IST
  • എന്റെ പുസ്തകം
  • കെ.എ ഷാജി എഴുതുന്നു
  • 'ഏഴ് ചുവടുകള്‍' താരാശങ്കര്‍ ബന്ധോപാധ്യായ

ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം  webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.

Latest Videos

പുലര്‍ച്ചെ മൂന്നര മണി സമയത്ത് പ്രത്യേകമായ കാരണങ്ങള്‍ ഒന്നും ഇല്ലാതെ ഉറക്കം ഞെട്ടി എഴുന്നേറ്റപ്പോള്‍ മുന്നില്‍ ഉണ്ടായിരുന്ന പ്രധാന സമസ്യ ഇനിയെന്ത് ചെയ്യണം എന്നുള്ളതായിരുന്നു. പുറത്ത് മഴ പെയ്തുകൊണ്ടേ ഇരുന്നു. വിദൂര ഭൂതകാലത്തിന്റെ ഏതെല്ലാമോ ഊടുവഴികളിലൂടെ മനസ്സ് സഞ്ചരിക്കാനും ആരംഭിച്ചു. 

താരാശങ്കര്‍ ബന്ധോപാധ്യായുടെ 'ഏഴു ചുവടുകള്‍ (Saptapadi)' എന്ന ബംഗാളി നോവലിന്റെ പരിഭാഷ മറ്റൊരു വട്ടം കൂടി വായിക്കണം എന്ന തോന്നല്‍ ഉണ്ടായത് പൊടുന്നനെയാണ്. പുറം ചട്ട നഷ്ടപ്പെട്ടതും ഏതാണ്ട് മുപ്പത് കൊല്ലം പഴക്കം ഉള്ളതുമായ ഒരു കോപ്പി കൈവശം ഉണ്ടായിരുന്നു.  എഴുന്നേറ്റ് വന്ന് അത് പുസ്തക ശേഖരത്തില്‍ തപ്പി നോക്കി. ഒരുപാട് നേരം നോക്കിയിട്ടും അത് കണ്ടെത്താനായില്ല. മുമ്പ് എപ്പോഴോ വായിച്ചു തിരിച്ചു തരാം എന്ന് പറഞ്ഞു എടുത്തുകൊണ്ടു പോയ ആരുടെയെങ്കിലും കയ്യില്‍ ഇപ്പോഴും അത് ഭദ്രമായി ഉണ്ടായിരിക്കണം. 

undefined

ബംഗാളി നോവലുകളും അവയുടെ മലയാള വിവര്‍ത്തനങ്ങളും കുട്ടിക്കാലത്തിന്റെ ഹരമായിരുന്ന ഒരവസ്ഥയില്‍ നിന്നാണ് 'ഏഴു ചുവടുകളി'ല്‍ എത്തുന്നത്. രവിവര്‍മ്മയും ലീലാ സര്‍ക്കാരും നിലീന അബ്രഹാമും മൂല കൃതിയുടെ ഭംഗി ചോരാതെ പരിഭാഷ ചെയ്ത അങ്ങിനെ കുറെ പുസ്തകങ്ങളിലൂടെയാണ് ബംഗാള്‍ കേരളത്തെക്കാളും പരിചിതമായത്. പത്താം തരം പരീക്ഷ കഴിഞ്ഞ ഉടനെയായിരുന്നു ഏഴു ചുവടുകള്‍ വായിച്ചത്. 

പൗരോഹിത്യത്തോട് എന്തെന്നില്ലാത്ത അടുപ്പം തോന്നിപ്പിച്ചത് കൃഷ്‌ണേന്ദു എന്ന ഹീറോ ആയിരുന്നു. 

'ഏഴു ചുവടുകള്‍ (Saptapadi)', താരാശങ്കര്‍ ബന്ധോപാധ്യായ

 

കൃഷ്‌ണേന്ദു എന്ന ഹീറോ 
വായനയുടെ ഏതോ ഘട്ടങ്ങളില്‍ എല്ലാം മനസ്സ് അതിലെ നായകനായ റവറണ്ട് കൃഷ്‌ണേന്ദുവായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. മിടുക്കനായ ഡോക്ടര്‍. സവര്‍ണ ഹിന്ദു കുടുംബത്തില്‍ ജനിച്ച അയാള്‍ മതം മാറി ക്രിസ്ത്യന്‍ പുരോഹിതനായി സൈക്കിള്‍ ചവിട്ടി ഓരോ ഗ്രാമങ്ങളിലും മരുന്നും ചികിത്സയുമായി പോകുന്നു. കാണുന്ന ഓരോ മനുഷ്യരോടും സുഖവിവരം അന്വേഷിക്കുന്നു. സുഖമായിരിക്കണം എന്ന് ആശംസിക്കുന്നു. 

ജന്മനാ യുക്തിവാദിയും സങ്കുചിത മതത്തിന്റെ ബന്ധനങ്ങള്‍ക്ക് പുറത്ത് ചാടാന്‍ വെമ്പുന്ന മനസ്സിന്റെ ഉടമയും ആയിരുന്നിട്ടും പൗരോഹിത്യത്തോട് എന്തെന്നില്ലാത്ത അടുപ്പം തോന്നിപ്പിച്ചത് കൃഷ്‌ണേന്ദു എന്ന ഹീറോ ആയിരുന്നു. 

മതസംഘടന നടത്തിയ അവധിക്കാല മാര്‍ഗ നിര്‍ദേശ ക്യാമ്പില്‍ അവിചാരിതമായി പങ്കെടുത്തപ്പോള്‍ പൗരോഹിത്യം തെരഞ്ഞെടുക്കാന്‍ ഉള്ള തോന്നലും വന്നത് അയാളില്‍ നിന്നായിരുന്നു. ഭക്തിയും വിശ്വാസവും കുറവായിരുന്നു എങ്കിലും ഐഡിയലിസം തലയ്ക്കു പിടിച്ചിരുന്ന നാളുകള്‍. ആദ്യത്തെ ട്രെയിന്‍ യാത്രയില്‍ ദൈവവിളി ധ്യാനത്തിനും അഭിമുഖത്തിനുമായി കോഴിക്കോട് പോയി കോട്ടയത്തേക്ക് പരശുറാം എക്‌സ്പ്രസ്സില്‍ പോകുമ്പോഴും മനസ്സില്‍ ആ നോവല്‍ ഉണ്ടാക്കിയ ആവേശം ആയിരുന്നു.

രണ്ടാം ലോക മഹായുദ്ധ കാലത്ത് മുറിവേറ്റ സൈനികര്‍ക്ക് ചികിത്സ നല്‍കുന്നത്തിനുള്ള ചുമതല കൃഷ്‌ണേന്ദുവിനായിരുന്നു. അന്ന് മിലിട്ടറി ആശുപത്രിയില്‍ മദ്യപിച്ച് അവശ നിലയിലായ ഒരു ആഗ്ലോ ഇന്ത്യന്‍ സ്ത്രീയെ ചികിത്സയ്ക്കായി കൊണ്ട് വരുന്നു. അവര്‍ തന്റെ മെഡിസിന്‍ പഠന കാലത്തെ പ്രണയിനി ആയിരുന്നു എന്നയാള്‍ തിരിച്ചറിയുന്നു: റീനാ ബ്രൌണ്‍. പഠനത്തിലും കായിക മത്സരങ്ങളിലും എല്ലാം പരസ്പരം മത്സരിച്ചിരുന്നവര്‍. പ്രണയത്തില്‍ മതം മാത്രമേ തടസം ആയിരുന്നുള്ളു. അതും അയാളുടെ സ്വന്തം കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പ്.  ഒടുവില്‍ അത് വകവയ്ക്കാതെ അയാള്‍ മതം മാറി ക്രിസ്ത്യാനിയായി. ഒരു പ്രണയ വിവാഹത്തിന് വേണ്ടി മതം മാറി വന്ന അയാളോട് റീനയ്ക്ക് തോന്നിയത് പുച്ഛമായിരുന്നു. അവര്‍ അയാളെ പരിഹസിച്ചു. ആ ബന്ധം അവിടെ ഇല്ലാതായി. അങ്ങനെ ആണ് അയാള്‍ പൗരോഹിത്യ മാര്‍ഗം സ്വീകരിക്കുന്നത്. അത്തരമൊരു പ്രണയമോ പ്രണയ പരാജയമോ ഇല്ലാതിരുന്നിട്ടും എന്ത് കൊണ്ട് ഒരു നോവല്‍ വായിച്ച്  പുരോഹിതന്‍ ആകാന്‍ ഇറങ്ങി പുറപ്പെട്ടു എന്നത് ഇപ്പോഴും ഒരത്ഭുതമാണ്. 

വിവാഹം കഴിക്കാതിരിക്കുക എന്നത് അല്ല സന്യാസം.

ദൈവവിളിയുടെ ബാക്കി
ദൈവവിളി വരാതിരുന്നതിനാലും അന്ന് അഭിമുഖം നടത്തിയ മുതിര്‍ന്ന പുരോഹിതര്‍ക്ക് അത്ര പിടിച്ചില്ല എന്നതിനാലും ജീവിതം മറ്റു വഴികളില്‍ പോയി എന്നതില്‍ ചെറുതല്ലാത്ത ആശ്വാസം ഇന്നുണ്ട്. 

സന്യാസവും സന്യാസികളും എന്നും ഒരു കൗതുകമായിരുന്നു. സ്വയം പീഡനത്തിന്റെ പരമ കോടിയായ ജൈന സന്യാസം സ്വീകരിച്ചവരെ അടക്കം പലരെയും അടുത്ത് പരിചയപ്പെട്ടിട്ടുണ്ട്. സന്ന്യാസം തെറ്റൊന്നുമല്ല എന്നാണ് ഇപ്പോഴും അഭിപ്രായം. അത് ഒരു സ്വയം തിരഞ്ഞെടുക്കല്‍ ആണ്. സ്വയം ത്യജിക്കലാണ്. പരപ്രേരണ ഇല്ലാതെ ചില മനുഷ്യര്‍ സ്വീകരിക്കുന്ന സ്വന്തം വഴികളാണ്. അവയെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യേണ്ടതില്ല.

വിവാഹം കഴിക്കാതിരിക്കുക എന്നത് അല്ല സന്യാസം. അവനവനു കാമ്യങ്ങളായ കര്‍മങ്ങളില്‍ നിന്നും സ്വയം വിട്ടു നില്‍ക്കല്‍ ആണത്. ഫൈവ് സ്റ്റാര്‍ സന്യാസിമാര്‍ക്ക് ക്ഷാമം ഇല്ലാത്ത നാട്. പൗരോഹിത്യം മതങ്ങള്‍ക്ക് അതീതമായി വിശ്വാസ തകര്‍ച്ച നേരിടുകയും പുരോഹിതന്മാര്‍ പീഡന കേസുകളില്‍ തുടര്‍ച്ചയായി പ്രതികള്‍ ആകുകയും ചെയ്യുന്ന ഒരു സമയം ആയതു കൊണ്ടാകണം കൃഷ്‌ണേന്ദുവിനെപ്പറ്റി വായിക്കാന്‍ തോന്നിയത്. 

ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒന്നില്‍ അജോയ് കര്‍ സംവിധാനം ചെയ്ത സപ്തപതി എന്ന സിനിമയുടെ പ്രേരകം 'ഏഴു ചുവടുകള്‍' ആയിരുന്നു. ഉത്തം കുമാര്‍ ആയിരുന്നു കൃഷ്‌ണേന്ദു.  സുചിത്രാ സെന്‍ റീനാ ബ്രൗണും.

അജോയ് കര്‍ സംവിധാനം ചെയ്ത സപ്തപതി എന്ന സിനിമ

(കെ എ ഷാജി: മാധ്യമ പ്രവര്‍ത്തകന്‍. വയനാട് ജില്ലയില്‍ ചീരാല്‍ സ്വദേശി. ഇപ്പോള്‍ ദി ഹിന്ദുവില്‍ പ്രത്യേക ലേഖകന്‍. ആദിവാസി, ദളിത്‌, പരിസ്ഥിതി, സാമൂഹിക വിഷയങ്ങളില്‍ എഴുതുന്നു)

...............................................................

അവരുടെ പുസ്തകങ്ങള്‍:

അനില്‍ വേങ്കോട്: നിപയുടെയും ഫാഷിസത്തിന്റെയും കാലത്ത് പ്ലേഗ് വായിക്കുമ്പോള്‍

അബ്ബാസ് ഒ എം: രവി ബസ്സിറങ്ങിയ കൂമന്‍ കാവ് ഇപ്പോള്‍ ഇവിടെയാണ്

രൂപേഷ് കുമാര്‍: പുസ്തകമാകാതെ ഒഴുകിയ ചോരകള്‍!

അബിന്‍ ജോസഫ്: ഒരു നിഗൂഢവായനക്കാരന്റെ രഹസ്യരാത്രികള്‍

വി എം ദേവദാസ് : ടെസ്റ്റ് ക്രിക്കറ്റ് പോലൊരു നോവല്‍

സോണിയാ റഫീക്ക്: മനുഷ്യാ, നീ ജീനാവുന്നു!

ജെ. ബിന്ദുരാജ്: വിട്ടുപിരിയാത്തൊരു പുസ്തകം

ഫിറോസ് തിരുവത്ര: ഭൂപടം ഒരു കടലാസല്ല; അനേകം മനുഷ്യരുടെ ചോരയാണ്!

വിനീത പ്രഭാകര്‍: പേജ് മറിയുന്തോറും  നാമൊരത്ഭുതം പ്രതീക്ഷിക്കും!

 മാനസി പി.കെ: ശരീരത്തെ  ഭയക്കാത്ത പുസ്തകങ്ങള്‍​

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്: എന്റെ പ്രണയത്തിലും ജീവിതത്തിലും ജിബ്രാന്റെ ഇടപെടലുകള്‍

മുജീബ് റഹ്മാന്‍ കിനാലൂര്‍ : മണപ്പാട് കുഞ്ഞഹമ്മദ് ഹാജി: കേരളം മറന്ന നവോത്ഥാന നായകന്‍​

 യാസ്മിന്‍ എന്‍.കെ: വേണുവിന്റെ യാത്രകള്‍!​

click me!